മീന ഡാൻസ് ക്ലാസ്സിൽ നിന്നു വരുന്ന വഴിയാണു വിദ്യ ചെടികൾ നനച്ചു കൊണ്ടു നിൽക്കുന്നതു കണ്ടത്.
“നേരം പത്തു മണി കഴിഞ്ഞല്ലോ ഇപ്പോഴാണോ നീ ചെടികൾ നനക്കുന്നത്?” മീന അവളുടെ അടുത്തേക്ക് ചെന്നു ചോദിച്ചു.
“എന്റെ ചേച്ചി, പണികൾ തീരണ്ടേ? മോളെ ഉണർത്തി ഭക്ഷണം കൊടുത്തു സ്കൂളിൽ അയക്കുന്നത് തന്നെ ഒരു വലിയ പണിയാ. അതിനിടയ്ക്കു വാഷിങ് മെഷീനിൽ തുണി ഇടുന്നതും പച്ചക്കറികൾ അരിയുന്നതും ഒക്കെ അമ്മ ചെയ്യുന്നതു കൊണ്ടു ജോലി ഒന്നു കുറയുന്നു എന്നു മാത്രം.”
“ഇവിടെ വിഷ്ണുവിന്റെ അമ്മക്ക് അസുഖങ്ങൾ ഒന്നുമില്ലല്ലോ. പ്രായവും അധികമില്ല. അമ്മ വീട്ടുജോലികൾ ചെയ്യുന്നതിൽ ഒരു തെറ്റുമില്ല.” മീന ഒച്ച കുറച്ചാണത് പറഞ്ഞത്.
പക്ഷേ വിദ്യയ്ക്ക് അതു അത്ര ഇഷ്ടായില്ല. “അയ്യോ ചേച്ചി അമ്മ എല്ലാ പണിയിലും എന്നെ സഹായിക്കും. ഞാൻ തന്നെയാ അമ്മയോട് ഞാൻ ചെയ്‌തോളാം, അമ്മ മോളുടെ കളിച്ചോ എന്നു പറയുന്നത്.”
അതു ശ്രദ്ധിക്കാതെ മീന പറഞ്ഞു.”ഭർത്താവും ഭാര്യയും കുഞ്ഞും കൂടി ജീവിക്കുമ്പോൾ ഉള്ള സുഖം നിനക്ക് അറിയാഞ്ഞിട്ടാണ്. നമ്മൾക്ക് നമ്മുടെ ഇഷ്ടത്തിന് ഭക്ഷണം ഉണ്ടാക്കാം. ഇഷ്ടത്തിന് രാവിലെ എഴുന്നേൽക്കാം. തോന്നുമ്പോൾ എല്ലാവരും കൂടി ഇഷ്ടപെട്ട സ്ഥലത്തു ട്രിപ്പ് പോവാം. ഒന്നും ആരെയും ബോധിപ്പിക്കേണ്ട ആവശ്യം ഇല്ല. ഞാൻ പറയുന്നത് നിനക്കു മനസ്സിലാവുന്നുണ്ടെങ്കിൽ നീ വിഷ്ണുവിനോട് പറഞ്ഞു ഓഫീസിന്റെ അടുത്തൊരു വാടക വീട് എടുക്കു. ഇവിടെ അമ്മയ്ക്ക് ഒറ്റക്കു കഴിയാൻ പ്രയാസമൊന്നും ഇല്ലല്ലോ. അമ്മക്ക് ആരോഗ്യപരമായി ഒരു ബുദ്ധിമുട്ടും ഇല്ല. പിന്നെ ചുറ്റിലും ബന്ധുക്കളും ഉണ്ടല്ലോ. “
വിദ്യയുടെ മുഖത്ത് ഒരു ആലോചന കണ്ടപ്പോൾ താൻ പറയുന്നത് ഏറ്റെന്നു മീനക്ക് തോന്നി.
“എന്നാൽ ഞാൻ നടക്കട്ടെ വിദ്യേ. ഇന്ന് ഫ്രൈഡ്റൈസ് മതിയെന്ന് ഏട്ടൻ രാവിലെ പറഞ്ഞിരുന്നു. പണി ഒന്നും ആയിട്ടില്ല.”
