Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കുരുക്ഷേത്ര ഭൂമിയിൽ ഒറ്റയ്ക്ക് നടന്നവൾ
അനുഭവം കഥ ജീവിതം വിവാഹം സ്ത്രീ

കുരുക്ഷേത്ര ഭൂമിയിൽ ഒറ്റയ്ക്ക് നടന്നവൾ

By Anju RanjimaAugust 11, 2023Updated:September 6, 20231 Comment9 Mins Read102 Views
Bookmark Now
Please login to bookmark Close

No account yet? Register

പിതാ രക്ഷതി കൗമാരേ
ഭര്‍ത്താ രക്ഷതി യൗവ്വനെ
പുത്രാ രക്ഷതി വാര്‍ദ്ധക്യേ
ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി ‘

ആത്മീയ ആചാര്യന്മാരും നവോത്ഥാന പുരോഗമന നായകന്മാരും ഇനി എന്തെല്ലാം വിശദീകരണങ്ങളും കൊണ്ട് വന്നാലും ചില സ്ത്രീകൾക്കെങ്കിലും ഇന്നും ഈ മനുസ്മൃതിക്ക് ഒരു അർത്ഥമേ ഉള്ളൂ.

സ്ത്രീ ഒരിക്കലും സ്വാതന്ത്ര്യം അർഹിക്കുന്നില്ല.

അല്ലെങ്കിൽ ആരൊക്കെയോ അവൾക്ക് അറിഞ്ഞു നൽകേണ്ട ഒന്ന് മാത്രമാണ് സ്വാതന്ത്ര്യം.

അതിനെ മുൻനിർത്തി നമുക്കൊരു കഥയിലേക്ക് പോകാം.

ഈ കഥയിൽ നിങ്ങൾക്ക് പരിചയമുള്ള ആരെയെങ്കിലും കണ്ടെത്തിയാൽ അതിൽ യാദൃശ്ചികം എന്നൊന്ന് ഇല്ലെന്ന് ആദ്യമേ പറഞ്ഞു വയ്ക്കുകയാണ്.

ഇവളുടെ കഥ നടക്കുന്നത് പല കാണ്ഡങ്ങൾ ആയിട്ടാണ്.അത് കൊണ്ട് തന്നെ അല്പം മുഷിച്ചിലുകൾ ഉണ്ടായേക്കാം.സദയം ക്ഷമിക്കുക.

കാണ്ഡം-1

സമ്മിശ്ര കാണ്ഡം

അഞ്ജലിക്ക് കുഞ്ഞിലേ മോഹൻലാലിന്റെ ഛായ ഉണ്ടെന്നാണ് പറഞ്ഞിരുന്നത്.

അത് കൊണ്ട് അവളെ ചിലരൊക്കെ മോഹൻലാലിന്റെ മോളെ എന്നൊക്കെ വിളിക്കുമായിരുന്നത്രേ.

പ്രസവശേഷം നേഴ്സ് അവളെ ഭംഗിയായി വെള്ള തുണിയിൽ പൊതിഞ്ഞു അമ്മയെ കാണിച്ചപ്പോൾ
“ഇതെന്റെ കുഞ്ഞ് അല്ലേ…കൊച്ചു മാറി പോയെ”..
എന്നൊക്കെ അമ്മ നിലവിളിച്ചു എന്നൊക്കെയാണ് അസൂയക്കാർ പറഞ്ഞു പരത്തിയിരുന്നത്.

എന്തായാലും അങ്ങനെയൊക്കെയുള്ള പുകഴ്ത്തലുകളിൽ മനസ്സ് നിറഞ്ഞും കുറച്ചൊക്കെ ജാഡ കാണിച്ചുമാണ് അഞ്ജലി തന്റെ ശൈശവം കടന്നു വന്നത്.

കുഞ്ഞ് വലുതാകുംതോറും മുതിർന്നവർക്ക് സ്വാഭാവികമായി തോന്നാവുന്ന ആ ഒരു അടുപ്പകുറവ്‌ ഇവിടെയും സംഭവിച്ചു.

വല്യ മാറ്റങ്ങൾ ഒന്നും സംഭവിക്കാതെ രണ്ട് പെണ്മക്കളും ഒരു അച്ഛനും അമ്മയും മാത്രമുള്ള സാധാരണ ഇടത്തരം വീട്ടിൽ സംഭവിക്കാവുന്നത് പോലെയുള്ള ഓരോ രംഗങ്ങളുമായി അവൾ കൗമാരത്തിലേക്ക് കാൽ കുത്തി.

മറ്റൊരു വീട്ടിൽ പോകേണ്ടവൾ ആണെന്നുള്ള സാമൂഹിക മനസ്ഥിതിയെ മുൻനിർത്തി തുണി അലക്കൽ,പാത്രം കഴുകൽ,മുറ്റം അടിക്കൽ,തുടങ്ങി വളരെ ചെറിയ കാര്യങ്ങളും ക്രാഷ് കോഴ്സ് ആയിട്ട് കുറച്ച് അടക്കവും ഒതുക്കവും പാലിക്കേണ്ടതിലെ മാന്യതയും ഒക്കെ അമ്മ രണ്ട് പെണ്മക്കളെയും പഠിപ്പിച്ചിട്ടുണ്ടായിരുന്നു.

