Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അമ്മയിലേക്കുള്ള ദൂരം
അനുഭവം ഗർഭം പാരന്റിങ് സ്ത്രീ

അമ്മയിലേക്കുള്ള ദൂരം

By Lis LonaSeptember 14, 2023Updated:September 27, 20238 Comments7 Mins Read438 Views
Bookmark Now
Please login to bookmark Close

No account yet? Register

പഠിക്കാനുള്ള പുസ്തകത്താളുകൾക്കിടയിൽ അമ്മയറിയാതെ മറച്ചുവെച്ചു വായിക്കുന്ന വായനശാല പുസ്തകങ്ങളും.. നോട്ടുബുക്കിനുള്ളിൽ പെറ്റുപെരുകാനായി മാനം കാണാതെ ഒളിപ്പിച്ച മയില്പീലിത്തുണ്ടിന്റെ വർണചാരുതയും തൊടിയിലെ മാവിലും പേരയിലും കേറിതിമിർത്ത കുസൃതികൾക്കിടയിൽ ഉരുണ്ട് വീണ് തേങ്ങാചിരകിയത് പോലിരിക്കുന്ന കാൽമുട്ടുകളും.. രുചിയൂറും മൂവാണ്ടൻ മാങ്ങയുടെ പുളിയിൽ പാതിയടഞ്ഞു പോയ കണ്ണുകളും..

കയ്യെത്താദൂരത്തെ ചെമ്പകപൂക്കളെ കൊതിയോടെ നോക്കി, മഞ്ഞണിഞ്ഞു നിൽക്കുന്ന മന്ദാരപ്പൂക്കളിലെ ഹിമകണങ്ങളെ തട്ടിത്തെറിപ്പിച്ച് കുറുമ്പൊടെ പുഞ്ചിരിക്കുന്ന മുഖം. മറവിയിലാഴ്ന്നുപോകാതെ കശുമാവിൻ പൂക്കളുടെ മണത്തോടൊപ്പം ഓർമ്മകൾ നിറച്ചാർത്തുകളായി നിറഞ്ഞു നിൽക്കുന്ന ബാല്യം. മുറ്റത്തെ മാവിൽ പടർന്ന കുടമുല്ലപ്പൂക്കൾ കൊരുത്തെടുത്ത മാല തലയിൽ ചൂടി സ്കൂളിലേക്കുള്ള ഒരുക്കങ്ങൾ. തുണിസഞ്ചിയും തോളിലിട്ട്, ചോറുനിറച്ച തൂക്കുപാത്രം കയ്യിൽ പിടിച്ച് കൂട്ടുകാരോട് കളിച്ചും ചിരിച്ചും കഥകൾ പറഞ്ഞുമുള്ള സ്കൂളിൽ പോക്ക്. അടുത്തവീടുകളിലെ കുഞ്ഞുങ്ങളെ കൊഞ്ചിക്കാൻ കിട്ടുന്ന സമയങ്ങളിലെല്ലാം അണിയിച്ചൊരുക്കി പോറ്റമ്മയായി എളിയിലേറ്റി നടന്നപ്പോഴും അറിയില്ലായിരുന്നു അമ്മയെന്ന മഹാസത്യത്തിലേക്കുള്ള മുന്നൊരുക്കങ്ങൾ പ്രകൃതിയെന്നിൽ തുടങ്ങിയെന്ന്. അനിയന്മാരെയും കൂട്ടി വയൽവരമ്പിലൂടെ മഴ നനഞ്ഞും വെള്ളം തട്ടിത്തെറിപ്പിച്ചും സ്കൂളിലേക്കുള്ള നടത്താരകൾ നടന്നു തീർക്കുമ്പോഴും, സ്ത്രീക്ക് പ്രായഭേദമന്യ ഇതിഹാസങ്ങളിലും പുരാണങ്ങളിലും പരാമർശിച്ചിട്ടുള്ള പരമോത്കൃഷ്ട സ്ഥാനമായ മാതൃഭാവം തന്നെ ആയിരുന്നിരിക്കണം ഞാനെന്ന സ്ത്രീക്കും ഉണ്ടായിരുന്നത്.

പത്താംക്ലാസ്സിലെ അവധിക്കാലത്തിന്റെ പാതിവഴിയിലെ ഒരു പ്രഭാതത്തിൽ പരിഭ്രമത്തോടെ കണ്ടെത്തിയ ഋതുമതി അടയാളങ്ങൾ പിന്നീടങ്ങോട്ട് ഞാനെന്ന മരംകേറിക്ക് വീട്ടിൽ നിയന്ത്രണരേഖകൾ കുറിച്ചു. 

