ഡോക്ടർ സുബ്രഹ്മണ്യൻ കടുത്ത ആലോചനയിൽ കുറെ നേരം കസേരയിൽ ഇരുന്നു.
“എനിക്ക് പ്രൊഫസർ മാലതിയോട് ഒന്ന് തുറന്ന് സംസാരിക്കണം. ഒരു പക്ഷേ അവർ മനസ്സ് തുറക്കാൻ വിസമ്മതിച്ചാൽ എനിക്ക് വേറെ മാർഗ്ഗം ഉപയോഗിക്കേണ്ടി വരും. ചികിൽസിക്കാൻ അവരുടെ മകളുടെ സമ്മതപത്രം വേണ്ടി വരും. “
“ഡോക്ടർക്ക് എന്നെ വിശ്വാസമില്ലേ. “
“അയ്യോ ഇത് വിശ്വാസത്തിൻ്റെ പ്രശ്നമല്ല. ഈ ആശുപത്രിയിലെ ഒരു പ്രൊസീജർ ആണ്. “
“അതൊന്നും ഓർത്ത് ഡോക്ടർ വിഷമിക്കണ്ട. ദേവി ഇപ്പോൾ തന്നെ സമ്മതപത്രം ഒപ്പിട്ടു തരും, എല്ലാം നിയമപ്രകാരം നടക്കട്ടെ, ഡോക്ടർ ചികിത്സ തുടങ്ങണം. “
പി ബി പറഞ്ഞു.
ഡോക്ടർ പെട്ടെന്ന് തൻ്റെ ജൂനിയർ ഡോക്ടറുമായി ഒരു കൂടി കാഴ്ച നടത്തി.
മാലതിക്ക് ബോധം വന്നപ്പോൾ ഡോക്ടർ സെല്ലിലേക്ക് വന്നു.
“ഇപ്പോൾ എങ്ങനെയുണ്ട് മാലതി മാഡം. “
“ഡോക്ടർ എനിക്കൊരു മാനസിക പ്രശ്നവുമില്ല. എന്നെ എന്തിനാണ് ഇവിടെ പൂട്ടി ഇട്ടിരിക്കുന്നത്, എന്നെ ഇവരൊക്കെ കൂടി ചതിച്ചതാണ്, കോടതിയിൽ കൊണ്ട് പോകാം എന്ന് പറഞ്ഞിട്ട്, ഇവിടെ കൊണ്ട് വന്നു, അതാണ് ഞാൻ വയലന്റ് ആയത്. ചതി ഞാൻ ഒരു കാലത്തും ക്ഷമിക്കില്ല. “
മാലതി കുറെ നേരം ഗാഢമായ ആലോചനയിലിരുന്നു.
” Once a cheater, always a cheater. “
“പ്രൊഫസ്സർക്കു ഒരു കുഴപ്പവുമില്ലല്ലോ. ദേഷ്യപ്പെട്ടപ്പോൾ ഈ കുട്ടികൾ ഒന്ന് പേടിച്ചു പോയി, അത്രേയുള്ളു. ഇപ്പോൾ തന്നെ വീട്ടിൽ വിടാം, മനസ്സിൽ ഉള്ളതൊക്കെ എന്നോട് തുറന്നു പറയാൻ ബുദ്ധിമുട്ടുണ്ടോ. “
“എന്താ പറയാനുള്ളത്, എനിക്ക് ഭ്രാന്തില്ല ഡോക്ടർ. “
മാലതി ദേഷ്യപ്പെട്ടു, മേശപ്പുറത്തു കിടന്ന വിരിയുടെ ഒരറ്റം കയ്യിൽ ആരും കാണാതെ ചുരുട്ടി പിടിച്ചിരുന്നു. മാലതിയുടെ ഭാവമാറ്റം ശ്രദ്ധിച്ച നിധിൻ അവരുടെ അടുത്തേയ്ക്കു ചേർന്ന് നിന്നു.
“മാലതി മാഡം തെറ്റിദ്ധരിച്ചു, അഡ്മിറ്റ് ആയതല്ലേയുള്ളു, തുറന്നു സംസാരിച്ചാൽ കേസ് ഇപ്പോൾ തന്നെ ക്ലോസ് ചെയ്യാം, മാഡത്തെ ഡിസ്ചാർജ്ജ് ചെയ്യാം. “
“എന്താ ഡോക്ടർക്കു അറിയേണ്ടത്. ഇവരോടൊക്കെ മുറിയുടെ പുറത്തു പോയി നില്ക്കാൻ പറ. “
ഡോക്ടറും മാലതിയുമൊഴിച്ചു ബാക്കിയെല്ലാവരും മുറിക്കു പുറത്തിറങ്ങി.
