നാലാം ക്ലാസ്സിൽ നിന്ന് അഞ്ചാം ക്ലാസ്സിലേക്ക്, നിലവിലെ സ്കൂളിൻ്റെ തൊട്ട് അടുത്ത സ്കൂളിലേക്ക് മാറിയ കാലം. ആ നാട്ടിലെ ഭാഷയിൽ പറഞ്ഞാൽ ചെറിയ സ്കൂളിൽ നിന്ന് വലിയ സ്കൂളിലേക്ക് മാറിയ കാലം.
യൂണിഫോം, പുസ്തകങ്ങൾ, വിഷയങ്ങൾ, ഓടിട്ട കെട്ടിടം, പരിചിതരായ അദ്ധ്യാപകർ, സഹപാഠികൾ, “കളിക്കാം ബെല്ലിന് ” ( കാലത്തെ 10 മിനിട്ട് ഇൻ്റർവെൽ ) വീട്ടിൽ പോയുള്ള ചായ കുടിക്കൽ അങ്ങനെ എല്ലാത്തിലും ചെറിയ മാറ്റങ്ങൾ വന്നു. ഒന്നാം നിലയിൽ ആയിരുന്നു ‘5 A’. സംസ്കൃതം ഒന്നാം ഭാഷയായി പഠിക്കുന്ന കുട്ടികൾ ആണ് A ക്ലാസ്സിൽ. പഴയ കൂട്ടുകാർ ചിലർ വേറെ ഡിവിഷനിൽ ആയി. പി.ടി., ഡ്രോയിങ്, തുന്നൽ തുടങ്ങിയ പുതിയ വിഷയങ്ങൾ വന്നു. ഹൈസ്കൂൾ ആയതുകൊണ്ട് കുറെ കുട്ടികളും കുറെ അദ്ധ്യാപകരും.
അങ്ങനെ പുതിയ സാഹചര്യങ്ങളുമായി ഒത്തുവരുമ്പോഴേക്കും ഓണപരീക്ഷയെത്തി. പരീക്ഷയുടെ രീതി തന്നെ എനിക്ക് പുതിയതായിരുന്നു. ക്ലാസ്സിൽ അകലത്തിൽ ക്രമീകരിച്ച ബെഞ്ചുകളും ഡെസ്കുകളും. ഡെസ്കിൽ എഴുതിയ ക്ലാസ്സിലെ നമ്പറിൽ അനുസരിച്ച് ഇരുന്നു വേണം പരീക്ഷ എഴുതാൻ. അപ്പുറവും ഇപ്പുറവും, ആറും ഏഴും ക്ലാസ്സിലെ ചേട്ടൻമാരും ചേച്ചിമാരും. അച്ചടിച്ച ചോദ്യപേപ്പർ, സ്കൂളിൻ്റെ സീൽ ഉള്ള ഉത്തരം എഴുതാനുള്ള വരയിടാത്ത പേപ്പർ. പരിചിതരല്ലാത്ത വേറെ ക്ലാസ്സിലെ അദ്ധ്യാപകരായിരുന്നു പരീക്ഷനിരീക്ഷകരായി വന്നിരുന്നത്.
അങ്ങനെ പരീക്ഷ കഴിഞ്ഞു. ഓണാവധി കേമമായി ആഘോഷിച്ചു. അവധി കഴിഞ്ഞ് ക്ലാസ്സ് തുടങ്ങി. അവധി വിശേഷങ്ങൾ ഒക്കെ പറഞ്ഞ് തീരും മുൻപ്, ഓരൊ ദിവസങ്ങളിലായി മൂല്യനിർണ്ണയം നടത്തിയ ഉത്തര കടലാസുകൾ കിട്ടി തുടങ്ങി. അതു വരെ ക്ലാസ്സിലെ മൂന്നാം റാങ്കിനപ്പുറം എൻ്റെ സ്ഥാനം താഴോട്ടു പോയിട്ടില്ലായിരുന്നു. ഇവിടെ 50 മാർക്കിലായിരുന്നു പരീക്ഷ, ലഭിച്ച പേപ്പറുകളിലൊക്കെ 45 നു മുകളിൽ മാർക്ക് ഉണ്ടായിരുന്നു. പക്ഷേ എന്നെ ഞെട്ടിച്ചു കൊണ്ടാണ് ‘സാമൂഹ്യ പാഠം ‘പേപ്പർ കിട്ടിയത് 50 ൽ 26 മാർക്ക്. ടീച്ചർ അബദ്ധത്തിൽ മാർക്കിടാൻ മറന്ന ശരിയുത്തരങ്ങൾ കാണിച്ച് തെറ്റ് തിരുത്താൻ ഉള്ള അവസരമുണ്ട്. എൻ്റെ പേപ്പറിൽ പകുതി ഉത്തരങ്ങൾ കഴിഞ്ഞ് ബാക്കി ടീച്ചർ വെട്ടി കളഞ്ഞ് ഇരിക്കുക ആയിരുന്നു. പകുതി വെച്ച് എൻ്റെ പേനയുടെ തെളിച്ചം കുറയുകയും, ഞാനെഴുതിയത് ടീച്ചർക്ക് വ്യക്തമായി വായിക്കാൻ സാധിക്കാത്തതുമായിരുന്നു കാരണം. അമ്മ സ്കൂളിൽ വന്ന് ടീച്ചറെ കണ്ടെങ്കിലും, വ്യക്തമായി തെളിയാത്ത ഉത്തരങ്ങൾക്ക് മാർക്ക് നല്കില്ലെന്ന ഉറച്ച നിലപാട് ടീച്ചറെടുത്തു.
ജീവിതത്തിൽ ആദ്യമായി ക്ലാസ്സിലെ റാങ്കു പട്ടികകളിൽ ഇടം പിടിക്കാത്ത പരീക്ഷ. പിന്നീട് ക്രിസ്മസ് പരീക്ഷക്കു രണ്ട് പേനകൾ ഞാൻ കൊണ്ട് പോയി. സാമൂഹ്യ പാഠത്തിന് 46 മാർക്കും കിട്ടി. അന്ന് ടീച്ചറോട് നല്ല ദേഷ്യം തോന്നിയെങ്കിലും, ആറാം ക്ലാസ്സിൽ ആ ടീച്ചറായിരുന്നു ക്ലാസ്സ് ടീച്ചർ. പിന്നീട് പത്താം ക്ലാസ്സ് കഴിഞ്ഞ് സ്കൂളിൽ നിന്ന് മാറിയിട്ടും ,ടീച്ചർ എനിക്കു പ്രിയപ്പെട്ട ടീച്ചർ ആയിരുന്നു. ആ ഓണ പരീക്ഷക്കു ശേഷം തെളിച്ചം കുറവുള്ള പേനകൾ ഉപയോഗിച്ച് പരീക്ഷകൾ ഒന്നും എഴുതിയില്ലെങ്കിലും, മാർക്കുകൾക്ക് ഇടക്ക് തെളിച്ചം കൂടിയും കുറഞ്ഞും ഇരുന്നു.
രഞ്ജിത്ത് രാമൻ
#എൻ്റെ രചന
#പരീക്ഷ
Koottaksharangal

