ഉറക്കം വരാതെ ഗീത പുറത്തേക്കു നോക്കി കിടന്നു. ജനലിനിടയിലൂടെയുള്ള വെളിച്ചത്തിൽ മാവിൻ ഇലകൾ ആടുന്നത് അവൾക്കു കാണാമായിരുന്നു. മഴയുടെ ആരവം കൂടി കൂടി വരുന്നു. ഈയിടെയായി ഉറക്കം കിട്ടാൻ പാടാണ്.. ഓരോന്ന് ആലോചിച്ചു കൊണ്ട് അവൾ ഉറക്കത്തെയും കാത്തു കാത്തു കിടന്നു.
സ്നേഹിച്ചു മതി വരും മുമ്പേ ഗോപുവിനെ ദൈവം തിരിച്ചു വിളിച്ചു. മിനുമോൾക്കന്നു അഞ്ചു വയസ്സ്. ആക്‌സിഡന്റിൽ പെട്ടു ചേട്ടൻ മരിക്കുമ്പോൾ തനിക്കു 28 വയസ്സ്. പെട്ടന്നുള്ള ആഘാതം തന്നെ വല്ലാതെ തളർത്തി. പക്ഷെ അച്ഛനും അമ്മയും കൂടെ നിന്നു. ഒരു കൊല്ലത്തോളം തറവാട് വീട് പൂട്ടിയിട്ടു തന്നോടൊപ്പം നിന്നു. ചേട്ടന്റെ ജോലി തനിക്കു ലോവർ ലെവലിൽ കിട്ടിയത് കൊണ്ട് ഒരു ജോലിയായി. പിന്നിടങ്ങോട്ടു ഒരു പടവെട്ടൽ ആയിരുന്നു. സഹോദരങ്ങൾ അവരുടെ ജീവിതം കരുപിടിപ്പിക്കുന്നതിന്റെ തിരക്കിലായിരുന്നു. ഒന്നും മുന്നിലുണ്ടായിരുന്നില്ല. കുഞ്ഞിന് ഒരു കുറവും വരാൻ പാടില്ല. അത്യാവശ്യം കുറച്ചു ശമ്പളമുണ്ട്. അത് പിടിച്ചു പിടിച്ചേ ചിലവ് ചെയ്യാറുള്ളു.. താല്പര്യമില്ലാത്ത പ്രേമ വിവാഹം ആയിരുന്നത് കൊണ്ട് ഗോപുവിന്റെ അച്ഛനും അമ്മയും ഗോപു പോയതോടെ ബന്ധം മുറിച്ചു. അത് പുതുക്കാനായി തങ്ങളും പോയിട്ടില്ല. മിനുവിന്റെ കല്യാണം അറിയാക്കാനായി മാത്രം അവിടെ പോയിരുന്നു.
മിനു മിടുക്കിയായിരുന്നു. സ്കൂളിലും കോളേജിലും അറിയപ്പെടുന്ന ഒരു നർത്തകി പ്രാസംഗിക എന്ന് നിലയിൽ അവൾ തിളങ്ങി. അവളുടെ ലോകം താ നായിരുന്നു. ക്ലാസ്സ് കഴിഞ്ഞു എത്തിയാൽ ഒരു മണിക്കൂർ തന്നോടൊപ്പം ഇരുന്ന് വിശേഷങ്ങൾ പറയും. JEEE exam കഴിഞ്ഞ് അവൾക്ക് കമ്പ്യൂട്ടർ സയൻസിന് ട്രിച്ചിയിൽകിട്ടി. അവിടെ ചെന്നിട്ടും എല്ലാ ദിവസവും വിളിക്കും കോളേജിലെ വിശേഷങ്ങൾ പറയും. നാട്ടിലെ കാര്യങ്ങൾ എല്ലാം ചോദിച്ചറിയും.
