ചായ കുടി കഴിഞ്ഞു സഞ്ജീവ് എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി. പക്ഷെ അയാളുടെ മനസിലെ ചില സംശയങ്ങൾ സഞ്ജീവ് അവർ മൂന്നുപേരോടുമായി പങ്കു വച്ചു.
“എന്തായാലും വന്നയാൾ വീടുമായി നല്ല ബന്ധമുള്ള ആളായിരിക്കും. ക്യാമറയുടെ ആംഗിളുകൾ നോക്കിയായിരുന്നു അയാളുടെ ഓരോ ചലനങ്ങളും.അയാൾ ക്യാമറയിൽ പതിഞ്ഞിട്ടേയില്ല.ആരോ ദേവിയെ പിന്തുടരുന്നു.”
“പക്ഷെ പൊലീസിന് കിട്ടിയ ചില പഴയ ദൃശ്യങ്ങളിൽ അയാൾ പതിഞ്ഞിട്ടുണ്ട്.അപ്പോൾ അയാൾ സ്ഥിരം അവിടെ കറങ്ങുന്നുണ്ട് എന്നല്ലേ.മോഷണശ്രമവും ആകാമല്ലോ.”
“ഞാൻ ആ വീഡിയോ ഒന്ന് കണ്ടു നോക്കട്ടെ ,എന്താണ് പ്രണവിന്റെ ഇപ്പോഴത്തെ അവസ്ഥ?”
“പ്രണവിന് നല്ല മാറ്റമുണ്ട്.തനിയെ ഇരിക്കാനും,നല്ല പോലെ സംസാരിക്കാനും ഒക്കെ കഴിയുന്നുണ്ട്.”
കാറിൽ കയറിയ സഞ്ജീവിനെ കൈ വീശി കാണിച്ചു കൊണ്ട് ദേവി അയാൾ ഗേറ്റ് കടന്നു പോകുന്നത് നോക്കി നിന്നു.സഞ്ജീവിന്റെ മനസ്സിൽ എന്തോ സംശയമുണ്ട്.അയാൾ ഒരു കുറുക്കനാണ് ,അയാൾ ആരും ചിന്തിക്കാത്ത വഴികളിൽ ചിന്തിക്കുന്നവനാണ്.
അന്ന് ഓഫീസിൽ ദേവി വളരെ സന്തോഷവതിയായി കാണപ്പെട്ടു.തന്നിൽ പതിയുന്ന കണ്ണുകളെ അവളിപ്പോൾ സംശയത്തോടെയാണ് നോക്കിയത്.തന്റെ അഭാവത്തിൽ അവർ തന്നെക്കുറിച്ച് പറയുന്നതെന്താണെന്ന് രാഹുൽ പറഞ്ഞത് കേട്ടപ്പോൾ മാത്രമാണ്, എല്ലാവരുടേയും മുന്നിൽ വളരെ തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിത്വമാണ് തന്റേത് എന്നവൾക്ക് ഓർമ്മ വന്നത്.
തലേന്ന് രാത്രിയിൽ നിധിൻ പറഞ്ഞതും അത് തന്നെയല്ലേ,സഞ്ജീവിന്റെ കൂടെ ദേവിയെ കണ്ടപ്പോൾ,ഇനിയൊരു അബദ്ധത്തിൽ ചെന്നവൾ ചാടരുതെന്നു കരുതിയിട്ടാണ് നിധിൻ ഒളിവിൽ നിന്നും പുറത്തു വന്നതെന്ന്.
“എന്താ ചേച്ചി ഒരാലോചന.”
“നീ പറഞ്ഞ കാര്യം ചിന്തിക്കുകയായിരുന്നു.ഈ ആളുകളുടെ ഇടയിലെ എൻ്റെ ഇമേജിനെക്കുറിച്ചു ആലോചിക്കുകയായിരുന്നു.”
“അത് വിടൂ ചേച്ചി.”
