പറയുന്നതും പ്രവർത്തിക്കുന്നതും എല്ലാം വിവാദമാകുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. അധ്യാപകൻ കുട്ടിയെ ശാസിച്ചാലും ശാസിച്ചില്ലെങ്കിലും കുറ്റം; മാതാപിതാക്കൾക്ക് പോലും മക്കളെ നേർവഴിക്കു നടത്താൻ ബുദ്ധിമുട്ട്. സോഷ്യൽ മീഡിയയുടെ അതിപ്രസരം കാരണം വാക്കും നോട്ടവും പെരുമാറ്റവും ചിരിയും വരെ വിവാദമാകുന്നു. ജനപ്രതിനിധികളും സാമൂഹ്യപ്രവർത്തകരും സിനിമാപ്രവർത്തകരും പലപ്പോഴും ഇതിന്റെ ഇരകളാകുന്നു. പ്രത്യേകിച്ച് ടെലിവിഷൻ ചർച്ചകളിൽ റേറ്റിങ്ങിനായി സത്യാസത്യങ്ങൾ പരിശോധിക്കാതെ വിവാദങ്ങൾ ആഘോഷമാക്കുന്നു. നിമിഷങ്ങൾക്കകം അവ സമൂഹത്തിൽ വ്യാപിക്കുകയും, ബന്ധപ്പെട്ട വ്യക്തിയുടെയും കുടുംബത്തിന്റെയും മനഃസമാധാനം തകർക്കുകയും ചെയ്യുന്നു. സത്യം തെളിയുമ്പോഴേക്കും സ്വത്തും പദവിയും അന്തസ്സും നഷ്ടപ്പെടുന്നവരുണ്ട്; ചിലർ മാനസികമായി തകരുകയും കുടുംബബന്ധങ്ങൾ ശിഥിലമാകുകയും ചെയ്യുന്നു.
വിവാദങ്ങൾ രാഷ്ട്രീയമോ വ്യക്തിപരമോ ആയ കാരണങ്ങളാൽ ഉണ്ടാകാം. എന്നാൽ എടുത്തുചാടി ഒന്നും വിശ്വസിക്കാതെ സത്യം പരിശോധിക്കണം. ജാതിയുടെയും മതത്തിന്റെയും പേരിലുള്ള തർക്കങ്ങൾ ഒഴിവാക്കി പരസ്പരം സ്നേഹിക്കുകയും ബഹുമാനിക്കുകയും വേണം. ഈ ജനാധിപത്യ രാജ്യത്ത് വ്യക്തിസ്വാതന്ത്ര്യത്തിന് വിലയുണ്ട്. മറ്റുള്ളവർക്ക് ഭീഷണിയല്ലാത്തിടത്തോളം ഓരോരുത്തർക്കും ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും വസ്ത്രം ധരിക്കാനും സ്വന്തം മതവിശ്വാസങ്ങളും ആചാരങ്ങളും പിന്തുടരാനും അവകാശമുണ്ട്. മനഃസമാധാനവും സാമൂഹിക ഐക്യവും നിലനിർത്താൻ വിവേകവും സഹിഷ്ണുതയും ഓരോരുത്തരും പുലർത്തണം.
