അജ്മലിനെ കണ്ട് രാഹുൽ പെട്ടെന്ന് തന്നെ മടങ്ങിയെത്തി. അവൻ ദേവിയോട് ഒന്നും മിണ്ടിയില്ല.കാർ ഗേറ്റ് കടന്നു പോകുമ്പോൾ ദേവി പിൻ സീറ്റിൽ കമഴ്ന്നു കിടന്നു.കുറെ ദൂരം കാർ മുന്നോട്ടു പോയി.
“ചേച്ചി ഇനി എഴുന്നേറ്റോളൂ.”
രാഹുലിന്റെ വിളി കേട്ട് ദേവി എഴുന്നേറ്റിരുന്നു.
“ഇതിപ്പോൾ എവിടെയെത്തി നമ്മൾ.”
ദേവി ചുറ്റും നോക്കി.
“ഇതൊരു പഴയ വായനശാലയുടെ മുറ്റമാണ്.ഇവിടെ ആരും വരില്ല.ചേച്ചിക്ക് എന്തൊക്കെയോ പറയാനുണ്ടെന്ന് തോന്നി.അതാ ഞാൻ ഇവിടെ കാർ നിർത്തിയത്.അവിടെ റസ്റ്റോറന്റിൽ ഒരു പോലീസുകാരൻ കറങ്ങി നടന്നിരുന്നു.അജ്മലിനോട് ഒരു ഹലോ പറഞ്ഞപ്പോഴേക്കും അയാളെൻ്റെ അടുത്തെത്തി.പിന്നെ ഞാനവിടെ നിന്നില്ല, പെട്ടെന്ന് മടങ്ങി.”
“അപ്പോൾ അജ്മൽ നിന്നോട് ഒന്നും പറഞ്ഞില്ലേ.”
“ഇല്ല ചേച്ചീ.”
ദേവിയുടെ മുഖത്ത് സങ്കടം നിറഞ്ഞു.
“രഹസ്യമായി ഇത് ചേച്ചിയെ ഏൽപ്പിക്കാൻ പറഞ്ഞു.”
ഒരു ചെറിയ ബ്രൗൺ എൻവെലപ്പ് അവൻ ദേവിയെ ഏൽപ്പിച്ചു.രാഹുൽ നോക്കിയിരിക്കെ അതവൾ തുറന്ന് വായിച്ചു.
അതിലൊരു കുറിപ്പിൽ ഇങ്ങനെ എഴുതിയിരുന്നു.
“പോലീസ് നമ്മുടെ പിറകിലുണ്ട്.എന്നെ അന്വേഷിച്ചു ഇങ്ങോട്ട് വരണ്ട.കഴിഞ്ഞ രാത്രി തലനാരിഴക്കാണ് ഞാൻ രക്ഷപെട്ടത്,ഞാൻ വരും….”
ദേവി ദീർഘമായി ഒന്ന് നിശ്വസിച്ചു.അവൾ ആ പേപ്പർ ചെറുതായി കീറി മുറിച്ചു ദൂരെ കളഞ്ഞു.
“എന്താ ചേച്ചി? എന്താണ് ആ പേപ്പറിൽ .”
” രാഹുൽ,വിഷയം സഞ്ജീവ് തന്നെയാണ്.ഇന്നലെ രാത്രിയിൽ വീടിനു ചുറ്റും പോലീസിന്റെ റോന്തു ചുറ്റലുണ്ടായിരുന്നു.മതിൽക്കെട്ടിൽ എന്തോ ശബ്ദം കേട്ട് മാത്യു വിളിച്ചു വരുത്തിയതാണ്. “
“അതും നടന്നോ? ഞാൻ അജ്മലിനെ പോയി കാണാൻ പറഞ്ഞത് എന്തിനാണ്?”
“അജ്മലിന് ഒരു പക്ഷെ എന്നെ സഹായിക്കാൻ കഴിഞ്ഞേക്കും.”
“മനസിലായില്ല ചേച്ചി ,തെളിച്ചു പറ.”
“എല്ലാം പറയാം,ആദ്യം ഞായറാഴ്ച നമുക്ക് ആര്യനെ കൂട്ടി കൊണ്ട് വരണം.അതിനു എനിക്ക് നിന്റെ സഹായം വേണം.വീട്ടിൽ മറ്റാരും അറിയാൻ പാടില്ല.”
“ഞായറാഴ്ച എപ്പോഴാണ് ഫ്ലൈറ്റ്?”
