Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQA+
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഇനി ഞാനങ്ങനെ ചെയ്യുമോ?
  • ‘രക്ഷ’ യില്ലാതലയുന്ന മനുഷ്യർ…
  • ഒരിക്കൽ
  • അവൾ
  • ചില നിമിഷങ്ങളിൽ ചില മനുഷ്യർ
  • നീ മരിച്ചാലും
  • ഒരു നിമിഷം വൈകിയിരുന്നെങ്കിൽ
  • മൗനം
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Monday, September 21
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQA+
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഇനി ഞാനങ്ങനെ ചെയ്യുമോ?
കഥ ത്രില്ലർ

ഇനി ഞാനങ്ങനെ ചെയ്യുമോ?

By Vishnu K KSeptember 20, 20264 Comments7 Mins Read27 Views
Bookmark Now
Please login to bookmark Close

No account yet? Register

•തുടക്കം•

#06/05/2012 ഞായർ#

നാഗമ്പടം പാലം കഴിഞ്ഞ് ബസിറങ്ങുമ്പോൾ അനുവിന് പുതുമയൊന്നും തോന്നിയില്ല. പൊളിഞ്ഞുതുടങ്ങിയ ടാർറോഡിൽ കറുത്ത മെറ്റൽക്കഷണങ്ങൾ ചിതറിക്കിടന്നു. ഇന്നലെ പെയ്ത ഇടവപ്പാതിയുടെ ശേഷിപ്പുകൾ ചെറിയകുഴികളിൽ നിറഞ്ഞുനിന്നു. ബസിൽനിന്ന് കൂടെയിറങ്ങിയവർ റെയിൽവേസ്റ്റേഷൻ ലക്ഷ്യമാക്കി നടന്നുതുടങ്ങി.

ഇടത്തേക്കുള്ള വളവുതിരിഞ്ഞ് റെയിൽവേപാളത്തിലേക്ക് ഇറങ്ങാനൊരുങ്ങുമ്പോൾ മൊബൈൽ എടുത്ത് സമയംനോക്കി. അഞ്ചേമുക്കാൽ കഴിഞ്ഞിരിക്കുന്നു.

തുരുമ്പിന്റെ നിറമുള്ള റെയിൽവേപാളങ്ങളുടെ മുകൾവശംമാത്രം മൂർച്ചവരുത്തിയ ഇരുതലക്കത്തിയുടെ വായ്ത്തലപോലെ മിന്നിത്തിളങ്ങി. ഇരുവശങ്ങളിലേക്കും ശ്രദ്ധയോടെനോക്കി പാളങ്ങളെകടന്ന് മുന്നോട്ട് നീങ്ങുമ്പോൾ സമയക്കുറവിന്റെ ഓർമ്മയിലാകണം അനു നടപ്പിന്റെ വേഗംകൂട്ടി.

ചെരിഞ്ഞ നടപ്പാതയിലൂടെ കാവിനിറമുള്ള തറയോടുകൾ പാകിയ പ്ലാറ്റ്‌ഫോമിലേക്ക് കയറുമ്പോൾ മഴ പെയ്തുതുടങ്ങിയോ എന്ന് സംശയിച്ചു. ഒരു തുള്ളിവെള്ളം കയ്യിൽ പതിച്ചപോലെ.

പ്ലാറ്റ്‌ഫോമിലൂടെ മുന്നോട്ട് നടന്ന് ഓവർബ്രിഡ്ജ് കയറി ടിക്കറ്റ്കൗണ്ടറിലേക്ക് തിരിയുമ്പോൾ വേണാട് എക്സ്പ്രസ് അൽപസമയത്തിനകം പ്ലാറ്റ്‌ഫോമിൽ എത്തിച്ചേരുമെന്നുള്ള അറിയിപ്പ് മുഴങ്ങി. കാലിന്റെ മുഴുപ്പുള്ള സ്റ്റീൽപൈപ്പുകൾക്കിടയിൽ വരിനിൽക്കുമ്പോൾ മുന്നിൽനിന്ന ഉയരമുള്ള, കഷണ്ടിത്തലയുള്ളയാളെ അനു ഇഷ്ടത്തോടെനോക്കി. അവന്റെ ഉയരക്കുറവിനെക്കുറിച്ച് എപ്പോഴും തോന്നാറുള്ള വിഷമം തികട്ടിവന്നു.

അയാൾ ടിക്കറ്റെടുത്തു മാറിയപ്പോൾ അനു തിരുവനന്തപുരത്തേക്കുള്ള ടിക്കറ്റ് വാങ്ങി. അറ്റൻഡർ നൽകിയ ബാക്കികാശ് പേഴ്സിലേക്ക് വച്ചു.

കൗണ്ടറിൽ നിന്നിറങ്ങി ഓവർബ്രിഡ്ജിന്റെ തുടക്കത്തിലേക്ക് കാൽവയ്ക്കാനൊരുങ്ങിയ അവനെ “ഹലോ” എന്നൊരു പിൻവിളി പിറകോട്ടുവലിച്ചു.

