കഴിഞ്ഞ ജന്മത്തിൽ മാതാപിതാക്കളെ മർദ്ദിച്ച മനുഷ്യരാണത്രേ മത്സ്യങ്ങളായി പുനർജനിക്കുന്നത്. സൗപർണികയിലെ ഓളങ്ങളെയും മീനുകളെയും നോക്കിയിരിക്കുമ്പോൾ പണ്ടെപ്പോഴോ കേട്ട കാര്യം അയാളോർത്തു. മഴക്കാലമാണ്, നിറഞ്ഞൊഴുകുന്ന സൗപർണികയ്ക്കപ്പുറം കാട് നിഗൂഢതകളെ ഉള്ളിലൊളിപ്പിച്ചു നിൽക്കുന്നു. ഇരുട്ട് കാടിറങ്ങി നാടിനെ വിഴുങ്ങാൻ പതുക്കെ വരുന്നുണ്ട്.
“കുറച്ചുദിവസമായി ഇവിടെ കാണുന്നുണ്ടല്ലോ എവിടാ നാട്”
കുളിച്ച് കയറിവന്ന ആൾ കന്നട കലർന്ന മലയാളത്തിൽ രഘുവിനോട് ചോദിച്ചു. രഘു വിളറിയ ഒരു ചിരി ചിരിക്കുക മാത്രം ചെയ്തു അയാൾ രഘുവിനെ നോക്കി പറഞ്ഞു.
“ഞാൻ നാളെ രാവിലെ കുടജാദ്രി വരെ പോകുന്നുണ്ട് വൈകിട്ടേ തിരിച്ചു വരൂ. എന്റെ കൂടെ പോരുന്നെങ്കില്‍ വന്നോളൂ. സർവജ്ഞപീഠം ഇരിക്കുന്ന മലമുകളിലൊക്കെ പോയി അല്പം നേരം ഇരിക്കൂ. ഒരുപക്ഷേ കുറച്ചു മനസ്സമാധാനം കിട്ടും”.
അത്രയും കരുണയോടെ അലിവോടെ ഒരാൾ തന്നോട് സംസാരിക്കുന്നത് ആദ്യമായിട്ടാണെന്ന് രഘുവിന് തോന്നി.
“ഞാനും വരാം” രഘു പറഞ്ഞു
“രാവിലെ 9 മണിക്ക് ഇവിടെ നിന്നാൽ മതി” എന്നും പറഞ്ഞ് അയാൾ പോയി.
രഘു വീണ്ടും സൗപർണികയിലെ ഒഴുക്കിനെ നോക്കിയിരുന്നു. താൻ ചെയ്ത പാവങ്ങൾക്ക് പരിഹാരമായി ഗരുഡൻ തപസ്സ് ചെയ്തു ആത്മശാന്തി നേടിയ സ്ഥലമാണ് സൗപർണ്ണികയുടെ തീരം. ഇന്നിപ്പോൾ ഗരുഡന്റെ ശത്രുക്കളായ പാമ്പുകളുടെ വിഹാരകേന്ദ്രമാണ് ആ കാട്. എത്ര തപസ്സ് ചെയ്താലാവും തന്റെ പാപങ്ങൾക്ക് അറുതിയുണ്ടാവുക?
ഏത് പുണ്യനദിയിൽ പോയി മുങ്ങിയാലും തീരാത്തത്ര പാപങ്ങൾ. ആത്മഹത്യ ചെയ്യാൻ പോലും ധൈര്യമില്ലാതായിരിക്കുന്നു. ഒരു പക്ഷേ താങ്ങാനാവാത്ത പാപഭാരവും പേറി ശാന്തി തേടി അലയാൻ ആയിരിക്കാം തന്റെ വിധി.
പുഴയുടെ ഒഴുക്കിനെതിരെ മഴയ്ക്കൊപ്പം അയാളുടെ ഓർമ്മകൾ പുറകോട്ട് ഒഴുകി. അച്ഛന്റെ എസ്റ്റേറ്റ് ബംഗ്ലാവിലെ ദിവസങ്ങൾ….
അഞ്ചുവയസ് ആകുന്നതിനു മുമ്പ് തന്നെ അമ്മ വീട് വിട്ടു പോകുന്നു. അച്ഛന്റെ ചവിട്ടുകൊണ്ട് പുളയുന്ന അമ്മയുടെ മുഖം അവനോർത്തു. അച്ഛൻ മൂക്കും വായും ചേർത്തമർത്തുമ്പോൾ ശ്വാസം കിട്ടാതെ കൈകാലിട്ടക്കുന്ന അമ്മ..
ഉപദ്രവം സഹിക്കവയ്യാതെയാവും പാവം ഓടിപ്പോയത്……
അമ്മയെ വിളിച്ച് കരഞ്ഞുറങ്ങിയ എത്രയോ രാത്രികൾ…..
എന്നെങ്കിലും തന്നെ കാണാൻ അമ്മ വരും എന്ന് കരുതി കാത്തിരുന്ന ദിനരാത്രങ്ങൾ….
