അകത്തളത്തിൽ കർപ്പൂരത്തിന്റെയും ചന്ദനത്തിന്റയും ഗന്ധം പരന്നപ്പോൾ കണ്ണ് തുറന്നു നോക്കി. നേരം വെളുത്തു വരുന്നു.. തെച്ചിയും തുളസി യും മഞ്ഞ മന്ദാരവും വെള്ള മന്ദാരവും എല്ലാം സമൃദ്ധമായി കോർത്ത മാല കണ്ണന് ചാർത്തി നില വിളക്ക് കൊളുത്തി കൈ കൂപ്പി നിൽക്കുന്ന ടീച്ചറിനെ ആണ് കാണുന്നത്. നല്ല കണി തന്നെ. ഇത്ര നേരത്തെ എണീറ്റു കുളിയും കഴിഞ്ഞോ?
ഞാൻ എണീറ്റുവെന്നു കണ്ടപ്പോൾ ടീച്ചർ പറഞ്ഞു… എനിക്ക് എന്നും നേരത്തെ എണീക്കുന്ന ശീലമാണ്. കുട്ടി കുളിച്ചിട്ടു വാ. ഞാൻ കാപ്പി ഉണ്ടാക്കാം. കുട്ടനെയും ഉണർത്താം. നിങ്ങൾക്ക് പോകണമല്ലോ.
ശരി…
ടീച്ചറിന്റെ അടുത്തൂടെ കടന്നു പോയപ്പോൾ തുളസിയില ഇട്ടു കാച്ചിയ എണ്ണയുടെ സുഗന്ധം വേർതിരിച്ചറിഞ്ഞു.
.
ഞങ്ങൾ ഒരുങ്ങി ഇറങ്ങാൻ നേരം ഒരു സെറ്റ് മുണ്ടും നേര്യതും എടുത്ത് ടീച്ചറിന്റെ കയ്യിൽ വെച്ചു കൊടുത്തു.
ഇതെന്താ? ഇതെപ്പോ സംഘടിപ്പിച്ചു? ടീച്ചർ ചോദിച്ചു.
ഞങ്ങൾ ഇന്നലെ അച്ഛന്റെ സ്കൂളിൽ നിന്ന് ഇറങ്ങി ഇങ്ങോട്ട് വരുന്നതിനു മുമ്പ് ടൗണിൽ ഒന്നു ചുറ്റി കറങ്ങി.
“ഞങ്ങൾ ഇനിയും വരും. അമ്മയുടെ കൂടെ ഒന്നു രണ്ട് ദിവസമെങ്കിലും താമസിക്കണം. കൃഷ്ണന്റെ അമ്പലത്തിൽ പോകാൻ ഒത്തില്ലല്ലോ. ഇനി വരുമ്പോൾ എല്ലായിടത്തും പോകണം.’അമ്മ’ എന്നു വിളിച്ചതിൽ ഇഷ്ടക്കുറവ് ഒന്നും ഇല്ലല്ലോ അല്ലേ.”
“മാഷിന്റെ മകൾ എനിക്കു മകൾ തന്നെ ആണ്.”
ടീച്ചറിന്റെ കണ്ണുകൾ ഈറനണിഞ്ഞോ?
“അമ്മയുടെ വാക്കുകളിലൂടെ കേട്ടറിഞ്ഞ അച്ഛന്റെ സ്‌മൃതികൾ എന്റെ നെഞ്ചിൽ എന്നും കാണും.” ഞാൻ പറഞ്ഞു.
ടീച്ചർ ഒന്നു പുഞ്ചിരിച്ചതെ ഉള്ളു.
പെട്ടെന്ന് എനിക്ക് ഒരു കുസൃതി തോന്നി.
ഞാൻ കുറച്ചൂടെ അടുത്തു ച്ചെന്നു ചോദിച്ചു…
“ഞാൻ ഒരു കാര്യം ചോദിക്കട്ടെ. നിങ്ങൾ തമ്മിൽ പ്രണയമുണ്ടായിരുന്നോ?”
ടീച്ചർ ഒന്നാലോചിച്ചിട്ട് പറഞ്ഞു..