തിരിഞ്ഞുനോക്കിയ അനുവിനെ കാത്തുനിന്നത് കാഴ്ചയ്ക്ക് അവനെപ്പോലെതന്നെ തോന്നിക്കുന്ന ഒരു പയ്യനാണ് — പ്രായം അൽപ്പം അനുവിനേക്കാൾ കുറവായിരിക്കണം. എണ്ണമയമുള്ള അവന്റെ ഇരുനിറമുള്ള മുഖത്ത് മീശ പൊടിച്ചുതുടങ്ങുന്നതേയുള്ളൂ; താടിരോമങ്ങൾ വരവറിയിച്ചുതുടങ്ങിയിരിക്കുന്നു. ഇരുണ്ട നിറത്തിലുള്ള ചെക്ക്ഷർട്ടിനും ചാരനിറമുള്ള ജീൻസിനും പുതുമയുടെ ചന്തം നഷ്ടപ്പെട്ടുതുടങ്ങിയിരുന്നു.

“അതേ, എനിക്കു ചോദിക്കാൻ മടിയൊണ്ട്… പക്ഷേങ്കിൽ വേറെ വഴിയില്ലാത്തോണ്ടാ…” അവൻ പറഞ്ഞുതുടങ്ങി. ദൈന്യതയുടെ സ്വരവും ഭാവവും അനുവിന് തോന്നാതിരുന്നില്ല.

“എനിക്കൊരു നൂറ്റമ്പത് രൂപ തരോ?”

അങ്ങനെയൊരു ചോദ്യം അനു പ്രതീക്ഷിച്ചതല്ല. കാണാൻ മോശംതോന്നാത്ത ഒരാൾ ഇങ്ങനെ ചോദിക്കുമെന്ന് എങ്ങനെ പ്രതീക്ഷിക്കാനാണ്?

അനു അവന്റെ ഇടത്തേ തോളിൽ തൂങ്ങിക്കിടന്ന കറുത്തബാഗിലേക്കും ക്ഷീണം തോന്നിച്ച കണ്ണുകളിലേക്കും നോക്കി. അഞ്ചിനോപത്തിനോ വേണ്ടി കൈനീട്ടുന്ന കുടിയന്മാരെ അവൻ ഇവിടെ നേരത്തെ കണ്ടിട്ടുള്ളതാണ്. പക്ഷേ ഇത്?

“എന്തിനാ? എന്താ പറ്റിയേ?” അങ്ങനെ ചോദിക്കാനാണ് തോന്നിയത്.

“എന്റെ കൊച്ചച്ചന്റെ കൂടെ വല്യാപ്പന്റെ വീട്ടിൽ പോകാൻ വീട്ടീന്ന് പോന്നതാ ഞാൻ…” അനുവിന്റെ ആകാംക്ഷനിറഞ്ഞ കണ്ണുകളിലേക്ക് നോക്കി ഒന്നുനിർത്തി അവൻ തുടർന്നു. “ഇവിടെ വന്ന് ഉച്ചയ്ക്ക് ഇറങ്ങിയതാ. ഇപ്പം വരാന്നു പറഞ്ഞ് എന്റെ ബാഗിക്കിടന്ന പേഴ്സിലെ ഒള്ളതെല്ലാം കൊണ്ടുപോയി…” അവൻ ടാക്സിസ്റ്റാൻഡിലേക്ക് വിരൽചൂണ്ടി.

“ഫോണിൽ വിളിക്കാരുന്നില്ലേ?” കഥയിൽ അത്രവിശ്വാസം തോന്നാത്തപോലെ അനു ചോദിച്ചു.

“അങ്ങേര് ബാഗിക്കെടന്ന എന്റെ ഫോണും എടുത്തോണ്ട് പോയി. അങ്ങേരുടെ ഫോണിൽ പൈസ തീർന്നിരിക്കുവാണെന്നും പറഞ്ഞു…എനിക്കാണേ വല്യാപ്പൻ്റെ വീടെവിടാന്നും അറിയില്ല”

അതുംകൂടി കേട്ടപ്പോൾ അനുവിന് വിശ്വസിക്കാൻ പ്രയാസമുള്ള ഒരു കഥപോലെ തോന്നി. പക്ഷേ തന്നെപ്പോലെ ഒരു പയ്യൻ ഇങ്ങനെയൊരവസ്ഥയിൽ നിൽക്കുമ്പോൾ അവഗണിക്കാനും മനസ്സുവന്നില്ല.

“എന്തിനാ പൈസ? ടിക്കറ്റെടുക്കാനാണോ?”

നേർത്ത മൂളലിൽ മറുപടിയൊതുക്കി അവൻ താഴോട്ട്നോക്കി.

വേണാട് എക്സ്പ്രസ് അൽപസമയത്തിനുള്ളിൽ പ്ലാറ്റ്‌ഫോം രണ്ടിൽ എത്തിച്ചേരുമെന്നുള്ള അറിയിപ്പ് വീണ്ടുംമുഴങ്ങി.

“എങ്ങോട്ടാണ് പറ, ഞാൻ ടിക്കറ്റെടുത്തുതരാം…” തന്റെ ട്രെയിൻ വരാറായിയെന്ന തിരിച്ചറിവിൽ കൂടുതലൊന്നും ആലോചിക്കാൻ അനുവിന് തോന്നിയില്ല.

അവൻ പറഞ്ഞ സ്ഥലത്തേക്ക് ടിക്കറ്റെടുക്കുമ്പോൾ “നൂറ്റിമുപ്പത്തിയഞ്ച്” എന്ന് അറ്റൻഡർ അലക്ഷ്യമായി പറഞ്ഞു. ടിക്കറ്റ് വാങ്ങി അവന്റെ കൈയിലേൽപ്പിക്കുമ്പോൾ ആ മുഖത്ത് അപരിചിതമായ ഒരു നാണക്കേട് ഉണ്ടായിരുന്നു.

