ആ പോയ സ്ത്രീയെ നല്ല പരിചയം തോന്നുന്നു.പക്ഷേ ആരാണെന്ന് ഓർത്തെടുക്കാൻ രാഹുലിന് കഴിയുന്നില്ല.അവർ വാതിൽ തുറന്നു പുറത്ത് കടന്നു.നീലും ഡെന്നിയും വാതിൽ വരെ ചെന്ന് അവരോട് യാത്ര പറഞ്ഞു.അവർ വാതിലടച്ചു മുറിയിലേയ്ക്ക് മടങ്ങി, രാഹുൽ രഘുവരൻ ആ വീടിനകത്ത് കുടുങ്ങി പോയി.
സലിം പുറത്തെവിടെയെങ്കിലും കാണും.ആ സ്ത്രീയെ പിൻതുടരാൻ സലീമിന് മെസേജ് അയയ്ക്കാം.ഡൈനിംഗ് ടേബിളിന് താഴെ കർട്ടന് പിറകിൽ രാഹുൽ പതുങ്ങിയിരുന്നു.ഇരുട്ടിലെ മൊബൈൽ വെളിച്ചം പുറത്ത് കണ്ടാൽ പ്രശ്നമാകും.
“ഒരു സ്ത്രീ ഇവിടെ നിന്നും പുറത്തിറങ്ങി,അവരെ പിന്തുടരുക.ഞാനിവിടെ കുടുങ്ങി പോയി.”
രാഹുലിന് നല്ല ഉറക്കം വരുന്നു.അവിടിരുന്ന് മയങ്ങാമെന്ന് വിചാരിച്ചാൽ കൂർക്കം വലി യാണ് പ്രശ്നം.ഭാര്യ പരാതി പറയുന്ന ആകെ ഒരു കുഴപ്പം അതാണ്.ഉറക്കത്തെ നിയന്ത്രിച്ചു രാഹുൽ അവിടെത്തന്നെയിരുന്നു.
കുറച്ച് കഴിഞ്ഞപ്പോൾ സലിമിൻ്റെ മറുപടി കിട്ടി.
“എൻ്റെ വണ്ടിയുടെ മുന്നിൽ ഒരു കറുത്ത ടൊയോട്ട ഫോർച്ചൂണർ പോകുന്നുണ്ട്.ഒരു സ്ത്രീ ഒറ്റയ്ക്കാണ് വണ്ടിയിൽ.”
“സൂക്ഷിച്ചു അവരെ പിന്തുടരുക.”
അകത്തെ മുറിയിൽ സംഭാഷണം നിലച്ചു.രണ്ട് പേരും ഉറങ്ങാൻ തയാറെടുക്കുകയാവണം.രാഹുൽ അവിടെ അകപ്പെട്ടിട്ട് ഒരു മണിക്കൂറും നാൽപത് മിനിറ്റും കഴിഞ്ഞു.
വീട് പൂർണമായും ഇരുട്ടിലായി, നിശബ്ദമായി.നിലാവിൽ ,മുകളിലത്തെ നിലയിലേയ്ക്കുള്ള സ്റ്റെയർ കേസ് ദൃശ്യമായി.രാഹുൽ മുട്ടിലിഴഞ്ഞ് സ്റ്റെയർ കേസിൻ്റെ താഴത്തെ പടിയിലെത്തി.പതിയെ മുകളിലത്തെ പടിക്കെട്ടുകൾ കയറി.അവിടമൊക്കെ വിജനമായിരുന്നു.ശബ്ദമുണ്ടാക്കാതെ ബാൽക്കണിയുടെ വാതിൽ തുറന്നു.അവിടെ നിന്നും താഴെ വരെ പത്തടിയോളം താഴ്ചയുണ്ട്.ചാടിയാൽ കാലൊടിയും.