നിധിനും ദേവിയും പി ബി യുടെ അടുത്ത നിന്നു.
“പേടിക്കണ്ട, ഡോക്ടർ എല്ലാം മാനേജ് ചെയ്തോളും. “
ഡോക്ടറും മാലതിയും സംസാരിക്കുന്നത് കേൾക്കാൻ പറ്റില്ലായെങ്കിലും, സെല്ലിന് പുറത്തു നിന്നും അവർക്കു അവരെ കാണാമായിരുന്നു. കുറെ നേരം മാലതി എന്തൊക്കെയോ സംസാരിച്ചു. എല്ലാം പറഞ്ഞു കഴിഞ്ഞു ഡോക്ടർ മാലതിയുടെ തോളിൽ തട്ടി ആശ്വസിപ്പിക്കുന്നതും, അവരുടെ കൈകളിൽ പിടിക്കുന്നതും, കണ്ണുകളിൽ ഉറ്റു നോക്കി അവർക്കു എന്തോ ഉറപ്പു നൽകുന്നതും കാണാമായിരുന്നു. മാലതി തന്റെ വലതു കൈ ഇടനെഞ്ചിൽ ചേർത്ത് പിടിച്ചു, ഭിത്തിയിൽ ചാരി നിന്നു കണ്ണടച്ചു, അപ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
ഡോക്ടർ സെൽ തുറന്നു പുറത്തിറങ്ങി. മൂന്നുപേരും മാലതിയുടെ മുഖത്തേയ്ക്കു ആകാംഷയോടെ നോക്കി നിന്നു. ഡോക്ടർ അവരെ ശ്രദ്ധിക്കാതെ നഴ്സിനോട് പറഞ്ഞു.
“പ്രൊഫസ്സർ മാലതി കുറച്ചു വിശ്രമിക്കട്ടെ. “
ഡോക്ടറുടെ പിറകെ പി ബി യും ദേവിയും പോയി. നിധിൻ സെല്ലിന് പുറത്ത് കാവൽ നിന്നു.
“പേടിക്കാനൊന്നുമില്ല. മാലതി ഓക്കേയാണ്, അവരുടെ പേടി ആരോണിനെക്കുറിച്ച് ഓർത്തിട്ടാണ്. അയാൾ എന്ത് ചെയ്യാനും മടിക്കാത്തവനാണെന്നു മാലതി പറയുന്നു. “
“എന്താണ് ഡോക്ടർ അമ്മയ്ക്ക് ഇത്രയും പേടി, എന്തിനാണ് ആരോണിനെ ഇങ്ങനെ പേടിക്കുന്നത്. “
“അവർ മറ്റാരോടും പറയില്ല എന്ന ഉറപ്പിൽ പറഞ്ഞ ചികിത്സാ രഹസ്യമാണ് ഞാൻ ഇപ്പോൾ പറയുന്നത്. മുൻകരുതൽ എടുക്കേണ്ടത് ആവശ്യമായത് കൊണ്ട് ഞാൻ നിങ്ങളോടു പറയുന്നു. ആരോൺ വല്ലാത്തൊരു കടക്കെണിയിലാണ്. അയാൾക്ക് ധാരാളം പണത്തിന്റെ ആവശ്യമുണ്ടിപ്പോൾ. “
“മാലതി പറഞ്ഞത് അനുസരിച്ചു മാത്യുവിന്റെ മക്കൾ ദേവിയുടെ അപകടത്തെ ഒരു സാധ്യതയായി കണക്കാക്കിയിരുന്നു എന്നാണ്. ദേവിയാണവരുടെ പ്രധാന എതിരാളി, ദേവിക്ക് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ അവർക്കു മറ്റാരെയും ഭയപ്പെടേണ്ടതില്ല. മാത്യുവും മാലതിയും ഈയിടെ ദേവിയുമായി കൂടുതൽ അടുത്തപ്പോൾ ആരോണിന് ദേഷ്യമായി. ദേവിയുടെ പേരിൽ മാത്യുവും മാലതിയും ഒടുവിൽ വാങ്ങിയ കാപ്പി തോട്ടത്തിനെക്കുറിച്ചു അവർ പപ്പയോട് സംസാരിച്ചിരുന്നു, ആരോൺ അതിൻ്റെ പേരിൽ മാത്യുവുമായി വഴക്കുണ്ടാക്കി. “
