കാത്തിരിപ്പിന്റെ സുഖകരമായ നിമിഷങ്ങൾ ഇവിടെ തുടങ്ങിയിട്ട് കാലങ്ങൾ കുറേ ആയിട്ട് ഉണ്ടാകും. എന്റെ കുട്ടിക്കാലത്ത് ഒഴിവുദിവസം കോളേജ് കഴിഞ്ഞു വീട്ടിലേക്കു വരുന്ന എന്റെ ഇക്കാക്കമാരെ ഞാനും കാത്തിരിക്കുമായിരുന്നു. വീട്ടിലേക്കു വരുമ്പോൾ എനിക്ക് തരാൻ വേണ്ടി കൈ നിറയെ മിട്ടായികളും വായിക്കാൻ കഥ പുസ്തകങ്ങൾ ഒക്കെ കൊണ്ടായിരിക്കും അവർ വീട്ടിൽ വരിക. ആ കാത്തിരിപ്പിന് പ്രത്യേക സുഖം തന്നെ ആയിരുന്നു. വീട്ടിൽ എത്തിയാൽ രണ്ടു ദിവസത്തിൽ കൂടുതൽ ഒന്നും താമസിക്കാൻ ഇക്കാക്കമാർ നിൽക്കില്ല, വേഗം പോകും. എന്തൊക്കെ ആണേലും അവർ പോകുന്നവരെ അവരെ ചുറ്റിപ്പറ്റി ആയിരിക്കും എന്റെ നടപ്പ്. എല്ലാ വിശേഷങ്ങളും പറഞ്ഞു അങ്ങനെ രണ്ടു ദിവസം പെട്ടെന്ന് തീർന്ന് പോകും.
ഞങ്ങളുടെ പഴയ വീട്ടിൽ ആയിരുന്ന സമയത്ത് ഇക്കാക്കമാരുടെ കൂടെ ചാലിയാർ പുഴയിലും പറമ്പിലും ഒക്കെ സമയം കഴിച്ചുകൂട്ടും. പുഴ മീൻ പിടിക്കലും മാങ്ങാ പറിക്കലും ഞങ്ങളുടെ ഇഷ്ട്ട വിനോദങ്ങൾ ആയിരുന്നു. പിന്നീട് കുറച്ചു കാലം കഴിഞ്ഞു എന്റെ സ്കൂൾ പഠനവും അതിന് ശേഷം പ്രീഡിഗ്രി യും ഒക്കെ അത് പോലെ കടന്നു പോയി. അപ്പോഴേക്കും വല്ലിയാക്കയുടെയും ബായി കാക്കയുടെ യും (രണ്ടാമത്തെ ഇക്കാക്ക) ഒക്കെ കല്യാണം കഴിഞ്ഞിരുന്നു. അത് വരെ വീട്ടിൽ എന്റെ ഉമ്മയും ഉപ്പയും അല്ലാതെ വിശേഷങ്ങൾ പറയാൻ ആരും ഉണ്ടായിരുന്നില്ല. ഇത്താത്തമാർ വന്നു കഴിഞ്ഞതിൽ പിന്നെ അവർ വരുന്നതും പ്രതീക്ഷിച്ചു ആയി എന്റെ കാത്തിരിപ്പ്.
