രാവിലെ അഫ്രയെ വിളിച്ചപ്പോൾ അവൾ ഫോൺ കട്ട് ചെയ്തു. അർമാൻ അടുത്ത് ഉണ്ടെങ്കിൽ അവളങ്ങനെ ചെയ്യുന്നത് പതിവാണ്. അപ്പോഴൊക്കെ ആദർശ് പിണങ്ങാറുണ്ടായിരുന്നു, അല്ല പിണക്കം നടിക്കാറുണ്ടായിരുന്നു. പത്ത് മിനിറ്റ് കഴിഞ്ഞ് അവൾ അവനെ തിരിച്ചു വിളിച്ചു.
“എന്തായി, നീ തനിമയെ പോയി കണ്ടോ. “
“ഓഹ് വേണ്ട, ഞാനൊന്നും പോകുന്നില്ല. നിനക്ക് നിന്റെ കുടുംബം. നീ ഫോൺ വച്ചിട്ട് പൊയ്ക്കോ. “
“അങ്ങനെ പിണങ്ങല്ലേ, അർമാന് ഇന്ന് മുതൽ ജോലി സമയം മാറ്റമാണ്, ഞാൻ അത് നിന്നോട് പറയാൻ മറന്നു. നമ്മുടെ ബന്ധം അവനിഷ്ടമല്ല എന്നറിയില്ലേ. “
“എടീ അങ്ങനെ ഞാൻ നിന്നോട് പിണങ്ങുമോ, അപ്പോൾ നീ എനിക്കൊരു ആൾ ദ ബെസ്റ്റ് പറഞ്ഞേ, ഞാൻ സേവിയേഴ്സ് കോളേജിൽ പോകാൻ പോകുന്നു. “
“ആൾ ദ ബെസ്റ്റ് ഡിയർ. “
ആദർശ് തനിമയോടൊപ്പം കോളേജ് ക്യാൻ്റീനിലേയ്ക്ക് നടന്നു, രൂപാലിയെ തേടി നടക്കുമ്പോൾ രൂപാലി എന്ന് പേരിന്റെ അർത്ഥം അവനോർക്കുകയായിരുന്നു. “രൂപഭംഗി ഉള്ളവൾ “എന്നർത്ഥത്തിലാണോ ആ പേരവൾക്ക് കിട്ടിയത്. മുൻപ് കണ്ട് അഭിമുഖ വീഡിയോകളിൽ അവൾക്ക് അത്ര രൂപഭംഗി ഒന്നും തോന്നിയില്ല. നേർക്കാഴ്ചയിലും ഇങ്ങനെ തന്നെയാണോ?
ക്യാമ്പസിലെ വൻമരങ്ങളുടെ തണലിൽ പാർക്ക് ചെയ്തിരുന്ന ബൈക്കുകളുടെ മുകളിൽ കൂട്ടം കൂടിയിരുന്ന നാലഞ്ചു യുവതീ യുവാക്കൾ. അവരുടെ നടുവിൽ കയ്യും കെട്ടി നിൽക്കുന്ന രൂപാലി. ചുളുക്ക് വീണ കോട്ടൻ ഷർട്ടും നരച്ച ജീൻസും ധരിച്ച ഒരു ബോയ്കട്ട് കാരി. ഒറ്റ നോട്ടത്തിൽ മീശ വയ്ക്കാത്ത ഒരു യുവാവാണെന്ന് തോന്നും. തനിമ രൂപാലിയെ പരിചയപ്പെടുത്തി തന്നു.