“വേറെ വഴിയില്ലാത്തോണ്ടാ, നിങ്ങളെ കണ്ടപ്പോ…”

അവനു പറഞ്ഞുമുഴുമിപ്പിക്കാൻ സമയംകൊടുക്കാതെ, അതു കുഴപ്പമില്ലെന്നും പറഞ്ഞ് രണ്ടാം പ്ലാറ്റ്ഫോമിലേക്ക് ഓടുമ്പോൾ അനു തന്റെ പേഴ്സ് പോക്കറ്റിൽ തിരുകുന്നുണ്ടായിരുന്നു.

•ഞെരുക്കം•

ട്രെയിനിറങ്ങി സ്റ്റേഷന്റെ ചുവന്നനിറമുള്ള കോൺക്രീറ്റ് വേലികൾക്കിടയിലൂടെ പുറത്തിറങ്ങുമ്പോൾ മഴ പെയ്തുതോർന്നിരുന്നു. സമയം പാതിരാത്രി കഴിഞ്ഞിരിക്കണം. തെരുവുവിളക്കുകൾ മിക്കതും കണ്ണടച്ചിരിക്കുന്നു. സ്റ്റേഷന്റെ മുന്നിലെ ചെറിയ ഇടറോഡിലൂടെ പാടത്തേക്കിറങ്ങുമ്പോൾ വെളുത്തവാവ് അടുക്കുന്നതിനാലാകണം, കറുത്ത മേഘങ്ങൾക്കിടയിലൂടെപോലും ചന്ദ്രൻ നിലാവ് പൊഴിച്ചുകൊണ്ടിരുന്നു. സ്ഥിരം നടന്നുപരിചിതമായ വഴികൾ അവന്റെ കാലുകൾ പിന്നിലാക്കി.

വേലിപ്പടർപ്പുകൾ മതിൽതീർത്ത പറമ്പിലേക്ക് കയറുമ്പോൾ അവൻ തന്റെ കറുത്ത തോൾസഞ്ചി ഇടത്തേകയ്യിലേക്ക് മാറ്റി. ചെളിപിടിച്ച് കറുത്തുതുടങ്ങിയ വാതിലിൽ തട്ടുമ്പോൾ ആ വീട് അപ്പാടെ ഒന്ന് ഇളകിയതായി തോന്നിയിട്ടാകണം, വളരെപതിയെയാണ് പിന്നീട് വാതിലിൽ തട്ടിയത്.

നീളമുള്ള മുടി വാരിക്കെട്ടി വാതിൽ തുറക്കുമ്പോൾ അവരുടെ കണ്ണുകളിൽ ഉറക്കച്ചടവ് ഉണ്ടായിരുന്നില്ല. അവനെ കണ്ട് വിടർന്നകണ്ണുകൾ വേലിപ്പടർപ്പുകൾക്കപ്പുറത്തുവരെ പോയി തിരികെവീണ്ടും അവനിലേക്കെത്തി.

“അങ്ങേരെന്തിയേടാ?” ആ ശബ്ദത്തിൽ ദേഷ്യം മുഴച്ചുനിന്നു.

“ആവോ, എനിക്കറിഞ്ഞൂടാ.” അലക്ഷ്യമായ മറുപടി അവരെ ചൊടിപ്പിക്കാതിരുന്നില്ല.

“നീയെന്തായി പറയണത്? വിളിച്ചാലൊട്ട് ഫോണെടുക്കില്ല രണ്ടെണ്ണോം, അത് വല്ല ഓഫായിപ്പോയതാണെന്നു വയ്ക്കാം.” അവരുടെ ശബ്ദം മാറുന്നത് അവൻ തിരിച്ചറിഞ്ഞു.

“കോട്ടയത്തിറങ്ങിയപ്പോ എന്റെ ഫോണും കയ്യിലുണ്ടായിരുന്ന കാശും എടുത്തോട്ടുപോയതാ. വൈകിട്ടുവരെ ഞാൻ നോക്കി. പിന്നെയൊരാളോട് കാലുപിടിച്ച് ടിക്കറ്റ് വാങ്ങിയിട്ടാ ഞാൻ വന്നത്. നിങ്ങൾ വല്യാപ്പന്റെ നമ്പറുണ്ടേൽ വിളിച്ചു നോക്ക്.”

“ഉം, മോനും കൊള്ളാം, അങ്ങേരും കൊള്ളാം! തോന്നുമ്പോ തന്നെയിങ്ങ് പോന്നോളും. ഞാനാരേയും ഈ പാതിരാത്രി വിളിക്കാൻ പോണില്ല.” അവർ ദേഷ്യത്തിൽ മുൻവാതിൽ വലിച്ചടച്ചു. മേൽക്കൂരയിലെ കഴുക്കോലുകൾ വല്ലാതെ വിറച്ചുവെന്ന്തോന്നുന്നു. ഓടിന് മുകളിൽകിടന്ന ഉണങ്ങിയ മാവിലകൾ താഴേക്ക് വീണു.

അവൻ ബൾബിന്റെ നേർത്ത വെളിച്ചത്തിൽ മേശയുടെ മുകളിലെ ചെറിയ മൊന്ത തേടിപ്പിടിച്ചു. അടുക്കളയിൽചെന്ന് അലുമിനിയം കലത്തിൽനിന്ന് മൊന്തനിറയെ വെള്ളം ഉള്ളിലെത്തിച്ചപ്പോൾ വയറിനൊന്ന് ജീവൻ വച്ചിരിക്കണം — അവനും. ആ ചെയ്തികൾ അവർ ദേഷ്യത്തോടെ നോക്കിനിന്നു. അടുക്കളയോടു ചേർന്ന മുറിയിലേക്ക് കയറി വാതിൽ കുറ്റിയിടുമ്പോളവർ എന്തോ പിറുപിറുക്കുന്നുണ്ടായിരുന്നു.