“വെളുപ്പിനെയാണ്.നീ കാറുമായി എന്റെ വീടിന്റെ മുന്നിലെത്തുക.ഞാൻ ആ സമയത്ത് പുറത്തു വരാം ,നമുക്ക് ഒന്നിച്ചു എയർ പോർട്ടിൽ പോകാം.അവിടെ നിന്നും ആര്യനെയും കൊണ്ട് നേരെ അനുപമയുടെ വീട്ടിലേയ്ക്ക്.എന്നിട്ടു നിനക്ക് മടങ്ങാം.ഞാൻ വിളിക്കുമ്പോൾ നീ വന്നാൽ മതി.”
“ഇത് പറയാനാണോ,ചേച്ചി നമ്മൾ ഇത്രേം ദൂരം വന്നത്.”
“അല്ല രാഹുൽ ,എന്റെ പിറകെ പോലീസ് കണ്ണുകളുമായി സഞ്ജീവ് ഉണ്ട്,എന്റെ പിറകെ അദൃശ്യനായി എന്റെ നിധിനുണ്ട്.”
“നിധിനോ ?”
“നിധിൻ മരണത്തിൽ നിന്നും രക്ഷപെട്ടു മടങ്ങി വന്നു.ഒളിച്ചു താമസിക്കുകയാണ്,എന്നെ ഒരിക്കൽ കാണാൻ വന്നിരുന്നു.പിന്നീട് പരസ്പരം കാണാൻ പറ്റിയില്ല.”
“സൂക്ഷിക്കണം ചേച്ചി,നിധിൻ സുരക്ഷിതമായി ഒളിവിൽ ഇരിക്കട്ടെ .”
“ഇത് നിന്നോട് മാത്രമേ വിശ്വസിച്ച് തുറന്നു പറയാൻ എനിക്ക് സാധിക്കൂ.”
ഒന്നിച്ചു ഓഫീസിലേയ്ക്ക് മടങ്ങുമ്പോൾ ഒരു പോലീസ് ഓഫീസർ വന്നു മടങ്ങിയെന്നു ഓഫീസ് സ്റ്റാഫ് അറിയിച്ചു.
“മാഡത്തിനെ അന്വേഷിച്ചു പോലീസ് വന്നിരുന്നു.”
ദേവി രാഹുലിനെ നോക്കി.
“കണ്ടില്ലേ,ഞാൻ അവരുടെ നിരീക്ഷണ വലയത്തിലാണ് .അയാളെ ഒന്ന് വിളിക്കട്ടെ.”
ദേവി രാഹുലിന്റെ മുന്നിലെ കസേരയിലിരുന്നു.ബാഗിൽ നിന്നും ഫോൺ കയ്യിലെടുത്തു ഡയൽ ചെയ്തു.മറുതലയ്ക്കൽ ഹലോ ശബ്ദം കേട്ടപ്പോൾ ദേവിയുടെ മുഖം ചുവന്നു തുടുത്തു.ശബ്ദത്തിൽ കുറച്ചു ശൃംഗാരം നിറച്ചാണ് അവൾ സംസാരിക്കാൻ തുടങ്ങിയത്.
“സഞ്ജീവിപ്പോൾ എവിടെയാണ്,ഇവിടെ വന്നിരുന്നു എന്ന് ഓഫീസ് സ്റ്റാഫ് പറഞ്ഞല്ലോ.”
കുറച്ച് നേരം മിണ്ടാതെയിരുന്ന ശേഷം അവൾ വീണ്ടും സംസാരിച്ചു തുടങ്ങി.
“അതെ ഞാൻ,ഭക്ഷണം കഴിക്കാൻ രാഹുലിനൊപ്പം പുറത്തു പോയി.ഇല്ല ഇപ്പോൾ ഓഫീസിലുണ്ട് ഒരു ക്ലൈന്റ് വരുമെന്ന് അറിയിച്ചിരുന്നു,ഞാനും രാഹുലും ഇവിടെ കാത്തിരിക്കുകയാണ്.നമുക്ക് ഇന്നിനി കാണാൻ പറ്റില്ല, ഓഫീസിൽ കുറച്ച് പണിയുണ്ട്.നമുക്ക് നാളെ കാണാം,അത് പോരെ.”