“ഇതാണ് രൂപാലി, എൻ്റെ പ്രിയ ശിഷ്യയാണ്, ബിയോണ്ട് ദ സ്ട്രീറ്റ്സിൻ്റെ ജീവനാഡിയാണിവൾ. ഇവളുടെ പരിശ്രമം കൊണ്ട് ഞങ്ങളുടെ ക്യാമ്പസിൽ രൂപം കൊണ്ടൊരു ക്യാമ്പയിൻ, ഇന്നൊരു മൂവ്മെന്റ് ആയി രാജ്യത്തെ എല്ലാ പ്രമുഖ നഗരങ്ങളിലും വ്യാപിച്ചു. പുതിയ തലമുറയിലും പഴയ തലമുറയിലും പെട്ട അയ്യായിരത്തോളം ആളുകൾ അതിൽ ആകൃഷ്ടരായി, സേവന സന്നദ്ധരായി, നിറഞ്ഞ മനസ്സോടെ പ്രവർത്തിക്കുന്നു. “
“രൂപാലി ഇതാണ് ആദർശ് നായർ, വേൾഡ് ടുഡേയുടെ സീനിയർ റിപ്പോർട്ടർ. നിന്നെയൊന്ന് പരിചയപ്പെടാൻ വന്നതാണ്. “
രൂപാലി ആദർശിനെ നോക്കി ചിരിച്ചു. അവനു നേരെ അവളുടെ വലം കൈ നീട്ടി പിടിച്ചു. അവൻ അവളുടെ നീട്ടിയ കൈകളിൽ മുറുകെ പിടിച്ചു, ഒരു ആലിംഗനത്തിന് തയ്യാറാകുകയും ചെയ്തു. അവനും അവളെ ചേർത്ത് പിടിച്ചു. അവൻ്റെ കണ്ണുകൾ അപ്പോൾ അവളിൽ തന്നെ പതിഞ്ഞിരുന്നു.
രൂപാലി നല്ല വെളുപ്പാണ്, നോർത്ത് ഇന്ത്യൻ ഗോതമ്പ് നിറമല്ല, യൂറോപ്യൻ വെള്ളനിറം. കൂട്ടു പുരികങ്ങൾ, ഭംഗിയുള്ള നീണ്ട കണ്ണുകൾ, തവിട്ട് നിറമുള്ള കൃഷ്ണമണി. ചെറിയ ചുണ്ടുകൾ, വെട്ടിയൊതുക്കിയ കോലൻ മുടി. മുഖത്തിന് ഭംഗിയുണ്ടെങ്കിലും മൊത്തത്തിൽ പുരുഷൻമാരിൽ ഒരു ആസ്വാദന വിരസതയുണ്ടാക്കുന്ന സൗന്ദര്യം.
എന്തോ കുത്തികുറിക്കുന്നതിനിടയിൽ അവൾ തലയുയർത്തി അവനോട് ചോദിച്ചു.
“ആദർശ്, എന്താണ് താങ്കളുടെ ദൗത്യം. ബിയോണ്ട് ദ സ്ട്രീറ്റ്സ് ആണോ വിഷയം. “
“അല്ല കുറച്ച് സ്വകാര്യമാണ്. “
അവൻ ചിരിച്ചു, കൂടെ അവളും. ആ ചിരിക്ക് നല്ല ഭംഗിയുണ്ടായിരുന്നു. നിരയൊത്ത പല്ലുകൾ.
“എനിക്ക് സ്വകാര്യത തീരെയില്ല. ഞാൻ കുറെക്കാലമായി ഈ മൂവ്മെന്റിൻ്റെ പിറകെയാണ്. നാലഞ്ചു മാസം കഴിയുമ്പോൾ ഇതാരെയെങ്കിലും ഏൽപിച്ചിട്ട് എനിക്ക് ഹയർ സ്റ്റഡീസിന് ഈ രാജ്യം വിട്ടു പോകണം.
“എനിക്കൊരു സ്വകാര്യ അഭിമുഖം വേണം. “
“അത് വേണോ, ഞാനിന്ന് നല്ല തിരക്കിലാണ്. ആദർശിൻ്റെ നമ്പർ പറയൂ. നാളെ നമുക്ക് കാണാം. “
അവൻ അവൾക്ക് കാർഡ് നൽകി. അവളപ്പോൾ തന്നെ ആ നമ്പർ ഫോണിൽ സേവ് ചെയ്തു.
