ആയിഷ കാറിൽ നിന്ന് ഇറങ്ങി പോയതിന് ശേഷവും അവൾ ഉപയോഗിച്ചിരുന്ന അത്തറിൻ്റെ സുഗന്ധം അതിനുള്ളിൽ തന്നെ നിറഞ്ഞ് നിന്നിരുന്നു. അവളുടെ കണ്ണുകളിലെ തീക്ഷ്ണതയേക്കാൾ ഉപരി അതിലെ കാന്ത ശക്തിയാണ് രഘു നന്ദനെ അതിശയിപ്പിച്ചത്!
അവളെ പറ്റി കൂടുതൽ അറിയുവാൻ അയാൾക്ക് ആഗ്രഹം തോന്നി. തൻ്റെ അടുത്ത സുഹൃത്തായ Dysp സിദ്ധാർത്ഥിനെ കോണ്ടാക്ട് ചെയ്തപ്പോഴാണ് നടുക്കുന്ന വിവരങ്ങൾ രഘു അറിയാനിടയായത്!
രഘു പറഞ്ഞ അടയാളങ്ങൾ ഓർത്ത് കൊണ്ട്…ആയിഷാ ബീഗം എന്ന് ഒരിക്കൽ കൂടി ഉച്ചരിച്ചിട്ട് സിദ്ധു പറഞ്ഞു ഈ പേര് എവിടെയോ കേട്ടിട്ടുണ്ടല്ലോ….
രഘൂ…. ഞാനൊരു ഫോട്ടോഗ്രാഫ് അയച്ചിട്ടുണ്ട്. അതൊന്ന് കൺഫോം ചെയ്തിട്ട് പറയൂ.
ആയിഷയുടെ ചിത്രം ഡൗൺ ലോഡായതും രഘു പറഞ്ഞു യേസ്… ഇവൾ തന്നെ!
അത് കേട്ടതും സിദ്ധുവിൻ്റെ മുഖം ഒന്ന് ചുളിഞ്ഞു.ഇത് നന്ദിനി വർമ്മ…. വിവാഹത്തിന് ശേഷമാണ് പേര് മാറ്റി ആയിഷാ ബീഗം ആയത്. ഈ അടുത്താണ് ജാമ്യത്തിൽ ഇറങ്ങിയത് തന്നെ!
നന്ദിനി എങ്ങനെ ആയിഷയായ്? എന്താണ് അവളുടെ പേരിലുള്ള ക്രൈം? രഘു ഒരുപിടി ചോദ്യങ്ങൾ വാരിയെറിഞ്ഞു.
സ്വന്തം അച്ഛനേയും, രണ്ട് സഹോദരന്മാരേയും തുണ്ടം തുണ്ടമായ് വെട്ടി അരിഞ്ഞതിലാണ് അവൾ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
ഇത്രയും വലിയൊരു ക്രൈം ചെയ്തവളാണോ നിസ്സാരമായ് ജാമ്യത്തിലിറങ്ങിയത്…… അൺ ബിലീവബിൾ!
കേസ് ഫയൽ ഹൈ കോടതിയിൽ എത്തിയപ്പോൾ സാക്ഷികൾ കൂറുമാറി ഒന്നാം പ്രതി സംശയാസ്പദമായ് കൂട്ടു പ്രതികളിൽ അവസാനത്തേതായി.
ജാമ്യത്തിൽ ഇറങ്ങിയിതിന് പിന്നിൽ എന്തോ ഗൂഢലക്ഷ്യമുണ്ടെന്ന് ഒരു കിംവദന്തി പൊതുവേ പരന്നിരുന്നു. എനിവേ നന്ദൻ നിങ്ങൾ തമ്മിൽ എങ്ങനെ അറിയാം. എനി ഡീൽ വിത്ത് ആയിഷ?
സുഹൃത്ത് ആയിരുന്നിട്ട് കൂടി ആയിഷയുമൊത്തുള്ള സംസാരം രഘു അയാളോട് പറയാതിരുന്നതിന് കാരണം അയാളുടെ തസ്തിക ഓർത്തിട്ടാണ്. ഒരു Dyspയോട് പറയാൻ പറ്റിയ കാര്യങ്ങളല്ലായിരുന്നു അതൊക്കെയും.