വാതിലില്ലാത്ത ചെറിയമുറിയുടെ മൂലയിൽ പഴയ കയർ കൊരുത്ത കട്ടിലിൽ തഴപ്പായിൽ കിടക്കുമ്പോൾ അവന്റെ നടുമാത്രം താഴേക്ക് കുഴിഞ്ഞുകിടന്നു. കട്ടിലിന്റെ ചകിരിക്കയറുകൾ അയഞ്ഞിരിക്കുന്നു. ഒരു ദിവസത്തിന്റെ ക്ഷീണമത്രയും അവിടെ അഴിച്ചുവയ്ക്കും; അതാണ് പതിവ്. അവന്റെ അമ്മയെ അവസാനമായി കിടത്തിയ കട്ടിലാണത്. അതിനോട് അവന് വല്ലാത്തൊരു ഇഷ്ടമുണ്ട്.

കഴിഞ്ഞ മഴക്കാലത്ത് അറ്റാക്ക് വന്ന് മരിച്ച അച്ഛനോട് അത്ര സ്നേഹമവനുണ്ടായിരുന്നോ? ഇല്ല.

അവിടെ കിടക്കുമ്പോൾ അമ്മയുടെ കൈകൾ തലോടുന്നതുപോലെ തോന്നും.

“നേരം വെളുക്കണ വരേം കിടക്കാൻ പറ്റിയാ മതിയായിരുന്നു. അതെങ്ങനാ, അപ്പോഴേക്കും തള്ള ഓരോന്നും പറഞ്ഞിറങ്ങും.”

അമ്മ മരിച്ച് ഒരു മാസം തികയുന്നതിനു മുന്നേ അച്ഛൻ കെട്ടിക്കൊണ്ടുവന്നതാണവരെ. അന്നുമുതലിങ്ങോട്ട് അവന് ശനിദശയാണ്.

ഉറക്കത്തിനുംമുന്നേ ചിന്തകൾ വീണ്ടും കൊച്ചച്ചന്റെ പുറകേചെല്ലാതിരുന്നില്ല.

“എന്നാലും അങ്ങേര് എങ്ങോട്ട് പോയിക്കാണും? വല്യാപ്പന്റെടുത്ത് ചെന്നിരിക്കും. വരുമ്പോ ചോദിക്കണം.” എന്തിനാണ് തിടുക്കപ്പെട്ട് വല്യാപ്പന്റെടുത്ത് പോണതെന്ന് ചോദിച്ചിട്ട് പറയാത്തആളാണ്. എങ്കിലും ചോദിച്ചുനോക്കണം. അവൻ മനസ്സിലുറപ്പിച്ചു.

•തിടുക്കം•

അമ്മയുടെ കയ്യിൽതൂങ്ങി പാടവരമ്പത്തുകൂടി ചെറിയതോട്ടിലൂടെ നടക്കുമ്പോൾ അവൻ കാറ്റിനോടും ഇലകളോടും കഥകൾ പറഞ്ഞു. കുഞ്ഞിക്കാലുകൾ നോവുന്നുവെന്ന് പരാതിപറഞ്ഞ് അമ്മയുടെ തോളിലേറുമ്പോൾ ലോകംജയിച്ചമട്ടായിരുന്നു. അമ്മയുടെ നിരയൊത്ത പല്ലുകളിൽ വിരൽ കുത്തിക്കളിക്കുമ്പോൾ, അമ്മ നനുത്തചുണ്ടുകളാൽ വിരലുകളിൽ പതിയെകടിച്ചു.

“ഡാ, എണീക്ക്… പോത്തുപോലെ കിടക്കാതെ എണീക്കടാ…”

അവരുടെ തുളച്ചുകയറുന്ന കീറൽ കേട്ടിട്ടാണ് കണ്ണുതുറന്നത്. ഉറക്കം പിടിച്ചിട്ട് അധികംനേരമായില്ലല്ലോ; നേരം വെളുത്തോയെന്നവൻ സംശയിച്ചു. ജനാലയടച്ചിരുന്ന പ്ലാസ്റ്റിക്ക് കടലാസിന്റെ വിടവിലൂടെ രാത്രി അപ്പോഴും മങ്ങിക്കിടക്കുന്നത് കാണാമായിരുന്നു.

“എന്താ?.. നേരം വെളുത്തില്ലല്ലോ?”

കണ്ണുകൾ മുഴുവനായി തുറക്കാതെയാണ് ചോദിച്ചത്. ബൾബിന്റെ മഞ്ഞവെളിച്ചത്തിന് കണ്ണുകളിൽ പുളിപ്പുണ്ടാക്കാൻ കഴിയുന്നുണ്ടായിരുന്നു.

“വല്യാപ്പൻ വിളിച്ചെടാ… അങ്ങേരവിടെ എവിടെങ്ങാണ്ട് വീണ് കാലൊടിഞ്ഞെന്ന്. മെഡിക്കൽ കോളേജിൽ ആക്കീന്ന്.”

“ങേ!”

അവനത് അത്ര വിശ്വാസം വന്നില്ല. എങ്കിലും, “അതിന്?” എന്നാണ് ചോദിക്കാൻതോന്നിയത്.

