എം ടി വാസുദേവൻ നായരുടെ കൃതിയായ “വാരാണസി” ഞാൻ 2010ലാണ് വായിച്ചത്. അത് മനസ്സിനെ വളരെയധികം സ്വാധീനിച്ചു.
സുധാകരൻ എന്ന കഥാപാത്രത്തിലൂടെ ആണ് ഈ കഥ മുന്നോട്ടു പോകുന്നത്. ഭാരതത്തിലെ പല സ്ഥലങ്ങളും മാറിമാറി താമസിച്ച സുധാകരനെ സ്വാധീനിച്ചവരും സുധാകരൻ സ്വാധീനിച്ചവരും ധാരാളമുണ്ട്. റിസർച്ച് ചെയ്യുവാൻ വന്ന സുമിതാ നാഗ്പാൽ എന്ന യുവതി, കൃഷ്ണേട്ടന്റെ മകൾ ഗീത, മൂർത്തി സാറും ഭാര്യ ശാന്ത ചേച്ചിയും, ചന്ദ്രമൗലി പ്രൊഫസർ ശ്രീനിവാസൻ, രുക്കു ഉണ്ണി കൃഷ്ണൻ തുടങ്ങിയ കഥാപാത്രങ്ങൾ സുധാകരന്റെ ജീവിതവുമായി വളരെ അടുത്ത ബന്ധമുള്ളവരാണ്.
ജീവിതത്തിന്റെ അവസാനനാളുകളിൽ വാരാണസിയിൽ എത്തുന്ന സുധാകരൻ തൻ്റെ ജീവിതത്തിലെ പ്രിയപ്പെട്ടവരായ അമ്മ നാരായണി, അച്ഛൻ ഗോവിന്ദൻ, ജ്യേഷ്ഠത്തി സരള, അമ്മാവൻ പരമേശ്വരൻ, ഗുരു ശ്രീനിവാസൻ, തൻ്റെ യജമാനൻ നാരായണമൂർത്തി, കൂട്ടുകാരൻ ജോസ് വർഗീസ് എന്നിവർക്കു വേണ്ടി ബലികർമ്മങ്ങൾ നടത്തുകയും ചെയ്യുന്നു. ജീവിതം, മരണം, ബന്ധങ്ങൾ, ഓർമ്മകൾ എന്നിവയെ കുറിച്ച് ആഴത്തിലുള്ള ചിന്തകൾ ഈ കൃതിയിലുടനീളം കാണാം. ഒടുവിൽ തനിക്കുവേണ്ടി ആരും ബലിയിടാൻ ഇല്ല എന്ന തിരിച്ചറിവിൽ സുധാകരൻ സ്വന്തം ആത്മശ്രാദ്ധം നടത്താൻ തീരുമാനിക്കുന്ന രംഗം വായനക്കാരന്റെ മനസ്സിൽ വലിയ സ്വാധീനം ചെലുത്തുന്നു. ജീവിതത്തിൻ്റെ നശ്വരതയും മനുഷ്യബന്ധങ്ങളുടെ മൂല്യവും മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു മികച്ച കൃതിയാണ് “വാരാണസി”. ഈ നോവലിൽ എല്ലാ മനുഷ്യരെയും ഒന്നിപ്പിക്കുന്ന ഒരു സംഗമ ബിന്ദു വേർപാടുകളുടെ അനിർവ്വചനീയമായ ഖേദമാണ്. ഇതോടൊപ്പം ഇതിലെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ ചിത്ര ആവിഷ്കാരത്തിലെ നമ്പൂതിരിയുടെ മികവ് വിസ്മരിക്കാൻ ആകില്ല.
മരണദേവനായ യമധർമ്മരാജനും നിചികേതസ്സ് എന്ന ബാലനും ആയിട്ടുള്ള ആത്മീയ സംവാദമായ കഠോപനിഷത്തിൽ മരണത്തിൻ്റെ രഹസ്യം മാത്രം ചോദിക്കാതിരിക്കുവാൻ നചികേതസ്സിനോട് പറയുന്ന വാക്കുകൾക്ക് ഉത്തരമായി “നശ്വര മർത്ത്യന്മാർക്ക് സമ്പത്തിനും സുഖങ്ങൾക്കും എങ്ങനെ ആഗ്രഹം തോന്നും അങ്ങയുടെ മുഖം മുന്നിൽ കണ്ടാൽ” എന്നത് വാരണാസിയുടെ കഥ തുടങ്ങുന്നതിന് തൊട്ടുമുന്നിലുള്ള പേജിൽ പ്രതിപാദിച്ചിരിക്കുന്ന വാക്യം നമ്മളിൽ ഉണർത്തുന്ന അനന്തമായ വികാരവിചാരങ്ങൾക്കിടുന്ന “കടിഞ്ഞാൺ” അത്യന്തം ശ്രദ്ധേയമാണെന്ന് പറയാതിരിക്കുവാൻ വയ്യ…..
#വായനദിനം – പ്രിയപുസ്തകം

