“ചിറ്റേ, എനിക്ക് ഇങ്ങോട്ട് പോരാൻ ഒട്ടും ഇഷ്ടമല്ലായിരുന്നു. വല്ല്യമാമൻ നിർബന്ധിച്ച് കൂട്ടി കൊണ്ട് വന്നതാണ്. “
സുഭദ്ര തേങ്ങി കരയാൻ തുടങ്ങി.
“ഭദ്രേ കരയാതിരിക്കൂ മോളേ, ഇതിപ്പോൾ എന്തുണ്ടായിട്ടാണ്. നമ്മുടെ കുടുംബത്തിൽ വല്യേട്ടനെ പോലെ സമ്പന്നനും ഭാഗ്യവാനും, വേറെ ആരാ ഉള്ളത്. ഏട്ടൻ്റെ ഒരേയൊരു മോനല്ലേ വിനായകൻ, എല്ലാം നിൻ്റെ ഭാഗ്യം. “
“എന്ത് ഭാഗ്യമാണ്, എന്റെ അച്ഛന് ഇതിനേക്കാൾ പണം ഉണ്ടായിരുന്നില്ലേ ചിറ്റേ. ആ ആക്‌സിഡന്റിൽ ആ അറബി പയ്യൻ മരണപ്പെട്ടപ്പോൾ, അവന്റെ വീട്ടുകാർക്ക് എല്ലാം ബ്ലഡ് മണിയായി കൊടുത്തതല്ലേ. എന്നിട്ടു ഒരു രാത്രി ഇരുവരും എന്നെ തനിച്ചാക്കി വിട്ടു പോയി. ഇപ്പോൾ ഞാൻ അനാഥയായി, എന്നേയും കൊണ്ട് പൊയ്ക്കൂടായിരുന്നോ. എല്ലാ ബന്ധുക്കളുടെയും കനിവിനായി, ഞാൻ കൈനീട്ടി നിൽക്കുന്നു. “
“എന്റെ ഭദ്രേ നീ അനാഥയല്ല. ചിറ്റയുണ്ട് മോൾക്ക്, നിനക്കിപ്പോൾ നല്ലൊരു ജോലിയില്ലേ, വല്യേട്ടന് നീ വിനായകന്റെ പെണ്ണായി ഈ കുടുംബത്തിൽ താമസിക്കണം എന്നൊരു ആഗ്രഹം പറഞ്ഞപ്പോൾ, അനിയത്തിയായ ഞാൻ എങ്ങനെയാ ധിക്കരിക്കുന്നത്. ചിറ്റ, എൻ്റെ ഭദ്രയോടൊത്തുള്ള കളിയും ചിരിയുമൊക്കെ മിസ് ചെയ്യുന്നു. “
സുഭദ്ര ശബ്ദം താഴ്ത്തി പറഞ്ഞു.
“എന്റെ ചിറ്റേ, ഈ കല്യാണം ഒന്നും നടക്കാൻ പോകുന്നില്ല. “
“ശ് ശ് പതുക്കെ, ഏട്ടത്തിയമ്മ കേൾക്കണ്ട ഇതൊന്നും. “
“കേൾക്കില്ല, ഞാൻ ഇപ്പോൾ ടെറസിൽ നിൽക്കുവാണ്, ഇവിടെ ഇപ്പോൾ പവർ കട്ടാണ്. കറന്റ് പോവുകയല്ല. ഇടയ്ക്കു കറന്റ് വരും അതാണ് ഇവിടത്തെ സ്ഥിതി. “
“നിനക്ക് വിനായകനേ ഇഷ്ടമല്ലേ. അവൻ സുന്ദരൻ അല്ലെ. ഇത്തിരി തടി കൂടുതലാണ് എന്നത് സത്യം. “
“തീരെ ഇഷ്ടമല്ല ചിറ്റേ. പണ്ടേ അമ്മായിയേയും അമ്മായിയുടെ ഈ അമുൽ ബേബിയേയും എനിക്ക് കണ്ണെടുത്താൽ കണ്ടുകൂടാ. ഇപ്പോൾ വെറുപ്പ് കൂടി എന്ന് മാത്രം. “
“എന്താ കാര്യം. “
“ചിറ്റ ഫോൺ വച്ചോ, വല്യമ്മായി പടികൾ കയറി വരുന്നുണ്ട്. നാളെ വിളിക്കാം. “
സുഭദ്ര ഫോൺ ഓഫ് ചെയ്തു കുർത്തയുടെ പോക്കറ്റിൽ വച്ചു.
“മോൾ ഇവിടെ നിൽക്കുവാണോ ? അമ്മാവൻ നിന്നെ അന്വേഷിച്ചു. “
“ആകാശം കാണാൻ എനിക്കിഷ്ടമാണ്. “
അമ്മായിയുടെ ഒപ്പം താഴേക്ക് പടിയിറങ്ങുമ്പോൾ ഒരു പ്രത്യേക ഗന്ധം ചുറ്റും നിറഞ്ഞത് സുഭദ്ര ശ്രദ്ധിച്ചു, അവൾ വാസനിച്ചു. ഇവിടെ അവൾ പുതിയതാണ്. അബുദാബിയിലെ ചിറ്റയുടെ ഫ്ലാറ്റിൽ നിന്നും നാട്ടിൽ എത്തിയിട്ട് രണ്ടാഴ്ചയെ ആയിട്ടുള്ളൂ.
ഉറങ്ങാൻ കിടക്കുമ്പോൾ സുഭദ്ര ഓർത്തു. പാവം ചിറ്റയ്ക്കു ടെൻഷൻ കാരണം ഇന്നുറങ്ങാൻ കഴിയില്ല. അവൾ ചിറ്റയ്ക്കൊരു മെസേജ് ഇട്ടു.
“ഞാൻ നാളെ വിനായകന്റെ സുഹൃത്തിന്റെ കമ്പനിയിലാണ് എച്ച് ആർ മാനേജർ ആയി ജോയിൻ ചെയ്യുന്നത്. ചിറ്റയുടെ പ്രാർത്ഥന ഉണ്ടാകണം. “
ഉടനെ തന്നെ മറുപടി വന്നു.
“ചിറ്റയുടെ മനസ്സ് എന്നും മോളുടെ കൂടെയാണ്, മോൾ വളരെ ആഗ്രഹിച്ച ജോലിയല്ലേ, ഈശ്വരൻ മോളെ അനുഗ്രഹിക്കട്ടെ. “
രാവിലെ വല്യമ്മാവനാണ് കാറിൽ ഭദ്രയെ കമ്പനിയിൽ കൊണ്ടാക്കിയത്.
