പെരുന്നാൾ, വിഷു, ക്രിസ്മസ് ഇവയൊക്കെയും ഓരോ മതത്തിന്റെ ആഘോഷമാണെങ്കിൽ, മലയാളികൾ, എല്ലാം ഒന്നിച്ചു ആഘോഷിക്കുന്ന സൗഹൃദത്തിന്റെ ആഘോഷമാണ് ഓണം. എങ്കിലും എല്ലാ വർഷവും ഓണക്കാലം ആകുമ്പോൾ, മുസ്ലികൾക്ക് ഓണം ആഘോഷിക്കാൻ പാടില്ല എന്ന്, ഏതെങ്കിലും മുസ്ലിം പണ്ഡിതന്റെ മതപ്രസംഗം സോഷ്യൽ മീഡിയകളിൽ വരികയും, അതിനെ വിമർശിച്ചും അനുകൂലിച്ചും കമെന്റുകളും വീഡിയോ റിപ്ലൈകളും കൊണ്ട് സോഷ്യൽ മീഡിയകളിൽ വലിയ ചർച്ചകളും കോലാഹലങ്ങളും ഉണ്ടാകാറുണ്ട്.
പണ്ട് കാലത്തൊക്കെ പള്ളിക്കകത്ത് വെച്ചാണ് ഇത് പോലെ ഉള്ള മതപ്രസംഗങ്ങൾ ഉണ്ടായിരുന്നത്. അന്നത് കേൾക്കാൻ വിശ്വാസികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.. കാലം മാറി.. ഇപ്പോൾ യുട്യൂബ് പോലെ ഉള്ള സോഷ്യൽമീഡിയകളിൽ കൂടിയാണ് ഇത്തരം പ്രസംഗം.. സോഷ്യൽ മീഡിയയിൽ, കേൾക്കാനും കാണാനും, മുസ്ലിംകൾ മാത്രമല്ലല്ലോ, മറ്റു മതവിശ്വാസികളും, നിരീശ്വര, യുക്തി വാദികളും ഉണ്ടാകും.. അപ്പോൾ സ്വഭാവികമായും വിവാദങ്ങൾ ഉണ്ടാകും..
എന്ത് കൊണ്ടാണ് മുസ്ലിം മതപണ്ഡിതർ ഓണാഘോഷം മുസ്ലികൾക്ക് പാടില്ല എന്ന് പറയുന്നത്.. എന്താണ് ഇതിന്റെ കാരണം.. പൊതുവെ വർഗീയത എന്ന് തെറ്റിദ്ധരിക്കപ്പെടുമെങ്കിലും, അതല്ല കാരണം.. നബിദിനം ആഘോഷിക്കുന്ന കാര്യത്തിൽ പോലും മുസ്ലിം പണ്ഡിതൻമാരിൽ വ്യത്യസ്ത അഭിപ്രായം ഉണ്ട്. നബിദിനം ആഘോഷിക്കാൻ പാടില്ല എന്നും ഒരു വിഭാഗം പറയുന്നുണ്ട്.. നടന്നു പോകുന്ന വഴിയിൽ കല്ലോ, മുള്ളോ, മറ്റു തടസ്സങ്ങളോ കണ്ടാൽ, അത് മാറ്റിയിടണം, എന്ന് പഠിപ്പിച്ച മുഹമ്മദ് നബിയുടെ ജന്മദിനം, റോഡിൽ തടസ്സങ്ങൾ സൃഷ്ടിച്ചു മറ്റു വണ്ടികൾക്ക് ബുദ്ധിമുട്ടാക്കികൊണ്ട് ആഘോഷിക്കുന്നത് ശരിയല്ല എന്നാണ് ചിലർ പറയുന്നത്. ഞാൻ ഇപ്പോൾ ഉള്ള ഖത്തർ അടക്കം, മിക്ക ഗൾഫ് രാജ്യങ്ങളിലും നബിദിനം ഇല്ല.. വർഷത്തിൽ രണ്ട് പെരുന്നാൾ മാത്രമേ ഉള്ളൂ..