അവിടെ പഠിക്കുന്ന കാലത്താണ് ഹിമാചൽ പ്രദേശ്കാരനായ രോഹിത്തുമായി ഇഷ്ടത്തിലാകുന്നത്. അത് മാത്രം തന്നെ അറിയിച്ചില്ല.. അവൾ തനിക്കു എന്നും മിനുക്കുട്ടി ആയിരുന്നു. താനും അപ്പൂപ്പനും അമ്മുമ്മയും മാത്രം അടങ്ങിയ ലോകത്ത് നിന്നാണ് അവൾ കോളേജിലെത്തിയത്. പഠിത്തമൊന്നും ഉഴപ്പിയില്ല. നല്ല മാർക്കോട് കൂടി തന്നെ അവൾ പാസ്സ് ആയി. ഡൽഹിയിൽ ഒരു MNC കമ്പനിയിൽ ജോലിയായി അവൾ പോയപ്പോളാണ് മോൾ പതിയെ തന്നിൽ നിന്നു അകലുന്നുണ്ടോ എന്ന് തോന്നി തുടങ്ങിയത്. താനിത് പറയുമ്പോൾ അവൾ ചിരിക്കും. സില്ലി അമ്മ എന്ന് പറഞ്ഞു.
ഒരിക്കൽ അവൾ രോഹിത്തിന്റെ ഫോട്ടോ അയച്ചു തന്നു. തനിക്കു തണലായി അവൾ കേരളക്കരയിൽ എവിടെയെങ്കിലും ഉണ്ടാകും എന്ന ഒരു മോഹം മനസ്സിലുണ്ടായിരുന്നു. അന്യ സംസ്ഥാനക്കാരനുമായുള്ള വിവാഹം പേടിയായിരുന്നു. പക്ഷെ അവൾ തന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു. ആരും എതിർക്കാൻ പോയില്ല. അവരുടെ ജീവിതം താനായിട്ട് ഒരിക്കലും തകർക്കില്ല എന്ന് മോൾക്കും അറിയാമായിരുന്നു. ചെറിയ രീതിയിൽ ഗുരുവായൂരിൽ താലി കെട്ടു നടത്തി. രോഹിത്തിന്റ മാതാപിതാക്കളും പങ്കെടുത്തു. അച്ഛന്റെ വിയോഗത്തിന് ശേഷം സഹോദരങ്ങളും ആയി കൂടുതൽ അടുത്തു. വിവാഹത്തിന് തന്റെ കൂടെ അമ്മയും സഹോദരങ്ങളും ഉണ്ടായിരുന്നു.
കല്യാണം കഴിഞ്ഞു രണ്ട് പേരും ഡൽഹിയിൽ താമസമായി. രണ്ട് കൊല്ലം കഴിഞ്ഞപ്പോൾ രണ്ട് പേരും കാനഡയിലേക്ക് താമസം മാറി. അതും തനിക്കു ഒരു ഷോക്കായിരുന്നു. പൊന്നു മോൾ രാജ്യം വിട്ടു മറ്റൊരു നാട്ടിലേക്കു പോയപ്പോൾ വല്ലാത്ത ശൂന്യത ആയിരുന്നു മനസ്സിൽ. ഒരു സൂചന പോലും മോള് തന്നില്ല.
അവിടത്തെ PR കിട്ടിയതിനു ശേഷം രണ്ടാളും തിരികെ ഡൽഹിയിലേക്ക് വന്നു. വന്നതിനു ഒരു കാരണം ഉണ്ടായിരുന്നു. കുഞ്ഞുങ്ങൾ ഉണ്ടാകാനായി നീണ്ട മെഡിക്കൽ പരിശോധനക്കിടയിൽ ഒരു കാര്യം അവർക്കു മനസ്സിലായിരുന്നു. അവളുടെ ഗർഭപാത്രത്തിൽ ഒരു കുഞ്ഞ് വളരില്ലായെന്ന്. അത് അറിഞ്ഞ നിമിഷം തൊട്ട് അവളുടെ മുഖം മ്ലാനമായിരുന്നു. അവൾ ആകെ തകർന്നു പോയി. അങ്ങിനെയാണ് നാട്ടിലേക്കു വന്നത്. പിന്നീട് അവർ ഡൽഹിയിലേക്ക് പോയി. താനും അവരോടൊപ്പം പോയി. അവളുടെ ഒരു കൂട്ടുകാരി ഡോക്ടർ ആണ് വാടകക്കൊരു ഗർഭപാത്രം എടുക്കാം എന്ന് ആശയം മുന്നോട്ട് വെച്ചത്.