“വാട്ട്സാപ്പിൽ ഞാനൊരു ലിങ്ക് അയച്ചിട്ടുണ്ട്. ഒരു ഇൻ്റർവ്യൂ ആണ്. പലതും ഞാൻ പലരോടും പറഞ്ഞു മടുത്ത കാര്യങ്ങളാണ്. ഒക്കെയും ബിയോണ്ട് ദ സ്ട്രീറ്റ്സിനെക്കുറിച്ച്. “
അവൻ പുഞ്ചിരിച്ചു.
“ഇൻ്റർവ്യൂ ഞാൻ കണ്ടു കൊള്ളാം. പക്ഷെ ഇതല്ല എനിക്ക് വേണ്ടത്. നാളെയെനിക്ക് കുറച്ച് സമയം തരണം. “
അവൻ കൈ കൊടുത്ത് അവളോട് യാത്ര പറഞ്ഞു.
ഫ്ലാറ്റിലെത്തി ഒരു ചായ കുടിച്ചപ്പോൾ ഒരുന്മേഷം തോന്നി. ബിയോണ്ട് ദ സ്ട്രീറ്റ്സിനെ കുറിച്ച് ഇൻ്റർനെറ്റിൽ സെർച്ച് ചെയ്തു. അവരുടെ ലക്ഷ്യം അവരുടെ വെബ്സൈറ്റിൽ കുറിച്ചിരുന്നതിങ്ങനെ.
നഗരവൽക്കരണത്തിൻ്റേയും കുടിയേറ്റങ്ങളുടേയും ഭാഗമായി ഇന്ത്യയിലെ വൻനഗരങ്ങളിലെ തെരുവുകളിൽ ദശലക്ഷത്തോളം കുട്ടികൾ ജോലി ചെയ്യുന്നു. നിയമപരമായ ജോലിയോ, പദവിയോ, രേഖകളോ ഇല്ലാത്തതിനാൽ അവർ പീഡനത്തിനോ ലൈംഗിക ചൂഷണത്തിനോ വിധേയമാകുന്നു. അവരുടെ അവകാശങ്ങൾ ഹനിയ്ക്കപ്പെടുന്നു. ഇത്തരം കുട്ടികൾ മയക്കുമരുന്ന് ഉപയോഗം പോലുള്ള നിഷേധാത്മക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സാധ്യതയേറെയാണ്.
ഇത്തരം കുട്ടികൾക്ക് അവരുടെ പ്രശ്നങ്ങൾ പുറംലോകത്തെ അറിയിക്കാനും, അവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടാനും വേണ്ട പ്രവർത്തനങ്ങളിൽ സംഘം ഏർപ്പെടുന്നു. സംഘാംഗങ്ങൾ തെരുവിൽ സമയം ചിലവഴിക്കുന്നു, കുട്ടികളെ പഠിപ്പിക്കുന്നു. ഒരുമിച്ച് ഭക്ഷണം കഴിക്കുന്നു, ചിത്രങ്ങൾ വരയ്ക്കുന്നു, പാട്ടുകൾ കേൾക്കുന്നു. അവരെ കൃത്യമായി സ്കൂളിൽ അയയ്ക്കുന്നു. അവരെ തങ്ങളിലൊരാളായി വളർത്തുന്നു.
എയ്ഡ്സ് പോലെയുള്ള ലൈംഗിക രോഗങ്ങളെക്കുറിച്ച് ബോധവത്കരണ ക്ലാസ് നടത്തുന്നു. സാനിട്ടറി നാപ്കിനുകളും കോണ്ടവും ആവശ്യക്കാർക്ക് വിതരണം ചെയ്യുന്നു. അവരേയും അവരുടെ കുടുംബാംഗങ്ങളേയും സാമൂഹിക സുരക്ഷാ പരിപാടികളിൽ പങ്കാളികളാക്കുന്നു. സാമ്പത്തിക സുരക്ഷ ഒരുക്കുന്നു.
അവൻ ലാപ്ടോപ് ഓഫ് ചെയ്തു.