ഫോൺ കട്ട് ചെയ്തു കുറച്ചു നേരം കണ്ണുകളടച്ചു ദേവി കസേരയിൽ ചാരിയിരുന്നു.രാഹുലാകട്ടെ ദേഷ്യത്തോടെ ദേവിയെ നോക്കി കൊണ്ടിരുന്നു.
“ചേച്ചി എന്തിനാണ് അയാളോട് ഇത്ര അടുപ്പത്തോടെ സംസാരിക്കുന്നത്.അയാളൊരു പുരുഷനല്ലേ,കൂടുതൽ അടുക്കും തോറും അയാളൊരു ബാധ്യതയായി മാറും.”
“ഇല്ല കൂടിയാൽ ഒരാഴ്ച ,അതോടെ എല്ലാം ഞാൻ അവസാനിപ്പിക്കും.നീ നോക്കിക്കോ.”
“എന്താ ചേച്ചിക്ക് ഇത്ര ഉറപ്പ് .”
“ഉറപ്പൊന്നുമില്ല,നീ കൂടെ ഉണ്ടെങ്കിൽ എനിക്ക് അത് സാധിക്കും രാഹുൽ.”
“ഞാൻ കൂടെയുണ്ട് ചേച്ചി,ചേച്ചി നിധിനും കുഞ്ഞുമായി ഒന്നിച്ചു സമാധാനമായി ജീവിക്കുന്നത് എനിക്ക് കാണണം ചേച്ചി.”
ദേവി തൻ്റെ മേശ വലിപ്പ് തുറക്കാൻ നോക്കിയപ്പോഴാണ് അത് തുറന്ന് കിടക്കുന്നത് ശ്രദ്ധയിൽ പെട്ടത്.
“ഇതാരാണ് തുറന്നത്, ഞാൻ ഇന്നലെ പൂട്ടിയിട്ടാണല്ലോ പോയത്.ആരോ പൂട്ട് പൊളിച്ചിരിക്കുന്നു.ഇന്ന് രാവിലെ തുറന്നതുമില്ല.”
ദേവി സ്റ്റാഫുകളെ ചോദ്യം ചെയ്തു.ആരു തന്നെ ദേവിയുടെ ക്യാബിനിൽ കയറിയിട്ടില്ല.
“പിന്നെ ഇതെങ്ങനെ സംഭവിച്ചു.”
മേശയുടെ പിടിയിൽ പറ്റിപ്പിടിച്ച രക്തക്കറ രാഹുൽ ദേവിയെ കാട്ടി കൊടുത്തു.ഇളകി കിടന്ന ആണിയിൽ തട്ടി ആരുടെയോ കൈ മുറിഞ്ഞിട്ടുണ്ട്.
“ആരോ കുത്തി തുറന്നതാണ്.ഇതിൽ വിലപ്പെട്ട എന്തെങ്കിലും.”
“നമുക്ക് എല്ലാം വിലപ്പെട്ടതല്ലേ.രഹസ്യാത്മകമായതൊന്നും ഇവിടെയില്ല.”
“ഈ രക്തം ചുരണ്ടി നമുക്ക് പരിശോധിപ്പിക്കണം.”
രാഹുൽ രക്തക്കറയുടെ സാമ്പിളുമായി മടങ്ങാൻ തയാറായി.
“അപ്പോൾ നാളെ ശനി ,നമ്മൾ നാളെ കാണില്ല,ഞാൻ നാളെ മുഴുവൻ കുഞ്ഞുമൊത്ത് ചെലവഴിക്കും.ഞായറാഴ്ച രാവിലെ അഞ്ചുമണിക്ക് ഗേറ്റിനടുത്ത് നീ നിൻ്റെ കാറുമായി വരിക.അത് വരെ പരസ്പരം നോ ടെക്സ്റ്റ് മെസേജ് ,നോ ഫോൺ കാളുകൾ .എല്ലാം അതീവ രഹസ്യമായിരിക്കണം.”
അവർ രണ്ടുപേരും ഓഫീസിൽ നിന്നും പുറത്തിറങ്ങി രണ്ടു കാറുകളിൽ കയറി രണ്ടു വശങ്ങളിലേക്ക് ഓടിച്ചു പോയി.
