നിലത്ത് വീണു കിടന്ന യുവതി എഴുന്നേറ്റ്, ഇടിയിൽ തരിപ്പണമായി കിടന്ന ആൻഡ്രുവിൻ്റെ വണ്ടിയുടെ തുറന്ന് കിടന്ന ഇടത് വശത്തെ ഡോർ വലിച്ചടച്ചു. കാറിൻ്റെ കുറെ പിറകിലായി വന്ന് നിർത്തിയിരുന്ന ബൈക്കിനടുത്തേക്ക് യുവതി നടന്നു വന്നു. യുവതിയുടെ മുഖം സംതൃപ്തമായിരുന്നു, അവൾ പുഞ്ചിരിച്ചു.
“നിധിന് കുഴപ്പമൊന്നുമില്ലല്ലോ. “
നിധിൻ തലയിലിരുന്ന വിഗ് ഊരി മാറ്റി.
“എനിക്ക് കുഴപ്പമൊന്നുമില്ല. ആൻഡ്രുവിൻ്റെ ശ്രദ്ധ ഡ്രൈവിംഗിൽ നിന്നും മാറ്റാൻ ഞാൻ വളരെ പാടുപ്പെട്ടു. വണ്ടിയുടെ വേഗത കൂടിയപ്പോൾ ഡോർ ലോക്കായി, തുറക്കാൻ പറ്റിയില്ല. എന്തോ ഭാഗ്യത്തിന് ഞാൻ രക്ഷപ്പെട്ടു. “
“നിധിനെ ഇപ്പോൾ കാണാൻ നല്ല ഭംഗിയുണ്ട്. പെണ്ണല്ലായെന്ന് ആർക്കും മനസ്സിലാകില്ല, സുന്ദരിയായ ഒരു മെലിഞ്ഞ പെൺകുട്ടി. “
വാനിറ്റി ബാഗും ഹൈ ഹീൽ ചെരിപ്പും നിധിൻ ഊരി മാറ്റി, ഏജൻ്റ് പി ബി നൽകിയ ബാക്ക് പാക്ക് ബാഗിൽ വച്ചു തൻ്റെ ഷർട്ടിൻ്റെ അടിയിൽ നിന്നും ബ്രെസ്റ്റ് പാഡുകൾ മാറ്റി, നിധിൻ ഷൂസ് ധരിച്ചു.
“എന്തായാലും നിധിൻ രക്ഷപ്പെട്ടല്ലോ. വേഗം ഇവിടെ നിന്നും നമുക്ക് സ്ഥലം വിടാം. ശബ്ദം കേട്ട് അടുത്തുള്ള ആളുകൾ ഉണരാൻ സാദ്ധ്യതയുണ്ട്. “
പി ബി ബൈക്ക് സ്റ്റാർട്ട് ചെയ്തു മുന്നോട്ടു നിർത്തി. ഒരിക്കൽ കൂടി ആൻഡ്രുവിനെ തിരിഞ്ഞ് നോക്കി കൊണ്ട് നിധിൻ ബാഗുമായി ബൈക്കിന് പിന്നിൽ കയറി.
” ഈ സംഭവം നമ്മൾ രണ്ടു പേരും അല്ലാതെ മറ്റാരും അറിയരുത്. ദേവി പോലും… ഒരു പക്ഷേ അവൾക്കിത് അംഗീകരിക്കാൻ കഴിയില്ല. എനിക്ക് ഇയാളെ കണ്ട് കൊണ്ട് സ്വസ്ഥമായി ജീവിക്കാൻ കഴിയില്ല, എൻ്റെ ചേച്ചിയുടെ കരയുന്ന മുഖം ഓർമ്മ വരും. “
അതേ സമയം ആശുപത്രിയിലായിരുന്ന ആരോണിൻ്റെ ഫോണിൽ മാത്യുവിൻ്റെ ഫോൺ വിളിയെത്തി. ആശുപത്രി വരാന്തയിലെ ബെഞ്ചിൽ ഇരുന്നു മയങ്ങിയ ആരോൺ ഞെട്ടി ഉണർന്നു.
