സഞ്ജീവ് ദേവിയെ ശ്രദ്ധിക്കാതെ അജ്മലിനെ ചോദ്യം ചെയ്തു. സംശയാസ്പദമായ രീതിയിൽ ആരെങ്കിലും അന്നവിടെ വന്നിരുന്നോയെന്നു അന്വേഷിച്ചു. അജ്മൽ ഇല്ലായെന്ന് തലയാട്ടി.
“ദേവിയെന്താ ഇവിടെ?”
സഞ്ജീവ് നെറ്റി ചുളിച്ചു.
“ഒരു സുഹൃത്തുമൊത്ത് ഭക്ഷണം കഴിക്കാൻ വന്നതാ. “
“എന്നിട്ട് സുഹൃത്തെവിടെ?”
“വാഷ് റൂമിൽ കയറി. ഞാൻ അജ്മലിനോട് ഇവിടത്തെ വിശേഷങ്ങളൊക്കെ തിരക്കുകയായിരുന്നു. “
ദേവി ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു.
അപ്പോഴേക്കും ആര്യൻ അവിടേയ്ക്കു നടന്നു വന്നു. ദേവി ഇരുവരെയും പരസ്പരം പരിചയപ്പെടുത്തി. ഞാനിപ്പോൾ വരാമെന്ന് പറഞ്ഞു സഞ്ജീവും പോലീസുകാരനും കൂടെ അകത്തേയ്ക്കു പോയി.
“ദൈവമേ, നിധിനെവിടെ, ഇനിയിപ്പോൾ എന്ത് ചെയ്യും. “
അവൾ പേടിച്ച് ആര്യന്റെ കയ്യിൽ മുറുകെ പിടിച്ചു. അജ്മൽ കൂസാതെ അവിടെ തന്നെ നിന്നു.
“ദേവി പേടിയ്‌ക്കേണ്ട, ഇവരുടെ ഈ പരിശോധന കൂടെ കൂടെ ഇവിടെ നടക്കുന്നുണ്ട്. ആരെ അന്വേഷിച്ചാണ് ഇവർ വരുന്നതെന്ന് മാത്രം അറിയാൻ മേലാ. “
അവർ മടങ്ങി വരുന്നത് വരെ ആര്യനും ദേവിയും അജ്മലിനോട് വിശേഷങ്ങൾ പറയുന്നതു പോലെ കാത്തു നിന്നു. സഞ്ജീവ് മടങ്ങി വന്നു ദേവിയുടെ അടുത്ത് നിന്നു.
“ദേവി ഇന്ന് വൈകിയല്ലോ, ഇനിയെങ്കിലും വീട്ടിൽ പൊയ്ക്കൂടേ, ഞാൻ വേണമെങ്കിൽ കൊണ്ട് വിടാം. “
അയാളുടെ ശബ്ദത്തിൽ ദേഷ്യം കലർന്നിരുന്നു. വേണ്ട ഞാൻ ആര്യനൊപ്പം പൊയ്ക്കൊള്ളാമെന്ന് ദേവി പറഞ്ഞത് കൊണ്ട് സഞ്ജീവ് സ്ഥലം വിട്ടു.
“അജ്മൽ, നിധിൻ എവിടെ?”
“അവൻ ഒളിച്ചു കാണും, ഇവിടെ ഉപയോഗിക്കാത്തൊരു തന്തൂർ അടുപ്പുണ്ട്. അതിൻ്റെ ഒരറ്റം പൊളിഞ്ഞു കിടക്കുവാ, അവൻ അതിലൂടെ അടുത്ത പുരയിടത്തിൽ പോകാൻ വഴി ഉണ്ടാക്കിയിട്ടിട്ടുണ്ട്. ദുബായിൽ വച്ച് തന്തൂർ അടുപ്പിൽ അവനെ ഇടാൻ നോക്കിയതല്ലേ. “
അജ്മൽ നിശ്വസിച്ചു.