“അങ്ങനെയല്ല രാഹുൽ,എനിക്കറിയാം ഞാൻ സമൂഹത്തിൽ അറിയപ്പെടുന്ന വക്കീലല്ലേ ,ഞാൻ അതൊക്കെ ശ്രദ്ധിക്കണമായിരുന്നു.ഞാൻ വളർന്നു വന്ന സാഹചര്യങ്ങൾ,അച്ഛന്റേയും അമ്മയുടെയും വഴക്കിനിടയിൽ വളർന്നു കൊണ്ടതാകും ഞാൻ എപ്പോഴും റിബലാകാൻ ശ്രമിച്ച് കൊണ്ടിരുന്നു.നല്ലൊരു കുടുംബിനിയായി ജീവിയ്ക്കാൻ എനിക്ക് ആഗ്രഹമില്ലാഞ്ഞിട്ടല്ലെടാ.”
“എല്ലാം ശരിയാകും ചേച്ചീ.”
അന്നത്തെ രാത്രി ദേവി ഉറങ്ങാതെ കാത്തിരുന്നു.ഇടയ്ക്കിടയ്ക്ക് മുറി തുറന്ന് ബാൽക്കണിയിൽ പോയി നിന്നു കൊണ്ട് ഇരുട്ടിലേക്ക് നോക്കി.ഇല്ല നിധിൻ വന്നില്ല ,ഇനി വരില്ലായിരിക്കും,ഒരു പക്ഷേ അപകടം ഭയന്നായിരിക്കും.നിധിനെ വല്ലാതെ മിസ്സ് ചെയ്യുന്നു.
അടുത്ത രാത്രിയിലും നിധിൻ എത്തിയില്ല.ദേവി ഓഫീസിൽ വിട്ടു വരുന്ന വഴി അജ്മലിനെ അന്വേഷിച്ചു ഇറങ്ങിയതാണ്.പകുതി വഴി കാറിൽ പോയതാണ്.പിന്നെയവൾ സ്വയം നിയന്ത്രിച്ചു.വെറുതെ നിധിനെ അപകടത്തിൽ പെടുത്തേണ്ട.അവൾ കാർ റോഡിന്റെ അരികിൽ ഒതുക്കി.വിഷമം കൊണ്ട് കരച്ചിൽ വരുന്നു.അവൾ സ്റ്റീരിയോയിൽ പാട്ടിന്റെ ശബ്ദം കൂട്ടി വച്ച് കണ്ണടച്ച് സീറ്റിൽ ചാരി കിടന്നു.
ഫോൺ ശബ്ദിച്ചപ്പോഴാണ് ദേവി മയക്കത്തിൽ നിന്നും ഉണർന്നത്.നോക്കിയപ്പോൾ ഫോണിൽ സഞ്ജീവാണ്,അവൾ ഫോൺ അറ്റൻഡ് ചെയ്യാതെ മിഴിച്ചിരുന്നു പോയി.അവൾ പകച്ചു ചുറ്റും നോക്കി.ദൂരെ ഒരു പോലീസ് ജീപ്പ് റോഡിന്റെ എതിർ വശത്തു കിടക്കുന്നു.സഞ്ജീവ് തന്റെ കാർ കണ്ടിട്ടുണ്ടാകും,ഇനി ഫോൺ അറ്റൻഡ് ചെയ്തില്ലെങ്കിൽ അയാൾക്ക് സംശയം തോന്നിയേക്കാം.
“എന്താടോ എന്ത് പറ്റി .”
“ഏയ് ഒന്നുമില്ല.ഒരു തലവേദന തോന്നി,കുറച്ചു നേരം കണ്ണടച്ച് ഇരിക്കാം എന്ന് കരുതി.ഞാനൊന്ന് മയങ്ങി പോയി.”
അവൾ പറഞ്ഞു തീർന്നതും അവളുടെ വിൻഡോ ഗ്ലാസിൽ മുട്ടു കേട്ടു.അവൾ ഗ്ലാസ് താഴ്ത്തി.