“മോനേ ആൻഡ്രൂ അവിടെയുണ്ടോ. അവനിവിടെ മടങ്ങി എത്തിയില്ലല്ലോ. “
“ഇപ്പോൾ വരും പപ്പാ, അര മുക്കാൽ മണിക്കൂർ മുമ്പ് ഇവിടെ നിന്നും ഇറങ്ങിയിട്ടുണ്ട്. വല്ല ബാറിലും കയറി കാണും. രണ്ടടിച്ചിട്ടാണ് ഇവിടെ വന്നത്. ഇനി മദ്യപിക്കില്ല. മദ്യപാനം നിർത്തി എന്നൊക്കെ എന്നോട് പറഞ്ഞിട്ടാണ് പോയത്. “
“മോനേ, എനിക്കൊരു സമാധാനവുമില്ല. ഞാൻ അങ്ങോട്ട് വരാം. ഉറക്കത്തിൽ നിൻ്റമ്മച്ചിയെ ഞാൻ സ്വപ്നം കണ്ടു. “
“അത് വേണ്ട പപ്പാ, പപ്പ ഈ രാത്രിയിൽ ഇങ്ങോട്ട് വരണ്ട, അവനങ്ങ് എത്തിക്കോളും. “
ആരോൺ ഫോൺ കട്ട് ചെയ്തു.
ഒരു മണിക്കൂർ കഴിഞ്ഞ് കാണും, മാത്യു തനിയെ കാറോടിച്ച് ആശുപത്രിയിൽ എത്തി.
” അവനെന്തോ അപകടം പറ്റിയത് പോലെ എനിക്കൊരു തോന്നൽ. ഞാൻ ഇങ്ങ് പോന്നൂ. നമുക്ക് സ്റ്റേഷനിൽ പോയി ഒരു പരാതി നൽകിയാലോ. “
“നമ്മൾ പോയാൽ ഇവിടെ അമ്മയും ദേവിയും തനിച്ചാകില്ലേ. ഞാൻ അനുപമയെ ഒന്ന് വിളിയ്ക്കട്ടെ, അവർ വന്നിട്ട് നമുക്ക് പോകാം പപ്പ. “
“ദേവിക്ക് സംഭവിച്ചത് പോലെ എന്തെങ്കിലും ആൻഡ്രുവിന് സംഭവിച്ചിട്ടുണ്ടെങ്കിലോ. സഞ്ജീവും വിമലും ഒളിവിലല്ലേ ഇപ്പോഴും. “
“പപ്പ കണ്ടിരുന്നോ ആ വീഡിയോ. സഞ്ജീവ് ആ ടീച്ചറെ കൊല്ലുന്നത്. “
സഞ്ജീവ് ഒലീവിയയുടെ കഴുത്ത് ഞെരിക്കുന്ന ദൃശ്യങ്ങൾ മാത്യുവിനെ ഭയപ്പെടുത്തി.
അനുപമയും പ്രണവിൻ്റെ മാനേജറും ആശുപത്രിയിൽ വരുന്നത് വരെ അവർ കാത്തിരുന്നു.
ആരോൺ പപ്പയുമായി ടൗൺ സ്റ്റേഷനിൽ എത്തി സഹോദരനെ കാണുന്നില്ല എന്ന് പരാതി നൽകി. അയാൾ പോലീസിനോട് നടന്ന സംഭവങ്ങൾ വിശദീകരിച്ചു.
“വീട്ടിൽ പോകുന്നുവെന്ന് പറഞ്ഞ് ആശുപത്രിയിൽ നിന്നും പത്ത് മണി കഴിഞ്ഞു ഇറങ്ങിയിരുന്നു. സമയമിപ്പോൾ ഒന്നര കഴിഞ്ഞു, ഇത് വരെ വീട്ടിലെത്തിയിട്ടില്ല. ഫോണിൽ വിളിച്ചു നോക്കി, ബെല്ലടിക്കുന്നുണ്ട്, അവൻ എടുക്കുന്നില്ല. “
“ശരി ഞങ്ങളൊന്ന് അന്വേഷിക്കട്ടെ. വിശദ വിവരങ്ങൾ നൽകിയിട്ട് നിങ്ങൾ പൊയ്ക്കോളൂ. ഞങ്ങൾ തിരികെ വിളിക്കാം, വിവരം അറിയിക്കാം”
ആശുപത്രി റിസപ്ഷനിലെ ടിവിയിൽ വിമലിൻ്റെ വീടും പരിസരവും കാണിയ്ക്കുന്നു, വിമൽ കൊല്ലപ്പെട്ടു എന്ന വിവരം ഫ്ലാഷ് ന്യൂസായി എഴുതി കാണിച്ചു.