യൂണിഫോമിൽ ചുവന്ന പാട് കണ്ട നാൾ മുതൽ ആണ് അമ്മ അഞ്ജലിയുടെ ചങ്കുകൾ ആയിരുന്ന അനീഷിനെയും പ്രദീപിനെയും അവന്റെ ചേട്ടൻ പ്രവീണിനെയും ജിജോ അച്ചാച്ചനെയും ഒക്കെ അകറ്റി നിർത്തിച്ചത്.

പെമ്പിള്ളെരുമായി പണ്ടേ കമ്പനി കൂടാത്ത അഞ്ജലി അന്ന് മുതൽ ജിനുവിലും ജിബി ചേച്ചിയിലും പ്രിയ ചേച്ചിയിലും സിതാരയിലും ഒക്കെ കൂട്ട് കണ്ടെത്തി.

അന്നായിരുന്നു അവൾ ആദ്യമായി ആൺ പെൺ വിത്യാസം തിരിച്ചറിയുന്നത്.

എന്തിലും ഏതിലും അമ്മയുടെ കണ്ണ് ചെന്നെത്തും.

രണ്ട് പെണ്മക്കളെയും നന്നായി വളർത്തേണ്ടതും ചെന്ന് കയറുന്ന വീട്ടിൽ അമ്മയുടെ വളർപ്പ് കൊണ്ടാണ് കുട്ടികൾ ഇത്ര നല്ലതായി വളർന്നത് എന്നുള്ള സർട്ടിഫിക്കറ്റ് മേടിക്കേണ്ടതും അമ്മയുടെ മാത്രം ആവശ്യമായിരുന്നല്ലോ.

അത് ചെയ്യരുത്..ഇത് ചെയ്യരുത്..അവനോട് മിണ്ടരുത്..കാൽ പൊക്കി വച്ച് ഇരിക്കരുത്..മുട്ടിനു മുകളിൽ നിൽക്കുന്ന ഡ്രെസ്സ് ഇടരുത്..അങ്ങനെ ഒരുപാട് അരുതരുതുകൾ കൊണ്ട് അഞ്ജലിയുടെ ചെറുപ്പത്തെ ബ്ലാക്ക് ആൻഡ് വൈറ്റ് ആക്കി കളഞ്ഞു.

ഏതൊരു പെൺകുട്ടിയേയും പോലെ അവളുടെ ഹീറോ ആയിരുന്ന അച്ഛനെ തൊടാൻ പോലും വിലക്ക് ഏർപ്പെട്ട ദിവസമാണ് അവളിലെ കുഞ്ഞുകുട്ടിയുടെ  ഉള്ളം ഉരുകി ദ്രവിച്ചു പോയത്.

വയസ്സറിയിച്ചു എന്നൊരു തെറ്റ് മാത്രം ചെയ്തു പോയ അവൾക്ക് പിന്നിലും മുന്നിലും സൈഡിലും സി സി ടിവി ക്യാമറ പോലെ നാട്ടുകാരുടെയും വീട്ടുകാരുടെയും കണ്ണുകൾ പിന്തുടർന്നു.

ചേച്ചിയെ പോലെ മിണ്ടാപൂച്ച ആകാഞ്ഞത് കൊണ്ട് മാത്രം തെറ്റിദ്ധരിക്കപെട്ട ഒരു ബാല്യവും കൗമാരവും ആയിരുന്നു അവളുടേത്.

പഠിച്ചു നല്ലൊരു ജോലി മേടിച്ചു അച്ഛനും അമ്മയ്ക്കും ഇഷ്ടമുള്ളൊരു ജീവിതം നൽകണം എന്നു മാത്രമായിരുന്നു അവളുടെ മോഹം.

ഏതൊരു സാധാരക്കാരി പെൺകുട്ടിയും മോഹിക്കുന്നത് പോലെ  പ്രണയവും വിവാഹവും ഒന്നും അവളുടെ വിദൂര സ്വപ്നങ്ങളിൽ പോലും ഉണ്ടായിരുന്നില്ല.

മിണ്ടാപൂച്ച കലമുടച്ചത് പോലെ ഒരു അന്യമതക്കാരനുമായി ചേച്ചി അടുപ്പത്തിലായി.

അതറിഞ്ഞു വിഷമിച്ചത് വീട്ടുകാർ മാത്രമല്ല നാട്ടുകാർ കൂടി ആയിരുന്നു.

ചിലരൊക്കെ സുന്ദരിയും സുശീലയും ആയ അവളെ കൊണ്ട് തന്റെ മകനെ വിവാഹം കഴിപ്പിക്കണം എന്ന് പോലും ആഗ്രഹിച്ചിരുന്നത്രേ.

മരംകേറി ആയിരുന്ന അഞ്ജലിയുടെ ശനിദശ ആരംഭിക്കുന്നത് അവിടെ നിന്നായിരുന്നു.