ഇനി അത്താഴം ഉണ്ടാക്കാനുള്ള മൂഡ് ഒന്നുമില്ല. പുറത്തു പോയി കഴിക്കാമെന്നു തീരുമാനിച്ചു. ഫ്ലാറ്റിനടുത്തുള്ള ടർക്കിഷ് ഹോട്ടലിൽ പോയി. അവിടെ നല്ല കാറ്റ് കിട്ടുന്ന ബാൽക്കണിയും തുറന്ന അടുക്കളയും, അവിടുത്തെ കോർബയെന്ന രുചികരമായ ടർക്കിഷ് സൂപ്പും മെനെമെൻ എന്ന മുട്ട വിഭവവും പ്രിയങ്കരമാണ്. ആദ്യം കൊണ്ട് വച്ച ചൂട് സൂപ്പ് കുടിക്കുമ്പോളാണ് വാട്സാപ്പ് നോട്ടിഫിക്കേഷൻ സൗണ്ട് കേട്ടത്. തുറന്ന് നോക്കി.
“ആദർശ്, നാളെ മൂന്ന് മണിക്ക് ഞാൻ ഫ്രീയാണ്, നമുക്ക് കഫേ ബ്ലെസ്സ്ഡ് ബീനിൽ വച്ച് കാണാം. “
അവൻ അപ്പോൾ തന്നെ ആ സന്തോഷ വാർത്ത അഫ്രയ്ക്ക് ടെക്സ്റ്റ് ചെയ്തു. രാത്രിയിൽ അഫ്രയെ വിളിക്കാൻ പറ്റില്ല. അവൾ അവനു കുറെ റെസ്ട്രിക്ഷൻസ് കൊടുത്തിട്ടുണ്ട്, അതിലൊന്ന് ഫോൺ വിളികളാണ്.
അവൻ കഴിക്കുമ്പോൾ രൂപാലിയെ കുറിച്ചാണ് ഓർത്തത്. എന്തായാലും നാളെ അറിയാം.
അന്ന് രാത്രിയിൽ, ഉറക്കത്തിൽ അവനൊരു സ്വപ്നം കണ്ടു, രൂപാലി വളരെ ഭംഗിയുള്ള ഒരു ആകാശനീല സാരിയുടുത്ത്, നീണ്ട മുടിയിഴകൾ അഴിച്ചിട്ട്. അവളുടെ നനുത്ത മുടിയിഴകൾ കാറ്റത്തു ഇളകിയാടുന്ന നിലയിൽ നടന്ന് വരുന്നു. ചുണ്ടുകളിൽ നേർത്ത നിറത്തിലെ ലിപ്സ്റ്റിക് അണിഞ്ഞിരിക്കന്നു. അവളുടെ കൈകളിൽ അവളൊരു പൂച്ചെണ്ട് കരുതിയിരുന്നു. നിറയെ ചെഞ്ചോര നിറമുള്ള റോസാപ്പൂക്കൾ. അവനെ കണ്ടപ്പോൾ അവളതു ഉയർത്തി കാട്ടി. അവൻ നോക്കി നിൽക്കേ അവളങ്ങനെ വായുവിൽ ഒഴുകി പോയി. കണ്ണു തുറന്നപ്പോൾ അവന് വിഷമം തോന്നി.
അവൻ നേരിയ ഗദ്ഗദത്തോടെയാണ് ഉണർന്നത്, സമയമപ്പോൾ മൂന്നു മണി കഴിഞ്ഞിരുന്നു. എന്തായിരിക്കും ആ സ്വപ്നത്തിന്റെ അർത്ഥം. അവളെ ആദ്യം കണ്ടപ്പോൾ മുൻപ് എവിടെയോ വച്ച് കണ്ടിരുന്ന പോലെ തോന്നിയിരുന്നു. ആഴത്തിലുള്ള അവളുടെ നോട്ടങ്ങൾ….. അവളെ കൂടുതൽ പരിചയപ്പെടണം എന്ന് തോന്നി പോകുന്നു.