“വിമൽ മരിച്ചു, സഞ്ജീവ് എവിടെ. “
വിമലിൻ്റെ ഭാര്യയുടെ ഇൻ്റർവ്യൂ ടിവിയിൽ കാണിക്കുന്നു.
റോഡിൽ നിന്ന് കൊണ്ട് അവരോട് വഴി ചോദിച്ച ഹിന്ദിക്കാരൻ, അവരുടെ മുറ്റത്ത് വന്ന് മടങ്ങി പോയ അജ്ഞാത വാഹനങ്ങൾ എന്നിവ കൊലപാതകത്തിലെ ദുരൂഹത വർദ്ധിപ്പിച്ചു.
ടി വി യിൽ വിമലിന്റെ വീടും പരിസരവും കാണിക്കുന്നു. ഇടയ്ക്കിടക്ക് സഞ്ജീവിന്റെ ഫോട്ടോയും കാണിക്കുന്നുണ്ട്. സഞ്ജീവിനെ പോലീസ് തിരയുന്നുണ്ട്.
അതിനിടയിൽ മാധ്യമ പ്രവർത്തകരിലാരോ ദേവിയുടെ പേര് പരാമർശിക്കുന്നത് ആരോൺ ശ്രദ്ധിച്ചു. രണ്ടു ദിവസം മുമ്പ് ദേവിയെ അപായപ്പെടുത്താൻ ശ്രമിച്ചവരിൽ ഒരാളാണ് വിമൽ. ആ വിമലിനെ ആരോ അപായപ്പെടുത്തി. അതും അയാളുടെ സ്വന്തം വീട്ടിൽ വച്ച്. ദേവിയെ അപായപ്പെടുത്തിയ സംഭവവും വിമലിന്റെ മരണവും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോയെന്ന് പോലീസ് അന്വേഷിക്കണമെന്ന് മാധ്യമ പ്രവർത്തകൻ പ്രേക്ഷകരോടെന്ന മട്ടിൽ പറയുകയാണ്.
കുറച്ചു സമയത്തിനിടയിൽ പോലീസ് ജീപ്പ് ദേവി കിടന്ന ആശുപത്രിയിലെത്തി. അവർ ദേവിയുടെ മുറിയുടെ വാതിലിൽ മുട്ടാൻ തുടങ്ങി. ആരോൺ പെട്ടെന്ന് പോലീസിനെ തടഞ്ഞു. അനുപമയും മാനേജരും ആരോണിനൊപ്പം പോലീസിനെ എതിർത്ത് നിന്നു.
“സർ എന്താ ഈ കാണിക്കുന്നത്. ചികിൽസയിൽ കഴിയുന്ന ഒരു രോഗിയുടെ മുറിയിലേയ്ക്ക് ആണോ ഈ അസമയത്ത് കയറി പോകുന്നത്. ഇത് മനുഷ്യാവകാശ ലംഘനമാണ്. “
ആരോൺ ശബ്ദം കൂട്ടിയപ്പോൾ സെക്യൂരിറ്റിയും ഡ്യൂട്ടി സ്റ്റാഫും ഓടിയെത്തി.
“സർ ആരെ സുഖിപ്പിക്കാനാണ് ഈ പ്രകടനം. “
വരാന്തയിലെ സി സി ടി വി ക്യാമറയിൽ നോക്കി ഇൻസ്‌പെക്ടർ രമേഷ് തിരിഞ്ഞു നടന്നു. അയാളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നിരുന്നു. ആരോണും മാത്യൂവും വരാന്തയിലിരുന്നു.
“നമ്മളിപ്പോൾ ഇവിടെ ഇല്ലായിരുന്നെങ്കിൽ അവർ ദേവിയുടെ മുറിയിലേയ്ക്കു ഇടിച്ചു കയറിയേനെ. അവർ ഇപ്പോഴും സഞ്ജീവിനെയും വിമലിനേയും സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. “
ആരോൺ എല്ലാവരോടുമായി പറഞ്ഞു. വെളുപ്പാൻ കാലം ആകുന്നത് വരെ മാത്യു ആശുപത്രിയിൽ തന്നെ കഴിച്ചു കൂട്ടി.