“അൻവർ ഇപ്പോൾ എവിടെയാ”
“ഇത്താത്ത അൻവറുമായി പിണങ്ങി, ഇത്താത്തയും പിള്ളേരുമിപ്പോൾ നാട്ടിലുണ്ട്. ഇക്ക ഒരിക്കൽ ആത്മഹത്യക്കു ശ്രമിച്ചു, ഇക്കായെ ആരോ പെടുത്തിയത് ആണ്. പുള്ളിക്ക് ശരിക്കും നിധിനോട് വലിയ ഇഷ്ടമായിരുന്നു. അവൻ ജീവിച്ചിരിക്കുന്നുവെന്നറിഞ്ഞപ്പോൾ വലിയ സന്തോഷമായി. നിധിന് ഒന്നും സംഭവിച്ചിട്ടില്ലായെന്നറിഞ്ഞപ്പോൾ ഇത്താത്തയുടെ പിണക്കമൊക്കെ മാറി. പക്ഷെ അവനെ നേരിട്ട് കണ്ടാലേ വിശ്വസിക്കൂ എന്ന വാശിയിലാണിപ്പോൾ.
ആര്യനുമായി വീട്ടിലെത്തിയപ്പോൾ ദേവിക്ക് സംശയമായിരുന്നു. ആര്യൻ തൻ്റെ കാമുകനാണ് എന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? പ്രത്യേകിച്ച് അമ്മ, പെട്ടെന്ന് വിശ്വസിക്കില്ല.
“ആര്യനിപ്പോൾ അകത്തേയ്ക്ക് വരേണ്ട, നാളെ അനുപമയ്ക്ക് ഒപ്പം വന്നാൽ മതി. “
പിറ്റേന്ന് രാവിലെ ദേവി ഒരുങ്ങുന്നതിലും വീട് മോടി പിടിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചു. അവളുടെ മാറ്റം സുമതിയും മാലതിയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവരുടെ ശ്രദ്ധ പിടിച്ചു പറ്റാനായിരുന്നു ദേവിയുടെ ഓരോ ചെയ്തികളും.
“നീ ഇന്ന് ഓഫീസിൽ പോകുന്നില്ലേ. “
“ഇല്ല, എൻ്റെ വളരെ പ്രിയപ്പെട്ട ഒരു കൂട്ടുകാരൻ ഡൽഹിയിൽ നിന്നും വന്നിട്ടുണ്ട്. ഉച്ചയോടെ ഇവിടേയ്ക്ക് വരും. നല്ലൊരു സദ്യ തയ്യാറാക്കണം. അത് കൊണ്ട് ഞാനിന്ന് ഓഫീസിൽ പോകുന്നില്ല.
ദേവി തൻ്റെ നീണ്ട മുടിക്കെട്ടിൽ മുല്ലപ്പൂ ചൂടി. അവൾ തൻ്റെ മുടിയിഴകളെ കയ്യിലെടുത്ത് വാസനിച്ചു. ആഭരണപ്പെട്ടിയിൽ നിന്നും ഒരു പാദസരമെടുത്ത് കാലിലണിഞ്ഞു.
“ഇവൾക്കിതെന്ത് പറ്റി, പൊതുവേ ആഭരണ വിരോധിയാണല്ലോ. “
“ഞാനും അതാ ആലോചിക്കുന്നത്, ദേവി കുഞ്ഞിന് എന്താ പറ്റിയെന്ന്. “
സുമതിയ്ക്കൊപ്പം അടുക്കളയിൽ കയറിയ ദേവി കാശ്മീരി പുലാവും, മുഗളായ് ചിക്കൻ കറിയും, കാരറ്റ് ഹൽവയും, പാൽ പായസവും തയാറാക്കി.
ദേവിയുടെ പാചക പരീക്ഷണങ്ങൾ മാത്യുവിനെ പോലും അമ്പരപ്പെടുത്തി.
