“നിനക്കറിയാമോ നീനൂ എൻ്റെ മുത്തച്ഛൻ പ്രേതങ്ങളോട് സംസാരിക്കുമായിരുന്നു. പ്രേതബാധയുള്ളവരെ ഒറ്റനോട്ടത്തിൽ തന്നെ മുത്തച്ഛന് തിരിച്ചറിയാമായിരുന്നു. എത്രപേരായിരുന്നൂന്നോ മുത്തച്ഛൻ്റെയടുത്തു വന്ന് ബാധയൊഴിപ്പിച്ചിരുന്നത്.”
സംസാരം ഒന്ന് നിർത്തി ഞാൻ നീനുവിൻ്റെ മുഖത്തേയ്ക്ക് നോക്കി.
ചൊവ്വാഴ്ചകളിലെ പതിവ് തെറ്റിയ്ക്കാതെ കാവിൽ തൊഴുതിട്ട് ഞങ്ങൾ യക്ഷിപ്പാലയുടെ മുന്നിലെത്തിയിരുന്നു.
“പിന്നേ…. പുളു….
നീയൊന്നു പോയേ.” അവൾ മുഖം കോട്ടി.
“അല്ല നീനൂ. ഞാൻ പറഞ്ഞത് സത്യമാ.” ഞാൻ വീണ്ടും പറഞ്ഞു.
“നമ്മളിങ്ങനെ ഒരു മതിലിനപ്പുറവും ഇപ്പുറവുമായി താമസിയ്ക്കാൻ തുടങ്ങിയിട്ട് വർഷം കുറച്ചായില്ലേ. എന്നിട്ട് ഇതുവരെ നിൻ്റെ അമ്മ ഇതേക്കുറിച്ചൊന്നും ഞങ്ങളാരോടും പറഞ്ഞിട്ടില്ലല്ലോ.”
നീനു എൻ്റെ വാക്കുകൾ കടുകുമണിയോളം വിശ്വസിക്കാത്ത മട്ടിൽ തുടർന്നു.
” അമ്മ പറയാത്തത് എന്താണെന്നോ. ഇതൊന്നും അമ്മയ്ക്കൊന്നും ഒട്ടും ഇഷ്ടമല്ലായിരുന്നു. അവർക്കാർക്കും ഈ പഴംകഥകളൊക്കെ ഓർക്കാൻ പോലും താൽപര്യമില്ല. എന്നോട് അമ്മൂമ്മയാ ഈ കഥകളൊക്കെ പറഞ്ഞത്.
ഞാൻ അമ്മയോട് ചോദിയ്ക്കാൻ തുടങ്ങുമ്പോഴേക്കും അമ്മ ഓടിച്ചു വിട്ടു. ഇതും പറഞ്ഞോണ്ട് ഇനി അങ്ങോട്ട് ചെന്നേക്കരുതെന്നും പറഞ്ഞ്.”
“ഞാൻ വിശ്വസിക്കില്ല.” നീനു സമ്മതിച്ചു തരാൻ ഭാവമില്ല.
“സത്യമാണ് നീനൂ… ഒരു പ്രേതവും ഈ കുടുംബത്തിലുള്ളവരെ ഉപദ്രവിക്കില്ല. മുത്തച്ഛന് കൊടുത്തിട്ടുള്ള വാക്കാണത്. അതല്ലേ എനിക്ക് പ്രേതത്തെയൊന്നും പേടിയില്ലാത്തത്.” ഞാൻ വലിയൊരു രഹസ്യം വെളിപ്പെടുത്തും പോലെ പറഞ്ഞു.
“എന്നാൽ ഒരു കാര്യം പറയട്ടെ. നീ രാത്രി പന്ത്രണ്ടുമണിയ്ക്ക് ഒറ്റയ്ക്ക് നമ്മുടെയാ സെമിത്തേരിയിൽ പോയിട്ടു വരാമോ? എങ്കിൽ ഞാൻ വിശ്വസിക്കാം നീ പറഞ്ഞതൊക്കെ സത്യമാണെന്ന്.”
