Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ചമ്പാഗലിയിലെ ടാറ്റൂ സ്റ്റുഡിയോ
കഥ യാത്ര സ്ത്രീ

ചമ്പാഗലിയിലെ ടാറ്റൂ സ്റ്റുഡിയോ

By Anish FrancisAugust 21, 20234 Comments8 Mins Read147 Views
Bookmark Now
Please login to bookmark Close

No account yet? Register

ഏഴു ഹെയര്‍പിന്‍വളവുകള്‍ കടന്നു ബസ് ചമ്പാഗലിയിലെത്തി. മഴ തുടങ്ങിയിരുന്നു. സീമ വിന്‍ഡോസീറ്റിലിരുന്നു നല്ല ഉറക്കത്തിലായിരുന്നു. മഴത്തുള്ളികള്‍ അവളെ ഉണര്‍ത്തി. ബസ് അപ്പോഴേക്കും ചമ്പാഗലിയില്‍ നിന്ന് നീങ്ങിയിരുന്നു.

“ആളിറങ്ങാനുണ്ട്.”

സീമ ചാടിയെഴുന്നേറ്റു വിളിച്ചു പറഞ്ഞു.

ഏറ്റവും പിറകിലെ സീറ്റില്‍ ഉറക്കംതൂങ്ങിയിരുന്ന കണ്ടക്ടര്‍ അവളെ അനിഷ്ടത്തോടെ നോക്കി. പിന്നെ ബെല്ലടിച്ചു.

നല്ല മഞ്ഞുണ്ട്. സീമ സാരിയുടെ തുമ്പ് തല വഴി ചുറ്റി. ഉച്ച നേരമായാലും ഈ പ്രദേശമാകെ ചാറ്റല്‍ മഴയും മഞ്ഞുമാണ്. പതിനൊന്നു ഹെയര്‍പിന്‍ വളവുകള്‍ കടന്നാണ് ചുരം അവസാനിക്കുന്നത്.

വാഹനാപകടങ്ങള്‍ ഒഴിവാക്കാന്‍ നിര്‍മ്മിച്ച സിമന്റ് വേലിക്കെട്ടിനിടയിലൂടെ ചുവന്ന നിറമുള്ള കൊങ്ങിണിപ്പൂക്കള്‍ തിങ്ങി നില്‍ക്കുന്നു. സീമ വേലിക്കെട്ടിനരികിലെ പാറയില്‍ അല്‍പ്പനേരമിരുന്നു. അകലെ നീലച്ച മലകള്‍ക്ക് നേരെ ഒരുപറ്റം കിളികള്‍ പറന്ന് പോയി.

നഗരത്തിലെ യൂണിവേഴ്സിറ്റിയില്‍ ഗവേഷകയാണ് സീമ. ഒരു പരിസ്ഥിതി പ്രോജക്ടിന്റെ ഭാഗമായാണ് അവളിവിടെ എത്തിയത്. ഇന്ന് കൂടിയേ സീമ ഈ മലമ്പ്രദേശത്തു തങ്ങൂ. നാളെ തിരിച്ചു വീണ്ടും നഗരത്തിലേക്ക്…

സത്യത്തില്‍ രണ്ടു ദിവസം മുന്‍പ് വേണമെങ്കില്‍ സീമയ്ക്ക് തിരിച്ചു പോകാമായിരുന്നു. എങ്കിലും അവള്‍ പോയില്ല. ഇവിടെ അവള്‍ സ്വതന്ത്രയാണ്. ഒരു കൊങ്ങിണിപ്പൂവിനെപ്പോലെ. നേരം വൈകുന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞാല്‍ ആ ബസ് തിരികെ വരും. അതിനു മുന്‍പ്.. അവള്‍ വേഗം എഴുന്നേറ്റ് ചമ്പാഗലിയിലേക്ക് നടന്നു.

നടക്കുന്നതിനിടയില്‍ സീമ ഒരു മൂളിപ്പാട്ട് പാടി. ഏതാനും നല്ല ദിവസങ്ങളായിരുന്നു കഴിഞ്ഞുപോയത്. എല്ലാ ദിവസവും ചുരം കടന്നു അങ്ങോട്ടുമിങ്ങോട്ടുമുള്ള യാത്ര. ചുരത്തിനു താഴെയുള്ള ചെറിയ പട്ടണത്തിലെ വിമന്‍സ് ഹോസ്റ്റലിലെ താമസം. വഴിയരുകില്‍ പുല്ലു തിന്നുകൊണ്ടിരുന്ന രണ്ടു ആട്ടിന്‍കുട്ടികള്‍ അവളെക്കണ്ട് തലയുയര്‍ത്തി. പിന്നെ അലസമായി തങ്ങളുടെ തീറ്റ തുടര്‍ന്നു.

ഇടയ്ക്കിടെ സീമ വാച്ചില്‍ നോക്കി.