“കാറിന്റെ കീ ഇങ്ങു തരൂ, ഡ്രൈവർ കാർ അങ്ങ് വീട്ടിൽ കൊണ്ട് ഇടും,താൻ വന്നു ജീപ്പിൽ കയറൂ,നമുക്ക് അടുത്തുള്ള ക്ലിനിക്കിൽ പോയിട്ട് പോകാം.”
“ഏയ് അതൊന്നുംവേണ്ട,ഒരു ചായ കുടിച്ചാൽ ഇപ്പോൾ ഞാൻ ഓക്കേ ആകും.”
“എന്നാൽ വാ നമുക്ക് ഒരു ചായ കുടിക്കാം.ജോലിയോട് ആത്മാർത്ഥത നല്ലതാണ്.പക്ഷേ സ്വന്തം ആരോഗ്യം നോക്കണം.”
“ഇതാരാണ് പറയുന്നത്.ഇരുപത്തിനാല് മണിക്കൂറും പോലീസ് സ്റ്റേഷനിൽ താമസിക്കുന്ന ആളോ.”
രണ്ട് പേരും ചിരിച്ചു.അവൾ ജീപ്പിനു പിറകെ ഡ്രൈവ് ചെയ്തു.
നന്നായി അജ്മലിനെ കാണാൻ പോകാതിരുന്നത്.നിധിൻ എവിടെയാണെന്ന് അജ്മലിന് മാത്രമേ അറിയൂ.ഒരു പക്ഷെ സഞ്ജീവ് തന്റെ പിറകെ ഉണ്ടായിരുന്നെങ്കിൽ,ഇപ്പോൾ താനും നിധിനും പിടിയ്ക്കപ്പെട്ടേനെ.
ഒരു തട്ട് കടയുടെ മുന്നിൽ ,സഞ്ജീവിന്റെ കൂടെ നിന്ന് ചായ കുടിയ്ക്കുമ്പോൾ ദേവി നാലുപാടും കണ്ണോടിച്ചു.തന്നെ ഇപ്പോൾ നിധിൻ ഒളിഞ്ഞ് നിന്ന് കാണുന്നുണ്ടായിരിക്കും ,ഇത് കണ്ടു അവൻ ദേഷ്യപെടുമായിരിക്കും.ഇന്ന് രാത്രിയിൽ തന്നെ വഴക്കു പറയാൻ അവൻ എത്തുമായിരിക്കും എന്ന് ദേവിയ്ക്ക് തോന്നി.
സഞ്ജീവിനൊപ്പം തിരക്കുള്ള റോഡിൻെറ വശത്തുള്ള ഒരു തട്ട് കടയിൽ നിന്നും ചായ കുടിച്ചു പിരിയുമ്പോൾ അവൾ തന്റെ ചുറ്റിലും നോക്കി.സഞ്ജീവിന്റെ പോലീസ് കണ്ണുകൾ അവളുടെ ചുറ്റും വല വിരിച്ചതായി അവൾക്കു തോന്നി.
“ദേവി ആരെയാണ് തെരയുന്നത്?”
“ഒരു അമ്മ കുട്ടിയുമായി ഭിക്ഷാടനത്തിനു നടക്കുന്നത് കണ്ടു,അവരെ തെരെഞ്ഞതാണ്, എന്തെങ്കിലും കൊടുക്കാൻ ആഗ്രഹിച്ചു.”
ദേവി ഒരു കള്ളം പറഞ്ഞു.
“താൻ പൊയ്ക്കോളൂ,അവരെ കണ്ടാൽ ഞാൻ പരിഗണിച്ചോളാം, പോരേ,എന്റെ കുട്ടി പോയി കിടന്നു നല്ല പോലെയാണ് ഉറങ്ങൂ,തലവേദനയും ക്ഷീണവും മാറട്ടെ.”
സഞ്ജീവിന്റെ എന്റെ കുട്ടി എന്ന പ്രയോഗം കേട്ട് ദേവിയൊന്ന് ഞെട്ടി.അവളെ അങ്ങനെ വിളിച്ചിട്ടുള്ളത് നിധിൻ മാത്രമാണ്.
