ഏകദേശം പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ സുധീർ ബാബുവെന്ന ബോസ് വന്നു ചേർന്നു.വേൾഡ് റ്റുഡേയുടെ പത്രാധിപർ.വെള്ള പൈജാമയിലും കുർത്തയിലും ആ ഇരുണ്ട മനുഷ്യൻ വളരെ സുന്ദരനായി കാണപ്പെട്ടു.ഒരു പക്ഷേ ഈ മനുഷ്യനില്ലായിരുന്നുവെങ്കിൽ തൻ്റെ ജീവിതം മറ്റൊന്നായേനെ.കൂടുതൽ ആലങ്കാരികമായി പറഞ്ഞാൽ അവൻ്റെ തലതൊട്ടപ്പൻ, ആദർശിൻ്റെ ഗോഡ് ഫാദറാണയാൾ.
കേരളത്തിൽ നിന്നും ഒരു രാത്രി കള്ളവണ്ടി കയറുമ്പോൾ മുംബൈ അവന് അപരിചിതമായിരുന്നു.കയ്യിലൊരു ജേർണലിസം ബിരുദവും ,കുറച്ച് പൈസയും മാത്രമാണ് മുതൽക്കൂട്ട്.മീരയുടെ ആഭരണങ്ങൾ വിറ്റ് കിട്ടിയ പൈസ.അതും രാമേട്ടൻ്റെ മേശയിൽ നിന്ന് കട്ടെടുത്തത്.രാമേട്ടന് ഇഷ്ടമില്ലാതിരുന്നിട്ടും അമ്മയുടെ ചികിത്സയ്ക്ക് എന്ന് പറഞ്ഞ് രാമേട്ടനെ കൊണ്ട് സ്വർണം വിൽപ്പിച്ചത് ദുഷ്ടലാക്കോടെയാണ്.
പണം തീർന്ന് പട്ടിണി ആയ ദിവസങ്ങൾ ,ജോലി തേടി കയറിയിറങ്ങാത്ത സ്ഥാപനങ്ങളും പരസ്യ ഏജൻസികളുമില്ല.സുധീർ സാർ കാബിനിൽ നിന്നിറങ്ങുമ്പോഴാണ് ആദർശ് ഫ്രണ്ട് ഓഫീസിൽ എൻക്വയറി നടത്തി മടങ്ങിയത്.സുധീർ സാറിന് മുന്നിൽ തല കറങ്ങി വീണ ചെറുപ്പക്കാരനെ അദ്ദേഹത്തിന്റെ കാറിലാണ് അടുത്തുള്ള ക്ലിനിക്കിൽ എത്തിച്ചത്.അന്നദ്ദേഹം അത്ര വലിയ പത്ര മുതലാളിയൊന്നും ആയിട്ടില്ലായിരുന്നു.
അന്ന് തുടങ്ങിയ ബന്ധമാണ് സുധീർ സാറുമായിട്ടുള്ളത്.ആദ്യം ഭക്ഷണം വാങ്ങി തന്നു, പിന്നെ ജോലി, പിന്നെ ഒരു ലോഡ്ജിൽ താമസസൗകര്യം ഒരുക്കി തന്നു.നീണ്ട പത്ത് വർഷങ്ങൾ.അവൻ്റെ വീട്ടിലെ അവസ്ഥയും കുടുംബ പശ്ചാത്തലവുമൊക്കെ അറിഞ്ഞപ്പോൾ ബോസിനും ദീദിക്കും അവനോട് സഹതാപം തോന്നി.രണ്ട് പേരും അവനെ ഒരു സഹോദരനെ പോലെ കണ്ടു.
അവനോടൊപ്പം, പത്ത് വർഷങ്ങൾ കൊണ്ട് വേൾഡ് ടുഡേയും വളർന്നു.വെറുമൊരു സാധാരണ റിപ്പോർട്ടറിൽ നിന്ന് വളരെ പെട്ടെന്ന് അവൻ പ്രമോഷൻ നേടി.ഓഫീസിലെ സീനിയേഴ്സായ പലരുടേയും കണ്ണിലെ കരടായി അവൻ മാറി.ബോസിന് അവനോടുള്ള അടുപ്പം അറിയാവുന്നത് കൊണ്ട് അവരാരും പ്രത്യക്ഷത്തിൽ ഉടക്കാൻ വന്നില്ലെങ്കിലും അവനറിയാമായിരുന്നു പലരുടേയും മനസ്സിൽ അവനോടുള്ള അസൂയ വളരുന്നുണ്ടെന്ന്.