കൗമാരത്തിലെ സ്ഥിരം വിവാഹസ്വപ്നങ്ങൾക്ക് അപ്പുറം സ്വന്തം കാലിൽ നിൽക്കാനൊരു ജോലിക്ക് വേണ്ടിയുള്ള ആഗ്രഹം നിറഞ്ഞതും സ്വപ്‌നങ്ങൾ ആ വഴിക്കായി. നാട്ടിലെ പഠിപ്പ് കഴിഞ്ഞ് വീടും നാടും വിട്ട് പ്രൊഫഷണൽ കോഴ്സിനായി മാറിനിൽക്കേണ്ടിവന്നതോടെ വീണ്ടും ലഭിച്ച സ്വാതന്ത്രമാകും അസ്ഥിക്ക് പിടിച്ച പ്രണയത്തിലേക്കെന്നെ നയിച്ചത്.. തുറന്നുനോക്കാൻ ആഗ്രഹമില്ലാത്ത ഡയറിത്താളുകൾ പോലെ കുറെ നിമിഷങ്ങൾ, ദിവസങ്ങൾ, മാസങ്ങൾ. വീട്ടുകാരുടെ ഇഷ്ടമില്ലാത്ത വിവാഹവും അതിനെത്തുടർന്നുണ്ടായ അനവധി പ്രശ്നങ്ങളും. ഒടുവിൽ അമ്മയാകാൻ പോകുന്നെന്ന സന്തോഷവാർത്തയിൽ കണ്ണുനിറഞ്ഞുനിൽക്കുമ്പോഴും അടുത്തില്ലാത്ത ഭർത്താവിനെയോർത്തുള്ള നെഞ്ചുരുക്കങ്ങൾ.

തന്നിഷ്ടത്തിന് പോയവളല്ലേ അവൾക്ക് അവളുടെ വഴി. കുറ്റപ്പെടുത്തലുകൾക്ക് ഒരു പഞ്ഞവും ഇല്ലായിരുന്നു. ഒന്നിനും ചെവിയോർത്തില്ല. സ്വയം തിരഞ്ഞെടുത്ത ജീവിതം! പരാതിയെന്തിന്?

ചിന്തകളിൽ ഒരു കുഞ്ഞുടുപ്പ് തുന്നാൻ തുടങ്ങി.

വീട്ടുകാരോ വേണ്ടപെട്ടവരോ ഒന്ന് ചേർത്ത്നിർത്താൻ അടുത്താരുമില്ലാത്ത, ഓർക്കാനും എഴുതാനും ഇഷ്ടമില്ലെങ്കിലും ഊർജം തരുന്ന ആദ്യ ഗർഭകാലമെന്ന ഭൂതകാലം.. തുടക്കം മുതൽ ഒൻപതാം മാസം വരെയും കട്ടക്ക് കൂടെ നിന്ന ശർദ്ധിലും ക്ഷീണവും. ആഗ്രഹിക്കുന്ന ഭക്ഷണമോ വേണ്ടുംവിധമുള്ള ശുശ്രുഷയോ ഒന്നുമില്ല.. എങ്കിലും കുഞ്ഞിന് വേണ്ടി സങ്കടപർവങ്ങൾ ഒഴിവാക്കി മനസ്സ് നിറയെ സന്തോഷം നിറച്ച് ഇരിക്കാൻ ശ്രമിക്കും..

സ്ത്രീക്ക് അവളെത്തന്നെ പരിചരിക്കാൻ കിട്ടുന്ന ഏറ്റവും നല്ല സമയമാണ് ഗർഭകാലം. ചുറ്റുമുള്ളവരിൽനിന്ന് ലാളനയും പരിചരണവും ശ്രദ്ധയും ഏറ്റവും കൂടുതൽ ലഭിക്കുന്ന സമയം. പക്ഷേ… തനിച്ചാണ്. ഏകാന്തത എത്രെ മാത്രം ഭീകരമാണെന്ന് അനുഭവിച്ചറിഞ്ഞ നാളുകൾ…

തനിച്ചു കിടന്നുറങ്ങുന്ന രാത്രികളിൽ, അമ്മ കരയരുതെന്ന് പറഞ്ഞ് തലോടുന്ന കുഞ്ഞികൈകളുടെ നേർമയുള്ള തണുപ്പെന്റെ മുഖത്ത് തൊട്ടുരുമ്മുന്ന സ്വപ്നമുണ്ടാകും കൂട്ടിന്.. അതിനിടയിൽ ഇടവപ്പാതിയിലെ ഇടിമിന്നൽ പോലെ കാലിലെ മസിലങ്ങു കേറി ഒറ്റപിടുത്തമാണ്, ഈരേഴു പതിനാലുലോകവും കാണുമ്പോൾ ആരെങ്കിലുമൊന്നു കാലമർത്തി പിടിക്കാനുണ്ടായിരുന്നെങ്കിൽ എന്ന് കൊതിച്ച് കണ്ണുകൾ കുടുകുടാ നിറഞ്ഞു വരും. മിഴിക്കോണിലൊരു നീർത്തുള്ളിയും ഒളിപ്പിച്ച് ഇതുവരെയും കാണാത്ത.. ആണെന്നോ പെണ്ണെന്നോ അറിയാത്ത.. മുഖമെങ്ങനെ ഇരിക്കുമെന്നോ.. നിറമെന്തെന്നോ അറിയാത്ത ഒരാൾക്ക് വേണ്ടിയുള്ള കാത്തിരുപ്പ്…

എപ്പോഴാണ് വരുന്നതെന്ന കൃത്യസമയം അറിയില്ലെങ്കിലും ഒന്നറിയാം വരുന്നത് പ്രാണന്റെ ഒരു ചീന്താണ്.

