മുന്നിലിരിക്കുന്ന സ്ത്രീകളെ ദേവി അത്ഭുതത്തോടെ നോക്കി. ആശ്വാസത്തോടെ അവൾ തന്റെ കയ്യെടുത്തു ഇടം നെഞ്ചിൽ ചേർത്ത് വെച്ച് സർവ്വേശ്വരനോട് നന്ദി പറഞ്ഞു. അവളുടെ കണ്ണുകൾ യാദൃശ്ചികമായി മുറിയിലെ സിസിടിവി ക്യാമറയിൽ ഉടക്കി. അവൾ കണ്ണുകൾ കൊണ്ട് മുന്നിലിരിക്കുന്നവരെ ക്യാമറയുടെ കാര്യം ഓർമ്മപ്പെടുത്തി.
അവൾ ആതിര വക്കീലിനെ വിളിച്ചു.
“ആതിരേ ഇവർ പറയുന്നതൊന്ന് എഴുതി വാങ്ങൂ. ഇവർക്ക് ഡിവോഴ്സ് വേണം. ഇവരുടെ രണ്ടു പേരുടെയും ഭർത്താവ് ഒരാളാണ്. ആളൊരു വിവാഹത്തട്ടിപ്പു വീരനാണ്. ഇപ്പോൾ അയാൾ മറ്റൊരു സ്ത്രീയുടെ പിറകെയാണ്. തൽക്കാലം ഒരു പരാതി എഴുതി വാങ്ങി വിട്ടേക്ക്, അയാളുടെ കൂടുതൽ വിവരങ്ങൾ ഇവർ പിന്നീട് തന്ന് കൊള്ളും. ഇതിലൊരു സ്ത്രീ ഊമയാണ്, അവരെ ചോദ്യങ്ങൾ ചോദിച്ച് ബുദ്ധിമുട്ടിക്കണ്ട. “
സ്ത്രീകൾ ക്യാബിനിൽ നിന്നും പുറത്ത് പോയപ്പോൾ ദേവി ആതിരയുടെ ചെവിയിൽ പറഞ്ഞു.
“എന്തോ ഉടായിപ്പാണെന്ന് തോന്നുന്നു. എന്തായാലും അവരെ ഒന്ന് നിരീക്ഷിക്കൂ. ഇവിടെ നിന്നും എങ്ങനെ പോകുന്നു. വേറെ ആരെങ്കിലും കൂടെ ഉണ്ടോയെന്നൊക്കെ ഒന്ന് അന്വേഷിക്കൂ. “
“ശരി മാഡം. “
ആ യുവതികൾ പരസ്പരം ചെറിയ ശബ്ദത്തിൽ എന്തൊക്കെയോ പിറുക്കുന്നു.
ദേവി ക്യാബിനിലെ കർട്ടൻ മാറ്റി ഗ്ലാസ് ഭിത്തിയിലൂടെ പുറത്തേക്ക് നോക്കി. ആതിര ആ സ്ത്രീ പറയുന്നത് ഒരു കടലാസിൽ പകർത്തുന്നു. ശേഷം അവർ രണ്ട് പേരും പുറത്തേക്ക് പോകുന്നു.
ഒരല്പനിമിഷം കഴിഞ്ഞ് ആതിര ക്യാബിനിലേക്ക് മടങ്ങി വന്നു.
“മാഡം അവർ മടങ്ങി പോയി. മുൻവശത്തെ ഓട്ടോ സ്റ്റാൻഡിൽ നിന്നും ഒരു ഓട്ടോ കൈകാട്ടി വിളിച്ചു, അതിലാണവർ മടങ്ങിയത്. “
“ആതിരയുടെ ഫോൺ ഒന്ന് തരാമോ. എനിക്കൊരാളെ അത്യാവശ്യമായി വിളിക്കണം, ഇതിലാണേൽ നെറ്റ്‌വർക്കില്ല. “
ആതിര തൻ്റെ മൊബൈൽ ദേവിയുടെ നേരെ നീട്ടി. ആതിര പുറത്ത് പോയപ്പോൾ ദേവി ധൃതിയിൽ ആരുടെയോ നമ്പറിൽ ഡയൽ ചെയ്തു, സംസാരിച്ചു.
“നിങ്ങൾ സുരക്ഷിതരല്ലേ. “
പിന്നെയവൾ നിശബ്ദമായി മറുപടിയ്ക്ക് കാതോർത്തു.
