നിനക്കിവിടെ എന്താണ് കുറവ്?
പതിവിലും കനത്തിലാണ് ചോദ്യം.
എത്രാമത്തെ തവണയാണ്?
ആയിരാമത്തെയോ
അതോ
പതിനായിരാമത്തെയോ?
കേൾക്കാൻ ആഗ്രഹിച്ചാലും
ഇല്ലെങ്കിലും
ദിനവും മുടക്കം കൂടാതെ
ആവർത്തിക്കുന്ന
ഒരേയൊരു ചോദ്യമാണ്.!
എന്താണ് കുറവ്?
അവളും ആ ചോദ്യം
സ്വയം ആവർത്തിച്ചു..
എല്ലാം ആവശ്യത്തിലുമധികമില്ലേ?
ഉണ്ട്.
മുഷിഞ്ഞ തുണികൾ?
എച്ചിൽ പാത്രങ്ങൾ?
അടിച്ചുവാരാൻ മുറ്റം?
തുടച്ചു മിനുക്കാൻ നിലം?
തേച്ചു കഴുകാൻ ടോയ്ലെറ്റുകൾ?
ഇസ്തിരിയിടാൻ തുണികൾ?
വെറുതെയിരുന്ന്
ബോറടിക്കുമ്പോൾ
കഴുകാൻ കാർ?
നനയ്ക്കാൻ
പൂന്തോട്ടം?
ഉവ്വ്..
കുട്ട്യോൾടെ
ട്യൂഷൻ ടീച്ചറും
അപ്പനമ്മമാരുടെ
കെയർറ്റേക്കറും
ഓഫ് ബട്ടണില്ലാത്ത
അലാറവും
വീട് കൂടലും
പുലകുളിയും
ഓർമിപ്പിക്കേണ്ട
റിമൈൻഡറും
കഴുത്തിൽ ബെൽറ്റില്ലാത്ത
കാവൽക്കാരിയുമല്ലേ?
അതെ.
സ്വന്തമായി
എന്താണില്ലാത്തത്?
പ്രഷറില്ലേ?
ഷുഗറില്ലേ?
കൊളസ്ട്രോളില്ലേ?
ഉറക്കമില്ലായ്മയില്ലേ?
മുടികൊഴിച്ചിലില്ലേ?
എല്ല് തെയ്മാനമില്ലേ?
തൈറോയ്ഡില്ലേ?
വിണ്ടുകീറിയ ഉപ്പൂറ്റിയില്ലേ?
സോപ്പുപതച്ച് മരവിച്ച
പരുക്കൻ കൈകളില്ലേ?
വിഷാദമില്ലേ?
നിരാശയില്ലേ?
കുഴിവെട്ടി മൂടിയ
സ്വപ്നങ്ങളില്ലേ?
മുപ്പതിൽ
നാൽപതിന്റെയും
നാൽപതിൽ
അമ്പതിന്റെയും അവശതയില്ലേ?
ഉണ്ട്.
എല്ലാ പരാതികളുടെയും
മുനയൊടിക്കുന്ന,
നിന്നെ എന്തിന്
കൊള്ളാമെന്ന
മുറിവിൽ ഉപ്പ് പുരട്ടുന്ന
ചോദ്യമില്ലേ?
ഉണ്ട്.
ഇതിൽക്കൂടുതൽ
പെണ്ണൊരുത്തിയ്ക്ക്
ഇനിയെന്താണ് വേണ്ടത്?
