ജീവിതത്തിൽ ഏറെയൊക്കെ നേടിയെങ്കിലും അയാൾ പരാജിതരുടെ നീണ്ട നിരയിലോ തോറ്റവരുടെ ആൾക്കൂട്ടത്തിലോ അപ്രത്യക്ഷമാവുകയാണ് പതിവ്. എന്തൊകൊണ്ടോ അവിടെ അയാൾ അഭയം കണ്ടെത്തിയിരുന്നു. ഒന്നുകിൽ സമാനമനസ്‌കരുടെ സംഭാഷണങ്ങൾ അയാളെ ആശ്വസിപ്പിക്കുന്നുണ്ടാകാം, അതല്ലെങ്കിൽ നിങ്ങളിൽ ഒരാളാണ് ഞാനും എന്നയാൾ സ്വയം ഉറപ്പിക്കുന്നതും ആകാം.
ഉണ്ടാക്കിയെടുത്ത നേട്ടങ്ങൾ വിജയങ്ങൾ ആണെന്ന് അയാൾക്കൊരിക്കലും തോന്നിയിട്ടില്ല. ചിലതെല്ലാം സംഭവിച്ചുപോയതാണ്. അതിനെ നേട്ടം എന്നുപോലും ചിലപ്പോൾ വിശേഷിപ്പിക്കാൻ കഴിയില്ല എന്നും അയാൾ തിരിച്ചറിഞ്ഞിട്ടുണ്ട്.
ചില നല്ലമനുഷ്യർ, വളരെകുറച്ചുപേർ അടങ്ങുന്ന ഒരു സംഘം, അവരുടെ പ്രേരണകൾ നിർബന്ധങ്ങൾ പിന്നെ അയാൾ സ്വയം സൃഷ്ടിക്കുന്ന ഒരുപാടു അച്ചടക്കങ്ങൾ സമയപരിധി അതിസൂക്ഷ്മതയുള്ള സമയനിഷ്ഠ അവനവനോടുള്ള പ്രതിബദ്ധത ലക്ഷ്യത്തിനായുള്ള പരിപൂർണ്ണ സമർപ്പണം അതൊക്കെക്കൂടി നൽകുന്ന ഒരു പരിസമാപ്തി. ഓരോ യാത്രയുടെ അന്ത്യത്തിലും അയാൾ സ്വയം ചോദിക്കാറുണ്ട്; ഓ, ഈ യാത്ര പൂർത്തിയായോ തനിക്കതിന് കഴിഞ്ഞോ. നടന്നു കയറിയ വഴികളിൽ എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടിട്ടും എത്തിച്ചേർന്നോ എന്നയാൾ സ്വയം ചോദിക്കാറുണ്ട്.
ജീവിതത്തിൽ നടക്കണം എന്ന് കരുതുന്ന ചില കാര്യങ്ങൾ ഉണ്ട്. അതിലേയ്ക്ക് ചിലപ്പോൾ നിയതി കൈപിടിച്ചു കയറ്റുന്നതാകാം. എന്നാൽ നിയതിക്കൊപ്പം നടക്കുമ്പോഴും അവഗണകളുടെ ഒരായിരം വിഴുപ്പുഭാണ്ഡങ്ങൾ നിങ്ങളിലേക്ക് എറിയപ്പെടും, അതിന്റെ രൂക്ഷഗന്ധം നിങ്ങളിൽ അറപ്പുളവാക്കുമെങ്കിലും, അയാൾ അതിനെ നേരിടും. അതാണയാളുടെ രീതി. ആദ്യമൊക്കെ ഒന്ന് പകച്ചുപോകും. ഹോ, തനിക്കിത് തനിയെ താങ്ങാനാകുമോ എന്നൊക്കെ പലതവണ തോന്നും. ഒരു കൈത്താങ്ങിന് അയാൾ ചുറ്റും ആരെയെങ്കിലുമൊക്കെ തിരയും. എന്നത്തെയുംപോലെ ആരുമില്ല എന്ന് തിരിച്ചറിയുമ്പോൾ, അയാളുടെ ശൂന്യതകളിൽ ഒരു ചെറിയ തോന്നൽ വരും, എന്തായാലും ഇത്രയൊക്കെ സംഭവിച്ചു, ആരുംകൂടെവരാനും, സമാശ്വസിപ്പിക്കാനും ഇല്ല. കൂടെ ഉണ്ടാകും എന്ന് കരുതിയവർ പോലും തന്നോടുള്ള യുദ്ധമുഖങ്ങളിൽ ആണ്. തന്റെ ജീവിതം ഒറ്റയ്ക്ക് പൊരുതി നേടിയെടുക്കാനുള്ളതാണ് എന്ന ഒരു ശുഭബോധം അയാളിൽ തെളിയും. അതിലൂടെ മാത്രമാണ് അയാൾ മുന്നോട്ടു സഞ്ചരിച്ചിട്ടുള്ളത്. എന്നാൽ ഇതൊന്നും ജീവിതത്തിന്റെ നേട്ടങ്ങളുടെ പട്ടികയിലേക്ക് ചേർക്കാനുള്ളതല്ല എന്ന് അയാൾക്ക് നല്ല നിശ്ചയവുമുണ്ട്. അതിനാൽ പരാജിതരുടെ ആൾക്കൂട്ടത്തിൽ അയാൾ എന്നും ഒളിച്ചു കഴിയുന്നു.
