ഡെന്നി നിധിനോട് കൂടുതൽ ചേർന്ന് നിന്നു. അവർ പറയുന്നത് മറ്റാരും കേൾക്കുന്നില്ലായെന്ന് ഉറപ്പ് വരുത്തി.
“ഇന്ന് നീലിൻ്റെ നിർദ്ദേശപ്രകാരം ഞങ്ങൾ ആ നീല കാറിൻ്റെ പിറകേ അന്വേഷിച്ച് പോയി. KL- 82CZ 8889 എന്ന നമ്പറുള്ള കാറിൻ്റെ യഥാർത്ഥ ഉടമ കുട്ടിക്കാനത്തുള്ളയാളാണ്. ഞങ്ങളുടെ
അവിടെയുള്ള സൗഹൃദ വലയങ്ങളിൽ അന്വേഷണം നടത്തിയപ്പോൾ, അത് മാർക്കോസ് എന്നയാളുടെ പേരിലുള്ള വണ്ടിയാണ്. അയാളിപ്പോൾ ഭരണങ്ങാനത്താണ് താമസം. അയാളെ ഞങ്ങൾ കണ്ട് പിടിച്ചു. “
“ആ വൃദ്ധ ആരാണ്?അവരെ നിങ്ങൾ കണ്ടു പിടിച്ചോ?”
“ആ സ്ത്രീ മാർക്കോസിന്റെ ബന്ധു തന്നെയാണ്, ആ സ്ത്രീയെ തിരക്കി ഞങ്ങളുടെ ആളുകൾ പോയിട്ടുണ്ട്. ഈ മാർക്കോസ് സാറയുടെ അപ്പന്റെ പെങ്ങളുടെ മകനാണ്. ആ വൃദ്ധ തന്നെയാണോ അപ്പന്റെ പെങ്ങൾ എന്നാണ് ഞങ്ങൾ സംശയിക്കുന്നത്. “
“ആ സ്ത്രീയെ അവർ അവിടെ നിന്നും മാറ്റിയിട്ടുണ്ട്. നിങ്ങളെ ഒന്ന് ഭയപ്പെടുത്താൻ വേണ്ടിയാണോ അവർ കുട്ടിയെ തട്ടിക്കൊണ്ടു പോകൽ നാടകം നടത്തിയതെന്ന് സംശയിക്കുന്നു. എന്തായാലും നിങ്ങൾ സൂക്ഷിക്കണം വളരെ സൂക്ഷിക്കണം. നീൽ മടങ്ങി വരുന്നത് വരെ. അവർ നിങ്ങളുടെ ഒപ്പം തങ്ങുന്നത് അപകടമാണ്. “
ആ യുവാവ് മടങ്ങി പോകുന്നത് സാറ ബാൽക്കണിയിൽ ഇരുന്നു കാണുന്നുണ്ടായിരുന്നു.
സിഡ്നി എയർപോർട്ടിൽ ഇറങ്ങിയ നീലിനെ അവൻ്റെ സഹോദരിയുടെ ഭർത്താവ് കാത്തു നിന്നിരുന്നു. നേരെ ആശുപത്രിയിൽ പോകാനും സഹോദരിയേയും കുഞ്ഞിനെയും അമ്മയേയും നാദിയേയും കാണാൻ അവൻ്റെ മനസ്സ് തുടിച്ചു. മുറിയുടെ മുന്നിലെത്തിയ നീൽ മുറിയിൽ പ്രവേശിക്കാതെ മാറി നിന്നു അവന്റെ ഹൃദയം പടപടാ എന്നിടിക്കാൻ തുടങ്ങി. ഇതു വരെ ഉണ്ടായിട്ടില്ലാത്ത വണ്ണം ഒരു ഭയം അവനെ കീഴടക്കി. അളിയൻ വളരെ നിർബന്ധിച്ച് അവനെ മുറിയിലേക്ക് കൊണ്ടു പോയി. സഹോദരിയുടെ അടുത്ത് കിടക്കുന്ന കുഞ്ഞു രൂപത്തിനെ നീൽ കണ്ടു. നാദിയയെ പോലിരിക്കുന്ന വളരെ സുന്ദരനായ ഒരു കുഞ്ഞ്. അവൻ കൈകാലുകൾ ഇളക്കുന്നു.
” നീ നോക്ക് നമ്മുടെ കുഞ്ഞിനെ. നിന്റെ മകൻ. “
നാദിയ അവൻ്റെ തോളിൽ പിടിച്ചു കുലുക്കി.