“വരുന്നവൻ നിസാരക്കാരനല്ലല്ലോ, നിൻ്റെ മോൾ നല്ല പോലെ കഷ്ടപ്പെടുന്നല്ലോ. “
” ഇവൾക്കിത് എന്ത് പറ്റിയതെന്ന് ഞാൻ ആലോചിക്കുകയായിരുന്നു. “
ഉച്ചയോടെ അനുപമ ആര്യനുമായി വന്നു. അനുപമയും ആര്യനും ദേവിയും കുഞ്ഞിനുമൊപ്പം മുറിയിൽ കുറെ നേരം ചിലവഴിച്ചു. കുഞ്ഞിന്റെ ജന്മകുണ്ഡലി ആര്യൻ പരിശോധിച്ചു. അവൾ അമ്മയേക്കാൾ മിടുക്കിയാകുമെന്ന് ആര്യൻ പ്രവചിച്ചത് ദേവിയെ സന്തോഷവതിയാക്കി.
ദേവിയുടെ അമ്മയും മാത്യുവും തമ്മിലുള്ള ബന്ധത്തേയും ആര്യൻ വിലയിരുത്തി. മാത്യു അമ്മയുടെ സോൾമേറ്റ് ആണെന്നും ഈ ബന്ധം മരണം വരെ പിരിയില്ലെന്നും ആര്യൻ പ്രവചിച്ചു.
“എന്താണ് ഈ സോൾമേറ്റുകൾ “
“നിങ്ങൾ അവരെ കണ്ടുമുട്ടുമ്പോൾ നിങ്ങളുടെ ജീവിതം പൂർണ്ണമായും മാറുന്നു. നിങ്ങൾ ലോകത്തെ വ്യത്യസ്തമായി കാണാൻ തുടങ്ങുന്നു. “
“മാത്യുവിനെ കണ്ട് മുട്ടിയപ്പോൾ അങ്ങനെയൊക്കെ അമ്മയുടെ ജീവിതത്തിൽ സംഭവിച്ചു കാണുമോ?”
“കാണുമായിരിക്കും, അതല്ലേ സ്വന്തം മകളെ പോലും ഉപേക്ഷിച്ചു അവർ അന്ന് അയാളുടെ കൂടെ പോയത്. ആത്മാവിന്റെ പാതി എന്നാണല്ലോ വിളിപ്പേര്, അവരു തരുന്ന സുരക്ഷിതത്വം, അവരോടുള്ള മനപ്പൊരുത്തം ഇതൊന്നും വേറെ എവിടെയും കിട്ടില്ല. അതാണ് എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായിട്ടും അമ്മ അയാളെ ഉപേക്ഷിക്കാത്തത്. “
ഒന്നിച്ചു ഭക്ഷണം കഴിക്കാനിരുന്നപ്പോഴാണ് മാത്യു ആര്യനെ പരിചയപ്പെടുന്നത്, മാത്യുവിന് ആര്യനെ നല്ല ഇഷ്ടമായെങ്കിലും മാലതിയുടെ മുഖത്തു അതൃപ്തിയായിരുന്നു. ഒന്നിച്ചു സംസാരിയ്ക്കാനിരുന്നപ്പോഴാണ് അനുപമ തന്ത്രത്തിൽ ദേവിയുടെയും ആര്യന്റെയും വിവാഹക്കാര്യം എടുത്തിട്ടത്. അവൾ ബാഗിൽ നിന്നും വിവാഹകാർഡ് എടുത്ത് ആര്യന്റെ നേരെ നീട്ടുകയും അയാൾ മാലതിക്കും മാത്യുവിനും ഓരോ കാർഡ് കൊടുക്കുകയും ചെയ്തു.
“ഞങ്ങൾ ഒന്നിച്ച് എടുത്ത തീരുമാനമാണ്. “
രണ്ടുപേരും അത് വാങ്ങി വായിച്ചു ഞെട്ടുകയും, മാലതി കൊച്ചിനെയുമെടുത്ത് മുറിയിൽ പോയി വാതിലടക്കുകയും ചെയ്തു. ദേവി വളരെ സങ്കടപ്പെട്ടിരിക്കുകയും അനുപമ അവളെ ആശ്വസിപ്പിക്കുകയും ചെയ്തു.