ഒരു കുഞ്ഞിക്കാല് കാണാനുള്ള അവളുടെ അതിയായ ആഗ്രഹം കണ്ട ഏതോ ഒരു നിമിഷത്തിൽ പറഞ്ഞു പോയതാണ്, നിന്നെ താങ്ങിയ അതേ ഗർഭപാത്രത്തിൽ തന്നെ നിങ്ങളുടെ ഭ്രുണത്തെയും ഞാൻ വഹിക്കാം എന്ന്. അന്നവൾ എന്നെ കെട്ടിപിടിച്ചു ഒരുപാട് കരഞ്ഞു. തിരികെ പോയി അവളുടെ കൂട്ടുകാരിയോട് കാര്യം പറഞ്ഞപ്പോൾ അവർ തന്നെ മെഡിക്കൽ പരിശോധനക്ക് വിധേയമാക്കാം, ആരോഗ്യപരമായ പ്രശ്നങ്ങൾ ഇല്ലെങ്കിൽ ഇതു ആലോചിക്കാം എന്ന് പറഞ്ഞു. അമ്മയോടും ഏറ്റവും അടുപ്പമുള്ള സഹോദരിയോടും മാത്രം ഈ കാര്യം പറഞ്ഞുള്ളു.. വെറുതെ ഈ വയസ്സ് കാലത്തു ഇതിനു നിൽക്കരുത് എന്ന് പറഞ്ഞു രണ്ട് പേരും വിലക്കി. തനിക്കു 50 വയസ്സാണ് അപ്പോൾ. പക്ഷെ മകളുടെ കണ്ണീരിൽ അലിഞ്ഞു പോയി. ആരോഗ്യ പ്രശ്നം പറഞ്ഞു രണ്ട് കൊല്ലത്തേക്ക് ലീവും എടുത്തു. കുറെ നാളുകളായി അറിയുന്ന ജീവനക്കാരിയായത് കൊണ്ട് മാത്രം ലീവ് അനുവദിച്ചു. വേണമെങ്കിൽ ജോലി ഇതിനു ശേഷം മതിയാക്കാം എന്നും മനസ്സിലോർത്തു.
നാട്ടിൽ നിൽക്കുന്നത് ശരിയാവില്ല. അത് കൊണ്ടവൾ മോളോടൊപ്പം ഷിംലയിൽ ഉള്ള അവളുടെ കൂട്ടുകാരിയുടെ ആശുപത്രിയിലേക്ക് പോയി. മലഞ്ചേരിവിൽ ഉള്ള ആ ചുറ്റുപാട് വളരെ മനോഹരമായിരുന്നു. ഒരു ജനുവരിയിൽ ആണ് അവിടെ എത്തിപ്പെട്ടത്. പൈൻ കാടുകളുടെയിടയിൽ ഒരു ആശുപത്രി. അങ്ങോട്ടേക്കുള്ള യാത്ര തന്നെ ബുദ്ധിമുട്ടായിരുന്നു. എത്തി കഴിഞ്ഞാൽ അവിടം വിട്ടു പോരാൻ തോന്നില്ല. പൂക്കളാൽ നിബിഡം ആയിരുന്ന സ്ഥലം. തണുപ്പാണ് സഹിക്കാൻ പറ്റാത്തത്. പക്ഷെ ഉള്ളിൽ നല്ല സൗകര്യം ഉണ്ടായിരുന്നു. റൂം ഹീട്ടറുകൾ ഉണ്ടായിരുന്നു.
IVF ട്രീറ്റ്മെന്റിലൂടെ മോളുടെയും രോഹിത്തിന്റെയും ബീജങ്ങൾ യോജിപ്പിച്ചുള്ള ഭ്രൂണം തന്റെ ഗർഭപാത്രത്തിൽ വിജയകരമായി നിക്ഷേപിച്ചു. മോളോടൊപ്പം രോഹിത്തും ഹോസ്പിറ്റലിൽ ഉണ്ടായിരുന്നു. ഒരു മകനില്ലാത്ത വിഷമം അവന്റെ സ്നേഹം കണ്ട് മാറി കിട്ടി. രോഹിത് പിന്നീട് ഡൽഹിയിലേക്ക് തിരിച്ചു പോയി. മോള് കുറച്ചു ലീവെടുത്തു പിന്നെ വർക്ക് ഫ്രം ഹോം എന്ന സിസ്റ്റവും സ്വീകരിച്ചു. കമ്പ്യൂട്ടർ മേഖല ആയതു വളരെ സഹായകരമായി.
