ചിത്രഗുപ്തൻ മുറിയിൽ ചെന്നപ്പോൾ യമദേവൻ തൻ്റെ പുഷ്പമഞ്ചത്തിൽ, കണ്ണുകളടച്ച് ശയിക്കുകയായിരുന്നു.
“ഈ സമയത്ത് അങ്ങനെ അങ്ങുന്നു കിടക്കാറില്ലല്ലോ. “
ചിത്രഗുപ്തൻ്റെ ആത്മഗതമായിരുന്നു.
അദ്ദേഹത്തെ ഉണർത്തി കാരണം തിരക്കാൻ ചിത്രഗുപ്തനൊരു പേടി. ഗൗരവം നിറഞ്ഞ ആ മുഖത്ത് നോക്കുമ്പോൾ തന്നെ പേടിച്ചു മൂത്രമൊഴിക്കാൻ മുട്ടും. അങ്ങുന്ന് ഉറങ്ങിയാൽ ഒരു കൊച്ചു കുഞ്ഞിന്റെ നിഷ്കളങ്കതയാണ് ആ മുഖത്ത്. വലിയ മീശയും വലിയ ശരീരവും കണ്ടാൽ ക്രൂരനാണെന്നേ തോന്നൂ. പക്ഷെ യാഥാർത്ഥ്യം അങ്ങനെയല്ല പാവമാണ്, അത് സന്തത സഹചാരിയായ ചിത്രഗുപ്തന് നന്നായി അറിയാം. ഒരിക്കൽ പെൻസിൽ വെട്ടി കൂർപ്പിച്ചപ്പോൾ, തന്റെ കയ്യൊന്നു മുറിഞ്ഞപ്പോൾ അത് കണ്ടിട്ട് അങ്ങുന്ന് എത്ര മാത്രം സങ്കടപ്പെട്ടിരുന്നു.
ചിത്രഗുപ്തൻ അടുത്ത് ചെന്ന് മുരടനക്കി.
“എന്താ അങ്ങുന്ന് പതിവില്ലാതെ ഈ സമയത്ത് ഇവിടെ വന്ന് കിടക്കുന്നത്. “
“നല്ല തലവേദനയുണ്ട്, അതാണ് കുറച്ചു കിടക്കാമെന്നു കരുതിയത്. “
“കഷായം വല്ലതും വേണോ, അരുന്ധതിയോട് കൊണ്ട് വരാൻ പറയട്ടെ. “
“വേണ്ട, കുറുന്തോട്ടിക്കും വാതം പിടിച്ചെന്ന് അവൾ കരുതും. ചിത്രാ…, തനിക്കറിയാമോ എൻ്റെ തലവേദനയ്ക്ക് കാരണം ആരാണെന്ന്. “
“ആരാ അങ്ങുന്നേ. “
“സുഗുണൻ. “
“ഏത് പരിഭവം സുഗുണൻ ചേട്ടനോ?. “
അതേയെന്ന് യമദേവൻ തലയാട്ടി.
എന്താ പ്പോ പുള്ളീടെ പ്രശ്നം. വന്നിട്ട് രണ്ടീസം കഴിഞ്ഞതേയുള്ളല്ലോ. “
“ഏതോ ഒരു തമ്പുരാട്ടിയോ കുഞ്ഞമ്മയോ, അവരുടെ കാര്യം പറഞ്ഞാണ് എൻ്റെ സ്വസ്ഥത കെടുത്തിയത്. “
“അങ്ങുന്ന് വിശ്രമിച്ചോളൂ. ഞാനയാളോട് ഒന്ന് സംസാരിക്കട്ടെ. “
“അയാളെ ഇങ്ങോട്ട് കടത്തി വിടല്ലേ, അയാളൊരു നാശക്കോടാലിയാണ്. “
യമദേവനെ വിശ്രമിക്കാൻ വിട്ടിട്ട് ചിത്രഗുപ്തൻ പുറത്ത് കടന്ന് വാതിൽ ചാരി.
“പാവം അങ്ങുന്ന് പിള്ള മനസ്സാണ്. “
ഓഫീസ് റൂമിൽ ഫയലുകൾ പരിശോധിക്കുമ്പോഴാണ് വാതിൽ തള്ളി തുറന്നു സുഗുണൻ വരുന്നത്. ഒരു മയവുമില്ല, തനി പോത്ത് തന്നെ, ക്രൂരമായ മുഖഭാവം.
“ഇരിക്ക് സുഗുണൻ ചേട്ടാ. എന്താ കാര്യം. “
“പുള്ളി ഇവിടെ ഇല്ലേ. “
“ആര്. “
“യമധർമ്മൻ. “
“അങ്ങുന്നൊരു അടിയന്തര മീറ്റിംഗിലാണ്. “
“ഇവിടെ എൻ്റെ കാര്യം ആര് തീർപ്പാക്കും
രണ്ടീസമായി ഞാൻ ഈ മുറിയിൽ കയറി ഇറങ്ങി നടക്കുന്നു.. “
“ചേട്ടൻ വന്നിട്ടിപ്പോൾ രണ്ടീസമല്ലേ ആയുള്ളൂ. കാര്യം പറ ഞാൻ പരിഹരിച്ചു തരാം. “
“ഇപ്പോൾ ഞാൻ വെൻ്റിലേറ്ററിൽ ആണ്, അവരെന്നെ ചിതയിൽ വച്ചാൽ പിന്നെ പറയണ്ടല്ലോ. “
കഥ പറയാനായി, സുഗുണൻ ചേട്ടൻ കസേരയിൽ മുന്നോട്ട് ഇറങ്ങിയിരുന്നു.