“മോനേ, നിന്റെ അനന്തര അവകാശി. “
അമ്മ അങ്ങനെ പറഞ്ഞതോടു കൂടി അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. അവന്റെ മനസ്സ് വായിച്ച നാദിയ കുഞ്ഞിനെ അവന്റെ കൈകളിലേക്ക് വച്ചു കൊടുത്തു. ഒരു വിറയലോടു കൂടി അവന്റെ കുഞ്ഞിനെ ഏറ്റു വാങ്ങി.
തന്റെ കുഞ്ഞിനെ നോക്കി കൊണ്ടിരുന്നപ്പോൾ നീലിൻ്റെ ഹൃദയം ആനന്ദത്താൽ തുടിച്ചു. ആദ്യമായാണ് കുട്ടിയെ എടുക്കുന്നത്. കുഞ്ഞിനെ എടുക്കുന്നതിന്റെ ബുദ്ധിമുട്ട് അവന് മനസ്സിലായി. അവൻ ആ ചെറിയ രൂപത്തെ തൻ്റെ കൈകളിൽ ഒതുക്കിപ്പിടിച്ചു. കുഞ്ഞ് കൈകാലുകളിട്ട് അടിച്ചു.
അവൻ കുഞ്ഞിൻ്റെ വലത് ചെവിയിൽ പേര് വിളിച്ചു.
“അഡ്രിയൻ നീൽ തോമസ്. “
അവൻ കുറെ നേരം കുഞ്ഞിനെ മാറോട് ചേർത്ത് പിടിച്ച് കണ്ണടച്ചിരുന്നു. ജീവിതത്തിൽ വളരെ വിരളമായി ലഭിച്ചിരുന്ന മനസ്സമാധാനം അവന് ലഭിച്ചു.
“എന്താ നിന്റെ മുഖം വല്ലാതെയിരിക്കുന്നത്. “
അവൻ പാപങ്ങളുടെ കണക്ക് പുസ്തകം അവളുടെ മുന്നിൽ തുറന്നു. മറ്റുള്ളവരെ സഹായിക്കാൻ ആയിരുന്നു കൂടുതൽ പാപങ്ങളും ചെയ്തത്. സമൂഹത്തിലെ പലരേയും രക്ഷിച്ചു,
“എനിക്കുടനെ മടങ്ങണം, നാദിയ. നീ എന്നെ വെറുക്കരുത്, ഈ കളികളെല്ലാം അവസാനിപ്പിക്കാൻ സമയമായി. പലതവണയായി നിധിനും ദേവിയും ആവർത്തിച്ച് എന്നോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ഞാനെന്തിന് അവരെ സഹായിക്കുന്നുവെന്ന്, ആര്യനാണ് അതിൻ്റെ കാരണമെന്നു അവർ വിചാരിക്കുന്നു. എനിക്ക് അതിനുള്ള മറുപടി അവർക്ക് കൊടുക്കണം.. “
“നമ്മുടെ മകനെ നീ കണ്ടില്ലേ നീൽ, നമുക്കിനി അവന് വേണ്ടി ജീവിയ്ക്കാം. ഞാൻ അവനെ പൊന്നുപോലെ നോക്കും. നീ എല്ലാം അവസാനിപ്പിച്ച് മടങ്ങി വരൂ. ഞാനും മോനും നിന്നെയും കാത്ത് ഇവിടെ ഉണ്ടാകും. ഇനി നമുക്ക് നമ്മുടെ ജീവിതം മതി. ഇതൊക്കെ അവസാനിപ്പിക്കാൻ സമയമായി. “
“ശരിയാ നീ പറയുന്നത്, വളരെ ചെറിയ പ്രായത്തിൽ തന്നെ നമ്മൾ രണ്ട് പേരും കുറെ അനുഭവിച്ചു. പക്ഷെ എന്നെ സഹായിക്കാൻ ഒരാളുണ്ടായി, പിന്നീട് നിന്നെ സഹായിക്കാൻ ഞാൻ ഉണ്ടായി. ഇപ്പോൾ നമ്മളായിട്ട് കുറേയാളുകളെ സഹായിക്കുന്നു. “
“പക്ഷെ നീൽ എനിക്ക് ആക്രമത്തെ ഒരിക്കലും അംഗീകരിക്കാൻ കഴിയുന്നില്ല. ഞാൻ ഈ ജീവിതത്തിൽ ഒരാളെ മാത്രമേ കൊല്ലാൻ ആഗ്രഹിച്ചുള്ളു. അത് സഞ്ജീവിനെ ആണ്, അയാളെ എന്റെ കൈ കൊണ്ട് കൊല്ലാൻ കഴിയാത്ത നിരാശ എനിക്ക് ഇപ്പോഴും ഉണ്ട്. “
“വേണ്ട നാദിയ, അത് ഭാഗ്യമായി. നിന്റെ കൈകളിൽ രക്ത കറ പുരളാഞ്ഞത്, മഹാഭാഗ്യമായി. എന്നെ പോലീസ് അറസ്റ്റ് ചെയ്താലും നമ്മുടെ മകനൊപ്പം നീ ഉണ്ടാകുമല്ലോ. “
“നീ വേണ്ടാത്ത ഒന്നും പറയാതെ, എത്രയും പെട്ടെന്ന് നാട്ടിൽ പോയി എല്ലാം അവസാനിപ്പിച്ച് മടങ്ങി വരിക. ഇനി നാട്ടിലേക്ക് ഒരു മടങ്ങി പോക്ക് ഉണ്ടാകില്ല. “
“മ് മനസിലായി. ഇനിയെല്ലാം നീ പറയുന്നത് പോലെ. പക്ഷെ എനിക്ക് ഇവനെ കണ്ടു മതിയാകുന്നില്ല. ഇവനെ ഉപേക്ഷിച്ചു പോകാൻ കഴിയുന്നില്ല. “
പെട്ടെന്ന് നാദിയ നീലിന്റെ വാ പൊത്തി.