ദേവിക്ക് അമ്മയോട് സത്യം പറയണമെന്നുണ്ട്. പക്ഷേ അത് മാത്യൂ അറിയാൻ സാധ്യതയുണ്ട്. അമ്മയുടെ പ്രതികരണം കണ്ടിട്ട് ദേവിക്കു ഉള്ളിൽ നല്ല സന്തോഷം തോന്നി. അമ്മയുമായി വഴക്കിട്ടു തല്ക്കാലം അവൾക്കു ഈ വീട്ടിൽ നിന്നും താമസം മാറ്റണം, തന്റെ വീട്ടിൽ പോയി കുറച്ചു കാര്യങ്ങൾ പ്ലാൻ ചെയ്യണം. ദേവിയെ സഞ്ജീവ് സ്കെച്ചിടുന്നതിന് മുൻപ് പ്രശ്നങ്ങൾക്ക് ഒരു പരിഹാരം കണ്ടെത്തണം.
ദേവിയോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ ആര്യൻ മാത്യുവിന് മുൻപിൽ വച്ച് ദേവിയോട് വളരെ അടുപ്പം കാണിച്ചു. അവർ തമ്മിൽ ആലിംഗനം ചെയ്തു. ആര്യൻ പോയപ്പോൾ മാലതിയും മാത്യുവും ദേവിയോട് തട്ടിക്കയറി.
“എന്താണ് നിന്റെ പ്രശ്നം. ഒന്ന് കഴിഞ്ഞാൽ മറ്റൊന്ന്, പിന്നെ വേറൊന്ന്, നിനക്കെന്തോ മാനസിക രോഗമാണ്. നാട്ടു ഭാഷയിൽ പറഞ്ഞാൽ നിന്നെ മുള്ളു മുരുക്കിൽ കയറ്റണം. “
“അതെന്താ അങ്ങനെ ? ആര്യനാണെകിൽ നിങ്ങൾക്കൊക്കെ പ്രശ്നമാണോ, എന്നാൽ സഞ്ജീവാണെങ്കിൽ ആർക്കും ഒരു പ്രശ്നവുമില്ലല്ലോ, എനിക്കിഷ്ടപ്പെട്ട ഒരാളോട് ഒത്തല്ലേ ഞാൻ ബാക്കികാലം കഴിയേണ്ടത്. “
“നീ പിന്നെ എന്തിനാണ് ആ സഞ്ജീവിനു ആശ കൊടുത്തത്. ആദ്യമേ അയാളോട് പറയാമായിരുന്നില്ലേ പറ്റില്ലെന്ന്. സഞ്ജീവ് അറിയപ്പെടുന്ന ഒരു പോലീസ് ഓഫീസർ ആണ്, ഇയാളെ പോലെ വെറും കൈനോട്ടക്കാരനല്ല. “
“ഒരു ഓഫീസർ…. “
മാലതി ദേവിയെ അടിയ്ക്കാനായി ചാടി വീണു, ദേവി മാലതിയുടെ കയ്യിൽ പിടിച്ചു മാറ്റി. നവമി മോൾ കരഞ്ഞപ്പോൾ മാലതി സംയമനം വീണ്ടെടുത്തു.
“സഞ്ജീവ്, അയാൾക്ക് ഒരു പ്രശ്നവും ഉണ്ടാകില്ല. എന്റെ ഇഷ്ടമാണ് എനിക്ക് പ്രധാനം. “
“നീ ആയി നിന്റെ പാടായി, ഇനി നിന്റെ ഒരു കാര്യത്തിനും ഞാൻ ഇടപെടത്തില്ല. നീ എവിടെങ്കിലും പൊയ്ക്കോ. ഈ കൊച്ചിനെ കൂടി നശിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല. “
ദേവി മുറിയിൽ കയറി വാതിലടച്ചു ഫോൺ ചെയ്തു. അരമണിക്കൂർ കഴിഞ്ഞു രാഹുൽ കാറുമായി വന്നപ്പോൾ ദേവി ആ കാറിൽ തന്റെ സാധങ്ങളൊക്കെ കയറ്റി വച്ച് യാത്രയായി. അവളാരോടും യാത്ര പറയാൻ കാത്തു നിന്നില്ല. സുമതി മാത്രം കാറിന്റെ പിറകിൽ വന്നു അവളെ തടയാൻ ശ്രമിച്ചു.
