ട്രെയിൻ ട്രാക്കിലേക്ക് ചാടാൻ നിന്ന എന്നെ ശക്തിയായി പിന്നിലേക്ക് വലിച്ചിട്ടത് വരുണായിരുന്നു.
എന്റെ ശ്വാസമൊന്ന് നേരെ വീഴും മുൻപേ അവന്റെ ശബ്ദം ഉയർന്നു.
“ഹൃദയ്! എന്തിനാടാ ഈ മണ്ടത്തരം? നിന്റെ പേരിനെ തന്നെ നാണം കെടുത്തരുത്. ഞാൻ കണ്ടില്ലായിരുന്നെങ്കിൽ നീയിപ്പോൾ പരലോകത്ത് എത്തിയേനെ! ചാവാനല്ല, ജീവിച്ചു കാണിക്കാനാണ് നട്ടെല്ല് വേണ്ടത്. ചെയ്യാത്ത കുറ്റത്തിനാണ് നിന്റെ കുടുംബം നിന്നെ തള്ളിപ്പറഞ്ഞതെങ്കിൽ പോട്ടെ പുല്ല് എന്ന് വയ്ക്കണം. വരുന്നിടത്തു വെച്ചു കാണാമെന്ന് പറഞ്ഞ് ജീവിച്ചു കാണിക്കണം. സ്നേഹിച്ച പെണ്ണ് പോലും നിന്നെ അവിശ്വസിച്ചെങ്കിൽ അവളെയും മറന്നേക്കുക. എല്ലാം നല്ലതിനെന്ന് കരുതുക. ദാ, ആ വരുന്ന ലോറിയിൽ കയറി പൊയ്ക്കോ. ഈ പൈസ കൈയിൽ വെച്ചോളൂ.”
കണ്ണീരോടെ ഞാൻ ആ പണം വാങ്ങി. “ടാ വരുണേ, ഈ കടം എങ്ങനെ വീടുമെന്ന് എനിക്കറിയില്ല. ഒരു ലക്ഷ്യവുമില്ലാതെയാണ് ഞാൻ പോകുന്നത്. പക്ഷേ ഒന്നോർത്തോ, ഒരുനാൾ നിന്നെ ഞാൻ എന്റെ കൂടെച്ചേർക്കും, എനിക്ക് പിറക്കാതെ പോയ കൂടപ്പിറപ്പായി. ഞാൻ മരിക്കില്ലടാ, അന്തസ്സായി ജീവിച്ചു കാണിക്കും!”
അന്ന് ഹൃദയ് എവിടെപ്പോയി എന്ന് അന്വേഷിക്കാൻ ആരുമുണ്ടായിരുന്നില്ല. അവൻ മരിച്ചാലും ആർക്കും ഒന്നുമില്ലെന്ന മട്ടായിരുന്നു എല്ലാവർക്കും.
കാലം ആരെയും കാത്തുനിൽക്കാതെ കടന്നുപോയി. വരുണിന്റെ ജീവിതത്തിൽ കുടുംബവും പ്രാരാബ്ധങ്ങളും നിറഞ്ഞു. ജീവിക്കാനുള്ള വഴികളെല്ലാം അടഞ്ഞുവെന്ന് തോന്നി, ആത്മഹത്യയെക്കുറിച്ച് വീണ്ടും ചിന്തിച്ച ഒരു നിമിഷത്തിലാണ് ദൈവദൂതനെപ്പോലെ അവൻ കടന്നുവന്നത്— ഹൃദയ്, മുഖത്തൊരു നിറപുഞ്ചിരിയോടെ!
ആഡംബര കാറിൽ നിന്നിറങ്ങിയ അവനെ പെട്ടെന്ന് വരുണിന് മനസ്സിലായില്ല. എന്നാൽ, ഓടിവന്ന് കെട്ടിപ്പിടിച്ച് “സുഖമാണോടാ?” എന്ന് ചോദിച്ചപ്പോൾ വരുണിന്റെ കണ്ണുകൾ നിറഞ്ഞു.
ഹൃദയ് അവന്റെ കൈയിലേക്ക് ഒരു കവർ വെച്ചുകൊടുത്തു. “ഞാൻ നടത്തുന്ന ചായക്കടയുടെ രണ്ടാമത്തെ ഔട്ട്ലെറ്റ് ഇവിടെ തുടങ്ങുകയാണ്. അതിന്റെ മെയിൻ ആൾ നീയാണ്! ഇതാ നിന്റെ അഡ്വാൻസ്. നീ ഇപ്പോൾ സംസാരിക്കാൻ പറ്റിയ അവസ്ഥയിലല്ലെന്ന് എനിക്കറിയാം. എന്റേതെന്ന് കരുതിയ കുടുംബം ഒരു ചെറിയ തെറ്റിദ്ധാരണയുടെ പേരിൽ എന്നെ തള്ളിപ്പറഞ്ഞു. അമ്മാവന്റെ മകളെ ഞാൻ കയറിപ്പിടിച്ചെന്ന് ആരോപിച്ചപ്പോൾ എന്റെ ഹൃദയം പൊട്ടി. അന്ന് നീയാണ് എന്നെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ആര് മറന്നാലും ഞാൻ ഒന്നും മറക്കില്ലടാ.”
ഹൃദയ് തുടർന്നു: “നീ കയറ്റിവിട്ട ലോറി ചെന്നെത്തിയത് തമിഴ്നാട്ടിലെ ഒരു വണ്ടിത്താവളത്തിലായിരുന്നു. നീ തന്ന പൈസ ഉപയോഗിച്ച് 8 രൂപ നിരക്കിൽ ഞാൻ അവിടെ ചെറിയൊരു ചായക്കട തുടങ്ങി. അവിടെയുള്ളവർ എന്നെ ഒരുപാട് സഹായിച്ചു. ഒറ്റ മാസം കൊണ്ട് കട ഹിറ്റായി. ബിസിനസ്സ് പച്ചപിടിച്ചു. ഇതിനിടയിൽ നാട്ടിൽ നിന്നും അമ്മ വിളിച്ചിരുന്നു. അമ്മാവന്റെ മകളെ പ്രണയിച്ച് ഒളിച്ചോടിയവൻ മൂന്നു മാസം കഴിഞ്ഞപ്പോൾ അവളെ കൊന്നു എന്ന വാർത്തയും, എന്റെ മേലുള്ള തെറ്റിദ്ധാരണകൾ മാറിയെന്ന കാര്യവും അമ്മ പറഞ്ഞു. പക്ഷേ, എനിക്ക് തിരികെ പോകേണ്ടിയിരുന്നില്ല. എന്റെ കൂടെ എന്നും എപ്പോഴും കൂടെ വേണമെന്ന് എനിക്ക് തോന്നിയത് നിന്നെയാണ്.”
വരുണിന്റെ തോൾചേർത്ത് പിടിച്ച് ഹൃദയ് പറഞ്ഞു: “നീ പിറക്കാതെ പോയ എന്റെ കൂടപ്പിറപ്പാണ്. നിന്റെ പേരിൽ ഞാൻ വാങ്ങിയ വീടും നിനക്ക് സ്വന്തം. വാടാ… ഇനി നമുക്ക് ഒരുമിച്ച് പുതിയൊരു യാത്ര ആരംഭിക്കാം!”
#എന്റെരചന #കൂട്ടക്ഷരങ്ങൾ #ഒരു നിമിഷം വൈകിയിരുന്നെങ്കിൽ