എന്തിന് വെറും ഭീരുവായി തുടരുന്നു എന്ന് ചോദിച്ചേക്കാം. അതെ, താൻ ഭീരുതന്നെയാണ്, ജീവിതം നേരിടാൻ അറിയാത്ത ഭീരു, അതികൊണ്ടുതന്നെയല്ലെ ഞാൻ നിങ്ങളിൽ നിന്ന് ഒളിക്കുന്നത്. എനിക്കതിനെ കഴിയൂ. തർക്കശാസ്ത്രങ്ങളിൽ തനിക്കത്ര പരിചയംപോരാ എന്നയാൾക്ക് നിശ്ചയമുണ്ട്. തർക്കിച്ചു സ്വയം ന്യായീകരിക്കാൻ അയാൾക്ക് കഴിയാറില്ല. എല്ലാ തർക്കങ്ങളുടെ അവസാനവും എന്തിന് ആ തർക്കങ്ങൾക്കായി തന്റെ ഊർജ്ജം ചിലവഴിച്ചു എന്ന് മാത്രമേ അയാൾക്ക് തോന്നിയിരുന്നുള്ളു. പല തർക്കങ്ങൾക്കൊടുവിലും നാം തളർന്നുപോകുന്നു. ന്യായങ്ങൾ കണ്ടെത്തുക എന്നതിലുപരി അതിൽ ആരൊക്കെയോ തോറ്റുപോകുന്നുമുണ്ട്. അത് രണ്ടു വശവുമാകാം, അതിൽ ഒരു വശത്ത് തനിക്കു പ്രിയപ്പെട്ടവരുമായിരിക്കും. അവരുടെ തോൽവിയോ പരാജയങ്ങളോ അയാൾ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല.
ഒഴിഞ്ഞുമാറിപ്പോകുന്നത് ഒരിക്കലും വിജയിക്കാൻ താത്പര്യമില്ലാത്ത ഒരു മനസ്സ് മാത്രമല്ല, മറ്റുള്ളവർ തളർന്നുപോകരുത് എന്ന് മുൻകൂട്ടി കാണാനുള്ള ഒരു മനസ്സ് കൂടിയായിരിക്കണം. തീർച്ചയായും എപ്പോഴും അയാൾ പരിഹാസകഥാപാത്രമായി അവതരിക്കപ്പെടും. അതൊരു അവമതിപ്പായി അയാൾക്ക് തോന്നാറില്ല.
ജീവിതത്തിൽ പൂച്ചെണ്ടുകളോട് അയാൾക്ക് ഒരു താത്പര്യവുമില്ല. താനില്ലെങ്കിലും ഈ ഭൂമി അതിന്റെ എല്ലാ ഊഷ്മതകളോടെയും മുന്നോട്ടു പോവുകതന്നെ ചെയ്യും.
ജീവിതം പിറകിലോട്ട് വലിക്കുകയാണോ നിങ്ങൾ ചെയ്യുന്നത്? ഒരിക്കലുമല്ല. അയാൾക്കെന്നല്ല മറ്റാർക്കും അത് കഴിയുകയുമില്ല. ഭൂമിയും സമയവും മുന്നോട്ടാണ് കുതിക്കുന്നത്, എല്ലാവരുടെ ജീവിതവും അങ്ങനെത്തന്നെയാണ്. ആർക്കും പിറകിലേയ്ക്ക് നടന്ന് കഴിഞ്ഞുപോയ ജീവിതം തിരുത്തുവാനാകില്ല. ഓർമ്മകളിലൂടെ അതെല്ലാം ഒരു ചലച്ചിത്രമായി കണ്ട് നെടുവീർപ്പിടാം എന്ന് മാത്രം.
