ട്രെയിനിന്റെ വിൻഡോ സീറ്റിൽ പുറത്തേക്ക് നോക്കി കാർത്തിക ഇരുന്നു. മുന്നോട്ടുള്ള യാത്രയിൽ കാഴ്ചകൾ പുറകിലേക്ക് പോകും പോലെയാണ് ഓർമ്മകളും. മനസ്സ് ആകെ അസ്വസ്ഥമാണ്. കഴിഞ്ഞ കാലങ്ങൾ ഓരോന്നായി മനസ്സിലേക്ക് ഇരച്ച് കയറുന്നു. കുറ്റബോധത്തിന്റെ കൂർത്തമുനകൾ കൊണ്ട് ഉള്ളം കീറി ചോര പൊടിഞ്ഞു വരുന്നുണ്ട്.
അമ്മയേയും തന്നേയും ഒറ്റയ്ക്കാക്കി അച്ഛൻ നാട് വിട്ട് പോയതിന് കാരണം താനാണെന്ന തിരിച്ചറിവ് വരുമ്പോഴേക്കും കാലമേറെ കടന്ന് പോയി. ആ തിരിച്ചറിവ് തനിക്ക് ഉണ്ടാവാൻ അച്ഛൻ ഇഷ്ടഗാനങ്ങൾ എഴുതി വയ്ക്കാറുള്ള പഴയ നോട്ടുപുസ്തകം വേണ്ടി വന്നു. പാട്ടുകൾക്കിടക്ക് ചിലയിടങ്ങളിൽ സ്വന്തം മനസ്സും അവ്യക്തമായി അച്ഛൻ കോറിയിട്ടിരുന്നു. ആ അവ്യക്തത ഒരു പക്ഷേ തനിക്ക് മാത്രം ആയിരുന്നിരിക്കാം, കാരണം അനാവശ്യമായ അഹന്തയും ആഭിജാത്യവും കൊണ്ട് അന്ധയായിരുന്നു അന്നത്തെ കാർത്തിക. ഇടയ്ക്ക് താളം തെറ്റാറുള്ള അച്ഛന്റെ മനസ്സിന്റെ ജല്പനങ്ങൾ ആയിട്ടേ തനിക്ക് അന്നതിനെയെല്ലാം കാണാനായുള്ളൂ. ഇപ്പോൾ മാത്രമാണ് അത് ഉൾക്കൊള്ളാനുള്ള പക്വതയിൽ താൻ എത്തിയുള്ളൂ എന്ന് പറയുന്നതാവും ശരി.
അടുക്കിപ്പെറുക്കലിനിടെ ആ പുസ്തകം കൈയിൽ തടഞ്ഞപ്പോൾ ആണ് ആ വരികൾ ശരിക്കും ശ്രദ്ധയിൽ പെട്ടത്. തന്നിലെ അന്ധത നീങ്ങിയപ്പോഴാണ് അതിന് വ്യക്തത വന്നത്.
“സിരകൾ ഇനിയും വലിഞ്ഞു മുറുകും. നീണ്ട് വലിഞ്ഞ് പൊട്ടിപ്പോകും. മനസ്സിന്റെ തന്ത്രികൾ തുടർന്നും പാഴ്ശ്രുതി മീട്ടും.ജനിപ്പിച്ചവൻ ശാപമാകും ജന്മശത്രുവാകും. അസഹ്യമായ വേദന ബാക്കിയാകും. നാട് കടത്തും മുമ്പേ കാട് കയറണം..മകളേ..മാപ്പ്. കാർത്തിക ദീപമേ.. തെളിഞ്ഞ് കത്തുക. കെടാവിളക്കാവുക, അമ്മക്ക് നീ പ്രകാശമാകുക..”