“രാത്രി പന്ത്രണ്ട് മണിയ്ക്ക് വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നതെങ്ങനെയാ. അതു നടക്കില്ല. അമ്മ കാണും. സമ്മതിക്കില്ല” ഞാൻ നിഷേധാർത്ഥത്തിൽ തലയാട്ടിക്കൊണ്ട് പറഞ്ഞു.
“എന്നാൽ ശരി പന്ത്രണ്ട് മണിക്ക് വേണ്ട. ഒരു
എട്ടുമണിയൊക്കെയാകുമ്പോൾ പോകാമോ? ആ സമയത്ത് സെമിത്തേരീടെ പരിസരത്തൊന്നും ആരുമുണ്ടാകില്ല. നീ കമ്പയിൻറ്സ്റ്റഡിയ്ക്കാണെന്നു പറഞ്ഞ് എൻ്റെ വീട്ടിലേയ്ക്ക് വന്നാൽ മതി. അവിടന്ന് പോകാം. അപ്പോൾ ആരും സംശയിക്കില്ല.” നീനു പോംവഴി കണ്ടെത്തി.
“ശരി… സമ്മതിച്ചു. ഞാൻ പോകാം. എനിയ്ക്കൊരു പേടീമില്ല. നീ നോക്കിക്കോ. ഞാൻ കൂളായിട്ട് പോയി വരും.” എൻ്റെ വാക്കുകളിൽ വല്ലാത്തൊരു ആത്മവിശ്വാസമുണ്ടായിരുന്നു.
സന്ധ്യയ്ക്ക് വിളക്കു വച്ചു കഴിഞ്ഞപ്പോൾ പഠിയ്ക്കാനെന്ന വ്യാജേന ഞാൻ നീനുവിൻ്റെ വീട്ടിലേയ്ക്ക് പോയി. പരീക്ഷയടുക്കാറായതു കൊണ്ട് ആർക്കും ഒരു സംശയവും തോന്നിയതുമില്ല. മുൻവശത്തെ ഗേറ്റ് കടക്കാതെ തന്നെ എൻ്റെ വീടിൻ്റെ സൈഡിലെ വേലിയിലൂടെ അപ്പുറത്തു കടക്കാം.
പഠിയ്ക്കാൻ ബുക്കു തുറന്നിരുന്നിട്ടും മനസ്സ് ഒന്നിലും നിന്നില്ല. ക്ലോക്കിൽ സമയം നോക്കിയിരുന്നു. എട്ടുമണിയിലേക്ക് കടക്കാൻ സൂചികൾ റെഡിയായപ്പോൾ ഞാൻ പോയിട്ടുവരാമെന്നു പറഞ്ഞ് ഇറങ്ങി. എൻ്റെകൂടെ മുറ്റത്തേയ്ക്കിറങ്ങി വന്ന നീനു ചോദിച്ചു
“നീ അവിടെ പോയി എന്നു പറയുന്നത് സത്യമാണോയെന്ന് ഞാനെങ്ങിനെ അറിയും.”
“എന്നാൽ നീയും കൂടെ വാ”. ഞാൻ പെട്ടെന്ന് പറഞ്ഞു.
“അതു ശരിയാവില്ല. നീ ഒറ്റയ്ക്ക് പോവാന്നല്ലേ പറഞ്ഞത്. “
പിന്നെന്ത് ചെയ്യും?
“ഒരു കാര്യം ചെയ്യാം ദാ ഈ പൂവ് അവിടെ ഒരു കല്ലറയിൽ വച്ചിട്ടു വന്നാൽ മതി. രാവിലെ പോയി നോക്കുമ്പോൾ കല്ലറയിൽ ഈ പൂവുണ്ടെങ്കിൽ ഞാൻ വിശ്വസിച്ചോളാം നീ അവിടെ പോയീന്ന്.”
നീനു വേലിയ്ക്കൽ നിന്നും ഒരു ഗന്ധരാജൻ പൂവ് പറിച്ച് എൻ്റെ കയ്യിൽ തന്നു.