അവൾ പരിഭ്രമം മറച്ചു വച്ച് ,ഒരു ചെറു പുഞ്ചിരിയോടെ അയാളോട് യാത്ര പറഞ്ഞു.അജ്മലിനെ കാണാനുള്ള പദ്ധതി അവൾ നാളത്തേയ്ക്ക് മാറ്റി വച്ചു.അനുപമയുടെ വീട്ടിലേയ്ക്കു പോകണമെന്ന് കരുതിയതാണ്.പക്ഷെ ദേവിക്ക് സഞ്ജീവിനെ വിശ്വാസമുണ്ടായിരുന്നില്ല.
അവൾ തന്റെ കാർ ചെറിയ പാലത്തിനു മുകളിലൂടെ മെല്ലെ ഓടിച്ചു .ആരെങ്കിലും തന്നെ പിന്തുടരുന്നോയെന്ന സംശയമായിരുന്നു അവൾക്ക്.വളരെ പിറകിലായി പോലീസ് ജീപ്പ് വരുന്നത് അവൾ കണ്ണാടിയിലൂടെ കണ്ടിരുന്നു.ഇനി എവിടേയ്ക്കുമില്ല,നേരെ വീട്ടിലേയ്ക്കു തന്നെ.
കേസുകൾ പഠിക്കാനായി അവൾ രാത്രിയിൽ വളരെ വൈകിയും ഉണർന്നിരുന്നു.രാത്രിയിലെ ശാന്തതയാണ് അവൾക്കിഷ്ടം,അച്ഛനെ ഓർമ്മ വരും ,പലപ്പോഴും കേസ്സുകൾ ജയിക്കാനുള്ള പഴുതുകളൊക്കെ മനസ്സിൽ തെളിഞ്ഞു വരുന്നത് രാത്രികളിലാണ്.അവൾ അച്ഛന്റെ പഴയ കേസ് ഡയറികൾ വായിച്ചു കണ്ണടച്ചിരുന്നു,മുറ്റത്തു എന്തോ വന്ന് വീഴുന്ന ശബ്ദം കേട്ടവൾ ജനൽ തുറന്നു നോക്കി.മുറ്റത്തു കട്ട പിടിച്ച് കിടക്കുന്ന ഇരുട്ടാണ് , ചുറ്റും നോക്കി,ആരെയും കണ്ടില്ല.ഒരു പക്ഷെ മതിൽ ചാടിയത് നിധിനാകുമോ എന്നവൾക്കു തോന്നി.
അവൾ ബാൽക്കണിയിലേക്കുള്ള വാതിൽ തുറക്കാൻ തീരുമാനിച്ചു.ജനലിൽ ഹുക്ക് ഘടിപ്പിച്ച് റോപ്പ് താഴേക്ക് ഇട്ടാൽ നിധിന് മുകളിലേയ്ക്കു കയറി വരാം.അന്നത്തെ രാത്രി അവനെ കണ്ടു മതിയായില്ല.എത്ര നാളുകൾക്കു ശേഷമാണു അവനെയൊന്ന് കണ്ടത്.അവനോടു ചിലവിട്ട ആ നിമിഷങ്ങൾ മനോഹരമായിരുന്നു.അവന്റെ സ്നേഹം ,അവന്റെ ഗന്ധം,അവന്റെ നനവാർന്ന ചുംബനങ്ങൾ ഒക്കെ അവൾ ആ നിമിഷം ആഗ്രഹിച്ചു.
പത്ത് മിനിറ്റ് കഴിഞ്ഞ് കാണും, വീണ്ടും മതിലിനടുത്തു ശബ്ദങ്ങൾ കേട്ടു.മുറ്റത്ത് കാൽപ്പെരുമാറ്റങ്ങൾ കേട്ടു.അവൾ മുറിയിലെ വിളക്കുകൾ അണച്ച് ജനലിലൂടെ പുറത്തേയ്ക്കു വീക്ഷിച്ചു.