അന്നുമുതൽ നീറുകയാണ് മനസ്സ്. അച്ഛന്റെ വിരക്തിയുടെയും നാട് വിടലിന്റെയും കാരണം അറിയാതെ കുഴങ്ങിയ നാളുകളിലെല്ലാം ഒരു തിരിച്ച് വരവ് കാത്തിരുന്നിരുന്നു. പല രീതിയിലുള്ള അന്വേഷണങ്ങൾ! കാത്തിരിപ്പിന്റെ പ്രതീക്ഷകളും അക്ഷമകളും പ്രാർത്ഥനകളും വിഷമങ്ങളും. അമ്മയും താനും ഏറെ വ്യഥ അനുഭവിച്ച നാളുകൾ! ഒരു നാഥൻ ഇല്ലാതായതിന്റെ യാതനകൾ! അന്നൊക്കെ കാത്തിരിപ്പിനൊപ്പം ദേഷ്യവും തോന്നിയിട്ടുണ്ട്. തന്നെയും അമ്മയെയും തനിച്ചാക്കി പോവാൻ തോന്നിയല്ലോ? അത് സ്വാർത്ഥതയാണ്, ഒളിച്ചോട്ടമാണ് എന്നൊക്കെ തോന്നിയിട്ടുണ്ട്. വൃഥാവിലായ തിരച്ചിൽ അവസാനിപ്പിച്ചത് ആ ചിന്ത കനപ്പെട്ടതോടെയാണ്.
നിറഞ്ഞ് തുളുമ്പിയ കണ്ണുകൾ അമർത്തി തുടച്ച് പാളി നോക്കിയത് മാനസ്സിന്റെ മുഖത്തേക്കാണ്. മനു! അവനാണ് തണൽ..
ചെറു പുഞ്ചിരിയോടെ പുരികം ഉയർത്തി ‘എന്തേ ഡോ’ എന്ന അന്വേഷണത്തിന് ‘ഒന്നുമില്ല’ എന്ന് കണ്ണ് ചിമ്മി ചുമൽ അനക്കി മറുപടി നൽകിയപ്പോൾ എല്ലാം മനസ്സിലാക്കിയിട്ടെന്നോണം അടുത്തേക്ക് മനു നീങ്ങിയിരുന്നു. അവളുടെ കൈ കോർത്ത് മുറുകെ പിടിച്ചു. ‘കൂടെ ഞാനുണ്ടെടോ’ എന്ന ഉറപ്പോടെയുള്ള സ്നേഹസ്പർശം. തൊട്ടത് കൈകളിൽ ആണെങ്കിലും ആ സ്പർശനം അനുഭവപ്പെട്ടത് ഹൃദയത്തിലാണ്. അവനോട് എല്ലാം പറഞ്ഞിട്ടുണ്ട്, കുമ്പസരിച്ചിട്ടുണ്ട്. അച്ഛൻ ജീവിച്ചിരിപ്പുണ്ടങ്കിൽ നമ്മൾ കണ്ടുപിടിച്ചിരിക്കുമെന്ന് അവൻ ആശ്വസിപ്പിക്കാറുണ്ട്.
കാർത്തികയുടെ അമ്മാവന്റെ മകൻ ആണ് മാനസ്. കാർത്തികയുടെയുടേയും മാനസ്സിനെയും വിവാഹം വാക്കുറപ്പിച്ചിരുന്നു. ആരോരും താങ്ങായി ഇല്ലാതിരുന്നപ്പോൾ എന്തിനും ഏതിനും കൂടെ നിന്നത് മാനസ് ആണ്. അമ്മാവന്റെയും അമ്മായിയുടെയും അറിവോടെ തന്നെ. അവരാണ് അമ്മയ്ക്കും തനിക്കും ആശ്രയം.
വിവാഹ ശേഷം കൊല്ലൂർ മൂകാംബിക ക്ഷേത്രദർശനത്തിന് പോകണമെന്ന് പ്രാർത്ഥന ഉണ്ടായിരുന്നെങ്കിലും ഇപ്പോഴത്തെ ഈ പോക്ക് വളരേ അവിചാരിതമാണ്.. പോകാൻ പുറപ്പെട്ടപ്പോൾ ജോലിത്തിരക്കുകൾ എല്ലാം മാറ്റി വച്ച് മനുവും കൂടെ കൂടുകയായിരുന്നു.