പലപ്പോഴും മറാത്തി ഭാഷ അവനെ കുഴക്കിയിട്ടുണ്ട്.ഓഫീസിലെ ക്ലറിക്കൽ സ്റ്റാഫായിരുന്ന അഫ്ര ഖദീജ അലി എന്ന യുവതിയാണ് ആദർശിനെ സഹായിച്ചത്. അവളുടെ മറാത്തി, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലുള്ള നൈപുണ്യം അവനെ സഹായിച്ചു.അങ്ങനെ ആ പത്രമോഫീസിലെ ഹിറ്റ് മേക്കർ റിപ്പോർട്ടർ എന്ന ഖ്യാതി ആദർശിന് ലഭിച്ചു.
അഫ്രയെ പറ്റി ഓർത്തപ്പോൾ തന്നെ അവൻ പ്രണയാതുരനായി.അവൻ കണ്ണടച്ചിരുന്ന് അവളെക്കുറിച്ചോർത്തു.അവളുടെ സാമീപ്യം അവന് അനുഭവപ്പെട്ടു.അവളുടെ ഗന്ധം ചുറ്റും വ്യാപരിക്കുന്നത് പോലെ തോന്നി.
സുധീർ ബാബുവിന്റെ ശബ്ദമാണ് അവനെ ഓർമ്മകളിൽ നിന്നുമുണർത്തിയത്.
“ആദർശ്, പുതിയ രണ്ട് അസൈൻമെൻ്റുകളുണ്ട്.ഞാൻ മെയിൽ ചെയ്തിരുന്നു.കണ്ടിരുന്നോ? “
“ഇല്ല സാർ, പക്ഷേ പവൻ വിളിച്ചിരുന്നു.അവൻ കാര്യം പറഞ്ഞിരുന്നു.”
“തനിയ്ക്കെന്ത് തോന്നുന്നു.താനാണെങ്കിൽ ഇതിൽ ഏത് തെരഞ്ഞെടുക്കും.?”
“സത്യം പറഞ്ഞാല് രണ്ടിലും എനിയ്ക്കൊരു പുതുമ തോന്നിയില്ല.പക്ഷേ ബോസിന്റെ വിളി വന്നപ്പോൾ എനിക്കൊരു പണിയുണ്ടെന്ന് മനസ്സിലായി.”
“അതെ, എനിക്ക് വളരെ പ്രധാനപ്പെട്ടത്.”
അദ്ദേഹം ചുറ്റും നോക്കി.
“ഞാൻ ഡ്രസ്സ് ചെയ്തു വരാം, ഇവിടെ വച്ച് പറയാൻ പറ്റില്ല.തൻ്റെ കാറിവിടെ കിടന്നോട്ടെ.ഡ്രൈവർ അതെടുത്ത് ഓഫീസിൽ കൊണ്ട് തരും.നമുക്ക് എൻ്റെ കാറിൽ പോകാം.”
അതീവ രഹസ്യമുള്ള സംഗതികൾ വെളിപ്പെടുത്തുന്ന സമയത്താണ് ബോസ് ഇത്രയും മുൻകരുതൽ എടുക്കുന്നത്.അദ്ദേഹം വേഷം മാറ്റാൻ പോയ സമയത്ത് ഡ്രൈവറെ കാറിന്റെ കീ ഏൽപ്പിച്ച് വീടിന്റെ ഉദ്യാനത്തിൽ പോയി നിന്നു.ഇന്ന് ബോസിനൊപ്പം കാറിൽ ചെന്നിറങ്ങുമ്പോൾ പലരുടേയും ദേഷ്യം നിറഞ്ഞ മുഖം കാണേണ്ടി വരുമല്ലോ എന്നതോർത്ത് അവന് ചിരി വന്നു.
ഡ്രൈവിങിനിടയിൽ അദ്ദേഹം ആദർശിനോട് ചോദിച്ചു.
“തനിക്കു ഒന്നിനോടും ഒരു താല്പര്യമില്ലല്ലോ.അല്ലേലും താനൊരു വിചിത്ര ജീവിയാണല്ലോ.”
മറുപടി ഒരു പുഞ്ചിരിയിൽ ഒതുക്കി.
“എന്റെ താല്പര്യം ഞാനങ്ങ് പറയാം ,താൻ ചുവന്ന തെരുവിലെ ആ കേസങ്ങ് ഏറ്റെടുക്കണം.പേടിക്കുകയൊന്നും വേണ്ട.ചുവന്ന തെരുവിലൊന്നും താൻ പോകണ്ട.അവർ ജുഹുവിലാണിപ്പോൾ താമസം.എനിക്ക് വേണ്ടത് രൂപാലി ഡിസൈൻസ് ഓണർ ആയ പദ്മിനിയുടെ അഭിമുഖമാണ്.അവരുടെ മകൾ രൂപാലിക്ക് ഒരു അമേരിക്കൻ സ്കോളർഷിപ്പ് കിട്ടിയത് അടുത്തിടെ പേപ്പറിൽ വന്നിരുന്നു.നമ്മുടെ പത്രം അത് റിപ്പോർട്ട് ചെയ്തിരുന്നില്ല.ആ കുട്ടി സ്കോളർഷിപ്പ് തുക റെഡ് സ്ട്രീറ്റിലെ കുട്ടികളുടെ പഠനത്തിനും ഉന്നമനത്തിനുമായി ചെലവിടുമെന്നും അതിനായി അവളൊരു ക്യാമ്പയിൻ കൊണ്ട് വരുകയും ചെയ്തിരുന്നു.അവൾ താമസിയാതെ വിദേശത്തേയ്ക്ക് പറക്കും.”