ചുറ്റുപാടും നോക്കി കയറോ വല്ലതും കിട്ടുമോയെന്ന്,ഒന്നും കിട്ടിയില്ല.രക്ഷപ്പെടാൻ വേറെ മാർഗമൊന്നുമില്ല.നിരാശനായി ബാൽക്കണി വാതിലടച്ച് വീണ്ടും പടിക്കെട്ടുകൾ നിരങ്ങിയിറങ്ങി.മെല്ലെ അടുക്കള വാതിൽ തുറന്ന് പുറത്തിറങ്ങി.രാവിലെ അവർ മനസ്സിലാക്കും ആരോ ശത്രുക്കൾ അകത്ത് കടന്നിരുന്നുവെന്ന്.
ഇരുട്ടിലൂടെ പമ്മി പതുങ്ങി രാഹുൽ ഗേറ്റിനടുത്തേക്ക് നടന്നു.പുറത്തിറങ്ങി ഗേറ്റ് ചാരി പതിയെ നടന്നു ,കുരിശടിയുടെ ഭാഗത്തേക്ക് നടന്നു,ഇടയ്ക്കെന്തോ ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയപ്പോൾ തന്നെ പിന്തുടർന്ന് വരുന്ന ഒരു ചെറുപ്പക്കാരൻ.അയാൾ രാഹുലിനെയാണ് ലക്ഷ്യം വയ്ക്കുന്നത്.
രാഹുൽ നല്ല വേഗതയിൽ ഓടാൻ ശ്രമിച്ചു,പറ്റുന്നില്ല.മദ്യത്തിൻ്റെ ലഹരിയിൽ ശരീരമാകെ തളരുന്നു.ജീവൻ അപകടത്തിലാണ്.ആ മാഡം ആരെന്ന് കണ്ട് പിടിച്ച് കേസുകൾ തെളിയിക്കണം, അതാണ് ലക്ഷ്യം.
ഊർജ്ജം സംഭരിച്ച് ഓടാൻ ശ്രമിച്ചു.കാലുകൾ തളരുന്നു,ദാഹിക്കുന്നു, ശരീരം വിയർപ്പിൽ കുതിർന്നു.കുടുംബ പരദേവതകളെ മനസ്സിൽ പ്രാർത്ഥിച്ചു കൊണ്ട് അവസാനത്തെ ശ്രമം.പിറകെയുള്ള ആൾ ഓടി തൊട്ടടുത്ത് എത്താറായി.പോസ്റ്റിൽ നിന്നുമുള്ള മങ്ങിയ വെളിച്ചത്തിൽ അയാളുടെ കയ്യിലിരുന്ന കൂർത്ത ആയുധം കണ്ടു.
ഇനി രക്ഷയില്ല എന്ന് കരുതിയ സമയത്താണ് പിന്നിൽ നിന്നും ഒരു നിലവിളി ശബ്ദം കേട്ടത്.ആ ചെറുപ്പക്കാരൻ നിലത്ത് വീണു കിടക്കുന്നു.അയാളെ ഇടിച്ചിട്ടത് ഒരു പെട്ടി ഓട്ടോയാണ്.ചാടി ഡ്രൈവർക്കൊപ്പമിരുന്നു.വണ്ടി വീണയാളെ മറികടന്ന് വേഗത്തിൽ പാഞ്ഞു.
“താനിപ്പോൾ വന്നില്ലായിരുന്നുവെങ്കിൽ.”
“സാറെ കുറച്ച് സംസാരിക്കാനുണ്ട്.”
“നമുക്ക് കടൽത്തീരത്ത് പോയാലോ.”
“വേണ്ട സാർ നമ്മുടെ പിറകെ ആരോ ഉള്ളത് പോലെ തോന്നുന്നു.
“പിന്നെ നമ്മളെങ്ങോട്ട് പോകും.”
“മഹേഷിൻ്റെ വീട്ടിൽ പോകാം സാർ,ഒരു താക്കോൽ അവനെന്നെ ഏൽപ്പിച്ചിട്ടുണ്ട്.നമ്മൾ അവിടെ ഉണ്ടാകുമെന്ന് ആരും സംശയിക്കില്ല.”
