“ലക്ഷ്മി… നിന്റെ അച്ഛൻ വന്നിരിക്കുന്നു” എന്ന ഗീതുവിന്റെ ശബ്ദം കേട്ടാണ് ഞാൻ കണക്കുപുസ്തകത്തിൽ നിന്ന് തലയുയർത്തിയത്.
ഇന്റർവെൽ സമയമായിരുന്നു. ചില കുട്ടികൾ ക്ലാസ്സിനുള്ളിലും ചിലർ വരാന്തയിലും കൂട്ടം കൂടി നിൽക്കുന്നുണ്ടായിരുന്നു. ഞാൻ പതിയെ പുറത്തേക്കിറങ്ങി.
വരാന്തയുടെ അറ്റത്ത് വിയർത്തു കുളിച്ച്, അല്പം പിന്നിയ ഷർട്ടും മുണ്ടും ധരിച്ച് അച്ഛൻ നിൽക്കുന്നു. കയ്യിൽ ഒരു ചെറിയ പൊതിയുമുണ്ട്. അവിടെ നിന്നിരുന്ന കുട്ടികളുടെ നോട്ടം മുഴുവൻ അച്ഛനിലേക്കാണെന്ന് കണ്ടപ്പോൾ എനിക്ക് എന്തോ ഒരു അസ്വസ്ഥത തോന്നി. അറിയാതെ വന്ന ദേഷ്യത്തോടെ ഞാൻ അച്ഛന്റെ അടുത്തേക്ക് ചെന്നു.
“എന്തിനാ അച്ഛാ ഈ നേരത്ത് ഇങ്ങോട്ട് വന്നത്?”
എന്റെ വാക്കുകളിലെ ദേഷ്യം അച്ഛന് മനസ്സിലായെങ്കിലും ചെറുചിരിയോടെ നിന്നു.
“അത് മോളെ… നീ ഇന്ന് ഭക്ഷണം എടുക്കാതെയാ പോയതെന്ന് അമ്മ പറഞ്ഞു. വൈകുന്നേരം വരെ ഇരുന്ന് പഠിക്കേണ്ടതല്ലേ… മോൾക്ക് വിശക്കില്ലേ? അതാ അച്ഛൻ പൊതിച്ചോറ് കൊണ്ടുവന്നത്.”
അച്ഛന്റെ വാക്കുകൾ കേട്ടപ്പോൾ എന്റെ കണ്ണുകൾ താഴ്ന്നു.
ഞാൻ പതിയെ ആ പൊതി വാങ്ങി. ഒന്നും മിണ്ടാതെ, ജാള്യതയോടെ ക്ലാസ്സിലേക്ക് നടന്നു.കയ്യിലിരുന്ന പൊതി മേശയുടെ അടിയിലേക്ക് വച്ചു. പുസ്തകം തുറന്നിരുന്നെങ്കിലും അക്ഷരങ്ങളിലേക്ക് എന്റെ ശ്രദ്ധ പോയില്ല.
ഞാനപ്പോൾ ഓർത്തത് മറ്റുള്ളവരുടെ നോട്ടത്തെക്കുറിച്ചായിരുന്നു.
എന്റെ കൂട്ടുകാരാരെങ്കിലും അച്ഛനെ കണ്ടിട്ട് എന്ത് വിചാരിക്കും എന്ന ചിന്ത മാത്രമായിരുന്നു മനസ്സിൽ.
അച്ഛന് ഒരിക്കലും സ്വന്തം വേഷത്തെക്കുറിച്ച് ചിന്തയില്ല. പണി കഴിഞ്ഞ വേഷത്തിലും എല്ലായിടത്തും പോവും. എന്ത് ജോലി കിട്ടിയാലും മടിയില്ലാതെ പോകും. മരം വെട്ടാനും കല്ല് ചുമക്കാനും,വീട് പണിക്കുമെല്ലാം അച്ഛൻ പോകും.. എനിക്കു വല്ലാത്ത ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു.
