ഉച്ചയൂണ് കഴിഞ്ഞപ്പോൾ അടുത്ത ബന്ധുക്കളും പിരിഞ്ഞു. അച്ഛൻ കിടപ്പു മുറിയിലേക്ക് പോകുന്നതു കണ്ടപ്പോൾ മനസ്സൊന്നു വിങ്ങി. അമ്മയില്ലാതെ ആ മുറിയിൽ അച്ഛന് ഉച്ചയുറക്കം കിട്ടുമോ.
ക്ഷീണം കൊണ്ട് കിടന്നപ്പോൾ തന്നെ ഞാൻ മയങ്ങിപ്പോയി. ഉണർന്നപ്പോൾ മണി അഞ്ചര. അച്ഛന്റെ ശബ്ദം വരാന്തയിൽ നിന്നല്ലേ കേൾക്കുന്നത്. പൂമുഖത്തെത്തിയ ഞാൻ ആ കാഴ്ച കണ്ട് കരഞ്ഞു പോയി. വർഷങ്ങളായുള്ള ആ പതിവ് അച്ഛൻ തുടരുന്നു. അമ്മ പോയത് മറന്നോ.
“സത്യേ, നീ കേൾക്കുന്നുണ്ടോ” ഇടക്കുള്ള ആ ചോദ്യവും ഉണ്ട്.
അതെ, എനിക്ക് അഞ്ചു വയസ്സും അനിയന് മൂന്നു വയസ്സുമുള്ളപ്പോഴാണ് ഞങ്ങൾ തറവാട്ടിൽ നിന്ന് പുതിയ വീട് വച്ച് മാറിയത്. അന്ന് തുടങ്ങിയ പതിവാണിത്. അച്ഛന് വീടിനടുത്തുള്ള വില്ലജ് ഓഫീസിലായിരുന്നു ജോലി. അഞ്ചേകാൽ മണിയാകുമ്പോൾ അച്ഛൻ വീട്ടിലെത്തും. പിന്നെ ഒന്ന് ഫ്രഷായി മുന്നിലെ വരാന്തയിലെ ചാരുകസേരയിൽ വന്നിരിക്കും. അമ്മ ചായയും എന്തെങ്കിലും നാടൻ പലഹാരവും അച്ഛന്റെ കയ്യിലേക്ക് കൊടുത്തിട്ട് തൂണും ചാരി തിണ്ണയിലിരിക്കും. പിന്നെ വിശേഷം പറച്ചിലാണ്. അച്ഛനാണ് നിർത്താതെ പറഞ്ഞു കൊണ്ടിരിക്കുന്നത്. ഓഫീസിലെയും പിന്നെ വഴിയിലെയും കാര്യങ്ങൾ. അമ്മ മൂളിക്കേട്ടു കൊണ്ടിരിക്കും. ഇടക്ക് ചില ചോദ്യങ്ങളും കമെന്റുകളും അമ്മയുടെ വകയായി ഉണ്ടാകും. ഞങ്ങൾ മുറ്റത്തു കളിക്കുകയായിരിക്കും. ഇടക്ക് വഴക്കുണ്ടാകുമ്പോൾ അമ്മയുടെ ശ്രദ്ധ ഇങ്ങോട്ട് തിരിയും. അപ്പോഴാണ് അച്ഛൻ ആ ചോദ്യം ചോദിക്കുന്നത്.
“സത്യേ നീ കേൾക്കുന്നുണ്ടോ?”
അവരുടെ ഏറ്റവും മനോഹരമായ ആ ഒരു മണിക്കൂർ വിളക്ക് കത്തിക്കാൻ സമയമാകുമ്പോഴാണ് അവസാനിക്കുന്നത്.
നാളുകൾ കടന്നു പോയി. ഞങ്ങൾ വളർന്നു. എനിക്ക് വീടിനടുത്തുള്ള സ്കൂളിൽ മാഷായി ജോലി കിട്ടി. സഹപ്രവർത്തകയായ രശ്മിയെ വിവാഹം കഴിച്ചു. അനിയൻ എൻജിനീയറിങ് കഴിഞ്ഞ് ജോലിയായി ഡൽഹിയിൽ പോയി. അപ്പോഴും ആ ഒരു മണിക്കൂറിൽ ‘സത്യേ നീ കേൾക്കുന്നുണ്ടോ’ എന്ന ചോദ്യം ഞങ്ങൾ കേട്ടു കൊണ്ടിരുന്നു. ഞങ്ങൾക്ക് പകരം എന്റെ മകനായിരുന്നു അന്ന് മുറ്റത്തു കളിക്കുന്നതെന്ന വ്യത്യാസം മാത്രം.