ഓണം ആഘോഷിക്കരുത്, എന്ന് പറയാനുള്ള, യഥാർത്ഥ കാരണം ശിർക്ക് ആയി പോകും എന്നതാണ്. എന്താണ് ഈ ശിർക്ക്.. ബഹുദൈവാരാധന.. അല്ലാഹു അല്ലാത്ത ഒന്നിനെ ആരാധിക്കുക.. ഇതാണ് ശിർക്ക്.. ദൈവം പൊറുക്കാത്ത വലിയ തെറ്റ് ആണ് ശിർക്ക്.. വ്യഭിചാരം പോലെ ഉള്ള വലിയ പാപങ്ങൾ ചെയ്‌താൽ പിന്നീട് കുറ്റബോധം തോന്നുകയും മനമുരുകി തൗബ(കുമ്പസാരം )ചെയ്ത്, പിന്നീട് മരണം വരെ ആ തെറ്റ് ചെയ്യാതിരിക്കുകയും ചെയ്‌താൽ ഒരു പക്ഷെ ദൈവം പൊരുത്തപ്പെട്ടേക്കാം. എന്നാൽ ശിർക്ക്(ബഹുദൈവാരാധന )തൗബ ചെയ്താലും പൊറുക്കാത്ത തെറ്റാണ്.
എങ്കിലും ആരാധനയും ആഘോഷവും രണ്ടല്ലേ എന്നൊരു ചോദ്യം ഉണ്ട്.. ഓണം ആഘോഷിക്കുന്നത് ആരാധന ആകില്ലല്ലോ എന്ന് മുസ്ലിംകൾക്കിടയിൽ തന്നെ ഉള്ള ചിലർ പറയുന്നുണ്ട്.. എന്തായാലും ഇത്തരം പ്രസംഗങ്ങൾ സോഷ്യൽ മീഡിയ വഴി പറയുന്നത്, പരസ്പരമുള്ള സൗഹാർദ്ദം തകരാൻ കാരണമായേക്കാം.. അത്കൊണ്ട് തന്നെ പണ്ടത്തെ പോലെ പള്ളിയിൽ വെച്ചു തന്നെ പറയട്ടെ, ഓരോരുത്തരുടെയും യുക്തിക്ക് അനുസരിച്ചു ആഘോഷിക്കുകയോ, ആഘോഷിക്കാതിരിക്കുകയോ ചെയ്യട്ടെ.. പൊതുവെ അച്ചടക്കം പാലിക്കണം എന്നാണ് ഇസ്ലാം മതം പറയുന്നത്.. പക്ഷേ ഓണത്തിന് മാത്രം അല്ലല്ലോ, കല്യാണ വീട്ടിലും, മറ്റു ആഘോഷങ്ങളിലും മുസ്ലിം പെൺകുട്ടികളും ആൺകുട്ടികളും ഡാൻസ് കളിക്കുകയും, തുള്ളുകയും പാടുകയും ഒക്കെ ചെയ്യുന്നില്ലേ..
പറയുന്നത് ജനങ്ങളെ നന്നാക്കാൻ ആണെങ്കിൽ ഓരോ ദേശത്തെ പള്ളിയിൽ വെച്ചു പറഞ്ഞാൽ മതിയാകും. അതല്ല യുട്യൂബ് വരുമാനം പ്രതീക്ഷിച്ചാണ് എങ്കിൽ, അതിനെ വിമർശിച്ചും വീഡിയോ വരും.. എല്ലാവർക്കും വേണ്ടത് പണമാണ് പണം..
ഞങ്ങൾ പ്രവാസികൾക്ക് ഓണത്തിന് ലീവ് ഇല്ല.. അത്കൊണ്ട് തന്നെ ഇവിടെ ഓണവും വിഷുവും ഒക്കെ ആഘോഷിക്കുന്നത് പൊതു അവധിദിവസം വെള്ളിയാഴ്ചയാണ്.. ഓണത്തിന്റെ അന്ന് മിക്ക ഹോട്ടലിലും ഓണസദ്യ ഉണ്ടാകും.. ഇത്തവണ ഓണ സദ്യ കഴിക്കാൻ പറ്റിയിട്ടില്ല..
ആഘോഷിക്കാൻ സമയവും പണവും എല്ലാം ഉള്ളവർ ഇവിടെ പ്രവാസലോകത്ത് എല്ലാം ആഘോഷിക്കും.. അത് ഓണമായാലും, പെരുന്നാളായാലും, ക്രിസ്മസ് ആയാലും, എല്ലാം ഒരു പോലെ. എന്നെ സംബന്ധിച്ച് പറയുകയാണെങ്കിൽ പെരുന്നാളിന് കിട്ടുന്ന ഒരു ദിവസത്തെ അവധി പോലും നന്നായി ഉറങ്ങി തീർക്കും.. നാട്ടിൽ പോകുന്ന വരെ വേറെ അവധി ദിനങ്ങൾ ഇല്ല..