ഉറക്കം തൂങ്ങാതെ ബസ്സില്‍ ഇരിക്കുകയായിരുന്നെങ്കില്‍ ഈ നടപ്പ് ഒഴിവാക്കാമായിരുന്നു.

അടുത്ത നിമിഷം അവള്‍ സ്വയം തിരുത്തി .

എന്തിനാണിത്ര ധൃതി? ഒരു സ്റ്റോപ്പ് മാറിയിറങ്ങിയത് കൊണ്ട് തനിക്കീ മലമ്പാതയിലൂടെ നടക്കാന്‍ കഴിഞ്ഞു. മഞ്ഞിന് കൊങ്ങിണിപൂക്കളുടെ ഗന്ധമാണ് എന്നറിഞ്ഞു.

അബദ്ധങ്ങളും തെറ്റുകളുമാണ് ജീവിതത്തിനു വേഗം പകരുന്നത്. അതൊരു കവിതയാക്കുന്നത്. താന്‍ ധൃതി വയ്ക്കില്ല. വൈകുന്നേരംവരെ സമയമുണ്ട്. ആ ബസ് പോയാല്‍ അടുത്തത് വരും. അവളുടെ ചിന്ത മനസ്സിലാക്കിയത് പോലെ വെയില്‍ തെളിഞ്ഞു.

ചുരത്തിനു മുകളില്‍ നിന്ന് ഒരു ആരവം കേട്ടു അവള്‍ തിരിഞ്ഞു നോക്കി. ഏതോ ഹിന്ദിപ്പാട്ട് ഉറക്കെ വച്ച് ഒരു ട്രാവലര്‍ ചുരമിറങ്ങി വരുന്നു. അവള്‍ വഴിയരുകിലേക്ക് ഒതുങ്ങി നിന്നു. ട്രാവലറിനുള്ളില്‍ നിറയെ കൗമാരക്കാരായ കുട്ടികളാണ്. അവര്‍ പാട്ടിന്റെ താളത്തിനൊത്തു നൃത്തം ചവിട്ടുന്നു.. കുട്ടികളില്‍ ചിലര്‍ അവളെ കൈവീശിക്കാണിച്ചു. അവളും ചിരിച്ചുകൊണ്ട് തിരികെ കൈവീശി.

സീമ ഉത്സാഹത്തോടെ ചമ്പാഗലിയിലേക്ക് നടന്നു.

ചമ്പാഗലി .

എട്ടോ ഒന്‍പതോ ചെറിയ കഫേകളുള്ള തെരുവ്. ഭക്ഷണം കഴിക്കാനും തൊട്ടടുത്തുള്ള സൂയിസൈഡ് പോയിന്റ് കാണാനും ടൂറിസ്റ്റുകള്‍ ചമ്പാഗലിയിലിറങ്ങുന്നു. എന്നാല്‍ ഓഫ് സീസണ്‍ ആയതിനാല്‍ തെരുവ് വിജനമാണ്.

അവളുടെ കണ്ണുകള്‍ നീല നക്ഷത്രത്തിന്റെ ചിത്രമുള്ള ഒരു ചെറിയ ബോര്‍ഡിനായി തിരഞ്ഞു.

ബാരി ടാറ്റൂ സ്റ്റുഡിയൊ.

എല്ലാ ദിവസവും ചുരം കയറുമ്പോഴും ഇറങ്ങുമ്പോഴും സീമ ആ ചെറിയ കട കാണും. ഏതോ ഒരു കഫേ ടാറ്റൂ സ്റ്റുഡിയോ ആക്കിയത് പോലെയുണ്ട്.

മലമുകളിലെ ടാറ്റൂ സ്റ്റുഡിയോ ..ഇവിടെ പച്ച കുത്താന്‍ ആരാണ് വരുന്നത് ?

നീലയും പച്ചയും നിറമുള്ള ഭിത്തികളും,ശതാവരിയുടെ വള്ളികള്‍ പടര്‍ന്നു കയറിയ തടിജനാലകളുമുള്ള സ്റ്റുഡിയൊ. മഴവില്ലിന്റെ ഏഴു നിറങ്ങള്‍ ഏഴു നീളന്‍ ചതുരങ്ങളില്‍ വരച്ചു ചേര്‍ത്ത സ്റ്റുഡിയോയുടെ മുന്‍ഭാഗത്തെ ഭിത്തി.അതിനു മുന്‍പില്‍ നിരന്നിരിക്കുന്ന ചെടി ചട്ടികള്‍.. ദിവസവും ആ ടാറ്റൂ സ്റ്റുഡിയൊ കണ്ടുകണ്ടു സീമയുടെ മനസ്സില്‍ ഒരു ആഗ്രഹം ജനിച്ചു.

അതിനകത്ത് ഒന്ന് കയറണം. എന്നിട്ട് ഒരു പച്ച കുത്തണം.