അച്ഛനെ മൂകാംബിക ക്ഷേത്രനടയിൽ കണ്ടെന്ന് പറഞ്ഞത് വിനുവാണ്. വിനു കാർത്തികയുടെ സഹപാഠിയും കളിക്കൂട്ടുകാരനുമാണ്. ഒരു വിളിപ്പാടകലെ ആണ് അവന്റെ വീട്.
“ഡീ.. ഞാനിപ്പോ മൂകാംബികയിൽ നിന്നാ വിളിക്കണേ. മൂന്ന് ദിവസം ഭജന ഇരിക്കാൻ വന്നതാ ഞാൻ. നിന്റെ അച്ഛനെപ്പോലെ തോന്നിക്കുന്ന ഒരാളെ ഞാൻ അമ്പലപ്പരിസരത്ത് രണ്ട് ദിവസമായി കാണുന്നു. താടിയും മുടിയും വളർന്ന് ആകെ പ്രാകൃത വേഷത്തിലാണ്. നിന്റെ അച്ഛന് ഉണ്ടായിരുന്ന പോലെ ഒരു ഓടക്കുഴലുണ്ട് കൈവശം, മധുരമായി വായിക്കുന്നുമുണ്ട്. അത് കേട്ടപ്പോഴാണ് ഞാൻ ആളെ ശ്രദ്ധിച്ചത്. അതേ.. അത് ശങ്കരേട്ടൻ തന്നെയാണ്.. ഞാൻ ആളുടെ കൺവെട്ടത്ത് പോയില്ല. എന്നെ മനസ്സിലായാൽ എണീറ്റ് പൊയ്ക്കളഞ്ഞാലോ എന്ന് പേടി..അടുത്തുള്ള കടകളിൽ ചോദിച്ചപ്പോൾ അറിഞ്ഞത് കക്ഷി ഈ പരിസരങ്ങളിൽ തന്നെയാണ് എപ്പോഴും എന്നാണ്. ക്ഷേത്രത്തിൽ വരുന്നവർ ശ്രുതി ശുദ്ധമായ ഓടക്കുഴൽ വിളി കേട്ട് നൽകുന്ന കൈമടക്കുകളാണ് ജീവിതമാർഗ്ഗം എന്നാണ് അറിയാൻ കഴിഞ്ഞത്..നീ വേഗം ഒന്നിങ്ങോട്ട് വാ കാർത്തു.. അതുവരെ ഞാൻ ആൾ ഇവടെന്നെങ്ങും പോകാതെ നോക്കിക്കോളാം..”
വിനു ഒറ്റശ്വാസത്തിൽ ആണ് ഇതെല്ലാം പറഞ്ഞ് തീർത്തത്.
“പറ്റിയാൽ ഒരു ഫോട്ടോ എടുത്തയക്കാമോ വിനു?”
“നോക്കട്ടെ.. ആളാകെ മാറിയിരിക്കുന്നു, കൂടുതൽ പ്രായം തോന്നിക്കുന്നുണ്ട്. നീ എത്രയും വേഗം പുറപ്പെട്..”
“ഈശ്വരാ.. അത് അച്ഛൻ തന്നെ ആയിരിക്കണേ..”
മനസ്സുരുകി പ്രാർത്ഥിച്ചു.