ചേച്ചി ടെക്നോപാർക്കിൽ ജോലിക്ക് കയറിയിട്ടും അനിയത്തിയായ
അഞ്ജലിയുടെ നല്ല നടപ്പിന് വേണ്ടി പ്ലസ്ടു മുതൽ കോളേജ് വരെയുള്ള പഠന കാലയളവിൽ അവളുടെ സുരക്ഷയെ മാനിച്ച് എല്ലാ നാട്ടുകാരും അവൾ വീട്ടിൽ നിന്നു ഇറങ്ങുന്നത് മുതൽ തിരിച്ചു വീട്ടിൽ വന്നു കയറുന്നത് വരെ കണ്ണുകൾ കൊണ്ട് അവളെ സംരക്ഷിച്ചു പോന്നു.

അമ്മയുടെ സംശയകണ്ണുകളുടെ നിഴലിൽ ആയിരുന്നു അവളുടെ ഓരോ ദിവസവും.

ഒരു വിശേഷമോ കൊച്ചു വർത്തമാനമോ പോലും പറയാൻ കഴിയാതെ അവൾ വിഷമിച്ചു.

കൂട്ടുകാർ ആയിരുന്നു അവളുടെ സന്തോഷം.
അവരിൽ അവൾ മറ്റൊരു അഞ്ജലിയെ കണ്ടെത്തി.

പൊട്ടി ചിരിക്കുന്ന,തമാശകൾ പറയുന്ന,സ്നേഹിക്കാൻ കൊതിക്കുന്ന മറ്റൊരു പെൺകുട്ടിയെ.

ചേച്ചിയുടെ പ്രണയവും അച്ഛനമ്മമാരുടെ തകർച്ചയും ഒക്കെ പിന്നീട്‌ ആ കുടുംബത്തെ തളർത്തുന്ന വിഷയങ്ങൾ ആയിരുന്നു.

വാദങ്ങൾക്കും പ്രതിവാദങ്ങൾക്കും സന്ധി സംഭാഷണങ്ങൾക്കും ശേഷം ചേച്ചിയെ അയാളെ കൊണ്ട് കെട്ടിക്കാൻ തീരുമാനമായി.

മതം മാറണം എന്നത് മാത്രമായിരുന്നു അവരുടെ ഡിമാൻഡ്.

ആൺകൂട്ടർ ആയിരുന്നത് കൊണ്ട് മാത്രം അവരുടെ ആവശ്യങ്ങൾ പരിഗണിക്കപ്പെട്ടു.

തകർന്നു നിൽക്കുന്ന അച്ഛന്റെ മുഖം എന്നും അഞ്ജലിയുടെ മനസ്സിൽ ഒരു വിങ്ങലായി മാറി കഴിഞ്ഞിരുന്നു.

എന്ത് വന്നാലും ഇനി അങ്ങനെ ഒരു അവസ്ഥയിൽ അച്ഛനെ കാണേണ്ടി വരരുത് എന്നവൾ തീരുമാനം എടുത്തിരുന്നു.

ചേച്ചിയുടെ കല്യാണം,പിന്നെ ഫങ്ക്ഷനുകൾ,വിശേഷങ്ങൾ, അവളുടെ പ്രസവം, അഞ്ജലിയുടെ പഠിത്തം അങ്ങനെ ദിവസങ്ങൾ കടന്നു പോയി.

ഡിഗ്രിക്ക് പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് അഞ്ജലിയുടെ മേലേക്ക് അശനിപാതം പോലെ ആ വിവാഹ ആലോചന എത്തുന്നത്.

വേണ്ടെന്ന് അവൾ കരഞ്ഞു പറഞ്ഞിട്ടും പഠിച്ചു നല്ലൊരു നിലയിൽ എത്താനാണ് ആഗ്രഹിക്കുന്നത് എന്ന് പറഞ്ഞു പട്ടിണി കിടന്നിട്ടും ചൂട് വെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും എന്നത് പോലെ ആയിരുന്ന അമ്മ കടും പിടുത്തം പിടിച്ചു.

കുഞ്ഞമ്മ കൊണ്ട് വന്ന ആലോചന ആയിരുന്നതിനാലും ചേച്ചിയുടെ കല്യാണത്തോടെ ഒഴിഞ്ഞു നിന്ന വീട്ടുകാർ ഇതോടെ തിരിച്ചെത്തും എന്ന പ്രതീക്ഷ കൊണ്ടും അമ്മ ആത്മഹത്യാ ഭീഷണി മുഴക്കി അഞ്ജലിയെ സമ്മതിപ്പിച്ചു.

മകളുടെ ഏത് ആഗ്രഹവും നടത്തി കൊടുക്കുന്ന അച്ഛനും ഭാര്യയുടെ പിടിവാശിക്ക് മുന്നിൽ കീഴടങ്ങി.

അഞ്ജലിയുടെ സമ്മതമില്ലാതെ അവൾക്ക് തീരെ ആഗ്രഹമില്ലാത്ത ആ വിവാഹം അവളുടെ ഇരുപതാമത്തെ വയസ്സിൽ നടന്നു.

ഹാൾ ടിക്കറ്റ് വാങ്ങാൻ വേണ്ടി മണവാട്ടി വേഷത്തിൽ കോളേജിലേക്ക് പോയപ്പോൾ അവൾ അറിഞ്ഞിരുന്നില്ല ഇനി നീന്തി കേറേണ്ടത് ദുരിത കടലുകൾ ആണെന്ന്..