ആദ്യമൊക്കെ ആ ആഗ്രഹം ഒരു തമാശയായി സ്വയം തള്ളിയെങ്കിലും…ആ മലമ്പ്രദേശത്തെ താമസം അവസാനിക്കാറായപ്പോള്‍ അവളുടെ ഉള്ളിലെ ആഗ്രഹം ശക്തമായി.

ഇവിടെ നിന്ന് പോയാല്‍ ആ ചുരവും, ചമ്പാഗലിയിലെ ടാറ്റൂ സ്റ്റുഡിയോയും തനിക്ക് നഷ്ടമാകും. ഇനി എന്നാണ് താനിങ്ങോട്ടു വരിക എന്നറിയില്ല. ഇനി ചിലപ്പോള്‍ ഒരിക്കലും വരില്ല എന്നും വരാം.

ജീവിതം ഒന്നേയുള്ളൂ. പച്ച കുത്താനും വേണം ഒരു ദിവസം.

ചമ്പാഗലി വിജനമായിരുന്നു. കഫേകള്‍ അടഞ്ഞുകിടക്കുകയാണ്. ച്ചുരത്തിനപ്പുറം കോടയിറങ്ങിയിട്ടുണ്ട്. ഉച്ചയ്ക്കും കവലയിലെ കടകള്‍ മൂടല്‍മഞ്ഞില്‍ മുങ്ങി നിന്നു. സീമ അല്‍പ്പനേരം സ്റ്റുഡിയോയുടെ മുന്‍പിലെ ചില്ല് വാതിലിനു മുന്‍പില്‍ സംശയത്തോടെ നിന്നു. പിന്നെ വാതിലിനരികിലെ പൂമ്പാറ്റയുടെ ആകൃതിയുള്ള ബെല്ലില്‍ പിടിച്ചമര്‍ത്തി.

അകത്തുനിന്നു ആരോ നടന്നു വരുന്ന ശബ്ദം കേട്ടു.

മഞ്ഞു കാറ്റ് വീശി. സീമയുടെ ശരീരം തണുത്തു വിറച്ചു.. വെറുതെയല്ല കടകള്‍ ഈ നേരത്ത് അടഞ്ഞു കിടക്കുന്നത്.

താടിയും മുടിയും നീട്ടി വളര്‍ത്തിയ ഒരു ചെറുപ്പക്കാരനായിരുന്നു വാതില്‍ തുറന്നത്. അയാളുടെ കയ്യില്‍ ഒരു പുസ്തകവും ഉണ്ടായിരുന്നു. വായിക്കുന്നതിനിടയില്‍ അയാള്‍ ഉറങ്ങിപ്പോയെന്നു അയാളുടെ കണ്ണുകള്‍ കണ്ടപ്പോള്‍ സീമയ്ക്ക് തോന്നി.

“ക്ഷമിക്കണം. ഞാനൊന്ന് മയങ്ങി.കുറെ നേരമായോ വന്നിട്ട് ?” അയാള്‍ ചോദിച്ചു.

“ഇല്ല..ഞാന്‍.. ഇപ്പൊ വന്നതെയുള്ളു.”അടഞ്ഞ ശബ്ദത്തില്‍ സീമ പറഞ്ഞു.

അയാള്‍ വെളിയിലേക്ക് തല നീട്ടി നോക്കി.

മൂടല്‍മഞ്ഞില്‍ ചമ്പാഗലി ഏകദേശം മറഞ്ഞു കഴിഞ്ഞിരിക്കുന്നു.

“അകത്തേക്ക് കയറി വരൂ.നല്ല മഞ്ഞുണ്ട്.” അയാള്‍ പറഞ്ഞു.

സീമ തലയാട്ടി.പിന്നെ അകത്തേക്ക് കയറി. വാതിലിനരികില്‍ ഒതുങ്ങിനിന്ന അയാള്‍ക്ക് ഒരു പഴയ പുസ്തകത്തിന്റെ ഗന്ധം തോന്നി.

വാതിലടച്ച ശേഷം അയാള്‍ പിന്നാലെ വന്നു.

“ഈ സമയത്തു ആരും ടാറ്റൂ ചെയ്യാന്‍ വരാറില്ല. ഭയങ്കര മഞ്ഞായതുകൊണ്ട്‌ കടകള്‍ മിക്കവാറും അടവായിരിക്കും. പിന്നെ ഓഫ് സീസണല്ലേ.. ടൂറിസ്റ്റുകളും കുറവാണ്.”

സീമ സ്റ്റുഡിയോയുടെ ഉള്‍വശം കാണുകയായിരുന്നു.

നീലഭിത്തികള്‍. തടിജനാലകള്‍. ജനാലകളില്‍ രണ്ടായി പകുത്തിട്ട വെളുത്ത ജാലക വിരി..അതിനരികില്‍ ചുവന്ന ഡാലിയാപ്പൂവുകള്‍ നിറച്ച പൂപ്പാത്രം.