“ഞാനെന്തായാലും വീട്ടിൽ പോയി നോക്കട്ടെ, ചിലപ്പോൾ ആൻഡ്രു അവിടെ എത്തി കാണും. “
“എന്നാൽ പിന്നെ അനുപമയും വേണമെങ്കിൽ പൊയ്ക്കോളൂ. “
വേണ്ട എന്ന് മട്ടിൽ അനുപമ തല കുലുക്കി.
“എന്തായാലും നേരം വെളുത്തിട്ട്, ദേവിയെ ഒന്ന് നേരിൽ കണ്ടിട്ടേ ഞാൻ പോകുന്നുള്ളൂ. “
പെട്ടെന്ന് ആരോണിന്റെ ഫോൺ ശബ്ദിച്ചു. പോലീസ് സ്റ്റേഷനിൽ നിന്നാണ് കാൾ വന്നത്. സംസാരിച്ചു കൊണ്ട് നിന്ന ആരോൺ അവശതയോടെ കസേരയിൽ ഇരുന്നു. അയാൾ എല്ലാം മൂളി കേട്ട് എങ്കിലും മറുപടി ഒന്നും പറഞ്ഞില്ല. ഫോൺ വച്ചപ്പോൾ അയാളുടെ മുഖം വിഷാദത്തിലായിരുന്നു.
ആരോൺ മാത്യുവിനെ നോക്കി കരഞ്ഞു.
“പപ്പാ ആൻഡ്രുവിനെ ഒടുവിൽ അവർ കണ്ടെത്തി, ജീവനില്ലാത്ത നിലയിൽ. ആത്മഹത്യ ആണെന്നാണ് പോലീസ് പറയുന്നത്. “
ആരോൺ വിഷമത്തോടെ പറഞ്ഞു.
“രാവിലെ പേപ്പർ ഇടാൻ പോയ ഒരു പത്രക്കാരൻ പയ്യനാണ് ആദ്യം ആക്സിഡൻ്റ് കണ്ടത്. റോഡിൻ്റെ താഴെ ഒരു വണ്ടിയുടെ ഹെഡ് ലൈറ്റ് കത്തിക്കിടക്കുന്നു. അവൻ അപ്പോൾ തന്നെ ഈ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. “
മാത്യു കണ്ണുകൾ അടച്ചു, തന്റെ ഇടനെഞ്ചു തടവി.
“എവിടെയാണവൻ. “
“നമ്മുടെ വീട്ടിൽ നിന്നും അഞ്ചു കിലോമീറ്റർ അകലെ, ഒരു മരത്തിൽ വണ്ടി ഇടിച്ചു കയറ്റിയതാണ്. മെയിൻ റോഡിൽ നിന്നും താഴേ ഒരു അര കിലോമീറ്റർ അകലെയുള്ള പറമ്പിലാണ് വണ്ടി കണ്ടത്. റോഡിൽ നിന്നും ഇത്ര താഴെയുള്ള റോഡിൽ എങ്ങനെ കാറെത്തിച്ചുവെന്നാണ് പോലീസിന്റെ സംശയം. നേരം വെളുത്ത ശേഷം സ്ഥല പരിശോധന നടത്തിയാലേ പൂർണ്ണ വിവരം അറിയാൻ കഴിയൂ. “
മാത്യു തളർന്നു വീണു. മാത്യുവിനെ കാഷ്വാലിറ്റിയിൽ അഡ്മിറ്റ് ചെയ്തു, ഡോക്ടർ പരിശോധിച്ചു. നേരം വെളുക്കുന്നത് വരെ വിശ്രമിക്കാനായി ഡോക്ടർ നിർദേശിച്ചു.