ഇനിയുള്ളത് ദുരന്തകാണ്ഡമാണെന്ന്.

കാണ്ഡം-2

ദുരിത കാണ്ഡം

എരിതീയിൽ നിന്ന് വറ ചട്ടിയിലേക്കാണ് അഞ്ജലി കാലെടുത്തു കുത്തിയത്.

നാല് ആണ്മക്കൾ ഉള്ള വീട്ടിലെ മൂന്നാമത്തെ ആളുടെ ഭാര്യയായി ആ വീട്ടിലേക്ക് കാലെടുത്ത് വയ്ക്കുമ്പോൾ ആശങ്കകളും സങ്കടങ്ങളും മാത്രേ കൂട്ടിനുണ്ടായിരുന്നുള്ളൂ.

ഹിന്ദി സീരിയയലുകൾ മാത്രം കണ്ട് പരിചയമുള്ള അഞ്ജലിയുടെ മുന്നിൽ എത്തിയത് മലയാള സീരിയലിലെ അമ്മായിഅമ്മ ആയിരുന്നു.

കഴിഞ്ഞ ജന്മത്തിലെ ശത്രുവിനെ പോലെയാണ് ആ അമ്മ മരുമക്കളെ കണ്ടിരുന്നത്.

ആദ്യദിവസം തന്നെ അവരുടെ സ്വഭാവം അവൾക്ക് മനസ്സിലായി.

ഇനിയുള്ള ജീവിതം എന്താണെന്ന് ഓർത്ത് അവൾ വേവലാതിപ്പെട്ടു.

മക്കളെ കെട്ടിച്ചു വിട്ട സമാധാനത്തിൽ ഇരിക്കുന്ന അച്ഛനമ്മമാരുടെ മുഖങ്ങൾ ഓർത്ത് അവൾ കരഞ്ഞു. ആദ്യമായി അടുത്ത് കാണുന്ന ഭർത്താവിനെ പോലും അവൾ ഭയപ്പെട്ടു.

ബന്ധുക്കൾ ഒരുപാട് ഉള്ളത് കൊണ്ട് മുറികൾ ഒന്നും ഒഴിവുണ്ടായിരുന്നില്ല.

പെട്ടെന്ന് നടത്തിയ കല്യാണം ആയിരുന്നത് കൊണ്ട് മുകളിലത്തെ മുറിയുടെ പണി കഴിഞ്ഞിരുന്നില്ല. താഴെ ഉണ്ടായിരുന്ന മുറികൾ അമ്മയുടെയും രണ്ടാമത്തെ മകനും ഭാര്യയും താമസിക്കുന്നതും ആയിരുന്നു.

ഗർഭിണി ആയിരുന്നത് കൊണ്ട് സ്വന്തം വീട്ടിൽ പോയിരുന്ന അവൾ തന്റെ മുറി വിട്ട് കൊടുക്കാൻ പറ്റില്ലെന്ന് തീർത്തു പറഞ്ഞു. അമ്മയും അതേ നിലപാടിൽ തന്നെ.

തൊട്ടടുത്ത് തന്നെ താമസം ആയിരുന്ന മൂത്ത ചേട്ടൻ മുറിയുടെ പണി കഴിയുന്നത് വരെ രണ്ടുപേരും തന്റെ വീട്ടിൽ താമസിച്ചോട്ടെ എന്ന് തീർപ്പു കല്പിച്ചു.

പുറത്ത്‌ വാഗ്വാദങ്ങൾ കേട്ട് കൊണ്ട് അകത്തെ മുറിക്കുള്ളിൽ പുതിയതായി വന്നു കയറിയ ഒരു പെണ്ണ് ഉണ്ടെന്നും അവൾ സങ്കടം കൊണ്ട് കരയാൻ പോലും ആകാതെ വിതുമ്പുകയാണെന്നും അവർ ഓർത്തില്ല.

പത്ത് മാസത്തോളം അവളും ഭർത്താവും ചേട്ടന്റെ വീട്ടിൽ ആയിരുന്നു.

പാചകവും കഴിപ്പും അമ്മായിഅമ്മയുടെ വീട്ടിലും കിടപ്പും ഉറക്കവും ചേട്ടന്റെ വീട്ടിലും.

എങ്ങനെ പ്രതികരിക്കണമെന്ന് അറിയാതെ അവളും വീട്ടുകാരും.

ആദ്യരാത്രിയിൽ അവൾ ഒരുപാട് പൊരുത്തകേടുകളും മനസ്സിലിട്ടാണ് മുറിയിലേക്ക് കയറിയത്.

ഹാളിൽ കിടന്ന് ഉറങ്ങി പോയ കൊച്ചു കുഞ്ഞുങ്ങളെ തട്ടാതെയും മുട്ടാതെയും അടി വച്ച് ചെന്ന അവളുടെ മുഖം മറ്റുള്ളവർ നാണം കൊണ്ട് ചുവന്നതായാണ് വ്യാഖാനിച്ചത്.