“കല്യാണത്തിന് മുൻപേ ഇവർ ഒന്നിച്ചു കറങ്ങി എന്നൊരു ചീത്ത പേര് വേണ്ട. “
“എന്തിനാ കല്യാണം ഇത്ര വൈകിക്കുന്നത്. പെണ്ണും ചെറുക്കനും ഒരേ വീട്ടിൽ അടുത്തടുത്ത മുറികളിൽ തന്നെയുണ്ടല്ലോ, അത് ഒരേ മുറിയാക്കിയാൽ പോരെ. “
അമ്മായി വാ പൊത്തി ചിരിച്ചു.
“നിന്റെ മോന്റെ ജാതകത്തിൽ നല്ല ദോഷമുണ്ട്. അതിനേക്കാൾ ദോഷമുള്ള ജാതകമാണ് ഭദ്രയുടേത്, നല്ല പാപസാമ്യമുണ്ട്. അച്ഛന്റേം അമ്മയുടേം ശ്രാദ്ധം കഴിയുന്നതിനു മുൻപ്… അത് ഹിതമല്ല. “
“ഓഹ് ഞാൻ അതങ്ങ് മറന്നു. “
വൈകിട്ട് ചിറ്റയുടെ ഫോൺ കാളിനായി അക്ഷമയോടെ കാത്തിരുന്നു.
“എങ്ങനെയുണ്ട് ഭദ്രക്കുട്ടി നിന്റെ പുതിയ ജോലി. “
“അടിപൊളി, വിനായകന്റെ സുഹൃത്താണെങ്കിലും ആ ഹേമന്ത് നല്ല പയ്യനാണ്. അയാളുടെ അമ്മാവന്റെ കമ്പനിയാണ്. പിന്നെ അയാളോട് ഈ ജോലിക്കു വേണ്ടി ശുപാർശ ചെയ്തത് വിനായകനല്ല, അമ്മാവനാണ്. അമ്മാവനോടുള്ള ബഹുമാനം കൊണ്ടാണ് ഹേമന്ത് എനിക്ക് വേണ്ടി റെക്കമെന്റ് ചെയ്തത്. ആദ്യമായിട്ടാണത്രെ അയാളിങ്ങനെ ഒരാൾക്ക് വേണ്ടി. അത് കൊണ്ട് അയാളെ നാണം കെടുത്തരുതെന്ന് എന്നോട് അപേക്ഷിച്ചു. അത് കേട്ടപ്പോൾ എനിക്ക് തൊലിയുരിഞ്ഞു പോയ പോലെ. “
“ഈ ഹേമന്ത് കാണാൻ എങ്ങനെ. വിനായകനെക്കാൾ സുന്ദരമാണോ?”
“അവനെ ആര് നോക്കി, അവൻ ജോലി ചെയ്യുന്നത് വേറൊരു കമ്പനിയിൽ ആണത്രേ. “
“ഓഹ് അവനോട് പോകാൻ പറ. എന്റെ ഭദ്ര ആരാണെന്നു അവൻ കാണാൻ പോകുന്നതേയുള്ളു. പിന്നെ നീ ഇന്നലെ പറഞ്ഞത്, വിനായകനെക്കുറിച്ച്. “
“എന്റെ ചിറ്റേ ഈ കല്യാണം നടക്കാൻ പോകുന്നില്ല, ഈ വിനായകൻ സ്റ്റഫ് ഉപയോഗിക്കുന്നത് ഞാൻ കണ്ടിരുന്നു. ഇതൊന്നും എനിക്ക് ശരിയാകില്ല. മദ്യപിക്കുന്നവരോട് ഞാൻ ക്ഷമിക്കും, പക്ഷെ ഈ പുകവലി, സ്റ്റഫ് വലിച്ചു കയറ്റൽ, സിറിഞ്ച് ഇതൊന്നും എനിക്ക് പറ്റില്ല. “
“എന്റെ കൊച്ചേ നീ ഒന്ന് പതുക്കെ പറ, ആദ്യ ശമ്പളം കിട്ടുന്നത് വരെ നിൻ്റെ അമ്മായിയെ പിണക്കേണ്ട. “
തന്റെ പിന്നിൽ ഇന്നലത്തെ പോലൊരു സുഗന്ധം വ്യാപിക്കുന്നത് അവൾ അറിഞ്ഞു. തണുത്ത കാറ്റും, ഒരു തരം മണവും, സുഭദ്ര പേടിച്ചു പോയി. ആരോ ടെറസ്സിൽ തന്റെ ഒപ്പമുണ്ട്. അവൾ അടുത്ത ടെറസിലേയ്ക്ക് നോക്കി, അവിടെ എല്ലാവരും വട്ടത്തിലിരുന്ന് അന്താക്ഷരി കളിക്കുകയാണ്. അവൾ അവരുടെ വശത്തേക്ക് നീങ്ങി നിന്നു. ഉറക്കെ നിലവിളിച്ചാൽ, എല്ലാവരും ഓടി കൂടിയാൽ…. ഇനി താൻ വിളിച്ചു വരുത്തിയതാണെന്ന് പറഞ്ഞാലോ
പവർ കട്ടും, ചിറ്റയുടെ ഫോൺ വിളിയും, അയല്പക്കത്തെ ടെറസിലെ പാട്ടു കച്ചേരിയും ഒപ്പം മനം മയക്കുന്ന ഗന്ധവും, ഒരാഴ്ചയായി അവളുടെ ജീവിതത്തിന്റെ ഭാഗമായി മാറി.
“എന്താ ഭദ്രേ ഒരു കൂട്ടം പറയാനുണ്ട് എന്ന് പറഞ്ഞത്. “
ചിറ്റയാണ് ഫോണിൽ.
“അത് പിന്നെ, ചിറ്റ എന്നെ കളിയാക്കരുത്. “
“ഇല്ല പെണ്ണെ, നീ കാര്യം പറ. “
“എനിക്ക് ഒരിഷ്ടം തോന്നി. “
“ആരോട്? ആ ഹേമന്തിനോടാണോ?, എനിക്കാദ്യമേ തോന്നി, നിന്റെ വിവരണം കേട്ടിട്ട്. “
“ശ് ശ്…. തോക്കിൽ കയറി വെടി വയ്ക്കാതെ ചിറ്റേ. ഈ ഹേമന്ത് എന്ന മഹാനെ ഞാൻ ഇത് വരെ നല്ല പോലെ കണ്ടിട്ട് പോലുമില്ല. ഇത് അതൊന്നുമല്ല. “
“പിന്നെ ആര്? ഓഫീസിലെ മൊഞ്ചൻ ചെറുക്കൻമാർ വല്ലതുമാണോ? സ്വന്തം ജാതി ആയാൽ മതി. ചിറ്റ നടത്തി തരും. “
“ഇത് ജാതിയും മതവുമൊന്നുമില്ലാത്ത ആളാണ്, നല്ല തവിട്ടു കൃഷ്ണമണിയാണ്, നല്ല ചുവന്ന ചുണ്ടുകളും, അതെ എനിക്കറിയൂ. പിന്നെ നല്ല പോലെ തമിഴ് പാട്ടുകൾ പാടും. “
“നീ ആരുടെ കാര്യമാണ് പറയുന്നത്.