“ബിയോണ്ട് ദി സ്ട്രീറ്റ്സ് എന്ന ക്യാമ്പയിൻ അല്ലേ ,ഓർമയുണ്ട് .ആ കുട്ടിയുടെ ഇന്റർവ്യു ഞാൻ റേഡിയോയിൽ കേട്ടിരുന്നു.നല്ല പക്വതയുള്ള പെൺകുട്ടി.”
“അതെ അവളുടെ ഇന്റർവ്യൂ എല്ലാ ചാനലിലും പത്രത്തിലും വന്നിരുന്നു ,നമ്മുടേത് ഒഴിച്ച്.അന്നെനിക്കൊരു പുതുമ തോന്നിയിരുന്നില്ല.വൈറൽ ആകാനായി പലരും പലതും ചെയ്യുന്നു .ഇതും ഞാൻ അത്രയേ കരുതിയുള്ളൂ. “
“ഇപ്പോളെന്താണ് സാർ അതിൽ മാറ്റം വന്നത്,ഐ മീൻ താങ്കൾക്ക് താല്പര്യം തോന്നാനായി എന്തുണ്ടായി.”
“ഉണ്ടായെടോ,വീട്ടിലിരുന്നു പറയാൻ പറ്റില്ല.രുഗ്മിണിക്ക് കേട്ടാൽ മനസിലാകും.ഈയടുത്തിടക്ക് ഞാൻ ആ കുട്ടിയുടെ ഒരു അഭിമുഖം കണ്ടു.അവളുടെ അമ്മ പദ്മിനിയെ ഞാൻ കണ്ടു .ഒരു കാലത്തു അവളോട് എനിക്ക് കടുത്ത പ്രണയ മായിരുന്നു. മുപ്പതു വർഷം മുൻപാണ് ,അങ്ങ് രാജസ്ഥാനിലെ ജയ്സാൽമീറിൽ ,എന്റെ അച്ഛൻ നാരായൺ , ആനന്ദ് ലാൽ എന്ന വജ്ര വ്യാപാരിയുടെ ഡ്രൈവർ ആയിരുന്നു. ആനന്ദ് സാബിന്റെ ഏക മകൾ പദ്മിനിയും ഞാനും ക്ലാസ്മേറ്റ്‌സ് ആയിരുന്നു.ഞങ്ങൾ ഒന്നിച്ചു കളിച്ചു വളർന്നു .അവളുടെ വിവാഹ ശേഷം ഞാൻ അവളെ കണ്ടിട്ടില്ല .ഇരുപത്തേഴ് വർഷങ്ങൾക്കു ശേഷം ചാനലിൽ, ഞാൻ അവളെ കണ്ടപ്പോൾ ,അവളൊരു വേശ്യ ആയിരുന്നു എന്നറിഞ്ഞപ്പോൾ ഞാനാകെ തളർന്നു പോയി.ഞാനറിയുന്ന പദ്മിനി അങ്ങനെ ആയിരുന്നില്ല.അവളുടെ ചരിത്രമാണ് എനിക്ക് വേണ്ടത്.നിനക്ക് ഞാൻ മൂന്നാഴ്ച സമയം തരുന്നു.ഒരു വിശാലമായ അഭിമുഖം.നമ്മുടെ സൺഡേ മാജിക്കിൽ പ്രസിദ്ധീകരിക്കാൻ.റേറ്റിംഗ് കൂട്ടുന്നു എന്നതല്ല എന്റെ താല്പര്യം.അവൾ പദ്മിനിയാണ്.അവളെക്കുറിച്ചറിയാൻ.
ഒരു പക്ഷെ ഞാൻ ഇതൊക്കെ വീട്ടിലിരുന്നു ചർച്ച ചെയ്തിരുന്നെങ്കിൽ അത് രുഗ്മിണി ഒരു കുടുംബ കലഹം ആക്കിയേനെ .കാരണം അവൾക്കറിയാം പദ്മിനി ഇപ്പോഴും എന്റെ മനസിലുണ്ടെന്ന്,എൻ്റെ സ്വപ്നങളിലുണ്ടെന്ന്.അത് കൊണ്ട് ഈ വർക്ക് പൂർണമാകുന്നത് വരെ ആരും ഇതറിയാൻ പാടില്ല ,ഓഫീസിലും പുറത്തും.നിനക്കെ അത് പറ്റൂ,നീ മാത്രമാണ് എൻ്റെ വിശ്വസ്തൻ.”
