മാഡം ട്രാൻസ്ഫർ വീണ്ടും വന്നോ ഇത്തവണ എവിടെക്കാ? ആന്റണിയുടെ ചോദ്യം കേട്ടപ്പോൾ അച്ചു പേപ്പറിൽ നിന്നും കണ്ണെടുക്കാതെ പറഞ്ഞു.
‘കോഴിക്കോട് മാവൂർ ബ്രാഞ്ച്’
“ഓ അപ്പോ തിരിച്ചു നാട്ടിലേക്കാണല്ലോ… വിഹാൻ പ്ലസ് ടു ഇനി അവിടെ അല്ലേ അശ്വതി മാഡം…” ആന്റണി വീണ്ടും ചോദിച്ചു.
അച്ചു തന്റെ സ്‌പെക്സ് ഒന്ന് പൊക്കി ആന്റണിയെ നോക്കി. തിരക്കിനിടയിൽ വീട്ടുകാര്യം ചോദിക്കുന്നത് എന്തൊരു ശല്യമാണെന്ന മട്ടിൽ. ആന്റണി ഒന്ന് മുഖം ചുളിച്ചു… പതുക്കെ പഴയ ഫയൽ തപ്പിക്കൊണ്ടിരുന്നു.
വീട്ടിൽ എത്തിയപ്പോൾ അച്ചു ഒരുപാട് ലേറ്റ് ആയി.വിഹാൻ സോഫയിൽ കിടന്ന് ടീവി കാണുന്നു.
“നീ ഫുഡ് കഴിച്ചോ?”അച്ചു വിഹാന്റെ തലയിൽ ഒന്നു തടവി.
“മമ്മീ ഇന്ന് പപ്പ ഈവനിംഗ് വന്നു പിക്ക് ചെയ്തു എന്നെ. ഞാൻ മമ്മിയെ കുറേ വിളിച്ചു. ഫോൺ എടുത്തില്ലല്ലൊ. ഞങ്ങൾ കുറേ കറങ്ങി ഫുഡ് ഒക്കെ കഴിച്ചു. പപ്പ പറഞ്ഞു മമ്മി എന്നാ കോഴിക്കോട് പോകുന്നെ എന്ന്?”
അച്ചു മൊബൈൽ നോക്കി. ശരിയാ തിരക്കിനിടയിൽ മിസ്സ്ഡ് കാൾ വന്നിട്ടുണ്ട്. അറ്റൻഡ് ചെയ്യാൻ പറ്റിയില്ല.
“നെക്സ്റ്റ് മന്ത് പോകേണ്ടി വരും. നീ പപ്പയോട് പറഞ്ഞോ അവിടെ സ്കൂൾ ജോയിൻ ചെയ്യാൻ പോകുന്നത്?”
അച്ചു അതും പറഞ്ഞ് ടേബിളിൽ വച്ചിരുന്ന ജഗ് എടുത്ത് വെള്ളം ഗ്ലാസിലോട്ട് ഒഴിച്ചു.
യെസ് മമ്മീ…ഞാൻ പറഞ്ഞു. ഞാൻ ഒകെ ആണേൽ പപ്പ അവിടെ വരാം ഫ്ലാറ്റ് എടുക്കാം എന്നൊക്കെ പറഞ്ഞു. മമ്മിയോട് അതൊന്നും പറയണ്ട എന്നും പറഞ്ഞു.
അച്ചുവിന്റെ മുഖത്ത് പെട്ടെന്ന് ഒരു ചിരി വന്നു. വിഹാൻ കാണാതിരിക്കാൻ അച്ചു ഒന്ന് തിരിഞ്ഞു നിന്നു. അച്ചുവിനറിയാം ഞങ്ങൾ എവിടെപോയാലും ദീപു അവിടെ എത്തുമെന്ന്. അതൊരു തരത്തിൽ വലിയൊരു ആശ്വാസം തന്നെയാണ്.
വേർപിരിഞ്ഞു താമസം തുടങ്ങിയിട്ട് 10 വർഷം ആകുന്നു. ഒരുപാട് തവണ തിരികെ വിളിച്ചതാണ്. മോനേം കൂട്ടി നീ തിരികെ വാ എന്നും പറഞ്ഞ്. എന്തോ ഇതുവരെ മനസ്സിൽ അങ്ങനെ തോന്നിയിട്ടില്ല. ഇനിയൊരു കൂടിച്ചേരൽ നടക്കില്ല. ദീപുവിനോടുള്ള ഇഷ്ടം കൂടിയിട്ടേയുള്ളൂ… അത് ദീപുവിനും അറിയാം.അതാണല്ലോ 10 വർഷം ആയിട്ടും രണ്ടുപേരും വേറെ വിവാഹത്തെപ്പറ്റി ആലോചിക്കാത്തതും.
‘വിഹാൻ’ അവന് ഇതുവരെ ഒരു കുറവും രണ്ട് പേരും വരുത്തിയിട്ടില്ല. അവന്റെ എല്ലാ കാര്യങ്ങളിലും അച്ചുവിനെക്കാളും ശ്രദ്ധ ദീപുവിന് തന്നെയാണ്.അതിലൊരു സംശയവും ഇല്ല.