വളരെ ചുരുക്കിയായിരുന്നു നന്ദിനി വർമ്മ എന്ന നിഷ്കളങ്കയായ പെൺകുട്ടി ആയിഷാ ബീഗമായ് പരിണമിച്ചതെ പറ്റി സിദ്ധാർത്ഥ് പറഞ്ഞതെങ്കിലും രഘുവിൻ്റെ മനസ്സിൽ വ്യക്തമായ ഒരു ചിത്രം തെളിഞ്ഞു.
ധനാഢ്യനായ സോമശേഖര വർമ്മയുടെ മൂന്ന് മക്കളിൽ ഏറ്റവും ഇളയവളായിരുന്നു നന്ദിനി. അവളുടെ സഹോദരന്മാർ അച്ഛനെ പോലേ തന്നെ കൊല്ലും കൊലയ്ക്കും പേര് കേട്ടതായിരുന്നു.നോക്കെത്താ ദൂരത്ത് പാടശേഖരങ്ങളും, തെങ്ങിൻ തോപ്പിനും ഉടമയായിരുന്നു സോമശേഖരൻ. പാരമ്പര്യമായ് കിട്ടിയ സ്വത്തിനേക്കാൾ വെട്ടിപ്പിടിച്ചും, ചൂഷണം ചെയ്തും ഉണ്ടാക്കിയതായിരുന്നു അധിലതികവും.
കണിശക്കാരനും, ധാർഷ്ഠ്യ സ്വഭാവ ശീലവുമുള്ള സോമശേഖരന് നന്ദിനിയോട് പ്രത്യേക വാത്സല്യവും സ്നേഹവുമൊക്കെ ഉണ്ടായിരുന്നു. അത് കൊണ്ട് മാത്രമാണ് പഠനത്തിൽ മിടുക്കിയായിരുന്ന നന്ദിനിയെ അവളുടെ ഇഷ്ടപ്രകാരമുള്ള ജോലിക്ക് വിടാൻ അയാൾ തയ്യാറായത്.
പട്ടണത്തിലുള്ള സ്കൂളിൽ അദ്ധ്യാപികയായ് ജോലിക്ക് പ്രവേശിച്ചതിന് ശേഷമാണ് നന്ദിനി ഷാഹുലുമായ് പരിചയപ്പെടുന്നത്. ഷാഹുലിൻ്റെ സംഘടനാ മികവായിരുന്നു നന്ദിനിയെ അവനിലേക്ക് ആകൃഷ്ടയാക്കിയിരുന്നത്. ഏതോരു കാര്യത്തിലും തൻ്റേതായ നിലപാടും, കാര്യ പ്രാപ്തിയും ഉണ്ടായിരുന്നു അയാൾക്ക്.പഠിക്കാൻ പിന്നിലായിരുന്ന വിദ്യാർത്ഥികളെ തിരഞ്ഞ് പിടിച്ച് അവരോട് കൂട്ട് കൂടി അവരെ മുൻ നിരയിൽ എത്തിക്കുന്നതിൽ ഷാഹുൽ ഏവരുടേയും പ്രശംസ പിടിച്ച് പറ്റിയിരുന്നു. ഷാഹുലുമൊത്തുള്ള സൗഹൃദം പതിയെ പതിയെ നന്ദിനിയെ പ്രണയത്തിലേക്ക് നയിക്കുകയായിരുന്നു.
അച്ഛൻ്റെയും ഏട്ടന്മാരുടേയും എതിർപ്പിന് മുന്നിൽ നന്ദിനി തല കുനിച്ചില്ല എന്ന് മാത്രമല്ല ശക്തമായ് എതിർക്കുകയും കൂടി ചെയ്തപ്പോൾ വാത്സല്യവും സ്നേഹമൊക്കെ മാറി വൈരാഗ്യം ഉടലെടുത്ത് തുടങ്ങി.
നന്ദിനി രണ്ട് ദിവസമായ് സ്കൂളിൽ വരാതിരുന്നപ്പോഴേ ഷാഹുലിന് അപകടം മണത്തു.
സോമശേഖരനും മക്കളും കൂടി എടുപിടിയായ് കല്യാണ ആലോചനയ്ക്കായ് പോയിരുന്ന സമയത്താണ് ഷാഹുൽ നന്ദിനിയെ തേടി ചെല്ലുന്നതും, അടച്ചിട്ട മുറിയുടെ വാതിലുകൾ തല്ലി തകർത്ത് നന്ദിനിയേയും കൊണ്ട് അവിടെ നിന്ന് രക്ഷപെടുന്നത്.