അന്നു പാത്രം കഴുകുമ്പോഴും തുണി വിരിക്കുമ്പോഴും ഒക്കെ വിദ്യയുടെ മനസ്സിൽ മീനയുടെ വാക്കുകൾ തന്നെയായിരുന്നു. അന്നു രാത്രി ഡിന്നർ ന്യൂഡിൽസ് മതിയെന്ന് മോളു പറഞ്ഞപ്പോൾ എല്ലാവർക്കും അതു തന്നെ ഉണ്ടാക്കാം എന്നു വിദ്യ കരുതി.
അപ്പോൾ അടുക്കളയിൽ എത്തിയ അമ്മപറഞ്ഞു. “അതൊന്നും അത്ര നല്ലതല്ല മോളെ. കുട്ടിക്ക് തന്നെ അതിന്റെ ആഗ്രഹത്തിനു ഇത്തിരി ഉണ്ടാക്കി കൊടുക്കുക എന്നല്ലാതെ അത്താഴത്തിനു ഇന്നു കഞ്ഞിയും പയറും പപ്പടവും മതി”
പിന്നെ വിദ്യ ഒന്നും പറയാൻ പോയില്ല. അല്പം ദേഷ്യത്തിൽ തന്നെ അമ്മ പറഞ്ഞതു പോലെ ചെയ്തു.
രാത്രി വിഷ്ണു ഓഫീസിൽ നിന്നു എത്തിയപ്പോൾ മോളു ഭക്ഷണം കഴിക്കാതെ വാശിയിൽ ആയിരുന്നു.
“മോൾക്ക് അമ്മ ന്യൂഡിൽസ് ഉണ്ടാക്കി തന്നില്ല അച്ഛാ”എന്നു മോൾ പരാതി പറയുകയും ചെയ്തു.
“അമ്മ പറഞ്ഞു കഞ്ഞി ഉണ്ടാക്കിയാൽ മതി” എന്നു വിദ്യ ദേഷ്യത്തിൽ പറഞ്ഞപ്പോൾ വിഷ്ണുവിനു ഒന്നും പിടികിട്ടിയതുമില്ല.
പിറ്റേന്ന് വിദ്യയെ കണ്ടപ്പോൾ മീന സംസാരിക്കാൻ ആയി വന്നു. പിന്നെ പതുക്കെ “ഞാൻ പറഞ്ഞ കാര്യം എന്തായി എന്നു അന്വേഷിക്കുകയും ചെയ്തു.
“അതൊന്നും നടക്കില്ല ചേച്ചി. വിഷ്ണുവേട്ടൻ ഒന്നിനും സമ്മതിക്കില്ല”
“നിങ്ങൾക്ക് മാത്രമായി ജീവിക്കാൻ ആണ് ഞാൻ പറയുന്നത്. അന്നു ഏട്ടന്റെ വിട്ടിൽ നിന്നു എന്റെ ഒരു ഒറ്റ വാശിയിൽ ആണ് ഞങ്ങൾ ഇറങ്ങിയത്.”
അതിനു മറുപടി ആയി വിദ്യ പറഞ്ഞതു കഴിഞ്ഞ ദിവസത്തെ ന്യൂഡിൽസ് പ്രശ്നമായിരുന്നു.
“ഇതു തന്നെയാ പറഞ്ഞത്. ഏട്ടന്റെ വിട്ടിൽ ദോശ, ഇഡ്ഡലി, സാമ്പാർ, ഓലൻ തുടങ്ങിയ വിഭവങ്ങൾ മാത്രേ അച്ഛനും അമ്മക്കും പിടിക്കു. യുട്യൂബിൽ ഒക്കെ കാണുന്ന എന്തെങ്കിലും ഡിഷസ് പരീക്ഷിക്കണമെങ്കിൽ രണ്ടു വിധം പാചകം ചെയ്യണം. ഇപ്പോൾ എനിക്ക് തോന്നിയത് ഉണ്ടാക്കാം. അല്ലെങ്കിൽ ഓർഡർ ചെയ്യാം. ആരോടും ചോദിക്കാനില്ല. ആദ്യമൊക്കെ ഏട്ടന് പ്രിയം അമ്മയുടെ ഭക്ഷണത്തോടായിരുന്നു. ഇപ്പോൾ എല്ലാറ്റിനും അഡ്ജസ്റ്റ് ആയി.”
