പിതൃദിനത്തിൽ അച്ഛനേക്കുറിച്ചെന്തെങ്കിലും എഴുതിയാലോ എന്ന ചിന്തയിലാണ് അവൾ വേഗം ജോലികൾ തീർത്ത് ടാബുമായി സോഫയിലേക്കിരുന്നത്. അമ്മയുടെ ഉള്ളിൽ താനൊരു പൂമൊട്ടായി വിരിഞ്ഞ നാൾ മുതൽ അച്ഛനും തൻ്റെ ഹൃദയത്തിൽ പ്രതീക്ഷകളുടേയും സ്വപ്നങ്ങളുടെയും ഒരു പൂന്തോപ്പു തന്നെ പണിതീർത്തു കാണില്ലേ.
അച്ഛനേക്കുറിച്ച് ഓർത്തെടുക്കുമ്പോൾ സന്തോഷങ്ങളുടെയും സങ്കടങ്ങളുടെയും ഓളപ്പാച്ചിലിൽ അവൾക്കു വാക്കുകൾ കൈമോശം വന്നു. അവൾ ചാരിയിരുന്ന് കണ്ണുകളടച്ചു.
വർഷങ്ങൾ പിന്നിലേക്കോടി മാറിയപ്പോൾ അവളൊരു അഞ്ചാം ക്ലാസുകാരിയായി. അന്നത്തെ ദിവസം സ്ക്കൂളിൽ നിന്നു തിരിച്ചു വരുമ്പോൾ അച്ഛൻ എത്തിക്കാണുമോ എന്ന ചിന്തയിലായിരുന്നു അവൾ. എന്നത്തെയും പോലെ വഴിവക്കിലെ പുല്ലിനോടും പൂക്കളോടും കിളികളോടും കിന്നാരം പറയാൻ നിൽക്കാതെ ഒറ്റയോട്ടത്തിന് അണ്ണനോടൊപ്പമെത്തി.
അച്ഛൻ അതിരാവിലെ കോട്ടയത്തിനു പോയതാണ്. സ്ക്കൂൾ ലൈബ്രറിയിലേക്കു വേണ്ട പുസ്തകങ്ങൾ ഏർപ്പാടു ചെയ്യാൻ എൻ . ബി. എസിൽ പോയതാണെന്നാണ് അമ്മ പറഞ്ഞത്. വൈകിട്ടേ വരൂ എന്നറിയാമെങ്കിലും ഇടയ്ക്ക് സ്റ്റാഫ്‌റൂമിനടുത്തു കൂടി കറങ്ങിനടന്ന് അകത്തേക്കൊന്നെത്തിനോക്കാൻ മറന്നില്ല.
അച്ഛൻ വരുമ്പോൾ പുതിയ ബുക്കെന്തെങ്കിലും കൊണ്ടുവരാതിരിക്കില്ല. പുതിയ സമ്മാനപ്പെട്ടി ആയിരിക്കുമോ? സമ്മാനപ്പെട്ടിയിലെ കൊച്ചു കൊച്ചു പുസ്തകങ്ങൾ എത്ര വായിച്ചാലും മതി വരില്ല .
കോപ്പി ബുക്കുകൾ എഴുതി കണക്കുകൾ ചെയ്തു തീർന്നിട്ടും അച്ഛൻ എത്തിയിട്ടില്ല. അവളോടി പടിക്കൽ പോയി നിന്നു .
”ചേച്ചീ അച്ഛൻ മുന്തിരിങ്ങയും മുട്ടായിയും കൊണ്ടു വരുമോ?”
ഒന്നാം ക്ലാസിൽ പഠിക്കുന്ന അനിയൻ വന്ന് അവളോടു ചേർന്നു നിന്നു.
നേരം സന്ധ്യയാവാറായി. കാലും മുഖവും കഴുകി നാമം ജപിക്കാനിരുന്നില്ലെങ്കിൽ അമ്മയുടെ വഴക്കു കിട്ടും.
ഈ അച്ഛനെന്താ വരാത്തത്? നിരാശയോടെ അനിയൻ്റെ കൈയും പിടിച്ച് അവൾ തിരിഞ്ഞു നടക്കാനൊരുങ്ങി.
അതാ അച്ഛൻ വരുന്നു. രണ്ടു കൈകളിലും കവറുകളുമായി ചിരിച്ചു കൊണ്ടു നടന്നു വരുന്ന അച്ഛനെക്കണ്ടതും അവളും അനിയനും ഓടിച്ചെന്നു.
