നീല നിശീഥിനീ നീ വരുമ്പോൾ
സന്ധ്യകൾ തൊഴുതു വണങ്ങി നിൽപ്പൂ
സീമന്ത രേഖയിൽ കുങ്കുമം ചാർത്തി നീ
പകലിനെ പുൽകിപ്പുണർന്നിടുന്നൂ
നീ വന്നു വാരിപ്പുണർന്നിടുമ്പോൾ
വാനവും ഭൂമിയും കുളിരുമല്ലോ
ആ കുളിർ ചോലയിൽ നീന്തിത്തുടിക്കുവാൻ
കൊതിക്കാത്ത മനമില്ല പാരിടത്തിൽ
നീ വന്നു പുണരുമ്പോൾ ദിനകരൻെറ
കണ്ണുകൾ കൂമ്പിയടഞ്ഞിടുന്നൂ
ചോന്നുതുടുത്തൊരു വദനവുമായ്
മണിയറ പൂകുന്നു നിൻെറ മാരൻ
അവൻ നിന്നെത്തഴുകുമ്പോൾ
നാണത്താൽ നിൻ
കവിളിണ ചോന്നു തുടിക്കുമല്ലോ
കാർകൂന്തൽ കെട്ടങ്ങഴിയും നേരം
കൂരിരുൾ മൂടുന്നീ മണ്ണിലാകെ
വെണ്ണിലാ ചോലയിൽ നീരാടി നീ
ചന്ദനം ചാർത്തി ചിരി തൂകുന്നു
പൂമുല്ല പന്തലൊരുക്കിടുന്നൂ
മാനത്ത് മാലാഖമാർ നിനക്കായ്
ഈണത്തിൽ താരാട്ടുപാടുന്നു നീ
നിൻപാട്ടിലലിയുന്നു ജീവതാളം
പലവഴി പോയവർ തിരികെയെത്തി
നിൻമാറിൽ വന്നു മയങ്ങിടുന്നൂ
മുല്ലയും പിച്ചിയും നിശാഗന്ധിയും
സുഗന്ധം പരത്തുന്നു പാരിലാകെ
നിദ്രതൻ ചിറകുള്ള തേരിലേറി
സ്വപ്നലോകത്തേക്കു പറക്കുന്നു നാം…
✍️ ഷീജിത്ത് പിണറായി
