Memory is the diary that we all carry about with us.” – ഓസ്കാർ വൈൽഡ് പറഞ്ഞതെത്ര ശരിയാണല്ലേ? എന്നാൽ ആ ഡയറിയുടെ ഓരോ താളും കാലം പതിയെ കീറിയെടുക്കാൻ തുടങ്ങിയാലോ.. പിന്നെ എന്താണ് ശേഷിക്കുക— ജീവിതമോ, അതോ വെറും ശ്വാസമോ? ചിലപ്പോഴൊക്കെ ഓർമ്മകൾ ഒരു അനുഗ്രഹമല്ല, മറിച്ച് വലിയൊരു ശാപമാണ്. ചില മുഖങ്ങൾ, ചില വാക്കുകൾ, ചില വേർപാടുകൾ… അവ മനസ്സിന്റെ ആഴങ്ങളിൽ എരിഞ്ഞുതീരാത്ത കനലായി കിടക്കാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ മറവി ഒരു അനുഗ്രഹമാകും. കാലം, നമ്മുടെ മുറിവുകൾക്ക് മേൽ പതിയെ പതിയെ മറവിയുടെ ശാന്തമായ പുതപ്പ് വിരിക്കുന്നു. പക്ഷേ… അതേ മറവി ഒരു രോഗമായി മാറി നമ്മളെ പൂർണ്ണമായി വിഴുങ്ങാൻ തുടങ്ങിയാലോ? ഒരിക്കൽ ഹൃദയമിടിപ്പുപോലെ പരിചിതരായിരുന്നവർ ഒരു ദിവസം പെട്ടെന്ന് അപരിചിതരാകുമ്പോൾ… കണ്ണാടിയിൽ കാണുന്ന സ്വന്തം മുഖം പോലും ആരുടേതാണെന്ന് തിരിച്ചറിയാനാകാതെ അന്യമായിത്തോന്നുമ്പോൾ… പേരും ബന്ധങ്ങളും കടന്നുപോയ ജീവിതവും എല്ലാം മങ്ങിയൊരു ചിത്രമായി ഉള്ളിൽ അലിഞ്ഞുപോകുമ്പോൾ……