“നാലാം ക്ലാസിൽ സ്കോളർഷിപ്പുകിട്ടിയ രൂപ കൊണ്ടു വാങ്ങിയതാണ്. നാമം ജപിച്ചിട്ടു പോയിരുന്നു വായിച്ചോ”
അച്ഛൻ കൊടുത്ത കവർ അവൾ ആകാംക്ഷയോടെ തുറന്നു . പുസ്തകങ്ങളാണ്. ഒന്നൊരു ചിത്ര കഥയാണ്: ഗാന്ധി കഥ. നെഹ്രു ബാല പുസ്തകാലയത്തിൻ്റെ ബഡാപാനി, നമുക്കൊരു നാടകം കളിക്കാം എന്നീ രണ്ടു പുസ്തകങ്ങളുമുണ്ട്.
അണ്ണൻ കൈനീട്ടിയിട്ട് കൊടുക്കാതെ അവളതുമായി അകത്തേക്കോടി. ഇതെൻ്റെ സ്വന്തമാണ്. അവളാ ബുക്കുകൾ മാറോടണച്ചു.
“അച്ഛനാണ് ഈ പെണ്ണിനെ ഇങ്ങനെ വഷളാക്കുന്നത്. വല്ല വീട്ടിലും പോകേണ്ടതാണ്”
ഓ അമ്മയെത്തി.
“ഞാനെങ്ങും പോവില്ല. ഞാനിവിടെ അച്ഛൻ്റെ കൂടെ താമസിക്കും. അല്ലേ അച്ഛാ?”
“പിന്നല്ലാതെ. എൻ്റെ മോളെങ്ങും പോകണ്ട”
അന്നു നാമം ചൊല്ലുമ്പോഴും ഉറങ്ങാതെയിരുന്നു ബുക്കു വായിക്കുമ്പോഴും അച്ഛൻ്റെ സ്നേഹം അവളുടെ മനസ്സിനെ തൊട്ടു തലോടികൊണ്ടിരുന്നു.
അവളെഴുന്നേററു. ഷെൽഫിലെ പുസ്തകങ്ങൾക്കിടയിൽ നിന്ന് അവ മൂന്നുമെടുത്തു തുറന്നു. ആദ്യത്തെ പേജിൽ അവളുടെ പേരെഴുതിയിരിക്കുന്നു. അരനൂറ്റാണ്ടിലധികമായി അവളുടെ പുസ്തക ശേഖരത്തിൻ്റെ ഒരു കോണിൽ സ്നേഹ സ്പർശവും കാത്ത് അവരുണ്ട്. ഇടയ്ക്കിടെ എടുത്തോമനിച്ച് പേജുകൾ മറിക്കുമ്പോൾ തന്നേപ്പോലെ അവയ്ക്കും കുളിരു കോരാറുണ്ടെന്നാണവൾ വിശ്വസിക്കുന്നത്. പുറം ചട്ട പഴകി നിറം മങ്ങിയെങ്കിലും ആ പുസ്തകങ്ങളിലൂടെ അച്ഛൻ്റെ സാമീപ്യമാണ് അവളനുഭവിക്കുന്നത്.
ഇളകുന്ന കർട്ടനിടയിലൂടെ ഒരു ഒരിളം കാറ്റു വന്ന് അച്ഛൻ്റെ സ്നേഹമെന്ന പോലെ അവളെപ്പൊതിഞ്ഞു.
അന്ന് ഊണു കഴിയ്ക്കാനിരുന്നപ്പോൾ അവൾ വീണ്ടും ആ പെറ്റിക്കോട്ടുകാരിയായി . അച്ഛനുണ്ണുന്നതു നോക്കി തൊട്ടടുത്തിരിക്കുന്ന കുട്ടിക്കുറുമ്പുകാരി.
ഊണു കഴിയാറാവുമ്പോൾ അച്ഛൻ ബാക്കി ചോറിൽ നിറയെ തൈരൊഴിച്ചു കുഴയ്ക്കും.
“അച്ഛാ ഇനി ഞാനുണ്ടോളാം” അവൾ കൈനീട്ടും.
”ഇതു നിനക്കാണ്” പാത്രം അവളുടെ മുന്നിലേക്കു നീക്കി വെച്ച് ചിരിക്കുന്ന അച്ഛൻ.