“ഉം ,അവർ ആരെയാണ് സാർ അന്ന് വിവാഹം ചെയ്തത്.ആ വഴിക്കും കൂടെ നമുക്കൊരു അന്വേഷണം.”
“അയാളൊരു ക്രിക്കറ്റ് പ്ലേയർ ആയിരുന്നു.രാജസ്ഥാൻ പ്ലേയർ.അണ്ടർ 19 ഇന്ത്യക്കു വേണ്ടി കളിച്ചിരുന്നു .ഒരു കിരൺ കുമാർ .കക്ഷി ഇപ്പോൾ ജീവിച്ചിരിക്കുന്നില്ല .ആ വഴി അങ്ങ് ബ്ലോക്കായി പോയി.പിന്നെ അവളുടെ സഹോദരന്മാർ ജയ്സാൽമീറിൽ ഉണ്ട് .പാരമ്പര്യമായി വജ്ര കച്ചവടം ആണ്.അവർക്കും പദ്മിനിയെ കുറിച്ചൊന്നും അറിയില്ല.”
“അപ്പോൾ നേരിട്ടൊരു അന്വേഷണം വേണം.”
“ലക്‌ഷ്യം ഞാൻ പറഞ്ഞു .മാർഗം നിന്റെ ബുദ്ധിയിൽ ഉദിക്കട്ടെ .”
ഓഫീസിൽ വച്ച് പവൻ കുമാറിനെ കണ്ടു.കാനഡയിൽ പോകാനുള്ള തയ്യാറെടുപ്പാണ്.ശനിയാഴ്ചയാണ് അവന്റെ ഫ്ലൈറ്റ് .ഓടി വന്നു കെട്ടി പിടിച്ചു നന്ദി പ്രകടിപ്പിച്ചു.
“നിനക്ക് വളരെ നല്ല മനസാണ് അളിയാ ,നിനക്ക് നല്ലതു വരും “
“ഓ ആയിക്കോട്ടെ ,അപ്പോൾ ഒരു മാസം കഴിഞ്ഞു കാണാം. “
“ഞാൻ മടങ്ങി വരുമ്പോൾ നിനക്കൊരു അടിപൊളി ഗിഫ്റ്റ് കൊണ്ട് വരും.”
പുഞ്ചിരിച്ചു കൊണ്ട് അവൻ യാത്ര പറഞ്ഞു.നേരത്തെ വീട്ടിലെത്തി ,ഇന്നൊരു മൂഡ് തോന്നുന്നില്ല.എങ്ങനെ പദ്മിനിയിൽ എത്തുമെന്നാണ് ചിന്ത മുഴുവൻ.ഡ്രൈവിങ്ങ് ഒന്ന് പാളിയത് കൊണ്ട് മുൻപിൽ പോയ സ്കൂട്ടർകാരൻ തിരിഞ്ഞു തെറി വിളിക്കുന്നു.
ഫ്ലാറ്റിലെത്തിയപ്പോഴാണ് അഫ്രയെ വിളിച്ചത്.ആശയകുഴപ്പം വരുമ്പോളൊക്കെ അവളെ ഓർമ്മ വരും, വിളിക്കും.ഏതെങ്കിലും ഒരു വഴി അവളായി കണ്ടെത്തി തരും.ആസ്‌ട്രേലിയയിൽ മകന്റെ അടുത്താണവൾ ,നാൽപത് വയസുകാരിയാണെങ്കിലും ഒരു ഇരുപത്തി മൂന്നുകാരന്റെ അമ്മയാണെങ്കിലും ,ആദർശിൻ്റെ മുന്നിലവളൊരു കൗമാരക്കാരിയായ പ്രണയിനിയാണ്.ഏത് പാതിരാത്രിയിൽ വിളിച്ചാലും അവൾ ഫോണെടുക്കും.അഫ്രയെ വിളിച്ചു കുറെ സംസാരിച്ചു ,ആരോടും പറയരുതെന്ന് ബോസ് പറഞ്ഞിരുന്നെങ്കിലും അവൻ അഫ്രയോട് പുതിയ പ്രോജക്ടിനെ കുറിച്ച് പറഞ്ഞു .ലക്ഷ്യത്തിനുള്ള മാർഗം കണ്ടെത്തി നാളെ വിളിക്കാമെന്ന് പറഞ്ഞു അവൾ ഫോൺ കട്ട് ചെയ്തു.എന്തായിരിക്കും അവളുടെ ഐഡിയ, പെൺ ബുദ്ധി വെറും പിൻ ബുദ്ധിയല്ല.
(തുടരും.)