ക്ഷീണിച്ച ശരീരത്തിൽ വലിയ വയറും കൊണ്ട് ഓടിനടന്ന ഡേനൈറ്റ് ഡ്യൂട്ടി ഷിഫ്റ്റുകൾ. പ്രസവചിലവ് നോക്കാൻ ആരുമില്ലാത്തതുകൊണ്ട് കിട്ടുന്ന ശമ്പളത്തിൽ നിന്നും ഒരു രൂപ പോലും കുറയരുതെന്നുള്ള വാശിയിൽ വയ്യെങ്കിലും പ്രസവത്തിന് രണ്ടുദിവസം മുൻപ് വരെയും ജോലി. നോക്കാൻ ആരുമില്ലാത്തതുകൊണ്ട് കൂടെ ജോലി ചെയ്യുന്നവരും ചങ്കുകളായി കൂടെനിൽക്കുന്ന കൂട്ടുകാരും ചുറ്റുമുള്ള ലേബർ റൂം ഓർമ്മകൾ.

നടു വെട്ടിപിളരുന്ന വേദനയിൽ തുടക്കമിട്ട പ്രസവവേദന ആദ്യമൊക്കെ ചുണ്ടുകടിച്ചും മിഴികൾ ഇറുക്കിയടച്ചും കടിച്ചമർത്തിയെങ്കിലും പിന്നെ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു. അമ്മയാകാൻ നിസ്സാരമായ വേദനയോ കടമ്പകളോ നീന്തിക്കടന്നാൽ മതിയാകില്ലെന്ന് ഊട്ടിയുറപ്പിക്കുന്ന നിമിഷങ്ങൾ. ജീവിതം തിരഞ്ഞെടുക്കുമ്പോൾ അമ്മയെ വേദനിപ്പിച്ചല്ലോയെന്ന് ആത്മാർഥമായി നൊന്ത മുഹൂർത്തം.

കുഞ്ഞു പുറത്തേക്കു വരാനായോ എന്നു നോക്കുന്നതിനായി ഡോക്ടർമാരും നഴ്സുമാരും മാറിമാറിയുള്ള പരിശോധന. ഗർഭാശയമുഖം എത്ര വ്യാസത്തിൽ വികസിച്ചെന്നു നോക്കാനുള്ള വിരൽ പരിശോധന. വികസിച്ചത് കുറവായത് കൊണ്ട് പെട്ടെന്നാകാൻ മുകളിലെ വയർ താഴേക്കമർത്തി താഴെ വിരലുകൾ കൊണ്ടൊരു ഓതിരംകടകംതിരി അതിൽ മുപ്പത്തിമുക്കോടി ദൈവങ്ങളെയും അറിയാതെ വിളിച്ച് നടുവളച്ചു മേല്പോട്ട് പുളയുന്നതിനിടയിൽ ആരോ പറഞ്ഞത് കേൾക്കാം മെമ്പറേൻ പൊട്ടി കേട്ടോ.. പിന്നെ പത്തിരുപത്തഞ്ചു തവണയെങ്കിലും മൂത്രശങ്കയും മലശങ്കയും പറഞ്ഞ് ടോയ്‌ലെറ്റിലേക്കുള്ള നടത്തം..

മണിക്കൂറുകളോളം നോവിന്റെ ഹിമാലയം കയറിയിറങ്ങി, ഒടുവിൽ കുഞ്ഞിന് പുറത്തേക്ക് വരാനുള്ള വഴിയൊരുക്കാൻ ധൃതിയിൽ പച്ചമാംസം കത്രിക വച്ച് ചെരിച്ചുവെട്ടുന്ന തിരക്കിൽ അവരും വന്നുംപോയുമിരിക്കുന്ന പ്രസവവേദനയിൽ താഴെ തരിപ്പിച്ചിട്ടില്ലെന്ന് പറയാൻ ഞാനും വിട്ടുപോയി.. 

അന്നുവരെ ഉടലിന്റെ ഒരു ഭാഗമായി ഉള്ളിലിരുന്നവളെ പൊക്കിൾ കൊടി മുറിച്ച് എന്റെ മുഖത്തിന് അടുത്തേക്ക് കൊണ്ടുവന്നതും കണ്ണും മനസ്സും നിറഞ്ഞ് അമ്മസ്നേഹത്തിന്റെ നിലാവെനിക്ക് ചുറ്റും പരന്നു ഇവളെന്റെ ഉയിരിന് കൂടി അവകാശി.. അനുഭവിച്ച വേദനകളും സങ്കടങ്ങളും എവിടെയോ പോയ് മറഞ്ഞു. 