യാഥാസ്ഥിതിക കുടുംബം ആയതിനാലും പരമ്പരാഗതമായ് കാത്ത് സൂക്ഷിച്ചിരുന്ന പേരും പെരുമയുക്കെ ഒരു നിമിഷം കൊണ്ട് ഒലിച്ച് പോയത് പോലേ ഉള്ള ദുരഭിമാന ഭാരത്താൽ തല വെളിയിൽ കാട്ടാതേ നീറി നീറി പുകയുകയായിരുന്ന സോമശേഖരന് മക്കൾ രണ്ടാളും കൂടി ഒരു വാക്ക് കൊടുത്തിരുന്നു സമാധാനത്തോടേ നന്ദിനിയെ ഈ ഭൂമിയിൽ ജീവിക്കാൻ അനുവദിക്കില്ലെന്ന്!
ഷാഹുലിൻ്റെ കുടുംബവും അത്ര മോശമൊന്നും അല്ലായിരുന്നു. താന്തോന്നികളായ നാല് അനുജന്മാരായിരുന്നു നില വിളക്കുമായ് നന്ദിനെയേയും ഷാഹുലിനേയും എതിരേല്ക്കാൻ അവിടെ കാത്ത് നിന്നത്, ഉമ്മറപ്പടിയിൽ ചാരുകസേരയിൽ നീണ്ട് നിവർന്ന് കിടന്ന ബാപ്പയും.. കപ്പടാ മീശയും പിരിച്ച് പഴയ കാല ആസ്ഥാന ചട്ടമ്പികളെ ഓർമ്മിപ്പിക്കുന്ന രൂപത്തിലുള്ള മൂപ്പരെ കണ്ടപ്പോൾ നന്ദിനിക്ക് തോന്നിയത് പട പേടിച്ച് പന്തളത്ത് ചെന്നപ്പോൾ പന്തളം സുധാകരൻ്റെ ഗാനമേള എന്ന് പറഞ്ഞത് പോലേ ആയിരുന്നു.
അഞ്ച് ആൺ മക്കളിൽ ഏറ്റവും മൂത്തവനായിരുന്നു ഷാഹുൽ.ഉമ്മ ചെറുപ്പത്തിൽ തന്നെ മരിച്ച് പോയതിനാൽ ബാപ്പയും അഞ്ച് ആൺമക്കളും മാത്രമേ ആ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ.
ഉമ്മയുടെ റോൾ കൈകാര്യം ചെയ്തിരുന്നത് മൂത്തവനായ ഷാഹുലായിരുന്നു. വിദ്യാഭ്യാസത്തിലും സ്വഭാവത്തിലും ഷാഹുൽ മറ്റുള്ളവരേക്കാൾ മികച്ചതായിരുന്നു. സഹോദരങ്ങൾ ഒക്കെയും വാപ്പയെ പോലേ മുരടന്മാർ ആയിരുന്നെങ്കിലും ഷാഹുലിക്കയെ അവർക്ക് ജീവനായിരുന്നു. അത് കൊണ്ട് തന്നെ നന്ദിനിയെ അവർ ഉമ്മയുടെ സ്ഥാനത്താണ് കണ്ടത്, വാപ്പ സ്വന്തം മകളെ പോലയും.
അവളുടെ മതമോ ജാതിയോ അവർക്ക് ഒരു പ്രശ്നമേ അല്ലായിരുന്നു. തൊട്ടടുത്തുള്ള അമ്പലത്തിൽ നന്ദിനിയെ നിർബന്ധിച്ച് കൂട്ടി കൊണ്ട് പോകുന്നതൊക്കെ അനുജന്മാരായിരുന്നു.
തിരികെ പ്രസാദവുമായ് വരുമ്പോൾ നെറ്റിയിൽ ചന്ദനം തൊട്ട് കൊടുക്കാൻ കൊച്ച് കുട്ടികളെ പോലേ അവന്മാർ ഒച്ച കൂട്ടുന്നത് നോക്കി നിന്ന ഷാഹുലിൻ്റെ കണ്ണുകൾ നിറഞ്ഞിരുന്നു ആനന്ദത്താൽ പലപ്പോഴും.
ഇത്താത്ത എന്ന വിളി കേൾക്കാൻ അവൾക്ക് ഏറേ ഇഷ്ട്ടമായിരുന്നു. നാല് അനുജന്മാരും അവളെ ഉള്ളം കൈകളിലാണ് കൊണ്ട് നടന്നിരുന്നത്. തനിക്ക് നഷ്ട്ടപ്പെട്ട സ്നേഹവും വാത്സല്യവുമൊക്കെ വാരിക്കോരി തരാൻ അവർക്കൊക്കെ ഒപ്പം ഉപ്പയും ഉണ്ടായിരുന്നു. അവൾ വന്നതിന് ശേഷം ആ വീടൊരു സ്വർഗ്ഗ തുല്യമായ് തീരുകയായിരുന്നു അക്ഷരാർത്ഥത്തിൽ.