“പ്രണയമുണ്ടായിരുന്നോന്ന് ചോദിച്ചാൽ കുട്ടി വിചാരിക്കുന്ന പോലെയുള്ള പ്രണയം ആയിരുന്നില്ല… പക്ഷേ ഭൂമിക്കും പ്രകൃതിക്കും ആകാശത്തിനും ഒക്കെ തമ്മിൽ ഒരു പ്രണയമില്ലേ, ഒരു താളമില്ലേ? ശ്രദ്‌ധിക്കുന്നവർക്ക്….. അത് കേൾക്കാൻ ശ്രമിക്കുന്നവർക്ക് അതു മനസ്സിലാകും . അത് ഞങ്ങൾ തമ്മിലും ഉണ്ടായിരുന്നു.”
“ഞങ്ങളുടെ സായന്തനങ്ങളിൽ പരസ്പരം കൂട്ട് ആവാം എന്ന് ഞങ്ങൾ നിശ്ചയച്ചിരുന്നു . പക്ഷേ.. മാഷ് കാത്ത് നിന്നില്ല..”
“ഉപാധികളില്ലാത്ത സ്നേഹം പൊതിഞ്ഞു നിൽക്കുന്നു….. എന്ന തോന്നലിൽ ജീവിതം വളരെ വ്യത്യസ്തമായ ഒരു അനുഭവമാകുന്നു. ഹൃദയത്തിൽ പ്രകാശം ഉള്ളവർക്ക് കൃത്യമായി ആ സ്നേഹം പരസ്പരം പകർന്നു നൽകാൻ കഴിയും.”
ടീച്ചർ ഓർമകളിൽ മുഴുകി…. പതുക്കെ പറഞ്ഞു നിർത്തി..
“അച്ഛന് വേണ്ട സമയങ്ങളിൽ ഒക്കെ താങ്ങായിരുന്നതിനും,ചേർത്ത് പിടിച്ചതിനും, ശുശ്രൂഷിച്ചതിനും ഒക്കെ എങ്ങനെ ആണ് നന്ദി പറയേണ്ടത്? വെറും വാക്കുകൾ കൊണ്ട് അതിന്റെ മഹത്വം കുറയ്ക്കുന്നില്ല. ”
കുട്ടേട്ടൻ ധിറുതി കൂട്ടി. “നിനക്ക് ഇന്ന് ഓഫീസിൽ പോണെങ്കിൽ ഇപ്പോൾ ഇറങ്ങണം ..”
ഗേറ്റ് കിടന്നപ്പോൾ തിരിഞ്ഞു നോക്കി. ഞങ്ങളെ നോക്കികൊണ്ട് വിഷണ്ണയായി വരാന്തയിൽ നിൽക്കുന്ന ടീച്ചർ….
“എന്താണ് രാവിലെ തന്നെ ഉഷാർ ഇല്ലാതെ?മനസ്സ് കളഞ്ഞു പോയ പോലെ? പെ ട്ടെന്ന് നടക്ക് പെണ്ണേ. കുറച്ചു കഴിഞ്ഞാൽ വണ്ടിയിൽ തിരക്ക് കൂടും..”
“ഉം… ശരി.”
എന്നെ ഹോസ്റ്റലിൽ വിട്ടിട്ട് നാട്ടിലേക്ക് പോകാൻ ഇറങ്ങിയ കുട്ടേട്ടനോട് പറഞ്ഞു..
“വൈകുന്നേരങ്ങളിൽ കുറച്ചു കുട്ടികൾക്ക് ടീച്ചർ ട്യൂഷൻ കൊടുക്കുന്നുണ്ട്. രാത്രിയിൽ കൂട്ട് കിടക്കാൻ ഒരു ചേച്ചി വരുമെന്നാ പറഞ്ഞത്. അപ്പുറത്തെ വീട്ടുകാരുടെ ഒരു ബന്ധു. അവരുടെ മകൻ ആർമിയിൽ ആണ്. അവർക്കും വേറെ ആരുമില്ല.”
“അത്യാവശ്യം വീട്ടുജോലികളിലും സഹായിക്കും. അച്ഛനുള്ളപ്പോഴും അവർ വരുമായിരുന്നു.അച്ഛൻ ആശുപത്രിയിൽ കിടന്നപ്പോൾ ഭക്ഷണം കൊണ്ട് കൊടുത്തതും വീട് നോക്കിയതും ആ ചേച്ചി ആയിരുന്നു. ഇന്നലെ നമ്മൾ ചെല്ലുമെന്നറിഞ്ഞത് കൊണ്ടാണ് അവർ എന്തോ അത്യാവശ്യ കാര്യത്തിന് പോയത്.”