ചേട്ടത്തി കൊടുത്ത പാൽ മേശ എന്നു പേരുള്ള ഒരു കാലിളകിയ സാധനത്തിൽ വച്ചതും അത് തട്ടി താഴെ പോയി.

പരിഭ്രമത്തോടെ നിന്ന അവളോട്

“സാരമില്ല..പേടിക്കണ്ട..ഞാൻ തുടച്ചോളാം ”

എന്നൊക്കെ പറഞ്ഞ് ഭർത്താവ് സമാധാനിപ്പിച്ചതും പുറത്ത് പോയി വേസ്റ്റ് തുണി കൊണ്ട് വന്ന് തറ തുടയ്ക്കുന്നതും പാതി ചാരിയ വാതിലിനു അപ്പുറത്ത് ആരൊക്കെയോ എത്തി നോക്കി ചിരിക്കുന്നതും കണ്ണീർ കൊണ്ട് മറഞ്ഞ കണ്ണുകളിലൂടെ അവൾ കണ്ടു.

അയാൾ തന്നെ അവളെ കട്ടിലിൽ കൊണ്ട് ഇരുത്തി.അവളുടെ പേടി തിരിച്ചറിഞ്ഞ അയാൾ അവളുടെ കൈകൾ സ്വന്തം കൈക്കുള്ളിൽ ഒതുക്കി കൊണ്ട് പറഞ്ഞു.

“പേടിക്കണ്ട. ഇതൊക്കെ ഇങ്ങനെയാണ്. ഒരുപാട് കാണേണ്ടിയും കേൾക്കേണ്ടിയും വരും. എനിക്ക് വേണ്ടി ക്ഷമിക്കണം. നീ എന്ന് ഓക്കേ ആകുന്നോ അന്ന് മതി നമ്മുടെ ആദ്യരാത്രി പോലും. പക്ഷേ ഒന്നോർത്തോ..എന്തിനും ഞാൻ കൂടെയുണ്ടാകും.”

ആ വാക്ക് ഇന്ന് വരെയും പാലിക്കുന്നുണ്ട് ആ ഭർത്താവ്. അയാൾക്ക് വേണ്ടി അവൾ ക്ഷമിക്കുന്നുമുണ്ട്.

പക്ഷേ അത് വെറും ഡയലോഗ് മാത്രം ആയിരുന്നെന്ന് മനസ്സിലാക്കാൻ അവൾക്ക് അധികകാലം കാത്തിരിക്കേണ്ടി വന്നില്ല.

അവളോട് ഒരുപാട് സ്നേഹം ഉണ്ടെങ്കിലും അമ്മയുടെ മുന്നിൽ പഞ്ചപുച്ഛം അടക്കി നിൽക്കുന്ന മകൻ ആയിരുന്നു അയാൾ.

ഭാര്യയുടെ ഭാഗത്തും നിൽക്കാതെ അമ്മയുടെ ഭാഗത്തും നിൽക്കാതെ അയാൾ പല വഴക്കുകളെയും

നിർവീര്യമാക്കി.

അമ്മയുടെ പോർവിളിയിൽ മനംനൊന്ത് കിടക്കയിലിരുന്ന് കണ്ണീരൊഴുക്കുന്ന അവളോട് അയാൾ ആവർത്തിച്ചു.

“എനിക്ക് വേണ്ടി…എനിക്ക് വേണ്ടി…”

അയാൾക്ക് വേണ്ടിയും ഉള്ളിൽ മൊട്ടിട്ട അയാളുടെ ജീവന് വേണ്ടിയും അവൾ ക്ഷമിച്ചു കൊണ്ടേയിരുന്നു.

തങ്ങൾ പെണ്മക്കൾക്ക് വേണ്ടി സ്വന്തം ശരീരവും ജീവിതവും കളയുന്ന അച്ഛനെ ഓർത്ത് അഞ്ജലി പിടിച്ചു നിന്നു.

സ്വന്തം അമ്മയെ പോലെ കണ്ട്…ആ കുടുംബത്തെ സ്വന്തം കുടുംബത്തെ പോലെ കണ്ട് ജീവിതം തുലയ്ക്കുന്ന അവൾക്ക് പക്ഷേ ഒരു നീതിയും കിട്ടിയില്ല.

ആ അമ്മയുടെ പോര് സഹിക്കാൻ കഴിയാതെ വഴക്കിട്ട് വീട് വിട്ടിറങ്ങിയ രണ്ട് മരുമക്കളുടെ കോറം തികയ്ക്കാനുള്ള പകരക്കാരി മാത്രമായിരുന്നു അവൾ.

വീട്ടു വേല ചെയ്തും തൂത്തും തുടച്ചും അടിച്ചും നനച്ചും അവളാ വീട്ടിലെ ആൾ ഇൻ ആൾ
മാനേജ്മെന്റ് സിസ്റ്റം ആകുമ്പോൾ ആ അമ്മ സ്വീകരണമുറിയിലെ ടിവിയിലെ പരിപാടികൾ കണ്ട് ആർത്തട്ടഹസിച്ചു.

അവരുടെ കാൽ കീഴിലെ തറ തുടയ്ക്കുമ്പോൾ പോലും ഒരു കയ്യിൽ അവരുടെ കാൽ താങ്ങി മറു കൈ കൊണ്ടാണ് അവൾ തുടച്ചിരുന്നത്.