സലീമിനെ വിശ്വസിക്കാമോ എന്നൊരു സംശയം രാഹുലിൻ്റെ മനസ്സിലുണ്ട്.
അവർ വന്ന പെട്ടി ഓട്ടോ ഒരു കടയുടെ മുന്നിൽ പാർക്ക് ചെയ്തു , അത് ടാർപോളിൻ ഇട്ട് മൂടി.
“ഇതെൻ്റെ അളിയൻ്റെ കടയാണ്.ഇതിവിടെ കിടക്കട്ടെ.”
“അപ്പോൾ താക്കോൽ?”
സലീം കടയുടെ വരിപ്പലകയുടെ ഇടയിലൂടെ താക്കോൽ അകത്തേക്ക് ഇട്ടു.കുറച്ച് നേരം അവർ ഇരുട്ടിൽ മറഞ്ഞു നിന്നു.
പരിസരം വിജനമാണെന്ന് ഉറപ്പ് വരുത്തിയ ശേഷം അവർ മുന്നോട്ട് നടന്നു.ഒളിഞ്ഞും മറഞ്ഞും അര മണിക്കൂർ കൊണ്ട് അവർ മഹേഷിൻ്റെ പഴയ വീടിൻ്റെ പിറകിലെ റോഡിലെത്തി.
അവർ വാതിൽ തുറന്നു അകത്ത് കയറി.അടച്ചിട്ടിരുന്ന വീടിനകത്ത് പൊടിയുടെ മണം, മഹേഷിൻ്റെ മരണ ശേഷം അടച്ചിട്ടിരിക്കുകയായിരുന്നു ആ വീട്.
“ആ സ്ത്രീ ആരാണെന്ന് സാറിന് മനസ്സിലായോ.”
“മനസ്സിലായില്ല.”
“സാറിനെ കുത്താൻ വന്നത് ആരാണെന്ന് മനസ്സിലായോ.”
“ഇല്ല.”
“ആ സ്ത്രീ ധന്യ ശ്യാമളൻ ആയിരുന്നു.കുത്താൻ വന്നവൻ ഇന്ന് മൊബൈൽ ക്യാമറയുമായി സ്റ്റേഷനിൽ വന്ന് വീഡിയോ എടുത്തവൻ.”
“ധന്യ ശ്യാമളൻ,ആ വിമലിൻ്റെ ഭാര്യയല്ലേ.ഹെയർ സ്റ്റൈലിസ്റ്റായി അവർ കുറച്ച് സിനിമകളിൽ ജോലി ചെയ്തിട്ടുണ്ടല്ലോ.
“അതേ സാർ, അന്വേഷണം അവരിൽ നിന്നും തുടങ്ങണം.ഞാനിവിടെ സാറിനെ കൂട്ടി കൊണ്ട് വന്നത്,അവരും മഹേഷും തമ്മിലുള്ള അടുപ്പം കാരണമാണ്., ഇവിടെ നിന്നും നമുക്ക് തുടങ്ങാമെന്ന് പ്രതീക്ഷിച്ചാണ്.”
“ഇവിടെ മുഴുവൻ മരണ സമയത്ത് നമ്മൾ പരിശോധിച്ചതല്ലേ.”
“നമുക്കുള്ളത് എന്തെങ്കിലും ഇവിടെ നിന്നും കിട്ടും.മഹേഷിൻ്റെ മരണ സമയത്ത് ഇവിടെ എല്ലാം പരിശോധന നടത്തിയില്ല സാർ.”
“ഞാനാണല്ലോ മുഴുവൻ പരിശോധന നടത്തിച്ചത്.”