തൂക്കക്കൂടുതലുള്ള കുഞ്ഞു പുറത്ത് വരാൻ നേരത്ത് സഹിക്കാൻ വയ്യാത്ത നോവിൽ ഡോക്ടറുടെ കൈപിടിച്ച് ഞെരിച്ചതിന്റെ തെളിവുകളായി നീലനിറത്തിലുള്ള പാടുകൾ അവരുടെ വെളുത്ത കൈകളിൽ തിണിർത്തുകിടന്നിരുന്നു പിറ്റേദിവസം. 

പ്രസവശേഷം തുന്നുമ്പോളുള്ള സുഖവും പിറ്റേദിവസം മുതൽ മൊട്ടുസൂചികളുടെ മേൽ ഇരിക്കുന്ന സ്റ്റിച്ചിന്റെ കുത്തലിന്റെ സുഖവും എഴുതാനറിയില്ല. പിന്നെ.. മുറിവുണങ്ങുന്ന വരെ തുടകളിൽ സൈക്കിൾ ബാലൻസുകാരെ തോൽപ്പിച്ച് ബാലൻസ് ചെയ്തുള്ള ഇരിപ്പ്. വിരൽത്തുമ്പൊന്ന് മുറിഞ്ഞാൽ മുറിവിനേക്കാൾ വലിയ ബാൻഡേജുമായി നടന്നിരുന്ന പാവടക്കാരിക്ക് ഇപ്പോഴീ വേദനയൊന്നും ഒന്നുമല്ല.. സഹനത്തിന്റെ പ്രതീകമായ അമ്മയിലേക്കുള്ള പരിണാമം.

ബുദ്ധിമുട്ടുകൾക്കും പരാധീനതകൾക്കും ഇടയിലുമാണ് അമ്മുവിന്റെ ജനനമെങ്കിലും അമ്മയായ ആ നിമിഷം ഞാനറിയാതെ എന്റെ മുഖത്ത് വിരിഞ്ഞ ആ പുഞ്ചിരിയിലുണ്ടായിരുന്നു അമ്മ എന്ന ലോകമെന്താണെന്ന്.. വേറെ ആരും ശല്യമാവാത്ത എനിക്ക് അവളും അവൾക്ക് ഞാനും മാത്രമായ ഞങ്ങളുടേതായൊരു ലോകത്തിലേക്ക് ചുരുങ്ങിയിരിക്കുന്നു.

അവൾ ജനിച്ച അതേ സമയത്തുതന്നെ എന്നിലെ അമ്മയും പിറവിയെടുത്തിരിക്കുന്നു. ആ അമ്മ മുമ്പുണ്ടായിരുന്നവളല്ല. മുൻപ് ഉണ്ടായിരുന്നത് ഒരു സ്ത്രീ മാത്രമായിരുന്നു. മാതൃഭാവമുള്ളോരു സ്ത്രീ. എന്നാൽ ഇന്നീ നിമിഷം മാതൃത്വം എന്തെന്ന് ഞാനറിഞ്ഞിരിക്കുന്നു. അമ്മിഞ്ഞമധുരം നുണയുന്ന എന്റെ കുഞ്ഞിന്റെ മുഖം കാണുന്തോറും ഇടിച്ചുനുറുങ്ങിയ ശരീരവേദനകളെല്ലാം മറന്നൊരു പുഞ്ചിരി ചുണ്ടിൽ തെളിയുന്നു. പാലിനായ് നുണയുന്ന ചുണ്ടുകൾ കാണുമ്പോഴെക്കുമെന്റെ മാറ് തനിയെ ചുരത്തുന്നു. മുലഞെട്ടിൽ പല്ലില്ലാത്ത മോണയാൽ തരുന്ന കുഞ്ഞുകടികൾ വേദനയ്‌ക്കൊപ്പമുള്ള നിർവൃതിയാണ്.

എട്ടുമണിക്കൂർ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞാൽ ബോധം കെട്ടുറങ്ങുന്ന ഞാൻ മുഴുവൻ ദിവസവും ഉറങ്ങിയില്ലെങ്കിലും അവളുടെ ഒരു ഞെരക്കത്തിൽ പോലും ഞെട്ടിയുണർന്ന് തൊട്ടുനോക്കുന്നു. ഗാഢനിദ്രയിലും പാലിന് വേണ്ടിയവൾ ചിണുങ്ങുന്നുണ്ടോയെന്ന് കാതുകൾ കൂർപ്പിച്ച് മുലയൂട്ടാൻ തയ്യാറായാണ് കിടക്കുന്നത്.. ചെറിയ ചൂടോ ചുമയോ കുറുങ്ങലോ അവളെ ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കിൽ ഉറങ്ങാതെ കണ്ണുമിഴിച്ചു കാവലിരിക്കുന്നു. എവിടെയാണ് വേദനയെന്ന് പറയാനാവാതെ പിടഞ്ഞുകരയുന്ന കുഞ്ഞിനെ സമാധാനിപ്പിച്ച് സസൂക്ഷ്മം പരിശോധിച്ച് ചെവിയിലാണോ വയറ്റിലാണോ എന്ന് മനസിലാക്കാൻ മാത്രം ഞാൻ വളർന്നിരിക്കുന്നു.