“വേണേൽ പോയി നോക്കെടാ, ചെറുക്കാ. എന്താ പറ്റിയേന്ന്…ഇന്നലെ പോയ ട്രെയിന് തന്നെ വിട്ടോ”. അവർ ഉടക്കാനുള്ള മട്ടിലാണ്.

ഉറക്കംമുറിഞ്ഞതിന്റെ ദേഷ്യം അമർത്തിപ്പിടിച്ച് മുണ്ടുംമുറുക്കിയുടുത്ത് നടുവാതിലിന് മുകളിലെ ക്ലോക്കിലേക്കുനോക്കി. നാലേമുക്കാൽ കഴിഞ്ഞിരിക്കുന്നു. അഞ്ചേകാലിനാണ് ഇന്നലെ കേറിയ ട്രെയിൻ.

“കൊറച്ചു നേരത്തെ എഴുന്നള്ളിച്ചൂടായിരുന്നോ?”

അവൻ അവരോടുകയർത്തു.

“ഇപ്പോഴാണ് അങ്ങേര് വിളിച്ചുപറഞ്ഞത് – ആ വല്യാപ്പൻ കാർന്നോര്. അതിനുമുന്നേ ഞാൻ പറയണത് എങ്ങനാ?” കറുത്ത നൈറ്റിയിൽ അവർക്ക് പതിവിലധികം നിറം തോന്നിച്ചു. അവർ ഉറങ്ങിയ മട്ടില്ല, മുഖമതുപറയുന്നുണ്ട്.

അവർ അഞ്ഞൂറിന്റെ ഒറ്റനോട്ട് അവനുനേരെ നീട്ടി. അതുവാങ്ങുമ്പോൾ കണ്ണുകൾ കൂട്ടിമുട്ടാതിരിക്കാൻ രണ്ടുപേരും ശ്രദ്ധിച്ചു. എന്തിനാണുവെറുതേ ദേഷ്യത്തിലേക്ക് വെറുപ്പിനെക്കൂടി കലർത്തുന്നത്?

“വേറൊന്നും പറഞ്ഞില്ലേ?”

“വൈകാണ്ട് ചെല്ലാൻ പറഞ്ഞു.”

ഇന്നലെ ഇട്ടൂരിയ ഷർട്ടും ജീൻസുമിട്ട്, കൈകൊണ്ട് മുടിയൊതുക്കി വാതിൽതുറന്ന് പുറത്തിറങ്ങുമ്പോൾ മഴ ചാറിത്തുടങ്ങിയിരുന്നു.

“വണ്ടി വിളിച്ചോണ്ടുവരാനൊന്നും നിക്കണ്ട. ട്രെയിനിൽ തന്നെ ചുമന്നോണ്ടുവന്നാ മതി.”

അവരുടെ ശബ്ദത്തിലെ ദേഷ്യത്തിന്റെയും ഇഷ്ടക്കേടിന്റെയും രുചി തെളിഞ്ഞുനിന്നു.

കൈകൊണ്ട് മുഖമൊന്നുകൂടി തുടച്ച് ഇരുളിലേക്കിറങ്ങി വേഗത്തിൽ നടക്കുമ്പോൾ പുറകിൽ വാതിൽ ശബ്ദത്തോടെ അടഞ്ഞു.

•ഒടുക്കം•

•ഒന്ന്•

ചിങ്ങവനത്തുനിന്നു നിരങ്ങിനിരങ്ങി ചെറിയ തുരങ്കത്തിലെ ഇരുട്ടിനെകടന്ന് കോട്ടയം സ്റ്റേഷനിലേക്ക് പരശുരാം എക്സ്പ്രസ് വന്നുകൊണ്ടിരുന്നു. ട്രെയിന്റെ വാതിൽക്കൽ അക്ഷമനായി കാത്തുനിൽക്കുമ്പോൾ അനു മൊബൈൽ വെറുതേതോണ്ടി.

തലേന്നു രാത്രി പത്തര കഴിഞ്ഞപ്പോഴാണ് അനു തിരുവനന്തപുരത്തെ വാടകവീട്ടിലെത്തിയത്. വീട്ടിൽനിന്നും കൊണ്ടുവന്ന പൊതിച്ചോറും കഴിച്ച് ടൈൽ പതിച്ച നിലത്തിട്ട ചെറിയ മെത്തയിലേക്ക് ചായുമ്പോൾ പ്രതീക്ഷിക്കാതെയാണ് അവൾ വിളിച്ചതും അവളുടെ അമ്മായിയച്ചൻ മരിച്ച വിവരം അറിയിക്കുന്നതും. ഞായറാഴ്ചവന്ന് തിങ്കളാഴ്ച തിരികെപോകണമെന്നത് അവനെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിച്ചത്. ഓഫീസിൽ വിളിച്ച് മാനേജരോട് വിവരംപറഞ്ഞിട്ട് അയാളത് വിശ്വസിച്ചമട്ടില്ല. പോകാതിരിക്കാൻ പറ്റുമോ? അവൾ തൻ്റെ ഒരേയൊരു പെങ്ങളായിപ്പോയില്ലേ?

ട്രെയിൻ നിൽക്കുമ്പോൾ തന്നെ ചാടിയിറങ്ങി ബസ് പിടിക്കാനോടാൻ ആളുകളുടെ ചെറിയനിരതന്നെ ഇരുമ്പുവാതിലുകളുടെ മുന്നിൽ രൂപപ്പെട്ടിരിക്കുന്നു. സ്റ്റേഷനിൽ ഇതേ പ്ലാറ്റ്‌ഫോമിൽതന്നെ വേറെ ഏതോ ട്രെയിൻ പുറപ്പെടാൻ ഒരുങ്ങുന്നുണ്ടെന്നു തോന്നുന്നു. അതിനാലായിരിക്കണം പരശുരാം ഇത്രപതിയെ സ്റ്റേഷനിലേക്കു കയറുന്നത്.