ദേവി, ഞായറാഴ്ച വെളുപ്പിന് ഉണർന്ന് വേഷം മാറി ആര്യനെ കൂട്ടി കൊണ്ട് വരാൻ തയാറായി.ആരേയും ഉണർത്താതെ അവൾ വീടിന്റെ പിൻവാതിലിലൂടെ പുറത്തിറങ്ങി.ഗേറ്റിന് മുന്നിലെത്തി,ഒരു നിമിഷം അവൾ ഇരുട്ടിൽ പതുങ്ങി നിന്ന് തന്നെയാരും പിൻതുടരുന്നില്ല എന്ന് ഉറപ്പ് വരുത്തി.പിന്നിൽ വീട് ഇരുട്ടിൽ മുങ്ങി നിൽക്കുകയാണ്.
ദേവി മെല്ലെ ഗേറ്റ് തുറന്നു.രാഹുൽ എത്തിയിട്ടില്ല,താൻ നേരത്തെ ഇറങ്ങിയതാണോ.റോഡിലൂടെ ഒരു കാർ വരുന്നത് കണ്ട് അവൾ ഇരുട്ടിൽ പതുങ്ങി നിന്നു.അവളെ കടന്ന് മുന്നോട്ട് പോയ കാർ കുറച്ച് മുന്നിൽ നിർത്തിയിട്ടു.
രാഹുൽ വരാമെന്ന് പറഞ്ഞ സമയം കഴിഞ്ഞിരിക്കുന്നു.അവന് എന്ത് പറ്റി,വരാൻ മറന്നതാണോ.അരമണിക്കൂറിനുള്ളിൽ ആര്യൻ്റെ ഫ്ലൈറ്റ് എത്തി ചേരും,അതിന് മുൻപ് എയർ പോർട്ടിൽ എത്തണം.
വീട്ടിലേയ്ക്ക് മടങ്ങി കാറിന്റെ താക്കോൽ എടുത്ത് വന്നാൽ സമയത്തിന് എയർ പോർട്ടിൽ എത്തി ചേരാം.പക്ഷെ ഇനി തിരികെ വീട്ടിൽ കയറുന്നത് റിസ്കാണ്, പിടിയ്ക്കപ്പെടാൻ സാദ്ധ്യതയുണ്ട്.ആര്യൻ വരുന്ന വിവരം ദേവി അതീവ രഹസ്യമാക്കി വച്ചിരിക്കുകയാണ്.
ആ സമയത്ത് ദേവിയുടെ മൊബൈൽ റിംഗ് ചെയ്യാൻ തുടങ്ങി.മുന്നിൽ നിർത്തിയിട്ടിരുന്ന കാറിൽ ലൈറ്റ് തെളിഞ്ഞു.ഫോണിൽ രാഹുലിന്റെ നമ്പർ തെളിഞ്ഞു.ദേവി പതിഞ്ഞ ശബ്ദത്തിൽ ഹലോ എന്ന് പറഞ്ഞു.
“ചേച്ചി മുന്നിൽ കിടക്കുന്ന കാറിൽ പെട്ടെന്ന് കയറൂ.”
കൂടുതൽ ഒന്നും ആലോചിക്കാൻ നിൽക്കാതെ അവൾ കാറിന്റെ പിൻസീറ്റിൽ കയറി.
“ഇതാരുടെ കാറാണ്.”
“ഒരു ഫ്രണ്ടിൻ്റെ കാറാണ്,ഇന്നലെ വൈകിട്ട് പോലീസ് എൻ്റെ പിറകെ വന്നിരുന്നു.അത് കൊണ്ട് മനപ്പൂർവം ഞാൻ എൻ്റെ കാർ എടുക്കാഞ്ഞതാണ്.”
“നിന്നോട് പറഞ്ഞതല്ലേ ഫോൺ വിളിക്കരുത് എന്ന്.”
“വേറെ നിവൃത്തി ഇല്ലായിരുന്നു ചേച്ചീ.”
“ആഹ് ഇനി വരുന്നിടത്ത് വച്ച് കാണാം.അല്ലാതെ പിന്നെന്ത് പറയാനാ.”
ആറ് മണിക്ക് മുമ്പ് അവർ എയർ പോർട്ടിൽ എത്തി.ഫ്ലൈറ്റ് ലാൻഡ് ചെയ്തു ഇറങ്ങിയ യാത്രക്കാരിൽ അവർ ആര്യനെ തെരഞ്ഞു.വെളുപ്പാൻ കാലമായതിനാൽ ഉറങ്ങിയെണീറ്റ് മയക്കം ബാധിച്ച് ക്ഷീണിച്ച കണ്ണുകളുമായി, യാത്രക്കാർ ഓരോരുത്തരായി പുറത്തേയ്ക്കു വന്നു കൊണ്ടിരുന്നു.ഒന്നോ രണ്ടോ പേര് അപ്പോഴും ഉന്മേഷത്തോടെ, ചടുലതയോടെ അവരുടെ മുന്നിലൂടെ നടന്നു പോയി.ഹിന്ദി നടന്മാരെ പോലെ നല്ല പൊക്കമുള്ള ചുവന്നു തുടുത്ത സിക്സ് പാക്കുള്ള രണ്ടു പേരിൽ ദേവിയുടെ കണ്ണുകൾ പാറി നടന്നു.