ഓരോ മാസവും അവൾ തന്നെ അരുമയോടെ നോക്കി. അവളെ ഞാൻ കുഞ്ഞിൽ എങ്ങിനെ നോക്കിയോ അതിന്റെ പത്തു മടങ്ങിലവൾ ഒൻപതു മാസം കണ്ണിലെണ്ണയൊഴിച്ചു കാത്തിരുന്നു അവളുടെ കണ്മണിക്കായി. എന്നെക്കാൾ കൂടുതൽ വേദന അവൾ വഹിച്ചു. എന്റെ ആഹാരകാര്യത്തിൽ ആരോഗ്യത്തിൽ എല്ലാം അവളുടെ കണ്ണുണ്ടായിരുന്നു. പുറത്തുള്ള കുഞ്ഞും അകത്തുള്ള കുഞ്ഞും എന്നെ ചുറ്റിയിരുന്നു. നല്ല പാട്ടുകൾ, അന്തരീക്ഷം, മോളുടെ സ്നേഹം, ഡോക്ടർമാരുടെ പരിചരണം, ആവശ്യത്തിനുള്ള വ്യായാമം എല്ലാം എന്നെ വല്ലാതെ സന്തോഷിപ്പിച്ചു. പക്ഷെ അതെല്ലാം കുറച്ചു നാളത്തേക്ക് മാത്രം ഉണ്ടാവുകയുള്ളൂ എന്ന് അന്ന് എനിക്ക് മനസ്സിലായില്ല.. കുഞ്ഞിന്റെ സ്കാനിങ് ദിവസമാണ് അവളുടെ സന്തോഷം കണ്ടത്.. ആദ്യമായി കുഞ്ഞിന്റെ നെഞ്ചിടിപ്പ് കേട്ടപ്പോളും ഭ്രൂണത്തിന്റെ വളർച്ച കാണുമ്പോളും തനിക്കു വലുത് പുറത്തുള്ള കുഞ്ഞിന്റെ സന്തോഷമായിരുന്നു. വയറ്റിൽ വളരുന്നത് പെൺകുഞ്ഞാണ് എന്ന് മനസ്സിലാക്കിയപ്പോൾ അവൾ വല്ലാതെ സന്തോഷിച്ചു. രോഹിത്തും ആ സമയങ്ങളിൽ കൂടെ തന്നെയുണ്ടായിരുന്നു.
ഇതിനിടയിൽ ലീഗലായി ഈ ഗർഭധാരണത്തിൽ ഉണ്ടാകുന്ന കുഞ്ഞിന്റെ മേൽ അവർക്കുള്ള അവകാശവും കുഞ്ഞിനെ എടുത്തു വളർത്താനുള്ള പേപ്പറുകളും എല്ലാം തന്റെ കയ്യിൽ നിന്നു ഒപ്പിട്ടു വാങ്ങിച്ചിരുന്നു. താൻ വെറും ഒരു ഗർഭം വഹിക്കുന്ന ആളാണെന്നുള്ള പേപ്പറുകൾ വായിച്ചു പോലും നോക്കിയില്ല. അവസാന നാളുകളിൽ കുഞ്ഞിന്റെ അനക്കം തുടങ്ങിയപ്പോൾ ആണ് എന്റെ വയറ്റിൽ ഒരാൾ ജന്മം പൂണ്ടിട്ടുള്ളത് എന്നതു പോലും തോന്നി തുടങ്ങിയത്. അതിന്റെ സന്തോഷം അവൾ പുറത്തു കാണിച്ചില്ല. കാരണം കുഞ്ഞിന്റെ ഉടമസ്ഥാവകാശം അവർക്കുള്ളതാണെന്നു അറിയാം.