ഞാൻ പുറത്തിറങ്ങി സെമിത്തേരി ലക്ഷ്യമാക്കി നടന്നു. അധികം ദൂരമില്ല. പക്ഷേ ആൾ സഞ്ചാരമില്ലാത്ത വഴിയാണ്. അങ്ങോട്ടങ്ങനെ ആരും പോകാറില്ല. മങ്ങിയ വെളിച്ചത്തിൽ വിജനമായ വഴിയിലൂടെ നടക്കുമ്പോൾ ഒട്ടും ഭയം തോന്നിയില്ല. ഒരുപക്ഷേ മുത്തച്ഛനെ കുറിച്ചുള്ള കഥകൾ പകർന്നു തന്ന ധൈര്യമാവാം. പ്രേതം ഉപദ്രവിയ്ക്കില്ലായെന്ന മനസ്സിൻ്റെ ധൈര്യം.
സെമിത്തേരിയുടെ മതിലിനരികിൽ ഒരു നിമിഷം നിന്നു. പിന്നെ ഉള്ളിലേക്ക് കടന്നു.
നിറയെ കല്ലറകൾ.
ശവംനാറിപ്പൂവിൻ്റെ മണം പരക്കുന്നതു പോലെ.
സാധാരണ പ്രേതസിനിമയിൽ കാണാറുള്ളതുപോലെ കറുത്ത പൂച്ചയോ കടവാവലോ മുന്നിലെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഒന്നുമുണ്ടായില്ല.
ജീവിച്ച് കൊതിതീർന്നും അല്ലാതെയും ഭൂമിയിൽ നിന്നും വിട പറഞ്ഞവർ ഉറങ്ങുന്ന സ്ഥലം.
പതിയെ ചെന്ന് ഒരു കല്ലറയ്ക്കു മുകളിൽ കയ്യിലെ പൂ വച്ചു. പിന്നെ തിരിച്ചു നടന്നു.
വീട്ടിലെത്തി കാലും മുഖവും കഴുകി വന്ന് ഭക്ഷണം കഴിയ്ക്കാനിരിയ്ക്കുമ്പോൾ അമ്മ ചോദിച്ചു “നിനക്കെന്താ എന്തോ ഒരു മണം പോലെ?”
“എന്തുമണം?”
“എന്താണെന്നു മനസ്സിലാവുന്നില്ല. ശവംനാറിപ്പൂവിന്റെയാണോ?”
ഒന്നും മിണ്ടാതെ വേഗം ഭക്ഷണം കഴിച്ചു കിടന്നു.
രാവിലെ പതിവിൽ നിന്നു വിപരീതമായി എന്തോ ദു:സ്വപ്നം കണ്ട് ഞെട്ടിയാണ് ഉണർന്നത്. വേഗം എഴുന്നേറ്റ് മുഖം കഴുകി നീനുവിൻ്റെ വീട്ടിലേയ്ക്കോടി.
“ഈ പെണ്ണെന്താ നേരം വെളുത്തപ്പോഴേ അങ്ങോട്ട് ഓടുന്നത്?” അമ്മ ആരോടെന്നില്ലാതെ പറഞ്ഞു.
ഓടിച്ചെന്ന് നീനുവിനെ വിളിച്ചെഴുന്നേൽപ്പിച്ചു. “വേഗം വാ…. നമുക്ക് പോയി നോക്കണ്ടേ.” ഞാൻ പറഞ്ഞത് സത്യമാണെന്ന് തെളിയിക്കാനുള്ള വ്യഗ്രതയായിരുന്നു ഉള്ളിലപ്പോൾ .
രണ്ടു പേരും കൂടി സെമിത്തേരിയിലെത്തി. “എവിടെയാ നീ പൂവ് വെച്ചത്.” നീനു ചോദിച്ചു.
“ദാ അവിടെ ” ഞാൻ ചൂണ്ടിക്കാട്ടി.
“എന്നിട്ട് ഇവിടെ കാണുന്നില്ലല്ലോ.”
നീനു പറഞ്ഞു.
ശരിയാണ് പൂവ് ഇവിടെ ഇല്ലല്ലോ.
“രാത്രി നിനക്ക് തെറ്റിപ്പോയതാവും . ഇരുട്ടായിരുന്നില്ലേ.”