“ഉപേക്ഷിച്ചോ? എന്താണ് നീൽ. “
“അതൊരു നാക്ക് പിഴവാണ്. നിങ്ങളെ ഉപേക്ഷിക്കാൻ എനിക്കാകുമോ?”
നീലിന്റെ കരവലയത്തിൽ നാദിയ അമർന്നു. അവൾക്കു സ്നേഹത്താൽ ശ്വാസം മുട്ടി.
നീൽ കുഞ്ഞിന്റെ ചെഞ്ചുണ്ടുകളിൽ തൊട്ടു നോക്കി. അവൻ കൈകാലുകളിട്ടു അടിക്കാൻ തുടങ്ങി. നീൽ തന്റെ ബാഗുമെടുത്ത് തിരിഞ്ഞു നോക്കാതെ നടന്നു. നാദിയ അവനു നേരെ കൈ വീശി. അവൾക്കു ഇടനെഞ്ചിൽ വല്ലാത്ത വേദന തോന്നി.
മുൻപൊക്കെ മാസങ്ങൾ പരസ്പരം കാണാതെ ഇരുന്നിട്ടുണ്ട്. ഇപ്പോൾ അഡ്രിയൻ ജനിച്ചതിനു ശേഷം, രണ്ടുപേരും അച്ഛനും അമ്മയും ആയതിനു ശേഷം തന്റെ ധൈര്യം ചോർന്നു പോകുന്നതായി നാദിയയ്‌ക്കു തോന്നി.
“മഹേഷേ തനിക്കിത് എന്ത് പറ്റിയെടോ?പഴയ ഉഷാറൊന്നും കാണുന്നില്ലല്ലോ. “
സലിം സാർ മഹേഷിനോട് ചോദിച്ചു.
“സാറെ, അത് പിന്നെ നമ്മുടെ പ്രിയപെട്ടവരൊക്കെ പെട്ടെന്ന് ജീവിതത്തിൽ നിന്നും വിടപറഞ്ഞു പോകുമ്പോൾ ഉണ്ടാകുന്ന ഒരു ശൂന്യതയില്ലേ. ആ വിടവ് പെട്ടെന്ന് എങ്ങനെ നികത്തും സാറേ. “
“ആഹാ രാവിലെ എത്ര അടിച്ചു, കവിതയൊക്കെ വരുന്നുണ്ടല്ലോ?”
“കളിയാക്കാതെ സാറെ, ഞാൻ അവസാനമായി കഴിച്ചത് ജോസഫ് സാറിനൊപ്പമിരുന്നാണ്. പിന്നീട് ഇതുവരെ മദ്യം കൈ കൊണ്ട് ഞാൻ തൊട്ടിട്ടില്ല. ഒരു കുറ്റബോധമാണ്, സാറിനെ കൊന്നതിൽ… “
“മതി മതി നീ നിർത്തൂ, ആരും കേൾക്കണ്ട. എത്ര സാമർത്ഥ്യത്തോടെയാണ് അന്ന് ഞാൻ ആ പ്രശ്നം പരിഹരിച്ചത്. ആരെങ്കിലും കേട്ട് ഇനി അതൊന്നും കുത്തി പൊക്കണ്ട. “
“ശരി ഞാനായിട്ട് സാറിനൊരു പ്രശ്നവും ഉണ്ടാക്കില്ല. രമേഷ് സാറിന്റെ മരണം എന്നെ അത്ര ബാധിച്ചില്ല. അങ്ങേരുടെ കയ്യിലിരുപ്പ് അത്ര ശരിയല്ലായിരുന്നു. അയാള് സഞ്ജീവ് സാറിന്റെ വാലാട്ടി ആയിരുന്നു. പക്ഷെ ജോസഫ് സാറിന്റെ മരണം….. “
മഹേഷ് കണ്ണടച്ച് ചാരിയിരുന്നു തല ഭിത്തിയിൽ ഇട്ടുരുട്ടി.