അച്ഛൻ്റെ കൈയിൽ നിന്ന് ഒരുരുള വാങ്ങാൻ അറിയാതെയവൾ വായ തുറന്നു .
അവൾക്കു കരച്ചിൽ വന്നു.
പെരുമഴയിൽ നനഞ്ഞുകുതിർന്നൊരു കടലാസു കഷണം പോലെ കണ്ണീരിറ്റു വീഴുന്ന മനസ്സിനെ സ്വാന്ത്വനിപ്പിക്കാൻ ശ്രമിച്ചു കൊണ്ട് അവൾ ഓർമ്മകളുടെ ആഴങ്ങളിൽ മുങ്ങിപ്പൊങ്ങി.
അന്നൊരു വെള്ളിയാഴ്ചയായിരുന്നു. പിറ്റേന്നു മുതൽ അവധിയാണ്. വേഗം പ്രാക്ടിക്കൽ ചെയ്തു തീർത്ത് വൈകിട്ടു തന്നെ വീട്ടിലേക്കു പോകാനുള്ള തിരക്കിലായിരുന്നു എല്ലാവരും.
അവസാനത്തെ രണ്ടുപീരീഡായിരുന്നു ലാബ്. എല്ലാം ചെയ്തു തീർത്ത് ഒന്നു തിരിഞ്ഞതേയുള്ളു.
“എല്ലാം കഴുകി വൃത്തിയാക്കി വെച്ചിട്ടേ പോകാവൂ. ഒരാഴ്ച അവധിയാണെന്നു അറിയില്ലെന്നുണ്ടോ?” ആൻസി ടീച്ചറിൻ്റെ ശബ്ദം ഉച്ചത്തിൽ മുഴങ്ങുമ്പോൾത്തന്നെ വൈകിട്ടത്തെ ബല്ലടിച്ചു.
നാട്ടിലേക്കു നേരിട്ടുള്ള ബസ് അഞ്ചുമണിയ്ക്കാണ്. നാലു മണിയ്ക്കു വിട്ടാൽത്തന്നെ ഹോസ്റ്റലിലെത്തി കെമിക്കലുകൾ നാറുന്ന സാരിയൊന്നു മാറ്റി ബാഗുമെടുത്തോടിയാലേ ബസ് കിട്ടൂ.
”എൻ്റെ ദൈവമേ ഇനിയെന്തു ചെയ്യും?” മനസ്സിലാകെ അങ്കലാപ്പായി. ഒറ്റയ്ക്കേയുള്ളു താനും.
ബസ്സ്റ്റോപ്പിലെത്തിയപ്പോൾ വിചാരിച്ചതു പോലെ തന്നെ സംഭവിച്ചു. ബസ് പോയിക്കഴിഞ്ഞു. ഇനി പല ബസ്സുകൾ മാറി മാറിക്കയറി വീട്ടിലെത്തുമ്പോഴേക്ക് രാത്രിയാവും. നാളെയെത്തുമെന്നാണ് അച്ഛൻ വിളിച്ചപ്പോൾ പറഞ്ഞത്.
തിരിച്ചു പോയാലോ? അവളൊന്നു സംശയിച്ചു നിന്നു. ഹോസ്റ്റലിൽ നിന്നു മിക്കവരും പോയിക്കഴിഞ്ഞു.
വേണ്ട, മുന്നോട്ടുവെച്ച കാൽ പിന്നോട്ടില്ല. പെട്ടെന്നു തന്നെ ബസ്സുകൾ കിട്ടിയാൽ കുഴപ്പമുണ്ടാവില്ലെന്നു സമാധാനിച്ച് അവൾ ആദ്യം വന്ന ഓർഡിനറി ബസിൽ കയറി.
മനസ്സിൽ ആധിയും മുഖത്തു സമാധാനത്തിൻ്റെ മുഖംമൂടിയുമണിഞ്ഞ്, ഇഴഞ്ഞിഴഞ്ഞു നീങ്ങിയ ബസുകളിലിരുന്ന് നാട്ടിലെ ടൗണിലെത്തിയപ്പോൾ എട്ടര കഴിഞ്ഞിരുന്നു.