പിന്നെ ഇടയ്ക്കിടയ്ക്ക് ബംഗ്ലാവിലെ അച്ഛന്റെ മുറിയിൽ വന്നു പോകുന്ന സ്ത്രീകൾ ഒരു പതിവ് കാഴ്ചയായി. അവരുടെ കണ്ണിലെ പേടി, പകപ്പ്, നിസ്സഹായാവസ്ഥ…….
അഴിഞ്ഞുലഞ്ഞ വസ്ത്രങ്ങളും മുഖത്തും കഴുത്തിലും ഒക്കെ ചോരപ്പാടുകളും ആയി തിരികെ പോകുന്ന ചിലർ…
ചിലപ്പോഴൊക്കെ അങ്ങനെ ചിലരുടെ മരണവാർത്ത അടുത്തദിവസം കേൾക്കാറുണ്ട്…
എപ്പോഴൊക്കെയോ സ്ത്രീകളുടെ കണ്ണിലെ ആ പേടിയും നിസ്സഹായതയും ഒക്കെ താനും ഇഷ്ടപ്പെടാൻ തുടങ്ങിയിരുന്നു. അച്ഛന്റെ മുറിയുടെ വാതിൽ പലപ്പോഴും അടഞ്ഞിട്ടുണ്ടായിരിക്കില്ല. അവിടെ കണ്ട ഇരയെ കീഴ്പ്പെടുത്തുന്ന വേട്ടക്കാരന്റെ ആനന്ദം എപ്പോഴോ അറിയാതെ ഉള്ളിൽ കടന്നു കൂടി.
പിന്നീട് ഊട്ടിയിലെ സ്കൂളിലേക്കുള്ള പറിച്ചു നടൽ. നീണ്ടകാലത്തെ ഹോസ്റ്റൽ ജീവിതം. പഠനം കഴിഞ്ഞ് അച്ഛനൊപ്പം എസ്റ്റേറ്റിന്റെ ഭരണത്തിലേക്ക് വരുമ്പോൾ ആദ്യം മനസ്സിൽ കയറിയത് വേട്ടക്കാരനിൽ നിന്നും രക്ഷപ്പെടാൻ ഓടുന്ന ഇരയുടെ ദൈന്യതയായിരുന്നു. പിന്നീടെപ്പോഴോ പഴയ വേട്ടക്കാരൻ ചിത്രങ്ങളിൽ നിന്നും തൂത്തെറിയപ്പെട്ടു. വല്യമുതലാളിയെക്കായാലും ക്രൂരനായ വേട്ടക്കാരനായി കൊച്ചുമുതലാളി മാറി. ഇടയ്ക്കെപ്പോഴോ വിവാഹം കഴിഞ്ഞു. വേട്ടക്കാരന് ഭാര്യ എന്നത് മറ്റൊരു ഇര മാത്രമായിരുന്നു. പൂച്ച എലിയെ കൊല്ലുന്നതിന് മുമ്പ് കളിപ്പിക്കുന്നതുപോലെ തട്ടിക്കളിക്കാൻ ഒരു പാവ.
രണ്ട് പെൺകുട്ടികൾ ഉണ്ടായതോ അവർ വളർന്നുവന്നതോ ഒന്നും രഘു ശ്രദ്ധിച്ചിരുന്നില്ല. പക്ഷേ കാലം കണക്ക് ചോദിക്കാൻ കാത്തു നിന്നിരുന്നു. ഏതു പെണ്ണും തനിക്കാസ്വദിക്കാനും കീഴടക്കാനുമുള്ളതാണെന്ന് കരുതിയിരുന്നവന്റെ മുന്നിലേക്ക് തീപ്പന്തം പോലെ ഒരുവൾ കടന്നുവന്നു – അമുദ.
എന്നെപ്പോലെ രണ്ടു പെൺമക്കൾ തനിക്കില്ലേ എന്നു ചോദിച്ചുകൊണ്ടായിരുന്നു അവൾ രഘുവിന്റെ നെഞ്ചിലേക്ക് കത്തി കുത്തിയിറക്കിയത്.
നിങ്ങളെപ്പോലെ ഒരു മനുഷ്യന്റെ വീട്ടിൽ ഞങ്ങളെങ്ങനെ മനസ്സമാധാനത്തോടെ ഉറങ്ങും എന്ന് ചോദിച്ച മകൾക്ക് മറുപടി പറയാൻ അയാൾക്ക് ഉത്തരമുണ്ടായിരുന്നില്ല. ആശുപത്രിയിൽ കിടന്ന ഓരോ നിമിഷവും അയാളെ തന്റെ ചെയ്തികൾ വേട്ടയാടാൻ തുടങ്ങി. കുറ്റബോധത്തിന്റെ തീച്ചൂളയിൽ പുകഞ്ഞ ഒരു രാത്രി എല്ലാമുപേക്ഷിച്ച് അയാൾ വീടുവിട്ടിറങ്ങി…..