“ശരി ഉച്ച കഴിഞ്ഞ് വരാം. “
ഉച്ച കഴിഞ്ഞ് ദേവി ഓഫീസിൽ നിന്നും നേരത്തേയിറങ്ങി. അവൾ ദേവലോകം വീട്ടിലെ ക്യാമറ ആപ്പ് ഓണാക്കി. ക്യാമറകൾ രണ്ടും ഓഫാണ്.
ദേവിയുടെ കാർ അനുപമയുടെ വീടിനെ ലക്ഷ്യമാക്കി നീങ്ങി. പോർച്ചിൽ കാർ പാർക്ക് ചെയ്ത് അവൾ ഡോർ ബെൽ അമർത്തി.
“നീ എത്തിയോ?”
മുൻ വാതിൽ ലോക്ക് ചെയ്ത്, അനുപമ ദേവിയുടെ കയ്യും പിടിച്ചു മുകളിലത്തെ മുറിയിലേയ്ക്കു കൊണ്ട് പോയി.
“എന്നിട്ടാളെവിടെ?”
“നീ വാ, സുരക്ഷിതമായി മുകളിലത്തെ മുറിയിലുണ്ട്. പ്രണവ് ഇപ്പോൾ സ്ഥലത്തില്ല, ഒറ്റപ്പാലത്ത് ഷൂട്ടിങ്ങിലാണ്. ഒന്ന് രണ്ടു ദിവസം ഇവിടെ കുഴപ്പമില്ല. ആൾ മടങ്ങിയെത്തുമ്പോൾ…
നിനക്കറിയാമല്ലോ സെലിബ്രിറ്റികളുടെ കാര്യം. ഇവിടെ എപ്പോഴും വിസിറ്റേഴ്സും ബഹളവുമാകും. നീ വിഷമിക്കണ്ട, അപ്പോഴേക്കും നമുക്കെന്തെങ്കിലും വഴി കണ്ടെത്താം. “
അനു പുറത്ത് നിന്നും പൂട്ടിയിട്ട ഒരു മുറി തുറന്നു. ഒരു സ്ത്രീ രൂപം കട്ടിലിൽ ഇരുന്നു കൊണ്ട് രണ്ടുപേരെയും തിരിഞ്ഞു നോക്കി. മുഖം മറച്ചിരുന്നത് കൊണ്ട് അതാരാണെന്ന് ദേവിക്ക് മനസിലായില്ല. മെല്ലെ ആ രൂപം തന്റെ മുഖാവരണം മാറ്റി. മീശയുള്ള സ്ത്രീ രൂപം, അത് നിധിനായിരുന്നു.
ദേവിയ്ക്ക് ചിരി പൊട്ടി.
“നിർത്ത് നിന്റെ ചിരി. “
“അനുപമ നീര് കൊണ്ട് വീർത്ത ചുവന്ന തന്റെ കൈ അവളെ ഉയർത്തി കാണിച്ചു.
“അയ്യോ ഇതെന്തു പറ്റിയതാ. “
അനുപമ ദേഷ്യത്തോടെ നിധിനെ നോക്കി, പിന്നെ അവളും പൊട്ടിച്ചിരിച്ചു.
“ഇയാളെ രക്ഷിക്കാൻ ചെന്നതിനു കിട്ടിയ സമ്മാനമാണ്. “
“ഇന്നെന്താ ഉണ്ടായതെന്നു ഒന്ന് തെളിച്ച് പറ രണ്ടാളും. രാവിലെ മുതൽ മനസ്സിൽ ആധിയായിരുന്നു “
നിധിൻ ശബ്ദം കുറച്ചു സംസാരിച്ചു തുടങ്ങി.