“ടാ ചെറുക്കാ മരണം അത്ര സമസ്യ ഒന്നുമല്ല, അനിവാര്യതയാണ്. പോകേണ്ട സമയമാകുമ്പോൾ ഒരൊറ്റ പോക്കാ, ഞാൻ അത്രയേ കരുതുന്നുള്ളു. അതിപ്പോൾ ഞാനായാലും നീയായാലും. “
“പക്ഷെ സാറിന് അത്ഭുതങ്ങളിൽ വിശ്വാസമുണ്ടോ? ഇതൊന്നു നോക്കിക്കേ. “
മഹേഷ് നീട്ടിയ തുണ്ടു കടലാസ്സ് സലിം നിവർത്തി നോക്കി. നല്ല ആരോഗ്യമുള്ള ഒരു ചെറുപ്പക്കാരൻ, അവൻ്റെ കൈകളിൽ വിലങ്ങ്, അവൻ സ്വയം വെടി വെയ്ക്കുന്നു.
“എന്തായിത്? എനിക്കൊന്നും മനസിലാകുന്നില്ല. “
“ജോസഫ് സാറിന്റെ ശരീരത്തിന് അടുത്ത് നിന്നും കിട്ടിയതാ. “
മഹേഷ് സലീമിന്റെ അടുത്തേയ്ക്കു നടന്നു.
“സാറിന് മേനകയേ അറിയുമോ?മരുതൻ മല സ്റ്റേഷനിൽ. “
“ഇല്ല, പക്ഷെ ആ പെണ്ണിന്റെ ഫോട്ടോ ഞാൻ കണ്ടിട്ടുണ്ട്. അതി സുന്ദരിയാണ്. കേസ്സ് ഫയൽ പഠിച്ചിട്ടുണ്ട്. മേനകയുടെ മിസ്സിംഗ് കേസ് ഫയൽ. ഒരു രാത്രിയിൽ നാട്ടിൽ നിന്നും അപ്രത്യക്ഷയായ, ദുർമന്ത്രവാദിയായ മേനക. അങ്ങനെയാ ആ നാട്ടിലെ പാണന്മാർ പാടി നടന്നത്. “
“അതൊക്കെ അവളെ പ്രാപിക്കാൻ കഴിയാത്തവന്മാരുടെ കൊതിക്കെറുവ്. അവർ നല്ലവൾ ആയിരുന്നു. “
“നിനക്കെങ്ങനെ അറിയാം. നീ അന്ന് ജനിച്ചിട്ടില്ലല്ലോ?”
“എനിക്കെല്ലാം അറിയാം സാറേ. “
മഹേഷ് പേപ്പർ ചുരുട്ടി പോക്കറ്റിലിട്ടു.
“നീ എങ്ങോട്ടാ?”
“ഞാൻ ഒന്ന് വീട്ടിൽ പോയിട്ട് വരാം. വല്ലാത്തൊരു നെഞ്ച് വേദന. “
“നിസാരമാക്കാതെ, ഏതെങ്കിലും ആശുപത്രിയിൽ പോയിട്ട് വാടാ. “
മഹേഷ് പോയി പത്തു മിനിട്ടു കഴിഞ്ഞപ്പോൾ രാഹുൽ രഘുവരൻ എയർ പോർട്ടിൽ നിന്നും മടങ്ങി വന്നു.