വിദ്യയുടെ മൗനം കണ്ടപ്പോൾ മീന കൂടുതൽ ഉന്മേഷവതി ആയി.
“വിദ്യാ നിനക്കു ഈ വിട്ടിൽ നിന്നു ഇറങ്ങണമെങ്കിൽ ഒരു ചെറിയ യുദ്ധം തന്നെ വേണ്ടി വരും.”
മീന പറഞ്ഞത് വിദ്യക്ക് മനസ്സിലായില്ല. അവൾ അത്ഭുതത്തിൽ മീനയെ നോക്കി.
” വരൂ എന്താ വേണ്ടതെന്നു ഞാൻ നിനക്കു പറഞ്ഞുതരാം”
അവൾ വിദ്യയുടെ കൈ പിടിച്ചു ഉമ്മറത്തിണ്ണയിൽ ഇരുന്നു. എന്നിട്ട് അവളോട് ചോദിച്ചു. ” വിഷ്ണുവിന്റെ അമ്മ എപ്പോഴാ നിന്നോട് കൂടുതൽ ദേഷ്യപ്പെടാറുള്ളത്?”
“അമ്മ എന്നെ വഴക്കൊന്നും പറയാറില്ല. അതിനുള്ള കാരണവും ഞാൻ ഉണ്ടാക്കാറില്ല.”
ആ ഉത്തരം കേട്ടു മീന ഒന്നു പുഞ്ചിരിച്ചു. എന്നിട്ട് പറഞ്ഞു, “ഇനി എന്നാൽ കാരണമുണ്ടാക്കണം അമ്മക്ക് ഇഷ്ടമില്ലാത്ത ഒരു കാര്യം എന്താ അടുക്കളയിൽ?”
“അതു ഭക്ഷണം കളയുന്നത് അമ്മക്ക് ഭയങ്കരദേഷ്യമാണ്.”
മീന പെട്ടെന്ന് ചിരിച്ചു കൊണ്ടു പറഞ്ഞു.”ഈ ഒരൊറ്റ കാരണം മതി. യുദ്ധം തുടങ്ങാൻ. നാളെ മുതൽ നീ വേണ്ടതിലും കൂടുതൽ ഭക്ഷണം ഉണ്ടാക്കുന്നു. നിനക്കും മോൾക്കും ആവിശ്യത്തിൽ അധികം ആഹാരം എടുത്തു കഴിക്കാതെ അമ്മയുടെ മുന്നിൽ വെച്ചു വെറുതെ കളയുന്നു. കൂടാതെ അടുക്കളയിൽ ഗ്ലാസ്സ്പാത്രങ്ങളും കപ്പുകളും ബോട്ടിലുകളും അറിയാത്ത ഭാവത്തിൽ എന്നപോലെ അറിഞ്ഞുകൊണ്ടു പൊട്ടിക്കുന്നു. മൊത്തത്തിൽ പറഞ്ഞാൽ എല്ലാം നശിപ്പിക്കുന്നു. ഇതു ഇങ്ങനെ തുടർന്നാൽ അമ്മ ദേഷ്യപെടാതിരിക്കില്ല. അപ്പോൾ കരഞ്ഞു കൊണ്ടു വിഷ്ണു വിന്റെ അടുത്തു പരാതി പറയുക. ബാക്കി നമുക്ക് അപ്പോൾ നോക്കാം”
മീനയുടെ ഉപദേശം പിറ്റേന്ന് തന്നെ വിദ്യ നടപ്പിലാക്കി തുടങ്ങി.
ഉച്ചക്ക് കഴിക്കാൻ എടുത്ത ചോറ് ബാക്കി പുറത്തു കൊണ്ടു പോയി കളയുന്ന വിദ്യയോട് അമ്മ ചോദിച്ചു, ” ഇന്ന് എന്താ മോളെ വിശപ്പില്ലേ?”
പിറ്റേന്നും ഇതു ആവർത്തിച്ചു. അതിനിടക്ക് അടുക്കളയിൽ അമ്മ ഇഷ്ടപ്പെട്ടു വാങ്ങിയ പല പാത്രങ്ങളും പൊട്ടി തുടങ്ങി.
“എന്താ വിദ്യ നി നക്കു പറ്റിയത്, ഒന്നിലും ഒരു ശ്രദ്ധ ഇല്ലാതെ. എന്തുമാത്രം ഗ്ലാസുകളും കപ്പുകളും ആണ് പൊട്ടിക്കുന്നത്?”