അവൾ ചുറ്റും നോക്കി ശബ്ദം താഴ്ത്തി പറഞ്ഞു.
“ഒരു ഗന്ധർവൻ്റെ കാര്യമാണ് ഞാൻ പറഞ്ഞത്. ഞാൻ ടെറസ്സിൽ വരുമ്പോൾ എന്നും എനിക്ക് കൂട്ടിനു വരും, അടുത്ത് ഉണ്ടാകും. കറന്റ് വരുമ്പോൾ ആളിനെ കാണത്തില്ല. പക്ഷെ ഒന്നെനിക്കറിയാം ഞാൻ ഇവിടെ ഒറ്റയ്ക്കല്ല, എന്നെ സംരക്ഷിക്കാൻ ആരോ കൂടെയുണ്ട്. “
“എന്റെ ഭദ്രേ നീ ഏത് നൂറ്റാണ്ടിലാണ് കഴിയുന്നത്. ഗന്ധർവ്വൻ, മാങ്ങാത്തൊലി.
ഇത് ആ നാട്ടിലെ ഏതെങ്കിലും പൂവാലന്മാർ നിന്നെ പറ്റിക്കുന്നത് ആണ് പെണ്ണേ. “
സുഭദ്ര ദേഷ്യത്തോടെ ഫോൺ കട്ട് ചെയ്തു. ചിറ്റ വീണ്ടും വീണ്ടും വിളിച്ചു കൊണ്ടിരുന്നു.
“ഗന്ധർവ്വൻ എങ്കിൽ ഗന്ധർവ്വൻ, നീ അവന്റെ വാട്സാപ്പ് നമ്പർ വാങ്ങിക്കൂ, നമുക്ക് നോക്കാം. “
“ജാതകം കൂടി വാങ്ങാം. ഇതൊക്കെ ചിറ്റയോട് പറഞ്ഞ എന്നെ പറഞ്ഞാൽ മതിയല്ലോ?ചിറ്റേ ഇത് ഗന്ധർവൻ ആണ്, ഇരുട്ടല്ലേ. “
“പിന്നെ അവൻ്റെ കണ്ണും ചുണ്ടും നീ എങ്ങനെ കണ്ടു. “
“ഒരു ദിവസം എൻ്റെ കമ്മൽ നിലത്ത് വീണു. ഞാൻ അത് തപ്പാനായി മൊബൈൽ ടോർച്ച് ഓൺ ആക്കി. എൻ്റെ മുന്നിൽ നീല ജീൻസും വെള്ള ടീ ഷർട്ടും ഇട്ട് ഒരാൾ ഇരിക്കുന്നു. ആ കണ്ണുകൾ എന്തൊരു ഭംഗിയാണ്. ഒറ്റ സെക്കൻ്റ്, ആള് അപ്രത്യക്ഷമായി. എങ്ങോട്ട് ചാടി പോയെന്ന് എനിക്ക് മനസ്സിലായില്ല. “
“ജീൻസിട്ട ഗന്ധർവൻ, അത് പൊളിച്ചു. “
ചിറ്റ പൊട്ടിച്ചിരിച്ചു, ഭദ്ര ഫോൺ കട്ടാക്കി.
പിറ്റേ ദിവസം ചിറ്റ ഫോൺ വിളിച്ചു.
“ഇന്ന് ഗന്ധർവ്വൻ വന്നില്ല. ഞാൻ ചിറ്റയോട് പറഞ്ഞത് പുള്ളി കേട്ടെന്ന് തോന്നുന്നു. ആൾക്ക് ഇഷ്ടമായില്ല. “
“ശരിക്കും സ്നേഹമുള്ള ഗന്ധർവ്വൻ ആണേൽ മടങ്ങി വരും. എന്റെ സംശയം അവൻ നിന്നെ തേച്ചിട്ടു പോയതാണെന്നാണ്. “
“ഇങ്ങനൊന്നും പറയല്ലേ ചിറ്റേ, എനിക്ക് ചോദിക്കാനും പറയാനും ആരുമില്ലെന്ന് ഗന്ധർവന് മനസ്സിലായിക്കാണും അല്ലേ. “
“എന്തായാലും മോളിനി ഇരുട്ടത്ത് പുറത്തിറങ്ങണ്ട, ജനലരികിൽ ഇരുന്നാൽ നിനക്ക് അന്താക്ഷരി കേൾക്കാം. വല്യേട്ടനോട് പറഞ്ഞു ചരട് കെട്ടി തരാൻ പറയാം. “
“ശരി ശരി ഞാൻ പുറത്തിറങ്ങുന്നതില്ല, ചരടും ഏലസും ഒന്നും എനിക്ക് വേണ്ട. “
പിറ്റേന്ന് വെളുപ്പിന് ഭദ്രയുടെ കാൾ വന്നു.
“എന്താ ഭദ്രേ. “
“ചിറ്റ ആ വാട്സാപ്പിൽ ഞാൻ ഇട്ട പൂക്കളുടെ ഫോട്ടോ നോക്കിയേ. ഇന്ന് എൻ്റെ ജനലരികിൽ ഇരുന്നതാ. രാത്രിമുഴുവൻ മുറിയിൽ മണമായിരുന്നു. രാവിലെയാണ് ഞാൻ പൂക്കൾ കണ്ടത്. “
“ഇത് മഞ്ഞ ചെമ്പകമാണല്ലോ. ആ നാട്ടിൽ ഏത് വീട്ടിലാണോ, ചെമ്പകമുള്ളത്. “
“ഭദ്രേ, എനിക്കൊരു സംശയം നിന്റെ ആ ഗന്ധർവ്വൻ നമ്മുടെ വിനായകൻ ആണോയെന്നാണ്. “
“അതിനൊരു സാധ്യതയുമില്ല ചിറ്റേ, വിനായകൻ വീട്ടിൽ വരുന്നത് പലപ്പോഴും വളരെ വൈകിയിട്ടാണ്. അത് മാത്രമല്ല, അയാൾക്ക് എന്റെ ഗന്ധർവനെ പോലെ പ്രണയാതുരമായ ഒരു മനസ്സുണ്ടെന്നു എനിക്ക് തോന്നുന്നില്ല. പിന്നെ ആ തവിട്ടു നിറത്തിലെ കണ്ണുകൾ, അത് വിനായകന് ഇല്ല. “
പിന്നീടുള്ള ദിവസങ്ങളിൽ ഭദ്രയുടെ ഫോൺ വിളികൾ കുറഞ്ഞു.