ഫോൺ വച്ചിട്ട് എന്ത് ചെയ്യണം എന്നറിയാതെ കുറച്ച് നേരം ഇരുന്നു. കരച്ചിൽ നിയന്ത്രിക്കാനായില്ല. വിനു പറഞ്ഞ ആ പ്രാകൃതവേഷത്തിലുള്ള അച്ഛന്റെ മുഖം! മനസ്സ് വിങ്ങുന്നു.. അത്, ആ മുഖം തനിക്ക് ഒട്ടും അപരിചതമല്ല. ഓടക്കുഴൽ ഉണ്ടെങ്കിൽ അത് അച്ഛൻ തന്നെയാണ്! തലച്ചോറിലേക്കുള്ള സിരകൾ അപശ്രുതി മീട്ടി തുടങ്ങുമ്പോഴാണ് അച്ഛൻ ഏറ്റവും ശ്രുതിമധുരമായി വേണു വായിക്കാറ്! അതൊന്നും ചിന്തിക്കാതെ പൊട്ടിപ്രമാണം ആയ താൻ ഒരു ദിവസം കോളേജിൽ നിന്നും വന്ന് ദേഷ്യത്തോടെ ഓടക്കുഴൽ പിടിച്ച് വാങ്ങി തറയിൽ വലിച്ചെറിഞ്ഞത് ഇന്നും ഓർക്കുന്നു. അച്ഛൻ ഒട്ടും പ്രകോപിതനാവാതെ അത് എടുത്ത് നെഞ്ചോട് ചേർത്ത് പിടിച്ച് അകത്തേക്ക് പോയി വാതിൽ ചാരി. എന്നിട്ടും അരിശം തീരാതെ താൻ തിരിഞ്ഞതും അമ്മയുടെ കൈ തന്റെ കരണത്ത് ശക്തമായി പതിച്ചതും ഒരുമിച്ചായിരുന്നു.
“അതാരാ നിന്റെ? നീയെന്താ ഇപ്പോൾ ചെയ്തത്?” അമ്മ സങ്കടമടക്കി അലറി.
“പോ..പോയി കാല് തൊട്ട് മാപ്പ് പറ. വയ്യാത്ത ആ മനുഷ്യനോടാണോ നിന്റെ ഈ ചന്ദ്രഹാസം? ഒന്നുമില്ലെങ്കിലും നിന്നെ ജനിപ്പിച്ചവൻ അല്ലേ അത്?”
അന്നോളം അമ്മയുടെ അങ്ങനെ ഒരു മുഖം താൻ കണ്ടിട്ടില്ല. പതറി പോയെങ്കിലും കലിയടങ്ങാതെ പറഞ്ഞു,
“എന്നെ കേൾക്കാൻ ഇവിടെ ആരുമില്ല. ഇന്ന് കോളേജിന് മുന്നിലെ ആൽത്തറയിൽ ഇരുന്നായിരുന്നു വേണുഗാനം. എന്റെ ക്ലാസ്സിലെ ആൺപിള്ളേരിൽ ചിലരൊക്കെ ചുറ്റും കൂടി നിൽക്കുന്നുണ്ടായിരുന്നു. കൂട്ടുകാരുടെ മുന്നിൽ ഇത് അച്ഛൻ ആണെന്ന് പറയുവാൻ പറ്റുമോ എനിക്ക്? നാണം കെട്ട് തൊലി ഉരിഞ്ഞ് പോയി. കോളേജിന് മുന്നിലെങ്കിലും വരാതിരിക്കാൻ ഒന്ന് പറഞ്ഞാൽ വലിയ ഉപകാരം.”
പിന്നേയും അടക്കാനാവാത്ത ക്രോധത്തിൽ താൻ അരുതാത്തത് എന്തൊക്കെയോ വിളിച്ച് കൂവി, എല്ലാം അച്ഛൻ കേൾക്കുന്നുണ്ടെന്ന് പോലും വിസ്മരിച്ച് പരിസരം മറന്ന്..