“ഒരിക്കൽ മാത്യുവിനെ തല്ലാനായി ആൻഡ്രു ശ്രമിച്ചു, ആരോണിനെ പിടിച്ചു മാറ്റുന്നതിനിടയിൽ മാലതി താഴെ വീണു. ആ സംഭവം മാലതി ദേവിയിൽ നിന്നും മറച്ചുവെച്ചെങ്കിലും അതിനു ശേഷം മാലതിക്ക് അവരെ രണ്ടു പേരെയും പേടിയായിരുന്നു. “
“ദേവിയുടെ അപകടസമയത്ത്, അവർ നല്ല രീതിയിൽ മാലതിയുടെ മുന്നിൽ അഭിനയിച്ചു, സ്നേഹം പ്രകടിപ്പിച്ചു, മാപ്പ് പറഞ്ഞു. മാലതി അവരെ കണ്ണടച്ച് വിശ്വസിച്ചു. അവരോടു പണ്ട് തോന്നിയിരുന്ന ദേഷ്യവും വെറുപ്പും മാറി, അമ്മയില്ലാത്ത അവരോടു സഹാനുഭൂതി തോന്നി തുടങ്ങി. ആ മാറ്റങ്ങൾക്കിടയിലാണ് ആൻഡ്രുവിന്റെ കൊലപാതകം, പിന്നെ മാലതിയുടെ സ്നേഹം മുഴുവൻ ആരോണിനോടായി. “
“ഒരു മകനെ പോലെ ആരോൺ മാലതിയെ പരിചരിച്ചു, അല്ല അങ്ങനെ അവരെ വിശ്വസിപ്പിച്ചു. മാത്യു ജയിലിൽ പോയതോടെ മാലതിയുടെ പരിചരണം ആരോൺ ഏറ്റെടുത്തു. അങ്ങനെയാണ് മാലതിയെ ഈ ആശുപത്രിയിലേയ്ക്ക് ആരോൺ കൂട്ടി കൊണ്ട് വന്നത്. മാലതിയ്ക്ക് നല്ല ഉറക്കം കിട്ടുന്നില്ല, ചിന്തകൾ എപ്പോഴും വല്ലാതെ അലട്ടുന്നുവെന്നു പറഞ്ഞപ്പോൾ, ഞാൻ അവർക്ക് ശാന്തമായി ഉറങ്ങാൻ സഹായിക്കുന്ന ചില മരുന്നുകൾ നൽകി. അതും ഒരാഴ്ചത്തേക്ക്. പക്ഷെ ആരോൺ പതിവായി ആ മരുന്നുകൾ മാലതിയെ നിർബന്ധിപ്പിച്ച് കഴിപ്പിക്കാൻ തുടങ്ങി. “
“അമ്മയ്ക്ക് അറിയില്ലായിരുന്നോ, ആ മരുന്നുകൾ കഴിക്കാൻ പാടില്ലെന്ന്, “
“അറിയാമായിരുന്നു, പക്ഷെ ആരോണിന്റെ ചതിക്കുഴിയുടെ ആഴവും വ്യാപ്തിയും മനസിലാക്കി വന്നപ്പോഴേക്കും വൈകി പോയിരുന്നു. ആരോൺ ആ വീട്ടിൽ നിന്നും താമസം മാറിയെങ്കിലും ശബ്ദ സന്ദേശങ്ങളിലൂടെ മാലതിയെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്നു. ആരോൺ മാത്യുവിന്റെ വോയിസ് റെക്കോർഡ് ചെയ്ത് മാലതിയെ കേൾപ്പിച്ച് അനുസരിപ്പിക്കാൻ തുടങ്ങി. എപ്പോഴും ഫോണിലൂടെ ആരോണിന്റെ നിർദ്ദേശങ്ങൾ കിട്ടും. മാലതിയുടെ മുറിയിൽ ഇരുട്ടിൽ പോലും പ്രവർത്തിക്കുന്ന ക്യാമറകൾ സ്ഥാപിച്ചു. അങ്ങനെ മാലതിയെ ആരോൺ സ്വന്തം മാന്ത്രിക വലയത്തിലാക്കി. “
“ഇതൊക്കെ അമ്മയ്ക്ക് അറിയാമായിരുന്നോ?”