“മോളെ അമ്മ അപ്പോഴത്തെ ദേഷ്യത്തിന് എന്തെങ്കിലും പറഞ്ഞെന്നു വച്ച്, മോളെവിടെ പോകുന്നു. “
“ഇനി ഇവിടെ നിന്നാൽ ശരിയാകില്ല അക്കാ. “
ദേവി കാറിൽ വച്ച് അബ്ബാസിന്റെ വെളിപ്പെടുത്തലുകളും, ആര്യനുമായി ചേർന്നിട്ട പുതിയ പദ്ധതിയും, അമ്മയുമായി നടത്തിയ വഴക്കിനെക്കുറിച്ചും രാഹുലിനോട് വെളിപ്പെടുത്തി.
“എന്താ ചേച്ചിയുടെ പ്ലാൻ?”
“സഞ്ജീവിനെ കളത്തിലിറക്കുക. അയാൾ ചെയ്ത കുറ്റകൃത്യങ്ങൾക്ക് തെളിവുകൾ അയാൾ വഴി തന്നെ കണ്ടെത്തി അയാളെ ശിക്ഷിക്കുക. “
“പ്ലാൻ ചെയ്ത പോലെ അത്ര എളുപ്പമാകില്ല ഒന്നും. ചേച്ചി സൂക്ഷിക്കണം, നിസാരക്കാരനല്ല എതിർവശത്തുള്ളത്, അയാളുടെ ക്രിമിനൽ പശ്ചാത്തലം എന്നെ ഭയപ്പെടുത്തുന്നു. “
“എനിക്ക് ഏജൻറ് പി ബി യെ ഉടൻ കാണണം.
രാഹുലിനൊപ്പം വീട്ടിലിരിക്കുമ്പോൾ ദേവിക്ക് ഭയം തോന്നി. മാത്യു പറഞ്ഞു സഞ്ജീവ് എല്ലാം അറിഞ്ഞു കാണും, അവളും രാഹുലും കൂടി വീടിൻ്റെ നാലുവശത്തെയും ക്യാമറകൾ കണക്ട് ചെയ്തു, ഓണാക്കി വച്ചു.
“ചേച്ചിക്ക് ഈ രാത്രിയിൽ ഒറ്റയ്ക്ക് കഴിയാൻ പേടിയുണ്ടോ? ഞാൻ ചേച്ചിക്ക് കൂട്ടായി ആതിരയെ വിളിച്ചു കൊണ്ട് വരട്ടെ. “
“അതൊന്നും വേണ്ട. “
ദേവി ബാഗിൽ വച്ചിരുന്ന അച്ഛന്റെ തോക്കെടുത്തു രാഹുലിനെ കാണിച്ചു.
“ഇതാണെന്റെ ധൈര്യം. നീ നാളെ എന്റെ കാർ അനുപമയുടെ വീട്ടിൽ നിന്നും ഇവിടെ എത്തിച്ചു തരണം. “
ഈ സമയത്തു ആര്യനും അനുപമയും അജ്മലിനെ കല്യാണം ക്ഷണിക്കാൻ റെസ്റ്റോറന്റിൽ പോയി. ക്ഷണപത്രം നൽകുമ്പോൾ അജ്മൽ അമ്പരന്നു നിൽക്കുകയായിരുന്നു. ആര്യനും നിധിനും തമ്മിൽ തലേ ദിവസം നടന്ന ചർച്ചയിൽ ഉരുത്തിരിഞ്ഞ ഏതോ നിഗുഢമായ പദ്ധതിയുടെ ഭാഗമാണിതെന്നു തോന്നിയതിനാൽ അവൻ ആ കാർഡ് വാങ്ങി മേശമേൽ വച്ച്, അവൻ ജോലി തുടർന്നു.
