കൃഷ്ണേട്ടന്റെ പെണ്ണുകാണൽ ഒന്നാം ഭാഗം
അവരിനീമവിടെ നിന്നാ ആകെയുള്ള നാലും മൂന്നും ഏഴ് എലച്ചെടികളും കൂടെ അവന്മാര് പറിച്ചെടുക്കുമെന്ന് തോന്നിയപ്പോ ബ്രോക്കറ് എല്ലാത്തിനേം കൂടെ ചുരുട്ടിക്കൂട്ടി ജീപ്പിലാക്കി. “നിങ്ങള് വണ്ടിയേല് പോര്, എനിക്ക് പെട്ടന്ന് പെണ്ണിന്റെ വീട്ടിലെത്തണം” എന്നും പറഞ്ഞ് പുള്ളി പറമ്പില് കൂടെ വള്ളിയെ തൂങ്ങിയൊരു പോക്ക്.
പെണ്ണിന്റെ വീട്ടിലേക്കുള്ളത് വഴിയല്ല, കുഴിയാണ്. വണ്ടി കുഴീല് വീഴുമ്പോ സൈഡിലിരിക്കുന്ന സുനി തെറിച്ച് പോകും. അടുത്തിരിക്കുന്ന കൃഷ്ണേട്ടൻ അവനെ പിടിച്ച് അകത്തോട്ടിടും. പുറകിലിരുന്ന സജീടേം പോളിന്റേം ബോഡി പാർട്ട് ഒക്കെ ഊരിപ്പോയി…
അങ്ങനെ എല്ലാവരും വിജയകരമായി പെണ്ണ് വീടിന്റെ മുറ്റത്ത് എത്തി. പെണ്ണിന്റെ അപ്പന്റെ കൂടെയതാ നിൽക്കുന്നു ബ്രോക്കർ. 😳 ഇയാളെന്താ കുമ്പിടിയോ? 😏 എല്ലാരും ഇളകിപ്പോയ കയ്യും കാലും തലയും ഒക്കെ തിരിച്ച് പിടിപ്പിച്ചു.
പെണ്ണിന്റെ അപ്പനാണേൽ ഒരു ആറരയടി പൊക്കം കാണും. കണ്ടാൽ മഹാഭാരതത്തിലെ ഘടോൽക്കചനെ പോലെയുണ്ട്. ഒരു ഘടാഘടിയൻ മനിസൻ വിജൃഭിച്ച് നിക്കുവാന്നേ…
ജീപ്പീന്ന് ആദ്യമിറങ്ങിയ സുനിയെ ചേർത്ത് പിടിച്ച് അങ്ങേരാെരു ചോദ്യമാ, “ഇതാണല്ലേ പയ്യൻ ? കൊള്ളാം….. എനിക്കിഷ്ടപ്പെട്ടു.” ആകെ നാലരയടി പൊക്കമുളള അവനെ അങ്ങേര് രാഷ്ട്രീയക്കാര് ഡയറി കഷത്തില് വെക്കുന്നപോലെ ഇറുക്കിപ്പിടിച്ചോണ്ട് അകത്തേക്ക് പോയി.
“അപ്പം ഞാൻ ആരായി ഏട്ടാ” എന്നും ചോദിച്ച് അവരുടെ പുറകേ അണ്ണനും ബ്രോക്കറും ബാക്കിയുള്ളോരും.
അണ്ണനോടിച്ചെന്ന് സുനിയെ വലിച്ച് മാറ്റി പുള്ളീടെ തല പെണ്ണിന്റെ അപ്പന്റെ കക്ഷത്തിലേക്ക് വെച്ചു. സ്റ്റെപ്പിനിക്ക് ഇവനൂടെ ഇരിക്കട്ടെ എന്നും പറഞ്ഞ് അങ്ങേര് അവര് രണ്ടിനേം തൂക്കിയെടുത്ത് ഓരോ കസേരേലേക്ക് ഇട്ടു.. അത് കണ്ടതോടെ ബാക്കി എല്ലാവരും സ്വയം ഓരോ കസേരേലേക്ക് വീണു.
എല്ലാരും കൂടെ വർത്താനം പറഞ്ഞിരിക്കുമ്പോ പോളിന്റെ കരച്ചിലും ബഹളോം. നോക്കുമ്പോ ഒരു കോഴി വന്നു അവനെ കൊത്തുന്നു.
“ഓ അത് കുഴപ്പമില്ല, അവൻ സാധാരണ ഇരിക്കുന്ന കസേരയാ അത്. തക്കുടു നീ പിന്നെ വാ” എന്നും പറഞ്ഞു പെണ്ണിന്റെ അപ്പൻ കോഴിയെ പറഞ്ഞു വിട്ടു.