മതിലിനു പുറത്തൊരു വാഹനം പാർക്ക് ചെയ്തിരുന്നു.അതൊരു പോലീസ് ജീപ്പ് പോലെ തോന്നിയിരുന്നു.അതിനടുത്തു യൂണിഫോമിൽ രണ്ടു പോലീസുകാർ നില്ക്കുന്നു.
കാൽപ്പെരുമാറ്റം കേട്ട ഭാഗത്തെ ജനൽ അവൾ മെല്ലെ തുറന്നു ,നിലാവെളിച്ചത്തിൽ രണ്ടു പേര് മുറ്റത്തു നില്ക്കുന്നു,ഒന്ന് സഞ്ജീവാണ്,ഇവരെന്താ ഇവിടെ ?,അവർ അവളെ കാണാതിരിക്കാൻ അവൾ ജനലിനടുത്തു നിന്നും മാറി നിന്നു.
അവർ രണ്ടുപേരും യൂണിഫോമിലായിരുന്നു,അവർ വീടിന് ചുറ്റും നടന്നു.കോളിങ് ബെൽ അടിക്കുന്ന ശബ്ദം കേട്ടു.ആരോ വാതിൽ തുറന്നു വന്നവരോട് സംസാരിക്കുന്നു.മാത്യൂവിന്റെയും സഞ്ജീവിന്റെയും ശബ്ദം കേട്ടു.ഒടുവിൽ മാത്യൂ വാതിൽ വലിച്ചടയ്ക്കുന്ന ശബ്ദം കേട്ടു.
ഇരുട്ടിലൂടെ അവർ മടങ്ങുന്നത് കണ്ടു. മതിൽ ചാടാതെ, മുറ്റത്തെ ഗേറ്റ് കടന്നവർ പുറത്തിറങ്ങി.ആകാംക്ഷ കൊണ്ട് ദേവിക്ക് ഉറങ്ങാൻ കഴിഞ്ഞതേയില്ല.
ദേവിയുടെ മുറിയുടെ വാതിലിൽ കാൽപ്പെരുമാറ്റ ശബ്ദം.താൻ ഉറങ്ങിയെന്നു ആരോ പരിശോധിക്കുകയാണ്.വേറെയാരുമല്ല.മാത്യു ആയിരിക്കും.അതോ തന്റെ മുറിയിൽ ആരോ ഉണ്ടെന്നയാൾ സംശയിക്കുന്നോ.അവൾ ശ്വാസം അടക്കി പിടിച്ചു കിടന്നു.
എന്തായിരിക്കും സംഭവിച്ചത്?നിധിൻ തന്നെ കാണാൻ വന്നിരിക്കുമോ?മതിൽ ചാടുന്ന ശബ്ദം കേട്ട് മാത്യു ഉണർന്നതാകും.സഞ്ജീവിനെ വിളിച്ചു വരുത്തിയതാകും.
രാവിലെ അവൾ ആരോടും ഒന്നും ചോദിച്ചില്ല.ഒന്നിച്ച് പ്രാതൽ കഴിക്കുമ്പോൾ മാത്യുവും അമ്മയും തമ്മിലുള്ള രഹസ്യസംഭാഷണം ദേവി ശ്രദ്ധിച്ചു.
” എന്താ രണ്ട് പേരും രഹസ്യമായി…”
“മോൾ പേടിക്കണ്ട,ഇന്നലെ രാത്രിയിൽ പുറത്ത് എന്തോ ശബ്ദം കേട്ടു, ഞാൻ എപ്പോൾ തന്നെ സഞ്ജീവിനെ വിളിച്ചിരുന്നു.”
മാലതി ദേവിയെ എന്തോ മറയ്ക്കാൻ ശ്രമിക്കുന്നത് പോലെയും,മാത്യു അവളെ എന്തോ അറിയിക്കാൻ ശ്രമിക്കുന്നത് പോലെയും അവൾക്കു തോന്നി.
“എന്താ പ്രശ്നം അമ്മേ .”