“ഞാൻ ജനിച്ച സമയത്ത് കേസും തർക്കവുമായി തറവാട് കടക്കെണിയിൽ ആയിരുന്നു. അച്ഛൻ പുത്തേത് തറവാട്ടിലെ കാര്യസ്ഥനായത് കൊണ്ട് വീട്ടിൽ അടുപ്പു ദിവസവും പുകഞ്ഞു. തറവാട്ടിലെ മഹാലക്ഷ്മി കുഞ്ഞമ്മയുടെ കനിവ് കൊണ്ട് എനിക്ക് സ്കൂളിൽ പോയി നാലക്ഷരം പഠിക്കാനും പറ്റി. മഹാലക്ഷ്മി കുഞ്ഞമ്മയ്ക്കു ഇപ്പോൾ വയസ്സ് തൊണ്ണൂറായി. എനിക്ക് അറുപത്തിയൊന്നും, മഹാലക്ഷ്മി കുഞ്ഞമ്മയുടെ ഇളയമകനും ഞാനും ഒരേ ക്ലാസ്സിലായായിരുന്നു പഠിച്ചിരുന്നത്. അവനിപ്പോഴും അമേരിക്കയിൽ, സർജൻ ആയി ജോലി ചെയ്യുന്നു. ഞാൻ എന്റെ പിറന്നാളിന് ഒരാഴ്ച മുൻപ്… അതായത് കഴിഞ്ഞാഴ്ച, വെള്ളം കുടിച്ചപ്പോൾ ഒരു എക്കിട്ടം വന്നതാണ്. അപ്പോൾ തന്നെ എന്നെ ആശുപത്രിയിൽ കൊണ്ട് പോയി, അതൊക്കെ മുകളിൽ വായുവിൽ ചുറ്റി കറങ്ങി ഞാൻ വ്യക്തമായി കണ്ടതാണ്. എന്റെ മൂക്കിലും വായിലും ഡോക്ടർ കുഴലുകളിട്ടു. ആ ഡോക്ടർ എന്റെ നെഞ്ചാം മൂടി ഇടിച്ചു കലക്കി കളഞ്ഞു. എന്നിട്ടും ഞാൻ മരിച്ചു. “
“ഇതാണോ ?മരിച്ചതാണോ ഇപ്പോൾ സുഗുണൻ ചേട്ടന്റെ പ്രശ്നം. “
“അതല്ല, എനിക്കിനിയും ഭൂമിയിൽ സുഖിച്ച് ജീവിക്കണം, ഇപ്പോൾ മരിക്കേണ്ടായിരുന്നു. “
“അത് പറഞ്ഞാൽ എങ്ങനെയാ ചേട്ടാ. ജനിക്കുന്ന പോലെ മരിക്കാനും ഒരു സമയമുണ്ട്. പക്ഷേ ചേട്ടൻ്റെ പ്രശ്നം വേറെയാണ്. എന്നും രാത്രിയിൽ കുളിച്ചു ഭസ്മം തൊട്ടു യമദേവനെ വിളിച്ചു പ്രാർത്ഥിച്ചത് സുഗുണൻ ചേട്ടൻ തന്നെയല്ലേ. അങ്ങുന്ന് സാധാരണ ആരുടെയും പ്രാർത്ഥന കേൾക്കാത്ത ആളാണ്, പക്ഷെ സുഗുണൻ ചേട്ടൻ ആത്മാർഥമായി പ്രാർത്ഥിച്ചപ്പോൾ അങ്ങുന്നിന്റെ മനസ്സ് അലിഞ്ഞു എന്നുള്ളത് സത്യമാണ്. മനസ്സ് അലിഞ്ഞാൽ വാരി കോരി നൽകുന്ന ആളാണ്. “
“പിന്നെ വാരിക്കോരി തരാൻ ബിരിയാണി കടയൊന്നുമല്ലല്ലോ അയാൾ ഇവിടെ നടത്തുന്നത്. കൊല തന്നെയല്ലേ, തൊലിയുരിച്ച് കെട്ടി തൂക്കുന്നില്ലായെന്ന് മാത്രം. “
സുഗുണൻ ആത്മഗതം നടത്തി.