ഇത്രയും അമ്മ തന്നിൽ നിന്നും പ്രതീക്ഷിച്ചില്ലെന്ന് തോന്നി. ഒന്നും മിണ്ടാതെ അമ്മ തല താങ്ങി കസേരയിൽ ഇരുന്ന് തേങ്ങി. എല്ലാം കഴിഞ്ഞപ്പോൾ വേണ്ടിയിരുന്നില്ലെന്ന് തോന്നി. കുറച്ച് നാൾ കഴിഞ്ഞപ്പോൾ എല്ലാവരും എല്ലാം മറന്നു. പക്ഷേ അച്ഛൻ ഒന്നും മറന്നിരുന്നില്ല എന്ന് കരുതിയില്ല.
മരുന്നുകൾക്കൊന്നും അച്ഛന്റെ വല്ലപ്പോഴും ഉള്ള ആ താളം തെറ്റലിനെ നേരെയാക്കാൻ വേണ്ടത്ര സാധിക്കാറില്ല എന്ന സത്യം ഞങ്ങൾ മൂന്ന് പേരും അംഗീകരിക്കാൻ ഏറെ പാടുപെട്ടു. പ്രകൃതിയിലെ കാലാവസ്ഥ വ്യതിയാനങ്ങൾ പോലെ അച്ഛന്റെ ആ അസുഖം വന്നും പോയും ഇരുന്നിരുന്നു..ചിലപ്പോൾ നീണ്ട ഇടവേളകൾ. വളരേ ശാന്തമായ ദിനങ്ങൾ. അന്ന് അച്ഛന്റെ നിസ്സഹായവസ്ഥ മനസ്സിലാക്കി സാന്ത്വനമാകുന്നതിന് പകരം താൻ എന്താണ് ചെയ്തത്? സത്യത്തിൽ യാഥാർത്ഥ്യങ്ങളിൽ നിന്നും ഒളിച്ചോടിയതും, ക്രൂരമായ വാക്കുകൾ കൊണ്ട് ചുറ്റിനും വേലി തീർത്തതും താനായിരുന്നല്ലോ? വെറുപ്പ് കാണിച്ച് നാടുകടത്തി.. ഒന്നും മനഃപൂർവം ആയിരുന്നില്ല എന്നാലും..ഒന്നും വേണ്ടിയിരുന്നില്ല എന്ന് ദിവസത്തിൽ നൂറ് തവണ മനസ്സിൽ പറയും.. ചേർത്ത് പിടിച്ചില്ലെങ്കിലും പാട്ടിന് വിടാമായിരുന്നു.
ക്ലാസ്സിലെ കുട്ടികൾ ആൽത്തറയിലെ ചേട്ടന്റെ കഴിവിനെ പ്രശംസിക്കുമ്പോഴെല്ലാം ഒരു കല്ലായി ഇരിക്കാൻ തനിക്ക് എങ്ങനെ കഴിഞ്ഞു? ഓടക്കുഴൽ വായിക്കാൻ ഒട്ടും പരിശീലനം നേടാത്ത അച്ഛൻ, അസുഖം വരുമ്പോൾ ശ്രവണമധുരമായി ഓടക്കുഴൽ വായിക്കുന്നതിനെ അതിശയത്തോടെ കാണാനുള്ള കണ്ണുകൾ നാട്ടുകാർക്ക് ഉണ്ടായി. തനിക്ക് അങ്ങനെ അതിനെ കാണുവാനായില്ല, അതെല്ലാം അലോസരമായി തോന്നി. നാട്ടിലെ വയസ്സായവർ ശങ്കരന് ഗന്ധർവ്വൻ കൂടുകയാണെന്ന് പറഞ്ഞ് നടന്നു. ഒരു സുപ്രഭാതത്തിൽ ഗന്ധർവ്വൻ ഇറങ്ങുമ്പോൾ ശങ്കരൻ പഴയ ശങ്കരൻ ആവുകയാണത്രേ! എന്തേ തനിക്ക് മാത്രം ഈ ദുർവിധി? ഒറ്റസന്തതി ആയ തനിക്ക് ഇതൊക്കെ സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.