പ്രസവ സമയത്ത് അവൾ തന്നോടൊപ്പം മുറിയിൽ കൂടെയുണ്ടായിരുന്നു. രോഹിത്ത് പുറത്തു കാത്തു നിന്നിരുന്നു. തന്നെ തലോടിയും സമാധാനിപ്പിച്ചും ഒരമ്മയെ പോലെ കൂടെ നിന്നു. കുഞ്ഞു പുറത്തു വന്ന നിമിഷം അവളെ മോൾടെ കയ്യിൽ കൊടുത്തു. കുഞ്ഞിനെ വാരി പുണർന്നു അവൾ കുറച്ചു നേരം നിന്നു. പിന്നീടാണ് തന്നെ കാണിച്ചത്. നോർമലായുയുള്ള ഒരു പ്രസവം ആയിരുന്നു. അവിടെ ഒരു പത്തു ദിവസത്തോളം കിടന്നു. കുഞ്ഞിനെ പ്രസവിച്ചു കയ്യിൽ കിട്ടിയപ്പോഴേക്കും അവൾ ആകെ മാറിയിരുന്നു.. കുഞ്ഞിനെ തന്നെ ഒന്ന് കാണിക്കാൻ പോലും മടിയായി. കുഞ്ഞിന് പാൽ കൊടുക്കാൻ പോലും അവൾ സമ്മതിച്ചില്ല. ആദ്യത്തെ ദിവസം തൊട്ടു പാൽ പമ്പ് ചെയ്യിപ്പിച്ചു കുപ്പിയിലാക്കി. ഇതൊന്നും കണ്ട് വശമില്ലാത്ത താൻ കുഞ്ഞിന് പാൽ കൊടുക്കണം എന്ന് പറഞ്ഞപ്പോൾ അമ്മ റസ്റ്റ് എടുത്തോളൂ. കുഞ്ഞുങ്ങൾക്കെല്ലാം ഇപ്പോളായിട്ട് പാൽ കൊടുക്കുന്നത് ഈ രീതിയിലാണ് എന്നവളും വാശി പിടിച്ചു. പക്ഷെ ഡോക്ടറുടെ നിർദ്ദേശ പ്രകാരം മൂന്നു പ്രാവശ്യമെങ്കിലും താൻ ബ്രെസ്റ്റ് ഫീഡ് നടത്തി. കുഞ്ഞു വാവയെ മാറോടണക്കുമ്പോൾ വല്ലാത്ത ഒരു വികാരമായിരുന്നു. താൻ വയറ്റിലിട്ട കുഞ്ഞല്ലേ. ആ കുഞ്ഞി കയ്യിലും നെറ്റിയിലും ആവോളം മുത്തി. പ്രസവത്തിന്റെ ക്ഷീണവും വല്ലാതെയുണ്ടായിരുന്നു. മിനുവിനെ പ്രസവിക്കുന്ന സമയത്തു ചെറുപ്പമല്ലേ. ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല..
പത്തു ദിവസം കഴിഞ്ഞപ്പോൾ തിരിച്ചു ഡൽഹിയിലേക്ക് യാത്രയായി. അവരുടെ വീട്ടിലെത്തി ഒരാഴ്ച കഴിഞ്ഞപ്പോളേക്കും അവൾ തനിക്കു നാട്ടിലേക്കു ടിക്കറ്റ് ബുക്ക് ചെയ്തു. കുഞ്ഞിന് ഒരു മാസം പോലും ആയിട്ടില്ല. അത് പക്ഷെ താൻ സമ്മതിച്ചില്ല. ആറു മാസം എങ്കിലും കുഞ്ഞിന് മുലപാൽ കൊടുക്കണം എന്ന് തീർത്തു പറഞ്ഞു. ഈ പ്രായത്തിലും മുലപ്പാൽ നന്നായി ഉണ്ടായിരുന്നു. എങ്ങിനെയൊക്കെയോ അവിടെ ആറു മാസം കഴിഞ്ഞു കൂടി. ഒന്നും ഓർക്കാൻ പോലും കൂടി വയ്യാ. മിനു നിർബന്ധപൂർവ്വം കമ്പനിയിൽ നിന്നു ആറു മാസം ലീവെടുത്തു. താനും അവളും അപരിചിതരെ പോലെ രണ്ട് മുറിയിൽ താമസിച്ചു. കുഞ്ഞിന് പാൽ കൊടുക്കാൻ മാത്രം കയ്യിൽ തരും. പിന്നെ അവളും കുഞ്ഞും അടങ്ങിയ ഒരു ലോകം അതായിരുന്നു. കുഞ്ഞിന്റെ എല്ലാ കാര്യങ്ങളും അവൾ അമ്മയെ പോലെ തന്നെ ചെയ്തു.