“ഇന്നലെ രാത്രി ഒരു ഒൻപതു മണിവരെ ഞാൻ ഒരു ചിത്രത്തിൻ്റെ രചനയിലായിരുന്നു. മൊബൈലിന്റെ ഇരുണ്ട വെട്ടത്തിലായിരുന്നതിനാൽ എന്റെ കണ്ണുകൾ ക്ഷീണം കൊണ്ട് അടഞ്ഞു പോയി. ഞാൻ ആ കിടപ്പിൽ ഉറങ്ങി പോയി. എന്തോ ശബ്ദം കേട്ടാണ് പാതിരാത്രിയിൽ ഉണർന്നത്. ഹാളിലെ കമ്പ്യൂട്ടർ മോണിറ്ററിൽ കൂടി രണ്ടു പേര് ബലമായി മുൻവാതിൽ തുറക്കാൻ ശ്രമിക്കുന്നത് ഞാൻ കണ്ടിരുന്നു. ഞാൻ ഹാളിലെ ക്യാമറ ഓഫാക്കി ബെഡ് റൂമിന്റെ ബെർത്തിൽ ഒളിഞ്ഞിരുന്നു. അടുത്ത വീട്ടിലെ സെക്യൂരിറ്റിയുടെ ശബ്ദം കേട്ടു, ആരോ ഓടി പോകുന്ന കാലൊച്ചകൾ. അയാൾ ടോർച്ചു വെട്ടം വീശിയപ്പോൾ അവരെവിടെയോ പതുങ്ങി. അവർ ഒരു പക്ഷെ എന്നെ തിരക്കി വന്നതാകുമെന്നു എനിക്ക് തോന്നി. ഞാൻ എന്റെ സാധനങ്ങൾ വാരി കെട്ടി, അടുക്കളയിൽ നിന്നും കത്തി വെട്ടുകത്തി, ബോധംകെടുത്താനുള്ള മരുന്ന് സ്പ്രേ, ഒരു വലിയ കഷ്ണം റോപ്പ് എന്നിവയുമായി ബെർത്തിൽ തന്നെ ഒളിഞ്ഞിരുന്നു. നേരം വെളുത്തപ്പോളാണ് എനിക്ക് ആശ്വാസമായത്. വന്നവർ വീണ്ടും തിരക്കി വരുമെന്നെനിക്കുറപ്പായിരുന്നു. “
“ദേവി തന്ന കീപാഡ് ഫോൺ ഞാൻ ഹാളിൽ എവിടെയോ വച്ച് മറന്നു പോയിരുന്നു. രാവിലെ പ്രാതലൊക്കെ കഴിഞ്ഞു അവിടെ നിന്നും ഇറങ്ങാൻ ഞാൻ തീരുമാനിച്ചിരുന്നു. “
“എന്നിട്ട്. “
“മുൻവശത്തെ റോഡിൽ തിരക്ക് കുറയാൻ കാത്തിരുന്നു. രാവിലെ ഒരു പത്തുമണി ആയിക്കാണും. ഞാൻ ഹാളിൽ ഫോൺ പരതി കൊണ്ടു നിന്നപ്പോഴാണ് മുൻവാതിൽ തുറക്കുന്നത്. പേടിച്ചു ഞാൻ രണ്ടു കയ്യ് കൊണ്ടും ഡോർ അമർത്തി അടച്ചു. ആരുടെയോ ഒരു കൈ വാതിലിനിടയിൽ ഇരുന്നു അമരുന്നതും, ഒരു സ്ത്രീയുടെ നേർത്ത കരച്ചിലും കേട്ടു, ഞാൻ എൻ്റെ കൈ ഒന്നയച്ചു. ഒരു സ്ത്രീ വാതിൽ തള്ളി തുറന്നു അകത്തു കയറി. അത് അനുപമയായിരുന്നു. “വേഗം പുറപ്പെടൂ, ഞാൻ ദേവിയുടെ സുഹൃത്താണ്. അപകടമാണിനി ഇവിടെ നിന്നാൽ. ” അനുപമയുടെ കൈ ചുവന്നു വീർക്കാൻ തുടങ്ങി. ഞാൻ എന്റെ കയ്യിലിരുന്ന ബാഗിൽ നിന്നും മരുന്നെടുത്തു തടവി കൊടുത്തു. അനുപമ ഹാൻഡ് ബാഗിൽ നിന്നൊരു പർദ്ദയെടുത്തു എനിക്ക് തന്നു. മറ്റൊന്ന് അനുപമയും ധരിച്ചു. “
പിന്നെ അനുപമയാണ് സംസാരിക്കാൻ തുടങ്ങിയത്.