“എന്താ ചേട്ടൻ പറഞ്ഞത്. “
“അതല്ല അങ്ങുന്നേ, അതങ്ങനെയല്ല ഞാൻ ആവശ്യപ്പെട്ടത്. യമദേവൻ എന്റെ പ്രാർത്ഥന തെറ്റായി വ്യാഖ്യാനിച്ചതാണ്. ഞാൻ എന്റെ മരണമല്ല ആവശ്യപ്പെട്ടത്. “
“പിന്നെ വേറെ ആരുടെ മരണമാണ് നിങ്ങൾ ആഗ്രഹിച്ചത്?പ്രാർത്ഥിക്കുമ്പോൾ കൃത്യമായി, വ്യക്തമായി പ്രാർത്ഥിക്കണ്ടേ, വെടി വയ്ക്കുമ്പോൾ ഉന്നം നോക്കി തന്നെ വെടി വയ്ക്കണം എന്ന് പറയുന്നത് പോലെ. “
“സംഭവിച്ച കാര്യം ഞാൻ ലളിതമായി അങ്ങ് പറഞ്ഞേക്കാം. മഹാലക്ഷ്മി കുഞ്ഞമ്മയ്ക്കു വേണ്ടിയായിരുന്നു എന്റെ പ്രാർത്ഥന. ‘
“അത് വല്ലാത്ത നെറികേടായി പോയി സുഗുണൻ ചേട്ടാ, ആ അമ്മയല്ലേ നിങ്ങളെ വളർത്തിയതും പഠിപ്പിച്ചതും. അവർ മരിക്കണമെന്നൊക്കെ പ്രാർത്ഥിക്കണമെങ്കിൽ നിങ്ങൾ വല്ലാത്ത ക്രൂരനാണ് സുഗുണൻ ചേട്ടാ. “
“അയ്യോ അതല്ല അങ്ങുന്നേ. ഞാൻ കാര്യം പറയാം. ഈ മഹാലക്ഷ്മി കുഞ്ഞമ്മ ഒറ്റയ്ക്ക് ആണ്. മൂന്ന് മക്കളാണ് ആ അമ്മയ്ക്ക്. മൂത്ത മകൻ ഗോവിന്ദൻ ചേട്ടൻ കുടുംബമായി ഗൾഫിലാണ്. രണ്ടാമത്തെ മകൾ ലക്ഷ്മി അങ്ങ് കോയമ്പത്തൂർ ആണ്, ഇളയവൻ നാഗേന്ദ്രൻ അമേരിക്കയിലും. പണം മാത്രം ഉണ്ടായിട്ടെന്താ കാര്യം, അവരെ നോക്കാൻ ആരെങ്കിലും വേണ്ടേ. അങ്ങനെയാണ് എന്റെ ഭാര്യ വിജയ അവിടത്തെ അടുക്കളക്കാരിയായത്. ചോറും കറിയും വച്ച് കൊടുക്കണം, രാത്രിയിൽ കൂട്ട് കിടക്കണം. ഞങ്ങൾക്കും ലാഭമാണ്, ശമ്പളവും കിട്ടും, രണ്ടു പേരുടെ ശാപ്പാടും നടന്നു പോകും. “
“എന്നിട്ടു എന്തുണ്ടായി. “
“രണ്ടു വർഷം അങ്ങനെ കടന്നു പോയി. വിദേശത്തു നിന്നും ധാരാളം പണം വരും. എന്നാലും മഹാലക്ഷ്മി കുഞ്ഞമ്മയ്ക്ക് എല്ലാത്തിനും നല്ല പിശുക്കാണ്. അവർക്കു നല്ല ഓർമ്മ ശക്തിയാണ്. ഓരോ അണ പൈസയ്ക്കും അവർ കണക്കു പറഞ്ഞു എന്നോട് വഴക്കുണ്ടാക്കും. എനിക്ക് അവരുടെ ഈ പിശുക്കു കണ്ടു മടുത്തു തുടങ്ങി. ഞാൻ ജോലി വിട്ടാലോ എന്നാലോചിച്ചിരുന്നപ്പോഴാണ് ഒരു ദിവസം കുഞ്ഞമ്മ വീട്ടിൽ നിന്നും ഇറങ്ങി പോയത്. “
“എങ്ങോട്ടാണ് പോയത്. “
“അത് കുഞ്ഞമ്മയ്ക്കും അറിയില്ല. കാരണം അവരുടെ ഓർമ്മകൾ മങ്ങി തുടങ്ങിയിരുന്നു. ഒരു ദിവസം എന്നെ അച്ഛാ എന്ന് വിളിക്കാൻ തുടങ്ങി. വിജയ അവർക്കു അമ്മയായി മാറി. ദിവസേന രണ്ടു നേരം കുളിച്ചിരുന്ന കുഞ്ഞമ്മ കുളിക്കാൻ മറന്നു, ഭക്ഷണം കഴിക്കാൻ മറന്നു. ഡോക്ടറെ കാണിച്ചപ്പോഴാണ് കുഞ്ഞമ്മയ്ക്കു ഓർമ്മക്കുറവ് തുടങ്ങി എന്ന് അറിയാൻ സാധിച്ചത്. എന്താ ആ അസുഖത്തിന്റെ പേര്, ഞാൻ മറന്നല്ലോ. “
“അൽഷിമേഴ്സ് എന്നാണോ. “
“അതന്നെ, മറവിയും പിന്നെ മായകാഴ്ചകൾ കാണാൻ തുടങ്ങി. ഒരീസം എന്നെ അടുത്ത് വിളിച്ചു പറഞ്ഞു. നീ അവിടം വരെ ഒന്ന് പോയേച്ചും വാ. എവിടെ എന്ന് ഞാൻ ചോദിച്ചപ്പോഴാണ് പറയുന്നത്, ആ യമലോകം വരെയെന്ന്. കേട്ടപ്പോൾ തന്നെ ഞാനൊന്നു പേടിച്ചു. എന്തിനാ കുഞ്ഞമ്മേ എന്ന് ചോദിച്ചപ്പോൾ…. “
സുഗുണൻ ഓർമ്മകളിൽ മുഴുകി.