ശ്രദ്ധ മാറിയാലും അച്ഛൻ പറയുന്നത് അമ്മ കേൾക്കുന്നുണ്ടായിരുന്നു എന്നതാണ് സത്യം. കാരണം കേൾക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടല്ലോ എന്നായിരിക്കും അമ്മയുടെ ഉത്തരം . വിശ്വാസം വരാതെ എന്നാൽ ഞാൻ എന്താണ് പറഞ്ഞു നിർത്തിയതെന് അച്ഛൻ ചോദിക്കുമ്പോൾ കറക്റ്റായി അമ്മ അത് പറയും .
അച്ഛൻ പെൻഷനായി കഴിഞ്ഞിട്ടും ഈ പതിവ് മാറിയില്ല. ഒരു നാലര മണിയാകുമ്പോഴേക്കും അച്ഛൻ അടുത്തുള്ള അമ്പലത്തിന്റെ ആൽത്തറയിൽ പഴയ കൂട്ടുകാർക്കൊപ്പം കൂടും. എവിടെയായാലും പതിവ് പോലെ അഞ്ചര മണിയാകുമ്പോൾ അച്ഛൻ ചാരു കസേരയിൽ എത്തിയിരിക്കും. അമ്മ തിണ്ണയിലും. പിന്നെ ആൽത്തറയിൽ നിന്ന് കിട്ടിയ വിശേഷങ്ങളാകും വർത്തമാനത്തിൽ.
അങ്ങിനെ ദിവസങ്ങൾ സന്തോഷകരമായി നീങ്ങി കൊണ്ടിരിക്കുമ്പോഴാണ് ഒരു ദിവസം രശ്മി ഒരു സംശയം പറഞ്ഞത്.
“മനുവേട്ടാ, അമ്മക്ക് എന്തോ സുഖമില്ലാത്ത പോലെ തോന്നുന്നു. ചിലപ്പോഴൊക്കെ ഒറ്റക്കിരുന്നു സംസാരിക്കുന്നതു കാണാം. മറവിയും ഉണ്ട്. പകൽ അച്ഛൻ മാത്രമല്ലെ കൂടെയുള്ളത്. എന്തെങ്കിലും മാറ്റം തോന്നുന്നോ എന്ന് അച്ഛനോട് ചോദിച്ചാലോ.”
“നീ വെറുതെ പേടിപ്പിക്കല്ലേ രശ്മീ, പ്രായം കൂടി വരുന്നതു കൊണ്ടായിരിക്കും. പറഞ്ഞാൽ അച്ഛനും വിഷമമാകും.”
പക്ഷെ നന്നായി ശ്രദ്ധിച്ചു തുടങ്ങിയപ്പോൾ അമ്മയുടെ പെരുമാറ്റത്തിൽ ചില വ്യത്യാസങ്ങൾ ഉള്ളതായി എനിക്കും തോന്നി. പലപ്പോഴും വേറൊരു ലോകത്ത് കഴിയുന്നതു പോലെ. പക്ഷെ പതിവ് തെറ്റാതെ കൃത്യ സമയത്തു തന്നെ ചായയുമായി വരാന്തയിലെത്തുന്നത് കൊണ്ട് മറവിയല്ലെന്നും തോന്നി. ആ ഒരു മണിക്കൂർ അമ്മ പഴയ ആൾ തന്നെയായിരുന്നു.
അന്നൊരു അവധിദിവസമായിരുന്നു. അമ്മ മുറിയിലേക്ക് വന്ന് എന്നോട് ചോദിച്ച ആ ചോദ്യമാണ് അമ്മയുടെ അവസ്ഥ മനസ്സിലാക്കി തന്നത്.
” എന്തിനാ കുഞ്ഞേ എന്നെ ഈ വീട്ടിൽ താമസിപ്പിച്ചിരിക്കുന്നത്. എന്നെ ശ്രീനിലയത്തിൽ കൊണ്ട് വിടുമോ. അതല്ലേ എന്റെ തറവാട്. പാവം എന്റെ അച്ഛനും അമ്മയും ഈ കൊച്ചുമോളെയും കാത്തിരിക്കുകയായിരിക്കും.”