“നീ ഓഫീസിൽ പോയപ്പോൾ ഞാൻ കാറും എടുത്ത് ഇറങ്ങിയതാണ്. പിന്നെ ഓർത്തപ്പോൾ എന്നെ ടൗണിൽ പലർക്കും അറിയാം, സിനിമ നടൻ പ്രണവിന്റെ ഭാര്യ എന്ന നിലയിൽ പരിചിതമായ മുഖമാണ് എന്റേത്. ഞാൻ കാർ ഡ്രൈവറെ വിളിച്ചു എന്നെ ലുലു മാളിൽ കൊണ്ട് വിടാൻ പറഞ്ഞു. ആരും സംശയിക്കാതിരിക്കാൻ ഞാൻ പതിവുപോലെ ബ്യൂട്ടി പാർലറിൽ കയറി. പിന്നീട് അടുത്തുള്ള പർദ്ദ ഹൗസിൽ നിന്നും രണ്ടു പർദ്ദകൾ വാങ്ങി. സിനിമയ്ക്കുള്ള കോസ്‌റ്റൂം എന്ന് പറഞ്ഞത് കൊണ്ട് കടയിലെ പെണ്ണിന് സംശയമൊന്നും തോന്നിയില്ല. പിന്നെ മാളിൽ നിന്നിറങ്ങി, ഒരു ഓട്ടോയിൽ കയറി നിന്റെ വീടിനു മുന്നിലെത്തി. ആരും ശ്രദ്ധിക്കുന്നില്ല എന്ന് കണ്ടപ്പോൾ ഞാൻ വാതിൽ തുറന്നു കയറാൻ ശ്രമിച്ചതാണ്. ഇപ്പോൾ ഇത് കൂടെ കിട്ടി. പ്രണവ് മടങ്ങി വരുന്നതിനു മുൻപ് ഈ നീരൊക്കെ മാറിയാൽ മതിയായിരുന്നു. ഇല്ലെങ്കിൽ അടുത്ത വഴക്കു അതിനാകും. “
അനുപമയുടെ വീർത്തു തടിച്ച കൈ ദേവി മെല്ലെ തടവി.
“ഞങ്ങൾ ബസിൽ കയറി ടൗണിലിറങ്ങി. അവിടുന്ന് ഓട്ടോ റിക്ഷയിൽ നിന്റെ ഓഫീസിലെത്തി. ഓഫീസ് എത്തുന്നതുവരെ എനിക്ക് നല്ല ടെൻഷനായിരുന്നു. നിന്റെ മുന്നിലിരിക്കുന്നത് വരെ സമാധാനമുണ്ടായില്ല. പെട്ടെന്ന് നീ ഒരു കഥയുണ്ടാക്കി നിന്റെ ജൂനിയറിനോട് പറയുന്നത് കേട്ടാണ് എനിക്ക് മനഃസമാധാനമായത്. “
“വക്കീലന്മാർക്ക് കഥയുണ്ടാക്കി പറയാൻ അത്ര പാടൊന്നുമില്ലല്ലോ. “
അവർ മൂന്നുപേരും പൊട്ടിച്ചിരിച്ചു.
“നിന്റെ ഓഫീസിൽ നിന്നിറങ്ങി ഞങ്ങൾ നേരെ ഇങ്ങോട്ടു പോരുകയായിരുന്നു. നിനക്ക് തന്ന വാക്ക് ഞാൻ പാലിച്ചിട്ടുണ്ട്. നിന്റെ നിധിനെ സുരക്ഷിതനായി ഇവിടെ കൊണ്ട് വന്നിട്ടുണ്ട്. ഇനി… “
“അനു നിന്നോട് എങ്ങനെയാണു ഞാൻ നന്ദി പറയേണ്ടത്. എന്നും നീ എന്നെ സംരക്ഷിച്ചിട്ടേയുള്ളു. “
അനുപമ ദേവിയുടെ തോളിൽ തട്ടി ആശ്വസിപ്പിച്ചു.
“നീ വേഗം ഇവിടെ നിന്നും പൊയ്ക്കോളൂ, ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം. അതുവരെ രണ്ടാളും എന്താന്ന് വച്ചാൽ പറഞ്ഞോളൂ. “
അനുപമ വാതിൽ ചാരി താഴേയ്ക്ക് പോയി. നിധിൻ തന്റെ പർദ്ദ ഊരി മാറ്റി. അവൻ രണ്ടു കൈകൊണ്ടും ദേവിയെ മാറോട് ചേർത്ത് പിടിച്ചു.
“ഇന്നലെ എല്ലാം അവസാനിച്ചെന്നാണ് ഞാൻ കരുതിയത്. അത്രയ്ക്ക് ഞാൻ പേടിച്ചു പോയി. ഓർക്കുമ്പോൾ എൻ്റെ കയ്യിൽ രോമം എഴുന്ന് നിൽക്കുന്നു. “
“ആ ഫോൺ തിരികെ കിട്ടിയോ?”
അപ്പോഴേക്കും ദേവിയെ അവൻ തന്നിലേക്ക് ചേർത്ത് കൊണ്ട് കിടക്കയിലേക്ക് മറിഞ്ഞിരുന്നു. അവന്റെ കൈ കരുത്തിൽ, അനുസരണയുള്ളവളായി ദേവി കിടന്നു. അവനവളുടെ ചുണ്ടിലും കണ്ണിലും കഴുത്തിലും മാറി മാറി ചുംബിച്ചുകൊണ്ടേയിരുന്നു. അവന്റെ സ്നേഹം ആസ്വദിച്ച് കൊണ്ട് അവൾ കണ്ണടച്ച് കിടന്നു.
