പ്രതിസന്ധി എന്ന് കേൾക്കുമ്പോൾ നെറ്റി ചുളിക്കാത്തവർ ഉണ്ടാകില്ല. നെറ്റി ചുളിച്ചതുകൊണ്ടു പ്രതിസന്ധി പേടിച്ചോടുമോ? ഇല്ലല്ലോ.. അപ്പോൾ നമ്മൾ എന്തുചെയ്യണം?.
ഞാൻ വായിച്ച ഒരു കഥയിലൂടെ അത് വിവരിക്കാം..
ഒരു സിനിമ പ്രദർശനശാലയിൽ പുതിയ ഒരു സിനിമയുടെ ആദ്യ പ്രദർശനം. അവരുടെ പരസ്യത്തിൽ പുതിയ സിനിമയുടെ പ്രദർശനം എന്ന് മാത്രമായിരുന്നില്ല.. അവാർഡ് നേടിയ ഒരു ചെറുസിനിമ കൂടെ ആദ്യം കാണിക്കും എന്നുകൂടെ ഉണ്ടായിരുന്നു. അന്നേദിവസം കുറച്ചധികം ആളുകൾ വന്നു. സിനിമ തുടങ്ങി. ആദ്യം ചെറു സിനിമ ആണല്ലോ.. ആദ്യസീൻ ഒരു മുറിയുടെ സീലിംഗ് . ആകാംക്ഷയോടെ കാണികൾ.. മിനുട്ടുകൾ കഴിഞ്ഞു.. നാല്, അഞ്ചു ആറു ….ആളുകൾ അക്ഷമരായി.. ബഹളത്തോടെ ഇതെന്താ ഇങ്ങനെ എന്ന് ചോദിക്കുന്നു.. അന്നേരം സീൻ ഒന്ന് മാറി.. കാമറ താഴോട്ട് വരുന്നു.. പിന്നെ കാണിക്കുന്നത് ഒരു രോഗി അനങ്ങാൻ വയ്യാതെ കട്ടിലിൽ കിടക്കുന്നതാണ്. പിന്നെ വീണ്ടും സീലിംഗ്… ആളുകൾ ഒച്ച വക്കാൻ തുടങ്ങി.. ഇതാണോ അവാർഡ് കിട്ടിയത് എന്നുള്ള ചോദ്യങ്ങളായി.. അപ്പോൾ സ്ക്രീനിൽ വീണ്ടും എഴുതിവന്നു.. അഞ്ചു നിമിഷം സീലിംഗ് കണ്ടു നിങ്ങൾക്ക് മടുത്തുവെങ്കിൽ ഈ കിടക്കുന്ന രോഗിക്ക് എത്ര മടുത്തുകാണും? അഞ്ചു നിമിഷം കൊണ്ട് ഇവിടെ നിന്നും ഇറങ്ങിപ്പോകാൻ നിങ്ങൾക്ക് തോന്നിയെങ്കിൽ ഈ കാത്തിരിപ്പു ആ രോഗിക്ക് എത്ര വെറുത്തു കാണും?
എനിക്ക് ചോദിക്കാനുള്ളത് ജീവിതത്തിൽ പ്രതിസന്ധികൾ വന്നേക്കാം. അന്നേരം നമ്മൾ തളരരുത്. ഈ കിടക്കുന്ന രോഗിയെ പോലെ നമ്മൾ ആവില്ല എന്ന ഉറപ്പൊന്നും നമുക്കില്ലല്ലോ.. അപ്പോൾ ജീവിതം അവസാനിച്ചു എന്നൊന്നും കരുതരുത്. നമ്മൾ പുനർജ്ജനിക്കണം. അവിടെ നിന്ന് വീണ്ടും ഉയരണം. മനസ്സാണ് വലുത്. കരുത്തുള്ളതും കരുത്താർജ്ജിക്കാൻ പറ്റുന്നതും മനസ്സിനാണ്. എന്റെ ജീവിതം ഇങ്ങനെയാണല്ലോ എന്നൊന്നും വിലപിക്കരുത്. വരാൻ പോകുന്നത് വഴിയിലൊന്നും തങ്ങില്ല. ഇതെല്ലം താൽക്കാലികം മാത്രമാണെന്ന് മനസ്സിനെ ബോധ്യപ്പെടുത്തുക. ഈ കാലഘട്ടവും കഴിഞ്ഞുപോകും. ഇനി വരുന്നതാണ് നമ്മുടെ കാലം എന്ന് വേണം കരുതാൻ. ആ കാലം വരുമ്പോൾ എന്തൊക്കെ ചെയ്യാൻ പറ്റുമെന്നൊക്കെ ഒന്നാലോചിക്കലോ.
മനസ്സിന്റെ ശക്തി ക്ഷയിക്കാതെ നോക്കണം. എന്നെ തോൽപ്പിക്കാൻ കഴിയില്ല എന്ന് ചിന്തിക്കണം. വരാൻ പോകുന്ന മനോഹരമായ കാലഘട്ടത്തിൽ ഒരുപാടു കാര്യങ്ങൾ ചെയ്യാനുണ്ടെന്നു പറഞ്ഞുകൊണ്ടേയിരിക്കണം. അപ്പോൾ മനസ്സിനൊരു ജീവൻ വരും. നമുക്ക് എല്ലാം നേടാനും പറ്റും.