അവർ എന്റെ ബസിലെ സ്ഥിരം യാത്രക്കാരി ആയിരുന്നില്ല. എന്നാൽ എല്ലാ മാസവും ആദ്യത്തെ ആഴ്ചയിലെ ഏതെങ്കിലും ഒരു ദിവസം യാത്രക്കാരിയായി അവരുണ്ടാകും. എന്റെ ബസ് -അതായത് ഞാൻ സർവീസ് നടത്തുന്ന ബസ് ആലപ്പുഴയിൽ നിന്ന് തുടങ്ങി കാക്കനാട് ഇൻഫോപാർക്ക് വരെ പോകുന്നതാണ്. അതുകൊണ്ടുതന്നെ ആ ബസ്സിലെ യാത്രക്കാരെല്ലാം തന്നെ ഔദ്യോഗിക ഹാരമണിഞ്ഞ “ടെക്കി “കളാണ്. മറ്റ് സർവീസുകളിലെ സ്ഥിരം യാത്രക്കാരെ പോലെ കുശലപ്രശ്നങ്ങൾക്കൊന്നും അവർക്ക് താൽപര്യമില്ല. എക്സിക്യൂട്ടീവ് ലുക്കിൽ വരുന്ന അവർക്കിടയിൽ ഒരു വ്യത്യസ്ത കാഴ്ചയായിരുന്നു ഈ അമ്മ. നേരിയതും മുണ്ടും ധരിച്ച് കയ്യിൽ ഒരു നിറപറ അരിയുടെ പ്ലാസ്റ്റിക് കവറും ചുരുട്ടിപ്പിടിച്ച സ്ത്രീ. ശരിക്കും “പൊന്നുരുക്കിന്നിടത്തെ പൂച്ച “
ചേർത്തലയിൽ നിന്ന് കയറുമ്പോൾ മുതൽ “കാക്കനാട് ആയോ കാക്കനാട് ആയോ” എന്ന ചോദ്യമാണ്. ഒരുപാട് പ്രാവശ്യം ആവർത്തിക്കുമ്പോൾ നമുക്ക് ബുദ്ധിമുട്ട് തോന്നും. ബസ്സിന്റെ അവസാന സ്റ്റോപ്പ് ആയ കാക്കനാട് ഇൻഫോപാർക്കിന് തൊട്ടുമുമ്പുള്ള വളവിലാണ് അവർ ഇറങ്ങുന്നത്. ഇൻഫോപാർക്കിന് മുൻപിൽ “ടെക്കീ വിരേചനം” കഴിഞ്ഞു ഒഴിഞ്ഞ വയറുമായി വരുന്ന ബസ്സിന്റെ മടക്ക യാത്രയിലെ ആദ്യ യാത്രക്കാരിയും അവരായിരിക്കും. തിരിച്ചു വരുമ്പോൾ അതേ സ്റ്റോപ്പിൽ നിന്ന് അവർ കയറും. കയറി കഴിഞ്ഞാൽ എന്നോട് അടുത്തുള്ള സീറ്റിലേ ഇരിക്കൂ. ( ബസ് മുഴുവൻ ഒഴിഞ്ഞു കിടക്കുകയാണെന്ന് ഓർത്തോണം ). ഇരുന്നാൽ ഉടനെ ആശാട്ടി ഉറക്കം തുടങ്ങും. ഉറങ്ങി എന്റെ തോളിലേക്ക്. അപ്പോഴേക്കും ഞാൻ അസ്വസ്ഥതയോടെ എന്റെ പ്രതിഷേധം അറിയിക്കും. അമ്മയ്ക്ക് ഈ ബസ്സിൽ മുഴുവൻ സീറ്റുണ്ടല്ലോ അവിടെ മാറിയിരുന്നു കൂടെ എന്നു വരെ ചോദിച്ചിട്ടുണ്ട്. മറുപടിയായി അവർ നിഷ്കളങ്കമായ ഒരു ചിരിചിരിക്കും
എല്ലാ മാസവും ചേർത്തലയിൽ നിന്ന് കാക്കനാടേക്ക് പത്തോ പതിനഞ്ചോ മിനിറ്റ് നേരെത്തെ എന്ത് കാര്യ സാധ്യ ത്തിനാണ് ഇവർ യാത്ര ചെയ്യുന്നത്. എന്റെ മനസ്സിൽ തോന്നിയ കൗതുകം ഞാൻ ഡ്രൈവറോട് പങ്കു വെച്ചു.
“അവർ ആ ഭ്രാന്താസ്പത്രി ൽ വരുന്നതല്ലേ “വല്ല മരുന്ന് വാങ്ങിക്കാൻ വരുന്നതായിരിക്കും”. അദ്ദേഹം പറഞ്ഞു.
അപ്പോഴാണ് അവർ ഇറങ്ങുന്ന സ്റ്റോപ്പിൽ ഇങ്ങനെ ഒരു സ്ഥാപനം ഉള്ളതായി ഞാൻ ശ്രദ്ധിച്ചത്. എന്റെ മനസ്സിൽ ഒരു കൗതുകലത മുളച്ചു. അതേ അന്യന്റെ സ്വകാര്യതയിലേക്ക് പടർന്നു കയറുന്ന ഒന്ന്. ഞാൻ അതൊരു ചോദ്യമായി അവരിലേക്ക് പടർത്തി.
“മകൾക്ക് മാനസിക പ്രശ്നമാണ്” നിസ്സംഗ ഭാ ഭാവത്തിൽ പറഞ്ഞു. പിഎസ്സി സപ്ലിമെന്റ്റി റാങ്ക് ലിസ്റ്റ് ഉണ്ടായിരുന്ന മിടുക്കിയെ 22വയസ്സിൽ വിവാഹം കഴിപ്പിച്ചതും മാനസിക പ്രശ്നമുള്ള നവവരൻ അവളെയും കൂട്ടി അയാളുടെ വീട്ടിലെ അടുക്കളയിൽ കയറി മണ്ണെണ്ണ ഒഴിച്ച് തീ കത്തി ച്ചതുംഅവൾക്ക് അതൊരു ഷോക്ക് ആയതും, ഇപ്പോഴും മരുന്നു കൊടുത്തിട്ടും അവളിൽ നിന്നും വിട്ടു മാറാത്ത വിഷാദവും, ഭയവും- മുഴുവൻ പറഞ്ഞു കഴിഞ്ഞപ്പോൾ എത്ര നിസംഗത അഭിനയിച്ചിട്ടും അവരുടെ കണ്ണുകൾ നിറഞ്ഞു.
വണ്ടി അരൂർ കുമ്പളം പാലം എത്തിയപ്പോൾ തണുത്ത കാറ്റ് ഞങ്ങളെ തലോടി. അമ്മ പതിവുപോലെ അടഞ്ഞ കണ്ണുകളോടെ എന്റെ തോളി ലേക്ക് ചാഞ്ഞു. എനിക്ക് ഒരു അസ്വസ്ഥതയും തോന്നിയില്ല. പാലത്തിന് താഴെ കൂടെ കൈതപ്പുഴ കായൽ ഒഴുകുന്നുണ്ടായിരുന്നു. അടുത്തറിയുമ്പോൾ മാത്രമേ എന്റെ ആഴം നിങ്ങൾക്ക് മനസ്സിലാകു എന്ന ഭാവത്തോടെ..