“ഇല്ല ഈ ആദ്യത്തെ കല്ലറയിൽത്തന്നെ ഞാൻ വച്ചതാ.” ഞാൻ ഉറപ്പിച്ചു പറഞ്ഞു.
നീനുവിനൊപ്പം ബാക്കി കല്ലറകളിലും താഴെയുമൊക്കെ നോക്കി.
ഞാൻ വച്ച പൂവ് എങ്ങുമില്ല.
തിരിച്ചു നടക്കുമ്പോൾ നീനു പറഞ്ഞു “നീയെന്നെ പറ്റിച്ചതാണല്ലേ.”
“സത്യമായിട്ടും അല്ല. ഞാൻ പൂവ് അവിടെത്തന്നെ വച്ചതാ”. എനിക്ക് കരച്ചിൽ വന്നു.
വീട്ടിലെത്തി ഒന്നും മിണ്ടാതെ മുറിയിലേക്കു നടന്നു.
“ഓ… രാവിലെ തെണ്ടാൻ പോയിട്ട് വന്നോ തമ്പുരാട്ടി “
അമ്മ മുഖം കനപ്പിച്ചു.
മുറിയിലെത്തി വെറുതെ കട്ടിലിലിരുന്നു. പെട്ടെന്നാണ് മേശപ്പുറത്തിരിക്കുന്ന ആ പൂവ് ഞാൻ കണ്ടത്. വിടർന്ന ഒരു ഗന്ധരാജൻ.
“അമ്മേ ആരാ ഈ പൂവ് ഇവിടെ കൊണ്ടു വച്ചത്? “
“ആ… ഏതു പൂവ്… എനിക്കറിഞ്ഞൂടാ ഞാനൊരു പൂവും കണ്ടില്ല.”
ആരാവും ഈ പൂവ് ഇവിടെ വച്ചത്?
നീനു?
പക്ഷേ അവൾ തന്നോടൊപ്പം വന്നിരിക്കുകയായിരുന്നില്ലേ പിന്നെങ്ങനെ?
യാന്ത്രികമായി ഓരോന്നും ചെയ്തുകൊണ്ടിരുന്നു. എപ്പോഴും ചുറ്റും ഗന്ധരാജൻ്റെ മണം.
ഒന്നും ചെയ്യാൻ തോന്നുന്നില്ല. ഭക്ഷണം കഴിച്ചിട്ട് മുറിയിൽ വന്ന് കട്ടിലിൽ കയറിക്കിടന്നു. അറിയാതെ കണ്ണുകൾ അടഞ്ഞുപോയി.
ആരോ അടുത്തിരിക്കുന്നതു പോലെ തോന്നിയപ്പോൾ കണ്ണു തുറന്നു. അരികിലൊരു രൂപം. തൻ്റെ പ്രായം വരും. പൂച്ചക്കണ്ണുകൾ.
തോളറ്റം മുറിച്ചിട്ട മുടി.
മുഖത്തിൻ്റെ ഒരു ഭാഗം മുഴുവൻ വല്ലാത്തൊരു കറുപ്പു നിറം പടർന്നിരിക്കുന്നു.
“ആരാ ?”
പതുക്കെ ചോദിച്ചു.
ആ രൂപം ഒന്നു ചിരിച്ചു. വല്ലാത്തൊരു ഭാവം കലർന്ന ചിരി.
പെട്ടെന്ന് എല്ലാം അപ്രത്യക്ഷമായി.
പിന്നീട് എപ്പോഴും ആരോ കൂടെയുള്ളതുപോലൊരു തോന്നൽ. ദിവസങ്ങൾക്ക് ഗന്ധരാജൻ്റെ സുഗന്ധം. കൺമുന്നിൽ മിന്നിമറയുന്ന നിഴൽ രൂപം.