സമർത്ഥയായ ഒരു വിദ്യാർത്ഥിനിയാണവൾ, കഴിവുള്ളവളാണ്,
സ്കോളർഷിപ് നേടി വിദേശത്തേക്ക് പറക്കാനിരിക്കുന്നവൾ. ബീയോണ്ട് ദി സ്ട്രീറ്റ്സ് എന്ന ക്യാമ്പയിൻ്റെ വിജയ ശില്പി. പല വിധത്തിലുള്ള അഭിമുഖങ്ങളിലൂടെ നഗരത്തിലുള്ളവർക്കു പരിചിതയായവൾ. താനെന്തിനാണ് ശ്രമിക്കുന്നത്. അവളുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്പിക്കാനോ?, അവളുടെ അമ്മയുടെ ചരിത്രം, അതാർക്കും അറിയില്ല. അത് എന്നോ കുഴിമാടത്തിൽ അടക്കം ചെയ്യപ്പെട്ടതാണ്. അതിനെ കുഴി മാന്തി പുറത്തെടുക്കാനോ, അതിനു താൻ കാരണക്കാരനാവാനോ? ആലോച്ചിട്ടു ഒരു എത്തും പിടിയും കിട്ടുന്നില്ല. അതവളുടെ ഭാവി ജീവിതത്തെ ബാധിച്ചാലോ. എന്നൊക്കെയുള്ള ചിന്തകൾ അവന്റെ ബുദ്ധിയിൽ ഉദിച്ചു. ഫലമായി അവനു പിന്നെ ഉറക്കം നഷ്ടപ്പെട്ടു. ഇതിനൊക്കെ കാരണക്കാരൻ സുധീർ സാബ് ആണല്ലോ.
രാവിലെ ഉണർന്നപ്പോൾ തന്നെ രാമേട്ടനെ വിളിച്ചു, പതിവ് ശൈലിയിൽ.
“ഇന്ന് നല്ല ദിവസമാണ് മോനെ, അമ്മ നേരത്തെ ഉണർന്നു. ഇന്നലെ മുതൽ ഒരു യോഗ ക്ലാസ്സിൽ ചേർന്നു. “
അത് കഴിഞ്ഞു സുധീർസാറിനെ വിളിച്ചു. തന്റെ ആകുലതകൾ പങ്കു വച്ചു.
“എന്റെ ആദർശേ, താനിത്ര പാവം ആയി പോയല്ലോ. നമ്മൾ അവരെ അപമാനിക്കാനായി ഒന്നും ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. നിന്നെക്കാൾ ടെൻഷൻ എനിക്കാണ്. പദ്മിനി എന്റെ കളിക്കൂട്ടുകാരിയാണ്. പദ്മിനിയുടെ ഒരു ഫോട്ടോ പോലും അവർ ഇത് വരെ പങ്കു വച്ചിട്ടില്ല. പിന്നെ ഞാൻ അവളുടെ ചരിത്രം ചികഞ്ഞത് അവൾ ഒരിക്കൽ അവളുടെ സുഹൃത്തിനോട് പറഞ്ഞ ഒരു വാചകത്തിന്റെ ചുവടു പിടിച്ചാണ്. അവളിങ്ങനെയാണ് പറഞ്ഞത്.
“എഴുതാൻ അറിയാമായിരുന്നെങ്കിൽ… സാധിച്ചിരുന്നെങ്കിൽ ഞാൻ എന്റെ കഥ ഒരു പുസ്തകം ആക്കിയേനെ, എല്ലാവരെയും പോലെ ഞാനും എന്നെ വായിക്കാൻ ഇഷ്ടപെടുന്നു. എന്നെ കുറ്റപ്പെടുത്തുന്ന, എന്നിലേക്ക് ചൂണ്ടുന്ന ഓരോ വിരലുകൾക്കുമുള്ള മറുപടിയാകണം എന്റെ കഥ. “
“അവരങ്ങനെ പറഞ്ഞോ? ആരോട്, എന്തിന്? എനിക്ക് ആകാംക്ഷ കൂടുന്നു. എന്നാൽ ഓക്കേ. നാളെ ഞാൻ അവളെ കാണാൻ പോയേക്കാം. “
(തുടരും. )
നിഷ പിള്ള

