ആ നീലവെളിച്ചം എന്റെ കണ്ണിലേയ്ക്ക് അതിശക്തമായി പതിച്ച നിമിഷം ഞാൻ തിരികേ ബോധത്തിലേക്ക് വന്നു, ഈ നേരമത്രയും കണ്ണീരൊഴുക്കിക്കൊണ്ട് തെരുവിലൂടെ നടക്കുകയായിരുന്നു എന്ന് തെല്ല് ജാള്യതയോടെ ഞാനോർത്തു.
നീലവെളിച്ചത്തിൽ നിന്നും മാറി നടക്കുന്തോറും അതെന്നെ പിന്തുടർന്നു, തെല്ലൊരങ്കലാപ്പിൽ ഞാൻ നടത്തം ഓട്ടത്തിലേക്ക് വഴിമാറ്റി.
എന്തിനാണ് നീയെന്നെ ഭയക്കുന്നത്?
ആ വെളിച്ചം എന്നോട് മനുഷ്യന്റെ സ്വരത്തിൽ ചോദിക്കുന്നു.
ഞാൻ ചെവി പൊത്തി.
എനിക്ക് ഭയമാണ്.
മാനുഷികമായതെല്ലാം, യാന്ത്രികമായതെല്ലാം അസ്ഥിരമായതെല്ലാം, മായികമായതെല്ലാം, എനിയ്ക്ക് ഭയമാണ്.
ഞാൻ മനുഷ്യനല്ലല്ലോ.
അത് വീണ്ടും ചോദിയ്ക്കുന്നു,മനുഷ്യ സ്വരത്തിൽ തന്നെ.
ഞാൻ തളരുന്നു.
പക്ഷേ നിന്റെ ശബ്ദം മനുഷ്യന്റേതാണ്.
നീയൊരു മനുഷ്യനിർമ്മിതിയാണ്. എത്ര ദയാവായ്പോടെ നീ സംസാരിച്ചാലും അത് മാറുന്നേയില്ല.
ഇത്തവണ നീല വെളിച്ചം തെല്ല് വിളറി. പിന്നെയത് മഞ്ഞയായി, പിന്നെ പച്ച ഒടുവിൽ ചുമപ്പ്.
ഇപ്പഴോ?
അത് നിസ്സഹായതയുടെ സ്വരത്തിൽ ചോദിയ്ക്കുന്നു.
എനിയ്ക്കൊന്നും പറയാനില്ലായിരുന്നു.