സ്റ്റേഷനുമുകളിലെ ആർ.പി.എഫ്. ഓഫീസിനു മുന്നിലെ ചെടികൾ മഴ നനഞ്ഞുതാഴ്ന്നുകിടന്നു. വീതികുറഞ്ഞ സ്റ്റെയർകേസുകൾക്കിരുവശവും അവ പൂത്തുനിൽക്കുന്നത് രസമുള്ള കാഴ്ചയാണ്.

അനുവിന്റെ കണ്ണുകൾ വിടർന്നു. രണ്ട് കാക്കിയിട്ട പോലീസുകാർക്കിടയിൽ കൈകെട്ടിനിന്ന ആ പയ്യനെ കണ്ടമാത്രയിൽതന്നെ മനസ്സിലാക്കാൻ അവനുകഴിഞ്ഞു. കഴിഞ്ഞദിവസത്തെ യാത്രയിൽ എത്രനേരമാണ് അവനെക്കുറിച്ച്മാത്രം ചിന്തിച്ചത്?

അവനെന്താണ് അവിടെ? അവൻ തന്നെ പറ്റിച്ചതുതന്നെയാണല്ലേ? വേറെയാരെയെങ്കിലും പിടിച്ച് ആർ.പി.എഫ്.-നു കൊടുത്തതാകും. തന്റെ സംശയം ശരിയായതിൽ സന്തോഷവും താൻ പറ്റിക്കപ്പെട്ടതിൽ വിഷമവും അനുവിന് തോന്നി.

ട്രെയിൻ സ്റ്റേഷനിലേക്കു കടക്കുന്നതുവരെ അനു അവനെ തിരിഞ്ഞുനോക്കിക്കൊണ്ടിരുന്നു. ട്രെയിനിറങ്ങി പ്ലാറ്റ്‌ഫോമിലൂടെ നാഗമ്പടം പാലത്തിനടുത്തുള്ള ബസ് സ്റ്റോപ്പിലേക്ക് വേഗത്തിൽ നടക്കുമ്പോഴും ചിന്തകൾ അവനിൽതന്നെയായിരുന്നു.

•രണ്ട്•

ഏന്തിവലിഞ്ഞു കയറിവന്ന വല്യാപ്പന്റെ കൂടെ റെയിൽവേ പോലീസുകാർക്കിടയിൽ നിൽക്കുമ്പോൾ അവന് ഒന്നുംമനസ്സിലായില്ല. കോട്ടയത്ത് ട്രെയിനിറങ്ങിയപ്പോൾ വല്യാപ്പൻ തന്നെകാത്ത് ജനറൽ ബോഗിയുടെ മുന്നിലുണ്ടായിരുന്നു. അധികമൊന്നും സംസാരിക്കാതെ വല്യാപ്പന്റെ പിറകെനടക്കുമ്പോൾ അവന് വിശക്കുന്നുണ്ടായിരുന്നു.

ഓഫീസറിരുന്ന മുറിയിലേക്ക് വല്യാപ്പന്റെ പിറകേകയറിയപ്പോൾ ചെറിയപേടി തോന്നാതിരുന്നില്ല. മധ്യവയസ്കനായ, കറുത്തചുണ്ടുകളുള്ള ഓഫീസർ പിറകിൽ വന്നുനിന്നതും അവന്റെ ഭയം ഏറിയിരുന്നു. അയാളുടെ തോളിൽ കെ.പി എന്ന ഇംഗ്ലീഷ് അക്ഷരങ്ങളും നക്ഷത്രവും വെള്ളിനിറത്തിൽ തിളങ്ങിനിന്നു.

“നീ പേടിക്കണ്ട. ഒന്നുരണ്ടു കാര്യങ്ങൾ ഒന്നു കൺഫേം ചെയ്യണം, അത്രേയുള്ളൂ.”

അവന്റെ മുഖം വിളറുന്നത് കണ്ടിട്ടാകണം ഓഫീസർ ചിരിവരുത്താൻ വെറുതേശ്രമിച്ചു.

അയാൾ തന്റെ വലിയ ഡിസ്പ്ലേയോടുകൂടിയ സ്മാർട്ട്ഫോണിൽ ഗ്യാലറി ഓപ്പൺ ചെയ്ത് ചെളിപിടിച്ച ഐ.ഡി. കാർഡിന്റെ ഫോട്ടോ കാണിച്ചു.

“ഇത്?”

“കൊച്ചച്ചന്റെ.”

അവൻ വല്യാപ്പനെ നോക്കി. അദ്ദേഹം താഴേക്ക് മിഴികളയച്ചുകൈകെട്ടിനിന്നു.

ഓഫീസർ ഫോൺ ഇടത്തേക്കു ഒന്നുകൂടി തോണ്ടി. വെട്ടിമാറ്റിയപോലെ ചോരയുണങ്ങിയ കൊച്ചച്ചന്റെ ഇടത്തേ കൈപ്പത്തി അവന് മനസ്സിലായിരുന്നു. കടയിൽ മുറുക്കാൻ വെട്ടിയപ്പോഴാണെന്നു തോന്നുന്നു, നഖം പൊളിഞ്ഞുപോയ നടുവിരൽ — കറുത്തുകറപിടിച്ചത് ഫോട്ടോയിൽ വ്യക്തമായികാണാം.