മടുപ്പില്ലാതെ പനിനീർമൊട്ടുപോലുള്ള ചുരുട്ടിപിടിച്ച കുഞ്ഞുകൈകളിൽ തുടരെ ഉമ്മ വച്ച് പനിചൂട്‌ കുറയ്ക്കാനായി തുണിനനച്ചു നെറ്റിയിലിട്ട് രാത്രി മുഴുവനുമുള്ള ഇരുപ്പ്. പണ്ട് മറ്റ്‌ കുട്ടികളുടെ മൂത്രം ഉടുപ്പിലാവുമ്പോഴേക്കും മാറ്റി വേറെ ധരിക്കാൻ ഓടുന്ന ഞാനിന്ന് മലവും മൂത്രവും അറപ്പില്ലാതെ വൃത്തിയാക്കാൻ പഠിച്ചിരിക്കുന്നു. ആരും വിളിക്കാതെ അലാറം അടിയാതെ ഡയപ്പർ മാറ്റുന്നു.

ദൈർഘ്യമേറിയ ദിവസങ്ങളും ഉറക്കമില്ലാത്ത രാത്രികളുമായി ഞാൻ പരിചയിച്ചുകഴിഞ്ഞു.

കുട്ടിയുടെ കാര്യങ്ങൾ നോക്കുന്നതിനൊപ്പം തുണക്ക് ആരുമില്ലെങ്കിലും വീട്ടുകാര്യങ്ങളും സ്വന്തം വയറിന്റെ കാര്യങ്ങളും ചെയ്യാൻ വിദഗ്ധയായി. 

കുഞ്ഞുണ്ടാകുന്നതോടെ ജീവിതം എങ്ങനെയായിരിക്കും എന്നതിനെക്കുറിച്ച് സങ്കല്പിച്ചപോലെ ഒന്നുമല്ലെങ്കിലും ഓരോനിമിഷവും ഞാനീ സന്തോഷവും ഉത്തരവാദിത്തവും ആസ്വദിക്കുന്നു..

നവജാതശിശുക്കളെ നോക്കുന്നതിൽ പരിശീലനം കിട്ടിയ ആളായിട്ട് പോലും അമ്മയെന്ന നിലയിൽ നിസ്സഹായയായി നിൽക്കേണ്ടിവന്ന അവസരങ്ങൾ. മറ്റുകുഞ്ഞുങ്ങൾക്ക് നിസ്സാരമായി വാക്‌സിൻ കൊടുത്തിരുന്ന ഞാൻ അമ്മുവിന് വാക്‌സിൻ കൊടുക്കാൻ കഴിയാതെ മാറിനിന്നതും, വേറൊരാൾ കൊടുക്കുന്ന സമയത്ത് ശ്വാസമെടുക്കാതെയുള്ള കുഞ്ഞിന്റെ കരച്ചിലിൽ നെഞ്ച് തകർന്ന് പൊട്ടിക്കരഞ്ഞതും സ്ത്രീയിൽ നിന്നും മാതൃത്വമെന്ന മഹനീയ പദവിയിലേക്കുള്ള എന്റെ ദൂരമായിരുന്നു.. 

കുഞ്ഞുങ്ങൾ അദ്ഭുതവും ആനന്ദവുമാണ് പക്ഷേ സ്വന്തം ജീവിതത്തിലേക്ക് അവർ വരുന്നത് ഇതുവരെയും പരിശീലനം സിദ്ധിക്കാത്ത വെല്ലുവിളികളുമായാണ്. ഒരുകുട്ടിയുണ്ടായതിനു ശേഷം മാത്രം മനസ്സിലാക്കാൻ സാധിക്കുന്ന ചില വെല്ലുവിളികൾ.

പ്രസവത്തിനായി തനിയെ സ്വരുക്കൂട്ടിയ പൈസ തീരാൻ തുടങ്ങിയപ്പോൾ പ്രസവശേഷമുള്ള 60 ദിവസത്തെ അവധി തീരാനായുള്ള കാത്തിരുപ്പായി. 

ഫ്ലാറ്റിൽ ഞാനും കുഞ്ഞി അമ്മുവും പിന്നെ ആഴ്ചയിലൊരിക്കൽ വന്നുപോകുന്ന കൂട്ടുകാരും മാത്രമുള്ള ലോകം. ഒരു നിമിഷം പോലും മാറാതെ അമ്മുവിനടുത്തു ഞാനുണ്ട് കണ്ണീരെല്ലാം വറ്റി. ഇനി കരഞ്ഞാൽ കണ്ണിൽ നിന്നും ചുടുചോര വരുമെന്നറിയാം. പ്രസവശുശ്രുഷക്ക് പകരം പച്ചവയറുമായി കുഞ്ഞിന്റെ തുണികഴുകലും കുളിപ്പിക്കലും വീട്ടിലെ ജോലികളും. അന്നത്തെ അറുപത് ദിവസത്തെ കാത്തിരുപ്പിന്റെ കയ്പ്പും വേദനയും പിന്നീട് ജീവിതത്തിൽ ഒരിക്കലും അനുഭവിച്ചിട്ടില്ലെന്നത് വേറൊരു സത്യം.

