ഈ പുസ്തകത്തെക്കുറിച്ച് ആദ്യം അറിയുന്നത് fb കുറിപ്പുകളിലൂടെയാണ്. ഡിസിയിലെയും മാതൃഭൂമിയിലെയും പുസ്തക ഷെൽഫിലിരുന്ന് ബീഡി വലിക്കുന്ന അരുന്ധതി റായി എന്നെ മോഹിപ്പിച്ചതാണ്. പക്ഷേ “നിങ്ങൾ എന്റെ ലെവലിനെ കൂട്ടിയാൽ കൂടൂല്ല” എന്ന മുട്ടുന്യായം പറഞ്ഞു ഞാൻ അവരെ ഒഴിവാക്കി. ഒരു ദിവസം പെട്ടെന്നൊരു പ്രേരണയിൽ വാങ്ങിക്കുകയായിരുന്നു
മേരിറോയ് എന്ന വ്യക്തിത്വത്തെ അറിയണമെന്ന്എനിക്ക് അത്രത്തോളം ആഗ്രഹമുണ്ടായിരുന്നു.
സത്യത്തിൽ മേരി റോയ്ക്കു വേണ്ടി മകളെഴുതിയ കുറിപ്പുകൾ അല്ല. അരുന്ധതി അവരുടെ ജീവിതം തുറന്നെഴുതുകയാണ്.
ക്രിസ്ത്യൻ പിന്തുടർച്ചവകാശ നിയമത്തിനെതിരെ കോടതി കയറിയ സ്ത്രീ
,
പള്ളിക്കൂടം എന്ന വ്യത്യസ്ത സ്കൂൾ സ്ഥാപിച്ച സ്ത്രീ.
അരുന്ധതി റായിയുടെ അമ്മ.
ഇത്ര മാത്രമാണ് എനിക്ക് അവരെക്കുറിച്ച് അറിവുണ്ടായിരുന്നത്. മേരി റോയ് ഒരു സാധാരണ അമ്മയെപ്പോലെ ആയിരുന്നു എങ്കിൽ അരുന്ധതി റായി യുടെ ജീവിതം എങ്ങനെ മാറിയേനെ ഞാൻ ആലോചിച്ചു നോക്കി. ചിലപ്പോൾ അവർ ബിഎസ്സി നേഴ്സിങ് കഴിഞ്ഞ് കാനഡയിലെ ആസ്ട്രേലിയിലോ ജോലി ചെയ്തേനെ 😄. പക്ഷേ ഇങ്ങനെ ഒരുഅമ്മയാകണമായിരുന്നോ എന്ന ചോദ്യവും അവശേഷിച്ചു. പക്ഷേ അതിന്റെ ഉത്തരം നമ്മുടെ പരിധിയിലുള്ളത് അല്ലല്ലോ. അരുന്ധതി തന്നെ ഈ പുസ്തകത്തിൽ ചോദിക്കുന്ന പോലെ “എന്റെ ലോകത്ത് കുറച്ചെങ്കിലും നോർമൽ ആയിട്ടുള്ളത് ആരുണ്ട്?”
ഈ പുസ്തകം ഇത്രമേൽ ആസ്വാദ്യമായതിനു പരിഭാഷകയ്ക്ക് പ്രത്യേക അഭിനന്ദനം. ഒരു വാക്കിൽ പോലും “പരിഭാഷച്ചുവ” കടിക്കില്ല.
സ്വന്തം ജീവിതം തുറന്നെഴുതുമ്പോൾ പാലിക്കുന്ന സത്യസന്ധത അതിൽ അരുന്ധതി നമ്മളെ ഞെട്ടിക്കും. അമ്മയോടുള്ള സ്നേഹത്തിന്റെ പേരിൽ അവർ ചെയ്ത തെറ്റുകളെ അരുന്ധതി ന്യായീകരിക്കുന്നില്ല. അമ്മയുടെ മകൾ എന്നതിലുപരി അവരെ നന്നായി മനസ്സിലാക്കുന്ന ഒരു വ്യക്തിയാണ് അരുന്ധതി. മേരിയെ മാത്രമല്ല സ്വന്തം അച്ഛൻ മിക്കി റോയി യേയും.
ഞാൻ ഞാനെന്ന അമ്മയെ കുറിച്ചാണ് ഈ പുസ്തകം വായിച്ചു കഴിഞ്ഞപ്പോൾ ആലോചിച്ചത്. പലപ്പോഴും കുഞ്ഞുങ്ങളോട് മനസ്സുകൊണ്ട്മാപ്പ് പറഞ്ഞു.