ഒരു ഭിത്തിയില്‍ ആകാശത്തേക്ക് പറന്നുയരുന്ന ഒരു മാലാഖയുടെ ചിത്രം. വെളുപ്പും കറുപ്പും നിറമുള്ള ചിറകുകള്‍ വിടര്‍ത്തി പറക്കുന്ന മാലാഖക്ക് ഒരു സങ്കടഭാവം ഉള്ളതുപോലെ. ഒരു ടേബിളില്‍ ടാറ്റൂ ചെയ്യാനുള്ള മഷിയും ഉപകരണങ്ങളും അടുക്കി വച്ചിരിക്കുന്നു. ആ മേശയുടെ അരികില്‍ ഒരു വലിയ കണ്ണാടിയുമുണ്ട്. അതില്‍ തന്റെ മുഖം കണ്ടു സീമയ്ക്ക് അത്ഭുതം തോന്നി. ഒരു അപരിചിതയുടെ മുഖം പോലെ..

“ഇരിക്കൂ..” അയാള്‍ കസേര ചൂണ്ടിക്കാണിച്ചു കൊണ്ട് പറഞ്ഞു.

“ഇതൊരു ചെറിയ സ്റ്റുഡിയോ ആണ്.സിറ്റിയിലെ പോലെ സൗകര്യം ഒന്നുമില്ല…”

“ഞാന്‍…ഞാനാദ്യമായിട്ടാ ..” അത് പറയുമ്പോള്‍ സീമ വിക്കി.

അയാള്‍ അവളെ നോക്കി ചിരിച്ചു.

“ഇട്സ് ആള്‍ റൈറ്റ്. എനിക്കും തോന്നി. സാധാരണ സ്ത്രീകള്‍ വരുമ്പോള്‍ ആരെങ്കിലും കമ്പനിക്ക് കൂടെക്കാണും.. ആണ്‍സുഹൃത്തുക്കളോ കൂട്ടുകാരികളോ..”

സീമ അതിനു മറുപടിയായി അയാളെ നോക്കി വിളറിയ ഒരു ചിരി ചിരിച്ചു.

“എന്താണ് ടാറ്റൂ ചെയ്യേണ്ടത് ..ഡിസൈന്‍ എന്തെങ്കിലും കൊണ്ടുവന്നിട്ടുണ്ടോ ?” അയാള്‍ തിരക്കി.

“ഇല്ല. “ അവള്‍ പതറിയ സ്വരത്തില്‍ പറഞ്ഞു.

“സാരമില്ല.” അത് പറഞ്ഞിട്ട് അയാള്‍ അകത്തേക്ക് നടന്നു.

സീമയ്ക്ക് ആശങ്ക തോന്നി. തനിച്ചു വന്നതിലല്ല മറിച്ചു ടാറ്റൂ ചെയ്യണോ വേണ്ടയോ എന്ന കാര്യത്തില്‍ ഒരു ആശങ്ക..

അയാളുടെ നീണ്ട താടിയും ഉറക്കച്ചടവുള്ള കണ്ണുകളും. കാരണമൊന്നുമില്ലാതെ സീമയുടെ ഹൃദയമിടിപ്പ് കൂടി.

ആ ചെറിയ മുറിയുടെ ഒരു മൂലയിലെ ഷെല്‍ഫില്‍ നിറയെ പുസ്തകങ്ങളാണ്. അതിനരികില്‍ മേശയില്‍ പാതി പൂര്‍ത്തിയാക്കിയ ഒരു പെയിന്റിംഗ്. കാടിന് നടുവിലെ വഴിയിലൂടെ തനിച്ചു നടക്കുന്ന ഒരു ബാലികയുടെ ചിത്രം. പെയിന്റിംഗിനരികില്‍ ചായം നിറച്ച ട്യൂബുകള്‍, ബ്രഷുകള്‍, പാലറ്റ്…

അയാള്‍ ഒരു കപ്പു ചായയുമായി തിരികെ വന്നു.

“ചമ്പാഗലിയില്‍ ഒന്‍പതു കഫേകള്‍ ഉണ്ട്.പക്ഷേ ഓഫ്സീസണില്‍ ഒന്നും കാണില്ല.” അയാള്‍ കപ്പു സീമയ്ക്ക് നേരെ നീട്ടി.

“താങ്ക്സ്…” സീമ അത് വാങ്ങി.

ചായ കുടിക്കുന്നതിനിടയില്‍ സീമ പെയിന്റിങ്ങിലേക്ക് ശ്രദ്ധിച്ചു.

“ശരിക്കും ഞാനൊരു പെയിന്ററാണ്. ടൂറിസ്റ്റ് മേഖലയായത്‌ കൊണ്ട് തുടങ്ങിയ പരിപാടിയാണ് ഈ ടാറ്റൂ…” അയാള്‍ പറഞ്ഞു.