തിരികെ ജോലിക്കു കയറുന്നതിനു മുൻപേ കുഞ്ഞിനെ നോക്കാനൊരാളെ ഏർപ്പാടാക്കി. കാലത്തു വരും, വൈകീട്ട് ഞാൻ എത്തിയാലുടൻ പോകും. വേറൊരു ജോലിയും പറയരുത്. പറഞ്ഞാലും ചെയ്യില്ല. അങ്ങനെ ജോലിയിൽ തിരികെ കേറേണ്ട ദിവസമെത്തി. അന്നുവരെ എത്ര ശ്രമിച്ചിട്ടും അമ്മപ്പാലൊഴികെ എന്തു കൊടുത്താലും കുടിക്കാത്ത രണ്ടുമാസം പ്രായമുള്ള കുഞ്ഞ്..

രാവിലെതന്നെ അവരെത്തി, കുപ്പിയിലാക്കിയ മുലപ്പാലും പാൽപ്പൊടിയുമെല്ലാം അവരെ ഏല്പിച്ച് വീട്ടിൽ നിന്നിറങ്ങി. തിരികെ നോക്കാൻ ഒത്തിരി തവണ തോന്നിയെങ്കിലും കഴിയുന്നില്ല.

കണ്ണുകളെ മുടിയൊരു പുക …

തൊണ്ടക്കുഴിയിലെല്ലാം വല്ലാത്തൊരു നീറ്റലും തടസ്സവും.. തിരിഞ്ഞു നോക്കാതെ ഞാൻ നടന്നു.

ജോലിക്കിടയിൽ സമയം ഇഴഞ്ഞു നീങ്ങുകയാണെന്ന് തോന്നി. നെഞ്ചിൽ കല്ലെടുത്തുവച്ച ഭാരത്തോടെ നിറഞ്ഞു വന്ന പാൽ പലതവണ വാഷ്‌റൂമിൽ പോയി പിഴിഞ്ഞ് കളഞ്ഞു. പിഴിഞ്ഞുകളയുമ്പോഴുള്ള വേദനയും കുഞ്ഞിനെ ഓർത്തുള്ള സങ്കടവും. നെഞ്ഞു പൊട്ടിക്കരയുന്ന എന്നെ ആരും കേട്ടില്ല. വാഷ്‌റൂമിൽ നിന്നും തിരികെ വരുമ്പോൾ ചുവന്നിരിക്കുന്ന കണ്ണുകളിലേക്ക് നോക്കി കൂടെയുള്ളവർ നിശ്ശബ്ദരാകും..

നനഞ്ഞുകുതിർന്ന യൂണിഫോം ഒളിപ്പിക്കാനുള്ള വ്യഗ്രതയിൽ ബാഗേടുത്ത്‌ മാറോട് ചേർത്ത് വക്കുമ്പോഴേക്കും ആരൊക്കെയോ വന്നെന്റെ ചുമലിൽ തട്ടി സമാധാനിപ്പിച്ചു എല്ലാം ശരിയാവുമെന്ന്… ആവണം ആയല്ലേ പറ്റൂ അല്ലെങ്കിൽ ഞാനെന്തിനു ദൈവത്തിനെ സങ്കടമറിയിക്കണം. ഡ്യൂട്ടി കഴിഞ്ഞതും ഞാനോടി എന്റെ പൊന്നോമനയുടെ അരികിലേക്ക്….

എന്നെ കാണാതെയെന്റെ കുഞ്ഞു ഒന്നും കുടിച്ചിട്ടില്ല, ബലമായി കൊടുത്ത ഫോർമുല മിൽക്കെല്ലാം ശർദ്ധിച്ചു കളഞ്ഞു. കരഞ്ഞുകരഞ്ഞു തളർന്നുകിടന്ന അവളെ കയ്യിലെടുത്തതും കരച്ചിലിന്റെ ഒരു ചീള് എന്നിൽനിന്നും ഉയർന്നു. മനസ്സിലപ്പോൾ ടോയ്‌ലെറ്റിൽ പിഴിഞ്ഞു കളഞ്ഞ മുലപ്പാൽ തളം കെട്ടികിടപ്പുണ്ട്. എന്റെ കയ്യിലെ ചൂട് തട്ടിയാകും ഞെട്ടിയുണർന്ന കുഞ്ഞും എന്നെയും അള്ളിപിടിച്ച് തേങ്ങിക്കരയാൻ തുടങ്ങി. പാലുകൊടുക്കാൻ നോക്കിയ എന്റെ നെഞ്ചിലേക്ക് കുഞ്ഞികൈ കൊണ്ട് പരാതി തീരുവോളം അവൾ തല്ലിത്തീർത്തു. കണ്ണീരൊലിക്കുന്ന മുഖവുമായി ഞാനും കാത്തിരുന്നു പരിഭവങ്ങൾക്കൊടുവിൽ വയറുനിറഞ്ഞെന്റെ കുഞ്ഞിന്റെ ചിരിക്കായി..