“എന്ത് പറ്റി, എന്റെ ഭദ്രാമണിക്ക്, ഗന്ധർവനെ കിട്ടിയപ്പോൾ ഈ പാവം ചിറ്റയെ നീ മറന്നോ. “
“ചിറ്റേ, ഈ നരകത്തിൽ എനിക്കൊരു ആശ്വാസമായിരുന്നു എന്റെ ഗന്ധർവ്വൻ. ഈയിടെ എന്നെ ഗന്ധർവനും കൈ വെടിഞ്ഞു. “
“ആര് കൈ വെടിഞ്ഞാലും എന്റെ പൊന്നിന് ചിറ്റയുണ്ടല്ലോ. “
പിറ്റേ ദിവസം വാതിൽ മുട്ട് കേട്ടാണ് ഭദ്ര ഉറക്കം ഉണർന്നത്. മുന്നിൽ ദേ ചിറ്റ നില്കുന്നു.
“സർപ്രൈസ് മൈ ഡിയർ ഭദ്രാമണി. “
“തല്ക്കാലം, ഞാൻ വന്നത് വീട്ടിലുള്ളവർ മാത്രം അറിഞ്ഞാൽ മതി. നിന്റെ ഗന്ധർവനെ ഞാൻ കയ്യോടെ പിടിക്കും. “
“ഓഹ് അതിനാണോ ദുബായിൽ നിന്നും വിമാനം പിടിച്ചു വന്നത്. ഞാൻ ചിറ്റയോട് പറഞ്ഞത് ഗാന്ധർവന് ഇഷ്ടമായില്ല എന്ന് തോന്നുന്നു, ഇപ്പോൾ എന്നെ ഉപേക്ഷിച്ച മട്ടാണ്. ഇടയ്ക്ക് ചെമ്പക പൂക്കൾ ജനലിൽ കൊണ്ട് വയ്ക്കും. “
അന്ന് രാത്രി പവർകട്ട് സമയത്ത് ടെറസിലേയ്ക്ക് പോകാനൊരുങ്ങിയ ഭദ്രയെ ചിറ്റ പിടിച്ചു മുറിയിലിരുത്തി.
“നീ ഒരു പെണ്ണല്ലേ, കാമുകിമാർ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യം നിനക്കറിയില്ലേ. ഒരിക്കലും കാമുകന്മാരുടെ പിറകെ നടക്കരുത്. നമുക്കും ഒരു വിലയും നിലയുമൊക്കെയില്ലേ, പിറകെ നടന്നാൽ അവർ നമ്മളെ “taken for granted ” ആയിട്ടെ കണക്കാക്കൂ. അതിപ്പോൾ മനുഷ്യനായാലും ഗന്ധർവനായാലും. “
“ഈ ചിറ്റ എന്തൊക്കെയാണ് ഈ പറയുന്നത്. “
“എന്റെ കൊച്ചെ, ആർക്കും” Easily available ” ആകരുതെന്ന്. നിന്റെ ആ കള്ള കാമുകൻ ഗന്ധർവനെ കണ്ടു പിടിക്കണ്ടേ. ഇനി രണ്ടു മൂന്നു ദിവസത്തേയ്ക്ക്, രാത്രിയും പകലും നമ്മൾ ഈ മുറിയിൽ മറഞ്ഞിരിക്കും. അവസാനം പ്രണയം മൂത്ത് മൂത്ത്, പ്രണയം നുരഞ്ഞു തുളുമ്പുമ്പോൾ അവൻ വിരഹത്തിൻ്റെ മറ നീക്കി പുറത്തുവരും. “
“ഇതെന്താ സിനിമ ഡയലോഗ് ആണോ. ഈ രണ്ടു മൂന്നു ദിവസം നമ്മളിവിടെ ഇരുന്നു എന്ത് ചെയ്യാനാണ്. “
“അതാണോ ഇപ്പോൾ പ്രയാസം, ചിറ്റ വന്നത് പ്രമാണിച്ചു, രണ്ട് ദിവസം ലീവെടുക്കൂ. നമ്മൾ ഇഷ്ടപ്പെട്ട ഫുഡ് ഓർഡർ ചെയ്തു കഴിക്കും, സിനിമ കാണും, കെട്ട് പിടിച്ചു ഉറങ്ങും. “
“അത് ഓക്കേ, പക്ഷെ രണ്ടു ദിവസം കഴിഞ്ഞും ഒന്നും സംഭവിച്ചില്ലെങ്കിൽ…., ഗന്ധർവൻ ആണെൻ്റെ അവസാന ആശ്രയം. ചിറ്റ എന്നെ ഇവിടെ നിന്നും കൂട്ടി കൊണ്ട് പോകുമോ?”
“കൂട്ടി കൊണ്ട് പോകണോ?എങ്ങോട്ടു വീണ്ടും ഗൾഫിലേക്ക്. “
“അതല്ല, എനിക്ക് ഹോസ്റ്റലിൽ ഒരു മുറിയെടുത്ത് തരണം. ഞാൻ സ്വസ്ഥമായി ഒരു ഗന്ധർവനെയും പേടിക്കാതെ അവിടെ കഴിഞ്ഞോളാം. “
“ഉറപ്പില്ല, ഞാൻ വല്യേട്ടനോട് പറഞ്ഞു നോക്കാം. “
അന്നും പിറ്റേന്നും ഭദ്ര ജനൽ പോലും തുറക്കാതെ ചിറ്റയോടൊപ്പം മുറിയിൽ തന്നെ കഴിഞ്ഞു. രണ്ടാം ദിവസം രാത്രി ഒരു മണി ആയപ്പോൾ ബാൽക്കണിയിൽ ഒരു കാൽപ്പെരുമാറ്റം കേട്ട ചിറ്റ, ഭദ്ര പോലുമറിയാതെ ജനൽ തുറന്നിട്ടു. ഒരു മൊബൈൽ ഫോണുമായി വാതിൽ തുറന്നു പുറത്തിറങ്ങി. നിലവില്ലാത്ത രാത്രി ആയതിനാൽ ചുറ്റും നല്ല ഇരുട്ടായിരുന്നു. ഇരുട്ടിൽ തപ്പി തടഞ്ഞു ചിറ്റ നടന്നു. ആരെയും അടുത്ത് കാണാനില്ല.