“ഇല്ല സാർ പൂജാമുറി പരിശോധിക്കാൻ ഞാൻ സമ്മതിച്ചിരുന്നില്ല.മഹേഷ് ഒരു മൂകാംബിക ഭക്തനാണ്.അവൻ ദിവസവും രാവിലെ കുളിച്ചു വിളക്ക് കത്തിച്ചു പ്രാർത്ഥിക്കും.അതെല്ലാം അവൻ എന്നോട് പറയുമായിരുന്നു.അവൻ വെറുതെ മരിക്കില്ലല്ലോ.അവൻ എന്തെങ്കിലും സൂചന തരാതിരിക്കില്ല.അപ്പോൾ രഹസ്യമായി എന്തെങ്കിലും ഒളിപ്പിച്ചു വയ്ക്കാൻ പൂജാമുറി തെരഞ്ഞെടുത്തിരിക്കും.”
“തനിക്ക് രഹസ്യമായി വന്ന് പരിശോധിക്കാമായിരുന്നില്ലേ.”
“ഞാനൊരു അന്യ മതസ്ഥനല്ലേ.ഇത് വിശ്വാസവുമായി ബന്ധപ്പെട്ടതല്ലേ.”
“അതൊക്കെ അവിടെ നിൽക്കട്ടെ.ഡ്യൂട്ടി ഫസ്റ്റ്.താൻ കയറി വാ.”
രാഹുൽ പൂജാമുറി ൺയുടെ വാതിൽ തുറന്നു.സലിം ചെരുപ്പ് ഊരി അകത്ത് കടന്നു.
രാഹുലും സലീമും അകത്ത് കയറി വാതിലടച്ചു.പ്രകാശം കണ്ട് അയൽവാസികൾ ആരും വരാതിരിക്കാനായിട്ടാണ് വാതിലടച്ചത്. രണ്ടോ മൂന്നോ ദേവതാ ചിത്രങ്ങളും ഒരു നിലവിളക്കും അല്ലറചില്ലറ പൂജാ സാമഗ്രികളും മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ.രാഹുൽ മുക്കും മൂലയും പരിശോധിച്ചു, ഒന്നും കിട്ടിയില്ല.അയാൾ പിന്തിരിഞ്ഞു.
“സാറേ ആ നിലവിളക്ക് ഒറ്റ പീസാണോ.”
“അല്ലല്ലോ പിരിയൻ വിളക്കാണ്, രണ്ട് പീസ് കൂട്ടി ചേർത്തതാ.”
രാഹുൽ വിളക്ക് രണ്ട് പീസാക്കി.അതിനിടയിൽ രണ്ട് മടക്കിലൊരു ന്യൂസ് പേപ്പർ വച്ച് ലൂസായ പിരി കൂടുതൽ മുറുക്കിയിട്ടുണ്ട്.
“ആ വിളക്കിൻ്റെ മുകളിലെ കൂമ്പിൻ്റെ അകം ശൂന്യമാണോ.”
രാഹുൽ സലീമിനെ നോക്കി.അയാൾക്ക് പോലീസിൽ കൂടുതൽ ജോലി ചെയ്ത പരിചയമുണ്ട്.
രാഹുൽ കൂമ്പിയ ഭാഗം പരിശോധിച്ചു.ഒന്നും കാണാൻ വയ്യ.വിരലിട്ട് നോക്കി,എട്ടായി മടക്കിയ ഒരു പേപ്പർ താഴെ വീണു.സലീം ആ പേപ്പർ നിവർത്തി നോക്കി.
“ഇതൊരു കത്താണ് സാർ.”
“താൻ അത് വായിക്കൂ.”
അവർ പൂജാമുറിയിൽ നിന്നും പുറത്തിറങ്ങി.മഹേഷിൻ്റെ ബെഡ് റൂമിൽ ചെറിയ ലാമ്പിൻ്റെ മുന്നിൽ സലീം ഇരുന്നു.അടുത്ത് രാഹുലും…
പ്രത്യേകിച്ച് ആരെയും അഭിസംബോധന ചെയ്യാതെ , മലയാളത്തിൽ വ്യക്തമായ വടിവൊത്ത അക്ഷരങ്ങളിൽ മഹേഷ് എഴുതിയ കത്ത്.അവസാനം പേരെഴുതി ഒപ്പിട്ടിട്ടുണ്ട്.