ചുമലിൽ വീണ ഒരു തണുത്ത കൈ ഒരു ഞെട്ടലോടെ അയാളെ ഓർമ്മകളിൽ നിന്നും ഉണർത്തി. മഴ പെയ്ത് തോർന്നിരുന്നു. ചുറ്റും നിലാവ് പൊഴിയുന്നുണ്ട്. പുഴയ്ക്കക്കരെ കാട്ടിലെ മരങ്ങളിൽ ആയിരക്കണക്കിന് മിന്നാമിനുങ്ങുകൾ മിന്നിതിളങ്ങുന്നു. അയാൾ മുഖമുയർത്തി തന്റെ ചുമലിൽ പിടിച്ച ആളെ നോക്കി. ഒരു വൃദ്ധ സ്ത്രീ. തന്റെ അമ്മ ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ ഈ പ്രായമുണ്ടായേനെ. ഒരുപക്ഷേ അമ്മ തന്നെയായിരിക്കുമോ? ഇല്ല അമ്മയ്ക്ക് മൂക്കുത്തി ഇല്ലായിരുന്നു ഇവരുടെ മുക്കിൽ ഒരു മൂക്ക് കുത്തി തിളങ്ങുന്നു. അവർ അയാളെ നോക്കി പുഞ്ചിരിച്ചു, തലയിൽ തലോടി. അയാൾ പഴയ നാലു വയസ്സുകാരൻ കുട്ടിയായി അവരുടെ മടിയിൽ തല വെച്ച് കിടന്നു. ജീവിതത്തിൽ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ശാന്തിയും സമാധാനവും ആ നിമിഷത്തിൽ അയാളനുഭവിച്ചു. “അമ്മ വന്നില്ലേ? നീ എന്തിനാണ് വിഷമിക്കുന്നത്? നാളെ നീ എന്റെ അടുത്തേക്ക് പോരൂ”. അവർ പറയുന്നത് പോലെ രഘുവിന് തോന്നി. പതിയെ അയാൾ ഉറക്കത്തിലേക്ക് വഴുതി വീണു അപ്പോഴുമയാൾ അമ്മ അമ്മ എന്ന് ഉരുവിട്ടുകൊണ്ടേയിരുന്നു.
രാവിലെ തലേദിവസത്തെ പരിചയക്കാരൻ വന്നു വിളിക്കുമ്പോഴാണ് രഘു കണ്ണ് തുറന്നത്. കുടജാദ്രി അതിന്റെ എല്ലാ സൗന്ദര്യത്തോടും വന്യതയോടെ കൂടി അവനെ എതിരേറ്റു. മഴ ചാറിക്കൊണ്ടേയിരിക്കുന്നു. മൂടൽമഞ്ഞ് ഇടയ്ക്കൊക്കെ കാഴ്ചകളെ മറച്ചുകൊണ്ട് വന്നുപോകുന്നു. കാലിലേക്ക് അട്ടകൾ നുഴഞ്ഞുകയറുന്നുണ്ടായിരുന്നു. പക്ഷേ രഘു അതൊന്നും അറിഞ്ഞില്ല.
ഒരു സ്വപ്നാടനത്തിലെന്ന പോലെ അയാൾ നടന്നു. കാടിനെ തഴുകിയെത്തിയ കാറ്റും മഴയും അയാളെ നനച്ചുകൊണ്ട് കടന്നുപോയി. സർവ്വജ്ഞപീഠത്തിനടുത്ത് ആളുകൾ കുറവായിരുന്നു.
അയാൾ പുറകിലെ വഴിയിലൂടെ താഴോട്ട് ഇറങ്ങാൻ തുടങ്ങിയപ്പോൾ പുറകിൽ നിന്ന് ഒരാൾ വിളിച്ചു പറഞ്ഞു.
“സൂക്ഷിക്കണം. ഇപ്പോൾ അങ്ങോട്ട് പോകാതിരിക്കുന്നതാവും നല്ലത്.”
മുന്നറിയിപ്പ് തന്നെയാളെ നോക്കി രഘു പുഞ്ചിരിച്ചു. ദുർഘടമായ വഴിത്താരകൾ താണ്ടി അയാൾ ചിത്രമൂലയിലെത്തി. മുകളിൽ സൗപർണികയുടെ ഒഴുക്ക് തുടങ്ങുന്നു. ദ്രവിച്ചു തുടങ്ങിയ പഴയ മരഗോവണി ചവിട്ടി അയാൾ ആ ഗുഹയുടെ വാതിൽക്കലേക്ക് എത്തി. മഴ ശക്തി പ്രാപിച്ചുതുടങ്ങിയിരുന്നു. അയാൾ ആ പാറപ്പുറത്ത് ശിവന്റെയും നന്ദിയുടെയും കാൽചുവട്ടിൽ മഴയിൽ കുളിച്ച് തന്നെ കൂട്ടിക്കൊണ്ട് പോകാൻ വരുന്ന അമ്മയെ കാത്തിരുന്നു……
#കാത്തിരിപ്പ്