“ഇവിടെ തന്നെയാണോ താമസവും ?” അവള്‍ തിരക്കി.

“അങ്ങിനെ ഒന്നുമില്ല..അഞ്ചോ ആറോ മാസത്തില്‍ കൂടുതല്‍ ഒരു സ്ഥലത്തും തങ്ങില്ല.ഇവിടം മടുക്കുമ്പോള്‍ അടുത്ത സ്ഥലത്തേക്ക് പോകും.” അയാള്‍ പറഞ്ഞു.

“അപ്പോള്‍ ഞാനിന്നു വന്നത് നന്നായി..ഇനി വരുമ്പോള്‍ ഒരുപക്ഷേ നിങ്ങളിവിടെ കാണില്ലായിരുന്നു.” സീമ പറഞ്ഞു.

“അങ്ങിനെ പറയാന്‍ പറ്റില്ല. ഇവിടെ വച്ച് അല്ലെങ്കില്‍ മറ്റൊരിടത്ത് വച്ച്.കണ്ടു മുട്ടേണ്ടവര്‍ എന്തായാലും കണ്ടുമുട്ടും.”

“ഒരുപാട് വായിക്കും അല്ലെ ?” അവള്‍ ചോദിച്ചു.

“മുറിയിലെ പുസ്തകങ്ങള്‍ കണ്ടിട്ടാണോ ?”

“അല്ല..ഒത്തിരി വായിക്കുന്നവരാ ഇങ്ങനെ സാഹിത്യമൊക്കെ പറയുന്നത്.”

അവളുടെ മറുപടി കേട്ടു അയാള്‍ ചിരിച്ചു.ഹൃദയം തുറന്നുള്ള ചിരി.ചിരിക്കുമ്പോള്‍ അയാളുടെ കണ്ണുകള്‍ ചെറുതായി.

“സാഹിത്യമല്ല. സത്യം. നിങ്ങളെ ഞാനിതിനു മുന്‍പ് കണ്ടിട്ടുണ്ട്.” അയാള്‍ അവളെ നോക്കി മെല്ലെ പറഞ്ഞു.

“എവിടെ വച്ച് ?”

“അതൊക്കെ പറയാം. എന്താണ് ടാറ്റൂ ചെയ്യേണ്ടത് എന്ന് തീരുമാനിച്ചോ ?” അയാള്‍ ചോദിച്ചു.

“ഇല്ല. ചെറിയത് എന്തെങ്കിലും മതി. എനിക്ക് ഉടനെ മടങ്ങണം.” അവള്‍ പറഞ്ഞു.

അയാള്‍ മേശയുടെ മൂലയിലിരുന്ന ബൈബിള്‍ പോലെയുള്ള തടിച്ച ഡയറി തുറന്നു. അല്പനേരത്തെ തിരച്ചിലിനുശേഷം താന്‍ ഉദ്ദേശിച്ച ഭാഗം കണ്ടെത്തി അത് വായിക്കാന്‍ തുടങ്ങി.അല്‍പ്പനേരം വായിച്ചതിനുശേഷം അയാള്‍ ഡയറി മടക്കി വച്ച് അവള്‍ക്കരികിലേക്ക് വന്നു.

“ഒരു പൂമ്പാറ്റയായാലോ ..കൈത്തണ്ടയില്‍ ?” അയാള്‍ ചോദിച്ചു.

“മതി.”അവള്‍ പറഞ്ഞു.

“മാഞ്ഞുപോകുന്നത് മതിയോ അതോ പെര്‍മനന്റ് വേണോ ?”

അവള്‍ അല്‍പ്പനേരം ആലോചിച്ചു.

“പെര്‍മനന്റ് മതി.”

“ഉറപ്പാണോ ? ചില ഭര്‍ത്താക്കന്‍മാര്‍ക്കും കാമുകന്മാര്‍ക്കും മാതാപിതാക്കള്‍ക്കും ഒന്നും ഇഷ്ടമാവില്ല.” അയാള്‍ ഒരു മുന്നറിയിപ്പ് നല്‍കി.

“അവരുടെ ശരീരമല്ലല്ലോ…എന്റെ ശരീരമല്ലേ..” സീമയുടെ ശബ്ദത്തിന് നല്ല ഉറപ്പുണ്ടായിരുന്നു.

“എങ്കില്‍ പെര്‍മനന്റ് ബട്ടര്‍ഫ്ലൈ…”

അയാള്‍ അവളുടെ വലതുകൈത്തണ്ട ടേബിളില്‍ വച്ചു. പിന്നെ ഒരു കുപ്പിയില്‍നിന്ന് കൈത്തണ്ടയിലേക്ക് സ്പിരിറ്റ് സ്പ്രേ ചെയ്തു. അതിനുശേഷം പഞ്ഞികൊണ്ട് അവിടം സൂക്ഷ്മമായി തുടച്ചു വൃത്തിയാക്കി.