ഭദ്രയുടെ മുറിയുടെ ജനലരികിൽ ഒരു ആളനക്കം, ആറടിപൊക്കമുള്ള ഒരു കറുത്ത നിഴൽ ജനലരികിൽ നില്കുന്നു. അയാളുടെ അടുത്ത് ചെമ്പക പൂക്കളുടെ മണം ഉയർന്നു. ഒരു പൂമാല അയാൾ ജനലിൽ കോർത്തിട്ടുണ്ടായിരുന്നു.
“ആരാണിത് വിനായകനോ? അതോ ഹേമന്തോ ?ആരായിരിക്കും ഇത്. “
അസമയമാണ്, ഒറ്റയ്ക്കാണ് അടുത്ത് പോയി സംസാരിക്കാൻ ചിറ്റയ്ക്കു പേടി തോന്നി. ഇനി അവർ രണ്ടുമല്ലെങ്കിൽ, പാതിരാത്രി സ്ത്രീകളെ കാമിക്കാനായി നടക്കുന്ന ഏതെങ്കിലും സൈക്കോ ആണെങ്കിൽ ജീവന് ആപത്തുണ്ടാകും. ഇരുട്ടിൽ അവൻ കാണാതെ മറഞ്ഞു നിന്നു.
രാവിലെ ഉണർന്നപ്പോൾ ചെമ്പകമാല കണ്ടത് ഭദ്ര ആയിരുന്നു.
“ചിറ്റേ ദേ നോക്കിയേ, ഈ മാല എവിടെ നിന്ന് വന്നു. ഈ ജനൽ ആരാണ് തുറന്നിട്ടത്. “
അടുത്ത് കിടന്നു ഉറങ്ങിയ ചിറ്റ കണ്ണുകൾ തുറക്കാതെ പറഞ്ഞു.
“ജനൽ ഞാനാണ് തുറന്നിട്ടത്, മാല നിന്റെ ഗന്ധർവ്വൻ കൊണ്ട് വന്നിട്ടതാകാം.
ഗന്ധർവനെ കയ്യോടെ പിടിക്കാൻ ഞാനെന്താ മന്ത്രവാദിയാണോ. പിന്നെ മേശപ്പുറത്ത് ഒരു സാധനം കൊണ്ട് വച്ചിട്ടുണ്ട്. ഒരു പക്ഷെ ഗന്ധർവനെ കയ്യിൽ നിന്നും ടെറസിൽ വീണതാകും. “
ചിറ്റ തിരിഞ്ഞു കിടക്കുന്നത് കണ്ടു സുഭദ്ര മേശപ്പുറത്തിരുന്ന ഫോൺ കവർ കയ്യിലെടുത്തു പരിശോധിച്ചു. അതിൽ KV എന്നെഴുതിയത് അവൾ ശ്രദ്ധിച്ചു. അവൾ ചെമ്പക മാല അവൾ വാസനിക്കുന്നതും പുഞ്ചിരിക്കുന്നതും ചിറ്റ, എതിർവശത്തുള്ള കണ്ണാടിയിലൂടെ കണ്ടു.
അന്നത്തെ ദിവസം ഭദ്ര സന്തോഷവതിയായി കണ്ടു.
“ചിറ്റ പറഞ്ഞത് സത്യമാണല്ലേ. “
“എന്ത്?”
“പെട്ടെന്നാർക്കും പിടി കൊടുക്കരുതെന്ന്, അങ്ങനെ മാറി ഇരുന്നാൽ അവർ സഹികെട്ടു നമ്മളെ തേടി വരുമെന്ന്. “
“നീ ആരുടെ കാര്യമാണ് ഈ പറയുന്നത്. “
“എന്റെ ഗന്ധർവനെക്കുറിച്ച്. “
“അതാരാണെന്ന് നിനക്ക് അറിയുമോ?”
“ഇല്ല ചിറ്റേ, പക്ഷെ ഒരു സംശയം ബാക്കിയുണ്ട്. “
“പറ പറ, ആരെയാണ് നീ സംശയിക്കുന്നത്. “
“ആ എതിർവശത്തെ വീട്ടിൽ ഒരു ചേട്ടനുണ്ട്. എസ് ബി ഐ യിൽ ക്ലർക്കായി ജോലി നോക്കുന്നുണ്ട്. അവിടത്തെ ആന്റി അമ്മായിയുടെ കൂട്ടുകാരിയാണ്, അവർ ഫാമിലിയായി ഇവിടെ വരാറുണ്ട്. എന്നോട് വല്യ അടുപ്പമൊന്നും ആ വീട്ടുകാർ കാണിക്കാറില്ല. ആ ചേട്ടൻ ബുള്ളറ്റിൽ പോകുമ്പോൾ കൂളിംഗ് ഗ്ലാസ് സ്ഥിരം ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്. “
“എന്താ അവന്റെ പേര്?അവൻ ബാങ്കിൽ പോയി കാണുമോ?”
“പേരൊന്നും എനിക്കറിയില്ല, കാർത്തിക് എന്നൊക്കെ അമ്മായി വിളിച്ചു കേട്ടിട്ടുണ്ട്. സമയം പതിനൊന്നു കഴിഞ്ഞില്ലേ, പോയി കാണും. “
“എന്നാൽ നീ പെട്ടെന്ന് റെഡി ആകൂ. അവനെ നമുക്ക് ബാങ്കിൽ പോയി കാണാം. “
“അയ്യോ ഞാനെങ്ങുമില്ല. “
ചിറ്റയുടെ നിർബന്ധത്തിനു വഴങ്ങി സുഭദ്ര റെഡി ആയി. അവർ ഒന്നിച്ചു ഭദ്രയുടെ സ്‌കൂട്ടറിൽ ബാങ്കിലെത്തി. കൗണ്ടർ 2ൽ ഇരിക്കുന്ന ആളെ ഭദ്ര കാട്ടി കൊടുത്തു. ഭദ്രയെ കണ്ടപ്പോൾ അവനാകെ പരിഭ്രാന്തനായ പോലെ. അവൻ കൗണ്ടറിൽ നിന്നും എഴുന്നേറ്റ് അകത്തേയ്ക്കു നടന്നു.
“ഇവനെന്താ നിലാവാത്ത അഴിച്ചു വിട്ട കോഴിയെ പോലെ നടക്കുന്നേ. “
തിരികെ കൗണ്ടറിൽ ഇരുന്നപ്പോൾ ചിറ്റ അവന്റെ അടുത്തേയ്ക്കു നടന്നു.
“ഒരു അക്കൗണ്ട് സ്റ്റാർട്ട് ചെയ്യണം. “
അയാൾ മേശപ്പുറത്തിരുന്ന ഒരു ഫോമിൽ എന്തോ കുറിച്ച് ചിറ്റയുടെ നേരെ നീട്ടി.