ചിലപ്പോഴൊക്കെ കേട്ടാൽ അറയ്ക്കുന്ന തെറിപദങ്ങൾ കൊണ്ട് അവളെയും അവളുടെ വീട്ടുകാരെയും കുളിപ്പിക്കുമ്പോഴും അവൾ നിർവികാരയായി.

സ്വത്തിനു വേണ്ടി ചിലപ്പോൾ അവൾ അനിയനും അമ്മയ്ക്കും വിഷം പോലും കലക്കി കൊടുക്കാൻ മടിക്കില്ല എന്ന് പറഞ്ഞ രാത്രിയാണ് അവൾ ആദ്യമായി ആത്മഹത്യക്ക് ശ്രമിക്കുന്നത്.

ഇനിയും അനുഭവിക്കാൻ ഉണ്ടെന്ന് ഉള്ളത് കൊണ്ടാവും മരണം അവളെ കൈവിട്ടു.

ബോധം പോയ മനസോടെയും ശരീരത്തോടെയും ചേട്ടത്തിയോട് കാര്യങ്ങൾ പറഞ്ഞ അവളോട് ചേട്ടത്തി ആദ്യമായി ദേഷ്യപ്പെട്ടു.

അവർക്ക് വേണ്ടി സ്വന്തം ജീവിതം നശിപ്പിക്കരുതെന്ന് പറഞ്ഞു കരഞ്ഞു. ഇതേ കാരണം കൊണ്ട് അവരോട് വഴക്കിടാൻ പോയ ചേട്ടത്തിയോട് അവർ പറഞ്ഞത്..”എന്നിട്ട് അവൾ ചത്തില്ലല്ലോ എന്നാണ്..”

ഓരോ ദിനങ്ങളും അവൾക്ക് ഓരോ യുഗങ്ങൾ ആയിരുന്നു.

ചില ദിവസങ്ങളിൽ വിഷമത്തോടെ അയാളുടെ നെഞ്ചിൽ ചേർന്നിരുന്ന് പതം പറഞ്ഞു കരയുന്ന അവളെ ചേർത്തിരുത്തി ആശ്വസിപ്പിക്കുന്നത് കിടക്കയിലേക്കും പിന്നെ അവളിലേക്കുള്ള ഇഴഞ്ഞുകയറ്റത്തിലും ആയിരിക്കും അവസാനിക്കുക.

തന്റെ ശരീരമാണ് ഇവിടെയും ആവശ്യമെന്ന് അവൾക്ക് തോന്നി തുടങ്ങി.

വല്ലപ്പോഴുമുള്ള വീട്ടിലേക്കുള്ള യാത്രയിൽ അവൾ അമ്മയോട് പൊട്ടിത്തെറിക്കും.

തന്റെ ജീവിതം നശിപ്പിച്ചത് അമ്മയാണെന്ന് പറയും.

അമ്മയുടെ മുഖം കണ്ട് വിഷമിച്ചാണ് അവൾ തിരിച്ചു വരിക.

ഉണ്ണാനും ഉടുക്കാനും എന്തിന് ഒന്നു മറപ്പുരയിൽ പോകണമെങ്കിൽ പോലും അനുവാദം ചോദിക്കേണ്ടി വരുന്ന ജീവിതത്തെ അവൾ വെറുത്തു.

അതിനിടയിൽ ഒരു പെൺകുഞ്ഞ് പിറന്നു. അതിനിടയിൽ അവൾ കേട്ട കുത്തുവാക്കുകൾക്ക് കയ്യും കണക്കുമില്ല.

ആ കുഞ്ഞിന് വേണ്ടി അവൾ ജീവിച്ചു. ചേട്ടത്തി ഉള്ളത് കൊണ്ട് ആ കുഞ്ഞിന്റെ കാര്യത്തിൽ അവൾക്ക് അധികം ദുഃഖിക്കേണ്ടി വന്നില്ല.

ചേട്ടത്തി കുഞ്ഞിനെ നോക്കുമ്പോൾ അവൾ അടുക്കള കാര്യങ്ങൾ നോക്കുമായിരുന്നു.

പോസ്റ്റ് പാർട്ടം ഡിപ്രഷനിൽ നിന്നും വന്ന അവൾക്ക് ചേട്ടത്തി ഒരു ആശ്വാസം തന്നെ ആയിരുന്നു.

എന്നിട്ടും ചിലപ്പോഴൊക്കെ ജീവിതം മടുത്തിട്ട് അവൾക്ക് കലി കയറാറുണ്ട്.

അന്ന് ചെയ്തു കൂട്ടിയതൊക്കെ ഓരോരോ പോറലുകളും പാടുകളും തയ്യലുകളായും അവളുടെ ശരീരഭാഗങ്ങളിൽ ഇന്നും പതിഞ്ഞു കിടപ്പുണ്ട്.

കുഞ്ഞിന് രണ്ട് വയസ്സ് ആയപ്പോഴാണ് അവൾ വീണു കയ്യൊടിയുന്നത്.

അത് കൂനിൽ മേൽ കുരു പോലെ അവളും അവരും തമ്മിലുള്ള അന്തചിദ്രത്തിന്‌ കാരണമായി.