വെബ് സൈറ്റിൽ മാത്രം കണ്ടിട്ടുള്ള ആര്യന്റെ ക്ലോസ് അപ് മുഖമായിരുന്നു ദേവിയുടെ മനസ്സിൽ.അതെ പോലെ മുഖമുള്ളൊരാൾ അവസാനമായി ഇറങ്ങി വന്നു,വലിയ പൊക്കമില്ലാതെ,തടിച്ചുരുണ്ട ഒരു ചെറുപ്പക്കാരൻ.അയാൾ ദേവിയെ നോക്കി കൈ ഉയർത്തി കാട്ടി.ഹിന്ദി ഗായകൻ കുമാർ സാനുവിൻ്റെ ലുക്കുള്ള അയാളെ ദേവിക്ക് ഇഷ്ടമായില്ല. അയാളുടെ മനോഹരമായ പുഞ്ചിരി കാണാൻ നല്ല ഭംഗിയായിരുന്നു.കൊച്ചു കുട്ടിയെ പോലെ നിഷ്കളങ്കമായി അയാൾ പുഞ്ചിരിച്ചു.
ആര്യൻ ദേവിയുടെ അടുത്ത് വന്നു ഹിന്ദിയിൽ സംസാരിച്ചു.
“ഹലോ ദേവിജി നിങ്ങൾക്ക് സുഖമാണോ? നിങ്ങളുടെ ഫോട്ടോയിലെ മുഖം എനിക്കോർമ്മയുണ്ട്.അത് കൊണ്ട് എനിക്ക് ആള് തെറ്റിയില്ല.”
അയാളുടെ ഔപചാരികമായ ചോദ്യത്തിന് ദേവി ഔപചാരികതയിൽ മറുപടി നൽകി.
“ആര്യൻജി സുഖമായിരിക്കുന്നു.നമ്മുടെ സംസാരം ഇംഗ്ലീഷിൽ ആക്കിയാൽ എനിക്ക് കുറച്ചും കൂടെ സൗകര്യമായേനെ.”
ദേവി രാഹുലിനെ തന്റെയടുത്തു ചേർത്ത് നിർത്തി.
“ഇത് എന്റെ അടുത്ത സുഹൃത്തായ രാഹുലാണ്,എന്റെ ജൂനിയർ വക്കീൽ കൂടിയാണ്.”
രാഹുലിന്റെ സുഹൃത്തിന്റെ കാറിൽ കയറുമ്പോൾ ആര്യൻ വല്ലാതെ അസ്വസ്ഥനായി കാണപ്പെട്ടു.
“ദേവിജി നിങ്ങളുടെ എനർജി ഫീൽഡ് തീരെ ശരിയല്ല എന്ന് തോന്നുന്നു.എനിക്ക് നിങ്ങളുടെ സാമീപ്യം ബുദ്ധിമുട്ടുണ്ടാക്കുന്നു.”
ആര്യന്റെ വാക്കുകൾ കേട്ട് ദേവി വല്ലാതെയായി. രാഹുൽ ദേഷ്യപ്പെട്ടു തന്റെ പല്ലുകൾ കടിച്ചു.
“വിഷമിപ്പിക്കാൻ പറഞ്ഞതല്ല.ആരുടെയൊക്കെയോ നെഗറ്റീവ് എനർജി നിങ്ങളിൽ കാണുന്നു.ശാപങ്ങൾ,കണ്ണേറ് എന്നൊക്കെ പറയാറില്ലേ.അങ്ങനെയെന്തോ നിങ്ങളിൽ ഉണ്ട്.”
ആര്യൻ മുൻ സീറ്റിലിരുന്ന ദേവിയുടെ വലത് കൈ പിറകോട്ടു വലിച്ചു , അവളുടെ കൈപ്പത്തി അയാളുടെ കൈകളിൽ ഒതുക്കി പിടിച്ചു കുറെ നേരം ആര്യൻ കണ്ണടച്ചിരുന്നു.അയാളുടെ തടിച്ച കൈകളിൽ ദേവിയുടെ സുന്ദരമായ ചെറിയ കൈപ്പത്തി ഒതുങ്ങി ഇരുന്നു.