“ഇത് പൂരിപ്പിച്ചു ഫോട്ടോയും, ആധാർ കാർഡുമായി വന്നോളൂ. “
“ആധാർ കാർഡിന്റെ കോപ്പി ഇപ്പോൾ ഇല്ല. “
“അത് സാരമില്ല ഞാൻ വീട്ടിൽ വന്നു വാങ്ങി കൊള്ളാം. “
“അതിനു നിങ്ങൾക്ക് ഞങ്ങളുടെ വീട് അറിയാമോ. “
“പിന്നെ എനിക്ക് സുഭദ്രയെ അറിയാം. സുഭദ്രയുടെ അമ്മാവൻ എന്റെ കുടുംബ സുഹൃത്താണ്. “
“എന്താണ് കുട്ടിയുടെ പേര്?”
“കാർത്തിക് വിശ്വനാഥൻ”
അയാൾ തന്റെ നെയിം ബോർഡ് അവർക്കു കാണാനായി നീക്കി വച്ചു.
“സുഭദ്രക്കു വേണ്ടത് സാലറി അക്കൗണ്ട് അല്ലെ. “
“അല്ല ഫാമിലി അക്കൗണ്ട്. “
ചിറ്റ പുഞ്ചിരിച്ചു.
“അതെ എനിക്കും അവൾക്കും ഒരു ജോയിന്റ് അക്കൗണ്ട് ആണ് വേണ്ടത്. “
ചിറ്റ അക്കൗണ്ട് തുടങ്ങാനുള്ള ഫോം വാങ്ങി.
“ആധാറിന്റെ കോപ്പി കയ്യിലില്ല. കാർത്തിക്കിന്റെ നമ്പർ തന്നേക്കൂ. കോപ്പി ഭദ്രയുടെ കയ്യിൽ കാർത്തിക്കിന്റെ വീട്ടിൽ കൊടുത്തു വിടാം. നാളെ ഞങ്ങൾ ഇത്തിരി തിരക്കിലാണ്, നേരിട്ട് വരണമെന്നുണ്ടോ?”
“വേണ്ട, ഫോമിൽ ഒപ്പിട്ടു കോപ്പികളുമായി തന്നാൽ മതി. ഞാൻ വീട്ടിൽ വന്നു വാങ്ങിക്കൊള്ളാം. പാസ്സ്‌ബുക്ക് പിന്നെ വീട്ടിൽ കൊണ്ടെത്തിക്കാം. “
“കാർത്തിക്കിന്റെ നമ്പർ തരൂ, ഞാൻ വിളിക്കാം. ഞങ്ങൾ ഇത്തിരി തിരക്കിലാണ്. ഭദ്രയുടെ കല്യാണം ഉടൻ ഉണ്ടാകും. കുറച്ച് ആഭരണങ്ങൾ വാങ്ങണം. “
കാർത്തിക്കിൻ്റെ മുഖം വാടിയത് അവർ ശ്രദ്ധിച്ചു. ചിറ്റ കാർത്തിക്കിന്റെ ഫോൺ നമ്പർ വാങ്ങി.
“ഞാൻ കാർത്തിക്കിന്റെ വിളിക്കാം. “
യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ ഭദ്ര തിരിഞ്ഞ് നോക്കി. അയാൾ അവൾക്കു മുഖം കൊടുത്തില്ല.
“ചിറ്റേ ഇനി ഇതാണോ ആ ഗന്ധർവ്വൻ. “
“അതൊന്നും എനിക്കറിയില്ല. പക്ഷെ വളരെ നല്ല പയ്യൻ. നിന്നെ പോലെയൊരു മിനിമലിസ്റ്റിക് ടൈപ്പ്, എനിക്കെന്തോ ഇഷ്ടമായി. നീ പറഞ്ഞ പോലെ അത്ര ബ്രൗൺ നിറമല്ല കണ്ണുകൾക്ക്. ചുണ്ടുകൾക്ക് ലേശം ചുവപ്പൊക്കെ ഉണ്ട്. എന്നാലും ഇരുട്ടിൽ നീ ഇതെങ്ങനെ കണ്ടു പിടിച്ചു എന്നാണ് എന്റെ സംശയം. “
“പക്ഷെ ചിറ്റേ ആരായാലും രാത്രിയിൽ ടെറസ്സിൽ ഒളിഞ്ഞിരുന്നു നോക്കുന്നത് തെറ്റല്ലേ. കാര്യം എന്തൊക്കെ ആയാലും കാർത്തിക് ചേട്ടൻ എനിക്ക് ഓക്കേ ആണ്, ഞാനും വിനായകനും ഒരേ വൈബല്ല. ഈ പുള്ളിയുടെ മ്യൂസിക് സെൻസൊക്കെ എന്റേതുമായി നല്ല മാച്ചിങ് ആണ്. ഞാൻ പുള്ളിയുടെ പ്ലേ ലിസ്റ്റൊക്കെ സ്ഥിരം കേൾക്കാറുള്ളതാന്. “
“എന്റെ കൊച്ചെ ജീവിതം വെറും ബോളിവുഡ് സിനിമയല്ല. പുറമെ നിന്നും ഓക്കേ ആയാലും കാര്യത്തിനോടടുക്കുമ്പോഴെ യഥാർത്ഥ പ്രശ്‌നം അറിയാൻ പറ്റൂ. “
“കാർത്തിക് ആണ് ഗന്ധർവ്വൻ എങ്കിൽ ഇന്ന് രാത്രിയിൽ അയാൾ ടെറസിൽ വരുമോ ചിറ്റേ. what u think. “
“വരും, ഉറപ്പായും വരും. കാരണം അവനറിയില്ലല്ലോ, നമ്മുടെ സംശയം. ഇന്ന് രാത്രി വന്നാൽ കയ്യോടെ പിടിക്കാം. “
തിരിച്ചു വരുന്ന വഴി സൂപ്പർമാർക്കറ്റിൽ നിന്നും ഹാലോവീൻ മുഖംമൂടികൾ വാങ്ങിയപ്പോഴാണ് ചിറ്റയുടെ ഉദ്ദേശ്യം ഭദ്രയ്ക്ക് മനസിലായത്.
“മുടിഞ്ഞ ബുദ്ധിയാണല്ലോ. “
“അസൂയ പെട്ടിട്ടു കാര്യമില്ല. “
രാത്രി ആയപ്പോൾ ജനലുകൾ തുറന്നിട്ട്, മുറിയിലെ ലൈറ്റുകൾ അണച്ച്. സുഭദ്രയേയും കൂട്ടി പാത്തും പതുങ്ങിയും ടെറസിലേയ്ക്ക് നടന്നു അവിടെ ചെടികളുടെ മറവിൽ പമ്മിയിരുന്നു. പന്ത്രണ്ടു കഴിഞ്ഞിട്ടും ആരും വന്നില്ല. ചിറ്റ മയങ്ങി തുടങ്ങി.