ബട്ടര്‍ഫ്ലൈയുടെ സ്റ്റെന്‍സില്‍ കൈത്തണ്ടയില്‍ വച്ചതിനുശേഷം അയാള്‍ ടാറ്റൂ ഗണ്ണില്‍ മഷി നിറച്ചു.

“സ്വല്‍പ്പം വേദനയുണ്ടാകും.പെട്ടെന്ന് മാറും.” അയാള്‍ പറഞ്ഞു.

അവള്‍ തലയാട്ടി.

നീഡില്‍ കയറിയതും തൊലിക്കുള്ളിലേക്ക് ഒരു ഉറുമ്പ് കടന്നു പോകുന്നത്പോലെ സീമയ്ക്ക് തോന്നി. അവള്‍ കണ്ണുകള്‍ ഇറുക്കിയടച്ചു.

“വേദനയുണ്ടോ ?” അയാള്‍ ഒരു നിമിഷം തലയുയര്‍ത്തി ചോദിച്ചു.

“സ്വല്‍പ്പം.”

“സാരമില്ല. ഇപ്പൊ തീരും.” അയാള്‍ ആശ്വസിപ്പിച്ചു. പിന്നെ തലതാഴ്ത്തി പച്ച കുത്തുന്നത് തുടര്‍ന്നു. അയാള്‍ ചെയ്യുന്നത് നോക്കി അവള്‍ കസേരയില്‍ ചാരിക്കിടന്നു.ചമ്പാഗലിയിലെ അടഞ്ഞു കിടന്ന കഫെകളുടെ മുന്‍പില്‍ മഞ്ഞുകാറ്റ് വീശുന്നതിന്റെ ഒച്ച കേള്‍ക്കാമായിരുന്നു. ഇടയ്ക്കിടെ ചുരം കയറുകയും ഇറങ്ങുകയും ചെയ്യുന്ന വാഹനങ്ങളുടെ ഒച്ച.

“നിങ്ങള്‍ ആ ഡയറിയില്‍ എന്തോ നോക്കുന്നത് കണ്ടല്ലോ…എന്താ അത് ?” സീമ ചോദിച്ചു.

“അതോ …അതെന്റെ സ്വപ്‌നങ്ങള്‍ എഴുതിവയ്ക്കുന്ന ഡയറിയാണ്. സ്വപ്നങ്ങളുടെ പുസ്തകം…”

‘സ്വപ്നങ്ങളുടെ പുസ്തകമോ ?” അവള്‍ അത്ഭുതത്തോടെ ചോദിച്ചു.

“മിക്കവാറും രാത്രി ഞാന്‍ സ്വപ്നം കാണാറുണ്ട്. കാണുന്ന സ്വപ്നങ്ങളുടെ വിശദാംശങ്ങള്‍ ഡയറിയില്‍ കുറിച്ച് വയ്ക്കും. ടാറ്റൂവിന്റെയും പെയിന്റിംഗിന്റെയും ഒക്കെ ഐഡിയകള്‍ അതില്‍നിന്നാണ് സൃഷ്ടിക്കുന്നത്.”

ചിത്രശലഭത്തിന്റെ ചിറകു വരയ്ക്കുന്നതിനിടെ അയാള്‍ പറഞ്ഞു.

“സ്വപ്നങ്ങള്‍ അങ്ങിനെ ഓര്‍ക്കാന്‍ പറ്റുമോ ?ഞാനൊക്കെ കണ്ടു കഴിഞ്ഞാല്‍ അപ്പോള്‍ത്തന്നെ മറക്കും.” അവള്‍ അത്ഭുതത്തോടെ പറഞ്ഞു.

അയാള്‍ നിശബ്ദമായി ചിരിച്ചു.

“ഞങ്ങള്‍ ചിത്രകാരന്മാര്‍ സ്വപ്നങ്ങള്‍ മറക്കാറില്ല. ഞങ്ങളുടെ ചിത്രങ്ങള്‍ക്ക് നിറം പകരുന്നത് സ്വപ്‌നങ്ങള്‍ ആണ്.”

“ഇപ്പൊ വരയ്ക്കുന്ന ടാറ്റൂവും ?”അവള്‍ ചോദിച്ചു.

“ഉവ്വ്. നിങ്ങളിവിടെ വരുന്നതും ഞാന്‍ നിങ്ങള്‍ക്ക് ചിത്രശലഭത്തിനെ പച്ചകുത്തുന്നതും ഞാന്‍ സ്വപ്നം കണ്ടിരുന്നു.ആ സ്വപ്നത്തില്‍ കണ്ട ഡിസൈനാണ് ഇപ്പോള്‍ ചെയ്യുന്നത് .”

അയാള്‍ പറഞ്ഞു.

“ശരിക്കും ?”അവള്‍ അത്ഭുതത്തോടെ ചോദിച്ചു.