“ഒരുമ്മ എനിക്ക് മടക്കി തരില്ലേ. “
“ഇല്ല ഫോൺ കിട്ടിയോ. “
“ഫോൺ ആണോ ദേവിക്ക് വലുത്. “
അവൻ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു അവളെ ഏൽപ്പിച്ചു.
“എനിക്ക് ഫോണല്ല നീ തന്നെയാണ് വലുത്. “
അവളവന്റെ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു. മതിയായില്ല എന്നവൻ തലയാട്ടി കൊണ്ടേയിരുന്നു.
“ഇനി ഉമ്മ തരണമെങ്കിൽ നീ വരച്ച എന്റെ ആ ചിത്രം കാണിച്ചു തരണം. ഞാൻ കണ്ടിരുന്നു നിൻ്റെ ചിത്രമെഴുത്ത്. “
അവൻ ബാഗ് തുറന്നു ഒരു വെള്ള എ4 പേപ്പറിൽ വരച്ച ദേവിയുടെ ചിത്രം പുറത്തെടുത്തു. അവൾ തൻ്റെ ചിത്രം ആസ്വദിച്ച് നോക്കി നിന്നു.
“എനിക്ക് ഇത്രയ്ക്കു ഭംഗിയുണ്ടോ?”
“നിനക്കു ഇതിലും ഭംഗിയുണ്ട്. നിന്നെ പൂർണ്ണമായി അറിയുമ്പോൾ ഞാൻ അത് പൂർണ്ണതയിൽ വരയ്ക്കും. “
വാതിൽ തുറന്നു അനുപമ കയറി വന്നു. അവളുടെ കയ്യിലെ ട്രേയിൽ ഓറഞ്ചു ജ്യൂസ് നിറച്ച മൂന്നു ഗ്ലാസ്സുകൾ.
“മോള് വേഗം പോകാൻ നോക്ക്. കൂടുതൽ സമയം നിന്നാൽ നിന്റെ പപ്പയ്ക്കും അമ്മയ്ക്കും എന്തെങ്കിലും സംശയം വരും. നിന്റെ പപ്പ മാത്യൂ ഒരു കുറുക്കനാണ്. “
“പിന്നെ അയാള്?”
“ഇന്ന് രാവിലെ നിന്റെ സങ്കടവും ദേഷ്യവും കണ്ടത് കൊണ്ടാണ് ഞാൻ നിധിനെ തേടി പോയത്. മോള് വീമ്പിളക്കാതെ വീട്ടിൽ പൊയ്ക്കോളൂ. “
ദേവി അനുപമയുടെ കവിളിൽ ഉമ്മ വച്ചു.
“ശരി നിധിൻ, നീ സൂക്ഷിക്കണം. എന്നെക്കാൾ ഇവളെ നിനക്ക് വിശ്വസിക്കാം. ചങ്ക് എന്നൊക്കെ പറഞ്ഞാൽ ഇവളാണ്. ചോദിച്ചാൽ ചങ്ക് വേണേലും പറിച്ചു തരും. അത്ര നല്ലവളാ എന്റെ അനു. “
അനുപമയുടെ മുന്നിൽ വച്ച് ദേവി നിധിനെ കെട്ടിപിടിച്ചു. അവരുടെ പരസ്പര സ്നേഹം കണ്ടു അനുപമയ്ക്ക് സങ്കടം വന്നു.
“നീ ഒന്ന് പോയെ കൊച്ചേ എന്നെ കൂടെ കരയിക്കാതെ. ഈ വേർപ്പാടൊക്കെ കുറച്ചു നാള് കഴിയുമ്പോൾ മാറില്ലേ. “
ദേവിയുടെ കാർ ഗേറ്റു കടന്നു പോകുന്നത് പർദ്ദയണിഞ്ഞ നിധിന്റെ രൂപം ജനലിലൂടെ നോക്കി നിന്നു.
വീട്ടിലെത്തിയപ്പോൾ മുറ്റത്ത് പോലീസ് ജീപ്പ് നിർത്തിയിട്ടിരിക്കുന്നത് കണ്ട് ദേവി ഞെട്ടി. മുറ്റത്തെ മാവിൻ ചുവട്ടിൽ, ചൂരൽ കസേരകളിൽ, ടീച്ചറമ്മയുടെ എതിരെ പോലീസ് ഇൻസ്പെക്ടർ ഇരിക്കുന്നു.
(തുടരും… )
✍️✍️നിഷ പിള്ള