ഓണം എന്ന് കേൾക്കുമ്പോൾ എനിക്ക് കുട്ടിക്കാലത്തെ ഓർമ്മകൾ ആണ്.. എന്റെ വേലാണ്ടി തറവാട്.. ഉമ്മയും, ഉമ്മാമയും ഒക്കെ ഉള്ള കാലം.. അന്ന് അയൽവാസിയായ ചന്ദ്രേട്ടന്റെ വീട്ടിൽ നിന്ന്, ഓണത്തിന്റെ അന്ന് ഉച്ച സമയത്ത്, ഓണസദ്യയും, അടപ്രഥമനുംപാലടയും ഒക്കെയായി, ചന്ദ്രേട്ടന്റെ ഭാര്യ നിർമലേച്ചി വരും.. പെരുന്നാളിന്, അങ്ങോട്ടും ബിരിയാണിയും പായസവും ഒക്കെ കൊണ്ട് പോകും.. ചന്ദ്രേട്ടന്റെ കല്യാണ ദിവസം, എന്റെ വീടിന്റെ മുമ്പിലെ ഇടവഴിയിലൂടെ കല്യാണ പെണ്ണായി നടന്നു വരുന്ന നിർമലേച്ചിയെ ഇപ്പോഴും എനിക്ക് ഓർമ്മയുണ്ട്. ഇപ്പോൾ ആ ഇടവഴിയിലൂടെ ആരും യാത്ര ചെയ്യാത്തത് കൊണ്ട് അവിടെയാകെ കാട് പിടിച്ചു. ഇപ്പോൾ ഒരു ടു വീലർ എങ്കിലും ഇല്ലാത്ത വീട് ഇല്ലല്ലോ.. കാൽനടയാത്ര കുറഞ്ഞപ്പോൾ, മുമ്പ് യാത്ര ചെയ്ത പല വഴികളും കാട് പിടിച്ചു.. ഒപ്പം, അസുഖങ്ങളും കൂടി.
കുട്ടിക്കാലത്തെ ഏറ്റവും വലിയ സന്തോഷം ഓണത്തിന് കുറേ സിനിമകൾ റിലീസ് ആകും എന്നതാണ്.. മമ്മൂട്ടി, മോഹൻലാൽ ഇവരുടെ സിനിമകൾക്ക് തിക്കും തിരക്കും കൂട്ടി ക്യൂ നിന്ന് സിനിമ കണ്ടതൊക്കെ ഇപ്പോഴും മധുരിക്കുന്ന ഓർമ്മകൾ ആണ്. ഇന്ന് വേലാണ്ടി തറവാടും, ഉമ്മയും ഉമ്മാമയും ഒന്നും ഇല്ല. എല്ലാം ഓർമ്മകൾ മാത്രമായി.. ഞാൻ മറ്റൊരു നാട്ടുകാരൻ ആയെങ്കിലും, എപ്പോഴും നാട്ടിൽ പോയാൽ ജനിച്ചു വളർന്ന നാട്ടിലേക്ക് ഒന്ന് പോകും.. കുട്ടിക്കാലത്തെ ഓർമ്മകൾ ഒന്ന് അയവിറക്കാൻ.. കാലംപിന്നിട്ട ദൂരത്തേക്ക് തിരികെ പറന്നിരുന്നുവെങ്കിൽ എന്ന് വെറുതെ മോഹിച്ചു പോകാറുണ്ട്..
പണ്ടത്തെ ആ സൗഹൃദങ്ങൾ എന്നും ഉണ്ടാകട്ടെ.. അവരവരുടെ വിശ്വാസങ്ങൾ മുറുകെപിടിച്ചു തന്നെ, പരസ്പരം സ്നേഹിച്ചും, സഹായിച്ചും, സൗഹാർദ്ദത്തോടെ കഴിയാൻ എല്ലാവർക്കും കഴിയട്ടെ എന്ന പ്രാർത്ഥനയോടെ എല്ലാവർക്കും ഓണാശംസകൾ നേർന്നു കൊണ്ട് നിറുത്തുന്നു.
#ഓണംവന്നല്ലോ
#കൂട്ടക്ഷരങ്ങൾ
Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.