ഓരോ രാത്രിയിലും ആരോ അടുത്തുവന്നിരിക്കുന്നതും എന്തെല്ലാമോ പിറുപിറുക്കുന്നതും ഞാനറിഞ്ഞിരുന്നു. മാംസമില്ലാത്ത എല്ലു മാത്രമുള്ള ഒരു കൈ മുഖത്തു തലോടിത്തഴുകുന്നതും താഴോട്ടുവന്ന് കഴുത്തിൽ തടഞ്ഞു നിൽക്കുന്നതും ഞാനറിയുന്നുണ്ടായിരുന്നു. ആ കൈകൾ ഒന്നുകൂടി അമർന്നാൽ എൻ്റെ ശ്വാസം നിലച്ചുപോകുമെന്ന് ഞാൻ ഭയന്നു. പക്ഷേ അനങ്ങാനാവാതെ ഒച്ച പുറത്തുവരാതെ ഞാൻ മരവിച്ചു കിടന്നു.
പതിയെ എൻ്റെ ഭാവം മാറിത്തുടങ്ങി. തനിയെ സംസാരിക്കാനും ചിരിയ്ക്കാനും കരയാനും തുടങ്ങി.
പലപ്പോഴും ആരോ എന്നെ കൈ പിടിച്ചു വലിച്ചെന്ന പോലെ പടിഞ്ഞാറേപറമ്പിലെ കുളത്തിനരികിലേയ്ക്ക് എത്തിച്ചു . ഉപയോഗിയ്ക്കാതെ അഴുക്കുവെള്ളമായി കിടക്കുന്ന ആ കുളത്തിൽ നിറയെ ഗന്ധരാജനുകൾ ഒഴുകിപ്പരക്കുന്നത് ഞാൻ സന്തോഷത്തോടെ നോക്കി നിന്നു.
ആരോ കൈനീട്ടിവിളിയ്ക്കുന്നതു പോലെ…. വെള്ളത്തിലിറങ്ങാനും ഗന്ധരാജനുകൾ എടുക്കാനും ആരോ ഉള്ളിലിരുന്ന് നിർബന്ധിക്കുന്നതുപോലെ….
“മോളേ….. നീയെന്തെടുക്കുവാ അവിടെ?”
അമ്മയുടെ പരിഭ്രമം കലർന്ന ശബ്ദം എന്നെ തിരിച്ചുനടത്തുമ്പോൾ എവിടെയോ നിരാശ കലർന്ന ഒരു മുരൾച്ച കേട്ടതു പോലെ എനിക്കു തോന്നിയോ?
പൂജകളും വഴിപാടുകളും പിന്നീട് ദിവസങ്ങളുടെ ഭാഗമായി മാറി. ഓരോ ദിവസവും നെറ്റിയിലെ കുറികളുടെ എണ്ണവും ദേഹത്തെ ഏലസ്സിൻ്റെ എണ്ണവും കൂടിക്കൂടി വന്നു.
പരിചയമുള്ള ആരുടെയോ നിർദ്ദേശപ്രകാരമാണ് അച്ഛൻ ആ സ്വാമിയെ കാണുന്നതും ഒരു വെള്ളിയാഴ്ച ദിവസം സ്വാമി വീട്ടിലേക്ക് കടന്നു വരുന്നതും.
കാവിവേഷമുണ്ടെങ്കിലും നീട്ടിവളർത്തിയ മുടിയും താടിയുമൊന്നുമില്ലാത്ത ഒരു സ്വാമി. മുഖത്ത് വല്ലാത്തൊരു ശാന്തത.
വളരെ സൗമ്യമായി എന്നോടെന്തൊക്കെയോ ചോദ്യം ചോദിച്ചിട്ടുപോകുമ്പോൾ ഇനിയും വരാം എന്നു പറഞ്ഞ് എൻ്റെ തലയിൽ തലോടി.
സ്വാമിയുടെ ഓരോ വരവിലും എൻ്റെ മനസ്സിൽ വല്ലാത്തൊരു ശാന്തത നിറയുന്നത് ഞാനറിയുന്നുണ്ടായിരുന്നു. ഞാനറിയാതെ തന്നെ എന്നിൽ നിന്നും എന്തെല്ലാമോ സ്വാമി അറിയുന്നതു പോലെ.
ഒരു ദിവസം ഇറങ്ങുന്നതിനു മുമ്പ് അമ്മയോടും അച്ഛനോടുമായി സ്വാമി പറയുന്ന വാക്കുകൾ ഞാൻ കേട്ടു.