മഹേഷ് എന്ന ഞാൻ വളരെ സത്യസന്ധമായി പോലീസ് ജീവിതം ആരംഭിച്ചു.വിവാഹം കഴിഞ്ഞെങ്കിലും ഭാര്യയുമായുള്ള മാനസിക പൊരുത്തം കുറവായിരുന്നു.എൻ്റെ വീട്ടിലെ ദാരിദ്ര്യം ആയിരുന്നു അവളുടെ പ്രശ്നം.ആദ്യമൊന്നും ഞാനത് വിഷയമാക്കിയില്ല.കുഞ്ഞുങ്ങൾ ജനിച്ചതിന് ശേഷം പ്രശ്നം വഷളായി.തൊട്ടതിനും പിടിച്ചതിനും വഴക്കായി.ഞാൻ വീട്ടിൽ വരുന്നത് ആഴ്ചയിൽ ഒന്നാക്കി.
ആ സമയത്താണ് സഞ്ജീവ് സർ ചാർജ്ജെടുത്തത്.എൻ്റെ സ്വഭാവത്തിന് നേർ വിപരീതമായിരുന്നു സാറിൻ്റെ സ്വഭാവം.എല്ലാ ഏടാകൂടങ്ങളിലും ചെന്ന് ചാടും,എല്ലാം കേസുകളും ഏറ്റെടുക്കണം, പക്ഷേ കാര്യമായി എന്തെങ്കിലും കൈയ്യിൽ തടഞ്ഞില്ലെങ്കിൽ വാദിയെ പ്രതിയാക്കി കളയും.പണം കിട്ടിയാൽ ആരെയും രക്ഷിക്കും.
വാങ്ങുന്ന പണത്തിനെ കൃത്യമായി ഭാഗിച്ചു ആളോഹരി മാസാവസാനം സ്റ്റേഷനിലെ എല്ലാവരുടെയും കയ്യിലെത്തും.കൃത്യമായി പണം കിട്ടി തുടങ്ങിയതോടെ ഞാനടക്കമുള്ള എല്ലാവരും അയാളുടെ ക്രൈമിൽ പങ്കാളികളായി.
പണം വരാൻ തുടങ്ങിയതോടെ ഭാര്യയുടെ പ്രശ്നങ്ങളും തീർന്നു.ലോണെടുത്ത് വച്ച വീടിൻ്റെ അടവുകൾ തീരാറായതോടെ പുതിയ കാർ വാങ്ങി, പട്ടണത്തിലെ കണ്ണായ സ്ഥലത്ത് ഒരു വീടിന് മോഹ വില പറഞ്ഞു.പിന്നെ അത് സ്വന്തമാക്കാൻ പരിശ്രമം തുടങ്ങി.എൻ്റെ അത്യാഗ്രഹം നാൾക്ക് നാൾ കൂടി വന്നു.പോലീസിൽ എൻ്റെ പ്രിയപ്പെട്ടവരായ ജോസഫ് സാറും സലീം സാറും എന്നെ പലപ്രാവശ്യം ഇതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചു.
ഞാൻ സഞ്ജീവ് സാറുമായി കൂടുതൽ സഹകരിച്ചു.അഭിമാനം പണയം വച്ച് കൂടുതൽ പണം നേടി.
കുറെ പണമൊക്കെ ആയപ്പോൾ ഞാൻ ഇതൊക്കെ മടുക്കാൻ തുടങ്ങി.ഭാര്യയുടെ നിർബന്ധം പ്രകാരം ഞാൻ ഒരു എട്ട് സീറ്റുള്ള വണ്ടി വാങ്ങി.ആ കാറിൻ്റെ ആദ്യം ഓട്ടം സഞ്ജീവ് സാറിന് വേണ്ടിയായിരുന്നു.സാറിൻ്റെ കൂട്ടുകാരൻ്റെ ഭാര്യയായ ധന്യ മാഡത്തെ എറണാകുളത്തുള്ള ഷൂട്ടിംഗ് ലൊക്കേഷനിൽ എത്തിക്കണം.