അവിടുന്ന് വിളിച്ചോണ്ട് പോയ അച്ഛൻ പിന്നെ നാല് മാസത്തേക്ക് തിരിച്ച് കൊണ്ടാക്കിയില്ല.

വീട്ടിലെ പണിയെടുത്തു മടുത്ത അവർ അവളെ തിരിച്ചു കൊണ്ട് വരാൻ പറഞ്ഞു മകനോട് എന്നും അടിയായി.

കുടുംബസമാധാനം കാംക്ഷിച്ച് അയാൾ ഭാര്യയെയും കുഞ്ഞിനേയും തിരിച്ചു കൊണ്ട് വന്നു.

11 വർഷത്തോളം അവളാ നരകത്തീയിൽ വെന്തുരുകി.

ഇളയ മകൻ ഒരു പെണ്ണിനെ കൊണ്ട് വന്നതും അവരുടെ കാൽ കീഴിലെ മണ്ണൊലിച്ചു തുടങ്ങി.

തന്റേടിയായ അവൾ അവരെ കുറിക്കു കൊള്ളുന്ന മറുപടിയുമായ് നേരിട്ടു.

വീട്ടിൽ വഴക്കുകൾ പതിവാണെങ്കിലും അവളുടെ വരവോടെ നാട്ടുകാർ അറിഞ്ഞു തുടങ്ങി.

ഇതിനിടയിൽ അഞ്ജലിയുടെ അച്ഛന്റെ സഹായം കൊണ്ടും അയാളുടെ നീക്കിയിരിപ്പ് കൊണ്ടും വയ്ക്കാൻ തുടങ്ങിയ വീടിന്റെ പണി പൂർത്തിയായി തുടങ്ങിയിരുന്നു.

അന്നേരമാണ് അഞ്ജലിയുടെ ജീവിതം ഇങ്ങനെ ആകാൻ കാരണക്കാരിയായ ചേച്ചി അവളുടെ കോൺട്രാക്ടർ ഭർത്താവിനെ കൊണ്ട് അഞ്ജലിയുടെ വീട് പണി എടുപ്പിച്ചതും ലക്ഷങ്ങൾ മുക്കികൊണ്ട് അവർ കുടുംബത്തോടെ നാട് വിടുന്നതും.

അങ്ങനെയും തിരിച്ചടി നേരിട്ടെങ്കിലും അല്പസ്വല്പം കടബാധ്യതകളോടെ അവർ ആ വീട് പണി പൂർത്തിയാക്കി.

അതിനിടയിൽ ഇളയമകനും ഭാര്യയും അവളുടെ കുഞ്ഞും വീട് മാറിപ്പോയിരുന്നു.

അഞ്ജലിയും ഭർത്താവും കുഞ്ഞും ഇറങ്ങിയതോടെ അവർ തനിച്ചായി.

തൊട്ടടുത്തുള്ള ചേട്ടത്തിയുടെ കാരുണ്യത്തിലായി പിന്നെ അവരുടെ ജീവിതം.

പോയി കഴിഞ്ഞപ്പോഴാണ് അഞ്ജലി അവർക്ക് ആരായിരുന്നു എന്നും അവരുടെ ജീവിതത്തിൽ അവൾക്ക് ഉള്ള റോൾ എന്തായിരുന്നെന്നും അവർക്ക് ശരിക്കും മനസ്സിലായത്.

പലവട്ടം അവളോട് അവർ തിരിച്ചു വരാൻ പറഞ്ഞു.

വല്ലപ്പോഴും അവളുടെ വീട്ടിൽ വന്ന് താമസിക്കാൻ സമ്മതിക്കുകയോ അങ്ങോട്ട് പോവുകയോ ചെയ്യുന്നത് അല്ലാതെ വീണ്ടും ആ നരകത്തിലേക്ക് തിരിച്ചു പോകാൻ അവൾ ആഗ്രഹിച്ചില്ല.

പ്രഷർ കൂടി സ്ട്രോക്ക് വന്ന് നാല് മാസത്തോളം അവർ കിടപ്പിലായിരുന്നു.

അപ്പോഴൊക്കെ യാതൊരു മുഷിപ്പും ഇല്ലാതെ അവരുടെ മലവും മൂത്രവും വാരി അവരെ കുളിപ്പിച്ച് ശുദ്ധിയാക്കി ആഹാരവും വാരി കൊടുത്ത് അവൾ അവരെ നോക്കി.

അല്ലെങ്കിലും അത്രയും വർഷത്തിനിടയ്ക്ക് അവർക്ക് വയ്യാതെ വന്നപ്പോഴും കണ്ണ് ഓപ്പറേഷൻ ചെയ്തു കിടന്നപ്പോഴും കയ്യൊടിഞ്ഞു കിടന്നപ്പോഴും അവരെ നോക്കിയത് അവൾ ആയിരുന്നല്ലോ..

ആരോടും കണക്ക് പറയാതെ.
എന്നിട്ടും നാല് മാസം നോക്കാൻ വന്ന മറ്റ് മരുമക്കൾ കണക്ക് പറഞ്ഞു വാക് ശരങ്ങൾ എയ്യുമ്പോൾ അഞ്ജലി ഉള്ളിൽ ചിരിച്ചു.