“അറിയാമായിരുന്നു എന്ന് മാത്രമല്ല, മരുന്നുകൾ കഴിക്കാതെ നാക്കിനടിയിൽ ഒളിപ്പിച്ചു വച്ച്, ടോയ്‌ലെറ്റിൽ പോയി ഫ്ലഷ് ചെയ്തു കളയുമായിരുന്നു. ആരോൺ വളരെ അപകടകാരിയാണെന്നും എന്തെങ്കിലും സംശയം തോന്നിയാൽ ദേവിക്കും കുഞ്ഞിനും അപകടം വരുമെന്നും മാലതി ഭയപ്പെട്ടു. “
“പിന്നെ എന്തായിരുന്നു അമ്മയുടെ പ്ലാൻ?”
“ആരോൺ പറയുന്നത് പോലെ തല്ക്കാലം അഭിനയിക്കുക. അയാൾക്ക് വിശ്വാസം വരാനായി രാത്രിയിലെ സെമിത്തേരി യാത്രകൾ തുടങ്ങി. ആ യാത്രകളിൽ സെമിത്തേരിയിൽ വച്ച് ആരോണിനെ കൊല്ലണമെന്ന് തോന്നിയിട്ടുണ്ടെന്നു പറഞ്ഞു. “
“എൻ്റെ അമ്മ രാത്രിയിൽ ഉറങ്ങാതെ പുറത്തിറങ്ങി നടക്കുമ്പോൾ അമ്മ ഗുളിക കഴിച്ചിട്ടില്ല എന്ന് ആരോൺ മനസിലാക്കില്ലേ. “
“സെമിത്തേരിയിൽ പോയി മടങ്ങുമ്പോഴാണ് മരുന്ന് കഴിക്കാൻ നിർദ്ദേശം കിട്ടുന്നത്. ആ സമയത്ത് മാലതിക്ക് ആ ബെഡിൽ കിടക്കാനേ അനുവാദമുള്ളൂ, അതിനാൽ മരുന്ന് തുപ്പി കളയാൻ കഴിയില്ല. അങ്ങനെ ഒരിക്കൽ പുതപ്പിന്റെ മൂലയിൽ മരുന്ന് തുപ്പി വച്ചത് ആരോൺ കണ്ടു പിടിച്ചിരുന്നു. പിറ്റേന്ന് മാലതിയെ അയാൾ ശാരീരികമായി ഉപദ്രവിച്ചു. അന്ന് മാലതി നല്ല പോലെ പേടിച്ചിരുന്നു. മകളെയോർത്താണ് അവർ ഇങ്ങനൊരു നാടകത്തിനു കൂട്ട് നില്ക്കുന്നത്. “
“അയ്യോ എന്റെ അമ്മയെ… അയാൾ മർദ്ദിച്ചിരുന്നോ. “
പി ബി ദേവിയെ ആശ്വസിപ്പിച്ചു.
“ഡോക്ടർ ആരോണിന് ജാമ്യം കിട്ടിയ സ്ഥിതിക്ക് താമസിയാതെ അയാൾ പ്രൊഫസ്സർ മാലതിയെ തിരക്കി ഇങ്ങോട്ടു വരും. “
“അത് താൻ പേടിക്കണ്ട, ഞാൻ എന്റെ ഫയലിൽ സ്‌കിസോഫ്രീനിയ എന്നെഴുതിയിട്ടുണ്ട്. അതിൽ ചില ലക്ഷണങ്ങൾ ഡോക്ടർ മാലതി പുറമേ പ്രകടിപ്പിക്കുന്നുണ്ട്. ഇല്ലാത്ത ശബ്ദങ്ങൾ കേൾക്കുകയോ വസ്തുക്കൾ കാണുകയോ ചെയ്യുക അതിനെ ഭ്രമാത്മകത എന്ന് പറയും. അർത്ഥമില്ലാത്ത ചിന്തകളും സംസാരങ്ങളും അത് മറ്റൊരു ലക്ഷണമാണ്. മാലതി ഇതൊക്കെ കാണിക്കുന്നുണ്ട്, അല്ല അഭിനയിക്കുന്നുണ്ട്. മാലതി നല്ലൊരു അഭിനേത്രിയാണ്, ആരോൺ ഇതൊക്കെ യാഥാർത്ഥ്യമാണെന്നു കരുതുന്നു. ഇവിടത്തെ കാര്യം ഞങ്ങൾ മാനേജ് ചെയ്തോളാം. “
“ഡോക്ടർ ആരോണിന്റെ പഴയ സുഹൃത്തല്ലേ, ഡോക്ടറെ ഞങ്ങൾ എങ്ങനെ വിശ്വസിക്കും. “
ദേവിയുടെ ആ ചോദ്യം കേട്ട് പി ബി വല്ലാതായി. ഡോക്ടർ സുബ്രഹ്മണ്യൻ പൊട്ടിച്ചിരിച്ചു.