“എന്റെ തോളിൽ തട്ടിയിട്ട് പറയുവാ, എടാ കൊച്ചനെ ഈ മേടത്തിൽ എനിക്ക് തൊണ്ണൂറ്റി ഒന്നാകുമെന്ന്, ഓർമ്മകൾ കുറഞ്ഞു, കുറച്ചു ബ്രഹ്മി നെയ്യ് വാങ്ങി സേവിക്കണമെന്ന്. മൂന്ന് കുപ്പി കഴിച്ചു. അപ്പോഴേക്കും നേരിയ മാറ്റം വന്നു തുടങ്ങി. ചെറിയ പ്രായം വല്ലോം ആണോ ഓർമ്മകൾ പൂർണമായും തെളിയാൻ. ഇപ്പോൾ ഒരു വഴിയേ ഉള്ളൂ, നീ പോയി കാലൻ അങ്ങുന്നിനോട് പറ, എന്നെ ഉടനെ അങ്ങ് വിളിക്കാൻ, അങ്ങനെ പറഞ്ഞാൽ, കാലൻ എന്നെ പെട്ടെന്ന് വിളിച്ചാൽ പുഴ പറമ്പിലെ അഞ്ചു സെന്റ് സ്ഥലം നിന്റെ പേരിൽ എഴുതി തരാമെന്ന്. “
“ആഹാ കൈക്കൂലിയും തന്നോ. ഇതൊക്കെ ഇവിടെ വല്യ കുറ്റമാണ് ചേട്ടാ. തിളച്ച എണ്ണയില് കയ്യിട്ടു മുക്കും. “
“പറഞ്ഞതല്ലേ ഉള്ളൂ തന്നില്ല, ഇങ്ങനെ മോഹിപ്പിച്ചിട്ടു വഞ്ചിച്ചവർക്കു ശിക്ഷയൊന്നുമില്ലേ ഇവിടെ. ദിവസേനെ ഒരാറ് പ്രാവശ്യം എന്നോട് ചോദിക്കും, ടാ ചെർക്കാ നീ യമലോകത്തു പോയില്ലേയെന്ന്. ഊട്ടിയോ കൊടൈക്കനാലോ വല്ലോമാണോ, ടൂർ പോകാൻ. “
സുഗുണൻ ചേട്ടൻ നെടുവീർപ്പിട്ടു.
“എന്തായാലും എന്റെ പ്രാർത്ഥന കൊണ്ടാണോ?അതോ ഞാൻ യമലോകത്തു പോകണമെന്ന് കുഞ്ഞമ്മ ആഗ്രഹിച്ചത് കൊണ്ടാണോ എന്തോ, രണ്ട് ദിവസ്സം മുൻപ് ഞാനിവിടെ എത്തപ്പെട്ടു. തൊണ്ണൂറു വയസുള്ള അവർ ഇപ്പോഴും നല്ല പയർ പോലെ തൊടിയിൽ ഓടി നടക്കുന്നു. “
“ആഹാ മഹാലക്ഷ്മി കുഞ്ഞമ്മ മരിക്കാത്തതാണോ സുഗുണൻ ചേട്ടന്റെ ഇപ്പോഴത്തെ സങ്കടം. “
“അതൊന്നുമല്ല, അവരുടെ കാലിൽ ധാന്വന്തരം കുഴമ്പിട്ടു തടവി തടവി ഞാൻ ഒരു പരുവമായി. അവരിപ്പോഴും എന്നെ ആശിപ്പിച്ചിട്ടു…. “
“ഒന്നോർത്തു നോക്കിയേ സുഗുണൻ ചേട്ടാ, സാധാരണ മനുഷ്യരൊന്നും ചെയ്യാത്ത എന്തേലും ചേട്ടൻ ചെയ്തിരുന്നോ, യമദേവന് പ്രാർത്ഥനയോ വഴിപാടോ മറ്റോ. “
“അങ്ങനൊന്നും എനിക്കോർമ്മയില്ല. “
“എന്നാൽ ഞാൻ ഓർമ്മിപ്പിക്കാം. കുഞ്ഞമ്മേടെ മൂത്ത മകൻ അമേരിക്കയിൽ നിന്നും നാട്ടിലേയ്ക്ക് വരുന്നു എന്ന് കേട്ടപ്പോൾ സുഗുണൻ ചേട്ടനൊരു നെഞ്ചുവേദന വന്നത് ഓർമ്മയുണ്ടോ. അന്ന് രാത്രിയിൽ ചേട്ടൻ യമദേവനെ വിളിച്ചൊരു പ്രാർത്ഥനയുണ്ടായിരുന്നു, ഓർക്കുന്നുണ്ടോ. “
ചിത്രഗുപ്തൻ തെല്ലിട നിർത്തി.
