നാലാം ക്ലാസ്സിൽ നിന്ന് അഞ്ചാം ക്ലാസ്സിലേക്ക്, നിലവിലെ സ്കൂളിൻ്റെ തൊട്ട് അടുത്ത സ്കൂളിലേക്ക് മാറിയ കാലം. ആ നാട്ടിലെ ഭാഷയിൽ പറഞ്ഞാൽ ചെറിയ സ്കൂളിൽ നിന്ന് വലിയ സ്കൂളിലേക്ക് മാറിയ കാലം. യൂണിഫോം, പുസ്തകങ്ങൾ, വിഷയങ്ങൾ, ഓടിട്ട കെട്ടിടം, പരിചിതരായ അദ്ധ്യാപകർ, സഹപാഠികൾ, “കളിക്കാം ബെല്ലിന് ” ( കാലത്തെ 10 മിനിട്ട് ഇൻ്റർവെൽ ) വീട്ടിൽ പോയുള്ള ചായ കുടിക്കൽ അങ്ങനെ എല്ലാത്തിലും ചെറിയ മാറ്റങ്ങൾ വന്നു. ഒന്നാം നിലയിൽ ആയിരുന്നു ‘5 A’. സംസ്കൃതം ഒന്നാം ഭാഷയായി പഠിക്കുന്ന കുട്ടികൾ ആണ് A ക്ലാസ്സിൽ. പഴയ കൂട്ടുകാർ ചിലർ വേറെ ഡിവിഷനിൽ ആയി. പി.ടി., ഡ്രോയിങ്, തുന്നൽ തുടങ്ങിയ പുതിയ വിഷയങ്ങൾ വന്നു. ഹൈസ്കൂൾ ആയതുകൊണ്ട് കുറെ കുട്ടികളും കുറെ അദ്ധ്യാപകരും. അങ്ങനെ പുതിയ സാഹചര്യങ്ങളുമായി ഒത്തുവരുമ്പോഴേക്കും ഓണപരീക്ഷയെത്തി. പരീക്ഷയുടെ രീതി തന്നെ എനിക്ക് പുതിയതായിരുന്നു. ക്ലാസ്സിൽ അകലത്തിൽ ക്രമീകരിച്ച ബെഞ്ചുകളും ഡെസ്കുകളും. ഡെസ്കിൽ എഴുതിയ ക്ലാസ്സിലെ നമ്പറിൽ…