രോഹിത്തിനായിരുന്നു ഏറെ സങ്കടം. അവൾ ഒരു ഡിപ്രെഷൻ മൂഡിലാണ് അത് കൊണ്ട് അമ്മ ഇത് എങ്ങിനെയെങ്കിലും സഹിക്കണം എന്നവൻ കരഞ്ഞു പറഞ്ഞു. അവളുടെ മാനസികാവസ്ഥ മനസ്സിലാക്കിയത് കൊണ്ട് ക്ഷമയോടെ താൻ എല്ലാം സഹിച്ചു. താൻ പുറത്തു പോകുന്നതിനോ തന്റെ ഇഷ്ടങ്ങൾ അറിഞ്ഞു സാധനങ്ങൾ വാങ്ങി തരുന്നതിനൊന്നും അവൾ ഒരു കുറവും വരുത്തിയില്ല. തന്നെ ഏറ്റവും നന്നായി അറിയുന്നത് അവൾക്കല്ലേ. കുറച്ചു നാൾ കഴിഞ്ഞപ്പോൾ അവിടത്തെ അന്തരീക്ഷം വീർപ്പു മുട്ടി തുടങ്ങി.
ഇനി അവിടെ നിന്നാൽ ചിലപ്പോൾ മിനുവിനെയും തനിക്കു നഷ്ടമാകും എന്നവൾക്ക് തോന്നി തുടങ്ങി. തിരിച്ചു നാട്ടിലേക്കു അവൾ ഫ്ലൈറ്റ് കയറി. പോകുമ്പോൾ ഇനി കുഞ്ഞിനെ കാണാനായി അമ്മ വീട്ടിലേക്കു വരരുതെന്നു തീർത്തു പറഞ്ഞു. താൻ പ്രസവിച്ച രണ്ട് കുഞ്ഞുങ്ങളെയും ഒരു പോലെ നഷ്ടപ്പെട്ട അവൾ താൻ എന്തിനി ഗർഭം പേറിയെന്നു ആലോചിച്ചു വിലപിച്ചു.
ഇതിനിടയിൽ ഗീതയുടെ അമ്മ മരിച്ചു. വീണ്ടും അവൾ ഒറ്റക്കായി. തിരികെ ജോലിയിൽ പ്രവേശിക്കാനുള്ള ആരോഗ്യവും മനസ്സും നഷ്ടമായി. ഒരു കൊല്ലം കഴിഞ്ഞപ്പോളേക്കും മിനുവും രോഹിത്തും കുഞ്ഞുമായി തിരിച്ചു കാനഡയിലേക്ക്
പോയി. എല്ലാ മാസവും കൃത്യമായി അമ്മക്കവൾ ഒരു നല്ല തുക ബാങ്കിലേക്ക് അയക്കും. പൈസ അയക്കേണ്ട എന്ന് പറഞ്ഞാലും അതിനൊരു മുടക്കവും അവൾ വരുത്തിയില്ല.. ആഴ്ചയിലൊരിക്കൽ അവൾ വിളിക്കും. കുറെ സംസാരിക്കും മിയ മോളെ കുറിച്ച് വായ തോരാതെ സംസാരിക്കും. പക്ഷെ കുഞ്ഞിനെ കാണിച്ചു തരില്ല. താൻ എന്നൊരു വ്യക്തിയുണ്ടെന്നു ആ കുഞ്ഞു മോൾക്കറിയുമോ ആവോ. താൻ ഈ കൊല്ലം അമ്മയെ കാണാൻ വരും എന്ന് അവൾ ഇടക്കിടക്ക് പറയാറുണ്ട് എങ്കിലും അവൾക്കു അത് അത്ര വിശ്വാസം വന്നില്ല.
മോൾക്ക് വേണ്ടിയാണ് താൻ ജീവിച്ചത്. തനിക്ക് തണലായി എന്നും അവളുണ്ടാകുമെന്നു കരുതിയത് തെറ്റായി പോയി. അമ്മ അമ്മ എന്ന് വിളിച്ച് നടന്നവൾ ഇന്ന് തന്നെ കാണാൻ പോലും വരുന്നില്ല. മിയ മോൾക്ക് ഇപ്പോൾ അഞ്ചു വയസ്സായി കാണും. സാരമില്ല എന്നെങ്കിലും തന്നെ കാണാൻ വരുമെന്ന പ്രതീക്ഷയോടെ ക്ഷമയോടെ അവൾ കാത്തിരുന്നു അവളുടെ മക്കളെ.