“ഡിറ്റക്റ്റീവ് ഇരുന്നുറങ്ങുന്നു. “
ചിറ്റയ്ക്കൊപ്പം ഭിത്തിയിൽ ചാരിയിരുന്നു മയങ്ങി തുടങ്ങി. ഒരു മണി കഴിഞ്ഞു കാണും കൊതുകുകടി കൊണ്ട് സഹികെട്ട് ഭദ്ര ഉണർന്നു. എവിടെനിന്നോ പരിചിതമായ, ആ മാസ്മരിക ഗന്ധം പരന്നു.
“ചിറ്റേ. ദേ ഒരു നിഴൽ. “
“പെട്ടെന്നു മാസ്ക് വച്ചോ. “
മാസ്ക് വച്ച രണ്ടു പേരും ഉഷാറായി.
“നമ്മളെ ആക്രമിക്കാൻ വന്നാൽ. “
“പിന്നെ…. നമ്മളെ കണ്ടാൽ അവന്റെ ബോധം പോകും. ഇല്ലെങ്കിൽ ഇത് മതി. “
കയ്യിൽ കരുതിയ ചപ്പാത്തി ഉരുട്ടുന്ന തടി ചിറ്റ പൊക്കി കാണിച്ചു. ഭദ്ര അടക്കി ചിരിച്ചു.
ആൾ രൂപം ജനലിനരികിൽ നിന്നു പരത്തുകയാണ്. കയ്യിലെ മാല ജനലിൽ തൂക്കി. മൊബൈൽ ടോർച്ച് ഓണാക്കി ഭദ്രയുടെ മുറിയിലേക്ക് നോക്കുന്നുണ്ട്. പെട്ടെന്നായിരുന്നു ചിറ്റ കാർത്തിക്കിന്റെ നമ്പറിലേയ്ക്ക് കാൾ ചെയ്തത്. അയാളുടെ കയ്യിലെ ഫോൺ റിങ് ചെയ്തു. പെട്ടെന്നുള്ള ഫോൺ വിളിയിൽ ആ രൂപമൊന്നു നടുങ്ങി. കാർത്തിക് ചുറ്റും നോക്കി. അയാളുടെ ശ്രദ്ധ ഫോണിലായ നിമിഷം ചിറ്റ കാർത്തിക്കിന്റെ പിന്നിൽ വന്നു നിന്നു, തോളിൽ തട്ടി വിളിച്ചു, പെട്ടെന്ന് പേടിച്ചു നിലവിളിച്ച കാർത്തിക് രണ്ടടി പിന്നോട്ട് മാറി. കാല് തെന്നി നിലത്തു വീണു.
“കാർത്തിക് എന്താ ഈ രാത്രി ഇവിടെ. “
“അത് ആന്റി, പണ്ടേ ഞാൻ രാത്രി, വിനായക നൊപ്പം ഇവിടെ ഇരുന്നാണ് പഠിക്കാറുള്ളത്. ഈ കുട്ടി വന്നതിൽ പിന്നെ വിനായകൻ വരാറില്ല, എനിക്ക് ഈ കുട്ടിയെ ഇഷ്ടമാണ്. വീട്ടിൽ പറഞ്ഞപ്പോൾ വിനായകന്റെ പെണ്ണാണെന്ന് പറഞ്ഞു.
അമ്മ എന്നെ നിരുത്സാഹപ്പെടുത്തി. ഞാൻ എല്ലാവരും ഉറങ്ങുമ്പോൾ ഇവിടെ വന്നിരുന്നു പഠിക്കാറുണ്ട്. “
“അതെന്താ കാർത്തിക്കിന്റെ ടെറസിൽ ഇരുന്നു പഠിച്ചൂടേ, അല്ലേലും ജോലിയുള്ള താൻ ഇനിയെന്തിനാണ് പഠിയ്ക്കുന്നത്. “
“ഞാൻ സിവിൽ സർവീസ് പരീക്ഷയ്ക്ക് പഠിക്കുകയാണ്. അത് കിട്ടിയാൽ സുഭദ്രയുടെ കാര്യം അച്ഛനോട് സംസാരിക്കാമെന്നു അമ്മ വാക്ക് തന്നിട്ടുണ്ട്. പിന്നെ ഭദ്രയെ നേരിട്ട് കണ്ടു ഇഷ്ടം പറയണമെന്ന് കരുതി. സുഭദ്ര ഫോണിലൂടെ വിനായകനെ ഇഷ്ടമല്ല എന്ന് ആരോടോ പറഞ്ഞത് ഞാൻ കേട്ടിരുന്നു. “
“വിനായകനെ ഇഷ്ടമല്ല എന്ന് കരുതി കാർത്തിക്കിന്റെ ഇഷ്ടമാകുമോ?”
“എന്നെ ഇഷ്ടമാണെന്നു എനിക്കറിയാം. ഞാൻ ബൈക്കിൽ പോകുമ്പോൾ ഭദ്ര എന്നെ നോക്കാറുണ്ട്. ഇന്ന് എല്ലാം തുറന്നു പറയണമെന്ന് കരുതി വന്നതാണ്. “
കാർത്തിക് പോക്കറ്റിൽ നിന്നും ഒരു ലെറ്റർ എടുത്തു ചിറ്റയുടെ കയ്യിൽ കൊടുത്തു.