“നല്ല ചോദ്യമാണ് വക്കീലിന്റെത്, ഞാൻ ഒരു എത്തിക്സുള്ള ഡോക്ടറാണ്, മാലതി എന്റെ രോഗിയാണ്, അവരെ സംരക്ഷിക്കേണ്ടത് എന്റെ കടമയാണ്. മാത്രമല്ല മാലതി ഇവിടെ അഡ്മിറ്റ് ആയി കിടക്കാൻ സമ്മതിച്ചത് തന്നെ അവർക്കു ഒരു മാനസിക രോഗിയുടെ സർട്ടിഫിക്കേറ്റ് വേണമെന്ന് ആവശ്യപ്പട്ടാണ്. അവർ എന്തോ ആലോചിച്ച് ഉറപ്പിച്ചതാണ്. “
ഡോക്ടർ പി ബി യുടെ തോളിൽ തട്ടി.
“ദേവിക്ക് മാത്രമേയുള്ളു ഈ സംശയം അതോ തനിക്കും ഉണ്ടോ. താൻ പറയെടോ, തന്നെ എനിക്ക് ചതിക്കാൻ കഴിയുമോ. “
“ഡോക്റ്ററുടെ കൈകൾ പി ബി കൂട്ടി പിടിച്ചു നെഞ്ചോടു ചേർത്തു വച്ചു.
“ഡോക്ടറെ എനിക്ക് അറിയാം. ഞങ്ങളെയെന്നല്ല, ഈ ലോകത്തു ആരെയും അപായപ്പെടുത്താൻ ഈ ഡോക്ടർക്കു കഴിയില്ല എന്ന് എനിക്ക് നന്നായി അറിയാം. എനിക്ക് ഈ ദേവിയുടെ കുടുംബത്തെ രക്ഷിക്കാൻ ബാധ്യതയുണ്ട്. ദേവി വക്കീൽ എനിക്കത്രയും വേണ്ടപെട്ടവളാണ്. “
“നമുക്ക് എത്രയും പെട്ടെന്ന് ശരിയാക്കാമെടോ. “
“നന്ദിയുണ്ട് ഡോക്ടർ. എന്റെ പ്രിയപ്പെട്ടവൾ, നാദിയ ഓസ്‌ട്രേലിയയിൽ എന്നെ കാത്തിരിക്കുകയാണ്. ഞങ്ങളുടെ കുഞ്ഞിനെ വരവേൽക്കാൻ ഞാൻ കൂടെയുണ്ടാകണമെന്നവൾ വാശി പിടിക്കുന്നു. “
“എല്ലാം നല്ല പടി നടക്കും, താൻ വിഷമിക്കാതിരിക്കൂ. “
ഈ സമയത്ത് ആരോൺ മാത്യുവിന്റെ വീട്ടിലെത്തിയിരുന്നു. തൊട്ടു പിറകെ പി ബി യുടെ ചാരന്മാർ ഉണ്ടെന്ന കാര്യം അയാൾ മനസിലാക്കിയില്ല. വീട്ടിലെ ബെല്ലടിച്ചിട്ടും ആരും വാതിൽ തുറന്നില്ല.
തന്റെ കയ്യിലിരുന്ന ഡ്യൂപ്ലിക്കേറ്റ് കീ ഉപയോഗിച്ച് ആരോൺ വാതിൽ തുറന്നു. വീട്ടിൽ ആരുമില്ല. താൻ അറസ്റ്റിലായിട്ടു ആരും തിരക്കി വന്നതുമില്ല. തന്നോട് പറയാതെ എല്ലാവരും വീട് പൂട്ടി പോയിരിക്കുന്നു.
