തെക്കേതിലേ വറീത് മാപ്ള വെള്ളമടിച്ചാലും ഡീസന്റായിരുന്നു.
വെള്ളമടിച്ച് ചീത്ത പറയുമ്പോഴും അന്നാമ്മച്ചേട്ടത്തിയോട് വല്ലാത്ത പ്രേമം.
അടിക്കു പിടിച്ച കറിച്ചട്ടി മോറുന്ന ചേടത്തിയുടെ മുടിക്ക് പിടിച്ച് മാപ്ള പഴേ ഹിന്ദി പാട്ട് പാടും.
പൊടിക്ക് നാണത്തോടെ ചേട്ടത്തി കയ്യിൽ പറ്റിയ ചാരം മാപ്ളയുടെ കവിളിൽ പകർത്തും.
കള്ളുമോന്തുന്നേരം ബാലൻസ് കൂടുന്ന ദൈവത്തിന്റെ ചക്രോം ചവിട്ടി മാപ്ള ബെല്ലടിച്ച് പൊടീം പറത്തിയങ്ങനെ പോകും..
മാപ്ള ഒരു സഹായിയാണെന്നേ.. വല്ലാത്ത കൗതുകക്കാരനും..
വടക്കേതിനപ്പുറത്തെ പശു പെറ്റാലും രമണി ചേച്ചീടെ മോള് വയസറിയിച്ചാലും.. അബൂക്കാന്റെ മയ്യത്തെടുക്കുമ്പോഴും.. മാപ്ള ചുമ്മാ ഓടി നടക്കുന്നത് കാണാം..
നാട്ടിലെ കുഞ്ഞുങ്ങൾ ചിത്രം വര തുടങ്ങുമ്പോൾ മലകളും ഉദയസൂര്യനും കുളവും വരയ്ക്കുന്നേരം മേമ്പൊടിയ്ക്ക് ആകാശത്ത് നാലു പറവകളും താഴെ പറമ്പിൽ മേയുന്ന പശുവിനെ ചുമ്മാനോക്കി നിൽക്കുന്ന മാപ്ളയേയും വരച്ചു ചേർത്തു..
മാപ്ളേടെ പെണ്ണിന്റെ കല്യാണത്തിന് പോലും ആരും മാപ്ളേനെ മെയിൽ ഫ്രെയിമില് കണ്ടില്ല..
ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് മാപ്ള സൈക്കിൾ കറക്കിക്കൊണ്ടിരുന്നു..
ഗൂഗിൾ മാപ്പിന് സ്വാധീനക്കുറവുള്ള നാട്ടിടവഴികളിലെ ദിശാ ഫലകമായിപേരറിയാ വണ്ടികൾക്ക് മുന്നിൽ മാപ്ള വീണ്ടും വീണ്ടും പ്രത്യക്ഷപ്പെട്ടേയിരുന്നു..
ഞായറാഴ്ച കുർബാന കൂടിയില്ലേലും ഇച്ചിരി എല്ലും കപ്പേം മാപ്ളയ്ക്ക് വേണം..
അതിരാവിലെ എണീറ്റ് കട്ടനും കുടിച്ച്സൈക്കിളിൽ വലിച്ച് പിടിക്കും.. പൊറിഞ്ചൂന് ഞായറാഴ്ച ഇറച്ചിക്കട ഉഷാറാവണേൽ മാപ്ള ചെല്ലണം..
അറക്കുമ്പോൾ മാപ്ള ദൂരെ മാറി കുത്തിയിരുന്ന് ബീഡി വലിക്കും..
അന്നാമ്മ ചേട്ടത്തി പള്ളീന്ന് വരുമ്പോഴേക്കും ഇറച്ചീം എല്ലും കൊണ്ട് മാപ്ളയെത്തും..
നെയ്യേൽ കെടന്ന് കപ്പ വേവുമ്പോൾ മാപ്ള ഉറക്കെ ഹിന്ദിപ്പാട്ട് പാടും..
അങ്ങനെ പോയിപ്പോയി മാപ്ളയങ്ങ് ചത്തു..
ഒരു പ്രമാണീം ഓടി നടക്കാൻ വന്നില്ല..
ചക്രം ചവിട്ടി നടക്കുന്നതിനിടേല്..
ചക്രം സ്വരൂപിക്കാൻ മാപ്ളയ്ക്ക് കഴിഞ്ഞില്ലല്ലോ..
അടക്ക് കഴിഞ്ഞ് വന്നപ്പോ വീട്ടില് സൈക്കിളും കാണാനില്ല..
അതിയാനേം ചക്രോം കൂടെ ദൈവം കൊണ്ടോയെന്ന് ചേട്ടത്തി നാട്ടാരോട് പതം പറഞ്ഞ് കരഞ്ഞു..
– കൊച്ചാവ