ഓഫീസർ വീണ്ടും ഇടത്തേക്കു വിരലനക്കി. വലത്തേ കാലിന്റെ പാദം മാത്രം സ്ക്രീനിൽ തെളിഞ്ഞുനിന്നു — പാദത്തിനു മുകളിൽ പണ്ടെങ്ങോ മണ്ണെണ്ണവിളക്ക് കത്തിവീണ വലിയ കരിഞ്ഞപാട്. എത്രയോതവണ കണ്ടിരിക്കുന്നു.

അവന്റെ മുഖത്തുനിന്ന് വേണ്ടതെല്ലാം വായിച്ചെടുത്ത് ഓഫീസർ ചോദിച്ചു.

“അയാള് തന്നെയല്ലേ?”

“ഉം…”

“ഇനിയുള്ള ഫോട്ടോ നീ കാണണ്ട… ബോഡി മെഡിക്കൽ കോളേജിന്റെ മോർച്ചറിയിലുണ്ട്… അവിടെ വരെ വെറുതേ പോണ്ടല്ലോയെന്നു ഒന്നുറപ്പിച്ചതാ… ജീപ്പിപ്പോ വരും, അങ്ങോട്ടു പോവാം.”

അയാൾ കഴിയുന്നത്ര മൃദുവായിപറയാൻ ശ്രമിച്ചു.

അവൻ തരിച്ചുനിന്നു. ചോദിക്കാനുള്ളതൊന്നും വാക്കുകളായി പുറത്തുവന്നില്ല.

“എന്നാലുമവൻ… എന്തിനിത് ചെയ്തു, സാറേ?” പ്രായവും വിഷമവും വല്യാപ്പന്റെ വാക്കുകളെ മുറിക്കുമെന്ന് തോന്നി. അവന്റെ കണ്ണുകളും ഉത്തരംതേടി ഓഫീസറുടെ മുഖത്തേക്കുതിരിഞ്ഞു.

രണ്ടുപേർക്കും മുഖംകൊടുക്കാതെ അയാൾ ജനാലകൾക്കപ്പുറം പ്ലാറ്റ്‌ഫോമിൽ നിന്നുമകന്നുപോകുന്ന ട്രെയിനെ നോക്കി. മേശയുടെ മുന്നിൽ ഒഴിഞ്ഞുകിടന്ന കസേര കാണിച്ചുകൊടുത്ത്, കൈകൊണ്ട് ഇരിക്കാൻ പറഞ്ഞ് അയാൾ എതിരെയുള്ള കസേരയിലേക്കുചാഞ്ഞ് ചിന്തിക്കാൻതുടങ്ങി.

ചില്ലുപതിച്ച മേശയ്ക്കു മീതെ ഓഫീസർ തനിക്കുനേരേ നീട്ടിയ ഫോണിലെ ഫോട്ടോയിൽ — ചോര പടർന്ന കടലാസിലെ അക്ഷരങ്ങൾ അവൻ വായിച്ചു. കറങ്ങുന്ന ഫാനിനുകീഴിലും നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു.

അവന്റെ തോളിൽ കുലുക്കി, വല്യാപ്പൻ ആകാംക്ഷയോടെ ക്ഷീണിച്ച കണ്ണുകളിലേക്കുനോക്കി. ഒന്നു തലയുയർത്തി വീണ്ടും നിലത്തേക്ക് നോക്കിയുള്ള അവന്റെ ഇരിപ്പ് അദ്ദേഹത്തെ വിഷമിപ്പിക്കുകയും ചൊടിപ്പിക്കുകയും ചെയ്തു.

“കാർന്നോരെ… നോക്ക്.” ഓഫീസറാണ്.

“ഇവന്റെ തള്ള… പാളത്തിൽ ചാടിയ അങ്ങേരുണ്ടല്ലോ — അയാളെ മൂപ്പിച്ച് വിട്ടതാ. ഈ ചെക്കനെ ട്രെയിനിന്ന് തള്ളിയിട്ട് കൊല്ലാൻ!”

മുടിയില്ലാത്ത തല തടവി വല്ല്യാപ്പൻ കണ്ണുംതള്ളിയിരുന്നു. അദ്ദേഹത്തിന്റെ നരച്ചരോമങ്ങൾ മേൽബട്ടണിടാത്ത ഷർട്ടിനിടയിലൂടെ കാണാമായിരുന്നു.

“പക്ഷേങ്കിലതു പാളി. ഈ ചെക്കന്റെ അപ്പനേം അവളും അയാളും കൂടി തീർത്തതാന്ന…”

നീലതൊപ്പിയണിഞ്ഞ ആർ.പി.എഫുകാരൻ മുറിയിലേക്കെത്തി നോക്കി, വരാമെന്ന് കൈകൊണ്ട് കാണിച്ച് വല്യാപ്പന്റെ മുഖത്തുനോക്കി അയാൾ തുടർന്നു.

“ഇവൻ ട്രെയിനിൽ കേറിപ്പോയത് ഒരുകണക്കിനു നന്നായി.” ഓഫീസർ പറഞ്ഞുനിർത്തി.

വല്യാപ്പൻ കസേരയിൽ അള്ളിപ്പിടിച്ചു.

