മനസ്സുകൾ തൻ മലർവാതിൽ മലർക്കെ തുറന്നാൽ
മരിച്ചു കിടക്കുന്ന പ്രണയത്തെ കാണാം.
പാടാൻ മറന്ന പൂങ്കുയിലുകളെ കാണാം
ആടാൻ മറന്ന മാമയിലുകളെ കാണാം.
പെയ്തു തീർന്നങ്ങു നിശ്ചേഷ്ടമായ് നിൽക്കുന്ന
നിശ്ചലമാം കൃഷ്ണമണികളെ കാണാം.
പൊള്ളുന്ന താപത്താൽ വാടിക്കരിഞ്ഞൊരാ
പിടയുന്ന പ്രാണനെ പിടിച്ചങ്ങു നിർത്തുവാൻ
ഇറ്റു നീർത്തുള്ളിക്കായ് പ്രത്യാശയോടങ്ങു
കാർമുകിൽ കൊണ്ടു കറുത്തങ്ങു നിൽക്കുന്ന
പാരിന്റെ മക്കളാം പൂച്ചെടികളെ കാണാം.
ഇനിയൊരു വസന്തം തിരിച്ചെത്തുമെന്നോർത്ത്
ഇരുൾ മൂടിയ വഴികളെ കൊതിയോടെ നോക്കുന്ന
ഹൃത്തടത്തിൻ മൃദു സ്പന്ദനം കേൾക്കാം.
ആഞ്ഞൊന്നു വീശിയാലാടിയൂലയുമെന്നോർത്തു
പേടിച്ച് മന്ദമായ് തഴുകി തലോടി
കടന്നുപോം മന്ദമാരുതനെ കാണാം.
