വെളിച്ചം പെയ്യുന്നിടത്തൊക്കെയും
നീയെന്റെ കൂടെയുണ്ടായിരുന്നു;
മിണ്ടാതെ, പിണങ്ങാതെ—
എൻ്റെ ചുവടുകൾക്ക് കാവലായ്,
എൻ്റെ സ്വകാര്യമാം ഹൃദയത്തുടിപ്പായ്…
പെരുമഴ തിമിർത്താർത്തൊരാ വസന്തത്തിൽ,
പഴയൊരു കാലൻകുടക്കീഴിൽ നാം ഒതുങ്ങിയപ്പോൾ,
നിൻ്റെ നിഴൽ എന്നിലേക്ക് പടർന്നു കയറുകയായിരുന്നു.
അന്ന്, ആ കറുത്ത കുടയുടെ തണലിൽ
നാം രണ്ടുപേരും ഒരൊറ്റ നിഴലായ് ഉരുകിത്തീർന്നു!
ഇരുളിൻ്റെ കാർമേഘം പ്രണയത്തെ മറച്ചപ്പോൾ
നീയെങ്ങോ വഴുതിമാറി മറഞ്ഞുപോയെങ്കിലും,
എൻ്റെ ഓർമ്മകളിലെ നെയ്ത്തിരിവെട്ടത്തിൽ
നിൻ്റെ രൂപം വീണ്ടും നിഴലായ് ഉണരാറുണ്ട്.
ഒടുവിൽ, ഈ ആയുസ്സിൻ്റെ വെളിച്ചമണയുമ്പോൾ,
ആ അഗാധമാം കറുപ്പിലേക്ക് ഞാനും ലയിക്കും;
അവിടെ, വിട്ടുപിരിയാനാവാത്ത വണ്ണം
ഞാൻ നിൻ്റെ നിഴലായും നീ എൻ്റെ ശ്വാസമായും
എന്നെന്നേക്കുമായി ഒന്നായിത്തീരും!
ജമിനി കെ രാജ്