മാത്യു ആണ് മറുപടി പറഞ്ഞത്.
“ഇന്നലെ ആരോ മതിൽ ചാടി ഈ കോമ്പൗണ്ടിൽ കടന്നിരുന്നു.ശബ്ദം കേട്ട് ഞാൻ ഇറങ്ങി നോക്കിയിരുന്നു.ആരെയും കണ്ടില്ല ,മാലതിയുടെ ഭയം കണ്ടു ഞാൻ അപ്പോൾ തന്നെ സഞ്ജീവിനെ വിളിച്ചിരുന്നു.ഭാഗ്യത്തിന് അവർ മെയിൻ റോഡിൽ ഉണ്ടായിരുന്നു.അവർ ഇവിടെയൊക്കെ തെരഞ്ഞ് നോക്കിയിട്ടും ആരെയും കണ്ടില്ല.”
“എന്നെ വിളിച്ചു ഉണർത്തി കൂടായിരുന്നോ.”
“മാലതി സമ്മതിക്കണ്ടേ.അവൾക്കു നീ ഭയപെടുമോ എന്നാണ് ഭയം.ഇപ്പോൾ കൂടി നിന്നോട് ഒന്നും പറയേണ്ട എന്നാണ് പറഞ്ഞത്.”
“അപ്പോൾ ആരോ ഇവിടെയും എന്നെ പിന്തുടരുന്നു എന്നർത്ഥം.”
“അതെ അങ്ങനെയാണ് സഞ്ജീവിന്റെ നിഗമനം,നിന്നെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഞങ്ങളെ ഏൽപ്പിച്ചിരിക്കുകയാണ്.സഞ്ജീവിനു നിന്നോടുള്ള ഇഷ്ടം കൊണ്ടാണ് അയാൾ രാപകൽ ഇവിടെയൊക്കെ ചുറ്റി കറങ്ങുന്നത്.”
അവൾ ഭക്ഷണം കഴിഞ്ഞു എഴുന്നേറ്റു .ദേവി അമ്മയുടെ കവിളിൽ തലോടി.
“സഞ്ജീവ് നിന്റെ ഭാഗ്യമാണ് മോളെ.”
സഞ്ജീവിയോടുള്ള ദേഷ്യം കടിച്ചമർത്തി നാണം മുഖത്ത് വരുത്തി.
“പാവം നിധിൻ,എന്നെയും കുഞ്ഞിനേയും ഒന്ന് കാണാൻ വന്നതാകും.”
ദേവി മനസ്സിൽ പറഞ്ഞു.
സഞ്ജീവ് തന്നെ അയാളുടെ നിരീക്ഷണ വലയത്തിനുള്ളിലാക്കി.തന്നെ അയാളുടെ വരുതിയിലാക്കി തീർത്തു.ഇല്ല ദേവി അയാളെ ഭയപ്പെടില്ല.അയാളെയെന്നല്ല,ആരെയും ഭയപ്പെടില്ല.പക്ഷെ പ്രത്യക്ഷത്തിൽ അങ്ങനെയാകാൻ കഴിയില്ല.തന്ത്രപരമായി വേണം തന്റെ ഓരോ നീക്കവും.
കോടതിയിൽ നിന്നിറങ്ങിയിട്ടും ദേവി ഓഫീസിൽ തന്നെയിരുന്നു.
“എന്താ ചേച്ചി കഴിക്കാൻ പോകുന്നില്ല.എന്താ ഒരു മൂഡ് ഓഫ് ?”
“സഞ്ജീവ് തന്നെയാണിപ്പോൾ എന്റെ പ്രശ്നം,എന്നെ ഇടം വലം തിരിയാൻ സമ്മതിക്കുന്നില്ല.”
“അയാളെന്തിനാ ചേച്ചിയുടെ പിറകെ,ഇതൊന്നും ആരാധനയല്ല ,ഞാൻ അന്നേ മുന്നറിയിപ്പ് തന്നതാണ്.എനിക്കെന്തോ അയാളെ ഇഷ്ടമല്ല.ഇനി അയാൾക്ക് ചേച്ചിയോട് സ്നേഹവും ബഹുമാനവും ഉണ്ടായിരുന്നെങ്കിൽ ചേച്ചിക്ക് അയാൾ സ്പേസ് തന്നേനെ.”
