കഥ: നെയ്പ്പായസം
രചന : മാധവിക്കുട്ടി
സാഹിത്യം ഉള്ള കാലമത്രയും അഥവാ ഭാഷയും വായനയും ഉള്ളിടത്തോളം കാലം നിലനിൽക്കുന്ന രചനകൾ മലയാളത്തിലും ഇംഗ്ലീഷിലും ഒരു പോലെ സമ്മാനിച്ച രചയിതാവാണ് മാധവിക്കുട്ടി അഥവാ കമലാദാസ്, വി. എം നായരുടേയും പ്രശസ്ത കവയിത്രി ബാലാമണിയമ്മയുടേയും മകളായി ജനിച്ച ആമി. ജീവിതത്തിൻ്റെ ആദ്യ ഘട്ടങ്ങളിൽ നാലപ്പാട്ടെ നാട്ടിൻപുറ ഗന്ധമറിഞ്ഞു വളർന്ന അവർ, പിന്നീട് കൽക്കട്ടയിലേക്ക് പറിച്ചുനടപ്പെട്ടു. വളരെ ചെറുപ്രായത്തിൽ മാധവദാസിൻ്റ ഭാര്യയായി ഏറെ വർഷങ്ങൾ ജീവിച്ച കമലാദാസ് ജീവിതത്തിൻ്റെ അവസാന വർഷങ്ങളിൽ വിവാദങ്ങൾക്ക് നടുവിലൂടെ നടന്നുനീങ്ങി കമലാസുരയ്യയായും ജീവിച്ചു മരിച്ചു.
കാല്പനികതയിൽ കുതിർന്ന പ്രണയ ത്തൂലികയിൽ നിന്നുതിർന്നു വീണ മലയാളവും ഇംഗ്ലീഷും ഭാഷകളിലെ കാലാതീതമായ മനസ്സുകൾ കാലങ്ങളോളം ജീവിക്കും. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഏറെ കൊതിക്കുന്ന മനസ്സ്, ഏകാന്ത ജീവിതം നൽകിയ തടവറയിലെ ഒറ്റപ്പെടലിൽ നിന്നും വിരസതയിൽ നിന്നും രക്ഷപ്പെടൽ എന്ന നിലയിൽ ആരെയൊക്കെയോ വിശ്വസിച്ച് ഒന്നും നേടാനാവാതെ അവസാന നാളുകൾ തള്ളിനീക്കേണ്ടി വന്ന ഹതഭാഗ്യ ! അതാണ് അവരുടെ മുഖം മനസ്സിൽ കുറിക്കുന്ന സന്ദേശം.
നെയ്പ്പായസവും ജനപ്രിയ കഥകളും എന്ന പുസ്തകത്തിലെ നെയ്പ്പായസം എന്ന കഥ ഒരു വായനക്കാരി എന്നതിലുപരി, എന്നിലെ അമ്മയേയും മകളെയും ഏറെ ആകർഷിച്ച കഥയാണ്. സർവ്വോപരി എന്നിലെ സ്ത്രീയെ ചിന്തിപ്പിച്ച കഥയാണ്. കാച്ചിക്കുറുക്കിയ പാലുപോലൊരു ചെറുകഥ.
വരികൾക്കിടയിൽ ഖനീഭവിച്ചു കിടക്കുന്ന ദുഃഖത്തിൻ്റെ പശ്ചാത്തലത്തിൽ അളന്നുതൂക്കിയ വാക്കുകളാൽ വികാര വേലിയറ്റങ്ങൾ സൃഷ്ടിച്ച് കുറഞ്ഞ വരികളിൽ എഴുതപ്പെട്ട വായനക്കാരനെ പച്ചയായ അനുഭവങ്ങളിലൂടെ സഞ്ചരിപ്പിക്കുന്ന ജീവിതഗന്ധിയായ കഥ. അതാണ് നെയ്പ്പായസം.
‘ചുരുങ്ങിയ തോതിൽ ശവദാഹം കഴിച്ചു കൂട്ടി’ എന്ന വാചകത്തിൽ തുടങ്ങി ‘തൻ്റെ കണ്ണുനീർ കുട്ടികളിൽ നിന്നു മറക്കാൻ അയാൾ പെട്ടെന്നെഴുന്നേറ്റ് കുളിമുറിയിലേക്ക് നടന്നു’ എന്നവസാനിക്കുന്നതു വരെ അയാൾ അഥവാ അച്ഛൻ അനുഭവിക്കുന്ന മാനസിക സംഘർഷം ഇതിലും ഭംഗിയായി പറയാൻ സാധിക്കില്ല.
ഒന്നു രണ്ടു വർഷം നീണ്ടു നിന്ന പ്രണയത്തിനു ശേഷം വിവാഹിതരായവർ , ജീവിത പ്രാരാബ്ധങ്ങൾക്കിടയിലും അവർ നല്ല സ്നേഹത്തിലായിരുന്നു. എന്നാൽ ആ സ്നേഹം പ്രകടിപ്പിക്കാൻ മറന്നു പോയ അഥവാ അതിന് സമയവും സാഹചര്യവും ലഭിക്കാതെ പോയ നിർഭാഗ്യവാന്മാരെന്നു വിശേഷിപ്പിക്കാവുന്ന ഭാര്യയും ഭർത്താവും.