ഇന്ന് അതൊക്കെ ഓർക്കുമ്പോൾ മനസ്സ് കരയ്ക്കിട്ട മീൻ പോലെ പിടയുന്നു.. അന്നാളുകളിൽ ആർക്കും അച്ഛൻ ഒരു ദ്രോഹവും ചെയ്യില്ല. എല്ലാം സാധാരണ പോലെ..പക്ഷേ ആരെയും വക വയ്ക്കാതെ ആരോടും ഒന്നും മിണ്ടാതെ ചില പ്രത്യേക ഇടങ്ങളിൽ ഇരുന്നുള്ള ഓടക്കുഴൽ വിളി മാത്രം.
സ്വയം ഉൾവലിഞ്ഞ സമുദ്രം പോലെ..
ഒഴുക്കിൽ പെട്ട ഇല പോലെ..
അമ്പലപ്പറമ്പിലോ ആൽത്തറയിലോ പുഴയോരത്തെ തിണ്ണയിലോ പാടത്തെ മാഞ്ചുവട്ടിലോ ആനപ്പാറയുടെ ഉച്ചിയിലോ ഒക്കെയായി ഓടക്കുഴലൂതി അച്ഛൻ ഉണ്ടാവും. പാടത്ത് മേയുന്ന പശുക്കൾ പോലും അത് ആസ്വദിച്ച് ചെവി കൂർപ്പിച്ച് അനങ്ങാതെ നിൽക്കാറുണ്ടത്രേ!
എങ്കിലും ഇരുട്ടായാൽ അച്ഛൻ എന്നും വീട്ടിൽ എത്തും. ക്ഷൗരവും കുളിയും ജപവും ഒന്നുമില്ല. ഏറെ വിശന്നാൽ മാത്രം ഭക്ഷണം കഴിക്കും. ഏതാനും നാൾ നീണ്ട് നിൽക്കുന്ന ആ ഭാവമാറ്റം അവസാനിക്കുമ്പോഴേക്കും പ്രാകൃതരൂപി ആയിട്ടുണ്ടാവും അച്ഛൻ. ആ മുഖം തന്റെ കണ്മുന്നിൽ തന്നെ ഉണ്ട്. വിനു പറഞ്ഞതനുസരിച്ച് അച്ഛന്റെ സിരകൾ ഇപ്പോൾ അപശ്രുതി മീട്ടി കൊണ്ടിരിക്കുകയാണ്.അച്ഛൻ എഴുതി വച്ച പോലെ…അതോ ഇനി അച്ഛന്റെ ഓർമ്മ ഞരമ്പുകൾ മൊത്തമായി ചിതൽ അരിച്ച് കാണുമോ ആർക്കറിയാം ഈശ്വരാ..
എന്തായാലും അമ്മയോട് പറയേണ്ട എന്ന് തീരുമാനിച്ചു. വെറുതെ ആശ കൊടുക്കേണ്ടല്ലോ? എല്ലാം കഴിഞ്ഞിട്ട് പറയാം. അമ്മ ആശ കൈ വിട്ടിട്ടില്ലെന്ന് എപ്പോഴും തോന്നും. എന്നും ഇരുട്ടി തുടങ്ങുമ്പോൾ അമ്മ സന്ധ്യാദീപം കൊളുത്തി ഉമ്മറത്ത് വയ്ക്കും. അച്ഛൻ വരാറുള്ള പതിവ് സമയം മുതൽ വഴിക്കണ്ണുമായി അമ്മ ഏറെ നേരം പൂമുഖത്ത് ഉണ്ടാവും. അച്ഛൻ ഒരു നാൾ നട കയറി വരുമെന്ന് പ്രതീക്ഷയുള്ള പോലെ..അമ്മയുടെ പ്രതീക്ഷ തെറ്റാതെ ഇരിക്കട്ടെ..കാത്തിരിപ്പ് സഫലമാകട്ടെ..