അപ്പോൾ തന്നെ പോലീസ് സംഘം സ്ഥല പരിശോധന നടത്തി. കാറിന്റെ സീറ്റിൽ നിന്നും കിട്ടിയ മുടിനാര് കൃത്രിമ മുടിയാണെന്നു കണ്ടെത്തിയുണ്ട്. കാറിൽ നിന്നും മറ്റൊരു തെളിവും ലഭിച്ചില്ല. കാർ കിടക്കുന്നതിൻ്റെ ഇടതു വശത്ത് കുറെ പിന്നിലായി നല്ല വേഗതയിൽ ആരോ കാറിൽ നിന്നും നിലത്തേയ്ക്കു എടുത്ത് ചാടിയ ഒരു ചെറിയ അടയാളം മണ്ണിൽ പതിയുകയുണ്ടായി. ഒരു ആറടി നീളത്തിൽ സ്ഥലത്തെ പുല്ലു ചതഞ്ഞ് അമർന്നിരിക്കുന്നു. ഒരു പക്ഷെ ഓടി കൊണ്ടിരുന്ന കാറിൽ നിന്നും ആരോ ചാടിയതാകാം. അങ്ങനെയാണെങ്കിൽ ആത്മഹത്യ തന്നെയാണോയെന്നു ഒന്നും കൂടെ പരിശോധിക്കേണ്ടി വരും. കണ്ടെത്തിയ ആൻഡ്രുവിന്റെ ഫോൺ ഫോറൻസിക് പരിശോധനയ്ക്കായി ലാബിൽ അയച്ചു.
അന്നത്തെ ദിവസം എല്ലാ ന്യൂസ് ചാനലുകളിലും മരണ വാർത്തകൾ നിറഞ്ഞു. ഒലിവിയ എന്ന മധ്യവയ്സകയായ ടീച്ചറുടെ ഒരു ദിവസം പഴക്കമുള്ള മൃതദേഹം അവരുടെ പഴയ വീട്ടിൽ നിന്നും ലഭിച്ചു. മൃതദേഹത്തിന്റെ പോസ്റ്റുമോർട്ടത്തിനായി ജില്ല ആശുപത്രിയിലേയ്ക്ക് അയച്ചു.
ഒലീവിയയുടെ പൂർവ വിദ്യാർത്ഥിയായ ഇൻസ്‌പെക്ടർ സഞ്ജീവ് അവരെ കൊലപ്പെടുത്തുന്ന വീഡിയോ ഏതോ അജ്ഞാതൻ പൊലീസിന് കൈ മാറിയിരുന്നു.
ബാങ്ക് മാനേജരായ വിമലിന്റെ കൊലപാതകമാണ് നഗരത്തെ നടുക്കിയ മറ്റൊരു കൊലപാതകം, അയാളും ഒലീവിയയുടെ പൂർവ വിദ്യാർത്ഥിയാണെന്നതാണ് ഈ കൊലപാതകങ്ങളെ ബന്ധിപ്പിക്കുന്ന ഒരു ഘടകം.
മൂന്നാമത് ഒരു മരണം കൂടി നഗരത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നഗരത്തിന്റെ ഒരു ഒഴിഞ്ഞ സ്ഥലത്തു, വിജനമായ പറമ്പിലെ വന്മരത്തിൽ തന്റെ കാറിടിപ്പിച്ചു മരിച്ചതായി ഒരു യുവ വ്യവസായിയെ കണ്ടെത്തി. ആൻഡ്രു റോയ് മാത്യു, മൂന്നാറിലെ പ്രശസ്തമായ റിസോർട്ടിന്റെ ഉടമയാണ്. അയാൾ അഡ്വക്കേറ്റ് ദേവി ബ്രഹ്മദത്തന്റെ രണ്ടാം സഹോദരനാണ്.
ആരോണും മാത്യുവും രാഹുലും നഗരത്തിലെ ജില്ലാ മോർച്ചറിക്കു മുന്നിൽ കാത്ത് നിന്നു. അവിടെ വമ്പിച്ച ജനക്കൂട്ടമാണ്. പോലീസും മാധ്യമ പ്രവർത്തകരും ജനങ്ങളും അവിടെ തടിച്ചു കൂടി. നഗരത്തെ ഞെട്ടിച്ച കൊലപാതകങ്ങളുടെ രഹസ്യമറിയാൻ അവിടെ കൂടിയവർ ആകാംഷയോടെ കാത്തിരിക്കുകയാണ്.