“ടീച്ചർ ഇതൊക്ക എപ്പോ പറഞ്ഞു?”
“ഉറങ്ങാൻ കിടന്നപ്പോൾ..”
“ടീച്ചറിന്റെ സംസാരം കേട്ടിരിക്കാൻ കൊള്ളാം. ഇടക്കൊക്കെ കുറച്ചു ഫിലോസഫിക്കൽ ആകുമെന്നേ ഉള്ളു.”
“ചുരുക്കത്തിൽ ടീച്ചറിനെ ഇഷ്ടപ്പെട്ടു? ഉം…
“ആരെയും ആകർഷിക്കുന്ന ഒരു വ്യക്തിത്വമല്ലേ? കുട്ടേട്ടന് തോന്നിയില്ലേ?”
“അതാണ് മോളേ, നിന്നെയും കൊണ്ട് ഞാൻ അവിടെ പോയത്. എനിക്കറിയാമായിരുന്നു നിനക്ക് ടീച്ചറിനെ ഇഷ്ടമാകുമെന്ന്…”
“പിന്നെ. നമ്മുടെ ഈ യാത്രയുടെ കാര്യം അപ്പച്ചി ഇപ്പോൾ അറിയണ്ട. പിന്നീട് പറയാം. അച്ഛനും മുത്തശ്ശിയും അങ്ങനെ യാണ് പറഞ്ഞത്.”
ഞാൻ തലയാട്ടി.
വീണ്ടും എന്തോ പറയാൻ തുടങ്ങിയപ്പോൾ എന്റെ കണ്ണുകളിലേക്ക് പ്രണയപൂർവം നോക്കിയിട്ട് ചോദിച്ചു.
“ഉം. എന്തേ കൊച്ചുവർത്താനം പറഞ്ഞു പിടിച്ചു നിർത്താനാണോ ഉദ്ദേശ്യം? ഇപ്പോഴെങ്കിലും ഇറങ്ങിയാലേ ബസ് ഒക്കെ കിട്ടി എനിക്കു കുടുംബത്തു എത്താൻ ഒക്കു. നീ അടുത്ത ആഴ്ച അങ്ങോട്ട് തന്നല്ലേ വരുന്നത്?”
“ഇന്നലെ ടീച്ചറിനോട് എന്താ പറഞ്ഞെ? ഞങ്ങൾ പ്രണയകാലം ആഘോഷിക്കുകയാണെന്ന് അല്ലേ? ഒന്നു നേരെ ചൊവ്വേ കാണാൻ പോലും കുട്ടേട്ടനെ കിട്ടുന്നില്ല. ”
“പ്രണയം സൂക്ഷിക്കാൻ, നിലനിൽക്കാൻ സുഖപ്രദമായ ഒരകലം നല്ലതാണെന്നു ഞാൻ എവിടെയോ വായിച്ചു.”….കുട്ടേട്ടൻ
“ശരി ശരി, നീ നോക്കി പേടിപ്പിക്കേണ്ട.”
“അതിനാണു മോളേ കല്യാണം ആറു മാസം കഴിഞ്ഞു നടത്തുന്നത്. നമുക്ക് പ്രണയിച്ചു നടക്കാൻ.”
“അല്ലാതെ വീട് മോടി പിടിപ്പിക്കാൻ അല്ല അല്ലേ? ”
“ഇനി ഇവിടെ നിന്നാൽ ശരിയാകില്ല. നീ ഓഫീസിൽ പോകാൻ നോക്ക്.. പെണ്ണേ ”
അടുത്ത ശനിയാഴ്ച ആകാൻ കാത്തിരിക്കയായിരുന്നു. ചെന്നപ്പോഴേ അമ്മമ്മയോട് ടീച്ചറിനെ കണ്ടതും ടീച്ചർ പറഞ്ഞ കാര്യങ്ങളും ഒക്കെ വിസ്തരിച്ചു പറഞ്ഞു കേൾപ്പിച്ചു.