എന്തെല്ലാം പ്രതിസന്ധികൾ ഉണ്ടായാലും പതറാതെ നേരിടണമെന്ന അമ്മയുടെ വാക്കുകൾ നെഞ്ചോട് ചേർത്ത് ഞാൻ നടന്നു. വർഷങ്ങൾക്ക് ശേഷം അതിജീവനത്തിലൂടെ സ്വന്തമായൊരു ലോകവും സാമ്പത്തിക ഭദ്രതയും കൈവരിച്ച് കുറച്ചുപേർക്കെങ്കിലും ജോലി കൊടുക്കാൻ കഴിഞ്ഞ സ്ഥാപനത്തിന്റെ അമരത്തിരിക്കുമ്പോൾ ആത്മവിശ്വാസവും പ്രതീക്ഷകളും ഈശ്വരവിശ്വാസവും ജീവിതം വേറൊരു തലത്തിലെത്തിക്കാൻ കഠിനാധ്വാനത്തിലൂടെ ഭർത്താവിന്റെയും മക്കളുടെയും തുണയോടെ കഴിയുമെന്ന് ഉറപ്പാക്കി.

മക്കളുടെ മുഖം കണ്ടാൽ പ്രസവവേദനയും ബുദ്ധിമുട്ടുകളും മറന്ന് ഇനിയൊരിക്കൽ കൂടി അമ്മയാകാൻ കൊതിക്കുന്ന മനസ്സാണ് ദൈവം പെണ്ണിന് കൊടുത്തതെന്ന് പറയുന്നത് വെറുതെയല്ല.. വീണ്ടും ആഗ്രഹങ്ങൾ മനസ്സിൽ മുളപൊട്ടി.

പത്തുവർഷങ്ങൾക്കു ശേഷം രണ്ടാമത്തവൾ അമ്മയെന്ന സുകൃതത്തിലേക്ക് ഒന്നുകൂടി പ്രൊമോഷൻ തന്നപ്പോഴും. അവളുടെ ആദ്യപിറന്നാളോട് കൂടി തിരക്ക് പിടിച്ച് മൂന്നാമത്തവൾ തൊട്ടുപിന്നാലെ സർപ്രൈസായി മൂന്നാമത്തെ പ്രൊമോഷൻ തന്നപ്പോഴും ആദ്യമായി അമ്മയായപ്പോഴുള്ള ഒരു സങ്കടവും ഞാനറിഞ്ഞിട്ടില്ല. എനിക്കൊപ്പം എല്ലാവരുമുണ്ടായിരുന്നു. പക്ഷെ ഓരോവട്ടവും “സുഖപ്രസവത്തിന്റെ” വേദനയും ബുദ്ധിമുട്ടുകളും ഒന്നൊഴിയാതെ കൂടെയുണ്ടായിരുന്നു..

ലോകം വെട്ടിപിടിച്ചാൽ കിട്ടുന്നതിനേക്കാൾ സന്തോഷം അമ്മയുടെ മടിത്തട്ടിൽ കിടക്കുന്ന സുഖത്തിനാണ് കൂടുതലെന്ന് ആവർത്തിച്ചു പറഞ്ഞുകൊണ്ട് ഇന്നെനിക്ക് ചുറ്റും മൂന്നു പൂമ്പാറ്റകുഞ്ഞുങ്ങൾ പാറിനടക്കുന്നുണ്ട്..

വിലപിടിപ്പുള്ള ഏതൊരു ആഭരണത്തെക്കാളും മൂല്യമുള്ള ആ കുഞ്ഞികൈകളാൽ എന്നെ ചുറ്റികെട്ടിപിടിക്കുമ്പോൾ… കുഞ്ഞികൊഞ്ചലുകൾ കലപില കൂട്ടുന്ന അവർക്കായി കാതോർത്തിരിക്കുമ്പോൾ.. അവർക്കായി കഥകൾ പറയുമ്പോൾ. ഇഷ്ടഭക്ഷണം അവർക്കായി മാറ്റിവക്കുമ്പോൾ ഞാനറിയുന്നു അമ്മയെന്ന മഹനീയപദവിയുടെ സൗന്ദര്യവും ആത്മസംതൃപ്തിയും..

സ്ത്രീയിൽ നിന്നും മാതൃത്വത്തിലേക്കുള്ള പ്രക്രിയ ഓരോരുത്തർക്കും പുതുമയുള്ളതും വ്യത്യസ്തയുള്ളതുമായ പരിണാമവും പാഠവുമാണെന്ന സത്യത്തോടൊപ്പം ഓരോ തവണയും വ്യത്യസ്ത അനുഭവമാണെന്ന് കൂടി പഠിപ്പിച്ച മൂന്ന് പ്രസവങ്ങൾ..