“ശരി ശരി പൊയ്ക്കോ, ഭദ്രയെ ഇഷ്ടമാണെങ്കിൽ, ഭദ്രയ്ക്ക് ഇഷ്ടമാണെങ്കിൽ, പരീക്ഷ കഴിഞ്ഞു ഞാൻ വന്നു കാർത്തിക്കിന്റെ അച്ഛനെ കാണാം. “
“ആന്റി അത് വരെ ഇതൊന്നും ആരും അറിയരുത്. “
“അതെന്താ അറിഞ്ഞാൽ, ഇങ്ങനെ ഒളിഞ്ഞും പതുങ്ങിയും വന്നത് മാന്യന്മാർക്കു ചേർന്നതാണോ. “
“അല്ല ഞാൻ അങ്ങനെ വന്നതല്ല. അപ്പുറത്തെ അന്താക്ഷരി കൊണ്ട് സഹികെട്ടു വന്നതാ. പിന്നെ പിന്നെ എനിക്ക് ഭദ്രയെ കാണാതെ പറ്റില്ലെന്നായി. “
അത് വരെ മിണ്ടാതെ നിന്ന സുഭദ്ര ഒരു പെൺപുലിയെ പോലെ ചീറ്റി
“സ്നേഹമാണത്രെ സ്നേഹം, ഒരു ദിവസം ഞാൻ ഓഫീസിൽ പോകാൻ ലേറ്റ് ആയപ്പോൾ, ബൈക്കിനു കൈ കാണിച്ചിട്ട് പോലും നിർത്തിയില്ല. ഒരു ദിവസം അമ്പലത്തിൽ വച്ച് കണ്ടു മുട്ടിയപ്പോൾ എന്നെ മൈൻഡ് ചെയ്തതേയില്ല. അന്ന് ഞാൻ വിചാരിച്ചത് ആണ് ഇയാളോട് ഞാൻ ഇനി മിണ്ടാത്തില്ലയെന്ന്. “
“അത് പിന്നെ അമ്മ അറിഞ്ഞാൽ, ഞാനൊരു ബാങ്ക് ഉദ്യോഗസ്ഥനല്ലേ., എനിക്ക് നല്ലൊരു ഇമേജ് ഉണ്ട്. “
“ഇമേജും കൊണ്ടിരുന്നോ, സ്നേഹിക്കുന്ന പെണ്ണിനോട് തുറന്നു പറയാൻ പോലും ധൈര്യമില്ലേ.. “
“മതി മതി, നിർത്തൂ രണ്ടാളും. രണ്ടു പേരുടെയും മനസ്സിൽ കള്ളത്തരം ഉണ്ടായിരുന്നു. “
കാർത്തിക് ടെറസിലൂടെ അടുത്ത വീടിന്റെ ടെറസ് കടന്നു രണ്ടു വീടകലെയുള്ള തന്റെ ടെറസിൽ ചാടുന്നത് അവർ നോക്കി നിന്നു.
“ഇവന് ഒളിമ്പിക്സിൽ എങ്ങാനും പൊയ്ക്കൂടായിരുന്നോ?ഓരോരോ മാരണങ്ങൾ വരും. നീ ഇനി ഇവിടെ നിൽക്കണ്ട, നമുക്ക് അബുദാബിയ്ക്കു മടങ്ങാം. “
“ഞാൻ വരുന്നില്ല. കാർത്തിക് ചേട്ടനെ എനിക്കിഷ്ടമാണ്. ഞങ്ങളുടെ കല്യാണം നടത്തി തരാൻ ചിറ്റയ്ക്കു പറ്റുമോ ഇല്ലയോ. “
“എടി ഇവനെയോ? കള്ളനെ പോലെ, രാത്രിയിൽ പതുങ്ങി വന്നിരുന്ന ഇവനെയോ. “
“അത് അങ്ങനെയാ ചിറ്റേ, ആൾക്ക് എന്നോടുള്ള ഇഷ്ടം കൊണ്ടല്ലേ. അഡ്‌വെഞ്ച്വറസ് മൈൻഡ്, ഐ ലവ്ഡ് ഇറ്റ്. “
“ഓഹ് പിന്നെ പിന്നെ. “
അവർ പരസ്പരം നോക്കി പൊട്ടിച്ചിരിച്ചു.
പ്രാതൽ കഴിക്കുന്നതിനിടയിൽ ചിറ്റ വല്യമ്മാവനോട് സുഭദ്രയുടെ കല്യാണക്കാര്യം എടുത്തിട്ടു. ചിറ്റയുടെ കൂടി ചുമതലയാണല്ലോ സുഭദ്ര.
“അതൊന്നും ഉടനെ നടക്കില്ല, വിനായകന് എന്തോ ചുറ്റിക്കളികൾ ഉള്ള പോലെ തോന്നുന്നു. സ്വന്തം മോനൊക്കെ തന്നെയാണ്, പക്ഷേ ഇവളുടെ ജീവിതം വച്ച് റിസ്കെടുക്കാൻ വയ്യ.
അമ്മായിയാണ് പറഞ്ഞത്.
“നമുക്ക് അടുത്ത വീട്ടിലെ കാർത്തിക്കിനെ കൊണ്ട് സുഭദ്രയെ കെട്ടിച്ചാലോ. “
“കാർത്തിക് നല്ല പയ്യനാണ്. എനിക്കും അങ്ങനെ ഒരു ആഗ്രഹം തോന്നിയിരുന്നു. അവർ തമ്മിൽ നല്ല ചേർച്ചയാണ്. “
രാവിലെ പാസ്സ്‌ബുക്കുമായി കാർത്തിക് വീട്ടിൽ വന്നു.
“കാർത്തിക് ബാങ്കിലേക്ക് പോകുന്ന വഴി ഇവളെ ഒന്ന് ഓഫീസിൽ ഇറക്കിയേക്കൂ. “
ചിറ്റ, സുഭദ്രയെ ധൈര്യമായി കൊണ്ട് പൊയ്ക്കോളളാൻ കാർത്തിക്കിനോട് കണ്ണ് കാണിച്ചു. അവർ ഒന്നിച്ചു ബൈക്കിൽ പോകുന്നത് അവർ നോക്കി നിന്നു.
“അവർ തമ്മിൽ നല്ല ഇണക്കമാണ്. “
പിന്നിൽ നിന്നും അമ്മായി അവരെ നോക്കി പറഞ്ഞു.
ഓഫീസിൽ കൊണ്ട് ചെന്നാക്കുമ്പോൾ വൈകിട്ട് കാത്ത് നിൽക്കണോ ചെന്ന് സുഭദ്ര തിരക്കി.
“തനിക്കിഷ്ടമാണേൽ.. “
“ഈ ചെമ്പക പൂക്കളുടെ രഹസ്യമെന്താണ്. “
“തനിക്ക് പ്രകൃതി ദത്ത ഗന്ധങ്ങൾ മാത്രമേ ഇഷ്ടമുള്ളൂ എന്ന് ഞാൻ അറിഞ്ഞിരുന്നു. പെർഫ്യൂം ഇഷ്ടമല്ലാത്ത പെൺകുട്ടികൾ ഉണ്ടോ. “
“മുല്ലപ്പൂവിൻ്റെ ഗന്ധവും നാച്ചുറൽ ആണ്. “
“അത് ഗന്ധർവൻ മോഡിൽ നിന്നും ഭർത്താവ് മോഡിലേക്ക് മാറുമ്പോൾ. “
കാർത്തിക് ബൈക്ക് സ്റ്റാർട്ട് ആക്കിയപ്പോൾ സുഭദ്ര പുഞ്ചിരിച്ചു കൊണ്ട് കൈവീശി കാണിച്ചു.
✍️ നിഷ പിള്ള

