പലപ്പോഴും, ഓർമ്മകളുടെ ഒരു കുത്തൊഴുക്കാണല്ലോ ജീവിതം. അതിലെ പലഓർമ്മകളും നാം വിസ്മരിക്കുകയും ചിലത് ശക്തിയായി നമ്മിൽ വേരൂന്നി നിൽക്കുകയുംചെയ്യും. അത്തരത്തിലുള്ള ഒരോർമ്മയാണ് എന്നെ സംബന്ധിച്ചിടുത്തോളം ജൂലൈ 3, സെന്റ്തോമാസ്ഡേ – അഥവാ പച്ച മലയാളത്തിൽ പറഞ്ഞാൽ ദുക്റാന തിരുനാൾ. എന്റെ മകൻ ജനിച്ച ദിവസം.
2018 ജൂലൈ 3 ന് ആയിരുന്നു അവൻ ജനിച്ചത്. എന്റെ ജീവിതത്തിൽ യാതൊരു കഷ്ടപ്പാടുകളുo ഇല്ലാത്ത ഒൻപത് മാസക്കാലമായിരുന്നു അത്. ആദ്യത്തെ പ്രസവത്തിന്റെ എല്ലാ ത്യാഗങ്ങളും ഞാൻ ഏറെക്കുറെ മറന്നിരുന്നു. ആദ്യത്തേതിൽ നിന്നും വ്യത്യസ്തമായി ഭക്ഷണം കഴിച്ചു കഴിച്ചു ഞാൻ ഒരു സുമോ ഗുസ്തിക്കാരിയായി മാറി. ഗർഭിണിയുടെ ആഗ്രഹങ്ങൾ എന്ന ലേബലിൽ ഞാൻ പറഞ്ഞതൊക്കെ എന്റെ ഭർത്താവ് സാധിപ്പിച്ചു തന്നു. അദ്ദേഹം അന്നു മസാല ദോശയ്ക്കും, ചിക്കൻ ബിരിയാണിയ്ക്കും ചെലവാക്കിയ തുക വളരെ വലുതായിരുന്നു. അന്നും ഇന്നും കണക്ക് സൂക്ഷിക്കാനറിയാത്ത പാവം മനുഷ്യൻ. നോൺ- വെജിന്റേറിയൻ ഭക്ഷണം കൂടുതൽ കഴിച്ചതു കൊണ്ടാണെന്നു തോന്നുന്നു – ഇന്നും അവന് പച്ചക്കറി അലർജിയാണ്.
അങ്ങനെ ആ സുദിനം വന്നെത്തി. ജൂലൈ 3 ആയതുകൊണ്ട് തന്നെ – ആൺകുഞ്ഞാണെങ്കിൽ തോമാസ് എന്ന് പള്ളിയിൽ പേരിടണം എന്ന ആശയം വലിയ ചർച്ചയായി നടന്നുകൊണ്ടിരുന്നു. അങ്ങനെ വേദന തുടങ്ങി. ഞാൻ തകർന്നു തരിപ്പണമായി. അനുഭൂതിയും ഉന്മാദവുമെല്ലാം ഞാൻ ഒന്നിച്ചനുഭവിച്ചു. കുട്ടിയ്ക്ക് വെയ്റ്റ് കൂടുതലായതു കൊണ്ട് സിസേറിയൻ ആണ് നല്ലത് എന്ന് ഡോക്ടർ അഭിപ്രായപ്പെട്ടു. അങ്ങനെ നോർമൽ പ്രസവത്തിന്റെയും സിസേറിയന്റെയും സുഖം അനുഭവിക്കാൻ എനിയ്ക്ക് സാധിച്ചു. പ്രതീക്ഷിച്ചത്ര ബുദ്ധിമുട്ടൊന്നുമില്ലാതെ എന്റെ സിസേറിയൻ കഴിഞ്ഞു.
ആദ്യമായി അവന്റെ മുഖം കണ്ടപ്പോൾ വലിയ അനുഭൂതിയൊന്നും എനിയ്ക്ക് തോന്നിയില്ല. നല്ല ക്ഷീണം ഉണ്ടായിരുന്നു. ആശുപത്രി വാസത്തിനു ശേഷം, തിരിച്ച് വീട്ടിൽ എത്തി. പിന്നീടാണ് എന്റെ പരീക്ഷണ കാലഘട്ടം ശരിയ്ക്കും ആരംഭിച്ചത്. വെറും 28 ദിവസങ്ങൾക്കുള്ളിൽ വീണ്ടും ഹോസ്പിറ്റലിൽ, കടുത്ത കഫക്കെട്ട്. അപ്പോഴേയ്ക്കും പ്രളയത്തിന്റെ ആരംഭവും തുടങ്ങിയിരുന്നു. കടുത്ത തണുപ്പിലും അവന്റെ കുഞ്ഞുകൈയിലെ സൂചിയുടെ പാടുകൾ എന്റെ ഹൃദയത്തെ കീറിമുറിച്ചു. ഇമവെട്ടാതെയുള്ള ആ കുഞ്ഞുകണ്ണുകളിലെ ദൈന്യത എന്റെ മനസ്സിനെ തളർത്തിക്കളഞ്ഞു.
ഇന്ന് നീ, നിന്റെ എട്ടാം വയസ്സിലേയ്ക്ക് പ്രവേശിക്കുകയാണ്. എന്റെ ജീവനേ, നിനക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു. നീ ഉയർന്ന മാർക്കു വാങ്ങി ഉന്നതമായ ജോലി സമ്പാദിക്കണമെന്ന ആഗ്രഹമൊന്നും എനിയ്ക്കില്ല. പക്ഷെ മനുഷ്യനെ- മനുഷ്യനായി കാണാൻ സാധിക്കുന്ന, ഹൃദയം കൊണ്ട് സഹൃദയരെ സ്നേഹിക്കാൻ സാധിക്കുന്ന, പൊട്ടിച്ചിരികൾ കൊണ്ട് മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ സാധിക്കുന്ന, ക്ലാസ്സ് മുറികളിൽ ലാസ്റ്റ് ബെഞ്ചറായി തഗ്ഗ് അടിക്കുന്ന, സഹൃദയനായി നീ വളർന്നു വരട്ടെ. ഇതൊക്കെ ആധുനിക കാലത്ത് വിലയില്ലാത്ത മൂല്യങ്ങളായിരിക്കാം. പക്ഷെ നിനക്ക് ഇതിനെല്ലാം സാധിക്കട്ടെ. സൗഹൃദങ്ങളുടെ മഴയിൽ നനയാനുള്ള ഭാഗ്യമുണ്ടാകട്ടെ, ജീവിതം ഒരു കുസൃതികളുടെ ആഘോഷമാകട്ടെ🥰, ഇതെല്ലാം നിനയ്ക്ക് സാധിക്കട്ടെ. സാധിക്കും, കാരണം നീ എന്റെ മകനാണ്. നിന്റെ അമ്മയും ഇങ്ങനെ തന്നെയായിരുന്നു.
എന്റെ പ്രാണനെ, നിനയ്ക്ക് ആയിരമായിരം ജന്മദിനാശംസകൾ. 🩷🩷