മുൻപ് കണ്ണാടിയിൽ നോക്കുമ്പോൾ എനിക്കൊരു മുഖമേ ഉണ്ടായിരുന്നുള്ളൂ. ഞാനെന്ന സ്ത്രീയുടെ മുഖം.. എന്നാലിപ്പോൾ കണ്ണാടിയിൽ തെളിയുന്നത് സ്ത്രീക്കും ഭാര്യക്കും ഒപ്പമുള്ള പല മുഖങ്ങളാണ്.

അവർക്കൊപ്പമുള്ള കളിക്കൂട്ടുകാരിയുടെ..

എല്ലാം തുറന്ന് പറയാനുള്ളൊരു സുഹൃത്തിന്റെ..

ഏത് വയ്യായ്കയ്ക്കും ചികിത്സ അറിയുന്ന ഡോക്ടറുടെ..

എന്ത് സംശയങ്ങൾക്കും ഉത്തരം കൊടുക്കുന്ന ടീച്ചറുടെ..

പകച്ചുനിൽക്കുന്ന സന്ദർഭങ്ങളിൽ വഴി കാണിച്ചു കൊടുക്കുന്ന ഉപദേശകയുടെ..

ആപത്തിൽ ഒപ്പം നിൽക്കുന്ന സംരക്ഷകയുടെ..

അങ്ങനെയങ്ങു ലിസ്റ്റിൽ നീണ്ടുപോകുന്ന ഉത്തരവാദിത്തങ്ങൾ ഏറെയുള്ള നവരസങ്ങൾ നിറഞ്ഞ അമ്മമാലാഖയുടെ മുഖങ്ങൾ..

മക്കൾക്കായി ഒരമ്മക്ക് ഏതുവേഷവും ആടാൻ കഴിയും പക്ഷേ കണ്ണുകളിൽ സ്നേഹം നിറച്ച് ഹൃദയനൈർമല്യത്തോടെ അമ്മയാകാൻ അമ്മക്ക് മാത്രമേ കഴിയൂ. അമ്മക്ക് തുല്ല്യം അമ്മ മാത്രം.

കൊച്ചു കൊച്ചു കാര്യങ്ങളിലൂടെ ജീവിതമെന്തെന്നും കഥകളിലൂടെ ലോകമെന്തെന്നും ചെറിയ ജോലികളിലൂടെ ഉത്തരവാദിത്തങ്ങളെന്തെന്നും പറഞ്ഞുകൊടുത്ത് അവരുടെ വളർച്ചയുടെ ഓരോ പടവും അഭിമാനത്തോടെ നോക്കിക്കാണുന്ന അമ്മ. 

അവരുടെ ഇഷ്ടങ്ങൾക്കൊപ്പം നമ്മുടെ ഇഷ്ടങ്ങളും വിട്ടുകൊടുക്കാതെ ചെയ്യാൻ നിർബന്ധിക്കുന്ന മക്കൾ അമ്മയുടെ ഭാഗ്യം തന്നെയാണ് ഞാനുമൊരു ഭാഗ്യവതിയാണ്..

തൊട്ടുമുൻപിലെ സോഫയിൽ ഇരുന്നിട്ടും കണ്ണിൽപെടാതെ അതേ കളിപ്പാട്ടത്തിനായി വീട് അരിച്ചുപെറുക്കുന്ന അവർക്ക് അതെടുത്തുകൊടുത്ത മജിഷ്യൻ അമ്മയായി തിരക്കുകളിലും സമയമുണ്ടാക്കി ഞാനെന്റെ അമ്മക്കാലം ആഘോഷിക്കുകയാണ് ..

ലിസ് ലോന ✍️

Post Views: 43
6
Lis Lona

Lis Lona

8 Comments

  1. Joyce Varghese on November 8, 2025 1:46 AM

    ഇത്രയും മനോഹരമായി മാതൃത്വത്തിന്റെ വേദനയും ആഹ്ളാദവും വായിക്കാൻ കഴിഞ്ഞതിൽ സന്തോഷം.👍
    ❤️

    Reply
  2. മിനി സുന്ദരേശൻ on November 7, 2025 3:50 PM

    ഹൃദയം തൊടുന്ന എഴുത്ത്👍❤️

    Reply
  3. Sayara Fathima Karu Kunnath on May 11, 2025 10:39 PM

    Super 👌 👍 🥰 😍 ❤️

    Reply
  4. Shreeja R on May 15, 2024 10:32 PM

    👌👌👌

    Reply
    • Suma Jayamohan on May 11, 2025 9:16 AM

      അമ്മയാണമ്മയാണെല്ലാമെല്ലാം❤️❤️❤️

      Reply
  5. Sunandha Mahesh on September 14, 2023 3:49 PM

    അമ്മ ❤️

    Reply
  6. Canoli canalinte puthri on September 14, 2023 12:02 PM

    ചേച്ചീ….ഒന്നും പറയാനില്ല👍🏻👍🏻😘😘😘

    Reply
  7. Silvy Michael on September 14, 2023 11:38 AM

    അമ്മ….. 👌👌👌

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.