കൃഷ്ണേട്ടൻ നോക്കുമ്പോ ദാണ്ടെടാ ഒരു മൂരിക്കുട്ടൻ മുറ്റത്തൂടെ കറങ്ങി നടക്കുന്നു. ഇടയ്ക്കിടയ്ക്ക് അവൻ പുള്ളിയിരിക്കുന്ന കസേരേലേക്ക് നോക്കുന്നുണ്ട്. അണ്ണൻ പതുക്കെ ഇറങ്ങി നിലത്തോട്ടിരുന്നു. ഇനീപ്പോ അത് അവന്റെ കസേരയെങ്ങാനും ആണെങ്കിൽ അവനണ്ണനെ ചവിട്ടിക്കൂട്ടുമെന്ന കാര്യം ഒറപ്പാ…..
വർത്താനം പറഞ്ഞ് വന്നപ്പോഴല്ലേ മനസിലായത് നരസിംഹം സിനിമ ഇറങ്ങിയതൊന്നും ഇവരറിഞ്ഞിട്ടില്ലടേ.
ഇന്ദിരാഗാന്ധി മരിച്ചത് പോലും ഇവരറിഞ്ഞത് രണ്ടാഴ്ച മുമ്പാണെന്ന്. രാജീവ് ഗാന്ധിയാണത്രേ ഇപ്പോ പ്രധാനമന്ത്രി.
എന്നാ പിന്നെ ചടങ്ങ് നടത്തിയാലോ? ബ്രോക്കറുടെ ചോദ്യം..
“ആയിക്കാേട്ടെ” ഘടോൽക്കചൻ അകത്തോട്ട് നോക്കി സുമേ എന്നൊരു വിളി.
ദാ വന്നൂ എന്നൊരു മറുപടിയോടെ പെണ്ണിന്റെ അമ്മ എത്തി.
“ചായയെടുത്തോ. കൂടെ മോളേം.”
ഒന്നും പറയാതെ പെണ്ണിന്റെയമ്മ അകത്തോട്ട് നോക്കി എന്തോ ആംഗ്യം കാണിച്ചു.
ആദ്യം ചായയുമായി പെണ്ണിന്റെ കുഞ്ഞമ്മ വന്നു, പിന്നെ പലഹാരവുമായി പെണ്ണിന്റെ അമ്മായി വന്നു, അതും കഴിഞ്ഞ് പെണ്ണും വന്നു. അപ്പം നിങ്ങള് വിചാരിക്കും പെണ്ണ് കൈയ്യും വീശിയാ വന്നതെന്ന്. അല്ല, ലവക്കടെ കയ്യില് ഒരു ലോഡ് നാണം ഉണ്ടായിരുന്നു. നാണത്തിന്റെ ഭാരം കാരണം തല കുനിഞ്ഞ് തന്നെയിരുന്നു. നഖം കടിച്ച് പറിച്ച്, കാലിന്റെ വിരലിന് കളം വരക്കുന്നതിന് പകരം ഉപ്പൂറ്റി കൊണ്ട് നിന്ന സ്ഥലത്ത് കാെളം കുഴിച്ച് നിൽക്കുന്നടേ ലവള്. ഒത്ത ഉയരവും വണ്ണവും ഉള്ള ഒരു പെങ്കൊച്ച്, രൂപത്തിന് ചേരാത്ത നാണവും വാരിവിതറി ചുമ്മാ അങ്ങ് നിക്കുവാന്നേ ആള്.
“മോള് കരാട്ടെ ബ്ലാക്ക് ബെൽറ്റാ” എന്ന ഘടോൽകജന്റെ ഡയലോഗ് കൂടെ കേട്ടതും പയ്യന്നൂർ കോളജിന്റെ ഇടനാഴിയിൽ വീശുന്ന കാറ്റിന് പകരം അമേരിക്കേലെ കത്രീന കൊടുങ്കാറ്റ് വീശ്യ ഒരു എഫക്ട് ആയിരുന്നു കൃഷ്ണേട്ടന്റെ ഉള്ളില്. കല്യാണം കഴിഞ്ഞ് ഇതിനെ എന്തേലും വഴക്ക് പറഞ്ഞാൽ അവളണ്ണനെ ഒറ്റക്കൈ കൊണ്ട് തൂക്കിയെടുത്ത് ഭിത്തിയേൽ ചേർത്ത് നിർത്തി നാല് കുത്ത് കൊടുത്താ മതി, അണ്ണന്റെ കാര്യം തീരും.
ബ്രോക്കറാണെങ്കിൽ സന്തോഷായില്ലേ അരുണേട്ടാ എന്ന ഭാവത്തിൽ അണ്ണനെ നോക്കുന്നു. സജിയും പോളും കല്യാണം കഴിഞ്ഞാലുള്ള അണ്ണന്റെ അവസ്ഥ ഓർത്ത് ചിരി അടക്കിപ്പിടിച്ചു നിൽക്കുന്നു. സുനിക്കുട്ടൻ മാത്രം കൊള്ളാലോ വീഡിയോൺ എന്ന എക്സ്പ്രഷനിൽ ചായയൊക്കെ ആസ്വദിച്ചു കുടിച്ചിരിപ്പാണ്.