അന്ന് വീട്ടിലെത്തിയാൽ അമ്മയോട് പറയണo, ഇനി അച്ഛനെ സ്കൂളിലേക്ക് വിടരുതെന്ന്. എനിക്ക് ഉണ്ടാകുന്ന നാണക്കേട് അമ്മ മനസ്സിലാക്കുമെന്ന് കരുതിയായിരുന്നു ഞാൻ വീട്ടിലേക്ക് പോയത്.
വൈകുന്നേരം വീട്ടിലെത്തിയ ഉടനെ ഞാൻ ബാഗ് ഒരു വശത്തേക്ക് വച്ച് അമ്മയുടെ അടുത്തേക്ക് ചെന്നു.
“അമ്മേ… ഇനി അച്ഛനെ സ്കൂളിലേക്ക് വിടരുത്.”
എന്റെ വാക്കുകൾ കേട്ട് അമ്മ ഒന്ന് ഞെട്ടി എന്നെ നോക്കി.
“എന്താ മോളെ?”
“ഇന്നത്തെ പോലെ… എല്ലാവരുടെയും മുന്നിൽ വന്ന് നിൽക്കുന്നത് എനിക്ക് ഇഷ്ടമല്ല. എല്ലാവരും നോക്കുന്നുണ്ടായിരുന്നു.” ഞാൻ പറയുമ്പോൾ എന്റെ ശബ്ദത്തിൽ അന്നത്തെ പ്രായത്തിന്റെ പിടിവാശിയായിരുന്നു.
അമ്മ കുറച്ചു നേരം ഒന്നും മിണ്ടാതെ നിന്നു. പിന്നെ പതിയെ ചോദിച്ചു.
“അച്ഛൻ അവിടെ വന്നത് നിനക്ക് നാണക്കേടായോ?”
ഞാൻ ഒന്നും മിണ്ടിയില്ല.
അമ്മയുടെ കണ്ണുകളിൽ ഒരു ചെറിയ വിഷമം ഞാൻ കണ്ടു.
“മോളെ… അച്ഛൻ നമുക്ക് വേണ്ടി കഷ്ടപ്പെടുന്നതുകൊണ്ടല്ലേ നമുക്കിന്ന് ഈ ജീവിതം കിട്ടിയത്. നിനക്കറിയോ… ആ മനുഷ്യൻ ഒരുകാലത്ത് സ്കൂളിൽ ഒന്നാമനായിരുന്നു. പഠിക്കാനും, ഒരുപാട് സ്വപ്നങ്ങൾ കാണാനും ആഗ്രഹിച്ചിരുന്ന ഒരാളായിരുന്നു.”
അമ്മ ഒന്ന് നിർത്തി. പിന്നെ നിറഞ്ഞ കണ്ണുകളോടെ തുടർന്നു
“പക്ഷേ കുടുംബത്തിന്റെ പ്രാരാബ്ധങ്ങൾ മുഴുവൻ ചുമലിലേറ്റേണ്ടി വന്നപ്പോൾ, തന്റെ സ്വപ്നങ്ങൾ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. വെറും പതിനൊന്നാം വയസ്സിൽ തന്നെ ജോലിക്ക് ഇറങ്ങേണ്ടി വന്നതാണ് അച്ഛന്.”
അമ്മയുടെ വാക്കുകൾ കേൾക്കുമ്പോൾ എന്റെ മനസ്സിൽ രാവിലെ കണ്ട ആ വിയർത്ത മുഖം വീണ്ടും തെളിഞ്ഞു.
“എങ്കിലും അച്ഛന് ഇന്നും ഒരു പ്രതീക്ഷയുണ്ട് മോളെ… നിന്നിലൂടെ അച്ഛൻ കാണുന്നത് അച്ഛന് നേടാൻ കഴിയാതെ പോയ സ്വപ്നങ്ങളാണ്. അച്ഛന് നിന്നെ ജീവനാണ്. നിനക്ക് നല്ലത് മാത്രം വേണമെന്നാണ് ആ മനുഷ്യന്റെ ആഗ്രഹം, അതല്ലേ നീ വിശന്നിരിക്കാതിരിക്കാൻ ജോലിക്കിടയിലും സ്കൂളിലേക്ക് വന്നത് .”