ആ യാത്ര ഒരു വഴിത്തിരിവായി മാറി.അത്ര നിറമില്ലെങ്കിലും നല്ല ഭംഗിയുള്ള മുഖവും സ്വഭാവവും ആയിരുന്നു മാഡത്തിന്.
എനിക്കവരോട് നല്ല ആരാധന തോന്നി.യാത്രയിൽ മുഴുവൻ അവർ തൻ്റെ മകനെ ചേർത്ത് പിടിച്ചു കരച്ചിലായിരുന്നു.എത്ര ആശ്വസിപ്പിക്കാൻ ശ്രമിച്ചിട്ടും അവർ കരച്ചിൽ നിർത്തുകയോ എന്നോട് സംസാരിക്കുകയോ ചെയ്തില്ല.അവർ അന്യ പുരുഷന്മാൻമാരോട് മിണ്ടുന്നത് സഞ്ജീവ് സാറിന് ഇഷ്ടമല്ലായിരുന്നു.
എറണാകുളം എത്തിയപ്പോഴേക്കും അവരുടെ മുഖം കരഞ്ഞ് കലങ്ങിയിരുന്നു.ഞാൻ അധികാരത്തോടെ അമ്മയേയും മകനേയും ഒരു കടയിൽ കയറ്റി ഭക്ഷണം വാങ്ങി നൽകി.അന്ന് രാത്രിയിൽ അവർക്ക് കൂട്ടായി അവിടെ തങ്ങുകയും ചെയ്തു.
എൻ്റെ ആത്മാർത്ഥത ബോധിച്ചിട്ടായിരിക്കും ധന്യ മാഡം എന്നോട് മിണ്ടാൻ തുടങ്ങി.
“താനും അയാളെ പോലൊരു പോലീസുകാരനാണെന്ന് കരുതി.നിങ്ങളുടെ കൂട്ടത്തിൽ നല്ല ആളുകളും ഉണ്ടല്ലേ.”
“ഞാനത്ര നല്ലവനൊന്നുമല്ല,പക്ഷേ നൻമയും തിൻമയും ചെറുപ്പത്തിലെ മാതാപിതാക്കൾ പഠിപ്പിച്ചിട്ടുണ്ട്.ജീവിത സാഹചര്യങ്ങൾ മൂലം അനേകം തെറ്റും ചെയ്തിട്ടുണ്ട്.”
“എന്നാൽ തനിക്ക്,എനിക്ക് വേണ്ടി… ന്യായത്തിന് വേണ്ടി പോരാടാമോ.ഞാനെൻ്റെ കഥ പറഞ്ഞല്ലോ.ആണത്തമില്ലാത്ത ,പെണ്ണുപിടിയനായ ഭർത്താവ്, അയാളുടെ സുഹൃത്തായ സഞ്ജീവിനെ പോലൊരാളുടെ വെപ്പാട്ടിയായി ജീവിക്കുന്നതിലും ഭേദം….”
മടിയിൽ കിടന്ന് ഉറങ്ങുന്ന കുഞ്ഞിൻ്റെ മുഖത്തവർ തലോടി.
“ഇവനെ എനിക്ക് ചിലപ്പോൾ സ്നേഹിക്കാൻ തോന്നാറില്ല.സഞ്ജീവിൻ്റെ അതേ മുഖച്ഛായ അല്ലേ ഇവന്.”
“ഞാനെന്ത് ചെയ്യണം മാഡം പറയൂ.”
“തന്നെ ഞാനെങ്ങനെ വിശ്വസിക്കും.”