“ശരിക്കും.” അയാള്‍ പറഞ്ഞു.

അയാളുടെമുഖഭാവം കണ്ടപ്പോള്‍ അത് സത്യമാണ് എന്ന് സീമക്ക് തോന്നി.

“കഴിഞ്ഞു.”

അയാള്‍ ടാറ്റൂ ഗണ്ണുമായി എഴുന്നേറ്റു.

അവള്‍ കൈത്തണ്ടയിലേക്ക് നോക്കി. കൈത്തണ്ടയുടെ വെളുപ്പില്‍ ചോരയില്‍ പൊടിഞ്ഞ ഒരു നീല ചിത്രശലഭം പിറന്നിരിക്കുന്നു. അയാള്‍ ഡ്രോ തുറന്നു ഒരു വെളുത്ത തുണിയെടുത്ത് അവളുടെ കൈത്തണ്ടയില്‍ ചുറ്റി.

“ഒരു മണിക്കൂര്‍ കഴിഞ്ഞു അഴിച്ചു കളയാം.മുറിവ് കരിയാനാണ്…” അയാള്‍ പറഞ്ഞു.

അവള്‍ എഴുന്നേറ്റു. വാച്ചില്‍ നോക്കി.

“നേരം പോയോ ?” അയാള്‍ ചോദിച്ചു.

“ഉവ്വ്.ഇറങ്ങണം..ഇപ്പൊ ഒരു ബസ്സുണ്ട് .”

“ഞാന്‍ ഒന്ന് കൈ വാഷ് ചെയ്തിട്ട് ഇപ്പൊ വരാം.” അയാള്‍ ടാറ്റൂ ഗണ്‍ മേശപ്പുറത്തു വച്ച് അകത്തേ മുറിയിലേക്ക് നടന്നു.

അയാള്‍ അകത്തേക്ക് പോയപ്പോള്‍ സീമ വീണ്ടും ചുറ്റും നോക്കി.

സ്വര്‍ഗ്ഗത്തിലേക്ക് പറന്നുയരുന്ന മാലാഖയുടെ മുഖത്ത് ഒരു പുഞ്ചിരി പരന്നിട്ടുണ്ടോ ?

അവളുടെ നോട്ടം മോശയുടെ മൂലയ്ക്ക് അയാള്‍ വച്ച ഡയറിയില്‍ പതിഞ്ഞു.

അയാളുടെ സ്വപ്നങ്ങളുടെ ഡയറി.

ഈ ഡയറിയില്‍ തന്നെ സ്വപ്നം കണ്ട കാര്യവും ഉണ്ടാവുമോ ?

അകത്തു പൈപ്പില്‍നിന്ന് വെള്ളം ഒഴുകുന്നതിന്റെ സ്വരം കേട്ടു. അയാള്‍ കഴുകുകയാണ്. അവള്‍ ചെവികൂര്‍പ്പിച്ചു. ഇപ്പോള്‍ പൈപ്പില്‍നിന്ന് വെള്ളം ഒഴുകുന്നതിന്റെ സ്വരം നിലച്ചിരിക്കുന്നു. അയാള്‍ ഏതു നിമിഷവും തിരികെ വരാം.

സീമ പെട്ടെന്ന് മേശയുടെ അരികിലേക്ക് നീങ്ങി.

അകത്തു നിന്ന് അയാള്‍ തിരിച്ചുവരുന്നതിന്റെ സ്വരം കേട്ടു.

ഇനി ഒരു അവസരം തനിക്ക് ലഭിക്കില്ല.അവള്‍ മിന്നല്‍പോലെ ആ ഡയറി എടുത്തു അവളുടെ ബാഗില്‍ വച്ച് അടച്ചു.

“പോവാന്‍ റെഡിയായോ ?” അയാള്‍ മുറിയിലേക്ക് വന്നു ചോദിച്ചു.

“ഉവ്വ്…ഇതിന്റെ ഫീസ്‌ ?” അവള്‍ ബാഗില്‍ നിന്ന് പണം എടുക്കാന്‍ ഒരുങ്ങി.

“ഇതൊരു ചെറിയ വര്‍ക്കാണ്. പണം വേണ്ട.” അയാള്‍ പറഞ്ഞു.

“വേണം.നിങ്ങള്‍ ഒരു പ്രഫഷണല്‍ അല്ലെ..” അവള്‍ പറഞ്ഞുകൊണ്ട് ബാഗില്‍നിന്ന് ഏതാനും നോട്ടുകള്‍ എടുത്തു നിര്‍ബന്ധപൂര്‍വ്വം അയാളുടെ കയ്യില്‍ പിടിപ്പിച്ചു.

“താങ്ക്സ്..”അയാള്‍ പ്രസന്നമായി ചിരിച്ചു.