ഇടയ്ക്കിടെ ഔദ്യോഗികയാത്രകൾ ഉള്ളത് കൊണ്ട് അമ്മയ്ക്കും തന്റെ യാത്രയെ പറ്റി സംശയം തോന്നിയില്ല. മനുവിനോട് മാത്രം മനസ്സ് തുറന്നു.
വിനു അയച്ച ഫോട്ടോ മാനസിനെ കാണിച്ചു. അത് അച്ഛൻ തന്നെ ആണെന്ന് അവനും തനിക്കും തോന്നി. പക്ഷേ തറപ്പിച്ച് പറയുക പ്രയാസം. ആറേഴ് വർഷത്തെ അലച്ചിലിൽ ആകെ മാറിപ്പോയതാവാം..
“നമ്മുടെ കല്യാണത്തിന് കന്യാദാന കർമ്മത്തിന് അമ്മാവൻ ഉഷാറായി മണ്ഡപത്തിൽ ഉണ്ടാവും കാർത്തൂ… നീ നോക്കിക്കോ..”
താൻ ചിന്തിക്കാത്ത അത്രയും കാര്യങ്ങൾ മുൻകൂട്ടി ചിന്തിച്ച മനുവിനെ കണ്ണടക്കാതെ തെല്ലിട നോക്കിയിരുന്നു. പിന്നെ കണ്ണുകൾ അടച്ച് സ്വയം സമാധാനിപ്പിച്ചു.
“മനസ്സേ.. ആഗ്രഹം സഫമാകും വരെ കാത്തിരിപ്പ് തുടരുക..ഇനിയേറെ വൈകില്ല..”
ബൈന്ദൂർ ഇറങ്ങി അമ്പലത്തിലേക്കുള്ള യാത്രയിൽ ഹൃദയമിടിപ്പും ശ്വാസഗതിയും കൂടിക്കൂടി വന്നു..അച്ഛന് തന്നെയും മനുവിനേയും മനസ്സിലാകുമോ? എന്തായിരിക്കും പ്രതികരണം? മനസ്സിലായില്ലെങ്കിലോ കൂടെ പോരാൻ കൂട്ടാക്കിയില്ലെങ്കിലോ എന്ത് ചെയ്യും? ഉള്ളിൽ അങ്ങനെ ഒരുപാട് സമ്മിശ്ര വികാരങ്ങളുടെ വേലിയേറ്റം..ദൂരെ നിന്നും മധുരമായ വേണുഗാനം കേട്ട് തുടങ്ങി. അതിന് പണ്ടൊന്നും തോന്നാത്ത മാധുര്യം അവൾക്ക് തോന്നി. അവൾ മനുവിന്റെ കൈയിൽ മുറുകെ പിടിച്ച് നടന്നു. കാർത്തികയുടെ നടപ്പിന് വേഗത കൂടി, മാനസ് ഒപ്പമെത്താൻ കഷ്ടപ്പെട്ടു. അമ്പലത്തിന്റെ മുന്നിൽ തന്നെ വിനു നിൽക്കുന്നത് ദൂരെ നിന്നേ കണ്ടു, വിനു ഓടി അടുക്കൽ വന്നു.
“എനിക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു നിങ്ങൾ എത്തും വരെ.. കക്ഷി എങ്ങോട്ടെങ്കിലും എണീറ്റ് പൊയ്ക്കളയരുതെന്ന പ്രാർത്ഥനയായിരുന്നു. പോകുന്നിടത്തേക്കെല്ലാം നിഴലായി ആൾ അറിയാതെ കൂടെ ഞാനും പോയി..പക്ഷേ ഈ പരിസരം വിട്ട് എങ്ങും പോകുന്നില്ല. അത് ഭാഗ്യം.”