അയാൾ ഇങ്ങനെയൊക്കെയാണെന്ന് തുറന്നു സമ്മതിക്കുന്നതിൽ അയാൾക്കൊരു മടിയുമില്ല. ജീവിതത്തിന്റെ അസ്തിത്വങ്ങൾ ഓരോരുത്തരും സ്വയം തിരുത്തിയെഴുതുന്നതാണ്. താൻ ഇതാണ് തന്റെ നേട്ടങ്ങൾ ഇതൊക്കെയാണ് എന്ന് ഘോരഘോരം വിളംബരം ചെയ്യുന്നവരും നമുക്ക് ചുറ്റുമുണ്ട്. കുറേ കഴിയുമ്പോൾ തന്റെ ആ ശബ്ദം ചക്രവാളത്തിൽനിന്നു അശരീരിയായി തന്നിലേക്കുതന്നെ നിരന്തരം പതിക്കുമ്പോൾ നമ്മളറിയാതെ നമ്മുടെതന്നെ ശബ്ദങ്ങളെ നാം വെറുത്തുപോകും. അത്തരം അനുമോദനങ്ങൾ ശരീരത്തിൽ ഇല്ലാത്ത ഭാരം മനസ്സിലൂടെ നാം കുത്തിനിറയ്ക്കുകയായിരിക്കും.
എന്ന് കരുതി നിങ്ങൾ ജീവിതത്തിൽ കണ്ടുത്തുന്ന സന്തോഷങ്ങളോടോ വിജയങ്ങളോടോ നേട്ടങ്ങളോടോ അയാൾക്ക് അസൂയ ആണെന്ന് കരുതരുത്. നിങ്ങളുടെ ഓരോ വിജയവും സന്തോഷവും തന്റേതുകൂടിയാണെന്ന് അയാൾ രഹസ്യമായി ആഘോഷിക്കുന്നുണ്ട്. സ്വന്തമായി നേട്ടങ്ങൾ സൃഷ്ടിക്കാൻ കഴിയാത്തവന് മറ്റുള്ളവരുടെ നേട്ടങ്ങൾ ഗൂഢമായെങ്കിലും ആസ്വദിക്കാൻ കഴിയും. കാരണം തന്റെ ജീവിതത്തിൽ ഇതൊന്നും സംഭവിക്കില്ല എന്നയാൾക്ക് ഉറപ്പാണ്. അയാളത് തുറന്നു സമ്മതിക്കില്ല കാരണം അവർ തന്നെ ഒരു ശത്രൂവായി മാത്രം കണ്ടാൽ മതിയെന്ന് അയാൾ നേരത്തെ മനസ്സിൽ ഉറപ്പിച്ചു കഴിഞ്ഞതാണ്.
ചിലപ്പോൾ നിങ്ങൾ ശത്രുവായി മാറുമ്പോഴായിരിക്കാം നിങ്ങളുടെ എതിരാളികളിൽ കൂടുതൽ വളരണമെന്നും, നിങ്ങളെക്കാൾ ഉയരത്തിൽ പറക്കണമെന്നും തോന്നുക. ഒരർത്ഥത്തിൽ അത് നല്ലതല്ലെ നിങ്ങൾ കാരണം അവർ അവർക്കായി ഒരു പുതിയ ലോകം കണ്ടെത്തിയിരിക്കുന്നു.
ചെറുപ്പകാലത്ത് തന്നെ നിയന്ത്രിക്കുന്ന അച്ഛനോട് നമുക്ക് അക്കാലത്ത് വലിയ വെറുപ്പാണ്. എന്നാൽ ആ ശിക്ഷണങ്ങളിൽ കൂടുതൽ നിയന്ത്രണത്തോടെ വളർന്നു വലുതായ മകൻ ജീവിതത്തിൽ ഒരു വലിയ നിലയിൽ എത്തി തന്റെ ജീവിതം സ്വയം ജീവിക്കാൻ തുടങ്ങുമ്പോൾ അയാൾ തിരിഞ്ഞുനോക്കാൻ തുടങ്ങുന്നു. തന്റെ ആദ്യ ശമ്പളം അച്ഛന് സമർപ്പിച്ചു ആ കാലുകൾ തൊട്ടു വന്ദിക്കുമ്പോൾ, മകനോടൊപ്പം അച്ഛന്റെ കണ്ണുകളും നിറയുന്നു. മനസ്സിൽ അവർ പരസ്പരം മാപ്പപേക്ഷിക്കുകയാണ് – ചെറുപ്പകാലത്ത് നിന്നെ തല്ലി വളർത്തുമ്പോൾ നിന്നെക്കാൾ ഈ അച്ഛനാണ് വേദനിച്ചിരുന്നത്, അച്ഛൻ നൽകിയ ആ ശിക്ഷണങ്ങളാണ് തന്നെ ജീവിതത്തിന്റെ നെറുകയിൽ എത്തിച്ചത്, അന്നെനിക്ക് അച്ഛനോട് തോന്നിയിരുന്ന വെറുപ്പിന് മാപ്പ്.
ജീവിതം പരാജിതരുടെ പറുദീസകളാണ്, അവിടെ വിരിയുന്ന ഗൂഢമന്ദഹാസങ്ങൾ എല്ലാ വേദനകളിലും അവർ സ്വയം ആഘോഷിക്കുന്നവരാണ്.
@കാവല്ലൂർ മുരളീധരൻ