മൂന്നു കുട്ടികൾക്കും അയാൾക്കുമുള്ള ഭക്ഷണം പാകം ചെയ്ത് പറഞ്ഞയക്കുന്ന ഭാര്യയെപ്പറ്റി ഒരിക്കൽ പോലും ഓഫീസിൽ വെച്ച് ചിന്തിച്ചിട്ടില്ലെന്നയാളോർക്കുമ്പോൾ ഓരോ അനുവാചകനും മനസ്സാകുന്ന കണ്ണാടിയിലേക്ക് നോക്കുമെന്ന് നിശ്ചയം.
എത്രയോ വാക്കുകളും വാചകങ്ങളും അവൾ പറഞ്ഞിട്ടുണ്ടെങ്കിലും ” മൂടിപ്പൊതച്ചു കടന്നാൽ പറ്റ്വോ ഉണ്ണ്യേ ഇന്നു തിങ്കളാഴ്ചയല്ലേ” എന്ന വാചകം മാത്രം അയാളോർക്കുന്നു എന്ന് വായിക്കുമ്പോഴും വായനക്കാരന്റെ മനസ്സിലേക്കെത്തി നോക്കും. കാരണം നമ്മൾ പലപ്പോഴും കേൾക്കുന്ന പല വാക്കുകളും ബാഹ്യകർണ്ണത്തിൽ തട്ടിത്തെറിച്ചു പോയത് ഓർത്തെടുക്കാൻ ശ്രമിക്കുകയായിരിക്കും.
കുടുംബഭാരം മുഴുവൻ ചുമലിലായ അയാൾ ഒരു പക്ഷേ ഇനിയുള്ള ജീവിതകാലം മുഴുവൻ ഓർമ്മിക്കേണ്ട വാചകമായതിനാലാവാം അതു മാത്രം അയാളുടെ സ്മൃതി പഥത്തിൽ നിൽക്കുന്നതും അയാൾ അതു മറക്കാതിരിക്കാൻ പാടുപെടുന്നതും.
പഠനത്തിൽ അത്ര മിടുക്കരല്ലെങ്കിലും മക്കളെ ഡോക്ടറും എഞ്ചിനീയറും പട്ടാളക്കാരനുമാക്കണമെന്നവർ സ്വപ്നം കാണുമ്പോൾ വീണ്ടും വായനക്കാരൻ ഞെട്ടുന്നു, കാരണം ഒരു ശരാശരിക്കാരൻ്റെ സ്വപ്നമാണല്ലോ അത്.
അയാൾ ജോലി കഴിഞ്ഞ് വരുമ്പോൾ മക്കൾ പുറത്ത് കളിക്കുകയായിരുന്നു. ഭാര്യയെ കാണാത്തതുകൊണ്ട് നോക്കിയപ്പോൾ അടുക്കളയിൽ നിലത്ത് ചൂലിനടുത്ത് അവൾ വീണുകിടക്കുകയായിരുന്നു.
തലതിരിഞ്ഞു വീണതാവുമെന്നു കരുതി ടാക്സിൽ ആശുപത്രിയിലെത്തിച്ചപ്പോൾ മരണം സംഭവിച്ചെന്നും ഹൃദയസ്തംഭനമായിരുന്നെന്ന് ഡോക്ടർ പറയുമ്പോഴും ആദ്യം അയാളുടെ മനസ്സിൽ സങ്കടത്തിനു പകരം തോന്നിയത് ദേഷ്യമായിരുന്നു, മുന്നറിയിപ്പില്ലാതെ ഒറ്റപ്പെടുത്തിപ്പോയതിന്, ഇനിയാരുകുട്ടികളെ നോക്കുമെന്ന വിഷമവും.. ഇതു കേൾക്കുമ്പോഴും സ്വാർത്ഥതയിൽ പൊതിഞ്ഞ സ്വന്തം മനസ്സിനെയോർത്ത് നമ്മൾ ഞെട്ടിയേക്കാം.
ശവദാഹം കഴിഞ്ഞ് ഓഫീസിലെ മേലാധികാരിക്കുള്ള ഒറ്റ വരി ലീവപേക്ഷ വായിക്കുമ്പോൾ നമ്മൾ ചിന്താധീനരാവും. എന്തിനോ വേണ്ടിയുള്ള ഓട്ടത്തിനിടയിൽ ഓർക്കാപ്പുറത്ത് സംഭിവിക്കാവുന്ന ചെറിയ ഇടവേളയെ ഓർത്ത് മാത്രം.