തന്റെ വീട്ടുകാർ വേറെ വിവാഹത്തിന് ഒരുപാട് നിർബന്ധിച്ചതാണ്.അതിന് താനും സമ്മതിച്ചിട്ടില്ല.ദീപു അല്ലാതെ ഇനിയൊരാളെ തന്റെ മനസ്സിലേക്ക് കൊണ്ടു വരാൻ അച്ചുവിന് കഴിഞ്ഞിട്ടില്ല … അതലോചിക്കാൻ പോലും വയ്യ. അച്ചു കുളിക്കാൻ ബാത്റൂം ലക്ഷ്യമാക്കി നടന്നു.
സൺഡേ ആയതുകൊണ്ട് രാവിലെ എണീക്കാൻ ലേറ്റ് ആയി. ഫോൺ എടുത്ത് നോക്കി ദീപുവിന്റെ 5 മെസ്സേജസ്. അച്ചു വാട്സാപ് തുറന്നു.
‘മോനുമായി പെട്ടന്ന് ലിസാ ഹോസ്പിറ്റലിൽ എത്തണം. ഇട്സ് അർജന്റ്…’
അച്ചു ദീപുവിന്റെ മെസ്സേജ് ടൈം നോക്കി പുലർച്ച 4 മണിക്ക് അയച്ചതാ. ഇപ്പോ ടൈം 10 മണി.അച്ചു പെട്ടെന്ന് തിരിച്ചു കാൾ ചെയ്തു. സ്വിച്ച്ഡ് ഓഫ്…
മോനേം കൂട്ടി അച്ചു ഹോസ്പിറ്റലിൽ എത്തി. വിഹാൻ ഒരു ഫ്രണ്ടിന്റെ നമ്പർ തന്നു. ദീപുവിന്റെ ഉറ്റ സുഹൃത്ത് മഹിയുടെ. അയാൾ അവളെയും മോനെയും ദീപുവിന്റെ അടുത്തേക്ക് കൊണ്ട്പോയി.
വിഹാൻ ഓടിച്ചെന്ന് പപ്പയെ കെട്ടിപിടിച്ചു.
“വാട്ട് ഹാപ്പെൻഡ് പപ്പാ?”
ദീപു നല്ല ഉറക്കത്തിലായിരുന്നു
.
“മോനേ… ”
മോൻ ഇങ്ങു പോര്. പപ്പക്ക് റെസ്റ്റ് വേണം ഡോക്ടർ പറഞ്ഞതാ.. മരുന്നിന്റെ ക്ഷീണം കാണും. മഹി വിഹാനെ പിടിച്ചു പതുക്കെ റൂമിനു പുറത്തേക്ക് നടന്നു.
“ദീപു….”
അച്ചു പതുക്കെ വിളിച്ചു.
അച്ചുവിന്റെ ദേഹം വിറക്കുന്നുണ്ടായിരുന്നു. അവൾ തന്റെ കൈ കൊണ്ട് ദീപുവിന്റെ കയ്യിൽ മുറുകെ പിടിച്ചു.അവളുടെ കണ്ണിൽ നിന്നും രണ്ട് തുള്ളി കണ്ണുനീർ ദീപുവിന്റെ കയ്യിൽ വീണു.
ദീപു പതുക്കെ കണ്ണുതുറന്നു.
‘അച്ചു ‘
തന്റെ മുൻപിൽ …
ചിരിക്കാൻ ശ്രമിച്ചു. അനങ്ങാൻ പറ്റുന്നില്ല.നാവ് പൊങ്ങുന്നില്ല…
“ചെറിയ നെഞ്ചുവേദന വന്നതാ… അറ്റാക്ക്…” മഹി തിരികെ വന്നു പറഞ്ഞു. ഞാനാ മെസ്സേജ് അയച്ചത്. മതി ഇനി എത്ര നാൾ നിങ്ങൾ ഇങ്ങനെ… ഇന്നത്തോടെ നിർത്തിക്കോണം. പിണക്കം എല്ലാർക്കും കാണും. ഇത് കുറച്ചു ഓവർ ആയി.
രണ്ട് പേരും ഈഗോ ആദ്യം മാറ്റി വെക്ക്. എന്നിട്ട് ജീവിക്കാൻ നോക്ക്… ജീവിതം ഒന്നേയുള്ളൂ… അത് നല്ല രീതിയിൽ ജീവിച്ചു തീർക്കാൻ നോക്കണം. അല്ലാതെ ഇതുപോലെ….രണ്ടറ്റത്ത് നിന്ന്…” മഹി പറഞ്ഞു നിർത്തി.
വിഹാൻ റൂമിലേക്ക് വന്നപ്പോൾ കണ്ടു…
മമ്മി പപ്പയെ നെറ്റിയിൽ ഉമ്മ വെക്കുന്നു…
അവന്റെ കണ്ണുകൾ ഈറനണിഞ്ഞു…
ഫോട്ടോ: ഗൂഗിൾ
6 Comments
നല്ല എഴുത്ത് 👌
ഈഗോ കൊള്ളാം.. ജീവിതത്തെ നഷ്ടപ്പെടുത്തുന്നിടത്ത് അത് തൂത്തെറിഞ്ഞേ പറ്റൂ. നല്ലെഴുത്ത് 👌👌👌
Nice 👍👍
❤️❤️
❤️😍
Pingback: ഇണക്കിളികൾ ( ഭാഗം1 ) - By Sruthi Sreedhar - കൂട്ടക്ഷരങ്ങൾ