അവള്‍ വാതില്‍ക്കലേക്ക് നടന്നു. അയാള്‍ ഒപ്പം വന്നു വാതില്‍ തുറന്നു. പുറത്തു കാറ്റ് ഒതുങ്ങിയിരുന്നു. മഞ്ഞു ലേശം മാറിയിരിക്കുന്നു. ബസ് സ്റ്റോപ്പിന്റെ അരികില്‍ നിന്ന മൊസാണ്ടച്ചെടിയിലെ പൂക്കള്‍ ഇപ്പോഴാണ് സീമ ശ്രദ്ധിച്ചത്. മുന്‍പ് അവിടമാകെ മഞ്ഞു മൂടിയിരുന്നു.

റോഡിലേക്ക് ഇറങ്ങിയതിനുശേഷം അവള്‍ തിരിഞ്ഞു നോക്കി.

അയാള്‍ അവളെ നോക്കി കൈവീശി.പിന്നെ ആ ചില്ല് വാതിലടച്ചു.

താന്‍ പോകുന്നതിനു മുന്‍പ് ഡയറി നഷ്ടമായത് അയാള്‍ മനസ്സിലാക്കുമോ ?ഒരു പരിഭ്രമത്തോടെ സീമ ചിന്തിച്ചു.ആ പരിഭ്രമത്തില്‍ തന്റെ ശരീരം ചൂടുപിടിക്കുന്നത് അവള്‍ ഒരു പുഞ്ചിരിയോടെ തിരിച്ചറിഞ്ഞു.

ചുരത്തിന്റെ മുകളില്‍ നിന്ന് ഒരു ബസ് ഇറങ്ങിവരുന്നത് സീമ കണ്ടു.

അവള്‍ ബാഗും മാറത്തടക്കിപ്പിടിച്ചു ബസ് ബസ്സ്റ്റൊപ്പിലെക്ക് ഓടി.

ബസ് നിന്നയുടന്‍ അവള്‍ ചാടിക്കയറി.അങ്ങോട്ട്‌ പോയതുപോലെ ബസ്സില്‍ ഇപ്പോഴും ആളുകള്‍ കുറവാണ്.അവള്‍ ഒരു ഒഴിഞ്ഞ സീറ്റ് കണ്ടെത്തി അതിലിരുന്നു.

പിന്നെ ബാഗില്‍ നിന്ന് ആ ഡയറി എടുത്തു അയാള്‍ മടക്കി വച്ച താള്‍ തുറന്നു. അതിലെ വരികള്‍ വായിച്ച അവള്‍ സ്തബ്ധയായി.

മൂടല്‍ മഞ്ഞു പടര്‍ന്ന ഒരു ഉച്ച നേരത്ത് താന്‍ ആ ടാറ്റൂ സ്റ്റുഡിയോയില്‍ വരുന്നതും പച്ച കുത്തിക്കുന്നതും അതില്‍ കൃത്യമായി വിവരിച്ചിരിക്കുന്നു. തന്റെ കയ്യില്‍ അയാള്‍ കുത്തിയ നീല ശലഭത്തിന്റെ ചിത്രവും അയാള്‍ കോറിയിട്ടിരുനു.

അവള്‍ തിരിഞ്ഞു നോക്കി.

പിറകില്‍ ചമ്പാഗലി മൂടല്‍മഞ്ഞില്‍ മായുന്നു. എങ്കിലും മഞ്ഞില്‍ അവ്യക്തമായ ഒരു പൊട്ടുപോലെ ടാറ്റൂ സ്റ്റുഡിയോയുടെ മുന്നില്‍ കൈയും കെട്ടിനില്‍ക്കുന്ന ആ രൂപം അവള്‍ ഒരു മിന്നായം പോലെ കണ്ടു.

സീമയ്ക്ക് ഒരു നിമിഷം വല്ലാത്ത സങ്കടം തോന്നി. എന്നാല്‍ കൊങ്ങിണിപ്പൂക്കളുടെ ഗന്ധമുള്ള കാറ്റില്‍ അവള്‍ അത് മറന്നു. കൈത്തണ്ടയില്‍ ചുറ്റിയ തുണിയഴിച്ചു നീല നിറമുള്ള ആ ശലഭത്തെ അവള്‍ തഴുകി.പിന്നെ വീണ്ടും ഡയറി തുറന്നു അയാളുടെ മറ്റു സ്വപ്നങ്ങള്‍ വായിക്കാന്‍ തുടങ്ങി.

Post Views: 32
4
Anish Francis

4 Comments

  1. Soumya Muhammad on August 27, 2023 10:39 AM

    കൊള്ളാം 👌

    Reply
    • Anish Francis on August 27, 2023 4:35 PM

      Thanks 🙏

      Reply
  2. Divya Sreekumar on August 23, 2023 7:12 AM

    അതിമനോഹരം😍😍

    Reply
    • Anish Francis on August 23, 2023 7:55 AM

      Thanks Divya

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.