അതൊക്കെ കേട്ട് ആ അമ്മായിഅമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ചെയ്ത പാപങ്ങളുടെ ഫലം’എന്നവർ ഉള്ളിൽ അലറിക്കരഞ്ഞിട്ടുണ്ടാകാം.

അവസാന നാളുകളിൽ വെള്ളം പോലും കുടിക്കാൻ ആവാതെ ആ നാക്ക് കുഴഞ്ഞു പോയി. ഒരു ദിവസം എല്ലാ മക്കളെയും മരുമക്കളെയും കൊച്ചുമക്കളെയും സാക്ഷിയാക്കി അവരങ്ങ് പോയി.

തിരിച്ചു വരാൻ സാധിക്കാത്ത ഒരിടത്തേക്ക് യാത്ര പോലും പറയാൻ കഴിയാതെ മറഞ്ഞങ്ങ് പോയി.

മരണത്തിൽ അഞ്ജലി കരഞ്ഞില്ല. ചിത എരിഞ്ഞു തീർന്നപ്പോഴും കരഞ്ഞില്ല.

കുറ്റബോധം തീരെ വേണ്ടായിരുന്നല്ലോ.

അവർക്ക് ചെയ്യാൻ ഉള്ളത് അവൾ കൃത്യമായി ചെയ്തിരുന്നു.

തന്നോട് മനസ്സ് കൊണ്ട് മാപ്പ് അവർ പറഞ്ഞു കാണുമെന്ന് അവൾ വിശ്വസിച്ചു.

ചടങ്ങിനിടയിൽ കാക്കയ്ക്ക് ഇല വച്ചപ്പോൾ അവൾ പൊട്ടി കരഞ്ഞു.

ഒരു വറ്റ് പോലും ഇറക്കാൻ പറ്റാതിരുന്ന അമ്മയ്ക്ക് ഇപ്പോ മക്കൾ ഇല നിറയെ ആഹാരം വയ്ക്കുന്നത് കണ്ട് അവൾക്ക് ചങ്ക് നീറി.

ജീവിതത്തിൽ ഒരിക്കലും അവൾക്ക് സന്തോഷം നൽകിയിട്ടില്ലാത്ത,അവളുടെ കുറേ വർഷങ്ങൾ നശിച്ചു പോകാൻ കാരണമായിരുന്ന ആ അമ്മയുടെ ആത്മാവിന് ശാന്തി കിട്ടാൻ അവൾ പ്രാർത്ഥിച്ചു.

കാണ്ഡം-3

സന്തോഷകാണ്ഡം

ഇന്നവൾ ജീവിക്കുന്നുണ്ട്. ഭർത്താവിനോടും മകളോടും ഒപ്പം.

പ്രതീക്ഷകളും സ്വപ്നങ്ങളും മോഹങ്ങളും ഒക്കെ ബാക്കിയുണ്ട്.

കാണാനൂലിലെ പട്ടം പോലെ അവൾ ഇന്നും സ്വതന്ത്രയല്ല.

എങ്കിലും…

യാത്രയും എഴുത്തും വായനയും ഒക്കെ ജീവശ്വാസം ആയ അവളിന്ന് എഴുതുന്നുണ്ട്. തനിക്ക് വേണ്ടി..

തന്റെ ഉള്ളിലെ മോഹങ്ങളുടെ ചുവട് പിടിച്ച് ഒന്ന് നടന്ന് തുടങ്ങിയിട്ടുണ്ട്.

ഇനി പറക്കണം.

കൂട്ടുകാരെയും നിറയെ കിട്ടിയിട്ടുണ്ട്. അവരോടൊത്ത് അവളിന്ന് സന്തുഷ്ടയാണ്. വർഷങ്ങൾ പെയ്തൊഴിഞ്ഞിട്ടും…

കാലങ്ങൾ കളമൊഴിഞ്ഞിട്ടും അവൾക്കിന്നും പ്രതീക്ഷകൾ ഏറെയുണ്ട്.

സ്വയം വെറുത്തിരുന്ന അവളിന്ന് തന്നെ തന്നെ സ്നേഹിക്കുന്നുണ്ട്.

തന്നെ സ്നേഹിക്കുന്ന ഒരുപാട് പേരിൽ സന്തോഷം കണ്ടെത്തുന്നുണ്ട്..

അവൾ ജീവിക്കട്ടെ..അവളുടെ ഇഷ്ടം പോലെ..

ചിത്രത്തിന് കടപ്പാട് : ഗൂഗിൾ

Post Views: 25
4
Anju Ranjima

കഥയില്ലാത്തവൾ..ഇരുട്ടിന് കൂട്ടിരിക്കുമ്പോൾ കാണുന്ന സ്വപ്നങ്ങളിൽ ജീവിതം തിരയുന്ന കിറുക്കുള്ളവൾ

1 Comment

  1. Sunandha Mahehs on September 15, 2023 11:42 AM

    അഞ്ചു ❤️❤️❤️❤️❤️

    ഇഷ്ടായി ഈ എഴുത്ത് 😍

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.