വിവാഹത്തിന് ശേഷവും അവർ ഒരുമ്മിച്ച് തന്നെയായിരുന്നു സ്കൂളിലേക്ക് ജോലിക്ക് പോയി കൊണ്ടിരുന്നത്. പക്ഷേ ഏറേ നാൾ അവരുടെ സന്തോഷം നീണ്ട് നിന്നില്ല.മാനേജ്മെൻ്റ് സ്കൂളിൽ നിന്ന് അവരെ പുറത്താക്കാൻ സോമശേഖരനും കൂട്ടർക്കും അധികം പ്രയാസപ്പെടേണ്ടി വന്നില്ല.
ജോലി നഷ്ട്ടപ്പെട്ട സങ്കടത്തിൽ ദു:ഖിതരായ ഇരുവരേയും സമാധാനിപ്പിച്ചത് ബാപ്പയുടെ വാക്കുകളായിരുന്നു. നമ്മുടെ ഈ കൊച്ച് ഗ്രാമത്തിൽ സ്വന്തമായ് ഒരു സ്കൂൾ പണിത് അവിടെ പഠിപ്പിച്ചാൽ നിങ്ങളെ ആർക്കും പിന്നെ പുറത്താക്കാൻ ആവില്ലല്ലോ. അതിനായ് എൻ്റെ എല്ലാ സ്വത്തുക്കളും വിൽക്കാൻ ഞാൻ തയ്യാറാണ്. സഹോദരന്മാരും കൂടി അതിന് തയ്യാറായത് നന്ദിനിയെ അത്ഭുതപ്പെടുത്തിയിരുന്നു.
അത് വെറുമൊരു ആശ്വാസ വാക്ക് മാത്രയിരുന്നില്ലെന്ന് നന്ദിനിക്ക് മനസ്സിലാവാൻ അധികം വൈകിയില്ല. സ്കൂൾ പടുത്ത് ഉയർത്താൻ ഒരു ട്രസ്റ്റ് രൂപീകരിക്കുകയും, നീയമ സാധ്യകൾ പരിഹരിക്കുകയും,അതിന് പറ്റിയ സ്ഥലസൗകര്യങ്ങൾ കണ്ടെത്തുന്നതും ഒക്കെ വളരെ വേഗത്തിലായിരുന്നു.
സ്ഥലം ഈട് വെച്ച് ബാങ്കിൽ നിന്ന് വൻ തുക വായ്പയായ് തരാൻ ഷാഹുലിൻ്റെ സ്വന്തത്തിലുള്ള ബാങ്ക് മാനേജർ തയ്യാറാവുകയും ചെയ്തപ്പോൾ സ്കൂളിൻ്റെ പണി അതി വേഗത്തിലായ്.
ഇതറിഞ്ഞ സോമ ശേഖരനും മക്കൾക്കും ഇരിക്കപ്പൊറുതി മുട്ടി. വിവിധ രൂപത്തിൽ തടസ്സങ്ങൾ സൃഷ്ടിക്കാൻ അവർ തുനിയുമ്പോഴൊക്കെ അതിൻ്റെ പതിന്മടങ്ങ് വേഗത്തിൽ കാര്യങ്ങൾ ഭംഗിയായ് നടത്താൻ നന്ദിനിയും ഷാഹുലും സഹോദരങ്ങളുമെല്ലാം മത്സരിക്കുന്ന കാഴ്ച ആരാലും അസൂയ ഉളവാക്കിയിരുന്നു.
നന്ദിനി ആയിഷയായ് മാറിയതും, രഘുനന്ദൻ എങ്ങനെ ശത്രുവായി തീർന്നതുമൊക്കെ അറിയാനായ് അടുത്ത ഭാഗം വരെ കാത്തിരിക്കണോട്ടോ….🙏
[തുടരും]
ഷെർബിൻ ആന്റണി
Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.


2 Comments
നല്ല കഥ
Pingback: സ്മഗ്ളിംഗ് - 5 - By ഷെർബിൻ ആൻ്റണി - കൂട്ടക്ഷരങ്ങൾ