അമ്മ എന്റെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു.
“ഇനി ഒരിക്കലും അച്ഛന്റെ സ്നേഹത്തെ നാണക്കേടായി കാണരുത് മോളെ.”
അമ്മയുടെ വാക്കുകൾ കേട്ട് എന്റെ കണ്ണുകൾ നിറഞ്ഞു.ഞാൻ പതിയെ മുറിയിലേക്ക് പോയി. പക്ഷേ അച്ഛൻ കൊണ്ടുവന്ന ആ പൊതിയുടെ ഭാരം മാത്രം മനസ്സിൽ ഒരു വിങ്ങലായി കിടന്നു.
വർഷങ്ങൾ പലതും കടന്നുപോയി. ജീവിതത്തിന്റെ തിരക്കുകൾക്കിടയിലും ആ ഒരു ദിവസം ഇന്നും എന്റെ മനസ്സിൽ മായാതെ നിൽക്കുന്നു.
ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ എനിക്ക് മനസ്സിലാകുന്നു… അന്ന് ഞാൻ ലജ്ജിച്ചത് അച്ഛന്റെ പഴയ ഷർട്ടിനെയോ വിയർപ്പിനെയോ കുറിച്ചായിരുന്നില്ല. അച്ഛന്റെ സ്നേഹത്തിന്റെ ആഴം തിരിച്ചറിയാൻ കഴിയാത്ത എന്റെ കുഞ്ഞു മനസ്സിന്റെ അജ്ഞതയെയായിരുന്നു.
അന്ന് വരാന്തയിൽ നിന്നിരുന്ന കുട്ടികളുടെ നോട്ടം എനിക്ക് വലുതായി തോന്നി. പക്ഷേ ഇന്ന് മനസ്സിലാകുന്നു… ലോകം മുഴുവൻ നോക്കിയാലും ഒരു അച്ഛന്റെ സ്നേഹത്തിന് മുന്നിൽ അതൊന്നും ഒന്നുമല്ലെന്ന്.
സ്വന്തം സുഖങ്ങളും ആഗ്രഹങ്ങളും മാറ്റിവെച്ച്, മക്കളുടെ ചെറിയ ആവശ്യങ്ങൾ പോലും ശ്രദ്ധിച്ച ഒരാളായിരുന്നു എന്റെ അച്ഛൻ.
വർഷങ്ങൾക്കിപ്പുറം… ജീവിതത്തിൽ പലപ്പോഴും ഞാൻ വീണ്ടും വിശന്നിട്ടുണ്ട്. പക്ഷേ “മോൾക്ക് വിശക്കുന്നില്ലേ?” എന്ന് അച്ഛനെ പോലെ സ്നേഹത്തോടെ ചോദിക്കാൻ ആരുമില്ലായിരുന്നു. അപ്പോഴാണ് മനസ്സിലായത്… അന്ന് അച്ഛൻ കൊണ്ടുവന്നത് വെറും ഒരു പൊതിച്ചോറ് ആയിരുന്നില്ലെന്ന്. ആ പൊതിയിൽ മുഴുവൻ അളക്കാൻ കഴിയാത്തത്ര വലിയൊരു സ്നേഹമായിരുന്നു.
അന്ന് ആ പൊതിയുമായി ക്ലാസ്സിലേക്ക് നടന്നുപോയ കുഞ്ഞു ലക്ഷ്മി അറിഞ്ഞിരുന്നില്ല… ജീവിതത്തിലെ ഏറ്റവും വിലയേറിയ സമ്മാനങ്ങളിൽ ഒന്നായിരുന്നു അവൾ കയ്യിൽ പിടിച്ചിരുന്നത് എന്ന്.മക്കൾക്ക് വേണ്ടി വിയർക്കുന്ന ഓരോ അച്ഛനും, അവർ അറിയാതെ തന്നെ അവരുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു സ്നേഹഗാഥ രചിച്ചു കൊണ്ടിരിക്കുകയാണ്.


1 Comment
Beautiful story 😍 heart touching