“ആ കുഞ്ഞമ്മയെ അങ്ങ് പെട്ടെന്ന് വിളിക്കണേയെന്ന്. “
“അത് വേറൊന്നും കൊണ്ടല്ല, ഇത്രേം പ്രായമായി, ഈ ഭൂമിയിൽ ഇട്ടു അവരെ കഷ്ടപ്പെടുത്തരുതേയെന്നു ഞാൻ കരുതി. “
“അത് ശരി. യമദേവനെ വിളിച്ചുള്ള പ്രാർത്ഥന ഒരാഴ്ച കഴിഞ്ഞപ്പോൾ, സുഗുണൻ ചേട്ടന്റെ സ്വപ്നത്തിൽ യമദേവൻ വന്നൊരു കാര്യം പറഞ്ഞിരുന്നു. സാധാരണ ദേവന്മാരെ വിളിച്ചു പ്രാർത്ഥിക്കുന്ന പോലെ കാലനെ വിളിക്കരുതേയെന്ന്. “
“അതൊന്നും ഞാൻ ഓർക്കുന്നില്ല. “
“അതെന്താ എല്ലാ സ്വപ്നങ്ങളും ഓർത്ത് വയ്ക്കുന്ന ആളല്ലേ. “
“അത് വെറുമൊരു സ്വപ്നം അല്ലേയെന്നു ഞാൻ കരുതി. അതൊരു മുന്നറിയിപ്പാണെന്നു ഞാൻ കരുതിയില്ല. “
“അദ്ദേഹം എല്ലാ സൂചനകളും തന്നിരുന്നല്ലോ ചേട്ടന്. ദേവൻ സ്പഷട്മായി തന്നെ പറഞ്ഞു. ഇങ്ങനെ രാപകൽ എന്നെ വിളിച്ചു കരഞ്ഞാൽ ഞാൻ സുഗുണനെ എൻ്റൊപ്പം കൊണ്ട് പോകുമെന്ന്. അങ്ങുന്ന് പറഞ്ഞിരുന്നത് ഓർമ്മയില്ലേ. “
“അതൊക്കെ ഓർക്കുന്നു. അത് വെറുമൊരു തമാശ ആണെന്നെന്നു ഞാൻ കരുതി. കാരണം എനിക്ക് പ്രായം വളരെ കുറവായിരുന്നല്ലോ. ഞാൻ ജീവിച്ചു കൊതി തീർന്നില്ല. “
“പക്ഷെ ചേട്ടന്റെ ഹൃദയം ചതിച്ചില്ലേ. അതിന് പഴയ പോലെ രക്തം പമ്പ് ചെയ്യാൻ പറ്റില്ലല്ലോ. തറവാടിന്റെ കാര്യസ്ഥ പണി കിട്ടിയപ്പോൾ നല്ല പോലെ ജോലി ചെയ്തു കൊണ്ടിരുന്ന ചേട്ടൻ പെട്ടെന്ന് മടിയനായി. കൊളസ്ട്രോൾ കൂടി, തടി കൂടി. കുടവയർ കൂടി. എല്ലാം കൂടിയപ്പോൾ ആരോഗ്യം കുറഞ്ഞു. “
“എനിക്കെന്തായാലും യമധർമനെ ഇപ്പോൾ ഒന്ന് കാണണം. “
യമദേവൻ ഉറക്കം ഉണർന്നു വന്നപ്പോൾ മുന്നിൽ ഇതാ നില്കുന്നു പരിഭവം സുഗുണൻ. മുന്നിൽ പെട്ട് പോയി, ഇനി യമധർമനും രക്ഷയില്ല. ചിത്രഗുപ്തൻ കണ്ണുകൾ കൊണ്ട് ചില മുദ്രകൾ കാണിച്ചെങ്കിലും യമദേവന് അതൊന്നും മനസിലായില്ല.
മുന്നിലെ ഒഴിഞ്ഞ ഇരിപ്പിടം ചൂണ്ടി കാണിച്ചു.
“എന്താണ് സുഗുണാ, ആസനസ്ഥനായാലും. “
“എനിക്കിപ്പോൾ മരിക്കേണ്ടായിരുന്നു. എനിക്ക് പകരം മറ്റൊരാൾ ആണ് മരിക്കേണ്ടിയിരുന്നത്, എന്നേക്കാൾ പ്രായം കൂടിയ ഒരാൾ. “
“അതെങ്ങനെ സംഭവിച്ചു ചിത്രഗുപ്താ. “
യമദേവൻ കൃത്രിമമായ ദേഷ്യത്തോടെ ചിത്രഗുപ്തനെ നോക്കി. ആ നോട്ടത്തിന്റെ അർത്ഥം മനസിലാക്കിയ ചിത്രഗുപ്തന് ഉള്ളിൽ ചിരി പൊട്ടി.
“ആശയവിനിമയത്തിൽ ഉണ്ടായ പാകപ്പിഴയാണ് അങ്ങുന്നേ. എല്ലാ ദിവസവും ഉറങ്ങുന്നതിനു മുൻപ് കിടക്കയിലിരുന്നു അങ്ങയെ വിളിച്ചു, സുഗുണൻ ചേട്ടൻ കരഞ്ഞു പ്രാർത്ഥിക്കാറുണ്ടായിരുന്നു. “
“എന്തായിരുന്നു ചിത്രഗുപ്താ, സുഗുണന്റെ ആ പ്രാർത്ഥന. “
“ഇതായിരുന്നു അങ്ങുന്നേ പ്രാർത്ഥന. എനിക്ക് നല്ല ആരോഗ്യ സൗഖ്യങ്ങൾ നൽകണേ, മഹാലക്ഷ്മി കുഞ്ഞമ്മയ്ക്ക് പെട്ടെന്ന് മോക്ഷ പ്രാപ്തി ഉണ്ടാകണേയെന്ന്. “
യമദേവൻ സിംഹാസനത്തിൽ നിന്നും ചാടി എഴുന്നേറ്റു.