നിലത്തു വീണ പഞ്ചസാരയിൽ നിന്നു കുപ്പിച്ചില്ലുകൾ പെറുക്കി അടിച്ചു വാരുന്ന അമ്മ പറഞ്ഞപ്പോൾ അവൾ അമ്മയെ ദേഷ്യത്തോടെ നോക്കി. എന്നിട്ട് അന്നു രാത്രി അവൾ വിഷ്ണുവിനോട് പറഞ്ഞു.
“അമ്മക്ക് ഇപ്പോൾ എന്നെ തീരെ ഇഷ്ടമല്ല. വെറുതെ വഴക്ക് പറയും.”
പിറ്റേന്ന് ചോറും കറികളും പുറത്തെ വെയിസ്റ്റു കുഴിയിൽ കൊണ്ടു പോയി കളയുന്ന അവളോട് അമ്മ അല്പം ദേഷ്യത്തോടെ ചോദിച്ചു.”എന്തിനാ ഇത്രയും ഭക്ഷണം ഉണ്ടാക്കി കളയുന്നത്? വേണ്ടത് ഉണ്ടാക്കിയാൽ പോരെ? ഈ ലോകത്തു ഒരു നേരത്തെ ഭക്ഷണം കിട്ടാതെ എത്ര പേരാണ് കഴിയുന്നതു എന്ന് നീനക്കറിയോ? പൈസയുടെ വില മനസ്സിലാക്കാൻ ഉള്ള കഴിവ് വേണം. അതു സ്വന്തമായി അധ്വാനിച്ചു ഉണ്ടാക്കിയാൽ മാത്രേ അറിയൂ.”
അവൾ കരഞ്ഞുകൊണ്ടു മുറിയിൽ എത്തിയപ്പോൾ അവിടെ ഫോൺ നോക്കിയിരിക്കുന്ന വിഷ്ണു കാരണം ചോദിച്ചു.
“എന്നും അമ്മ ഒരു കാരണവും ഇല്ലാതെ വഴക്കാ. ഞാൻ ഇനി ഇവിടെ തമസിക്കുന്നില്ല. ഒരു വാടകവീട്ടിലേക്കു മാറാൻ വിഷ്ണുഏട്ടന് ബുദ്ധിമുട്ടാണെങ്കിൽ ഞാൻ എന്റെ വീട്ടിലേക്കു പോയിക്കോളാം.”
അവൾ ബാഗിൽ ഡ്രസ്സുകൾ വാരി നിറക്കാൻ തുടങ്ങി. അവളുടെ കണ്ണുനീർ വിഷ്ണു വിനു വലിയ സങ്കടമായി.
ശബ്ദം കേട്ടു മുറിയിലെത്തിയ അമ്മയോട് വിഷ്ണു പറഞ്ഞു. “അമ്മക്ക് ഇത്രയും പ്രായമായില്ലേ? ആണായിട്ടും പെണ്ണായിട്ടും ഞാൻ മാത്രം. ഇവളെ സ്വന്തം മോളായിട്ട് കരുതിക്കുടെ. ഒരു ഗ്ലാസ്സോ പാത്രമോ പൊട്ടിയാലോ ഒരു നേരം ഭക്ഷണം ഇത്തിരി കൂടി പോയാലോ ഇത്രമാത്രം വഴക്ക് പറയാൻ ഉണ്ടോ. അമ്മയുടെ മോളാണെങ്കിൽ അമ്മ സഹിക്കില്ലേ.”