മൊബൈലില്ലാത്ത കാലം. കടകൾ മിക്കതും അടച്ചു കഴിഞ്ഞു. നാളെ വന്നാൽ മതിയായിരുന്നു. ഭീതിയോടെ ബസ് സ്റ്റാൻഡിനു പുറത്തേക്കു നടക്കുമ്പോൾ തോളിലൊരു സ്പർശം. ഞെട്ടിത്തിരിഞ്ഞു നോക്കുമ്പോൾ അച്ഛൻ്റെ ചിരിക്കുന്ന മുഖം.
“അച്ഛാ” അവളുടെ മനസ്സും കണ്ണുകളും സന്തോഷം കൊണ്ടു നിറഞ്ഞു.
“ഞാനിന്നു വരുമെന്ന് അച്ഛനെങ്ങനെ മനസ്സിലായി?”
അച്ഛൻ വീണ്ടും ചിരിച്ചതേയുള്ളു, അതാണച്ഛൻ.
പിന്നെ മങ്ങിക്കത്തുന്ന ടോർച്ചുമായി ഇരുണ്ട ഇടവഴിയിലൂടെ നടന്ന്, അച്ഛൻ്റെ കൈ പിടിച്ച് മുട്ടൊപ്പം വെള്ളത്തിൽ പുഴ കടന്ന് വീട്ടിലെത്തി. അമ്മയുടെ ശകാരവാക്കുകൾ അവളെ ബാധിച്ചതേയില്ല. അച്ഛൻ്റെ കരുതലിൽ അവളാകെ മുങ്ങിപ്പോയിരുന്നു.
ജീവിതത്തിൽ എങ്ങനെ മുന്നോട്ടു പോകണമെന്നും തോൽവികളുണ്ടാകുമ്പോൾ അവയെ എങ്ങനെ നേരിടണമെന്നുമുള്ള തിരിച്ചറിവും ഉൾബോധവും അറിഞ്ഞോ അറിയാതെയോ ലഭിച്ചത് അച്ഛനിൽ നിന്നു തന്നെയാണ്. സ്വപ്നം കാണാൻ പഠിപ്പിച്ചതും ലക്ഷ്യത്തിലെത്തുന്നതു വരെ താങ്ങായി സ്വന്തം ചുമലുകൾ കാട്ടിത്തന്നതും ഏതൊരു പ്രതികൂലസാഹചര്യത്തേയും ധൈര്യപൂർവം നേരിട്ട് പതറാതെ പിടിച്ചു നിൽക്കാൻ പഠിപ്പിച്ചതും അച്ഛനാണ്.
തൻ്റെ മൂല്യങ്ങളും ധാർമ്മികതയും മാന്യതയും വഴി അച്ഛൻ നൽകിയ പാഠങ്ങളാണ് ഇന്നും ജീവിതത്തിനു കരുത്തു പകരുന്നത് .
സന്തോഷങ്ങളിൽ കൂടെച്ചേർന്നു ചിരിക്കാനും സങ്കടങ്ങളിൽ ചേർത്തുപിടിച്ച് ആശ്വസിപ്പിക്കാനും വേറെയാർക്കാണു കഴിയുക?എപ്പോഴായാലും അച്ഛൻ്റെയടുക്കൽ വെറുതെ ഒന്നു വന്നിരുന്നാൽ നാമെത്ര സുരക്ഷിതരാണെന്നു തിരിച്ചറിയും. അച്ഛൻ യാത്രയായപ്പോൾ
ആ സുരക്ഷിതത്വബോധവും ആത്മവിശ്വാസവും നഷ്ടപ്പെട്ട മനസ്സ് അനാഥമായതു പോലെ തോന്നി.
“ജീവിതത്തിൽ വായിച്ച ഏറ്റവും നല്ല പുസ്തകം അമ്മയാണെങ്കിൽ അതു വായിക്കാൻ തിരികെടാത്തത്ര വെളിച്ചം പകർന്നു തന്നത് അച്ഛനാണ്” എന്നു പറഞ്ഞു കേട്ടിട്ടുണ്ട്.
അച്ഛൻ പകർന്നു തന്ന ജീവിത മൂല്യങ്ങളും അച്ഛൻ്റെ ഓർമ്മകളും ജീവനുള്ള കാലത്തോളം മനസ്സിൽ അണയാത്ത ദീപമായി തെളിഞ്ഞു നിൽക്കും .
മുന്നോട്ടുള്ള യാത്രയിൽ വീണു പോകാതെ ആ കെടാവിളക്ക് വഴി തെളിക്കട്ടെ .
#എൻ്റെ രചന
#അച്ഛനും ഞാനും