കണ്ണുകൾ പൊത്തി മുട്ടിലേക്ക് കുനിഞ്ഞ് കിടക്കുമ്പോൾ അവൻ കരഞ്ഞില്ല. കൊച്ചച്ചനതു ചെയ്യുമോ? തന്നോടങ്ങനെ ചെയ്യാൻ അങ്ങേർക്ക് പറ്റുമോ? ഇല്ല. ഇനീം തള്ളേടെ വാക്കുകേട്ടു തന്നെ വല്ലതും ചെയ്തുപോയാലോന്ന പേടികൊണ്ടാണോ അങ്ങേര്…? തന്നെയവരിൽനിന്നും രക്ഷിക്കാനാണോ ഇതെഴുതീട്ട് പോയത്?

“അവൻ ടിക്കറ്റെടുത്തോണ്ട് പോണത് ഞാൻ കണ്ടു. ഭാഗ്യേംണ്ടവന്. അവൻ പോട്ടെ.” എഴുത്തിലെ വരികൾ അവൻ്റെയുള്ളിൽ കിടന്നുകറങ്ങി. തൊണ്ടവരണ്ടു.

ടിക്കറ്റെടുത്തു തന്നയാളുടെ മുഖം ഓർമ്മവന്നു. പേരുപോലുമറിയാത്ത അയാളെ ഒരിക്കൽകൂടി കാണാനവനുതോന്നി.

“ഇവന്റെ തള്ളയല്ല സാറെ…. ഇവന്റപ്പൻ രണ്ടാമതു കെട്ടിയതാ അവളെ.”

ഓഫീസറുടെ മുഖത്തുനോക്കി വല്യപ്പൻ പതിഞ്ഞശബ്ദത്തിൽ പറഞ്ഞു.

“അങ്ങനെയാണെങ്കി… ഇവന്റമ്മ തൂങ്ങിയതിലും… അവക്ക് കൈകാണും, സാറേ.”

വല്യാപ്പന്റെ ഇടറിവീണ വാക്കുകൾ കേട്ട് ഓഫീസർ മുന്നോട്ടാഞ്ഞിരുന്നു.

അവൻ തലയുയർത്തി അവരെ മിഴിച്ചുനോക്കി.

•മൂന്ന്•

അനു അപ്പോൾ സൂപ്പർ ഫാസ്റ്റ് ബസിന്റെ തിരക്കിലേക്ക് കയറിക്കഴിഞ്ഞിരുന്നു. രണ്ടുസീറ്റുകളുടെ കൈപ്പിടികളിൽ പിടിച്ച് പുറത്തേക്കുനോക്കി നിൽക്കുമ്പോൾ വീണ്ടും ആ പയ്യൻ മനസ്സിലേക്ക് കടന്നുവന്നു.

അവനോട് അനുവിനപ്പോൾ ദേഷ്യംതോന്നിയില്ല.

ചിലരങ്ങനെയാണ്. ചോദിക്കാതെയും പറയാതെയും ജീവിതത്തിലേക്കു കടന്നുവരും. ചിലത് കോറിവച്ച് കടന്നുപോകും. ചിലർ പിന്നെയും കടന്നുവരും. അവനെ ഇനി താൻ കാണുമോ?

ബസ് വളവുതിരിഞ്ഞപ്പോൾ വീഴാതിരിക്കാൻ അനു സീറ്റിന്റെ കൈപ്പിടികളിൽ മുറുകെപ്പിടിച്ചു.

-കഥ പറയുന്നൊരാൾ

1
Vishnu K K
  • Website

മനുഷ്യമനസ്സിനെ , ചിന്തകളെ ഒരു മൂന്നാം കണ്ണിലൂടെ കാണാൻ ശ്രമിക്കുന്ന ആൾ . എഴുത്തുകാരനൊന്നുമല്ല , എഴുതാൻ പഠിച്ചുകൊണ്ടിരിക്കുന്ന , എഴുത്തിനെ സ്നേഹിക്കുന്ന, കഥകളെയും കവിതകളെയും പ്രണയിക്കുന്ന ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയർ. ഒരു മൂവാറ്റുപുഴക്കാരൻ. (കഥ പറയുന്നൊരാൾ in Facebook and Instagram)

4 Comments

  1. Joyce Varghese on September 20, 2026 9:15 PM

    നല്ല കഥ. 👌
    അറിയാതെയെങ്കിലും ഒരു ചെറുപ്പക്കാരന്റെ ജീവൻ രക്ഷപ്പെടുന്നതിന് നിമിത്തമാക്കുന്ന ഒരാൾ. സമൂഹത്തിൽ പെരുകുന്ന കുറ്റകൃത്യങ്ങൾക്കു നേരേയും വിരൽ ചൂണ്ടുന്ന കഥ👍

    Reply
    • Vishnu K K on September 20, 2026 10:16 PM

      വായനക്കും അഭിപ്രായത്തിനും നന്ദി സ്നേഹം. – ജോയ്സ്👍

      Reply
  2. Thara Subhash on September 20, 2026 9:15 PM

    കൊള്ളാം. ചില ആകസ്മികതകൾ മനുഷ്യരെ പിന്തുടരും കാലങ്ങളോളം. എന്തിനു കണ്ടു, അവൻ്റെ ജീവിതത്തിൽ തൻ്റെ റോൾ എന്തായിരുന്നു എന്ന് ഒരിക്കലും അറിയാതിരിക്കുന്ന ആ ഒരു കഥാഗതി നന്നായി. താങ്കൾ കഥകൾ പറയൂ.👌👌👏👏♥️

    Reply
    • Vishnu K K on September 20, 2026 10:17 PM

      വായിച്ച് അഭിപ്രായം പറഞ്ഞതിന്👍❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.