അതിന് ഞാൻ മറുപടി കൊടുത്തില്ല.ഞാൻ മടങ്ങാനായി ,മേശമേലിരുന്ന താക്കോലെടുത്ത് എഴുന്നേറ്റു.അവർ കുഞ്ഞിനെ എടുത്ത് എൻ്റെ മുന്നിൽ വന്ന് നിന്നു,എൻ്റെ കണ്ണിലേക്കവർ മറ്റ് നോക്കി.
“എനിക്ക് നിങ്ങളെ വിശ്വാസമാണ്.”
ഞാൻ തൽക്കാലം നാട്ടിലേക്ക് മടങ്ങിയെത്തിയെങ്കിലും ,ഞാനും അവരും തമ്മിൽ രഹസ്യമായി കണ്ട് മുട്ടാറുണ്ടായിരുന്നു.അവർക്കും എനിക്കും ഒരേ ദുഃഖമായിരുന്നു.സ്നേഹിക്കാനും തുറന്ന് പറയാനും ആരുമില്ലാത്ത അവസ്ഥ.ഞങ്ങൾ പരസ്പരം തണലായി മാറി.
ധന്യയ്ക്ക് വിമലിനേയും സഞ്ജീവിനേയും തൻ്റെ ജീവിതത്തിൽ നിന്നും ഒഴിവാക്കണം.എനിക്ക് വിവാഹമോചനം വേണം.പക്ഷേ എൻ്റെ കുട്ടികളെ എനിക്ക് ഉപേക്ഷിക്കാൻ കഴിയില്ല.എൻ്റെ കുട്ടികളേയും അവൾ വളർത്താൻ തയാറായിരുന്നു.
ഞങ്ങൾ സഞ്ജീവ് അറിയാതെ ഈ വീട്ടിൽ ഒന്നിക്കുമായിരുന്നു.
ഞാൻ ധന്യയെ സഹായിക്കാമെന്ന് ഏറ്റു.ഞാൻ അവൾക്ക് വേണ്ടി എന്തും ചെയ്യാനുള്ള മാനസിക അവസ്ഥയിൽ ആയിരുന്നു ആ സമയത്ത്.
ധന്യയുടെ നിർദ്ദേശ പ്രകാരം ഞാൻ സഞ്ജീവിനെ കൂടുതൽ സഹായിച്ചു, അയാളുടെ വിശ്വസ്തനായി മാറി.അയാളുടെ രഹസ്യങ്ങൾ ചോർത്താൻ തുടങ്ങി.സഞ്ജീവ് മദ്യപിച്ച് കഴിഞ്ഞാൽ ഞാൻ അയാളുടെ ലാപ്ടോപ് ഓണാക്കി ഫയലുകൾ പെൻഡ്രൈവിലേക്ക് മാറ്റും.
ആ സമയത്താണ് നാട്ടിലെ കുരിശടി കേന്ദ്രീകരിച്ച് നീലും സംഘവും ഒരു പ്രൈവറ്റ് ഡിറ്റക്ടീവ് ഏജൻസി തുടങ്ങിയത്. അവനായിരുന്നു ഞങ്ങളുടെ ആശ്രയം.ധന്യയെ ഞാൻ നീലിന് പരിചയപ്പെടുത്തി കൊടുത്തു.വിമലിനേയും സഞ്ജീവിനേയും കൊല്ലാനുള്ള കൊട്ടേഷൻ ധന്യ നീലിൻ്റെ ഏജൻസിക്ക് നൽകി.
പിറ്റേ ദിവസം എന്നെ അൽഭുതപ്പെടുത്തി കൊണ്ട് നീലിൻ്റെ വിളി വന്നു.
“ഈ കൊട്ടേഷൻ ഞങ്ങൾക്ക് ഏറ്റെടുക്കാൻ കഴിയില്ല.”
കാര്യം തിരക്കി ചെന്ന എന്നോടും ധന്യയോടും നീൽ പറഞ്ഞ കാരണം കേട്ട് ഞങ്ങൾക്ക് സന്തോഷമായി.
(തുടരും….)
✍️✍️നിഷ പിള്ള