“എന്നാ പിന്നെ പെണ്ണും ചെക്കനും തമ്മിൽ എന്തേലും സംസാരിക്കട്ടെ” എന്ന ചിരപുരാതനമായ പ്രസ്താവന വന്നപ്പോഴേ അണ്ണൻ അവിടെയുള്ള ബെഞ്ചിന്റെ അടീല് കേറി ഒളിച്ചു. ഒടുവിൽ എല്ലാരും കൂടെ പഞ്ചാബി ഹൗസിലെ സോണിയേടെ മുന്നിലേക്ക് രമണനെ തള്ളിയിട്ട് കൊടുത്ത പോലെ അണ്ണനെ പിടിച്ച് പെണ്ണിന്റെ മുമ്പിലേക്ക് തള്ളിയിട്ടിട്ട് ഓടി രക്ഷപ്പെട്ടു.
“ചേട്ടനെന്നാ ഒന്നും മിണ്ടാത്തെ?” രൂപത്തിന് ചേരാത്ത മധുരസ്വരം കേട്ട് അണ്ണൻ വീണ്ടും ഞെട്ടി.
” പേരെന്താ?” അണ്ണൻ ചോദിച്ചെങ്കിലും കാറ്റ് മാത്രമേ പുറത്തോട്ട് വന്നുള്ളൂ. ഒന്നൂടെ ചോയിച്ചപ്പോ ഇടിയപ്പം പിഴുയുമ്പോ മാവ് സേവനാഴീന് വരുന്ന പോലെ ശബ്ദം വന്നു.
“സുബലക്ഷ്മി സുബീന്ന് വിളിക്കും. പിന്നെ ചേട്ടന്റെ പേരെന്നാ?”
പതുക്കെ ഓടി രക്ഷപെടാൻ നോക്കിയ അണ്ണനെ പൂച്ചകുഞ്ഞിനെ പോലെ തൂക്കിയെടുത്ത് കസേരയിലേക്കിട്ടിട്ട് ലവള് ചോദിച്ചു.
” കൃ….. കൃ….” പുല്ല് പിന്നേം ഒച്ച വായീന്ന് പൊറത്തോട്ട് വരുന്നില്ലന്നേ….
“എന്തിനാ ചേട്ടാ നാണിക്കുന്നേ? പേര് കൃമീന്നാണോ ?”
“ദൈവമേ എന്തൊരു ഹ്യൂമർ സെൻസ്………… ഇതിനെ കെട്ടിയാ എന്റെ ജീവിതം നായ നക്കിയപോലെ ആവൂലോ.” കൃഷ്ണേട്ടൻ മനസ്സിൽ സ്വന്തം നെഞ്ചിനിട്ട് രണ്ടിടി ഇടിച്ചു.
“ചേട്ടന് കൃഷീം പശുവളർത്തലും ഒക്കെ ഇഷ്ടമാണെന്ന് ബ്രോക്കറേട്ടൻ പറഞ്ഞല്ലോ.”
“പുല്ല്…… വീട്ടിലുള്ള പശൂനേം കൃഷിയും ഒന്നും നോക്കാൻ മേലാഞ്ഞിട്ട ജോലിക്ക് പോയത്. പിന്നേം തൊഴുത്തിലേക്ക് തന്നെ പോകാനോ ? അയ്യേ എനിക്കീ ചാണകത്തിന്റെ മണമൊന്നും ഇഷ്ടമില്ല.
ഒറ്റ നിമിഷം കൊണ്ട് സുബ്ബലക്ഷ്മി കള്ളിയങ്കാട്ട് നീലിയായി.
“ഏൻടാ പശു ഉനക്ക് അവളോം കേവലമാ പോച്ചാ ? ഒരു ലിറ്ററ് പാലിന് എവളോ വെലയെന്നു തെരിയുമാ? ഇന്നേക്ക് നീ അന്ത തൊഴുത്തേ കഴുകീട്ട് പോയാപ്പോതും.”
തമിഴറിയാത്ത കൃഷ്ണേട്ടൻ “ഗാവ് നാരിയൽ കാ പാനി ദേത്തി ഹോ ഹേ“ എന്നും പറഞ്ഞ് ഒറ്റ ഓട്ടം. തുറന്ന് കിടന്ന കതകിൽ കൂടെ പോകാതെ ഭിത്തിയും തകർത്ത് Tom & Jerry ലേ Tom കതക് തകർത്ത് ഓടുമ്പോ അവന്റെ ഷേപ്പിൽ കതകില് ഹോള് വരുന്നത് പോലെ ഭിത്തിയിൽ അണ്ണന്റെ ഷേപ്പിൽ ഒരു ഹോളും ഉണ്ടാക്കി വെളിയിൽ ചാടി. പിന്നീട് അവിടെ പെണ്ണുകാണാൻ ചെന്ന പലരും അതുവഴിയായിരുന്നു ഓടി രക്ഷപ്പെട്ടിരുന്നതത്രേ…..
(കഥ തീർന്നു)