“സ്നേഹവും പ്രൊട്ടക്ഷനും ഒന്നിച്ചു തരുവല്ലേ.സംരക്ഷിച്ചു കൊല്ലുവാണെന്നെ .ഒറ്റക്കുള്ള യാത്രകൾക്കും വിലക്ക് വീണു.”
“അയാൾ പറയുന്നത് പോലെ അഭിനയിച്ചു കാണിക്കൂ,അല്ലാതെ ഇപ്പോൾ നമ്മൾ എന്താ ചെയ്യുക.”
“എന്നെ നീ ഒന്ന് സഹായിക്കണം രാഹുൽ.”
ദേവി ചുറ്റും പരതി,സി സി ടി വി ക്യാമറയിൽ നോക്കി.”
“നീ വരുന്നോ ,നമുക്കിന്നു പുറത്തു നിന്നും ആഹാരം കഴിക്കാം.”
“ചേച്ചീ ,ഞാനൊന്നു ആരതിയോട് പറഞ്ഞിട്ട് വരാം.അല്ലെങ്കിൽ അവളെന്നെ കാത്തിരിക്കും.”
രാഹുലിന്റെ കാറിന്റെ ബാക്ക് സീറ്റിലാണ് ദേവി ഇരുന്നത്.രാഹുൽ എത്ര നിർബന്ധിച്ചിട്ടും അവൾ മുൻസീറ്റിൽ ഇരുന്നില്ല.
“നീ എന്നെ നോക്കേണ്ട ,മുന്നോട്ട് നോക്കി കാറോടിച്ചോ,ഞാൻ പറയുന്നിടത്തു കാർ നിർത്തിക്കോ.”
“ചേച്ചി എന്തിനാ അയാളെ ഇത്ര പേടിക്കുന്നത്,നമ്മൾ എവിടെ പോകുന്നു എന്ന് നമ്മളല്ലേ തീരുമാനിക്കുന്നത്.”
“നീ ഇപ്പോൾ ഒന്നും പറയേണ്ട.നിനക്കിപ്പോൾ ഒന്നും മനസിലാകില്ല.എനിക്ക് അത്യാവശ്യമായി അജ്മലിനെയൊന്നു കാണണം.ഭക്ഷണം കഴിഞ്ഞു നീ അവനെ പോയി ഒന്ന് കാണണം.”
“അജ്മലിനെയോ?എന്തിനാ ചേച്ചി,ചേച്ചി കൂടെ വരൂ.നമുക്ക് അവിടെ നിന്നും ഭക്ഷണം കഴിക്കാം.”
“അത് വേണ്ട ,ഭക്ഷണം ഹോട്ടൽ അന്നപൂർണയിൽ നിന്നും കഴിക്കും,പക്ഷെ അത് കഴിഞ്ഞു അജ്മലിന്റെ സംസം റെസ്റ്റോറന്റിലേയ്ക്ക് നമ്മൾ പോകുന്നു.”
അജ്മലിനെ കാണാൻ രാഹുൽ അവന്റെ റെസ്റ്റോറന്റിലേയ്ക്ക് കയറുമ്പോൾ ദേവി കാറിൽ പതുങ്ങിയിരുന്നു.ദൂരെ ഒരാൾ കാറിനെ നിരീക്ഷിച്ചു കൊണ്ട് നില്ക്കുന്നു.അയാളെ ദേവിക്ക് നല്ല പരിചയം തോന്നി.അന്ന് സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കാൻ വന്ന ആ പോലീസുകാരൻ.അയാളുടെ കണ്ണിൽ പതിയാത്ത അവൾ പിൻ സീറ്റിൽ ചാരിയിരുന്നു.
(തുടരും…)
✍️✍️നിഷ പിള്ള