“ചെറിയ പെൺകുട്ടിയാ. മുങ്ങി മരണമാ.
മോൾ കുളത്തിനും കിണറിനുമടുത്തേക്ക് പോകുന്നത് കഴിയുന്നതും ഒഴിവാക്കണം.
ഏഴു ദിവസത്തെ പൂജയുണ്ട്. അതു കഴിയുമ്പോൾ എല്ലാം ശരിയാകും”
പൂജ ഓരോ ദിവസവും തുടരുമ്പോൾ എന്നിൽ എന്തൊക്കെയോ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരുന്നു. വരണ്ട മണ്ണിലേക്ക് പതിയ്ക്കുന്ന പുതുമഴയുടെ തുള്ളികൾ പോലെ എൻ്റെ മനസ്സിലേക്ക് ആശ്വാസത്തിൻ്റെ മഴത്തുള്ളികൾ ഓരോന്നായി പതിച്ചു കൊണ്ടിരുന്നു.
ആറാമത്തെ ദിവസം രാത്രി ഉറക്കത്തിൽ ആരോ എൻ്റെ അടുത്തു വന്നിരുന്ന് ചെവിയിൽ പറഞ്ഞു കൊണ്ടിരുന്നു
എന്നെ പറഞ്ഞു വിടരുത്….
എന്നെ ഇല്ലാതാക്കരുത്….
ദയവായി എന്നെ കൂടെ നിർത്തൂ…..
ഒരു തേങ്ങലിൻ്റെ ശബ്ദം ആ രാത്രി മുഴുവൻ എൻ്റെ മുറിയിൽ നിറഞ്ഞുനിന്നു.
രാവിലെ ഉണർന്നെഴുന്നേൽക്കുമ്പോൾ എൻ്റെ കൈത്തണ്ടയിൽ കണ്ണുനീർത്തുള്ളി പോലെ രണ്ട് വെള്ളത്തുള്ളികളുണ്ടായിരുന്നു.
ഏഴാമത്തെ ദിവസത്തെ പൂജ കൂടുതൽ സമയം നീണ്ടുനിന്നു. സാമ്പ്രാണിയുടെ ഗന്ധവും നാമോച്ചാരണവും നിറഞ്ഞു നിന്ന മുറിയിൽ ഞാൻ ശാന്തയായിരുന്നു.
അന്ന് പൂജ അവസാനിച്ച് നെറ്റിയിൽ കുങ്കുമം തൊടീക്കുമ്പോൾ സ്വാമി പറഞ്ഞു
“മോൾ ഇനി മുതൽ മോൾ മാത്രമാണ്. കൂടെ ആരുമില്ല. അതോർമ്മ വേണം”.
ഞാൻ തല കുലുക്കി സമ്മതിച്ചു.
സ്വാമി യാത്രപറഞ്ഞു പോയി. അന്ന് രാത്രി വീട്ടിലെല്ലാവരും സമാധാനത്തോടെ ഉറങ്ങാൻ കിടന്നു. ഞാനും.
ആ രാത്രി ഞാൻ നിഴലിനെ കണ്ടില്ല.
തേങ്ങലുകൾ കേട്ടില്ല.
രാവിലെ കണ്ണുതുറന്ന് അല്പസമയം കിടന്നു. എന്തെല്ലാമാണ് ജീവിതത്തിൽ സംഭവിച്ചത്.
പതിയെ എഴുന്നേറ്റു. ജനൽ തുറന്ന് പുറത്തേക്ക് നോക്കി.
മുറ്റത്ത് ഗന്ധരാജനിൽ ഒരേയൊരു പൂ മാത്രം.
നോക്കിനിൽക്കെ ആ പൂവിന് പതിയെ മാറ്റം വന്നു. പൂച്ചക്കണ്ണുകൾ ഇതളുകളിൽ തെളിഞ്ഞു വന്നു.
എന്തു ചെയ്യണമെന്നറിയാതെ ഞാൻ പകച്ചുനിൽക്കുമ്പോൾ എൻ്റെ തോളിൽ ഒരു കൈ പതിച്ചു.
മാംസമില്ലാത്ത എല്ലു മാത്രമുള്ള ഒരു കൈ….