ശവദാഹം കഴിഞ്ഞ് തിരിച്ചു നടക്കുമ്പോഴും സങ്കടപ്പെടുന്നതിന് പകരം തൻ്റെ ശാരീരിക ബുദ്ധിമുട്ട് മനസ്സിലാക്കുമ്പോൾ താനും തളർന്നു വീണാൽ കുട്ടികൾ എന്തു ചെയ്യുമെന്നാലോചിച്ച് വ്യാകുലപ്പെടുന്നു. അപ്പോൾ നമ്മൾ തരിച്ചിരുന്നേക്കാം. കാരണം പറക്കമുറ്റാത്ത കുട്ടികൾ കയ്യിലുണ്ടെങ്കിൽ ഒരു പക്ഷേ നമ്മളും അങ്ങനെയേ ചിന്തിക്കൂ.
തിരിച്ചു വന്ന് അയാൾ അടുക്കളയിൽ നോക്കിയപ്പോൾ അന്നത്തെ ജോലി കൂടി ഭംഗിയായി തീർത്തിട്ടാണ് അവൾ പോയതെന്നു മനസ്സിലാക്കുന്നു.
മരണത്തിൻ്റെ ഗന്ധമുള്ള ഭക്ഷണം കുട്ടികൾ കഴിക്കേണ്ടെന്നു വിചാരിച്ച് ഉപ്പുമാവുണ്ടാക്കിത്തരാമെന്ന് അയാൾ പറയുമ്പോൾ അമ്മയുടെ നെയ്പ്പായസം മതിയെന്ന് ചെറിയ കുട്ടികൾ പറയുമ്പോൾ അയാളും ഓർത്തു. അവർ കഴിക്കട്ടെ ഇന്നൊരു ദിവസം കൂടിയല്ലേ അവൾ ഉണ്ടാക്കിയ ഭക്ഷണം അവർ കഴിക്കൂ…. അമ്മയുടെ വേർപാട് അറിയാതെ അമ്മയുണ്ടാക്കിയ ഭക്ഷണം മക്കൾ സ്വാദോടെ കഴിക്കുന്നത് കണ്ട നിമിഷത്തിൽ, ആ നിമിഷത്തിൽ അയാളുടെ മിഴികൾ നിറയുന്നു.
ജീവിതത്തിലെ ഓട്ടപ്പാച്ചിലിനിടയിൽ മനസ്സിലെ സ്നേഹമോ കരുതലോ പ്രകടിപ്പിക്കാൻ കഴിയാതെ വരുമ്പോൾ, നിഴലുപോലെ ചേർന്നു നടന്നിരുന്നവളുടെ വേർപാടിനുശേഷവും അതിനെക്കുറിച്ചാലോചിക്കാനൊ സങ്കടപ്പെടാനോ കഴിയാതെ വീണ്ടും ഉത്തരവാദിത്വങ്ങളെക്കുറിച്ച് മാത്രം ചിന്തിക്കേണ്ടി വരുന്ന ശരാശരി മനുഷ്യൻ്റെ മനസ്സ് ഭംഗിയായി വരച്ചിട്ടതിനാൽ ജീവിതഗന്ധിയായ രചന എന്നും ഒരു സ്പന്ദനമായി കൂടെയുണ്ടാവും.
മനുഷ്യമനസ്സുകളിലെ സ്വാർത്ഥതയും നിരാശയും നിസ്സഹായതയും ഒറ്റപ്പെടലും യാന്ത്രികതയും മക്കളിലുള്ള പ്രതീക്ഷയും നിഴലിക്കുന്ന നെയ്പ്പായസം ഒരു കാലഘട്ടത്തിലെ അമ്മമാരുടെ രേഖപ്പെടുത്തലാണെങ്കിലും അത് കാലാതീതമായി നിലനിൽക്കുന്നത് കൂടിയാണ്. സ്ത്രീകളുടെ നിശബ്‌ദ സാന്നിദ്ധ്യത്തിൻ്റേയും സേവനത്തിൻ്റേയും ഓർമ്മപ്പെടുത്തലാണ്. മാതൃസ്നേഹത്തിൻ്റെ കരുതലിൻ്റെ അടയാളപ്പെടുത്തലാണ്. അപ്രതീക്ഷിതമായ ഒറ്റപ്പെടലിൻ്റെ രോദനമാണ്.
കഥാപാത്രങ്ങളിലെ അവൾ – അവൻ നിലപാട് കഥാകൃത്തിൻ്റെ ക്രാന്ത ദർശനത്തിൻ്റെ സൂചനയാവാം, ഓരോ വായനക്കാരനും വായനക്കിടയിൽ പല സ്ഥലത്തും അവനെ അഥവാ അവളെ കണ്ടെത്തും എന്ന ചിന്തയിലാവാം. ഓരോ വരിയിലും സാധാരണക്കാരൻ്റെ മനസ്സ് നിറഞ്ഞു നിൽക്കുന്നത് കാണുമ്പോൾ, അവരുടെ ജീവിത സ്പന്ദനം അറിയുമ്പോൾ അതിലൂടെ കടന്നുപോവുമ്പോൾ അനുവാചക മിഴികൾ ഈറനണിയാൻ പോലും മറന്ന് സ്തബ്ധരാവുമെന്ന കാര്യത്തിൽ സംശയമില്ല.


1 Comment
Super 👍😍