ആരോണിന് നല്ല ദേഷ്യം വന്നു. അയാൾ മാലതിയുടെ ബെഡ് റൂമിലേയ്ക്ക് പോയി. ക്യാമറകൾ ആരോ ഊരി മാറ്റിയിരിക്കുന്നു. ഇന്നലെ രാത്രി മുതൽ ക്യാമറയിൽ വിഷ്വൽസ് കണ്ടിരുന്നില്ല. മുറിയിലെ മൈക്രോ ഫോൺ കാണുന്നില്ല. മുറിയിൽ രണ്ടു മൈക്രോ ഫോണുകൾ ഘടിപ്പിച്ചിരുന്നു, ഒന്ന് വാതിലിനടുത്തും മറ്റൊന്ന് കട്ടിലിനു അടിയിലും, വളരെ രഹസ്യമായി വച്ചിരുന്ന ആ ഡിവൈസുകൾ ആരും പെട്ടെന്ന് കണ്ടു പിടിക്കില്ല. ഇതാരാണ് ഊരി മാറ്റിയത്. ?
ആരോൺ മുറിയിലെ അലമാര കുത്തി തുറന്നു, അതിൽ നിന്നും ഫയലുകളെല്ലാം മിസ്സിംഗ് ആണ്, ആ ഫയലുകളിൽ ആണ് പപ്പയുടെ എല്ലാ സമ്പാദ്യത്തിന്റെയും രേഖകൾ ഉള്ളത്. ആൻഡ്രുവിന്റെ മരണശേഷം ഇനി എല്ലാം തനിക്കു മാത്രം അവകാശപ്പെട്ടതാണ്. താനാണ് എല്ലാത്തിന്റേയും അവകാശി. എല്ലാം തനിക്കു വേണം. തനിക്കു ശേഷം അത് തന്റെ മക്കൾക്ക് ലഭിക്കണം. ഒരു കാരണവശാലും മാലതിക്കും ദേവിക്കും ഒന്നും ലഭിക്കരുത്.
മാത്യു തന്റെ പപ്പയാണ്, അയാൾ ദേവിയുടെ രണ്ടാനച്ഛൻ മാത്രമാണ്. പക്ഷേ ഇപ്പോൾ പപ്പയ്ക്ക് ദേവിയെ ആണ് കൂടുതലിഷ്ടം, അവളെ സ്വന്തം മകളെപ്പോലെയാണ് കാണുന്നത്. പപ്പയുടെ ജീവിതത്തിലെ മുഴുവൻ സമ്പാദ്യവും അവൾക്കായി മാറ്റി വച്ചാൽ, പപ്പയുടെ മൂത്ത മകനായ താൻ എങ്ങനെയാണ് ക്ഷമിക്കുന്നത്. ദേവി ഇല്ലാതായാൽ പപ്പയുടെയും രണ്ടാനമ്മയുടെയും മുഴുവൻ സമ്പാദ്യവും തന്റെ പേരിലാകും.
മാലതിയെ പിണക്കാതെ ഇണക്കി കൂടെ നിർത്താൻ താനും ആൻഡ്രുവും പദ്ധതിയിട്ടതാണ്. പക്ഷെ ആൻഡ്രുവിന് അവസാന നിമിഷമൊരു മനംമാറ്റം. അവനു തന്റെ പഴയ കാമുകിയായ നിത്യയുടെ ഓർമ്മകൾ വന്നു, നിത്യയുടെ സഹോദരനായ നിധിന്റെ ഭാര്യയാണ് ദേവി എന്നറിഞ്ഞപ്പോൾ അവളോട് കൂടുതൽ സ്നേഹം വന്നു. മാലതിയെയും ദേവിയെയും പരിചരിക്കാൻ അവൻ മുൻകൈ എടുത്തു. പദ്ധതികളെല്ലാം ആൻഡ്രു പൊളിക്കുമെന്നു ഉറപ്പായപ്പോൾ സ്വന്തം സഹോദരനാണെന്ന് പോലും വക വയ്ക്കാതെ ഒഴിവാക്കണമെന്നു കരുതിയതാണ്. പക്ഷെ അതൊന്നും വേണ്ടി വന്നില്ല. ആരോ അവനെ ഒഴിവാക്കി. ആൻഡ്രുവിന് മാത്രമായി ആരോടും ശതുതയില്ല, എല്ലാത്തിനും ആൻഡ്രു പാർട്ട്ണറാണ്. എല്ലാ പ്രവർത്തികളും രണ്ടുപേരും ഒന്നിച്ചാണ് ചെയ്യുന്നത്. ആരാണവനോട് ഇങ്ങനെ ചെയ്തത് എന്നറിയില്ല.