പിന്നെ കാലം എന്നെ വീട്ടിൽ നിന്നും ദൂരെ പെരിന്തൽമണ്ണയ്ക്കു അടുത്തുള്ള തിരൂർകാട് ഹോസ്റ്റലിലേക്ക് ബിരുദ പഠനത്തിനു വേണ്ടി പറിച്ചു നട്ടു. മാസത്തിൽ ഒരിക്കൽ മാത്രമേ വീട്ടിലേക്കു പോകാൻ അന്ന് അനുവാദം ഉണ്ടായിരുന്നുള്ളൂ. ഓരോ മാസം തുടങ്ങുമ്പോഴും ഞങ്ങൾ കൂട്ടുകാരികൾ വീട്ടിൽ പോകാൻ ഉള്ള ദിവസം എണ്ണിക്കൊണ്ട് ഇരിക്കും. കാത്ത് നിന്ന് ആ ദിവസം വന്നെത്തിയാൽ ഉള്ള സന്തോഷത്തിനു ഒരു കയ്യും കണക്കും ഒന്നും ഉണ്ടാകില്ല. കോളേജിലെ അവസാനത്തെ പീരിയഡ് എല്ലാരുടെയും കണ്ണ് ജനൽവാതിലിന്റെ പുറത്ത് ഉള്ള മൺപാതയിലേക്ക് ആയിരിക്കും. അതിലൂടെ ആണ് ഞങ്ങളെ ഓരോരുത്തരെയും കൊണ്ട് പോകാൻ വേണ്ടി വീട്ടിൽ നിന്നും ഉള്ളവർ ബസ് ഇറങ്ങി നടന്നു വരുക. ആ സമയം എല്ലാവരും ക്ലാസ്സിൽ ഒരു വിധം ഇരുന്നെന്ന് വരുത്തി തീർക്കും. വല്ലാത്ത ഒരു മാനസികാവസ്ഥയിൽ ആകും എല്ലാ കൂട്ടുകാരികളും ഉണ്ടാവുക.
മൂന്ന് വർഷവും അങ്ങനെ ചട പടെന്നു പടി കടന്ന് പോയി. പിന്നെ കുടുംബ ജീവിതത്തിലേക്കു കടന്നു. പലയിടങ്ങളിലേക്ക് സ്ഥലവും താമസവും മുറ പ്രകാരം മാറിക്കൊണ്ട് ഇരുന്നു. ചുരുക്കി പറഞ്ഞാൽ കാത്തിരിപ്പിനുള്ള കുറേ കാരണങ്ങൾ ഇങ്ങനെ ഉണ്ടായി. കാലവും സന്ദർഭവും മാറിവന്നു എന്ന് മാത്രം.ശേഷം മക്കൾ വലുതായി സ്കൂളിൽ പോകാൻ ഒക്കെ തുടങ്ങിയപ്പോൾ, അവരെ പോലെ ഞാനും സ്കൂൾ അവധിക്കാലം നോക്കിയിരിക്കും. എങ്കിലല്ലേ നാട്ടിൽ പോകാൻ പറ്റൂ. ഞങ്ങളുടെ വരവും കാത്ത് ഉമ്മ നോക്കെത്താ ദൂരത്ത് കണ്ണും നട്ട് ഇരിക്കും. അത് പോലെ വല്ല്യക്കയും കുടുംബവും നാട് വിട്ടു ആസ്‌ട്രേലിയയിൽ സെറ്റിൽ ആയിട്ട് ഉണ്ടായിരുന്നു. അവരുടെ നാട്ടിലേക്കുള്ള വരവും വർഷത്തിൽ ഒരിക്കൽ ആയി. അവരുടെ വരവും ഞങ്ങൾക്ക് ഉത്സവം തന്നെ ആയിരുന്നു. അതിന്റെ ഇടയിൽ പിറന്ന വീടും നാടും ഒക്കെ വിട്ടു ഞങ്ങളും കുടുംബ സമേതം പ്രവാസ ലോകത്തേക്കു ചുവടു വെച്ചു. ഇപ്പോൾ ഞങ്ങളുടെ വരവും കാത്ത് വീട്ടുകാരും, വീട്ടുകാരെ കാണാൻ ഉള്ള പ്രതീക്ഷയിൽ ഞങ്ങളും കാത്തിരിക്കുന്നു. എത്രയും പെട്ടന്ന് നാട്ടിൽ പോകാനും തിരിച്ചു വരാനും പറ്റണേ എന്ന പ്രാർത്ഥനയോടെ തല്ക്കാലം ഇവിടെ നിർത്തുന്നു.
സയറ ഫാത്തിമ
#എന്റെരചന
#കാത്തിരിപ്പ്