“ടീച്ചറിനെ ഇങ്ങോട്ടൊന്നു ക്ഷണിക്കണമെന്നുണ്ട്. അമ്മ എന്തു പറയുമോ ആവോ.”
“എന്തായാലും കല്യാണത്തിന് വിളിക്കണമല്ലോ.” അമ്മമ്മ.
“അമ്മ ഇങ്ങനെ ഉൾവലിഞ്ഞത് എന്നു മുതലാണ്?എനിക്ക് അറിയാവുന്ന അമ്മമ്മയും മുത്തശ്ശനും ഒന്നും ഇത്ര പതിഞ്ഞ സ്വഭാവം ഉള്ളവരല്ലല്ലോ. പിന്നെ അമ്മ മാത്രം എന്തേ ഇങ്ങനെ?”
ഒരു നിമിഷം എന്തോ ആലോചനയിൽ മുഴുകിയ അമ്മമ്മ എന്റെ നേരെ നോക്കി പറഞ്ഞു തുടങ്ങി.
“മുത്തശ്ശന്റെ സ്വന്തക്കാരും ബന്ധുക്കളും ഒന്നും ഈ നാട്ടിൽ അല്ലായിരുന്നല്ലോ. ഇത് എന്റെ നാടല്ലേ. രണ്ട് മക്കളാണ് എന്റെ അച്ഛനും അമ്മയ്ക്കും. എന്റെ ചേട്ടൻ ഏടത്തിയുടെ വീട്ടിൽ ആണ് താമസിക്കുന്നത്. ”
.”വേനലവധിക്കു സ്കൂൾ അടക്കുമ്പോൾ മാത്രം ആണ് ചേട്ടന്റെ മക്കൾ ഇവിടെ വന്നു താമസിക്കുന്നത്. ചെറുപ്പം മുതലേ ശ്യാമള എന്നും ഒറ്റക്കായിരുന്നു. ചേട്ടന്റെ മക്കൾ ഇവിടെ വന്നാൽ പോലും അവൾ അവരുടെ കൂടെ അധികം പോവൂല്ല. ഒന്നുകിൽ അവൾ തന്നെ കളിക്കും. അല്ലെങ്കിൽ പശുക്കുട്ടിയുടെയോ ആട്ടിൻകുട്ടികളുടെയോ കൂടെ കളിക്കും. ഒരു ബന്ധു വീട്ടിലും അവൾ പോവൂല്ല. അവളെ എങ്ങും വിടാൻ അവളുടെ അച്ഛൻ സമ്മതിക്കയുമില്ലായിരുന്നു.”
“ശ്യാമള പഠിക്കാൻ മിടുക്കിയായിരുന്നു. പത്താം ക്ലാസ്സിൽ അവളായിരുന്നു അവരുടെ ക്ലാസ്സിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിച്ചത്. തുടർന്നു പഠിക്കണമെന്നും കോളേജിൽ പോകണമെന്നും അവൾ ഇവിടെ പറഞ്ഞു. അവളുടെ അച്ഛൻ സമ്മതിച്ചില്ല. നമുക്ക് പട്ടണത്തിലുള്ള കോളേജിൽ വിട്ടു പഠിപ്പിക്കാൻ നിവർത്തിയില്ലായിരുന്നു. അവളുടെ ക്ലാസ്സിൽ ഉള്ള എല്ലാ കുട്ടികളും പഠിക്കാൻ പോയി.അത് അവളെ വല്ലാതെ തളർത്തി.”
“അന്നൊന്നും അവൾ ആരോടും ഒന്നും പറഞ്ഞില്ല. നിന്റെ അപ്പച്ചി മാലതിയെ കോളേജിൽ വിട്ടു പഠിപ്പിക്കുന്ന കാര്യം നിന്റെ അച്ഛൻ ഇവിടെ പറഞ്ഞിരുന്നു.. മാലതിക്ക് പഠിക്കാൻ ഒട്ടും താല്പര്യമില്ലെന്നും നിന്റെ അച്ഛൻ നിർബന്ധിച്ചു പഠിപ്പിക്കയാണെന്നും ഒക്കെ അറിഞ്ഞപ്പോൾ അവൾ സുമംഗലയോട് പരിഭവം പറഞ്ഞു. അവളുടെ അച്ഛൻ മനഃപൂർവം പഠിപ്പിക്കാഞ്ഞതാണെന്നും ഇവിടുത്തെ അത്രയും പോലും സാമ്പത്തിക സ്ഥിതി ഇല്ലാത്ത അവളുടെ കൂട്ടുകാർ ഒക്കെ പഠിക്കാൻ പോയെന്നും.”