അന്നും പതിവ് പോലെ സഞ്ജീവിന്റെ പോലീസ്കാരൻ മഫ്തിയിൽ അവിടെ വന്നിരുന്നു. മേശമേലിരുന്ന കല്യാണ കാർഡ് കണ്ടിട്ട് പോലീസുകാരൻ അത് എടുത്തു നോക്കുകയും, അജ്മലിന്റെ കണ്ണ് വെട്ടിച്ചു അയാൾ തന്റെ മൊബൈലിൽ അതിന്റെ ഫോട്ടോയെടുത്ത് ആർക്കോ അയച്ചു കൊടുക്കുകയും ചെയ്തു. ഇതൊക്കെ കണ്ടിട്ടും അജ്മൽ കണ്ടതായി നടിച്ചില്ല. പോലീസ് പോയപ്പോൾ അവൻ ആ കാർഡ് എടുത്തും കൊണ്ട് വിവരം നിധിനെ അറിയിക്കാനായി അടുക്കളയിലേയ്ക്ക് നടന്നു,
വളരെ ഗൗരവത്തിൽ നിധിനെ അവൻ കാര്യങ്ങൾ ധരിപ്പിച്ചിട്ടും നിധിൻ പുഞ്ചിരി തൂകി നില്കുന്നത് കണ്ടു, ഇതൊക്കെ അവന്റെയും ദേവിയുടെയും പ്ലാൻ ആണെന്ന് അജ്മലിന് മനസിലായി.
ഈ സമയത്ത് ദേവി ഒരു കാപ്പി ഉണ്ടാക്കി കുടിച്ചു, സെറ്റിയിൽ കിടന്നവൾ മയങ്ങി പോയി. കോളിങ്ങ് ബെൽ ശബ്ദം കേട്ടിട്ടവൾ ചാടി എഴുന്നേറ്റു, സമയം നോക്കി, നേരം വൈകുന്നേരമായി. സഞ്ജീവ് ആയിരിക്കുമെന്ന് കരുതി അവൾ ജനലിലൂടെ ഒളിഞ്ഞു നോക്കി.
സിറ്റൗട്ടിൽ ഒരു വലിയ ബാഗും ഒരു ബിഗ് ഷോപ്പറുമായി സുമതി നില്ക്കുന്നു, കൂടെ മാത്യുവും മറ്റൊരാളുമുണ്ട്, മാത്യുവിന്റെ പഴയ സെക്യൂരിറ്റി രാജേന്ദ്രൻ. ദേവി വാതിൽ തുറന്നപ്പോൾ മാത്യൂ കയറി വന്നു, കൂടെ സുമതിയും, രാജേന്ദ്രൻ ഒരു ബാഗുമായി മുറ്റത്തു തന്നെ നിന്നു.
“മോള് വിഷമിക്കണ്ട, അമ്മ അപ്പോഴത്തെ വിഷമത്തിനു അങ്ങനെയൊക്കെ പറഞ്ഞതാ, മോളിവിടെ ഒറ്റയ്ക്ക് നിൽക്കണ്ട, നമുക്ക് എല്ലാം പറഞ്ഞ് ശരിയാക്കാം, മോളുടെ സഹായത്തിനു സുമതി കൂടി ഇവിടെ നിൽക്കട്ടെ. “
“അതാരാണ്”
“അത് രാജേന്ദ്രൻ, മോളുടെ സെക്യൂരിറ്റിയ്ക്കാണ്, അവൻ ആ ഔട്ട് ഹൗസിൽ കഴിഞ്ഞോളും, മിടുക്കനാ, ഇത്തിരി പ്രാരാബ്ധമുണ്ട്. എന്തേലും കൊടുത്താൽ മതി. “
ഇവരെ രണ്ടുപേരെയും കൂടെ കൂട്ടിയാൽ തന്റെ പ്ലാനുകളൊക്കെ തെറ്റുമല്ലോ എന്ന് ദേവി ചിന്തിച്ചു.