പോലീസ് സർജൻ അവിടെ കിടക്കുന്ന ശവശരീരങ്ങളെ ശ്രദ്ധിച്ചു. ഒരേ പറയമുള്ള രണ്ടു ചെറുപ്പക്കാർ നഗ്‌നരായി കിടക്കുന്നു. അയാളെ അത്ഭുതപ്പെടുത്തിയത് അവരുടെ രണ്ടു പേരുടേയും ജനന തീയതിയാണ്. 1975 ജനുവരി 19, രണ്ടു പേരും ഒരേ ദിവസം ജനിച്ചു. ഒരാൾ വെളുത്തുരുണ്ട ഒരു മൊട്ടത്തലയൻ, ആൻഡ്രു റോയ് മാത്യു, മറ്റൊരാൾ നീളം കൂടിയ, തവിട്ടു നിറമുള്ള ഒരു ബാങ്ക് മാനേജർ, വിമൽ സത്യശീലൻ.
മറ്റൊന്ന് ഒരു വിരമിച്ച അദ്ധ്യാപിക, അവരെ കൊന്നത് ഇവരിൽ ഒരാളാണ്, ആ വീഡിയോ സർജൻ കണ്ടിരുന്നു. അവരുടെ മൃതദേഹമാണ് ആദ്യം പോസ്റ്റ്മോർട്ടം ചെയ്യേണ്ടത്, ഒന്നൊര ദിവസത്തെ പഴക്കമുണ്ട് ആ ശരീരത്തിന്.
ആദ്യത്തെ പോസ്റ്റ്മോർട്ടം കഴിഞ്ഞപ്പോൾ സർജൻ ഞെട്ടി പോയി. ഇത് വരെ ഒരു സ്ത്രീ ആയി ജീവിച്ച മിസ് ഒലിവിയ വെറുമൊരു സ്ത്രീ ആയിരുന്നില്ല, സ്ത്രീയുടെ രൂപവും പുരുഷന്റെ അവയവങ്ങളോടും കൂടിയ ഒരു വ്യക്തി. അറുപതു വർഷത്തോളം സ്വന്തം വ്യക്തിത്വം മറച്ചു വച്ച്, ഒരു വനിതാ കോൺവെന്റിൽ കഴിഞ്ഞിരുന്നവരാണ്.
സർജൻ ഒലീവിയയെയും വിമലിനെയും ആൻഡ്രുവിനേയും മാറി മാറി നോക്കി. ഇവർ കരുതിയിരിക്കുമോ, മരണശേഷം ഒന്നിച്ചിങ്ങനെ ചിലവഴിക്കുന്ന നിമിഷങ്ങളെ കുറിച്ച്. ചത്തവളും കൊന്നവനും ഒരേ മുറിയിൽ അടുത്തടുത്ത ടേബിളുകളിൽ കിടക്കുകയാണ്. ആൻഡ്രുവിന് ഇവരുമായി എന്തെങ്കിലും ബന്ധമുണ്ടോ.
സർജൻ സഹായിയെ അടുത്ത് വിളിച്ചു. ജീവിതത്തിൻ്റെ നിരർത്ഥകത ബോധ്യപ്പെടുത്തി.
“ഇത്രയൊക്കെയേ ഉള്ളൂ ജീവിതം. ജീവനുള്ളപ്പോൾ അങ്ങോട്ടും ഇങ്ങോട്ടും ശത്രുത, മരണശേഷം നാണം പോലും മറന്ന് ഒരേ ടേബിളിൽ നിസ്സഹായരായി കിടക്കുന്നു.
മൂന്ന് പോസ്റ്റ് മോർട്ടവും പൂർത്തിയായി സർജൻ ചായ കപ്പുമായി കസേരയിലിരുന്നു. റിപ്പോർട്ടുകൾ തയാറാക്കി പോലീസിന് കൈമാറണം.