ദേവി അനങ്ങാൻ സാധിക്കാതെ ചോദ്യ രൂപേണ രാഹുലിനെ നോക്കി.അവളുടെ ശരീരത്തിലൂടെ കറണ്ട് കടന്ന് പോകുന്ന പോലെ അവൾക്ക് തോന്നി.ഏസിയുടെ തണുപ്പിലും അവൾ വിയർത്ത് ഒലിച്ചു.രാഹുലിന്റെ മുഖം ചുവന്നു തുടുത്തു.അവൻ ദേവിയുടെ ചെവിയിൽ പിറുപിറുത്തു.
“ചെകുത്താന്റെയും നടുക്കടലിനും ഇടയിലെന്ന് കേട്ടിട്ടേയുള്ളു.”
കുറെ നിമിഷങ്ങൾക്ക് ശേഷം ആര്യൻ കണ്ണുകൾ തുറന്നു.ആദ്യം രാഹുലിന്റെ മുഖത്ത് നോക്കി പുഞ്ചിരിച്ചു ,പിന്നെ ദേവിയെ നോക്കി പറഞ്ഞു.
“ദേവിജിയുടെ ജന്മ കുണ്ഡലി കാണാൻ ഞാൻ ആഗ്രഹിക്കുന്നു.”
“കുണ്ഡലിനിയോ?”
രാഹുൽ അതിശയത്തോടെ അവരെ രണ്ടു പേരെയും നോക്കി.
“എന്റെ ജാതകം കാണണമെന്നാണ് പറഞ്ഞത്.”
ആര്യൻ പറഞ്ഞു തുടങ്ങി.
“എല്ലാവരും ഇതിലൊന്നും വിശ്വസിക്കില്ല.പക്ഷേ ഞാൻ വിശ്വസിക്കുന്നു,എന്റെ തൊഴിൽ ഇതാണല്ലോ.രാഹുലിന് വിശ്വാസമില്ല അല്ലേ,ഞാൻ ഒരു കാര്യം കാണിയ്ക്കട്ടെ.രാഹുലിന്റെ ജന്മ തീയതി ഒന്ന് പറയാമോ.”
ചോദ്യം രാഹുലിന് ഇഷ്ടമായില്ല.ഇതെന്ത് കൂത്ത് എന്ന രീതിയിൽ അവൻ ദേവിയെ നോക്കി.അവൻ വണ്ടി ഒന്ന് സ്ലോ ആക്കി, പിന്നെ തിരിഞ്ഞു നോക്കി പറഞ്ഞു.
“മെയ് 11.”
“രാഹുൽ വണ്ടി ഒന്ന് നിർത്താമോ?”
രാഹുൽ തന്റെ അനിഷ്ടം പ്രകടിപ്പിച്ചു കൊണ്ട് വണ്ടി ചവിട്ടി നിർത്തി.
“ഒന്നിറങ്ങി ,വണ്ടിയുടെ നമ്പർ നോക്കി വരൂ.”
രാഹുലിന് വണ്ടിയുടെ നമ്പർ അറിയാമായിരുന്നു.പക്ഷെ പെട്ടെന്നവന് ഓർമ്മ വന്നില്ല.രാഹുൽ ഡോർ തുറന്നു പുറത്തു പോയി നമ്പർ നോക്കി നിന്നു.അവന്റെ മുഖത്ത് വിരിഞ്ഞ അമ്പരപ്പ് ദേവി കണ്ടിരുന്നു.
“എന്താണ് “
അവൾ തിരിഞ്ഞു ആര്യനോട് ചോദിച്ചു.
“അത് രാഹുൽ പറയട്ടെ.”
രാഹുൽ തിരികെ മുൻ സീറ്റിൽ കയറിയിരുന്നു.ദേവിയെയും ആര്യനെയും അവൻ അതിശയത്തോടെ നോക്കി , മിണ്ടാതെയിരുന്നു.
(തുടരും…)
✍️✍️നിഷ പിള്ള


2 Comments
👍👍
Pingback: ന്യൂസ് പേപ്പർ ബോയ് -50 - By Nisha Pillai - കൂട്ടക്ഷരങ്ങൾ