ഈ ഡോക്യൂമെന്റുകൾ ഒക്കെ മാറ്റിയത് ആരായിരിക്കും. നിധിൻ തിരികെ നാട്ടിലേക്ക് വന്നു വെന്ന കാര്യം സ്റ്റേഷനിൽ വച്ചാണ് അറിഞ്ഞത്, ഏ എസ് ഐ സലിം ആണ് വിവരം പറഞ്ഞത്. നിധിനായിരിക്കും എല്ലാത്തിനും പിന്നിൽ. തന്റെ ശ്രമം അവൻ തിരിച്ചറിഞ്ഞു മാലതിയെയും ദേവിയെയും കുഞ്ഞിനേയും സുരക്ഷിതമായി മാറ്റി കാണും. അവൻ അവരെ എങ്ങോട്ടു കൊണ്ട് പോകാനാണ്, ദേവിയുടെ ദേവലോകമെന്ന വീട്ടിൽ, അല്ലെങ്കിൽ ടീച്ചറമ്മയുടെ കായൽക്കരയിലെ വീട്ടിൽ. എവിടെയായാലും ആരോണിന്റെ ആളുകളുടെ കഴുകൻ ദൃഷ്ടികൾ അവരുടെ കൂടെ എപ്പോഴുമുണ്ടാകും.
ആരോൺ ദേഷ്യത്തോടെ വാതിൽ ചേർത്തടച്ചു. വണ്ടിയിൽ കയറി, കൈ രണ്ടും തലയിൽ വച്ച് ഒരു നിമിഷം കണ്ണടച്ച് ഇരുന്നു. വണ്ടി സ്റ്റാർട്ട് ആക്കിയതും മൈക്കലിൻ്റെ കാൾ വന്നു.
“കണ്ട് പിടിച്ചോ. “
“അവരിപ്പോൾ ഡോക്ടർ സുബ്രഹ്മണ്യൻ്റെ ആശുപത്രിയിൽ ഉണ്ട്. “
“നീ നേരിട്ട് കണ്ടോ. “
“ഇല്ല ആ സെക്യൂരിറ്റി വിളിച്ചിരുന്നു. അവിടെ വല്യ പ്രശ്നമായിരുന്നു. മുറിയിൽ എല്ലാം നശിപ്പിക്കാൻ ശ്രമിച്ചു. ഇപ്പോൾ സെല്ലിൽ പൂട്ടിയിട്ടിരിക്കുവാണ്. “
“കൂടെയാരുണ്ട്. “
“കൂടെ ഇപ്പോൾ ആരുമില്ല, മകളും മരുമകനും പുറത്ത് പോയി. മൂന്ന് പേരാണ് ആശുപത്രിയിൽ കൊണ്ട് വന്നത്. മൂന്നാമനെ കണ്ടെത്തിയില്ല. “
“ആദ്യം അവനെ കണ്ടെത്തണം. ദേവിയുടെ പിറകിൽ നമ്മുടെ ആളുകൾ എപ്പോഴും വേണം. കൃത്യമായ അപ്ഡേറ്റ് എനിക്ക് വേണം. ഞാൻ ഇരുട്ടാകുമ്പോൾ ആശുപത്രിയിൽ വരാം. ആർക്കും സംശയമൊന്നും തോന്നരുത്. “
ഫോൺ കട്ടാക്കുമ്പോൾ ആരോണിൻ്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. ഫോൺ പോക്കറ്റിൽ വച്ചിട്ട് അയാൾ ടൗണിലേക്ക് വണ്ടിയോടിച്ചു.
(തുടരും… )
✍️✍️നിഷ പിള്ള


2 Comments
സീരിയസ്സായി പോകുന്നു.. കാത്തിരിക്കുന്നു.
Pingback: ന്യൂസ് പേപ്പർ ബോയ് -82 - By Nisha Pillai - കൂട്ടക്ഷരങ്ങൾ