ഒലീവിയ ഫെർണാണ്ടസിൻ്റെ മരണം ഒരു കൊലപാതകമാണ്. കരുത്തനായ ഒരാൾ അവരുടെ കഴുത്ത് ഞെരിച്ചു അവരെ കൊന്നിരിക്കുന്നു. മരണം കൊലപാതകമാണ്. പക്ഷേ ഞെട്ടിച്ച ഒരു സംഗതി എന്തെന്നാൽ അവരുടെ ശരീരത്തിന് നിർജ്ജലീകരണം സംഭവിച്ചിരുന്നു. അവരുടെ ആമാശയം ശൂന്യമായിരുന്നു, ഭക്ഷണം കഴിച്ചിട്ട് മണിക്കൂറുകൾ കഴിഞ്ഞിരുന്നു. ഒരു പക്ഷേ ഒരു ദിവസത്തിൽ കൂടുതൽ അവരെ മയക്കി കിടത്തിയിരിക്കാം. ശ്വാസകോശത്തിൽ മയക്കാൻ ഉപയോഗിച്ച മരുന്നിൻ്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
ഒലീവിയ ഫെർണാണ്ടസിൻ്റെ റിപ്പോർട്ട് എഴുതിയിട്ട് സർജൻ പേന താഴെ വച്ചു. അയാൾ ഒരു ചായ കൂടി പറഞ്ഞു.
കഴുത്തിൽ കുരുക്കിട്ട് മുറുക്കിയിട്ടാണ് വിമലിൻ്റെ മരണവും സംഭവിച്ചിരിക്കുന്നത്. വിമലിൻ്റേയും ആമാശയത്തിൽ ഒന്നുമുണ്ടായില്ല, അയാളുടെ ശ്വാസകോശത്തിൽ മയക്ക് മരുന്നിൻ്റെ അംശങ്ങൾ കണ്ടെത്തി.
ആൻഡ്രുവിൻ്റെ മരണം ഒരു ആത്മഹത്യ ആകാനാണ് സാധ്യത. മരണനടക്കുന്നത് ഒരു ആക്സിഡൻ്റ് മൂലമാണ്. ആക്സിഡൻ്റ് സമയത്ത് വണ്ടിയുടെ വേഗത 90 കി. മി/മണിക്കൂറിൽ കൂടുതലായിരുന്നു. പക്ഷേ മരണസമയത്ത് ഇടത് ഭാഗത്തേക്ക് ആയിരുന്നു ആൻഡ്രുവിൻ്റെ മുഖം തിരിഞ്ഞിരുന്നത്. അതായത് അയാൾ മുന്നോട്ട് നോക്കിയായിരുന്നില്ല വണ്ടി ഓടിച്ചിരുന്നത്. അയാളുടെ കൂടെ ഫ്രണ്ട് സീറ്റിൽ മറ്റാരോ കൂടി ഉണ്ടായിരുന്നു. കാറിൽ നിന്നും പുറത്തേക്ക് ആരോ ചാടിയ പോലെയുള്ള പാടുകൾ മണ്ണിൽ പതിഞ്ഞിരുന്നു.
ആൻഡ്രുവിൻ്റെ രക്തത്തിൽ ക്രമാതീതമായ അളവിൽ മദ്യം കണ്ടെത്തിയിരുന്നു. മദ്യലഹരിയിൽ ആശുപത്രിയിൽ നിന്നും ആടിയാടി ഇറങ്ങുന്ന ആൻഡ്രുവിൻ്റെ ദൃശ്യങ്ങൾ സി സി ടി വി ക്യാമറയിൽ പതിഞ്ഞിരുന്നു.
ആൻഡ്രുവിൻ്റെ മരണവാർത്ത അറിഞ്ഞ് ദേവി പരിഭ്രാന്തയായി. മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ ദേവിയെ ആശുപത്രിയിൽ നിന്നും പള്ളിയിൽ കൊണ്ട് വന്നു.
ഉച്ചയോടെ പള്ളിയിൽ മൃതദേഹ ശുശ്രൂഷ ആരംഭിച്ചു. മൃതദേഹം കല്ലറയിൽ വയ്ക്കുന്ന സമയത്ത്, പള്ളി കോമ്പൗണ്ടിൽ രണ്ട് പേർ സൈക്കിളിൽ വന്നിറങ്ങി. പള്ളിയിൽ ഒത്ത് കൂടിയ ജനാവലിയുടെ ഇടയിലൂടെ നടന്ന് അവർ മുന്നിലെത്തി.
മൃതദേഹത്തിന് മുന്നിലിരുന്നവരുടെ കൂട്ടത്തിൽ, ദേവിയെ ഒന്ന് എത്തി നോക്കിയിട്ട് അവർ തിരികെ നടന്നു.
(തുടരും…. )
✍️✍️നിഷ പിള്ള

