ഏറ്റവും പേടിയോടെ,
എന്നിട്ടുമേറ്റവും
ആഗ്രഹത്തോടെയാണ്
ഞാൻ
അയാളെ,
കാണാനായി
പുറപ്പെട്ടത്.
അകലങ്ങളുടെ
പതർച്ചയില്ലാതെ,
വിവരിക്കാനാവാത്ത
വികാരങ്ങളെ
കണ്ണിൽ നിറച്ച്,
ചിരിയോടെ,
അതിലേറെ
കൊതിയോടെ,
എന്നെക്കാത്ത്
നിന്നയാളിലേക്കാണ്
ഞാൻ ചെന്നു ചേർന്നത്..
ആദ്യമായി,
ജീവിതത്തിലാദ്യമായി
കണ്ടതിന്റെ പകപ്പിൽ
ഞാൻ വിയർക്കവേ,
അയാളെന്റെ കൈകൾ
കോർത്തു പിടിച്ചു..
കാലങ്ങളായി
എന്നെ ചൂഴ്ന്ന് നിന്ന
മൗനത്തിന്റെ അണമുറിച്ച്
ആർത്തിയോടെ
ഞങ്ങൾ മിണ്ടി..
പിന്നെയും പിന്നെയും മിണ്ടി.
എന്നെ ചേർത്ത് നിർത്തി,
ഭയങ്ങളുടെ വേരറുത്ത്,
അയാളെന്റെ
നെറുകയിൽ ചുംബിച്ചു..
ആ നേരം ഞാൻ
പ്രണയത്തിന്റെ
നേര് കണ്ടു..
നേര് തൊട്ടു..
എന്നെചുറ്റി
ഋതുക്കളൊന്നൊന്നായ്
നൃത്തം വെച്ചു.
എന്നോ ഒഴുക്ക്
നിലച്ച ജീവിതം
പിന്നെയും നിറയുന്നതും
ഒഴുകാൻ തുടങ്ങുന്നതും
കണ്ണീരിലൂടെ ഞാനറിഞ്ഞു.
അഭയത്തിന്റെ ചൂട്
പകരുന്നൊരുവനെ,
ഇനിയുമിനിയും
ജീവിക്കാനുള്ള
കാരണമായവനെ,
ഞാനെങ്ങനെ
വേണ്ടെന്നു വെക്കും?