“പപ്പാ എന്റെ മോളെ കൂടി കൊണ്ട് വന്നു കൂടായിരുന്നോ, അമ്മയ്ക്ക് എന്നെക്കാൾ ഇഷ്ടം അവളോടാണല്ലോ. “
“നീ ധൈര്യമായിരിക്കൂ ദേവി, അമ്മയെ ഞാൻ പറഞ്ഞു മനസിലാക്കാം, അവളുടെ ദേഷ്യം നിനക്കറിയാല്ലോ, ഇത്തിരി സമയമെടുക്കും ക്ഷമയോടെയിരിക്കൂ. “
മാത്യൂ സമർത്ഥമായി ദേവിയെ പൂട്ടി. വീടിനകത്തു സുമതിയും പുറത്തു സെക്യൂരിറ്റിയായി രാജേന്ദ്രനും. രാവിലെ രാഹുൽ വരാമെന്നു പറഞ്ഞിരുന്നതാണ്, ഇനിയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ ഏജൻറ് പി ബി യെയും കൂട്ടി വരണമെന്ന് അവനെ പറഞ്ഞേൽപ്പിച്ചതാണ്. എല്ലാ പ്ലാനുകളും മാത്യൂ തകർത്തു കളഞ്ഞു.
“പിന്നെ ദേവി നീ സൂക്ഷിക്കണം, എവിടെ പോകണമെങ്കിലും എന്നെ വിളിക്കണം, ഒറ്റയ്ക്ക് യാത്രയൊന്നും ചെയ്യരുത്, മണ്ടത്തരമൊന്നും കാട്ടരുത്. “
“ഇല്ല പപ്പാ എന്റെ മകളെ എനിക്ക് കാണാതിരിക്കാൻ വയ്യ, പപ്പാ അമ്മയെ പറഞ്ഞു ആശ്വസിപ്പിക്കണം. “
മാത്യുവിന്റെ കറുത്ത കാർ കണ്ണിൽ നിന്നും മറയുന്നതു വരെ ദേവി നോക്കി നിന്നു.
പിറ്റേ ദിവസം ദേവി രാഹുലിനെ വിളിച്ചു വരുത്തി. അവനൊപ്പം ഓഫീസിൽ പോയി. അവൾക്കു രാഹുൽ ഒരു കീപാഡ് ഫോൺ നൽകി. അതിൽ ഏജന്റ് പി ബി യുടെ നമ്പർ മാത്രം അവൻ സേവ് ചെയ്തിരുന്നു.
“ചേച്ചി നാളെ ഏജന്റ് പി ബി ചേച്ചിയെ കാണാൻ വരും, അതിനു മുൻപ് ഇവരെ രണ്ടു പേരെയും ഒഴിവാക്കണം. “
“എങ്ങനെ ഒഴിവാക്കും, ഞാൻ ഭക്ഷണത്തിൽ വല്ല മയക്കുമരുന്നും ചേർത്ത് കൊടുക്കേണ്ടി വരും. “
“എങ്ങനെയായാലും നമ്മുടെ പ്ലാൻ നടക്കണമെങ്കിൽ ഇവരെ അവിടെ നിന്നും ഒഴിവാക്കേണ്ടി വരും. “
“നോക്കട്ടെ, സാമം, ദാനം, ഭേദം, ദണ്ഡം, ഇതിൽ ഏതെങ്കിലും ഒന്ന് പ്രയോഗിക്കേണ്ടി വരും. രാജേന്ദ്രൻ കുഴപ്പമില്ല, ഇല്ലായ്മക്കാരനാണ് പൈസ കൊടുത്തു ഒതുക്കാം, പക്ഷെ സുമതി. പണ്ട് ചെയ്തപോലെ… “
“അതൊന്നും വേണ്ട ചേച്ചി. അനുനയത്തിലൂടെയും സംസാരത്തിലൂടെയും കാര്യം നേടിയെടുക്കണം. “
ദേവി എന്തൊക്കെയോ ആലോചിച്ചു ഉറപ്പിച്ചാണ് വീട്ടിലെത്തിയത്. കാറിൽ നിന്നിറങ്ങിയ അവൾ, രാജേന്ദ്രനോട് കുറെ നേരം സംസാരിക്കുന്നത് സുമതി ജനലിലൂടെ നോക്കി കൊണ്ട് നിന്നു.
ദേവിയുടെ ഓരോ ചലനവും അപ്പോഴപ്പോൾ അറിയിക്കണമെന്ന മാത്യുവിന്റെ അറിയിപ്പ് സുമതിക്കു ഓർമ്മ വന്നു. സുമതി ഫോൺ കയ്യിലെടുത്തു.
(തുടരും… )
✍️✍️നിഷ പിള്ള