വിനുവും കാർത്തുവും മാനസും കുറച്ച് കൂടി മുന്നിലേക്ക് നടന്നു. ആളെ കണ്ടതും,
“അയ്യോ. ദ് അച്ഛനന്ന്യാ. ദെന്റെ അച്ഛൻ തന്ന്യാ…”
കാർത്തിക മാനസിന്റെ കൈ വിട്ട് കുതറിയോടി..ഓടിച്ചെന്ന് കെട്ടിപ്പിടിക്കാനാഞ്ഞു . അയാൾ ഞെട്ടി എണീറ്റ് മാറി നിന്നു. കണ്ണുകൾ ചുളിച്ച് സംശയത്തോടെ മൂന്ന് പേരെയും മാറി മാറി നോക്കി.തെല്ലിടക്ക് ശേഷം ശാന്തനായി ശബ്ദമില്ലാതെ ചുണ്ടനക്കി..
“ന്റെ കാർത്തു..”..”
എന്റെ ദേവീ..അച്ഛനെന്നെ മനസ്സിലായല്ലോ…”
കാർത്തിക ഓടിച്ചെന്ന് അച്ഛനെ ഇറുകെ കെട്ടിപ്പിടിച്ചു.
“പൊറുക്കണം അച്ഛാ.. എന്നോട് പൊറുത്തു തരണം..”
പരിസരം മറന്ന് തേങ്ങി അച്ഛന്റെ കാൽക്കൽ വീണു. പരവശതയോടെ, ഏറെ വാത്സല്യത്തോടെ അച്ഛൻ അവളെ തലോടി എണീപ്പിച്ച് ചേർത്ത് പിടിച്ചു. മാനസിനെയും വിനുവിനെയും അച്ഛന് മനസ്സിലായിരുന്നു. അവശമായ കണ്ണുകൾ ആരെയോ തിരയുന്നുണ്ട്..
“അമ്മായി വീട്ടിലുണ്ട്. അമ്മാവൻ പോയത് മുതൽ വഴിക്കണ്ണുമായി കാത്തിരിപ്പാണ്.. അമ്മാവൻ ഞങ്ങടെ ഒപ്പം വരണം. ഞങ്ങളുടെ കല്യാണമാണ്. കൂടെ ഉണ്ടാവണം..”
കാർത്തികയേയും മാനസിനെയും തെല്ല് അമ്പരപ്പോടെ കണ്ണെടുക്കാതെ അയാൾ നോക്കി നിന്നു. കണ്ണുകൾ നിറയുന്നുണ്ടോ..തന്റെ മോൾക്ക് കല്യാണപ്രായമായി എന്ന് വിശ്വാസം വരാത്തത് പോലെ..
“ശങ്കരേട്ടന് എന്നെ മനസിലായോ..?”
വിനു ചിരിച്ച് കൊണ്ട് ചോദിച്ചു.. ചെറുപുഞ്ചിരിയോടെ അയാൾ തലയാട്ടി.. രണ്ട് ദിവസം ആളെ വട്ടം ചുറ്റി നടന്ന തന്നെ ശ്രദ്ധിച്ചിട്ടുണ്ടെന്ന് തോന്നി.
അച്ഛനെ മൂവരും ചേർന്ന് കാറിൽ കയറാൻ സഹായിച്ചു. ഇനിയുള്ള യാത്ര കാറിലാണ് നാലാൾക്കും. യാത്രക്കൊടുവിൽ വീട്ടു പടിക്കൽ എത്തിയപ്പോൾ സന്ധ്യാ സമയം..പൂമുഖത്ത് സന്ധ്യാദീപം കൊളുത്തി വച്ചിട്ടുണ്ട്. പതിവുപോലെ അമ്മ പൂമുഖത്തിണ്ണയിൽ തന്നെയുണ്ട്. തെളിഞ്ഞ് കത്തുന്ന ദീപനാളം പോലെ, പ്രതീക്ഷയുടെ തിരി കെടാതെ കാത്തുകൊണ്ടുള്ള കാത്തിരിപ്പ്…
#എന്റെ രചന – കാത്തിരിപ്പ്
✍🏻(സുജാത നായർ)✍🏻