“സാറേ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നില്ലേ. “
“താൻ പറഞ്ഞപോലെ തന്നെയാണ്. വിഷം കുത്തി വച്ച് കൊന്നതാ. ഞാൻ ഡോക്ടറോട് ചോദിച്ചു, വിദേശങ്ങളിൽ ദയാ വധത്തിനുപയോഗിക്കുന്ന മെഡിസിൻ ആണ്. കൃത്യമായ ഡോസേജ്. സൂക്ഷമായി സൂചി തറച്ചിരിക്കുന്നത് നിതംബത്തിന്റെ വലതു വശത്തു, മുകളിൽ ആയിട്ടാണ്. “
“സി സി ടി വി ദൃശ്യങ്ങൾ വ്യക്തമല്ല, അവ്യക്തമായ ദൃശ്യങ്ങൾ. ജാമർ ഉപയോഗിച്ച് കുറച്ചു നിമിഷങ്ങൾ മാത്രം ദൃശ്യങ്ങൾ ബ്ലർഡ് ആക്കിയിട്ടുണ്ട്. കൺട്രോൾ റൂമിൽ ഇരുന്ന ഓപ്പറേറ്റർ അത് ശരിയാക്കാൻ നിർദ്ദേശം കൊടുത്തപ്പോഴേക്കും വീഡിയോ ക്ലിയർ ആയി. ടെക്നിക്കൽ എറർ എന്ന് കരുതി. പക്ഷെ അവരെ സംശയിപ്പിച്ചത്, മറ്റു ക്യാമറകൾക്കു ഒന്നുമില്ലാത്ത പ്രശ്നം ഒരു ക്യാമറക്കു മാത്രം ഏങ്ങനെ ഉണ്ടായി എന്നാണ്. സെക്യൂരിറ്റി ചെക്കിങ്ങിനു വന്നപ്പോഴേക്കും ആൾക്കൂട്ടം കണ്ടു, വെട്രിയുടെ മരണം സ്ഥിതീകരിച്ചു.. എല്ലാം പെട്ടെന്നായിരുന്നു. “
“സാർ ആ ജാമർ കേന്ദ്രീകരിച്ചു അന്വേഷണം നടത്തിയാൽ ഒരു പക്ഷെ എന്തെങ്കിലും ക്ലൂ കിട്ടില്ലേ. “
“ഞാൻ അന്വേഷിച്ചു. അത് ഓൺലൈനിൽ നിന്നും കഴിഞ്ഞ മാസം ഓർഡർ ചെയ്തതാണ്. “
രാഹുൽ സാർ സീറ്റിൽ നിന്നും എഴുന്നേറ്റു, സലീമിന്റെ അടുത്ത് വന്നു നിന്നു.
“അത് ഓർഡർ ചെയ്തത്, നമ്മുടെ കൂടെയുള്ള ഒരാളാണെന്ന് അറിയുമ്പോൾ… “
സലിം അത്ഭുതത്തോടെ രാഹുലിനെ നോക്കി.
“സാർ പറഞ്ഞു വന്നതെന്താണ്. “
“മഹേഷ്… അവനെവിടെ. “
“നെഞ്ച് വേദനിയ്ക്കുന്നു എന്ന് പറഞ്ഞു വീട്ടിലേയ്ക്കു പോയി. “
“വാ നമുക്ക് അവിടം വരെ പോയി വരാം. ഇപ്പോൾ ഇവിടെ വേറെ ആരും വിവരം അറിയണ്ട. “
ജീപ്പിൽ കയറുമ്പോൾ സലീമിന് അത്ഭുതം തോന്നി. പലരും മഹേഷിനെ കുറിച്ച് പല അപവാദങ്ങളും പറഞ്ഞിട്ടുണ്ട്. പണത്തിനുള്ള ആർത്തി, കൈക്കൂലി വാങ്ങൽ. പക്ഷെ സാധുക്കൾക്ക് ആഹാരം വാങ്ങി കൊടുക്കുന്നതും പണം നൽകി സഹായിക്കുന്നതും നേരിട്ട് കണ്ടിട്ടുണ്ട്. ഒന്നും മനസിലാകുന്നില്ലല്ലോ.
വീട്ടിൽ ചെല്ലുമ്പോൾ മുറ്റത്തു മഹേഷിന്റെ ബൈക്ക് ഇരിപ്പുണ്ട്. വേറെ ആരെയും കാണുന്നില്ല. അവർ വാതിലിൽ മുട്ടി, അനക്കമൊന്നുമില്ല. പിറകുവശത്തെ വാതിലും ജനലുകളും പരിശോധിച്ചു. എല്ലാം അടച്ചു പൂട്ടിയിട്ടിരിക്കുകയാണ്.
“വാ വാതിൽ തള്ളി തുറക്കാം. “
രാഹുൽ സാർ വാതിൽ തള്ളി തുറന്നു. സാറിനൊപ്പം സലീമും അകത്തു കടന്നു. അകത്തെ ബെഡ് റൂമിൽ കണ്ട കാഴ്ച അവരെ ഞെട്ടിച്ചു. സലിം താഴെ വീഴാതിരിക്കാൻ കട്ടിലിൽ മുറുകി പിടിച്ചു.
(തുടരും… )
✍️✍️നിഷ പിള്ള


1 Comment
അജിത്തിൻ്റെ പ്രാരാബ്ധത്തിരക്കു നന്നായി.👌🥰