“എന്നിട്ടു അങ്ങനെ സംഭവിച്ചോ. ?”
സുഗുണൻ ചാടി കയറി പറഞ്ഞു.
“അതല്ലേ ഞാൻ പറഞ്ഞത്. എനിക്ക് പകരം മറ്റൊരാൾ, മരിക്കേണ്ടയാൾക്കു പകരം ഞാൻ മരിച്ചു. മരിക്കേണ്ടയാൾക്കു ആരോഗ്യ സൗഖ്യങ്ങൾ ഉണ്ടായി. ആൾമാറാട്ടം തന്നെയല്ലേ ഇത്. “
“ചിത്രഗുപ്താ, ആൾമാറാട്ടം. ഇതെങ്ങനെ സംഭവിച്ചു ?ഒരാൾക്ക് പകരം അപരൻ മരിക്കുക. “
ചിത്രഗുപ്തൻ ഉത്തരീയം കൊണ്ട് മുഖം തുടച്ചു, ഉള്ളിലെ ചിരിയടക്കി.
“അങ്ങുന്നേ ഇതിനു കുറ്റക്കാരൻ സുഗുണൻ ചേട്ടൻ തന്നെയാണ്. ഞാൻ വിശദീകരിക്കാം. “
സുഗുണന്റെ മുഖത്തേയ്ക്കു വിരൽ ചൂണ്ടി ചിത്രഗുപ്തൻ പറഞ്ഞു.
“ഓർമ്മയില്ലേ, കുഞ്ഞമ്മയുടെ ഇളയ മകൻ നാഗേന്ദ്രൻ അമേരിക്കയിൽ നിന്നും വന്ന ആ ദിവസം, രാത്രിയിൽ പാടത്തു നിങ്ങൾ ഒത്തു കൂടിയത്. നാടൻ കള്ളും, വാറ്റ് ചാരായവും, ഇളനീരും കൂട്ടി കോക്ക്ടെയിൽ ഉണ്ടാക്കിയത്. “
“ആ നിലാവത്തു പാടത്തെ മാടത്തിൽ ഞങ്ങൾ രണ്ടു പേരും, എന്തൊരു രസമായിരുന്നു. അന്ന് രാത്രി ഞങ്ങൾ അവിടെയാ കിടന്നുറങ്ങിയത്. “
“അന്ന് സുഗുണൻ ചേട്ടൻ പതിവ് പോലെ പ്രാർത്ഥിച്ചിരുന്നോ. “
“ഞാൻ അന്ന് പ്രാർത്ഥിച്ചു. പക്ഷെ ലവൻ അടുത്തുണ്ടായിരുന്നു, കേൾക്കുമെന്ന് കരുതി പതുക്കെയാ ഞാൻ പ്രാർത്ഥിച്ചത്, മാത്രമല്ല നല്ല കെട്ടിലായിരുന്നു ഞങ്ങൾ രണ്ടു പേരും. “
“അവിടെയാ സുഗുണൻ ചേട്ടന് പണി കിട്ടിയത്. അന്ന് സ്വർഗ്ഗീയ പൗർണമി ആയിരുന്നു, സ്വർഗ്ഗത്തിലെ വിശേഷ ദിവസം. അന്നാണ് നിങ്ങളുടെ നാട്ടിലെ മുൻ പഞ്ചായത്ത് പ്രസിഡന്റ് വത്സൻ മാഷ് മരിച്ചത്. കൂട്ടികൊണ്ടു പോകാൻ അങ്ങുന്നു പോത്തിന്റെ പുറത്തു പോകുകയായിരുന്നു. നിങ്ങളുടെ മാടത്തിനു അടുത്തൂടെ പോയപ്പോഴായായിരുന്നു സുഗുണൻ ചേട്ടന്റെ പ്രാർത്ഥന. എനിക്ക് നല്ല ആരോഗ്യ സൗഖ്യങ്ങൾ നൽകണേ, മഹാലക്ഷ്മി കുഞ്ഞമ്മയ്ക്ക് പെട്ടെന്ന് മോക്ഷ പ്രാപ്തി ഉണ്ടാകണേയെന്ന്. അപ്പോഴാണ് മഹാലക്ഷ്മി കുഞ്ഞമ്മയുടെ മകൻ അത് തിരുത്തി പറഞ്ഞത്. സുഗുണന് മോക്ഷം കൊടുക്കണേ, എൻ്റെ അമ്മയായ മഹാലക്ഷ്മി കുഞ്ഞമ്മയ്ക്കു ആരോഗ്യ സൗഖ്യം നല്കണേയെന്ന്. അത് കുറച്ചു ഉറക്കെ ആയി പോയി. യമദേവൻ അദ്ദേഹത്തെ നോക്കി പുഞ്ചിരിച്ചു, കയ്യുയർത്തി, തഥാസ്തു എന്ന് പറയുകയും ചെയ്തു. ഞാൻ അപ്പോൾ തന്നെ ആ അനുഗ്രഹം എന്റെ പുസ്തകത്തിൽ രേഖപ്പെടുത്തി. അറിയാലോ നടക്കുന്ന കാര്യങ്ങളെ ഇതിൽ എഴുതാൻ പാടുള്ളുവെന്ന്. “
“അപ്പോൾ എനിക്കിനി ഭൂമിയിൽ മടങ്ങി പോകാൻ കഴിയില്ലേ. “
“ഇല്ലായെന്ന് മാത്രമല്ല, സ്വർഗീയ പൗർണമിയിലെ അനുഗ്രഹം ചേട്ടന് ലഭിച്ചത് കൊണ്ടാണ് ചേട്ടൻ സ്വർഗ്ഗത്തിൽ എത്തിയത് എന്ന് ഓർക്കണം. അല്ലേൽ കയ്യിലിരുപ്പിനു നരകമാണ്, ഇവിടെ എഴുതി വച്ചിരുന്നത്. “
“ഞാൻ എല്ലാ ദിവസവും അമ്പലത്തിൽ പോകുമായിരുന്നു. നേർച്ചകളും വഴിപാടുകളും യഥാവിധി നടത്തിയിരുന്നു. “
“മനസ്സിൽ നന്മയുള്ളവരുടെ ഉള്ളിൽ ഈശ്വരൻ ഉണ്ടാകും, ഈശ്വരനെ തേടി അമ്പലത്തിൽ പോകേണ്ട കാര്യമൊന്നുമില്ല, ഈശ്വരൻ സദാ കൂടെയുണ്ടാകും. “
ചിത്രഗുപ്തൻ തന്റെ മുന്നിലെ വലിയ രജിസ്റ്റർ വായിക്കാൻ തുടങ്ങി. സ്കൂൾ മുതലുള്ള സുഗുണന്റെ ജീവിതം വായിച്ചു തുടങ്ങി.