അമ്മക്കും കരച്ചിൽ വന്നു തുടങ്ങിയിരുന്നു.”ഞാൻ അവളോട് മോശമായിട്ട് ഒന്നും പറഞ്ഞില്ലല്ലോ.. ഉപദേശിച്ചു എന്നു മാത്രം. അവൾ എനിക്കു മോളെ പോലെ അല്ല മോളു തന്നെയാ”
അപ്പോഴേക്കും കരച്ചിൽ നിർത്തി നീന അമ്മയുടെ നേരെ വന്നു.”എനിക്കു മനസ്സിലായി അമ്മക്ക് ഞങ്ങൾ ഈ വിട്ടിൽ താമസിക്കുന്നത് ഒട്ടും ഇഷ്ടമല്ല. ഞാൻ എന്തായാലും ഈ വിട്ടിൽ നിന്നു പോവുന്നു. എന്നെയും മോളെയും വേണമെങ്കിൽ വിഷ്ണുവേട്ടൻ ഒരു വാടക വീട് എടുക്കട്ടെ. ആരുടെയും കുറ്റപ്പെടുത്തലുകൾ കേൾക്കാതെ ഞങ്ങളുടെ ഇഷ്ടത്തിന് കഴിയാലോ. “
അമ്മ കണ്ണുനീർ തുടച്ചു കുറച്ചു നേരം ഒന്നും പറഞ്ഞില്ല. പിന്നെ വിഷ്ണുവിന്റെ അടുത്തേക്ക് നീങ്ങി നിന്നുകൊണ്ട് പറഞ്ഞു
“മോനേ നിന്റെ ഇഷ്ടം അതാണെങ്കിൽ അങ്ങിനെ ആയിക്കോട്ടെ. അമ്മക്ക് ഇപ്പോൾ വലിയ കുഴപ്പങ്ങൾ ഒന്നുമില്ല. ആങ്ങളമാരും അനിയത്തിമാരും അടുത്തു തന്നെ ഉണ്ടു താനും. കുറച്ചുകൂടി പ്രായമാവുമ്പോൾ നമ്മുടെ ഈ വീടും പറമ്പും ഏതെങ്കിലും അനാഥാലത്തിൽ എഴുതി കൊടുത്തിട്ടു അമ്മ അങ്ങോട്ടു പോയിക്കൊള്ളാം. അച്ഛന്റെ വക സ്വത്തു വിറ്റു കിട്ടിയ കുറച്ചു രൂപ ബാങ്കിലും ഉണ്ടല്ലോ. പിന്നെ പെൺമക്കൾ ഇല്ലാത്ത സ്ഥിതിക്ക് അമ്മയുടെ കയ്യിൽ ഉള്ള കുറച്ചു ആഭരണങ്ങൾ ഇവൾക്ക് കൊടുക്കാം എന്നായിരുന്നു കരുതിയത്. നിങ്ങൾ എന്നെയും ഈ വീടും വേണ്ടാതെ പോവുമ്പോൾ അതും വേണ്ടിവരില്ലല്ലോ. അതും അമ്മ വിറ്റു പണമാക്കി ഏതെങ്കിലും പാവങ്ങൾക്കു ആയി കൊടുക്കാം. എന്നാൽ അമ്മ പുറത്തേക്കു പോവാം. നിങ്ങൾ സാധനങ്ങൾ ഒക്കെ പാക്ക് ചെയ്‌തോളൂ. “
പുറത്തേക്കു കടക്കാൻ തുടങ്ങിയ അമ്മയെ വിദ്യ ഓടിച്ചെന്നു കെട്ടിപിടിച്ചു.”അമ്മ ക്ഷമിക്കണം. അപ്പുറത്തെ മീനേച്ചീ ഭാര്യയും ഭർത്താവും കുഞ്ഞും കൂടി താമസിക്കുമ്പോൾ ഉള്ള സ്വാതന്ത്ര്യത്തെ കുറിച്ചു പറഞ്ഞപ്പോൾ അറിയാതെ ഈ വിട്ടിൽ നിന്നു മാറി താമസിക്കാൻ ആഗ്രഹിച്ചു പോയതാണ്. ഇനി അങ്ങനെ യൊന്നും ഉണ്ടാവില്ല”
വിദ്യ കെട്ടിപ്പിടിച്ചു കരഞ്ഞപ്പോൾ അമ്മ വിഷ്ണുവിനെയും വിദ്യയെയും ചേർത്തു പിടിച്ചു.
“നിങ്ങളുടെ ബുദ്ധിയില്ലായ്‌മക്കു അമ്മ പകരം പറഞ്ഞു എന്നുമാത്രം. നിങ്ങൾ ഇല്ലാതെ ജീവിക്കാൻ ഈ അമ്മക്ക്ആവുമോ. “
അങ്ങിനെ ആ യുദ്ധവും യുദ്ധവിരാമവും കഴിഞ്ഞു.
വീട് പഴയ പോലെ ശാന്തമായി മുന്നോട്ടു പോയി.
– ജലജ