അന്നുതന്നെ അമ്മയെ ഡോക്ടറിന്റെ അടുത്തെത്തിച്ചു. എല്ലാ പരിശോധനകളും ടെസ്റ്റുകളും കഴിഞ്ഞ് ഡോക്ടർ പറഞ്ഞ കാര്യങ്ങൾ ഞങ്ങളെ തകർത്തു കളഞ്ഞു. അമ്മക്ക് മറവി രോഗമാണ്. ഇപ്പോൾ അമ്മ സ്വന്തം വീട്ടിലെ ബാലികയാണ്. അച്ഛന്റെയും അമ്മയുടെയും പുന്നാര മോൾ. ഇനി വർത്തമാനകാലത്തേക്ക് ഒരു തിരിച്ചു വരവുണ്ടാകില്ല. അമ്മയുടെ തറവാട്ടിൽ ആരെങ്കിലുമുണ്ടെങ്കിൽ അവിടെ കൊണ്ട് പോയി താമസിപ്പിച്ചാൽ നന്നായിരിക്കുമെന്നും ഡോക്ടർ പറഞ്ഞു. പക്ഷെ തറവാട് വീതത്തിൽ കിട്ടിയ അമ്മാവൻ മരിച്ചപ്പോൾ അദ്ദേഹത്തിന്റെ മകൻ അതെല്ലാം വിറ്റിട്ട് വിദേശത്തു താമസമായിരുന്നല്ലോ. അമ്മയുടെ അച്ഛനും അമ്മയും ഈ ലോകം വിട്ടു പോകുകയും ചെയ്തു.
അമ്മയുടെ മാറ്റം അച്ഛനെ വല്ലാതെ തളർത്തിയെങ്കിലും എല്ലാം ഹൃദയത്തിലൊതുക്കി അദ്ദേഹം കൂടെ നിന്നു. സത്യക്കല്ലേ മറവി രോഗമുള്ളത്, എനിക്കില്ലല്ലോയെന്ന് ഇടക്കിടക്ക് സ്വയം അച്ഛൻ ഓർമ്മിപ്പിക്കുന്നത് കേൾക്കാം. പക്ഷെ എല്ലാ മറവികൾക്കിടയിലും വൈകുന്നേരത്തെ ആ ഒരു മണിക്കൂർ അമ്മ ഓർത്തു വച്ചിരുന്നു. ‘കേൾക്കുന്നുണ്ടോ നീയ്’ എന്ന അച്ഛന്റെ ചോദ്യത്തിന് ‘ഉണ്ടല്ലോ’ എന്ന ഉത്തരവും.
നാളുകൾ കഴിയവേ അമ്മയുടെ ആരോഗ്യം ക്ഷയിച്ചു വന്നു. തറവാട്ടിൽ പോണമെന്ന് എപ്പോഴും വാശി പിടിക്കും. അമ്മയുടെ അവസ്ഥ ഞങ്ങളെ വല്ലാതെ വിഷമിപ്പിച്ചു. വീട്ടിൽ എപ്പോഴും ഒരു മൂകത തളം കെട്ടിനിന്നു. വൈകിട്ടത്തെ ആ ഒരു മണിക്കൂർ ഒഴിച്ച്.
അവസാനം ഞങ്ങളെ ദുഃഖത്തിലാഴ്ത്തി കൊണ്ട് അമ്മ ഇന്നലെ ദൈവത്തിന്റെ തറവാട്ടിലേക്ക് പോയി.
” മനുവേട്ടാ, അച്ഛനിതെന്തു പറ്റി. അമ്മയോട് എന്നും സംസാരിക്കുന്നതു പോലെ ഇന്നും. മറവി രോഗമെങ്ങാനും തുടങ്ങിയോ, അച്ഛനെ വിളിച്ചാലോ ” രശ്മിയുടെ പരിഭ്രമിച്ച ചോദ്യം കേട്ടാണ് ചിന്തയിൽ നിന്നുണർന്നത് .
“കണ്ടു രശ്മീ, വിളിക്കേണ്ട. അച്ഛന്റെ മനസ്സ് ഇപ്പോഴും അമ്മ പോയെന്ന് അംഗീകരിച്ചിട്ടില്ല. ‘സത്യേ, കേൾക്കുന്നുണ്ടോ’ നീയെന്ന ചോദ്യത്തിന് അച്ഛന് ഉത്തരം കിട്ടുന്നുണ്ട്. നമുക്ക് ശല്യപ്പെടുത്തേണ്ട.”
ഞാനത് പറഞ്ഞു കൊണ്ട് അവളുടെ കയ്യും പിടിച്ചു അകത്തേക്ക് കയറുമ്പോൾ ഞങ്ങളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
#എന്റെരചന ബ്ലോഗ് മത്സരം #മറവി