“സുഗുണൻ, 61 വയസ്സ്, ആയില്യം നക്ഷത്രം. കള്ളം പറഞ്ഞ സന്ദർഭങ്ങൾ -എണ്ണിയാൽ തീരാത്തത്, മറ്റുള്ളവരുടെ പരദൂഷണങ്ങൾ, ഏഷണി കൂട്ടിയത് ഇതിനൊന്നും ഒരു കണക്കുമില്ല., മിണ്ടാപ്രാണികളെ ആക്രമിച്ച കേസുകൾ -52, സ്ത്രീകളെ പ്രേമിച്ചു ചതിച്ചത് -3, ഗർഭസ്ഥ ശിശുവിനെ നശിപ്പിച്ചത് -1, മറ്റുള്ളവരുടെ വക അടിച്ചു മാറ്റിയത് -27, വഞ്ചന, ചതി അങ്ങനെ അനേകമനേകം കുറ്റങ്ങൾ സുഗുണൻ ചെയ്തിട്ടുണ്ട്. “
ഇത് വരെ സുഗുണൻ ചേട്ടൻ എന്ന് വിളിച്ച ചിത്രഗുപ്തന്റെ ശബ്ദമാറ്റം സുഗുണനെ ഭയപ്പെടുത്തി.
“10001 ചാട്ടവാറടി, അട്ടയെ തീറ്റിക്കൽ, നൂല്പാലത്തിലൂടെ ഓട്ടം, ആയിരം പാമ്പുകളൊത്തു ഒരു രാത്രി ശയനം… അങ്ങനെ അനേകം ശിക്ഷകൾ നരകത്തിൽ വിധിച്ചിട്ടുണ്ട്. സ്വർഗീയ പൗർണമി അനുഗ്രഹം കൊണ്ട് മാത്രം രക്ഷപ്പെട്ടു. “
ഇതൊക്കെ കേട്ട് ക്രൂദ്ധനായ യമദേവൻ സിംഹാസനത്തിൽ ഇരുന്നു.
“എന്ത് വേണം സുഗുണൻ, ഈ അനുഗ്രഹം തിരിച്ചെടുത്താൽ നിങ്ങൾക്ക് ഭൂമിയിൽ തിരികെ പോകാം. അവിടെ അവശേഷിക്കുന്ന ആയുസ്സ് 2 വർഷവും രണ്ടു മാസവും 17 ദിവസങ്ങളുമാണ്. മടങ്ങി പോയി വീണ്ടും കുടുംബത്തൊടൊത്തു സന്തോഷത്തോടെ ജീവിക്കാം. മരണ ശേഷം നരകത്തിൽ പോയി ബാക്കി ശിക്ഷ അനുഭവിക്കണം. ഈ കാലയളവിൽ മൂത്ത മകന്റെ കല്യാണം നടക്കും, അത് പോയി നടത്തി കൊടുക്കാം. അതിന് ശേഷം മകളും മകനും തമ്മിലുള്ള സ്വത്തു തർക്കം ഉണ്ടാകും, ഭാര്യയുടെ മരണ ശേഷം സുഗുണനെ, മക്കൾ അഗതി മന്ദിരത്തിൽ കൊണ്ടാക്കും, ഒരു വർഷം സതീർത്ഥ്യരോടൊത്തു അവിടെ കഴിയാം. “
“വേണ്ട അങ്ങുന്നേ എനിക്ക് മടങ്ങി പോകണ്ട. എനിക്കിവിടെ മതി. “
സുഗുണൻ പൊട്ടിക്കരഞ്ഞു. അത് കണ്ടപ്പോൾ ചിത്രഗുപ്തന് ദയ തോന്നി.
