“നമ്മടെ രണ്ട് പേർടേം നിറം ഒരേ പോലുണ്ടല്ലേ?”
അവന്റെ കരവലയത്തിനുള്ളിൽ, നെഞ്ചോട് ചേർന്ന് കിടന്നവൾ തന്നോടായിത്തന്നെ പറഞ്ഞു.
“കറുപ്പ്”
അവൻ മെല്ലെ ചിരിക്കുക മാത്രം ചെയ്തു.
“നമ്മടെ പിള്ളേരും കറുപ്പാരിക്കുമല്ലേ?” അവൾക്ക് സംശയം.
“ഞാൻ പഠിച്ച ജനിതക ശാസ്ത്രം വച്ച് അങ്ങനെയാവാനേ തരമുള്ളൂ.”
അലസമായി അഴിഞ്ഞു കിടന്ന അവളുടെ കറുത്ത മുടിയിഴകളിൽ വിരലോടിച്ചു കൊണ്ട് അവൻ പറഞ്ഞു.
“എനിക്കിഷ്ടമല്ല കറുപ്പ്..” അവൾ പ്രസ്താവിച്ചു.
“കറുപ്പിനെന്താണ് കുഴപ്പം കൊച്ചേ?”
“അവഗണനയുടേം അപകർഷതാബോധത്തിന്റേം നിറമാണ് കറുപ്പ്.”
“പ്രതിഷേധത്തിന്റേം ഉയർത്തെഴുന്നേല്പിന്റേം നിറമാണ് കറുപ്പ്.”
“അത് നിനക്ക്. ഈ നിറത്തിന്റെ പേരിൽ മാത്രം ഞാൻ അനുഭവിച്ചതൊന്നും നിനക്കറിയില്ല.” അവൾ എഴുന്നേല്ക്കാൻ ഭാവിച്ചു.
“എനിക്ക് മനസ്സിലാകും പെണ്ണേ.. പക്ഷേ നിന്നോളം സുന്ദരിയായി എന്റെ കണ്ണിൽ മറ്റൊരാളില്ലെന്ന് ഞാൻ പറഞ്ഞാൽ നീ വിശ്വസിക്കില്ലേ..?”
അവൻ അവളെ തന്നിലേക്ക് കൂടുതൽ അടുപ്പിച്ചു. ഗാഢമായി ആലിംഗനം ചെയ്തുകൊണ്ട് അവളുടെ മൂർദ്ധാവിൽ ചുംബിച്ചു.
ഒന്നായി മാറിയ രണ്ട് മനസ്സുകൾക്കിടയിൽ ഒരു നിറങ്ങളുമുണ്ടായിരുന്നില്ല. സ്നേഹം. അത് മാത്രം. 🖤🖤