“അവളെ പഠിപ്പിക്കാൻ വിടാഞ്ഞത് കൊണ്ട് അവൾക്ക് അവളുടെ അച്ഛനോടു ഭയങ്കര വാശിയായിരുന്നു.”
“മുത്തശ്ശന് വേണമെങ്കിൽ അമ്മയെ വല്യമ്മാവന്റെ വീട്ടിൽ നിർത്തി പഠിപ്പിക്കാമായിരുന്നു. ” ഞാൻ പറഞ്ഞു.
“മുത്തശ്ശന്നു അതൊന്നും ഇഷ്ടമില്ല. പെൺകുട്ടികളെ അന്യ വീട്ടിൽ കൊണ്ട് പോയി താമസിപ്പിക്കുന്നത് ശരിയല്ല എന്നാണ് അദ്ദേഹം പറയുന്നത്. “അമ്മമ്മ.
“വല്യമ്മാവൻ അന്യനല്ലല്ലോ. വെറുതെയല്ല അവിടുന്നാരും ഇങ്ങോട്ട് വരാത്തത്.”
“അതു പോട്ടെ….അമ്മമ്മ മുത്തശ്ശനോട് പറഞ്ഞില്ലേ അമ്മയെ പഠിപ്പിക്കാൻ?”
“അവൾ അന്നും ഇന്നും മനസ്സിലുള്ളത് പുറത്തു പറയില്ല. നമ്മൾ മനസ്സിലാക്കി ചെയ്യണം എന്നാണ് അവൾ ആഗ്രഹിക്കുന്നത്. ഞാൻ സത്യത്തിൽ അവളുടെ പഠനത്തെ കുറിച്ച് ഒന്നും അന്നു ചിന്തിച്ചില്ല എന്നതാണ് സത്യം. മുത്തശ്ശന്റെ ചിട്ടവട്ടങ്ങളും പറമ്പിലും പാടത്തും ഉള്ള പണികളും വീട്ടുജോലികളും ഒക്കെ ആയി നെട്ടോട്ടം ഓടുന്ന കാലമായിരുന്നു അത്.”
“പിന്നീട് രഘുവരനുമായുള്ള അവളുടെ കല്യാണം ഒക്കെ കഴിഞ്ഞപ്പോൾ രഘുവിൽ നിന്നാണ് പഠനത്തിന്റെ പ്രാധാന്യത്തെ കുറിച്ചു ഞാൻ മനസ്സിലാക്കിയത്.”
“രഘുവുമായുള്ള കല്യാണത്തിന് മുത്തശ്ശൻ താല്പര്യപ്പെട്ടത് തന്നെ രഘുവിന്റെ സ്വഭാവവും ജോലിയും ഒക്കെ കണ്ടു കൊണ്ടാണ്. മകളുടെ ഭാവി ഭദ്രമാണല്ലോ എന്നു കരുതിയിരുന്ന മുത്തശ്ശൻ അവരുടെ പൊരുത്തക്കേടുകൾ കണ്ട് മനസുരുകിയാണ് മരിക്കുന്നതുവരെ കഴിഞ്ഞത്.”
“എന്താണ് അവളുടെ മനസ്സിലെന്നു എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല.”
“നിന്റെ അച്ഛനെ പരിചയപ്പെട്ടിട്ടുള്ളവരെല്ലാം നല്ല അഭിപ്രായം മാത്രമേ പറഞ്ഞു കേട്ടിട്ടുള്ളു. വരദ പറഞ്ഞത് പോലെ വളരെ ശാന്തമായ പ്രകൃതം.. ”
“പിന്നെ മോളേ… മറ്റുള്ളവർക്ക് നിസ്സാരമെന്നു തോന്നുന്ന കുഞ്ഞു കുഞ്ഞു കാര്യങ്ങൾ കൊണ്ട് പോലും ചില സന്ദർഭങ്ങളിൽ ഭാര്യാഭർത്താക്കന്മാർക്ക് അകൽച്ച ഉണ്ടാകാം. എല്ലാവരുടെയും മനസ്സ് ഒരു പോലല്ലല്ലോ.”