“ശരിക്കും മാനസാന്തരം വന്നതാണോ, അതോ അഭിനയമാണോ. “
“അതെ എനിക്ക് ചെയ്തു പോയ തെറ്റുകൾ ഓർമ്മ വരുന്നു. ചതിച്ചും വഞ്ചിച്ചും നേടിയതൊക്കെ അങ്ങനെ തന്നെ നശിച്ചേ പോകൂ. എല്ലാവരും കർമഫലം അനുഭവിച്ചേ മതിയാകൂ. അടുത്തൊരു ജന്മമുണ്ടെങ്കിൽ എനിക്ക് ഈ ജന്മത്തിലെ കുറച്ചു ഓർമ്മകൾ ബാക്കിയുണ്ടെങ്കിൽ ഞാൻ നല്ലൊരു മനുഷ്യനായി ഭൂമിയിൽ ജനിച്ചു നല്ലതു മാത്രം ചെയ്തു കഴിയും. “
“സുഗുണന് അറിയുമോ, പുഴ പറമ്പിലെ 26 സെൻ്റ് സ്ഥലവും നിങ്ങളുടെ പേരിലേക്ക് ആ കുഞ്ഞമ്മ മാറ്റിയിരുന്നു. ആ സ്ഥലത്തിന് വേണ്ടിയാണ് സുഗുണൻ്റെ മക്കൾ ഭാവിയിൽ പരസ്പരം കൊല്ലാൻ പോകുന്നത്. “
“എനിക്ക് ഇനി ഭൂമിയിലെ കാര്യങ്ങളൊന്നും കേൾക്കണ്ട അങ്ങുന്നേ. “
“ദേ താഴേക്ക് നോക്കൂ. “
വീടിൻ്റെ വടക്കേ പറമ്പിൽ ഒരുക്കിയ ചിത ആളി കത്തി തുടങ്ങി. മകൻ, ചിത കത്തി തുടങ്ങിയപ്പോൾ അകത്ത് പോയി അമ്മയെ ആശ്വസിപ്പിച്ചു, ഫോണിലൂടെ കൂട്ടുകാരനോട് വൈകുന്നേരം കൂടാനുള്ള സാമഗ്രികൾ സെറ്റാക്കാൻ പറയുന്നു. മകൾ അച്ഛൻ്റെ പഴയ ഫോട്ടോ സ്റ്റോറി ആയി ഇൻസ്റ്റാഗ്രാമിൽ ഇടുന്നു. ഭാര്യയാകട്ടെ, തൻ്റെ ഭാവിയെ ഓർത്ത് വേവലാതി കൊണ്ടു. മഹാലക്ഷ്മി കുഞ്ഞമ്മ മാത്രം ജലപാനം കഴിക്കാതെ, ദുഃഖത്തോടെ ചിതയിൽ കണ്ണും നട്ടിരുന്നു.
“എങ്കിൽ ചിത്രഗുപ്താ നമുക്ക് സുഗുണനെ, സ്വർഗ്ഗത്തിലെ നന്മ സ്കൂളിലെ വഴികാട്ടികളിലൊരാളായി നിയമിക്കാം. വഴിതെറ്റി വരുന്ന ആത്മാക്കളെ നേർവഴിയിലേക്ക് നയിക്കുന്ന ജോലിയാണ് അവിടെ. ഫലമൊന്നും ഇച്ഛിക്കാതെ ജോലി ചെയ്യുക. “
ഉത്തരീയം കഴുത്തിൽ ചുറ്റി സ്കൂളിലേക്ക് നടന്ന് പോകുന്ന സുഗുണനെ നോക്കി യമധർമ്മൻ ചിരിച്ചു.
“അങ്ങുന്നേ ആൾമാറാട്ടം ആയിരുന്നോ സുഗുണൻ്റെ മരണം. അതോ പ്രാർത്ഥനയിലെ പിഴവാണോ, അതോ കർമ്മഫലമോ, അതോ ആയുസ്സെത്തി വന്നതാണോ അയാളിവിടെ. “
“ആയുസ്സെത്തിയ മരണം തന്നെ, പിന്നെ കർമ്മഫലവും കാരണമായി. സുഗുണന് സ്വർഗ്ഗം ലഭിച്ചതെങ്ങനെ എന്നറിയുമോ?”
“പിന്നെ എനിക്കറിയില്ലേ, ഇപ്പോൾ പയർ പോലെ ഓടി നടക്കുന്ന മഹാലക്ഷ്മി കുഞ്ഞമ്മയ്ക്ക് ഒരിക്കൽ
വൃക്ക വേണ്ടി വന്നപ്പോൾ, സുഗുണൻ അവയവദാനം നൽകിയതാണ്. അവരുടെ മക്കൾ പോലും ചെയ്യാത്ത ആ നൻമ മുപ്പതുകളിൽ അയാൾ ചെയ്തിരുന്നു. അങ്ങനെ അയാൾ ചെയ്ത ചില പ്രവർത്തികൾ അയാളെ രക്ഷിച്ചു. “
നൻമ-തിൻമകളുടെ കണക്ക് പുസ്തകത്തിലെ സുഗുണൻ്റെ പേജ് തിരുത്തിയിട്ട് ചിത്രഗുപ്തൻ അടച്ച് വച്ചു.
#എൻ്റെ പേരിൽ മറ്റൊരാൾ
✍️ നിഷ പിള്ള


1 Comment
Super ❤️