“ഒക്കെ ശരിയാണ് അമ്മമ്മേ. പറഞ്ഞു തീർക്കാമായിരുന്ന ചെറിയ പ്രശ്നങ്ങൾ ഊതി പെരുപ്പിച്ചു രണ്ട് വ്യക്തികൾ അവരവരെ തന്നെ നഷ്ടപ്പെടുത്തി. എനിക്ക് അനാഥത്വം നൽകി.. അതുകൊണ്ട് ആര് .. എന്തു നേടി?”
“സുഖമില്ലാതിരുന്ന സമയത്ത് അച്ഛന് താങ്ങും തണലും ആയത് സ്വന്തക്കാരും ബന്ധുക്കളും ഒന്നുമല്ല. വരദ ടീച്ചറും സ്കൂളിലെ അധ്യാപകരും നാട്ടുകാരും ഒക്കെ ആണ്. വരദ ടീച്ചറിനെ ഞാൻ മനസ്സ് കൊണ്ട് നമിക്കുന്നത് അതുകൊണ്ടാണ്.”
“ദേവൂനെ ഒന്നു കണ്ടിട്ട് വരാം അമ്മമ്മേ. ഞാൻ എഴുന്നേറ്റു മുറ്റത്തേക്ക് ഇറങ്ങി.
“ദേവൂനെ മാത്രേ കാണുകയുള്ളോ മോളേ.”
അമ്മമ്മ ചെറു ചിരിയോടെ ചോദിച്ചു..
ഉം.. ഞാൻ നിഷ്കളങ്ക ചമഞ്ഞു..
ഈ അമ്മമ്മ ആള് കൊള്ളാമല്ലോ..
“വരദ ടീച്ചറിനെ ഞാൻ സപത്നി ആയി അംഗീകരിക്കണോ? ”
എവിടുന്നാണ് ഈ സ്വരം എന്നറിയാൻ തിരിഞ്ഞു നോക്കി. അമ്മ അവിടെ നിന്നത് ഞാൻ കാണാതെ പോയോ?
ഒരു നിമിഷം ഞാൻ നിശ്ശബ്ദയായി. എന്റെ ഉള്ളിൽ ഒരു ചിരി പൊട്ടി.
“ഉം.. അപ്പൊ ലേശം കുശുമ്പ് ഉണ്ടല്ലേ.. ”
“അല്ല, അമ്മ പുറം കൈ കൊണ്ട് തള്ളി കളഞ്ഞതല്ലേ … പിന്നെ അമ്മയ്ക്കെന്താ? ഞാൻ ചോദിച്ചു.
“വിവാഹബന്ധത്തിൽ ഏർപ്പെടാതെ തന്നെ അനോന്യം കരുതിയും സംരക്ഷിച്ചും സ്നേഹവും വിഷമങ്ങളും പങ്കു വെച്ചും ആവശ്യമുള്ള നേരങ്ങളിൽ സാന്ത്വനി പ്പിച്ചും നല്ല സുഹൃത്തുക്കളായി ജീവിക്കാൻ കഴിയുന്ന മനുഷ്യരുണ്ട് .”
“അവർ നല്ല സുഹൃത്തുക്കളായിരുന്നു.”
“അമ്മ മൗനം കൊണ്ട് അച്ഛനെ തോല്പിക്കാൻ ശ്രമിച്ചു. എന്നിട്ട് അമ്മ ജയിച്ചോ?”
മറുപടിക്ക് കാത്തു നിൽക്കാതെ ഞാൻ മുന്നോട്ടു നടന്നു. ഒളികണ്ണിട്ടു നോക്കിയപ്പോൾ അകലങ്ങളിലേക്ക് കണ്ണ് നട്ടു നിൽക്കുന്ന അമ്മയെ കണ്ടു. എന്താണ് ആ മുഖത്തെ ഭാവം എന്നു വിവേചിച്ചറിയാൻ കഴിയുന്നില്ല.

